കാതുകളാണ് അമീന്‍ സയാനിക്ക് എല്ലാം. പതിറ്റാണ്ടുകളോളം സംഗീതാസ്വാദകര്‍ക്കുവേണ്ടി മലര്‍ക്കെ തുറന്നുവെച്ച ജാലകങ്ങള്‍. സൈഗളും റഫിയും ലതയുംമുതല്‍ ശ്രേയാ ഘോഷാലും സോനു നിഗമുംവരെ സയാനിയുടെ ഹൃദയത്തിലേക്കിറങ്ങിവന്നത് അവയിലൂടെയാണല്ലോ. അതേ കാതുകള്‍ ഇന്ന് പഴയപോലെ ശബ്ദവീചികള്‍ പിടിച്ചെടുക്കുന്നില്ല എന്നത് സയാനിയുടെ സ്വകാര്യദുഃഖം. ''പ്രായം അദ്ദേഹത്തിന്റെ കേള്‍വിയെ സാരമായി ബാധിച്ചിരിക്കുന്നു'' -മകന്‍ രാജില്‍ പറയുന്നു. ''ഇപ്പോള്‍ കാഴ്ചകളിലാണ് അദ്ദേഹത്തിന് കമ്പം. ടെലിവിഷനില്‍ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടങ്ങള്‍ കാണും; അവയിലെ ഗാനരംഗങ്ങള്‍ ആസ്വദിക്കും.'' എണ്‍പത്തെട്ടാം വയസ്സില്‍, മുംബൈ ചര്‍ച്ച്ഗേറ്റിനടുത്ത വീട്ടില്‍ മകനും മരുമകള്‍ക്കുമൊപ്പം താമസിക്കുമ്പോഴും സയാനി ഏകാന്തതയുടെ തുരുത്തില്‍ത്തന്നെ. സംസാരം അധികമില്ല. ഫോണ്‍പോലും തൊട്ടിട്ട് കാലമേറെയായി. എങ്കിലും, ബിനാക്ക ഗീത് മാല എന്ന വിഖ്യാത ചലച്ചിത്രഗാന കൗണ്ട് ഡൗണ്‍ പരിപാടിയിലൂടെ ആഴ്ചതോറും ലോകമെങ്ങുമുള്ള ഇരുപതുകോടിയോളം റേഡിയോ ശ്രോതാക്കളുടെ കാതുകളില്‍ ഒഴുകിയെത്തിയിരുന്ന ആ മാസ്മരശബ്ദത്തിന് പോറല്‍പോലുമേറ്റിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു മകന്‍. ''അപൂര്‍വമായാണെങ്കിലും പരസ്യങ്ങള്‍ക്കും സ്റ്റേജ് പരിപാടികള്‍ക്കും ശബ്ദംനല്‍കാറുണ്ട് അദ്ദേഹം. വീട്ടില്‍ ഇരുന്നുതന്നെയാണ് റെക്കോഡിങ്. ഇഷ്ടവിഷയങ്ങള്‍ സംസാരിക്കാന്‍ ആരുമില്ല എന്നതാണ് ലോക്ഡൗണ്‍ ഏല്പിച്ച പ്രഹരം. പതിവായി വീട്ടില്‍ വരുന്നവര്‍പോലും വരാതായി. ഈയിടെ മധുബാലയുടെ സഹോദരി അദ്ദേഹത്തെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്തുചെയ്യാം ഇപ്പോഴത്തെ അവസ്ഥയില്‍ അത് പറ്റില്ലല്ലോ? സൗഹൃദങ്ങളുടെ ആ പഴയകാലം ഇനി എന്ന് തിരിച്ചുവരും ആവോ...'' -രാജിലിന്റെ ശബ്ദത്തില്‍ ആശങ്കയുടെ നിഴല്‍.

അവസാനമായി വിളിച്ച് സംസാരിച്ചപ്പോള്‍ ക്ഷമാപണത്തോടെ സയാനിജി പറഞ്ഞ വാക്കുകള്‍ ഓര്‍മയുണ്ട്: ''ഓര്‍മ പഴയപോലെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നില്ല സുഹൃത്തേ. അതുകൊണ്ട് നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മുമ്പത്തെപ്പോലെ ശരിയായി മറുപടി പറയാന്‍ കഴിയണമെന്നില്ല. തെറ്റിപ്പോയാല്‍ വായനക്കാരോട് ചെയ്യുന്ന അപരാധമാകുമത്. അതുകൊണ്ട് എന്റെതന്നെ പഴയ ചില അഭിമുഖങ്ങളുടെ ലിങ്ക് അയച്ചുതരാം. അവയൊന്ന് കേട്ടുനോക്കൂ...'' ശരിക്കും സങ്കടംവന്നു അപ്പോള്‍. ഹിന്ദി സിനിമാസംഗീതത്തെക്കുറിച്ചുള്ള ഒടുങ്ങാത്ത സംശയങ്ങള്‍ക്ക് ഇനി ആര് ഉത്തരംതരും? റഫിയും ലതയും തമ്മില്‍ ഇടയാന്‍ എന്തായിരുന്നു കാരണം, മദ്യപിച്ചാണോ സൈഗള്‍ പാട്ട് റെക്കോഡ് ചെയ്തിരുന്നത്, നല്ല ഗായകനായിരുന്ന ദിലീപ് കുമാര്‍ എന്തുകൊണ്ട് സിനിമയില്‍ കൂടുതല്‍ പാടിയില്ല, ഒ.പി. നയ്യാര്‍ എന്തുകൊണ്ടാവണം പ്രിയഗായികയായ ആശാ ഭോസ്ലെയില്‍ നിന്നകന്നത്, യേശുദാസിനെതിരേ ബോളിവുഡില്‍ ഒരു ലോബി പ്രവര്‍ത്തിച്ചിരുന്നോ...? ഒടുങ്ങാത്ത ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും തന്റേതായ ശൈലിയില്‍ മറുപടിതന്നിരുന്നു സയാനി; ഹിന്ദി സിനിമാസംഗീതത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം അടുത്തുനിന്നുകണ്ട, ചരിത്രത്തിന്റെ സാക്ഷിയായിരുന്ന ഒരാള്‍ക്കുമാത്രം കഴിയുന്നത്ര വ്യക്തതയോടെ.

ബിനാക്കാ ഗീത് മാലയിലെ വെറുമൊരു പരാമര്‍ശംപോലും മഹാഭാഗ്യമായി കരുതിയിരുന്ന സിനിമാനടന്മാരും സംഗീതസംവിധായകരും ഗായകരും ഉണ്ടായിരുന്നു ഒരു കാലത്ത്. ഗീത് മാലയുടെ പ്രക്ഷേപണവേളയില്‍ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ട്രാഫിക് ബ്ലോക്കുകള്‍പോലും അസാധാരണമായിരുന്നില്ല എന്ന് പറയുന്നു രാജില്‍. വെള്ളിത്തിരയിലെ സൂപ്പര്‍താരങ്ങളെക്കാള്‍ അമീന്‍ സയാനിക്ക് താരമൂല്യമുണ്ടായിരുന്ന നാളുകള്‍. 1960-കളുടെ അവസാനമാണ്. ആഴ്ചയില്‍ ഇടതടവില്ലാതെ ഇരുപതോളം റേഡിയോ ഷോകള്‍ പ്രൊഡ്യൂസ് ചെയ്ത് അവതരിപ്പിച്ചുകൊണ്ടിരിക്കയാണ് സയാനി. ശ്വാസംവിടാന്‍പോലും സമയംകിട്ടാത്ത കാലം. ആയിടയ്‌ക്കൊരിക്കല്‍ മെലിഞ്ഞുനീണ്ട ഒരു ചെറുപ്പക്കാരന്‍ മുന്‍കൂട്ടി അനുമതിവാങ്ങാതെ സ്റ്റുഡിയോയില്‍ സയാനിയെ കാണാന്‍ വന്നു. ''ശബ്ദപരിശോധന നടത്തണം''-അതാണ് ആവശ്യം. ഓഡിഷന്‍ ടെസ്റ്റ് പാസായാല്‍ ആകാശവാണിയില്‍ പാര്‍ട്ട് ടൈം അനൗണ്‍സറായി കയറാം. ''അയാള്‍ക്കുവേണ്ടി നീക്കിവെക്കാന്‍ എന്റെ പക്കല്‍ സമയമുണ്ടായിരുന്നില്ല അന്ന്. പിന്നീടൊരിക്കല്‍ അപ്പോയിന്‍മെന്റ് വാങ്ങി കാണാന്‍ വരാന്‍ നിര്‍ദേശിച്ചു അയാളെ പറഞ്ഞുവിട്ടു ഞാന്‍. പിറ്റേന്നും അതിന്റെ പിറ്റേന്നും അയാള്‍ എന്നെ കാണാന്‍ വന്നതായി റിസപ്ഷനിസ്റ്റില്‍നിന്നറിഞ്ഞു. അപ്പോയ്ന്‍മെന്റ് ഇല്ലാതെ കാണാന്‍പറ്റില്ല എന്നായിരുന്നു എന്റെ മറുപടി.'' പിന്നീടയാള്‍ വരാതായി. സയാനി അക്കഥ മറക്കുകയും ചെയ്തു. റേഡിയോ സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് അന്നത്തെ ചെറുപ്പക്കാരന്‍ സിനിമയില്‍ ചേക്കേറിയതും സഹനടനായി തുടങ്ങി നായകനും സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറുമൊക്കെയായി വളര്‍ന്നതും പിന്നീടുള്ള കഥ. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചനായിരുന്നു ആ ചെറുപ്പക്കാരന്‍. വര്‍ഷങ്ങള്‍ക്കുശേഷം അമിതാഭ് ഒരു അവാര്‍ഡ്‌നിശയില്‍ ഈ അനുഭവം ഓര്‍ത്തുപറഞ്ഞപ്പോഴാണ് അമ്പരന്നുപോയത്.' അന്ന് അമിതാഭിന് ഓഡിഷന്‍ നിഷേധിച്ച ക്രൂരന്‍ ഞാനായിരുന്നല്ലോ. പക്ഷേ, അമിതാഭിന് അന്നത്തെ എന്റെ തിരക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. പില്‍ക്കാലത്ത് ഇക്കാര്യം പറഞ്ഞ് ഏറെ ചിരിച്ചിട്ടുണ്ട് ഞങ്ങള്‍...'' -സയാനി.

ഏഴാംവയസ്സില്‍ തുടക്കം

എന്നായിരിക്കണം അമീന്‍ സയാനി ഒപ്പംകൂടിയത്? ഓര്‍മവെച്ചനാള്‍ എന്നാണ് മറുപടി. കുട്ടിക്കാലത്ത്, കുടുംബത്തിലെ ഒരംഗംപോലെ സ്വീകരണമുറിയെ അലങ്കരിച്ചിരുന്ന ഗ്രണ്ടിഗിന്റെ കൂറ്റന്‍ വാല്‍വ് റേഡിയോയില്‍നിന്ന് മുഹമ്മദ് റഫി, ലതാ മങ്കേഷ്‌കര്‍, മന്നാഡേ, തലത്ത് മഹമൂദ് തുടങ്ങിയ ഗായകപ്രതിഭകള്‍ക്കൊപ്പം കാതിലും മനസ്സിലും കയറിവന്നതാണ് സയാനിയുടെ മാന്ത്രികശബ്ദം. ഇടതടവില്ലാതെ പാടിക്കൊണ്ടിരുന്ന ആ വാല്‍വ് റേഡിയോയുടെ സ്ഥാനത്ത് ജി.ഇ.സി.യുടെ ട്രാന്‍സിസ്റ്ററും പിന്നെ ഫിലിപ്സിന്റെ ആറുബാന്‍ഡ് റേഡിയോയും വന്നു; ഏറ്റവുമൊടുവില്‍ നാഷണല്‍ പാനസോണിക്കിന്റെ ടു ഇന്‍ വണ്ണും. ടെക്‌നോളജിയുടെ ഈ കുതിച്ചുചാട്ടങ്ങളുടെയെല്ലാം പിന്നണിയില്‍ മനോഹരമായ ഒരു സംഗീതശകലംപോലെ സയാനിയുടെ നിത്യഹരിതശബ്ദവും ഉണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ ആ ശബ്ദത്തിന്റെ ഉടമയുമായി സംസാരിക്കാന്‍ കഴിയുമെന്ന് സങ്കല്പിച്ചിട്ടുപോലുമില്ല അന്നത്തെ സ്‌കൂള്‍ കുട്ടി. ഏഴാം വയസ്സില്‍ പ്രക്ഷേപകനായി അരങ്ങേറിയതാണ് അമീന്‍ സയാനി. മുംബൈ എ.ഐ.ആര്‍. ആയിരുന്നു ആദ്യതട്ടകം. ഇന്ത്യന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സര്‍വീസ് (തുടക്കം 1923 ജൂണില്‍) ഓള്‍ ഇന്ത്യ റേഡിയോയായി വേഷംമാറിയിട്ട് കഷ്ടിച്ച് മൂന്നുവര്‍ഷമേ ആയിരുന്നുള്ളൂ അപ്പോള്‍. പ്രക്ഷേപണരംഗത്ത് അതിനകം പ്രശസ്തിയുടെ പടവുകള്‍ കയറിത്തുടങ്ങിയിരുന്ന ജ്യേഷ്ഠന്‍ ഹമീദ് സയാനിയുടെ പ്രോത്സാഹനത്തോടെ കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളുടെ അവതാരകനായി അമീന്‍ തുടക്കംകുറിക്കുന്നു. സുല്‍ത്താന്‍ പദംസി, ആദി മര്‍സബാന്‍, ഡെറിക് ജെഫ്രീസ് തുടങ്ങിയ വിഖ്യാതപ്രക്ഷേപകരാണ് അന്നത്തെ മുഖ്യ പ്രചോദനങ്ങള്‍. ഹിന്ദിയില്‍ അത്ര ഗ്രാഹ്യമില്ല അക്കാലത്ത് അമീന്. ഇംഗ്‌ളീഷിലാണ് പരിപാടികള്‍ അവതരിപ്പിക്കുക. ഹിന്ദിയും ഉറുദുവും പഠിച്ചെടുക്കുന്നത് പിന്നീടാണ്. അമ്മ കുല്‍സും സയാനിയും അച്ഛന്‍ ജാന്‍ മുഹമ്മദും സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ സജീവമായിരുന്നു. ഗാന്ധിജിയുടെയും മൗലാനാ അബുല്‍ കലാം ആസാദിന്റെയും പേഴ്സണല്‍ ഫിസിഷ്യന്‍ ആയിരുന്ന ഡോ. രാജബല്ലി പട്ടേലാണ് കുല്‍സുമിന്റെ പിതാവ്. സ്വാഭാവികമായും കുട്ടിക്കാലംമുതലേ മഹാത്മജിയുമായി വലിയ അടുപ്പമുണ്ട്. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമാണ് പാവപ്പെട്ടവര്‍ക്കിടയില്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന് കുല്‍സും മുന്നിട്ടിറങ്ങിയതും. ഹിന്ദുസ്ഥാനി എന്ന് ഗാന്ധിജി പേരിട്ടുവിളിച്ച ഹിന്ദി-ഉറുദു സങ്കരഭാഷയുടെ പ്രചാരണത്തിനായി രാഷ്ട്രപിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ 'രാഹ്ബര്‍' എന്നൊരു പത്രവും പുറത്തിറക്കിയിരുന്നു അവര്‍. പത്രം സമയത്തിന് പുറത്തിറക്കാന്‍ അമ്മയെ സഹായിച്ചത് മക്കളെല്ലാവരും ചേര്‍ന്നാണ്. ഹിന്ദിയോടും ഉറുദുവിനോടും അമീന്‍ സയാനിക്ക് അന്നുതുടങ്ങിയ സ്‌നേഹത്തിന് ഇന്നുമില്ല കുറവ്.

എ.ഐ.ആറില്‍നിന്ന് റേഡിയോ സിലോണില്‍ എത്തിയത് തികച്ചും ആകസ്മികമായി. 1950-ല്‍ റേഡിയോ സിലോണ്‍ മുംബൈയില്‍നിന്ന് അവരുടെ ഹിന്ദി സ്‌പോണ്‍സേഡ് സര്‍വീസിന് തുടക്കമിടുന്നു. പരിപാടി മുംബൈയില്‍ റെക്കോഡ്‌ചെയ്ത് ടേപ്പ് വിമാനമാര്‍ഗം കൊളംബോയില്‍ എത്തിക്കുകയായിരുന്നു പതിവ്. പ്രൊഡക്ഷന്റെ മുഴുവന്‍ ചുമതലവഹിച്ചത് ഹമീദ് സയാനി. സെയ്ന്റ് സേവ്യേഴ്സ് കോളേജിന്റെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചായിരുന്നു റെക്കോഡിങ്. അന്നവിടെ വിദ്യാര്‍ഥിയായിരുന്ന അമീന് പ്രൊഡക്ഷനുമായി ബന്ധപ്പെടാന്‍ ആഗ്രഹംതോന്നിയത് സ്വാഭാവികം. അതിനുള്ള അവസരം ഒത്തുവന്നതിനുപിന്നിലുമുണ്ട് വിധിയുടെ കളി. 'ഓവല്‍ടിന്‍ ഫുല്‍വാരി' എന്ന പ്രതിവാര സ്‌പോണ്‍സേഡ് പരിപാടിയുടെ സ്ഥിരം അവതാരകന്‍ മന്‍മോഹന്‍ കൃഷ്ണ (പില്‍ക്കാലത്ത് ബോളിവുഡ് നടനായി പേരെടുത്ത അതേ മന്‍മോഹന്‍ കൃഷ്ണതന്നെ) ഒരു നാള്‍ അറിയിപ്പൊന്നും കൂടാതെ അവധിയെടുക്കുന്നു. സ്ഥലത്തുണ്ടായിരുന്ന അനുജനെ ആ ചുമതല ഏല്‍പ്പിക്കുകയല്ലാതെ ഗത്യന്തരമുണ്ടായിരുന്നില്ല ഹമീദിന്. അന്നാണ് റേഡിയോ സിലോണിലെ ഹിന്ദി അനൗണ്‍സറായി അമീന്റെ അരങ്ങേറ്റം. ആദ്യപ്രതിഫലം ഈ ജന്മം മറക്കില്ല അമീന്‍-ഓവല്‍ടിന്‍ ഹെല്‍ത്ത് ഫുഡിന്റെ ഒരു ടിന്‍. രണ്ടുവര്‍ഷംകൂടി കഴിഞ്ഞു ബിനാക്ക ഗീത് മാല തുടങ്ങുമ്പോഴേക്കും പ്രതിഫലം കാശായി മാറിയിരുന്നു; എപ്പിസോഡ് ഒന്നിന് 25 രൂപ.

പ്രശസ്തിയുടെ സുവര്‍ണസോപാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു അമീന്‍ സയാനിക്ക് ബിനാക്ക ഗീത് മാല. അതിനദ്ദേഹം നന്ദിപറയേണ്ടത് ബാലകൃഷ്ണ വിശ്വനാഥ് കേസ്‌കറിനോട്. പത്തുവര്‍ഷം (1952-'62) കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്ന കേസ്‌കറിന്റെ തലതിരിഞ്ഞ ഒരു തീരുമാനത്തിന്റെ സന്തതിയായിരുന്നു ഗീത് മാല. കറകളഞ്ഞ സംഗീതപ്രേമിയാണ് കേസ്‌കര്‍. ആരാധന ശാസ്ത്രീയസംഗീതത്തോടാണെന്നുമാത്രം. ലളിത സംഗീതം, പ്രത്യേകിച്ച് സിനിമാപ്പാട്ട്, ശുദ്ധസംഗീതത്തെ നശിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഇന്ത്യയുടെ മഹത്തായ സംഗീതസംസ്‌കാരത്തിന് പോറലേല്‍ക്കാതിരിക്കണമെങ്കില്‍ സാമാന്യജനങ്ങളെ എന്തുവിലകൊടുത്തും ചലച്ചിത്രസംഗീതത്തില്‍നിന്ന് അകറ്റിയേപറ്റൂ. ആ ദൗത്യത്തിന്റെ ആദ്യപടിയായി ആകാശവാണിയില്‍ ചലച്ചിത്രസംഗീത പ്രക്ഷേപണസമയം പത്തുശതമാനമായി കുറച്ചുകൊണ്ട് ഉത്തരവിറക്കി അദ്ദേഹം. തൊട്ടുപിന്നാലെ പൂര്‍ണ നിരോധനവും വന്നു. സിനിമാപ്പാട്ടിനെ മാത്രമല്ല ഹാര്‍മോണിയത്തെയും ക്രിക്കറ്റ് കമന്ററിയെയുമെല്ലാം ആകാശവാണിയുടെ പടിക്കുപുറത്താക്കി വാതിലടച്ചു കേസ്‌കര്‍. ഇവയെല്ലാം ആര്‍ഷഭാരതസംസ്‌കാരത്തിന് വിരുദ്ധമാണെന്നായിരുന്നു മന്ത്രിയുടെ വീക്ഷണം. അതോടൊപ്പം ഒരു നല്ല കാര്യംകൂടിചെയ്തു അദ്ദേഹം. ദേശീയ സംഗീതപരിപാടി എന്ന പേരില്‍ ശാസ്ത്രീയസംഗീതം രാജ്യമൊട്ടുക്കും പ്രക്ഷേപണംചെയ്യുന്ന ഒരു പ്രതിവാരപരിപാടിക്ക് തുടക്കമിട്ടു. യുവ ശാസ്ത്രീയസംഗീത പ്രതിഭകളെ കണ്ടെത്താന്‍ ആകാശവാണിയുടെ വാര്‍ഷിക സംഗീതസമ്മേളനം ആരംഭിച്ചതും കേസ്‌കര്‍തന്നെ.

ameen sayani
അമീന്‍ സയാനി റെക്കോഡിങ്ങിനിടെ | ഫോട്ടോ: ഗെറ്റി ഇമേജസ്

ഗുരുദത്തിന്റെയും രാജ് കപൂറിന്റെയും ശാന്താറാമിന്റെയുമൊക്കെ സിനിമകളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ നാടെങ്ങും അലയടിക്കുന്ന കാലം. മുഹമ്മദ് റഫിയും ലതാ മങ്കേഷ്‌കറും തലത്ത് മഹ്മൂദും മുകേഷുമുള്‍പ്പെടെയുള്ള ഗന്ധര്‍വഗായകര്‍ക്കെല്ലാം എ.ഐ.ആര്‍. അയിത്തം കല്‍പ്പിച്ചതോടെ പാട്ടുകേള്‍ക്കാന്‍ മറ്റ് ഉപാധികള്‍ തേടിപ്പോകേണ്ട അവസ്ഥയിലായി ആസ്വാദകര്‍. ഗ്രാമഫോണും ലോങ്പ്ലേ റെക്കോഡുകളുമൊന്നും സാധാരണക്കാരന് കൈയെത്തുന്ന അകലത്തായിരുന്നില്ല അക്കാലത്ത് എന്നോര്‍ക്കണം. ഇന്ത്യയിലെ ശരാശരി ശ്രോതാവിന്റെ ഈ സന്ദിഗ്ധാവസ്ഥ ആദ്യം തിരിച്ചറിഞ്ഞത് റേഡിയോ സിലോണാണ്. ഇംഗ്ലീഷ് പോപ്പ് ഗാനങ്ങള്‍ ഉള്‍പ്പെടുത്തി 'ബിനാക്ക ഹിറ്റ് പരേഡ്' എന്ന പേരില്‍ ഒരു ജനപ്രിയപരിപാടി പ്രക്ഷേപണംചെയ്യുന്നുണ്ട് അക്കാലത്ത് റേഡിയോ സിലോണ്‍. ഹാപ്പി ഗോ ലക്കി ഗ്രെഗ് എന്ന പേരില്‍ പ്രശസ്തനായ ഗ്രെഗ് റോസ്‌കോവ്സ്‌കി അവതരിപ്പിച്ചുവന്ന ആ പരിപാടിയുടെ മാതൃകയില്‍ ഒരു ഹിന്ദി ചലച്ചിത്ര ഗീത് മാല തുടങ്ങിയാലെന്ത് എന്നൊരു ആശയം പൊട്ടിമുളക്കുന്നു റേഡിയോ സിലോണ്‍ അധികൃതരുടെ ചിന്തയില്‍. അരമണിക്കൂര്‍നീളുന്ന ഒരു പ്രതിവാരപരിപാടി. അതില്‍ പുതിയ ഏഴ് ഹിറ്റ്ഗാനങ്ങള്‍. ഈ ഗാനങ്ങള്‍ പ്രത്യേകിച്ചൊരു മുന്‍ഗണനക്രമവും കൂടാതെയാവും പ്രക്ഷേപണംചെയ്യുക. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ അവ നമ്പര്‍ വണ്‍, ടു എന്നമട്ടില്‍ ക്രമീകരിക്കേണ്ടത് ശ്രോതാക്കളാണ്. 'ഔദ്യോഗിക'പട്ടികയുമായി ഈ ലിസ്റ്റ് പൊരുത്തപ്പെടുകയാണെങ്കില്‍ ഒരു പാരിതോഷികം പ്രതീക്ഷിക്കാം.

65,000 കത്തുകള്‍

അല്ലറചില്ലറ പ്രക്ഷേപണപരിപാടികളുമായി ഒതുങ്ങിക്കൂടുകയായിരുന്ന അമീന്‍ സയാനിയെ ഗീത് മാലയുടെ അവതാരകനായി റേഡിയോ സിലോണ്‍ കണ്ടെത്തിയതിനുപിന്നില്‍ ഒരൊറ്റ കാരണംമാത്രം. ചുരുങ്ങിയ ശമ്പളത്തില്‍ കഠിനാധ്വാനംചെയ്യാനുള്ള മനസ്സ്. ''പ്രൊഡക്ഷന്‍, റെക്കോഡിങ്, അവതരണം, കത്തുകള്‍ പരിശോധിക്കല്‍, സമ്മാനം നിശ്ചയിക്കല്‍... ഇതെല്ലാം ഒരാള്‍തന്നെ ചെയ്യണം. പ്രതിഫലമാകട്ടെ തുച്ഛവും'' - സയാനി ഓര്‍ക്കുന്നു. ''പക്ഷേ, ആ വെല്ലുവിളിയേറ്റെടുക്കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ അന്നത്തെ ഇരുപതുകാരന്. എന്തുസാഹസത്തിനും ഇറങ്ങിപ്പുറപ്പെടുന്ന പ്രായമല്ലേ?'' ബിനാക്ക ഹിറ്റ് പരേഡ് എന്ന ഇംഗ്ലീഷ് പരിപാടിക്ക് അന്ന് ആഴ്ചതോറും അഞ്ഞൂറോളം കത്തുകളാണ് വരിക. ഗ്രെഗിനോടുള്ള ആരാധനയാണ് പ്രധാനമായും അതിനുപിന്നില്‍. ഹിന്ദിഗാനങ്ങള്‍ക്ക് അത്രയും സ്വീകാര്യത ലഭിക്കണമെന്നില്ല. പുതിയ പരിപാടിയായതിനാല്‍ ബിനാക്ക ഗീത് മാലയ്ക്ക് അമ്പതുകത്തുകള്‍വരെ പ്രതീക്ഷിക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍. പക്ഷേ, ആദ്യ എപ്പിസോഡിന് പ്രതികരണമായി ലഭിച്ചത് 9000-ത്തോളം കത്തുകള്‍. അടുത്തയാഴ്ച അത് 16,000 ആയി ഉയരുന്നു. കത്തുകളുടെ പ്രവാഹം ഒരുഘട്ടത്തില്‍ നിയന്ത്രണാതീതമായി മാറിയെന്ന് സയാനി. എല്ലാ പ്രതീക്ഷകളും ഭേദിച്ച് ഒരാഴ്ച അത് 65000 ആയി ഉയര്‍ന്നതോടെ അരമണിക്കൂര്‍ ഗീത് മാല ഒരു മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ഷോയാക്കിമാറ്റാന്‍ നിര്‍ബന്ധിതരാകുന്നു റേഡിയോ സിലോണ്‍ അധികൃതര്‍. ''എനിക്ക് അതുകൊണ്ട് രണ്ടുഗുണമുണ്ടായി. ഒന്ന്, പതിനായിരക്കണക്കിന് കത്തുകള്‍ വായിച്ചുതളരേണ്ട; രണ്ട്, പ്രതിഫലം 25 രൂപയില്‍നിന്ന് 100 രൂപയായി ഉയര്‍ന്നു...''

ഗ്രാമഫോണ്‍ റെക്കോഡ് വില്‍പ്പനയുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയായിരുന്നു ആദ്യനാളുകളില്‍ ഗാനങ്ങളുടെ ജനപ്രീതി നിശ്ചയിച്ചിരുന്നതെന്ന് ഓര്‍ക്കുന്നു സയാനി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 40 റെക്കോഡ് വില്‍പ്പനകേന്ദ്രങ്ങള്‍ നല്‍കുന്ന രേഖകളാണ് ഈ റേറ്റിങ്ങിന് ആധാരം. ഒപ്പം ശ്രോതാക്കളുടെ ആവശ്യവും പരിഗണിക്കും. കാലക്രമേണ ശ്രോതാക്കളുടെ......'ഫര്‍മയിശ്'.... ഒരു മാനദണ്ഡമല്ലാതായി. നിര്‍മാതാക്കളും സംവിധായകരും സംഗീതസംവിധായകരുംതൊട്ട് പാട്ടുകാര്‍വരെ (അവരവരുടെ ഏജന്റുമാര്‍വഴി) പാട്ടുകള്‍ ആവശ്യപ്പെട്ട് കെട്ടുകണക്കിന് വ്യാജസന്ദേശങ്ങള്‍ അയച്ചുതുടങ്ങിയതാണ് കാരണം. പകരം ഗാനങ്ങളുടെ ജനസമ്മതി നിര്‍ണയിക്കാന്‍ റേഡിയോ സിലോണ്‍തന്നെ മുന്‍കൈയെടുത്ത് ലിസണേഴ്സ് ക്‌ളബ്ബുകള്‍ക്ക് തുടക്കമിട്ടു. ഗാനങ്ങളുടെ റേറ്റിങ് വിമര്‍ശനങ്ങള്‍ക്ക് അതീതമായിരിക്കണം എന്ന കാര്യത്തില്‍ ഗീത് മാലയുടെ സ്‌പോണ്‍സര്‍മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 1988-ലാണ് ബിനാക്ക ഗീത് മാല റേഡിയോ സിലോണില്‍ (പില്‍ക്കാലത്ത് ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍)നിന്ന് പടിയിറങ്ങിയത്. തുടര്‍ന്ന് ഏഴുവര്‍ഷം വിവിധ്ഭാരതിയില്‍, സിബാക്ക ഗീത് മാല എന്ന പേരില്‍. 1995-ല്‍ സ്വാഭാവിക മരണമെത്തുമ്പോഴേക്കും റേഡിയോയില്‍നിന്ന് ടെലിവിഷനിലേക്ക് കുടിയേറിക്കഴിഞ്ഞിരുന്നു പുതിയ തലമുറ. ''ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാനല്ല കാണാനുള്ളതാണെന്ന വിശ്വാസം രൂഢമൂലമായിക്കഴിഞ്ഞിരുന്നു അതിനകം'' -സയാനി പറയുന്നു. എങ്കിലും നിരാശയൊന്നുമില്ല അദ്ദേഹത്തിന്. ''ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു ഗീത് മാല. സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറന്ന തലമുറയ്ക്കുമുന്നില്‍ ആസ്വാദനത്തിന്റെ വാതിലുകള്‍ തുറന്നിട്ട പരിപാടി. അത് അതിന്റെ ധര്‍മം ഭംഗിയായി നിര്‍വഹിച്ചു എന്നേ പറയാനാകൂ. ആ കാലഘട്ടത്തില്‍നിന്നുകൊണ്ട് ചിന്തിക്കണം ഗീത് മാലയുടെ പ്രാധാന്യം മനസ്സിലാക്കാന്‍.''

സാധാരണക്കാരന്റെ സംഗീതാസ്വാദനഗ്രാഫിന്റെ ഉയര്‍ച്ചതാഴ്ചകള്‍ സയാനിയോളം മനസ്സിലാക്കിയവര്‍ വേറെയുണ്ടാവില്ല. 1953 മുതല്‍ '93 വരെയുള്ള ഗീത് മാലയുടെ വാര്‍ഷികകണക്കെടുപ്പുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ പാട്ടുകളുടെ പട്ടിക ഹിന്ദിയിലെ ജനപ്രിയ സംഗീതത്തിന്റെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ചരിത്രംകൂടിയാണ്. യെ സിന്ദഗി ഉസി കി ഹേ (അനാര്‍ക്കലി-1953), ജായേ തോ ജായെ കഹാം (ടാക്‌സി ഡ്രൈവര്‍-54), മേരാ ജൂട്ടാ ഹേ ജാപ്പാനി (ശ്രീ 420-55), ഏ ദില്‍ ഹേ മുഷ്‌കില്‍ (സി.ഐ.ഡി.-56), സരാ സാംനെ തോ ആവോ ചലിയെ (ജനം ജനം കേ ഫേരെ-57), ഹേ അപ്നാ ദില്‍ തോ ആവാരാ (സോള്‍വാ സാല്‍-58), ഹാല്‍ കൈസാ ഹേ ജനാബ് കാ (ചല്‍തി കാ നാം ഗാഡി-59), സിന്ദഗി ഭര്‍ നഹി (ബര്‍സാത് കി രാത്-60), തേരി പ്യാരി പ്യാരി സൂരത് (സസുരാല്‍-61), എഹ്സാന്‍ തേരാ ഹോഗാ (ജംഗ്‌ളീ-62), ജോ വാദാ കിയാ വോ (താജ്മഹല്‍-63), ബോല്‍ രാധാ ബോല്‍ സംഗം (സംഗം-64), ജിസ് ദില്‍ മേ ബസാ ഥാ (സഹേലി-65), ബഹാരോം ഫൂല്‍ ബര്‍സാവോ (സൂരജ് - 66) മുതല്‍ 1993-ല്‍ ഇറങ്ങിയ 'ഖല്‍നായകി'ലെ 'ചോളി കെ പീച്ഛെ ക്യാഹെ' വരെ എത്ര എത്ര ഗാനങ്ങള്‍ കേട്ട പതിനായിരക്കണക്കിന് പാട്ടുകളില്‍നിന്ന് മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച വരികള്‍ ഓര്‍ത്തെടുക്കാമോ എന്ന അപേക്ഷയ്ക്കുമുന്നില്‍ ഒരു നിമിഷം മൗനിയാകുന്നു സയാനി. ഓര്‍മക്കുറവുകൊണ്ടല്ല; ഓര്‍മകളുടെ ആധിക്യംകൊണ്ട്. എത്രയെത്ര ഗാനശില്പങ്ങളാവണം ആ നിമിഷം അമീന്‍ സയാനിയുടെ മനസ്സിലേക്ക് ഘോഷയാത്രപോലെ കടന്നുവന്നിരിക്കുക! മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും വികാരങ്ങളും പ്രതിഫലിക്കുന്ന ഗാനങ്ങള്‍. മധുരസ്മരണകളുടെ ആ മഹാപ്രവാഹത്തില്‍നിന്ന് ഒരു പാട്ടിന്റെ ഈരടികള്‍ ഓര്‍ത്തെടുക്കുന്നു സയാനി: 'ഉത്നാ ഹി ഉപ്കാര്‍ സമജ് കോയി ജിത്നാ സാഥ് നിഭാ ദേ, ജനം മരണ്‍ കാ മേല്‍ ഹേ സപ്നാ, യേ സപ്നാ ബിസ്രാ ദേ, കോയി നാ സംഗ് മരെ...' 'ചിത്രലേഖ'യില്‍ മുഹമ്മദ് റഫിയുടെ സ്വര്‍ഗീയനാദം അമരത്വമേകിയ 'മന്‍ രേ തു കാഹേ ന ധീര്‍ ധരേ' എന്ന ഗാനത്തിന്റെ ചരണം. രചന: സാഹിര്‍ ലുധിയാന്‍വി. സംഗീതം: രോഷന്‍.

ജീവിതത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് ഏതുസാധാരണക്കാരനും ഉള്‍ക്കാഴ്ചനല്‍കാന്‍പോന്ന രചന. ഒരേസമയം ലളിതവും അഗാധവുമാണ് സാഹിറിന്റെ വരികളുടെ ആശയം. ഇത്രദൂരം നിങ്ങള്‍ക്കൊപ്പം നടന്നവരോട് നന്ദിപറയുക. അതവരുടെ മഹാമനസ്‌കതയായിരുന്നു എന്ന് തിരിച്ചറിയുക. ജനനമരണചക്രം എന്ന വിശ്വാസം വെറുമൊരു സ്വപ്നംമാത്രം. മരണത്തിനപ്പുറമൊരു ജനനമില്ല. ഏകനായി മരണത്തെ നേരിടാന്‍ തയ്യാറായിക്കൊള്ളുക. പ്രത്യക്ഷത്തിലുള്ള അര്‍ഥമല്ല സാഹിറിന്റെ രചനകളില്‍നിന്ന് വായിച്ചെടുക്കേണ്ടതെന്ന് ഓര്‍മിപ്പിക്കുന്നു സയാനി. ചുരുക്കംചില വരികളിലൂടെ മഹത്തായ ഒരു സത്യം നമ്മുടെ കാതില്‍ മന്ത്രിക്കുകയാണ് കവി: ആത്യന്തികമായി മനുഷ്യന്‍ ഏകനാണ് എന്ന തത്ത്വം. ''ഈ പ്രായത്തില്‍നിന്നുകൊണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ അത് കൂടുതല്‍ പ്രസക്തമായിത്തോന്നുന്നു എനിക്ക്...''

Content Highlights: Ameen Sayani Binaca Geeth Maala Bollywood Songs  Amitabh Bachchan Ravi Menon