സോഷ്യൽ മീഡിയയിലെ ആക്ഷേപശരങ്ങൾക്കും നെറികെട്ട അപവാദ പ്രചാരണങ്ങൾക്കും മുന്നിൽ മനസ്സു തളർന്ന് ജീവിതമൊടുക്കുന്നവരുടെ കഥകൾ ദിനംപ്രതിയെന്നോണം വാർത്തകളിൽ നിറയുമ്പോൾ, ഓർമ്മകൾ വീണ്ടും ആ മനോഹര ഗാനത്തിലേക്ക് തിരിച്ചുപോകുന്നു.  ആനന്ദ് ബക്ഷിയും രാഹുൽ ദേവ്  ബർമ്മനും കിഷോർ കുമാറും ഹൃദയം പകുത്തുനൽകി അനശ്വരമാക്കിയ ``അമർപ്രേ''മിലെ ഗാനം...ഇനിയും കേട്ട് മതിവരാത്ത പാട്ടുകളിലൊന്ന്...

``കുച്ഛ് തോ ലോഗ് കഹേംഗേ, 
ലോഗോം കാ കാം ഹേ കെഹനാ, 
ചോഡോ ബേകാർ കി ബാതോം മേ, 
കഹി ബീത്ത് നാ ജായേ രെയ്‌നാ......'' 

-- ആളുകൾ എന്തുവേണമെങ്കിലും  പറഞ്ഞോട്ടെ, അവരുടെ ജോലി തന്നെ അതാണല്ലോ; വിട്ടുകളയൂ...   ഇത്തരം അനാവശ്യ ചർച്ചകളുമായി  ഈ സുന്ദരരാത്രി നീണ്ടുനീണ്ടു പോകാതിരിക്കട്ടെ......
സമൂഹം അഭിസാരികയായി മുദ്ര കുത്തിയ സ്വന്തം കാമുകി പുഷ്പയുടെ (ഷർമിള ടാഗോർ) ഈറൻ മിഴികളിൽ നോക്കിയാണ്  അമർപ്രേമിൽ രാജേഷ് ഖന്ന അവതരിപ്പിച്ച ആനന്ദ് ബാബു എന്ന കഥാപാത്രത്തിന്റെ  ഈ ആത്മഭാഷണം.  അപവാദപ്രചരണങ്ങൾക്ക് മുന്നിൽ തകർന്നുപോകാതിരിക്കുക, എല്ലാ പ്രഭാതങ്ങൾക്കും പിറകെ സന്ധ്യയും വരുമെന്ന് മറക്കാതിരിക്കുക....സീതാദേവിയെ പോലും അപമാനിക്കാൻ മടിച്ചിട്ടില്ലാത്ത സമൂഹമാണിതെന്ന് ഓർക്കുക... അങ്ങനെ പോകുന്നു ചരണത്തിലെ വരികൾ.  വഴിവിട്ട ജീവിതത്തിന്റെ പേരിൽ നിന്നെ വാക്കുകൾ കൊണ്ട് കുത്തിനോവിച്ചവർ തന്നെ ഈ ഇരുണ്ട ഇടനാഴികളിലൂടെ പാത്തും പതുങ്ങിയും സുഖം തേടി എത്തുന്നത് കണ്ടിട്ടില്ലേ....

``ഹംകോ ജോ താനേ ദേത്തേ ഹേ 
ഹം ഖോയെ ഹേ ഇൻ രംഗ് രലിയോം മേ 
ഹംനേ ഉൻകോ ഭി ചുപ് ചുപ്‌കേ ആത്തേ
ദേഖാ ഇൻ ഗലിയോം മേ...''
അപ്പോൾ, ഇത്രയൊക്കെയേ ഉള്ളൂ പകൽമാന്യന്മാരുടെ കാര്യം.... അത്തരക്കാരോട്   മറുപടി പറഞ്ഞു തളരുന്നതെന്തിന്?   

ആനന്ദ് ബക്ഷിയുടെ ലളിതവും സുതാര്യവുമായ രചന. വരികളെ തെല്ലും നോവിക്കാത്ത ആർ ഡിയുടെ  സംഗീതവും കിഷോറിന്റെ ഭാവതീവ്രമായ ആലാപനവും കൂടി ചേരുമ്പോൾ അത് കേവലമൊരു സിനിമാപ്പാട്ടിന്റെ തലത്തിൽ നിന്നുയർന്ന് എക്കാലവും പ്രസക്തമായ ഒരു ജീവിതദർശനം തന്നെയായി മാറുന്നു.... സാമൂഹ്യ മാധ്യമങ്ങൾ അപവാദപ്രചാരണ വേദി കൂടിയാകുന്ന ഇക്കാലത്ത് എത്ര പ്രസക്തമാണ് ആ ദർശനം എന്നോർക്കുക. രാഷ്ട്രീയവും വർഗ്ഗീയതയും  വ്യക്തിവിദ്വേഷവും ലൈംഗികതയും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന, ചളിയും ചുഴിയും നിറഞ്ഞ ഒരു ``വെർച്വൽ'' ലോകം ബക്ഷിയുടേയും ബർമ്മന്റെയും കിഷോറിൻെറയും കാലത്ത് സങ്കൽപ്പങ്ങളിൽ പോലും ഉണ്ടായിരുന്നില്ലല്ലോ... 
 

``അമർപ്രേമി''ലെ ഒരു പാട്ടും മറക്കാനാവില്ല. എല്ലാം ക്ലാസിക്കുകൾ: രെയ്‌നാ ബീത്തി ജായേ (ലത),  ചിങ്കാരി കോയീ ബഡ്കെ തോ സാവൻ ഉസെ ബുജായെ (കിഷോർ), യേ ക്യാ ഹുവാ കൈസേ ഹുവാ (കിഷോർ).... കുട്ടിക്കാലത്ത് പിതാവ്  സച്ചിൻ ദേവ് ബർമ്മൻ പാടിക്കേട്ട ബേല ബോയെ ജായെ എന്ന ബംഗാളി  ഗാനത്തിന്റെ ഈണത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആർ ഡി സൃഷ്ടിച്ച ഗാനമാണ്  രെയ്‌നാ ബീത്തി ജായേ. ഇന്ത്യൻ സിനിമയിൽ കേട്ട എക്കാലത്തെയും മികച്ച അർദ്ധശാസ്ത്രീയ ഗാനങ്ങളിലൊന്നായി നിലനിൽക്കുന്നു അത്. വർഷങ്ങൾക്ക് മുൻപ് ആനന്ദ് ബക്ഷി കവിതയായി എഴുതി ``മുശായിര''കളിൽ സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ചു പോന്ന രചനയാണ്‌ `` ചിങ്കാരി കോയീ ബഡ്കെ .''  യാദൃച്ഛികമായി ആ കവിത കേൾക്കാനിടവന്ന സംവിധായകൻ ശക്തി സാമന്ത പുതിയ സിനിമയിൽ അതുൾപ്പെടുത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നു.  മാത്രമല്ല, ആ ഗാനത്തിനായി പുതിയൊരു സിറ്റുവേഷൻ  കഥയിൽ എഴുതിച്ചേർക്കുക കൂടി ചെയ്യുന്നു അദ്ദേഹം. ആർ ഡിയുടെ ഈണത്തിൽ, കിഷോറിന്റെ അനന്യമായ ആലാപനത്തിൽ ``ചിങ്കാരി'' കാലാതിവർത്തിയായി മാറിയത് ഇന്ന്  ചരിത്രം; മുംബൈയിലെ നടരാജ് സ്റ്റുഡിയോയിൽ കൊൽക്കത്തയിലെ ഹുഗ്ലി നദിയുടെ സെറ്റിട്ടുള്ള അതിന്റെ ചിത്രീകരണവും. എങ്കിലും ``കുച്ഛ് തോ ലോഗ് കഹേംഗേ'' എന്ന പാട്ടിനോട് ഒരു പൊടി ഇഷ്ടം കൂടുതലുണ്ടെനിക്ക്. ആലാപനത്തിൽ കിഷോർ ഒളിപ്പിച്ച നേർത്ത ആത്മവേദനയുടെയും പരിഹാസത്തിന്റെയും അംശം അത്രകണ്ട് ഹൃദയത്തെ തൊട്ടതുകൊണ്ടാകാം. പല്ലവിയിലെ  ``ചോഡോ ബേകാർ കി ബാതോം മേ'' എന്ന ഒരൊറ്റ വരിക്ക് ആർ ഡി നൽകിയ ഈണവും  (വെറുമൊരു ഈണമെന്ന് വിളിക്കാമോ അതിനെ? അതോ ആത്മാവെന്നോ?)  അഗാധ ഗാംഭീര്യമാർന്ന ആലാപനത്തിലൂടെ  കിഷോർ അതിന്  നൽകിയ ഭാവദീപ്തിയും എത്ര ഹൃദ്യം. ജീവിതത്തിലെ  കൊച്ചു കൊച്ചു നിരാശകൾക്കും വേദനകൾക്കും  മീതെ സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ, കരുതലിന്റെ തലോടലാണ് എന്നും എനിയ്ക്കാ വരി; ആ പാട്ടും. 
ഇത്തരം ചിന്തകളെല്ലാം  വ്യക്തിപരമാകാം. ആത്മനിഷ്ഠമാകാം. നല്ലൊരളവോളം ``കിറുക്കു''മാകാം.  പരാതിയില്ല. ഇതുപോലുള്ള സുഖമുള്ള കിറുക്കുകളാണല്ലോ നമ്മെ നാമാക്കുന്നത്.
ഇഷ്ടരാഗമായ ഖമാജിലാണ് ഈ ഗാനം ആർ ഡി സ്വരപ്പെടുത്തിയിരിക്കുന്നതെന്നു പറയുന്നു അറിവുള്ളവർ. ഇടയ്ക്കു വെച്ച് ഖമാജ് അപ്രതീക്ഷിതമായി കലാവതിയിലേക്ക് കുതറിമാറുന്നുണ്ടെന്നു മാത്രം. പക്ഷേ ഗാനം ആത്മാവിൽ  നിന്ന് അനർഗ്ഗളം ഒഴുകുമ്പോൾ രാഗങ്ങൾക്കെന്തു പ്രസക്തി? ``ഒരിക്കലും പാട്ടുണ്ടാക്കാൻ രാഗത്തെ കൂട്ടുപിടിച്ചിട്ടില്ല ഞാൻ. രാഗം സ്വാഭാവികമായി വന്നു ചേരുകയാണെങ്കിൽ വാതിൽ കൊട്ടിയടക്കാറില്ല എന്ന് മാത്രം.'' -- ആർ ഡിയുടെ തന്നെ വാക്കുകൾ. ഖമാജ് രാഗസ്പർശമുള്ള വേറെയും പാട്ടുകളുണ്ട് അമർപ്രേമിൽ.  രെയ്‌നാ ബീത്തി ജായേ, ബഡാ നട്ഖട്ട്  ഹേ കൃഷ്ണ കനയ്യാ. ഒരേ സിനിമയിൽ മൂന്ന് ഖമാജ് ഗാനങ്ങൾ അപൂർവം.

കയ്യിൽ മധുചഷകവും കണ്ണുകളിൽ ലഹരിയുമായി രാജേഷ് ഖന്ന; നനവാർന്ന നീൾമിഴികളിൽ ഒരു വികാരപ്രപഞ്ചം തന്നെ ഒളിപ്പിച്ച് സുന്ദരിയായ ഷർമ്മിള...  അര നൂറ്റാണ്ടിനിപ്പുറവും ആ ദൃശ്യങ്ങൾ ഓർമ്മയുടെ തിരശ്ശീലയിൽ ഓടിക്കൊണ്ടേയിരിക്കുന്നു.. കിഷോറിന്റെ സ്വർഗീയ സ്വരധാരയുടെ അകമ്പടിയോടെ .. 

Content Highlights : Amar Prem Rajesh Khanna Sharmila Tagore R.D.Burman Kishore Kumar Anand Bakshi