റെക്കോർഡ് ചെയ്യാനുള്ള പാട്ടിന്റെ നൊട്ടേഷൻ ഷീറ്റിലൂടെ കണ്ണോടിക്കേ ഗായികയുടെ മുഖം അത്ഭുതം കൊണ്ട് വിടരുന്നു; കവിളുകൾ നാണം കൊണ്ട് ചുവക്കുന്നു. പാട്ടിന് താഴെ കുനുകുനുത്ത അക്ഷരങ്ങളിൽ ആരോ തിടുക്കത്തിൽ എഴുതിച്ചേർത്ത കുറെ വാക്കുകൾ: ``ഉന്നൈയും ഉൻ പാട്ടൈയും റൊമ്പ പിടിച്ചിരിക്ക്. ഉന്നൈ കല്യാണം പണ്ണിക്കാ ആസൈപ്പെടറേൻ. സമ്മതമാ?'' വാചകക്കസർത്തില്ല; വളച്ചുകെട്ടില്ല. ലളിതവും സുതാര്യവുമായ ഭാഷയിൽ ഒരു ചോദ്യം മാത്രം: പാട്ടിനോടും പാട്ടുകാരിയോടും ഒരുപോലെ ഇഷ്ടം. കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്. സമ്മതമാണോ?
പൂർണ സമ്മതം എന്നെഴുതിക്കൊടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല പാട്ടുകാരിക്ക്. എ എം രാജ എന്ന ഗായകന്റെ ജീവിതത്തിലേക്ക് ജിക്കി കൃഷ്ണവേണി കടന്നുചെന്നത് ആ ഉത്തരത്തിലൂടെയാണ്.
മഹേശ്വരി (1955) എന്ന തമിഴ് സിനിമയിലെ പാട്ടുകളുടെ റിഹേഴ്സലിനിടെ ആയിരുന്നു രാജയുടെ വിവാഹാഭ്യർഥന. 1990 കളുടെ ഒടുവിൽ ``ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരി'' എന്ന ദൂരദർശൻ സംഗീത പരമ്പരയുടെ ഷൂട്ടിംഗിനായി ചെന്നൈയിലെ ഫ്ലാറ്റിൽ വെച്ച് നേരിൽ കണ്ടപ്പോൾ, അന്ന് രാജയോടൊപ്പം പാടി റെക്കോർഡ് ചെയ്ത പാട്ട് ഓർമ്മയിൽ നിന്ന് വീണ്ടെടുത്ത് പാടിക്കേൾപ്പിക്കുക കൂടി ചെയ്തു ജിക്കിയിലെ ആ പഴയ പ്രണയിനി: ``അഴക് നിലാവിൻ ഭവനിയിലെ അമൈതി കൊഞ്ചും ഇരവിനിലേ അല്ലിമലർന്തേ ആടുതേ ആടും കാരണം ഏതോ...''പട്ടുക്കോട്ടൈ കല്യാണസുന്ദരം എഴുതി ജി രാമനാഥൻ സംഗീതം പകർന്ന പ്രണയഗാനം.
അതിനും അഞ്ചു വർഷം മുൻപേ രാജയെ അറിയാം ജിക്കിക്ക്. രാജയുടെ അരങ്ങേറ്റ ചിത്രമായ സംസാരത്തിൽ ജിക്കിയുമുണ്ടായിരുന്നു ഗായികയായി. പിന്നണിഗായിക എന്ന നിലയില്‍ ജിക്കി അന്നേ നാടൊട്ടുക്കും പ്രശസ്ത. കാണാനും സുന്ദരി. ``റെക്കോര്‍ഡിംഗ് റൂമിന്റെ ഒരു മൂലയില്‍ ഒതുങ്ങി നിന്ന പുതിയ പാട്ടുകാരനെ അധികമാരും ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടണമെന്ന ആഗ്രഹവും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. വര്‍ത്തമാനം വളരെ കുറവ്. ചിരി അതിലും അപൂർവ്വം,'' -- രാജയുമായുള്ള ആദ്യ സമാഗമം ജിക്കി ഓർത്തെടുത്തത് അങ്ങനെയാണ്. ഔപചാരികമായ സംഭാഷണശകലങ്ങൾക്കപ്പുറത്തേക്ക് ആ സൗഹൃദം വളരുമെന്ന് രാജ പ്രതീക്ഷിച്ചിരുന്നില്ല; ജിക്കിയും. ഗായകൻ എന്ന നിലയിൽ രാജ പ്രശസ്തിയുടെ പടവുകൾ കയറി തുടങ്ങിയതോടെ, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകൾ പതിവായി. സ്റ്റുഡിയോകളിൽ നിന്ന് സ്റ്റുഡിയോകളിലേക്കുള്ള തിരക്കിട്ട പ്രയാണങ്ങൾക്കിടയിൽ, സ്വയമറിയാതെ തന്നെ അവർക്കിടയിൽ അനുരാഗം മൊട്ടിട്ടിരിക്കണം. അഞ്ചു വർഷത്തെ നിശബ്ദ പ്രണയത്തിനൊടുവിലായിരുന്നു രാജയുടെ വിവാഹാഭ്യർഥന.
``സംഗീതമാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്. വ്യക്തികൾ എന്ന നിലയില്‍ പരസ്പരം മനസ്സിലാക്കാൻ രണ്ടു പേരും ശ്രമിക്കാതിരുന്നത് ഒരു പോരായ്മയായി പിന്നീട് തോന്നിയിട്ടുണ്ട്,'' -- ജിക്കിയുടെ വാക്കുകൾ. ``രാജയ്ക്ക് സംഗീതം ആയിരുന്നു എല്ലാം. കുടുംബം പോലും അത് കഴിഞ്ഞേ വരൂ. സുഹൃത്തുക്കൾ വളരെ കുറവ്. നേരെ മറിച്ചായിരുന്നു എന്റെ കാര്യം. സൗഹൃദങ്ങൾ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല എനിക്ക്. ഈ പൊരുത്തക്കേടുകൾക്കിടയിലും ഞങ്ങൾ പരസ്പരം സ്നേഹിച്ചു. ഇടയ്ക്കുവച്ച് അദ്ദേഹം യാത്ര പറഞ്ഞു പിരിയും വരെ, നിരവധി വേദികളിൽ ഒന്നിച്ചു പാടി..'' മലയാളത്തിൽ ഇരുവരും ചേർന്ന് പാടിയ ഗാനങ്ങളിൽ മനസമ്മതം തന്നാട്ടെ, ലഹരി ലഹരി (ഭാര്യ), മാനത്തെ ഏഴുനില മാളികയിൽ (റബേക്ക), ഒരു കാറ്റും കാറ്റല്ല (അവരുണരുന്നു) എന്നിവ ഏറെ ഹൃദ്യം.

മറ്റൊരു പ്രാധാന്യം കൂടിയുണ്ട് ``മഹേശ്വരി'' ക്ക് രാജയുടെ സംഗീത ജീവിതത്തിൽ. ആ ചിത്രത്തിന്റെ റെക്കോർഡിങ്ങിനായി മദ്രാസിൽ നിന്ന് സേലം മോഡേൺ തീയേറ്ററിലേക്കുള്ള തീവണ്ടിയാത്രക്കിടെയാണ് പിൽക്കാലത്ത് തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനായി ഉയര്‍ന്ന ശ്രീധറിനെ രാജ പരിചയപ്പെടുന്നത്. രാജയെ പോലെ സിനിമാസ്വപ്നങ്ങൾ നെയ്തു കൂട്ടുന്ന തിരക്കിലായിരുന്നു ശ്രീധറും. തീവണ്ടി യാത്രയിൽ ``വീണുകിട്ടിയ'' സുഹൃത്തിന്റെ സംഗീതജ്ഞാനത്തിൽ ആകൃഷ്ടനായ ശ്രീധർ രാജയ്ക്ക് ഒരു വാഗ്ദാനം നല്കുന്നു: എന്നെങ്കിലും ഞാൻ ഒരു പടം സംവിധാനം ചെയ്യുകയാണെങ്കില്‍ അതിന് സംഗീതസംവിധാനം നിര്‍വഹിക്കുക നീയായിരിക്കും . നാല് വർഷം കഴിഞ്ഞ്, ശ്രീധർ വാക്ക് പാലിച്ചു-- തന്റെ ആദ്യ ചിത്രമായ കല്യാണപ്പരിശിൽ പാട്ടുകൾ ചിട്ടപ്പെടുത്താൻ രാജയെ ക്ഷണിച്ചുകൊണ്ട്.
അതിനും ഏറെക്കാലം മുൻപ് തന്നെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചതാണ് രാജയ്ക്ക്. എം ജി ആർ നായകനായ ജെനോവ ആയിരുന്നു പടം. വർഷം 1952 . ജ്ഞാനമണി, കല്യാണം എന്നിവർക്കൊപ്പം പാട്ടുകൾ ചിട്ടപ്പെടുത്താൻ രാജയെ ക്ഷണിച്ചത് സാക്ഷാൽ എം ജി ആർ തന്നെ. പക്ഷെ, സുഹൃത്തായ എം എസ് വിശ്വനാഥനെ ആ സ്ഥാനത്തേക്ക് നിർദേശിച്ചു കൊണ്ട് പിൻവാങ്ങുകയായിരുന്നു രാജ. എം എസ് വിയ്ക്ക് സംഗീതജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക് ആയി മാറി ജെനോവ. രാജയാകട്ടെ ഗായകനായി പ്രശസ്തിയുടെ പടവുകൾ കയറിപ്പോകുകയും ചെയ്തു. വി ദക്ഷിണാമൂർത്തി , ജി രാമനാഥൻ, എസ് രാജേശ്വര റാവു, കെ വി മഹാദേവൻ, ടി ആർ പാപ്പ, സി എൻ. പാണ്ഡുരംഗൻ, വിശ്വനാഥൻ--രാമമൂർത്തി, സുദർശനം, എസ് വി വെങ്കടറാവു, ടി ചലപതിറാവു, ലിംഗപ്പ, ശങ്കർ ഗണേഷ്, വേദ .. തമിഴിൽ രാജയുടെ തേൻ കിനിയുന്ന ശബ്ദത്തിൽ നിന്ന് ഹിറ്റുകൾ മെനഞ്ഞെടുത്ത സംഗീത സംവിധായകരുടെ നിര നീളുന്നു. അൻപേ വാ (അവൻ), മയക്കും മാലൈ (ഗുലേബക്കാവലി), വാരായോ വെണ്ണിലാവെ , വൃന്ദാവനവും നന്ദകുമാരനും (മിസ്സിയമ്മ), തെൻട്രൽ ഉറങ്കിയ പോതും (പെറ്റ്ര മകനെ വിറ്റ അന്നൈ), എന്തൻ കണ്ണിൽ കലന്ത് (മല്ലികൈ ), ആടാത മനമും ആടുതെ, അരുകിൽ വന്താൽ (കളത്തൂർ കണ്ണമ്മ ), കലൈയെ എൻ വാഴ്കയിൽ ( മീണ്ട സ്വർഗം ), ഇദയ വാനിൻ ഉദയ നിലാവേ ( പാർത്ഥിപൻ കനവ് ), സിർപി സെതുക്കാത (എതിർപാരാതത് )..... ഒരു കാലഘട്ടത്തെ സുദീപ്തമാക്കിയ പാട്ടുകൾ . സിർപി സെതുക്കാത എന്ന ഗാനം ഇയ്യിടെ വീണ്ടും കേട്ടപ്പോൾ ഓർമ്മ വന്നത് തലത് മഹ്മൂദിനെയാണ്. രാജയുടെ പ്രിയഗായകനായിരുന്നു തലത്.
തെലുങ്ക് ചിത്രമായ `ശോഭ'യിലാണ് സ്വതന്ത്ര സംഗീത സംവിധായകനായി എഎം രാജയുടെ അരങ്ങേറ്റം. അത് കഴിഞ്ഞു ശ്രിധറിന്റെ കല്യാണപ്പരിശ് . ഉന്നൈ കണ്ടു നാൻ ആടാ , വാടിക്കൈ മറന്തതും ഏനോ, കാതലിലെ തോല്വിയുറ്റ്രാല്, ആസൈയിനാലേ മനം (രാജാ, സുശീല), തുള്ളാത മനമും തുള്ളും (ജിക്കി).... എല്ലാം ഒന്നിനൊന്നു മികച്ച ഗാനങ്ങൾ. ജെമിനി ഗണേശന്റെ ശബ്ദമയി തമിഴകം രാജയെ അംഗീകരിച്ചു കഴിഞ്ഞിരുന്നു അതിനകം. ``തുള്ളാത മനമും തുള്ളും'' സത്യത്തിൽ ഇഷ്ടഗായികയായ പി സുശീലയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയതാണ് രാജ. ശ്രീധറിന്റെ നിർബന്ധം സഹിക്കവയ്യാതെയാണ് ആ ഗാനം സ്വന്തം ഭാര്യയെക്കൊണ്ട് പാടിക്കാൻ രാജ തീരുമാനിച്ചത്. ``രാജയുടെ നിലപാടുകൾ പലതും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. തേൻനിലവിന്റെ കമ്പോസിംഗ് വേളയിൽ , കണ്ണദാസൻ എഴുതിയ ഒരു പല്ലവി പൂർണമായും ഈണത്തിന്റെ സ്കെയിലിൽ ഒതുങ്ങാതെ വന്നു. ഈണം ചെറുതായൊന്നു മാറ്റിയിരുന്നെങ്കിൽ വരികൾ അതെ പോലെ നിലനിറുത്താൻ കഴിഞ്ഞേനെ. പക്ഷേ, ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലായിരുന്നു രാജ. ഒടുവിൽ പല്ലവിയിൽ മാറ്റം വരുത്താതെ ഗത്യന്തരമില്ലെന്നു വന്നു കണ്ണദാസന് .''-- ശ്രീധർ ഒരു പിൽക്കാല അഭിമുഖത്തിൽ പറഞ്ഞു.
സ്വന്തം ജോലിയോടുള്ള കറകളഞ്ഞ പ്രതിബദ്ധത തന്നെയാവണം രാജയുടെ ഈ കർശന നിലപാടുകൾക്ക് പിന്നിൽ. തേൻനിലവിലെ പാട്ടുകൾ ഇന്നും നമ്മുടെ ഓർമ്മയിൽ സുഗന്ധം ചൊരിഞ്ഞു നിൽക്കുന്നതും അതുകൊണ്ട് തന്നെ. കാലൈയും നീയെ, ഓഹോ എന്തൻ ബേബി (രാജ, ജാനകി), നിലവും മലരും, ചിന്ന ചിന്ന കണ്ണിലെ (രാജ, സുശീല) , പാട്ട് പാടവാ (രാജ), മലരേ മലരേ തെരിയാതെ (സുശീല)... രൂപത്തിലും ഭാവത്തിലും ആസ്വാദ്യതയിലും വൈവിധ്യം പുലർത്തുന്ന പാട്ടുകൾ. ഹംസാനന്ദി രാഗത്തിന്റെ വശ്യത മുഴുവൻ ചാലിച്ചുചേര്‍ത്ത ``കാലൈയും നീയെ മാലൈയും നീയേ'' കേൾക്കുമ്പോൾ രാജയിലെ സംഗീതശില്പിയെ മനസ്സുകൊണ്ട് പ്രണമിച്ചു പോകാറുണ്ട്, ഇന്നും. പക്ഷെ തേൻനിലവിന് ശേഷം രാജയെ തന്റെ പടങ്ങളിൽ സഹകരിപ്പിക്കാന്‍ ശ്രീധർ തയ്യാറായില്ല എന്ന് കൂടി അറിയുക. രാജയുടെ പിടിവാശികൾ (തേൻനിലവിന്റെ പശ്ചാത്തല സംഗീതം നിർവഹിക്കാതെ സ്ഥലം വിട്ട രാജയെ ഒടുവിൽ സാക്ഷാൽ എം ജി ആർ ഇടപെട്ടാണ് തിരിച്ചു കൊണ്ടുവന്നത് ) ശ്രീധറെ അത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ഫലം: അടുത്ത ചിത്രമായ നെഞ്ചിൽ ഒരു ആലയത്തില്‍ സംഗീതസംവിധായകനായി രാജയ്ക്ക് പകരം വിശ്വനാഥൻ-രാമമൂർത്തി വന്നു.
തിരിച്ചടികൾ പക്ഷേ, രാജയെ തളർത്തിയില്ല. സിനിമയില്ലെങ്കിലും ജീവിക്കും എന്ന വാശിയോടെ ചെന്നൈ നഗരത്തിൽ ടൂറിസ്റ്റ് ടാക്സി ബിസിനസ് തുടങ്ങി വച്ച അദ്ദേഹം, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിൽ കൂടുതല്‍ സജീവമായതും ഇക്കാലത്ത് തന്നെ. സത്യനും പ്രേംനസീറും നാഗേശ്വരറാവുവും എൻ ടി രാമറാവുവും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ രാജയുടെ പ്രണയഗാനങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കി. തമിഴന് ആ ശബ്ദം ``തേൻനിലവാ''യിരുന്നു; ആത്മാവിലേക്ക് മധുകണമായി പെയ്തിറങ്ങുന്ന ആലാപനം. നമ്മൾ മലയാളികൾ ആ നാദത്തിലെ വിഷാദഭാവത്തെയാണ് കൂടുതൽ പ്രണയിച്ചതെന്നു തോന്നിയിട്ടുണ്ട്. മലയാളത്തിൽ രാജ പാടിയ കാൽപനികഗാനങ്ങൾക്ക് പോലും ഉണ്ടായിരുന്നില്ലേ മധുരമുള്ള ഒരു വിഷാദഭാവം? ദേവതാരു പൂത്ത നാളൊരു (മണവാട്ടി). കണ്മണി നീയെൻ കരം പിടിച്ചാൽ , കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തെ (കുപ്പിവള), കുങ്കുമച്ചാറുമണിഞ്ഞു പുലർകാലമങ്ക (കിടപ്പാടം), കാട്ടുചെമ്പകം പൂത്തുലയുമ്പോൾ (വെളുത്ത കത്രീന ), അന്ന് നിന്നെ കണ്ടതിൽ പിന്നെ (സുശീലയോടൊപ്പം ഉണ്ണിയാർച്ചയിൽ ), ആകാശഗംഗയുടെ കരയിൽ (ഓമനക്കുട്ടൻ), മാനസേശ്വരീ മാപ്പു തരൂ, താഴമ്പൂ മണമുള്ള (അടിമകൾ), മയിൽപ്പീലി കണ്ണ് കൊണ്ട് (കസവ് തട്ടം), ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം (ഭാര്യമാർ സൂക്ഷിക്കുക), സ്നേഹത്തിൽ വിരിയുന്ന പൂവേതു പൂവ് (ബല്ലാത്ത പഹയൻ), പട്ടും വളയും പാദസരവും (അമ്മ എന്ന സ്ത്രീ).... അവസാനം പറഞ്ഞ പാട്ടിനു ഒരു പ്രത്യേകത കൂടിയുണ്ട്: എ എം രാജ സ്വയം ചിട്ടപ്പെടുത്തി പാടിയ പാട്ടാണത് .
രവി മേനോന്റെ പുസ്തകങ്ങൾ വാങ്ങിക്കാം
1970 കളോടെ സിനിമയുടെ തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും രാജ അകന്നു കഴിഞ്ഞിരുന്നു. സ്വയം തിരഞ്ഞെടുത്ത ഒരു അജ്ഞാതവാസം. ``സിനിമയുടെ വഴികളുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നു അദ്ദേഹത്തിന് . പ്രധാന കാരണം സംശയം തന്നെ. ഏറ്റവും അടുത്ത സുഹൃത്തുക്കളെ പോലും സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങിയ രാജ അവരുമായി കരുതിക്കൂട്ടി തർക്കങ്ങൾ ഉണ്ടാക്കുന്നതും പതിവായി. ശ്രീധറിനേയും കെ വി മഹാദേവനെയും പോലുള്ള പഴയ അഭ്യുദയകാംക്ഷികൾ പോലും അദ്ദേഹത്തിൽ നിന്ന് പതുക്കെ അകന്നു. രാജയാകട്ടെ, എല്ലാം തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗം എന്നാണു വിശ്വസിച്ചത്. ഒരു ഘട്ടത്തിൽ ഭാര്യ ജിക്കിയെ നിർബന്ധിച്ചു സിനിമയിൽ നിന്ന് അകറ്റിനിറുത്തുക വരെ ചെയ്തു അദ്ദേഹം.'' --രാജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഒരു ഗായകൻ ഓർക്കുന്നു. ``പാട്ടുകാരി എന്ന നിലയിൽ ജിക്കിയുടെ പ്രതിഭ അംഗീകരിക്കാൻ രാജ വിമുഖനായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.''
ജീവിതത്തെ പോലെ മരണവും ആ മഹാകലാകാരനോട് കരുണ കാട്ടിയില്ല. ദാരുണമായിരുന്നു രാജയുടെ വിടവാങ്ങൽ--1989 ഏപ്രിൽ 8 ന്. കന്യാകുമാരി ജില്ലയിലെ കുറ്റാലുമൂട് ഭദ്രേശ്വരി അമ്മൻ കോവിലിൽ ഗാനമേള നടത്താൻ സ്വന്തം ട്രൂപ്പിനോപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു രാജ. വഴിക്ക്, വണ്ടി വള്ളിയൂർ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ ഒപ്പമുള്ള ഒരാളെ തിരഞ്ഞു അദ്ദേഹം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയതാണ്. തിരിച്ചെത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു. പരിഭ്രമത്തോടെ ഓടുന്ന വണ്ടിയിൽ പിടിച്ചു കയറാനുള്ള ശ്രമത്തിൽ കൈവഴുതി രാജ പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിലൂടെ റെയിൽപ്പാളത്തിലേക്ക് ഊർന്നുവീഴുന്നു. ക്രൂരമായ അന്ത്യം. തീവണ്ടിയുടെ കംപാർട്ട്മെന്റിനകത്ത് നിസ്സഹായരായി ആ ദുരന്തം കണ്ടു തരിച്ചിരുന്നവരിൽ രാജയുടെ പ്രിയപത്നിയും ഉണ്ടായിരുന്നു- ജീവിതാന്ത്യം വരെ ആ ദൃശ്യം ജിക്കിയെ വേട്ടയാടിയിരിക്കണം.
ഭർത്താവിന്റെ വേർപാടിന് ശേഷം സിനിമയിൽ നിന്ന് അകന്ന ജിക്കി ഗാനമേളകളിൽ പാടുന്നതും ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നതും ദുർല്ലഭമായി. ദുരിതമയമായിരുന്നു അവരുടെ അവസാനനാളുകൾ. അർബുദരോഗ ബാധിതയായി ദീർഘകാലം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് 2004 ആഗസ്റ്റ് 16 ന് അവർ മരണത്തിനു കീഴടങ്ങിയത്. രാജ-ജിക്കി ദമ്പതികളുടെ ആറ് മക്കളിൽ രണ്ടു പേർ -- മഹേഷും ചന്ദ്രശേഖരനും-ഗാനമേളാവേദികളിൽ സജീവമായിരുന്നു ഏറെക്കാലം.
രാജയും ജിക്കിയും ഇന്ന് നമ്മുടെ ഗൃഹാതുരസ്മരണകളുടെ ഭാഗം. താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രികളിൽ, ആ ശബ്ദങ്ങൾ നമ്മെ ഇന്നും വന്നു തഴുകുന്നു.
(നക്ഷത്ര ദീപങ്ങളിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: AM Raja Old Malayalam Movie Songs Jicky