യേശുദാസിന്റെ ഗന്ധർവ ശബ്ദത്തിൽ ഒരു പിന്നണിഗാനം  അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിൽ പ്രതീക്ഷിക്കാനാവുമോ നമുക്ക്? അസംഭവ്യം എന്നാണ് ഉത്തരമെങ്കിൽ തെറ്റി. അടൂരിന്റെ ആദ്യചിത്രമാകേണ്ടിയിരുന്ന `കാമുകി'(1967)യിൽ  നാല് മനോഹര ഗാനങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് യേശുദാസിന്റെ എക്കാലത്തേയും  മികച്ച പ്രണയഗാനങ്ങളിൽ ഒന്നായിരുന്നു താനും -- ``ജീവനിൽ ജീവന്റെ ജീവനിൽ നിന്നെരിയുന്നു നിൻ മിഴികൾ നിറദീപങ്ങൾ പോലെ.'' ഏറ്റുമാന്നൂർ സോമദാസൻ എഴുതി ശിവൻ -- ശശി സഖ്യം ചിട്ടപ്പെടുത്തിയ പാട്ട്.

 ``കഥയുടെ സ്വാഭാവികമായ ഒഴുക്കിന്   വിഘാതം സൃഷ്ടിക്കുന്ന ഒരു തരം ഗോഷ്ഠിയായേ ഗാനചിത്രീകരണം എന്ന ഏർപ്പാടിനെ കാണാനാവൂ'' എന്ന് തുറന്നു പ്രഖ്യാപിച്ചിട്ടുള്ള സംവിധായകൻ  സ്വന്തം സിനിമയിൽ പാട്ടുകൾ ഉൾക്കൊള്ളിക്കാൻ തയ്യാറായതെങ്ങനെ എന്ന് കൗതുകം തോന്നുക സ്വാഭാവികം. 

അടൂരിന്റെ മറുപടി ഇങ്ങനെ: ``വിധിനിയോഗം എന്നേ പറയാനാകൂ. 1965 ൽ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ഡിപ്ലോമയുമായി പുറത്തുവന്ന ശേഷം സ്വന്തം സങ്കൽപ്പങ്ങൾക്കൊത്ത  ഒരു പടം ചെയ്യണം എന്ന് മോഹിച്ചുവെങ്കിലും സാഹചര്യങ്ങൾ ഒത്തുവന്നില്ല. ആകെ ചെയ്യാൻ അവസരമുണ്ടായത് കുറച്ചു ഡോക്യുമെന്ററികളാണ്. ഫീച്ചർ ഫിലിമിനായുള്ള  കാത്തിരിപ്പ് അനന്തമായി നീണ്ടതോടെ ഒരു തരം ഫ്രസ്ട്രേഷൻ ബാധിച്ചു എന്നെ.  എന്തെങ്കിലുമൊന്നു ചെയ്തേ പറ്റൂ എന്ന് മനസ്സ് നിർബന്ധിച്ചു കൊണ്ടിരുന്ന ഘട്ടം. ആ സമയത്താണ് കുവൈറ്റിലെ ഒരു സുഹൃത്ത് സിനിമാ പ്രോജക്ടുമായി വരുന്നത്. ഫിലിം സൊസൈറ്റി ബന്ധമൊക്കെ ഉള്ള ആളാണ്‌. അന്നത്തെ നടപ്പ് രീതി അനുസരിച്ചു ആദ്യം പാട്ട് റെക്കോർഡ്‌ ചെയ്യുക, പിന്നീട് കുറച്ചു രംഗങ്ങൾ ഷൂട്ട്‌ ചെയ്തു വിതരണക്കാരെ കാണിക്കുക, അവരെ പ്രീണിപ്പിക്കുക  ഇതൊക്കെയാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ള ആശയം. വേറെ വഴിയില്ലാത്തതുകൊണ്ട് അതിനു വഴങ്ങിക്കൊടുക്കേണ്ടി വന്നു. പക്ഷേ, ചെയ്യുന്ന സിനിമയോട് - അത് ഏതു തരത്തിൽ ഉള്ളതായാലും- പരിപൂർണ്ണ പ്രതിബദ്ധത പുലർത്തണം എന്നുറച്ചിരുന്നു ഞാൻ.''

പാട്ടുകളുടെ കമ്പോസിംഗും റെക്കോർഡിംഗും ആണ് ആദ്യം നടന്നത്. `കാമുകി'യിലെ ഗാനസൃഷ്ടിയുടെ ഓർമ്മകൾ കവിയായ ഏറ്റുമാനൂർ സോമദാസൻ  പങ്കുവെച്ചതോർക്കുന്നു: ``മാന്നാറിൽ  ഞാൻ താമസിച്ചിരുന്ന വീട്ടിലേക്ക്  ഒരു ദിവസം അടൂർ ‍ഗോപാലകൃഷ്ണനും സി എൻ ശ്രീകണ്ഠൻ നായരും  കുളത്തൂർ ഭാസ്കരൻ നായരും കയറിവരുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയും  ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. ചിത്രലേഖയുടെ ആദ്യ പടം ഗോപാലകൃഷ്ണൻ ‍സംവിധാനം ചെയ്യുകയാണ് ; സി എൻ ശ്രീകണ്ഠൻ നായരുടെ തിരക്കഥ. പാട്ടുകൾ ഞാൻ എഴുതിക്കൊടുക്കണം. അത്ഭുതം തോന്നി. പി ഭാസ്കരനും വയലാറും ഒക്കെ ഉള്ളപ്പോൾ എന്തിനു ഞാൻ?  എന്റെ ചോദ്യം അതായിരുന്നു.  പക്ഷെ അടൂരിനും കൂട്ടർക്കും തെല്ലുമില്ലായിരുന്നു സംശയം. തീരുമാനിച്ചുറച്ചു വരികയാണ് അവർ. കൗമുദി വാരികയിൽ ഞാൻ  എഴുതിയ  ഗാനങ്ങൾ അവർ  ശ്രദ്ധിച്ചിട്ടുണ്ട്. അവയിൽ ചിലത്  വികെ ശശിധരൻ ഈണമിട്ടു കേട്ടിട്ടുമുണ്ട്. അറിയാതെ അറിയാതിന്നെന്തു കൊണ്ടോ അടയുകയാണെൻ മിഴികൾ  എന്ന പാട്ട് സിനിമയിൽ ഉപയോഗിക്കാനാകും വിധം മാറ്റി  എഴുതി തന്നാലും മതി എന്നായി സംവിധായകൻ. ശ്രമിച്ചു നോക്കാം എന്ന്  ഞാനും.''

പിറ്റേന്ന് കാലത്ത് തന്നെ  കംപോസിങ്ങിനായി കവിയെ കൂട്ടിക്കൊണ്ടുപോകാൻ സ്കൂട്ടറിൽ അടൂർ ‍ എത്തി. നെടുമങ്ങാട് ടി ബി യിൽ വച്ചാണ് കംപോസിംഗ്. ശശിധരനും കൊച്ചിക്കാരൻ പി കെ ശിവദാസും (ശിവൻ-ശശി) സംഗീത സംവിധായകർ. രണ്ടു പേരും നാടകലോകത്ത് പേരെടുത്തു തുടങ്ങിയവർ.   പ്രശസ്തമായ `പച്ചപ്പനംതത്തെ'  ഉൾ‍പ്പെടെ,നമ്മളൊന്ന്  നാടകത്തിലെ ഗാനങ്ങൾ  ബാബുരാജിനൊപ്പം ചിട്ടപ്പെടുത്തിയ ഖ്യാതിയുമായാണ് ശിവദാസിന്റെ വരവ്. (പിൽക്കാലത്ത്  പി ജെ ആന്റണിയുടെ പെരിയാർ എന്ന പടത്തിൽ  ബിന്ദു... ഒതുങ്ങിനില്പൂ നിന്നിൽ ഒരുൽക്കട ശോകത്തിൻ സിന്ധു എന്നൊരു  ഗസൽ ശൈലിയിലുള്ള ഗാനം കൂടി ഒരുക്കിയിട്ടുണ്ട്  അദ്ദേഹം . ജയചന്ദ്രന്റെ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ഗസൽ). ശശിധരൻ ആണെങ്കിൽ പ്രശസ്ത കവിതകളുടെ ഗാനാവിഷ്കാരത്തിലൂടെ  സംഗീതത്തിലും ആലാപനത്തിലും വേറിട്ട  ഒരു സരണി തന്നെ സൃഷ്ടിച്ച ജീനിയസ്.  യേശുദാസ് , എസ് ജാനകി, സി ഓ ആന്റോ എന്നിവരുടെ ശബ്ദത്തിൽ നാല് ഗാനങ്ങൾ `കാമുകി'ക്കു വേണ്ടി റെക്കോർഡ്‌ ചെയ്യുന്നു ശിവൻ - ശശി ടീം.

കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചെങ്കിലും പുതുമുഖങ്ങൾക്കൊപ്പം  മധുവും ഉഷാനന്ദിനിയും അടൂർ  ഭാസിയും ഒക്കെ അഭിനയിച്ച `കാമുകി ' സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഇടയ്ക്കു വച്ച് മുടങ്ങി. ``ഷൂട്ട്‌ ചെയ്ത ഭാഗങ്ങൾ വിതരണക്കാർക്ക്  വേണ്ടി പ്രദർശിപ്പിച്ചത് ഓർമ്മയുണ്ട്.  കണ്ടുതീർന്നയുടൻ ഒരക്ഷരം മിണ്ടാതെ  സ്ഥലം വിടുകയായിരുന്നു അവർ.''-അടൂർ ചിരിക്കുന്നു. `കാമുകി' വെളിച്ചം കണ്ടില്ലെങ്കിലും ആ സിനിമയ്ക്ക് വേണ്ടി റെക്കോർഡ്‌ ചെയ്യപ്പെട്ട പാട്ടുകളിൽ രണ്ടെണ്ണത്തിന് പിൽക്കാലത്ത്  മോക്ഷം ലഭിച്ചു.  അതേ തിരക്കഥ ചില തിരുത്തലുകളോടെ പത്തു വർഷം കഴിഞ്ഞ് ``തീരങ്ങൾ'' എന്ന പേരിൽ രാജീവ് നാഥ് സംവിധാനം ചെയ്തു പുറത്തിറക്കിയപ്പോഴായിരുന്നു അത്. സോമനും ജയഭാരതിയും അഭിനയിച്ച ആ പടത്തിൽ, കാമുകിക്ക് വേണ്ടി റെക്കോർഡ്  ചെയ്ത യേശുദാസിന്റെ ഗാനങ്ങൾ (ജീവനിൽ ജീവന്റെ ജീവനിൽ, വാടിക്കൊഴിഞ്ഞു മധുമാസഭംഗികൾ) ഉൾപ്പെടുത്തി  രാജീവ്നാഥ്. യേശുദാസിന്റെ പാട്ടുകളിൽ തനിക്കേറ്റവും പ്രിയപ്പെട്ടവയിൽ ഒന്നായി  പ്രഭ യേശുദാസ് ഒരിക്കൽ ``ജീവന്റെ ജീവനിൽ'' എടുത്തുപറഞ്ഞത് ഓർമ്മയിലുണ്ട്.

``കാമുകി  എല്ലാ അർത്ഥത്തിലും നിരാശാജനകമായ അനുഭവമായിരുന്നു എന്ന് സമ്മതിക്കുന്നു അടൂർ. ``പക്ഷേ എനിക്ക്  വലിയൊരു  അനുഭവപാഠം ആയിരുന്നു ആ സിനിമ. ആവശ്യമായ തയ്യാറെടുപ്പ്  കൂടാതെ പിന്നീടൊരിക്കലും സിനിമാ സംവിധാനത്തിന് ചാടിപ്പുറപ്പെട്ടിട്ടില്ല.''  

എങ്കിലും സിനിമാഗാനങ്ങളുടെ നിതാന്ത ശത്രുവൊന്നുമല്ല അടൂർ. `` നല്ല പാട്ടുകൾ ആസ്വദിക്കാറുണ്ട്. പ്രത്യേകിച്ച് കർണ്ണാടക സംഗീത കൃതികൾ. സഞ്ജയ്‌ സുബ്രഹ്മണ്യത്തിന്റെ കച്ചേരികൾ ഒന്നും ഒഴിവാക്കാറില്ല. എന്റെ നല്ലൊരു സുഹൃത്ത് കൂടിയാണ് സഞ്ജയ്‌. പിന്നെ, ശങ്കരൻ  എമ്പ്രാന്തിരിയുടെയും കലാമണ്ഡലം ഹൈദരാലിയുടെയും കഥകളി സംഗീതം...ഹിന്ദുസ്ഥാനിയിൽ ഭീംസെൻ ജോഷിയുടെ ആലാപനം ആസ്വദിക്കാറുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുമുണ്ട്  ഒരിക്കൽ.  സിനിമാപ്പാട്ടുകൾ തന്നെ  റേഡിയോയിലും മറ്റും കേൾക്കുമ്പോൾ ഇഷ്ടം തോന്നും. നീലക്കുയിലിലെയും മധുമതിയിലെയും ഒക്കെ ഗാനങ്ങൾ എന്നും പ്രിയപ്പെട്ടവയാണ്. പക്ഷേ സിനിമയോട് ചേർത്തു വെച്ചല്ല ഞാൻ അവ ആസ്വദിക്കുക; സ്വതന്ത്രമായ കലാരൂപങ്ങളായാണ്. ഗാനചിത്രീകരണം സിനിമയ്ക്ക്  ഗുണമൊന്നും ചെയ്യില്ല. ദോഷം വേണ്ടതിലേറെ വരുത്തിവെക്കുകയും ചെയ്യും.''

Content Highlights : Adoor Gopalakrishnan Movie Kamuki KJ Yesudas song