സ്വാതി തിരുനാൾ മഹാരാജാവായി നെടുമുടി വേണു. സ്വാതി സദസ്സിലെ ആസ്ഥാനവിദ്വാൻ  ഷഡ്കാല ഗോവിന്ദമാരാരായി സാക്ഷാൽ ഗാനഗന്ധർവൻ. ആനന്ദലബ്ധിക്കിനിയെന്തു വേണം? വെള്ളിത്തിരയിൽ ഈ രണ്ടു മഹാപ്രതിഭകളുടെ പകർന്നാട്ടം കാണാൻ കഴിയാതെ പോയത്  സംഗീതാസ്വാദകരുടെ ഭാഗ്യദോഷം. ഷഡ്കാല  ഗോവിന്ദമാരാരെ കേന്ദ്ര കഥാപാത്രമാക്കി യേശുദാസ് സംവിധാനം ചെയ്യാനിരുന്ന സിനിമ  വെളിച്ചം കണ്ടിരുന്നെങ്കിൽ ഇതിഹാസങ്ങളുടെ ആ അപൂർവ സംഗമം  യാഥാർഥ്യമായേനെ. സ്വന്തം പടത്തിന് പേര് വരെ കണ്ടുവെച്ചിരുന്നു യേശുദാസ് -- ``ശ്രുതിലയം.''

1980 കളിൽ സ്റ്റുഡിയോകളിൽ നിന്ന് സ്റ്റുഡിയോകളിലേക്ക് പറന്നു നടന്നു പാടുന്ന കാലത്താണ്  ചലച്ചിത്ര സംവിധാനത്തിൽ ഭാഗ്യപരീക്ഷണം നടത്താൻ യേശുദാസ് തീരുമാനിക്കുന്നത്. ആലപ്പി രംഗനാഥ് കഥയും തിരക്കഥയുമെഴുതിയ ``പ്രിയസഖിക്കൊരു ലേഖനം'' ആയിരുന്നു ആദ്യ സംരംഭം.  നിർഭാഗ്യവശാൽ, ഗാനലേഖനവും കാസ്റ്റിങ്ങും പുതുമുഖ നായികാനായകന്മാരുടെ സ്‌ക്രീൻ ടെസ്റ്റും വരെ  പൂർത്തിയായ ശേഷം പടം ഉപേക്ഷിക്കപ്പെട്ടു. യേശുദാസിന്റെ അക്കാലത്തെ ശ്വാസം മുട്ടിക്കുന്ന തിരക്ക് തന്നെ കാരണം.

അടുത്ത ഉദ്യമമായിരുന്നു ``ശ്രുതിലയം.'' ചരിത്രത്തിനും ഭാവനയ്ക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള  ഒരു മുഴുനീള സംഗീത ചിത്രം. സിനിമയുടെ ആശയം മനസ്സിൽ കടന്നുവന്നപ്പോൾ തന്നെ സ്വാതി തിരുനാളായി നെടുമുടി വേണുവിനെ നിശ്ചയിച്ചു  കഴിഞ്ഞിരുന്നു താനെന്ന് യേശുദാസ്. "സ്വാതിയുടെ  ലഭ്യമായ ചിത്രങ്ങളും അദ്ദേഹത്തെ കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളും എല്ലാം പരിഗണിച്ചപ്പോൾ  വേണു ആയിരിക്കും ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യൻ  എന്ന് തോന്നി. പൊങ്ങച്ചക്കാരനായ ഒരു ഭാഗവതരുടെ റോള്‍ ജഗതിക്കും കണ്ടുവെച്ചിരുന്നു.''

"എന്നെ ഏറെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത വ്യക്തിത്വമാണ് ഗോവിന്ദമാരാരുടെത്,''-- യേശുദാസ് പറയുന്നു.  ``സ്വാഭാവികമായും ത്യാഗരാജ സ്വാമികളും സ്വാതി തിരുനാളും ഒക്കെ സിനിമയിൽ മുഖ്യ കഥാപാത്രങ്ങളായി വരും. പടത്തിന്റെ പേരും ഞാന്‍ തീരുമാനിച്ചു  -- ശ്രുതിലയം. ഫിലിം ചേംബറിൽ  രജിസ്റ്റർ ചെയ്തതാണ് ആ ടൈറ്റിൽ. പക്ഷെ ഒരു വർഷം കഴിഞ്ഞപ്പോൾ  രജിസ്ട്രേഷൻ  അസാധുവായി..''

മുൻപും കുറെ സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും, ``കായംകുളം കൊച്ചുണ്ണി''യിൽ മാത്രമേ ഒരു മുഴുനീള വേഷം കൈകാര്യം ചെയ്തിട്ടുള്ളു യേശുദാസ്. അധികം സിനിമകളിളും ഒരൊറ്റ സീനിൽ വന്നുപോകുന്ന ഗായകന്റെ റോളിലായിരുന്നു. അപൂർവം ചിത്രങ്ങളിൽ  യേശുദാസ് ആയിത്തന്നെ പ്രത്യക്ഷപ്പെട്ടു. പുറത്തു വന്നിരുന്നെങ്കിൽ  ശ്രുതിലയം അവയിൽ നിന്നൊക്കെ വേറിട്ട അനുഭവമായേനെ എന്ന കാര്യത്തിൽ സംശയമില്ല യേശുദാസിന്. ``മാരാരുടെ ലാളിത്യമാർന്ന വേഷത്തില്‍ ഞാന്‍ എന്നെത്തന്നെ സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്. അഭിനയിക്കാന്‍ ഇഷ്ടമുള്ള ഒരു വേഷമായിരുന്നു അത്. പടം തുടങ്ങാതെ പോയതിന് ഉത്തരവാദി ഞാൻ  തന്നെ. വിശദാംശങ്ങളിലേക്ക്  പൂർണമായി ഇറങ്ങി ചെല്ലുന്ന സ്വഭാവമാണ് എന്റേത്. അതുകൊണ്ട് തന്നെ എളുപ്പം ചെയ്തു തീര്‍ക്കാവുന്ന സിനിമയല്ല അത്.  ഏകാഗ്രമായി നമുക്കതിൽ  മുഴുകാന്‍ കഴിയണം. അതിനുള്ള സമയവും സാവകാശവും ലഭിച്ചില്ല.   വളരെ നിരാശയോടെ  ആ പ്രോജക്റ്റ് ഉപേക്ഷിക്കേണ്ടി വന്നു.. '' 

വർഷങ്ങൾക്ക് മുൻപേ നെടുമുടിയെ അറിയാം യേശുദാസിന്. സിനിമയിൽ സജീവമാകും മുൻപ്  കുറേക്കാലം ദാസിന്റെ ഗാനമേളാവേദികളിൽ ഫാസിലിനൊപ്പം മിമിക്രി അവതരിപ്പിച്ചിരുന്നു നെടുമുടി. സകലകലാ വല്ലഭനാണ്. ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കുന്നതിൽ അദ്വിതീയനും. ശാസ്ത്രീയ സംഗീതജ്ഞന്റെ റോൾ ഇത്ര തന്മയത്വത്തോടെ, സൂക്ഷ്മതയോടെ  അവതരിപ്പിച്ചു ഫലിപ്പിച്ച  നടൻമാർ മലയാളസിനിമയിൽ വേറെയുണ്ടാവില്ല. സർഗ്ഗത്തിലെ ``ആന്ദോളനം ദോളനം'', കിങ്ങിണിയിലെ മാനസലോലാ മരതകവർണ്ണാ, അനഘയിലെ പാടുവാൻ മറന്നുപോയി തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട് നമ്മുടെ ഓർമ്മയിൽ.  

അഭിനയിച്ച ഗാനരംഗങ്ങളിൽ ഏറ്റവും ആത്മസംതൃപ്തി പകർന്നത് ഏതെന്ന് ചോദിച്ചിട്ടുണ്ട് നെടുമുടിയോട്. സർഗ്ഗത്തിലെ ``ആന്ദോളനം'' എന്ന് മറുപടി പറയാൻ രണ്ടുവട്ടം ചിന്തിക്കേണ്ടി വന്നില്ല അദ്ദേഹത്തിന്. മികച്ചതെന്ന് സ്വയം തോന്നിയതുകൊണ്ടല്ല. ദേവരാജൻ മാഷിനെപ്പോലൊരാൾ ആ ഗാനരംഗത്തെ കുറിച്ച് മതിപ്പോടെ സംസാരിച്ചു കേട്ടതുകൊണ്ടാണ്.  സിനിമയിൽ ആ രംഗം കണ്ടപ്പോൾ യേശുദാസല്ല വേണു തന്നെയാണ് അത് പാടിയതെന്നു തോന്നിയെന്ന് മാഷ് പറഞ്ഞുകേട്ടപ്പോൾ  കണ്ണ് നിറഞ്ഞുപോയെന്ന് നെടുമുടി.  ``ഏത് അവാർഡിനേക്കാൾ മൂല്യമുണ്ടായിരുന്നു ആ വാക്കുകൾക്ക്.''

മറ്റൊരു നല്ല ഓർമ്മ ചിത്രത്തിലെ നഗുമോമു ഗനലേനി എന്ന ത്യാഗരാജ കൃതിയെ ചുറ്റിപ്പറ്റിയാണ്. സിനിമ കണ്ട ശേഷം ഇളയരാജ ചോദിച്ച  ചോദ്യം ഇന്നുമുണ്ട് സംവിധായകൻ പ്രിയദർശന്റെ ഓർമ്മയിൽ: ``ഏതോ മൃദംഗവാദകനെ പിടിച്ചു കൊണ്ടുവന്ന് അഭിനയിപ്പിച്ചിരിക്കയാണ് താങ്കൾ അല്ലേ?'' കാര്യമെന്തെന്ന് ചോദിച്ചപ്പോൾ ഇശൈജ്ഞാനി പറഞ്ഞു: ``അതിവിദഗ്ദനായ ഒരു കലാകാരനേ മൃദംഗം വായിച്ചുകൊണ്ട് പാടി അഭിനയിക്കാൻ  പറ്റൂ. അതും തെല്ലും ശ്രുതിഭംഗമില്ലാതെ.'' നെടുമുടി വേണു ആണ് ആ കലാകാരൻ എന്നറിഞ്ഞപ്പോൾ ഇളയരാജക്ക് അദ്ദേഹത്തെ പരിചയപ്പെടാൻ മോഹം.  ഒരു നടനെ പരിചയപ്പെടാൻ രാജാ സാർ ആഗ്രഹം പ്രകടിപ്പിച്ചത് ആദ്യമായിട്ടായിരിക്കുമെന്ന് പ്രിയൻ. 

content highlights : Actor Nedumudi Venu rememberance movie songs KJ Yesudas swathi thirunal