ആവശ്യപ്പെട്ടത് കവിത പോലൊരു പാട്ട്; ഹരിനാരായണൻ എഴുതിത്തന്നത് കവിതയേക്കാൾ മനോഹരമായ ഗാനം


രവി മേനോൻ

3 min read
Read later
Print
Share

``വിശ്വസിക്കുമോ എന്നറിയില്ല. ആ പാട്ട് ഞാൻ ആദ്യം മനസ്സിൽ വായിച്ചതു തന്നെ ഇപ്പോൾ കേൾക്കുന്ന ഈണത്തിലാണ്. ഹരിയുടെ വരികളിൽ ഒളിഞ്ഞുകിടന്ന ഈണത്തിന്റെ ഇന്ദ്രജാലമാകാം.'' -- ജയഹരി.

ജയഹരിയും ബിജിബാലും, ബി.കെ. ഹരിനാരായണൻ | ഫോട്ടോ: www.facebook.com/PSJayhar​i, മാതൃഭൂമി

അഭിനന്ദനങ്ങൾ, ഹരിനാരായണൻ
മുളപൊട്ടി ചീന്തണ പോലൊരു പാട്ട്
``രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാൻ'' എന്ന് യേശുദാസ് മനംനൊന്തു പാടുന്നത് നീറുന്ന ഹൃദയത്തോടെ, നിറഞ്ഞ കണ്ണുകളോടെ കേട്ടിരുന്ന ഒരു തലമുറയുണ്ടായിരുന്നു ഇവിടെ. ``ഇനിയെന്നു കാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി'' എന്ന് ജയചന്ദ്രൻ പാടുമ്പോൾ ചക്രവാളത്തിൽ നീറിപ്പടർന്ന ഗദ്ഗദം സ്വന്തം നെഞ്ചകത്ത് ഏറ്റുവാങ്ങിയവർ.

അതൊരു കാലം.

ജീവിതം മാറി. സിനിമയുടെ മുഖച്ഛായ മാറി. പാട്ടുകളെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ തന്നെ മാറി. ഇതുപോലുള്ള തീവ്ര വിരഹ ഗാനങ്ങൾക്കും (പുതിയ തലമുറയുടെ ഒരു പരിഹാസവചനം കടമെടുത്താൽ തേപ്പു പാട്ടുകൾ) ദാർശനിക ഗാനങ്ങൾക്കും പുത്തൻ സിനിമകളിൽ ആവശ്യക്കാരില്ലാതായി. നഷ്ടപ്രണയത്തിൽ നീറിപ്പുകയുന്ന കാമുകീകാമുകന്മാരും മക്കളെയോർത്ത് വിതുമ്പുന്ന മാതാപിതാക്കളും പ്രത്യയശാസ്ത്രങ്ങളുടെ തകർച്ചയോർത്ത് നെടുവീർപ്പിടുന്ന ആദർശധീരന്മാരും നിത്യജീവിതത്തിൽ നിന്നേ അപ്രത്യക്ഷമായിത്തുടങ്ങിയതു കൊണ്ടാവാം.

അത്ഭുതമില്ല. മനുഷ്യബന്ധങ്ങൾ പോലും പുനർനിർവചിക്കപ്പെടുന്ന കാലമല്ലേ?

ശോകാന്തരീക്ഷമുള്ള, അല്ലെങ്കിൽ അൽപം തത്വചിന്ത കലർന്ന പാട്ടുകൾ നമ്മുടെ സിനിമയുടെ പടിക്ക് പുറത്തായിട്ട് കാലമേറെയായി. കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയും മധുരസ്നേഹ തരംഗിണിയായി ഒഴുകുന്ന ഹൃദയവാഹിനിയും കണ്ണ് നിറയുന്ന അമ്മമഴക്കാറും അശരീരിയായി ഓർമ്മയിലുണ്ടെങ്കിലും സിനിമയിലില്ല. പുതിയ ജീവിതാന്തരീക്ഷത്തിൽ അവയ്ക്ക് പ്രസക്തിയുമില്ല.

വളരെ വളരെ അപൂർവമായിട്ടാണെങ്കിലും പുതിയ കാലത്തിന്റെ ശബ്ദകോലാഹലത്തിനിടയിലേക്ക് ചിലപ്പോൾ മനസ്സിനെ തൊടുന്ന പാട്ടുകൾ വരും. കാതടപ്പിക്കുന്ന ആഘോഷ ഗാനങ്ങൾക്കും, കോമഡിപ്പാട്ടുകൾക്കും, ആവർത്തനവിരസമായ അനുരാഗഗാനങ്ങൾക്കുമിടയിൽ അത്തരം സൃഷ്ടികൾ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. എങ്കിലും അപ്രതീക്ഷിതമായ ചില ഇടപെടലുകളിലൂടെ കാലം അവയെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ച് നിർത്തും.

ചിലപ്പോൾ നല്ല പാട്ടുകളെ സ്നേഹിക്കുന്നവരുടെ അംഗീകാരത്തിലൂടെ; അല്ലെങ്കിൽ അവാർഡുകളിലൂടെ.

അത്തരമൊരു സൃഷ്ടിയാണ് ``കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ കരിങ്കനിയേ.'' ഡോ. സാഖിൽ രവീന്ദ്രൻ സംവിധാനം ചെയ്ത ``കാടകലം'' എന്ന ചിത്രത്തിൽ ഹരിനാരായണൻ എഴുതി പി എസ് ജയഹരി ചിട്ടപ്പെടുത്തി ബിജിബാൽ പാടിയ ഗാനം.

മികച്ച ഗാനരചനക്കുള്ള സംസ്ഥാന അവാർഡ് പ്രഖ്യാപിക്കപ്പെടും വരെ ശ്രദ്ധയിൽ പെട്ടിരുന്നില്ല ആ സൃഷ്ടി. കേട്ടപ്പോഴാകട്ടെ, ഇത്തരം പാട്ടുകൾ ഇപ്പോഴുമുണ്ടോ നമ്മുടെ സിനിമയിൽ എന്ന് അത്ഭുതം പൂണ്ടു മനസ്സ്. `` മാറത്തെൻ ചൂടേറ്റെന്നും ചാഞ്ഞുമയങ്ങണ പൈങ്കിളിയേ, മുളപൊട്ടി ചീന്തണ പോലെൻ ചങ്കു ചിലമ്പണ് തേൻകനിയേ'' എന്നെഴുതിയ ഹരിനാരായണന്റെ തൂലികയ്ക്ക് പ്രണാമം.

``സത്യം പറയാലോ, മുളപൊട്ടി ചീന്തണ പോലെൻ ചങ്കു ചിലമ്പണ് തേൻകനിയേ എന്ന് ബിജിബാൽ പാടുന്നത് കൺസോളിൽ ഇരുന്ന് കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു.''-- സംഗീത സംവിധായകൻ ജയഹരിയുടെ വാക്കുകൾ. ``പാടുകയായിരുന്നില്ല ബിജി. പാട്ടിന്റെ വരികളുടെ ആത്മാവിൽ അലിയുകയായിരുന്നു.''

അതേ വികാരമാണ് ഹരിനാരായണൻ എഴുതിത്തന്ന ഗാനം ആദ്യം വായിച്ചപ്പോഴും അനുഭവിച്ചതെന്ന് ജയഹരി. ഒരു പാട് ദൃശ്യങ്ങൾ കണ്മുന്നിൽ തെളിഞ്ഞുവന്നു; കാടിന്റെ ഇരുളും വെളിച്ചവും ഇടകലർന്ന ദൃശ്യങ്ങൾ. ``സത്യത്തിൽ ഗാനസന്ദർഭം തന്നെ ഉണ്ടായിരുന്നില്ല കാടകലത്തിൽ. ചെറിയ ബഡ്ജറ്റിൽ എടുക്കുന്ന പടം. എങ്കിലും ദീർഘനേരത്തേക്ക് സംഭാഷണങ്ങൾ കടന്നുവരുന്ന ഒരു സീക്വൻസിൽ പാട്ട് ഉണ്ടായാൽ നന്നാകുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ മറുത്തൊന്നും പറഞ്ഞില്ല സംവിധായകൻ സാഖിൽ രവീന്ദ്രൻ.''

കവിത പോലൊരു പാട്ട് വേണമെന്നേ ആവശ്യപ്പെട്ടുള്ളൂ ഹരിനാരായണനോട്. അദ്ദേഹം എഴുതിത്തന്നത് കവിതയേക്കാൾ മനോഹരമായ ഒരു ഗാനം. സിനിമയുടെ ആത്മാവ് മുഴുവനുണ്ടായിരുന്നു ആ വരികളിൽ. ``വിശ്വസിക്കുമോ എന്നറിയില്ല. ആ പാട്ട് ഞാൻ ആദ്യം മനസ്സിൽ വായിച്ചതു തന്നെ ഇപ്പോൾ കേൾക്കുന്ന ഈണത്തിലാണ്. ഹരിയുടെ വരികളിൽ ഒളിഞ്ഞുകിടന്ന ഈണത്തിന്റെ ഇന്ദ്രജാലമാകാം.'' -- ജയഹരി.

കാട്ടിൽ അച്ഛനോടൊപ്പം കഴിയുന്ന ആദിവാസി ബാലന്റെ കഥയാണ് ``കാടകലം'' . മകനെ പഠിപ്പിച്ച് അധ്യാപകനാക്കാൻ മോഹിക്കുന്ന അച്ഛൻ. കാട്ടിലെ ഏകാധ്യാപക വിദ്യാലയത്തിലെ പഠനത്തിനു ശേഷം തുടർവിദ്യാഭ്യാസത്തിനായി ബോർഡിംഗ് സ്കൂളിൽ ചേർക്കാൻ നഗരത്തിലേക്ക് മകനെ കൂട്ടിക്കൊണ്ടുപോകുകയാണ് അയാൾ. ആദ്യമായി മകനെ വേർപിരിയാൻ പോകുന്നതിന്റെ നൊമ്പരം മുഴുവനുണ്ട് ഉള്ളിൽ. പഠിച്ച്‌ അധ്യാപകനായി മകൻ കാട്ടിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ അവനെ അനുഗമിക്കുന്ന അച്ഛന്റെ ആത്മഗതമായി വേണം പാട്ട് പശ്ചാത്തലത്തിൽ കടന്നുവരാൻ. അതേ സമയം അത് കാടിന്റെ കൂടി പാട്ടാകുകയും വേണം.

സിറ്റുവേഷൻ വിവരിച്ചു കേട്ട ശേഷം വളരെ പെട്ടെന്ന് ഹരി എഴുതിത്തന്ന കവിതയാണിതെന്ന് ജയഹരി. ``കാടാമെൻ നെഞ്ചത്തൂടെ കാലടിവെച്ചൊരിളം കനിയേ, കാട്ടരുവി ചുരന്ന തെളിമ്പാലുണ്ട് തെളിഞ്ഞ തുടും കനിയേ, നീയുയരെ മാനം മുട്ടി വളർന്നാൽ വേര് മറക്കല്ലേ, വേരിനകത്താരും കാണാ കാടിൻ ചൂരു മറക്കല്ലേ'' എന്നീ വരികളിൽ കാടിന്റെ ഹൃദയം ചിമിഴിലെന്നോണം ഒതുക്കിവെച്ചിരിക്കുന്നു ഹരിനാരായണൻ.

ബിജിബാൽ വേണം പാടാൻ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല ജയഹരിക്ക്. കാരണം, വെറുമൊരു പാട്ടുകാരല്ല ബിജി. ചിന്തിക്കുന്ന പാട്ടുകാരനാണ്. ഗൗരവമാർന്ന സംഗീതധാരകൾക്കൊപ്പം ചേർന്നുനിൽക്കാൻ മനസ്സുള്ള ഒരാൾ. ``എത്ര ഔചിത്യത്തോടെയാണ് വരികൾക്ക് ഇണങ്ങുന്ന ഭാവം ആലാപനത്തിൽ ബിജി കൊണ്ടുവന്നിട്ടുള്ളതെന്ന് ആ പാട്ട് കേട്ടാൽ മനസ്സിലാകും. ബിജിയ്ക്കും ഈ പാട്ടിന്റെ പേരിൽ ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നു ഞാൻ. '' -- ജയഹരി.

``വരികളെ നോവിക്കാതെ, ഈണം കൊണ്ട് അവയ്ക്ക് മനോഹരമായി ഒരു അടിവരയിടുക മാത്രം ചെയ്ത ജയഹരിക്കുമില്ലേ അവാർഡിനുളള അർഹത?'' -- എന്റെ മറുചോദ്യം.

ഒന്നും മിണ്ടാതെ ചിരിക്കുന്നു, ``അതിരനി''ലെ പവിഴമഴയേ (രചന: വിനായക് ശശികുമാർ, ഗായകൻ: ഹരിശങ്കർ) എന്ന ഗാനത്തിലൂടെ മൂന്ന് വർഷം മുൻപ് മലയാള സിനിമാസംഗീതത്തിൽ സ്വന്തം ഇടം ഉറപ്പിച്ച ജയഹരി.

``കാടകല''ത്തിലെ പാട്ട് സാക്ഷാൽ ആർട്ടിസ്റ്റ് നമ്പൂതിരി കാറിലിരുന്ന് താളമിട്ട് ആസ്വദിക്കുന്ന വീഡിയോ ഈയിടെ ഒരു സുഹൃത്ത് അയച്ചുകൊടുത്തിരുന്നു ജയഹരിക്ക്. ``വലിയ സന്തോഷം തോന്നി. അതൊക്കെയല്ലേ ഗാനശിൽപ്പികൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ്?''-- ജയഹരിയുടെ ചോദ്യം.

Content Highlights: paattuvazhiyorathu, kerala state film awards 2021, kadakalam, bk harinarayanan, bijibal, jayahari

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dilip kumar

3 min

മറവിയുടെ മായാതീരത്തായിരുന്നുവെങ്കിലും ദിലീപിന്റെ ചുണ്ടുകൾ മന്ത്രിച്ചു: 'ലത'

Jul 17, 2021


M. G. Radhakrishnan
Premium

2 min

ചിരട്ട കൊണ്ട് ഉരയ്ക്കുന്ന ശബ്ദമെന്ന് എം.ജി. രാധാകൃഷ്ണൻ; അതാണ് വേണ്ടതെന്ന് ഐ.വി. ശശി

Apr 14, 2023


Jolly

5 min

'അന്തിക്കടപ്പുറത്ത്' അവിസ്മരണീയമാക്കിയ ഗായകന്‍; സിനിമ വിട്ട് ആത്മീയ പാതയിലെത്തിയ ജോളി

Feb 19, 2022


Most Commented