നാരായണീയത്തിന്റെ 60 വർഷങ്ങൾ, ഒരേയൊരു ശബ്ദം


രവിമേനോൻ

8 min read
Read later
Print
Share

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റുമുള്ള ഉച്ചഭാഷിണികളിലൂടെ ചന്ദനക്കാറ്റായി പി ലീല ഒഴുകിത്തുടങ്ങിയിട്ട് സെപ്തംബർ 22 ന് ആറു പതിറ്റാണ്ട് തികയുന്നു

P leela Photo | Facebook, Ravi Menon

ഗുരുവായൂരിലെ നാരായണീയത്തിന് ഇന്ന് (സെപ്റ്റംബർ 22) ഷഷ്ടിപൂർത്തി തികയുമ്പോൾ, സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു ഗായികയെ വീണ്ടുമോർക്കുന്നു; ലീലച്ചേച്ചിയെ

രോഗശയ്യയിലും പി ലീലയുടെ ചുണ്ടുകൾ അസ്പഷ്ടമായി മന്ത്രിച്ചുകൊണ്ടിരുന്നത് നാരായണീയത്തിലെയും ഹരിനാമകീർത്തനത്തിലേയും ജ്ഞാനപ്പാനയിലേയും ശ്ലോകങ്ങളായിരുന്നു എന്ന് പലരും പറഞ്ഞുകേട്ടപ്പോൾ അത്ഭുതം തോന്നിയില്ല. ലീലച്ചേച്ചിയുടെ ആത്മാവിന്റെ ഭാഗമായിരുന്നല്ലോ ആ വരികൾ. ``സന്തോഷം വരുമ്പോൾ അഹങ്കരിക്കാതിരിക്കാനും വേദന തോന്നുമ്പോൾ തളർന്നു പോകാതിരിക്കാനും എന്നെ സഹായിച്ചത് ആ ശ്ലോകങ്ങളാണ്.'' ലീല ഒരിക്കൽ പറഞ്ഞു. ഹരിനാമകീർത്തനത്തിലെ ``ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ വരദ നാരായണായ നമ:'' എന്ന വരികളായിരുന്നു അവർക്കേറെ പ്രിയങ്കരം.

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റുമുള്ള ഉച്ചഭാഷിണികളിലൂടെ ചന്ദനക്കാറ്റായി പി ലീല ഒഴുകിത്തുടങ്ങിയിട്ട് സെപ്തംബർ 22 ന് ആറു പതിറ്റാണ്ട് തികയുന്നു, 1961 ലാണ് ലീലയുടെ നാരായണീയം ആദ്യമായി ക്ഷേത്രത്തിലും പരിസരത്തും കേൾപ്പിച്ചുതുടങ്ങിയത്. കോവിഡ് കാലത്തും മുടങ്ങിയിട്ടില്ല ആ പതിവ്.

ശ്രീകോവിൽ നടയിൽ നിന്ന് ചന്ദനചർച്ചിതനായ ഗുരുവായൂരപ്പനെ താണുവണങ്ങുമ്പോഴും ചുറ്റമ്പലത്തിലൂടെ നാമോച്ചാരണങ്ങളുമായി പ്രദക്ഷിണം വെക്കുമ്പോഴും അമ്പലച്ചുമരുകളിലെ ചാരുചിത്രങ്ങൾ കൗതുകത്തോടെ കണ്ടുനിൽക്കുമ്പോഴുമെല്ലാം, ആത്മാവിലേക്ക് ഹിമകണം പോലെ ഇറ്റുവീഴുന്ന ശബ്ദമായി ലീല നമ്മെ പിന്തുടരുന്നു : ``സാന്ദ്രാനന്ദാവ ബോധാത്മകമനുപമിതം കാലദേശാവധിഭ്യാം, നിർമുക്തം നിത്യമുക്തം നിഗമശത സഹസ്രേണ നിർഭാസ്യമാനം, അസ്‌പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാർത്ഥാത്മകം ബ്രഹ്മതത്വം, തത്താവദ് ഭാതി സാക്ഷാത് ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം..''

നാരായണീയത്തിലെ ആദ്യ ദശകവും കേശാദിപാദ വർണ്ണനം, രാസക്രീഡ എന്നീ ദശകങ്ങളും പാടി റെക്കോർഡ് ചെയ്യാൻ പിതാവ് ഇ കെ കുഞ്ഞൻ മേനോനും സംഗീത സംവിധായകൻ വി ദക്ഷിണാമൂർത്തിക്കും ഒപ്പം 1961 ജൂലൈ ആദ്യവാരം ചെന്നൈയിലെ എ വി എം സ്റ്റുഡിയോയിൽ എത്തുമ്പോൾ ചരിത്രനിയോഗത്തിന്റെ വക്കിലാണ് താൻ എന്ന് സങ്കപ്പിച്ചിരിക്കില്ല പി ലീല. ``ഗുരുവായൂരപ്പനോടുള്ള അകമഴിഞ്ഞ ഭക്തി അന്നേയുണ്ട്. മഹത്തായ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിട്ടുള്ളത് എന്നും അറിയാം. പക്ഷേ മലയാളികളുടെ വരുംതലമുറകൾ ദിനംപ്രതിയെന്നോണം കേൾക്കാൻ പോകുന്ന ഒരു കൃതിക്കാണ് ശബ്ദം നൽകാൻ പോകുന്നത് എന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. പാടുമ്പോൾ തെറ്റിപ്പോകരുതേ എന്നൊരു പ്രാർത്ഥനയേ ഉണ്ടായിരുന്നു മനസ്സിൽ.'' --വർഷങ്ങൾക്കു ശേഷം ആ നിമിഷങ്ങൾ ഓർത്തെടുക്കേ ലീല പറഞ്ഞു. ``എന്നേക്കാൾ അച്ഛനായിരുന്നു ആകാംക്ഷയും പ്രതീക്ഷയും ആശങ്കയും . ഞാൻ പാടിത്തീരുവോളം വേവലാതിയോടെ പുറത്ത് കാത്തിരിക്കുകയായിരുന്നു അച്ഛൻ . എത്രയോ ദിവസങ്ങളായി ഉറങ്ങിയിട്ടു പോലുമുണ്ടായിരുന്നില്ല അദ്ദേഹം. ശ്ലോകങ്ങളിൽ ഏതെങ്കിലും ഭാഗത്ത് അർത്ഥഭംഗം ഉണ്ടാകുമോ ഉച്ചാരണപിഴവ് ഉണ്ടാകുമോ എന്നൊക്കെയായിരുന്നു അദ്ദേഹത്തിന് പേടി.'' നാരായണീയത്തിന് പിന്നാലെ അടുത്തൊരു ദിവസം തന്നെ ഹരിനാമകീർത്തനവും സ്വാമിയുടെ സംഗീതസംവിധാനത്തിൽ അതേ സ്റ്റുഡിയോയിൽ ലീലയുടെ സ്വരത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടു. അതുകഴിഞ്ഞ് ജയവിജയന്മാരുടെ ഈണത്തിൽ ജ്ഞാനപ്പാനയും.
രണ്ടു മാസത്തിനു ശേഷം, സെപ്തംബർ 22 ന് പുലർച്ചെ രണ്ടരക്ക് ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ ഉച്ചഭാഷിണിയിലൂടെ ലീലയുടെ ശബ്ദത്തിൽ ആ ശ്ലോകങ്ങൾ ആദ്യമായി ഭക്തഹൃദയങ്ങളിലേക്ക് ഒഴുകിയെത്തുന്നു. ഗുരുവായൂരിലെ അന്തരീക്ഷത്തിൽ, ഉച്ഛ്വാസ നിശ്വാസങ്ങളിൽ പോലും ആത്മീയതേജസ്സാർന്ന ആ ശബ്ദമുണ്ട്. അര നൂറ്റാണ്ടിനിടെ ഋതുക്കളും ഭക്തരുടെ തലമുറകളും മാറിമാറി വന്നിരിക്കാം. ശ്രീകോവിൽ ചുമരുകൾ സ്വർണ്ണവർണ്ണാഞ്ചിതമായിരിക്കാം. ക്ഷേത്രവരുമാനം കോടികളായി വളർന്നിരിക്കാം. ആചാരങ്ങളും വഴിപാടുകളും പൂജാവിധികളുമെല്ലാം അടിമുടി പരിഷ്കരിക്കപ്പെട്ടിരിക്കാം. പക്ഷേ ലീലയ്ക്ക് മാത്രം മാറ്റമില്ല. പതിറ്റാണ്ടുകളായി കണ്ണനെ പാടിയുണർത്തുന്ന ആ ശബ്ദത്തിനും. 78 ആർ പി എം ഗ്രാമഫോൺ ഡിസ്കിലൂടെ ഒഴുകിയെത്തിയിരുന്ന നാദം ഇന്ന് മൊബൈലിലും വിരൽത്തുമ്പിലുമെത്തിനിൽക്കുന്നു എന്നൊരു വ്യത്യാസം മാത്രം.

നന്ദി പറയേണ്ടത് സാക്ഷാൽ ഗുരുവായൂരപ്പനോടാണ് ; പിന്നെ ആലപ്പുഴ മുല്ലക്കൽ സ്വദേശിയായ എസ് പി നായരോടും. ക്ഷേത്രാന്തരീക്ഷം കൂടുതൽ ഭക്തിമയവും സംഗീതസാന്ദ്രവുമാക്കാൻ വേണ്ടി നാരായണീയം ഉൾപ്പെടെയുള്ള ശ്ലോകങ്ങൾ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുക എന്ന ആശയം 1961 മാർച്ചിൽ ആദ്യമായി മുന്നോട്ടുവെച്ചത് ഗുരുവായൂരിൽ ഗണേഷ് പ്രസ്സ് നടത്തിയിരുന്ന ഈ ഭക്തനാണെന്ന് രേഖകൾ സൂചിപ്പിക്കുന്നു. വെറുമൊരു കച്ചവടക്കാരൻ മാത്രമായിരുന്നില്ല എസ് പി നായർ. അറിയപ്പെടുന്ന പത്രപ്രവർത്തകനായിരുന്നു; നല്ലൊരു സംഗീതാസ്വാദകനും. ദേവസ്വത്തിന്റെ കൃഷ്ണനാട്ടം സൂപ്രണ്ട് എ സി ഗോദവർമ്മ രാജയുടെ ശക്തമായ പിന്തുണയോടെ നായർ തന്റെ നിർദേശം സാമൂതിരി രാജാവിന് സമർപ്പിക്കുന്നു. ദേവസ്വം മാനേജിംഗ് ട്രസ്റ്റി കൂടിയായിരുന്ന സാമൂതിരി രാജാവിനാണ് ക്ഷേത്രഭരണത്തിന്റെ ചുമതല. എങ്കിലും ഇത്തരമൊരു നീക്കത്തിന് തത്വത്തിൽ അനുമതി നൽകേണ്ടത് തിരുവനന്തപുരത്തെ ഹിന്ദുമത ധർമ്മ സ്ഥാപന വകുപ്പ് കമ്മീഷണറാണ്. അതിനും അധികം കാത്തുനിൽക്കേണ്ടി വന്നില്ല. ക്ഷേത്രത്തിൽ നിന്ന് നാരായണീയവും ഹരിനാമകീർത്തനവും ജ്ഞാനപ്പാനയും പ്രക്ഷേപണം ചെയ്യാൻ അനുമതി നൽകിക്കൊണ്ട് അന്നത്തെ ദേവസ്വം മാനേജർ എം കെ രാജയുടെ അറിയിപ്പു വന്നത് 1961 മാർച്ച് 10 ന്.

ഇനി ഈ കൃതികൾ എല്ലാം ഗ്രാമഫോൺ റെക്കോർഡുകളായി പുറത്തിറക്കണം. സാമൂതിരി രാജാവിന്റെ നോമിനി എന്ന നിലക്ക് എസ് പി നായർക്കായിരുന്നു ചെന്നൈയിൽ ചെന്ന് സംഗീതജ്ഞരെ നേരിട്ട് കാണാനും റെക്കോഡിംഗ് നടപടികളുടെ മേൽനോട്ടം വഹിക്കാനുമുള്ള ചുമതല. സംഗീതകലാനിധി എം എസ് സുബ്ബുലക്ഷ്മിയെ കൊണ്ട് തന്നെ ശ്ലോകങ്ങൾ പാടി റെക്കോഡ് ചെയ്യിക്കണം എന്നായിരുന്നു പ്രധാന നിർദേശങ്ങളിൽ ഒന്ന്. സുബ്ബുലക്ഷ്മി ഒഴിഞ്ഞുമാറുകയാണെങ്കിൽ മാത്രം മറ്റു സംഗീതജ്ഞരെ സമീപിക്കാം. തെന്നിന്ത്യൻ സംഗീത ലോകത്ത് സുവർണ്ണ താരമായി തിളങ്ങിനിൽക്കുകയായിരുന്നു അക്കാലത്ത് എം എസ് എന്നോർക്കുക.

നിർഭാഗ്യവശാൽ സുബ്ബുലക്ഷ്മി ആ സമയത്ത് സ്ഥലത്തില്ല; ഉത്തരേന്ത്യൻ പര്യടനത്തിലാണ്. ഇരുപതു ദിവസം കഴിഞ്ഞേ തിരികെ എത്തൂ. രണ്ടു പോംവഴികൾ ഉണ്ടായിരുന്നു പ്രതിനിധി സംഘത്തിന് മുന്നിൽ. ഒന്നുകിൽ എം എസ് വരുന്നത് വരെ കാത്തുനിൽക്കുക. ഇല്ലെങ്കിൽ എം എൽ വസന്തകുമാരി, ഡി കെ പട്ടമ്മാൾ തുടങ്ങിയ പ്രമുഖരിൽ ആരെയെങ്കിലും കൊണ്ട് ശ്ലോകങ്ങൾ റെക്കോഡ് ചെയ്യിക്കുക. പക്ഷേ എസ് പി നായർ മുന്നോട്ടു വെച്ചത് മറ്റൊരു നിർദേശമാണ്. മലയാളത്തിന്റെ പ്രിയഗായിക പി ലീല ഉള്ളപ്പോൾ എന്തിന് മറുഭാഷാ ഗായികമാരെ തേടിപ്പോകണം? സിനിമയിൽ മാത്രമല്ല കച്ചേരി വേദികളിലും പ്രതിഭ തെളിയിച്ച ലീലക്ക് ഗുരുവായൂരപ്പനോടുള്ള ഭക്തിയുടെ ആഴം ആരെയും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല.

മലയാളഭാഷയിലുള്ള ശ്ലോകങ്ങളുടെ ആലാപനത്തിൽ ഉച്ചാരണശുദ്ധി ഒരു പ്രധാന ഘടകമായതിനാൽ ലീല തന്നെ പാടുന്നതായിരിക്കും ഉത്തമം എന്ന നായരുടെ വാദത്തിൽ കഴമ്പുണ്ടല്ലോ എന്ന് തോന്നിയിരിക്കണം ദേവസ്വത്തിന്. ``ഗുരുവായൂരപ്പന്റെ നിശ്ചയം തന്നെയായിരിക്കണം അത്. അല്ലെങ്കിൽ ഇത്രയും മഹാപ്രതിഭകളായ പാട്ടുകാരുണ്ടായിട്ടും ആ ഭാഗ്യം എന്നെ തേടിയെത്തില്ലല്ലോ..'' കാലം തനിക്കു വേണ്ടി കരുതിവെച്ച ആ നിയോഗത്തെ കുറിച്ച് പിന്നീടൊരിക്കൽ ലീല പറഞ്ഞു. മേൽപ്പുത്തൂരിന്റെയും പൂന്താനത്തിന്റെയും തുഞ്ചത്താചാര്യന്റെയും അതുല്യ രചനകൾ ആലപിക്കാൻ മകളെ തിരഞ്ഞെടുത്ത കാര്യം പി ലീലയുടെ പിതാവ് കുഞ്ഞൻ മേനോനെ നേരിട്ട് ചെന്നുകണ്ടു അറിയിച്ചതും എസ് പി നായർ തന്നെ. അച്ഛന്റെ അനുമതിയില്ലാതെ ലീല ഒരു സംഗീതദൗത്യവും ഏറ്റെടുക്കാറില്ല . ``ആയുഷ്കാലത്തിൽ ഒരിക്കൽ മാത്രം ഒരു ഗായികയ്ക്ക് ലഭിക്കാവുന്ന ഭാഗ്യമാണ് നിനക്ക് കൈവന്നിരിക്കുന്നത്. ഇരു കൈകളും നീട്ടി സ്വീകരിക്കുക.'' കുഞ്ഞൻ മേനോൻ മകളോട് പറഞ്ഞു.

ശ്ലോകങ്ങൾ പാടാനുള്ള ദൗത്യം ഏറ്റെടുത്തതിനു തൊട്ടു പിന്നാലെ അച്ഛന്റെ നിർദേശപ്രകാരം ഡോ എസ് കെ നായർ, ഡോ കുഞ്ചുണ്ണി രാജ എന്നിവരുടെ ശിഷ്യത്വം സ്വീകരിക്കുക കൂടി ചെയ്തു ലീല. നാരായണീയ ശ്ലോകങ്ങളുടെ വ്യാഖ്യാനവും അർത്ഥവും ആഴത്തിൽ ഹൃദിസ്ഥമാക്കിയത് ഈ സംസ്കൃത പണ്ഡിതരിൽ നിന്നാണ്. ഉച്ചാരണ ശുദ്ധിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടായിരുന്നു പരിശീലനം. വാക്കുകൾ കൂട്ടിച്ചൊല്ലേണ്ടത് എവിടെ, മുറിച്ചു ചൊല്ലേണ്ടത് എവിടെ എന്നൊക്കെ ഈ ഗുരുക്കളിൽ നിന്ന് ശ്രദ്ധാപൂർവം മനസ്സിലാക്കി ലീല.

നാരായണീയത്തിന്റെയും ഹരിനാമകീർത്തനത്തിന്റെയും സംഗീത സംവിധാനം ദക്ഷിണാമൂർത്തിയെ ഏൽപ്പിക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു. മറ്റൊരു പേരും പരിഗണനയിൽ വന്നില്ല എന്നതാണ് സത്യം. ഗാനങ്ങളുടെ റെക്കോഡിംഗ് ഉൾപ്പെടെയുള്ള എല്ലാ ചുമതലകളും സസന്തോഷം ഏറ്റെടുത്തുകൊണ്ട് മാർച്ച് 14 ന് ഹിന്ദു ധർമ്മ സ്ഥാപന വകുപ്പ് കമ്മീഷണർക്ക് അയച്ച കത്തിൽ സ്വാമി ഇങ്ങനെ എഴുതി: ``കമ്പോസിംഗിനും ഓർക്കസ്ട്രക്കും റെക്കോഡിംഗിനും കൂടി ഏകദേശം ആയിരം രൂപയിൽ താഴെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പത്തു ഡിസ്‌ക്കുകൾ വേണ്ടിവരും ശ്ലോകങ്ങളുടെ ശബ്ദലേഖനത്തിന്.''

മഹത്തായ ഒരു ദൗത്യം ഏറ്റെടുക്കുന്നതിന്റെ ആവേശവും ആഹ്ലാദവും നിറഞ്ഞു തുളുമ്പിയിരുന്നു ആ കത്തിലെ ഓരോ വാക്കിലും. വർഷങ്ങൾക്കു ശേഷമുള്ള ഒരു കൂടിക്കാഴ്ചയിൽ അന്നത്തെ അനുഭവം സ്വാമി ഓർത്തെടുത്തത് ഇങ്ങനെ: ``ദേവസ്വത്തിന്റെ ആളുകൾ കാര്യം വന്നു പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ദിവസവും ഗുരുവായൂരപ്പനെ പള്ളിയുണർത്തേണ്ട ശ്ലോകങ്ങൾ ചിട്ടപ്പെടുത്താൻ എനിക്കെന്തു യോഗ്യത എന്നായിരുന്നു എന്റെ മറുചോദ്യം. പക്ഷേ അവരെന്തോ നിശ്ചയിച്ചുറച്ച പോലെയാണ് സംസാരിച്ചത്. സ്വാമിക്ക് ഇഷ്ടമുള്ള രീതിയിൽ ഈണം കൊടുക്കാം. അധികം ആർഭാടമൊന്നും വേണ്ട. ശ്ലോകങ്ങൾ ആയതിനാൽ ആർക്കും ഏറ്റുചൊല്ലാൻ കഴിയുന്ന രീതിയിലാവണം ഈണം. -- ഇത്ര മാത്രമേ അവർക്ക് പറയാനുണ്ടായിരുന്നുള്ളൂ. മനസ്സുകൊണ്ട് ഭഗവാനെ സ്തുതിച്ചു നിശബ്ദനായി നിന്നു ഞാൻ.''

ദക്ഷിണാമൂർത്തി തന്നെയാവണം നാരായണീയത്തിന്റെ സംഗീത സംവിധായകൻ എന്നത് ലീലയുടെ കൂടി ആഗ്രഹമായിരുന്നു. സ്വാമിയുമായുള്ള ആത്മബന്ധത്തിന് ലീലയുടെ ആദ്യ ചെന്നൈ യാത്രയോളം പഴക്കമുണ്ട്. എട്ടു വർഷത്തോളം ലീലയെ സംഗീതം അഭ്യസിപ്പിച്ചു സ്വാമി. മാത്രമല്ല ലീലയുടെ ശുപാർശയിലാണ് നല്ലതങ്ക (1950) എന്ന സിനിമയുടെ സംഗീത സംവിധായകരിൽ ഒരാളായി ദക്ഷിണാമൂർത്തിയെ നിർമാതാക്കളായ കെ വി കോശിയും കുഞ്ചാക്കോയും ചേർന്ന് നിശ്ചയിച്ചതും. സിനിമയിൽ സ്വാമിയുടെ ആദ്യ ഗാനത്തിന് ശബ്ദം പകരാൻ ഭാഗ്യമുണ്ടായതും ലീലക്കു തന്നെ - ശംഭോ ഞാൻ കാണ്മതെന്താണിദം. മലയാള സിനിമയിൽ ലീലയുടെ സംഗീത ജൈത്രയാത്ര രൂപപ്പെടുത്തിയതിൽ സ്വാമിയുടെ ഈണങ്ങൾക്കുമുണ്ട് നിർണ്ണായക പങ്ക്. 1950 കളിലും 60 കളിലുമായി ഈ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളുടെ നിരയിലേക്കൊന്നു കണ്ണോടിക്കുക: പ്രിയമാനസാ നീ വാ, കണ്ണനെ കണ്ടേൻ സഖീ (ചിലമ്പൊലി), കനിവോലും കമനീയ ഹൃദയം, കണ്ണും പൂട്ടി ഉറങ്ങുക നീയെൻ (സ്നേഹസീമ), കന്യാമറിയമേ തായേ (ജ്ഞാനസുന്ദരി), വിണ്ണിലുള്ള താരകമേ (ഉമ്മിണിത്തങ്ക), വാടരുതീ മലരിനി (സത്യഭാമ), നീലവിരിയിട്ട നീരാള മെത്തയിൽ (ദേവലോകം), ദേവീ ശ്രീദേവി, സ്വപ്‌നങ്ങൾ സ്വപ്നങ്ങളെ (കാവ്യമേള), ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം (ഭാര്യമാർ സൂക്ഷിക്കുക), തമസാ നദിയുടെ (ഡേഞ്ചർ ബിസ്കറ്റ്)...എല്ലാം പകരം വെക്കാനില്ലാത്ത സുന്ദര ഗാനങ്ങൾ. ശാസ്ത്രീയ ജ്ഞാനത്തിൽ സ്ഫുടപ്പെടുത്തിയെടുത്ത ലീലയുടെശബ്ദത്തിന്റെ സാധ്യതകളും പരിമിതികളും ദക്ഷിണാമൂർത്തിയോളം പരീക്ഷിച്ചറിഞ്ഞ സംഗീത സംവിധായകർ അധികമുണ്ടാവില്ല.

``സ്വാമിയുടെ ആലാപനത്തിലെ ഭാവമാധുര്യം അതേ പടി നമ്മുടെ പാട്ടിൽ പകർത്തുക എളുപ്പമല്ല. ആ മാധുര്യത്തിന്റെ പകുതിയെങ്കിലും ഉൾക്കൊള്ളാൻ കഴിഞ്ഞാൽ നമ്മുടെ ദൗത്യം വിജയിച്ചു എന്നർത്ഥം.''-- പ്രിയ സംഗീത സംവിധായകനെ കുറിച്ച് ലീലയുടെ ഈ നിരീക്ഷണം ലളിതമെങ്കിലും സുചിന്തിതം..

റെക്കോഡിംഗ് ദിവസം അടുക്കും തോറും മാനസികസമ്മർദ്ദവും കൂടിവന്നു ലീലക്ക്. ``അക്കാലത്ത് റിഹേഴ്‌സലിനായി ദിവസവും എന്റെ വീട്ടിൽ വരും ലീല.'' -- ദക്ഷിണാമൂർത്തിയുടെ വാക്കുകൾ. ``രണ്ടാഴ്ചയോളം തുടർച്ചയായി റിഹേഴ്‌സ് ചെയ്തു എന്നാണ് ഓർമ്മ. അതിനു വേണ്ടി സിനിമാ പാട്ടുകളുടെ റെക്കോഡിംഗ് വരെ മാറ്റിവെച്ചു ലീല. എത്ര തവണ പാടിയാലും അവർക്ക് തൃപ്തി വരില്ല. ചില ഭാഗങ്ങൾ ആവർത്തിച്ചു പാടും. സ്വന്തം ജീവിതാനുഭവങ്ങളുമായി സാമ്യമുള്ള വരികൾ വരുമ്പോൾ കണ്ണു നിറയും. ആ ശ്ലോകങ്ങളിൽ അത്രയേറെ അലിഞ്ഞുചേർന്നിരിക്കണം അവർ.'' റെക്കോഡിംഗിന് മുൻപ് ഗുരുവായൂരപ്പന്റെ അനുഗ്രഹം വാങ്ങണമെന്നത് ലീലയ്ക്കു നിർബന്ധമുള്ള കാര്യമായിരുന്നു. അച്ഛനോടൊപ്പം അമ്പലത്തിലെത്തിയ ഗായിക സന്ധ്യാനേരത്ത് ദീപാരാധനയ്ക്കു ശേഷം ആഞ്ഞം മാധവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഊട്ടുപുരയിൽ നടന്ന നാമജപ യജ്ഞത്തിൽ പങ്കെടുത്തു. ആഞ്ഞം തിരുമേനി എഴുതിയ തിരുനാമഗാനം പാടി ഭഗവാന് സമർപ്പിച്ചതും അവിടെ വെച്ചു തന്നെ. ഭക്തർക്കിടയിൽ അഗസ്ത്യമുനി എന്നറിയപ്പെട്ടിരുന്ന ഭദ്രകുലമന പരമേശ്വരൻ എമ്പ്രാന്തിരിയിൽ നിന്നാണ് അച്ഛനും മകളും പിന്നീട് അനുഗ്രഹം വാങ്ങിയത്. ഗുരുവായൂരപ്പ ഭക്തരിൽ പ്രമുഖനായിരുന്ന എമ്പ്രാന്തിരി പ്രസാദമായി നൽകിയ കളഭവും പഞ്ചസാര നൈവേദ്യവും മാലയും സ്വീകരിച്ച് ഇരുവരും ചെന്നൈയിലേക്ക് വണ്ടി കയറുന്നു. ഏകാഗ്രമായ ഒരു തപസ്യ അതിന്റെ പൂർണ്ണതയിൽ എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. 1961 ജൂലൈ ആദ്യവാരത്തിലാണ് എ വി എം സ്റ്റുഡിയോയിൽ നാരായണീയത്തിന്റെ മൂന്നു ദശകങ്ങൾ റെക്കോഡ് ചെയ്യപ്പെട്ടത്. തുടർന്ന് ഹരിനാമകീർത്തനത്തിന്റെ റിഹേഴ്‌സലും ശബ്ദലേഖനവും. ജൂലൈ ഇരുപത്തിരണ്ടാം തീയതിയോടെ രണ്ടു വിഖ്യാത കൃതികളുടെയും റെക്കോഡിംഗ് പൂർത്തിയാകുന്നു.

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ലീല പറന്നു നടന്നു പാടുന്ന കാലമാണ്. ഗാനമേളകളുടെ ബാഹുല്യം വേറെ. ശ്വാസം മുട്ടിക്കുന്ന ഈ തിരക്കിനിടയിലാണ് നാരായണീയവും ഹരിനാമകീർത്തനവും ലീല പാടിത്തീർത്തത്. മറ്റെല്ലാ ദൗത്യങ്ങളും ഭഗവാന് വേണ്ടി മാറ്റിവെക്കുകയായിരുന്നു ലീല. മാത്രമല്ല മഹത്തായ ആ കർമ്മത്തിന്റെ പേരിൽ നയാ പൈസ പോലും പ്രതിഫലമായി സ്വീകരിക്കില്ല എന്നും തീരുമാനിച്ചുറച്ചിരുന്നു അവർ. ``ഗുരുവായൂരപ്പനുള്ള എന്റെ നിവേദ്യമാണ് ഈ ഗാനാർച്ചന. അതിന് പ്രതിഫലം സ്വീകരിക്കുന്നത് തെറ്റാണ്'' -- ലീലയുടെ നിലപാട് വ്യക്തവും സുചിന്തിതവുമായിരുന്നു. പക്ഷേ ദേവസ്വത്തിന്റെ നിർദേശ പ്രകാരം ഏറ്റെടുത്ത ചുമതലയായതിനാൽ ആർട്ടിസ്റ്റിന് പ്രതിഫലം നൽകിയേ പറ്റൂ. അതാണ് കീഴ് വഴക്കം. ആയിരം രൂപയുടെ ഓണറേറിയം ഗുരുവായൂരപ്പന്റെ പ്രസാദമായി സ്വീകരിക്കാൻ ലീല സമ്മതിക്കുന്നത് അങ്ങനെയാണ്. സ്വീകരിച്ചയുടൻ ആ തുക ഭണ്ഡാരത്തിൽ നിക്ഷേപിക്കാനും മറന്നില്ല അവർ.

1961 സെപ്തംബർ 21 ന് (മുപ്പട്ട് വ്യാഴാഴ്ചയായിരുന്നു അന്ന്) നാരായണീയത്തിന്റെയും ഹരിനാമകീർത്തനത്തിന്റെയും ഗ്രാമഫോൺ റെക്കോഡുകൾ ഔപചാരികമായി പ്രകാശനം ചെയ്യപ്പെടുന്നു. ക്ഷേത്ര സന്നിധിയിൽ നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ സാഹിത്യ രംഗത്തെ അതികായനായ പുത്തേഴത്ത് രാമൻ മേനോന് ആദ്യ റെക്കോഡ് കൈമാറിക്കൊണ്ട് കൊച്ചി മഹാരാജാവാണ് പ്രകാശനകർമ്മം നിർവഹിച്ചത്. പിറ്റേന്ന് പുലർച്ചെ ക്ഷേത്രത്തിന്റെ ചുറ്റിലുമുള്ള ഉച്ചഭാഷിണികളിലൂടെ ചരിത്രത്തിലാദ്യമായി നാരായണീയവും ഹരിനാമകീർത്തനവും ലീലയുടെ ശബ്ദത്തിൽ അന്തരീക്ഷത്തിലേക്ക് ഒഴുകിയെത്തുന്നു. ഓം നമോ നാരായണായ എന്ന മന്ത്രോച്ചാരണത്തോടെ ദക്ഷിണാമൂർത്തിയും ചേരുന്നുണ്ട് ഈ നാമജപത്തിൽ ലീലയോടൊപ്പം.



തുടക്കത്തിൽ ദേവസ്വം സത്രത്തിൽ നിന്നാണ് റെക്കോഡുകൾ പ്രക്ഷേപണം ചെയ്തിരുന്നത്. പിന്നീടത് അമ്പലത്തിനകത്തെ ഊട്ടുപുരക്കടുത്തുള്ള ഓഫീസിൽ നിന്നായി. എച്ച് എം വിയുടെ 78 ആർ പി എം ഗ്രാമഫോൺ റെക്കോർഡിൽ നിന്ന് ഒഴുകിയെത്തിയ ശ്ലോകങ്ങളാണ് ഭക്തർ ആദ്യം കേട്ടത്. സാങ്കേതിക പുരോഗതിക്കനുസരിച്ചു മ്യൂസിക് സിസ്റ്റങ്ങളും മാറി. ഗ്രാമഫോൺ പോയി ഓഡിയോ കാസറ്റും കാസറ്റിനു പകരം സി ഡിയും എം പി ത്രീയും അതുകഴിഞ്ഞു പെൻ ഡ്രൈവും എത്തി. എല്ലാ സാങ്കേതിക വളർച്ചയ്ക്കും പശ്ചാത്തലസംഗീതമായി ലീലയുടെ ശബ്ദമുണ്ട്; കാലത്തിന് തൊടാൻ പോലുമാകാതെ. ലീലയുടെ നാരായണീയമോ ഹരിനാമകീർത്തനമോ ജ്ഞാനപ്പനയോ മുഴങ്ങിക്കേൾക്കാത്ത അമ്പലങ്ങൾ കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം. സാധാരണക്കാരും അല്ലാത്തവരും മ്യൂസിക് ഷോപ്പുകളിൽ ചെന്നന്വേഷിക്കുക മേൽപ്പുത്തൂരിന്റെ നാരായണീയമുണ്ടോ പൂന്താനത്തിന്റെ ജ്ഞാനപ്പാനയുണ്ടോ എന്നല്ല, പി ലീലയുടെ നാരായണീയവും ജ്ഞാനപ്പാനയും ഉണ്ടോ എന്നാണ്. ഒരു ഗായികയുടെ ജന്മം സഫലമാകാൻ ഇതിൽപ്പരം എന്ത് വേണം.

ജീവിതം ഭക്തിക്കും സംഗീതത്തിനുമായി സമർപ്പിച്ച ലീലയെ ഇന്ന് നമ്മിലെത്ര പേർ ഓർക്കുന്നു? ജീവിച്ചിരുന്ന കാലത്ത് അധികം `ഔദ്യോഗിക' ബഹുമതികളൊന്നും തേടിവന്നില്ല അവരെ. മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഈ ഗായികയെ പദ്മ അവാർഡിന് ശുപാർശ ചെയ്യാൻ പോലും മടിച്ചു കേരള സർക്കാർ. ഒടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉത്സാഹത്തിൽ ലീലക്ക് കേന്ദ്രം പദ്മഭൂഷൺ പ്രഖ്യാപിച്ചപ്പോൾ അതേറ്റുവാങ്ങാൻ വിധി അവരെ അനുവദിച്ചതുമില്ല. മരണം അതിനുമുമ്പേ ലീലയെ കൂട്ടിക്കൊണ്ടുപോയിരുന്നു; 2005 ഒക്ടോബർ 31 ന്. ``ആരോടും മത്സരിക്കാൻ ഞാനില്ല. അർഹതപ്പെട്ടത്‌ നമ്മളെ തേടി വരും.''-- ലീല പതിവായി പറഞ്ഞുകേൾക്കാറുള്ള ആ വാക്കുകളിൽ അവരുടെ ഹൃദയനൈർമ്മല്യം മുഴുവൻ ഉണ്ടായിരുന്നു. ജ്ഞാനപ്പാനയിലെ വരികളാണ് ഓർമ്മ വന്നത്; ലീലയുടെ ശബ്ദത്തിൽ മലയാളിയുടെ ഹൃദയത്തെ വന്നു തൊട്ട വരികൾ:

``കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും,
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ?''

content highlights : P Leela narayaneeyam celebrates 60 years

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
youtube

3 min

പൊന്നിൻ വള കിലുക്കി നമ്മെ വിളിച്ചുണർത്തി വിസ്മയിപ്പിച്ച് കടന്നുകളഞ്ഞ പാട്ടുകാരൻ, സന്തോഷ് കേശവ്

Dec 3, 2021


Shabnam

5 min

വെണ്ണിലാ ചന്ദനക്കിണ്ണം; ഒരൊറ്റ പാട്ടിലൂടെ ഹൃദയം കവർന്ന ഗായിക, ശബ്നം

Jul 21, 2021


g venugopal

3 min

സ്റ്റുഡിയോയിലെത്തിയ ആ 13 വയസ്സുകാരന്റെ മുന്നിലേക്ക് സുന്ദരിയായ ആ പിന്നണി ഗായിക എത്തി

Jun 7, 2020

Most Commented