ഒ.എൻ.വി എഴുതി, സേഥ് ഹൃദയം പകർന്നു; ഒളിച്ചിരിക്കാൻ വള്ളിക്കുടിൽ പിറന്നു


രവിമേനോൻ

വരികളുടെ അർത്ഥം  കവിയിൽ നിന്ന്  ഗൗരവപൂർവ്വം  ഗ്രഹിച്ച ശേഷം സമീപത്തുള്ള ഒരു മുറിയുടെ ഏകാന്ത നിശബ്ദതയിലേക്ക് ഉൾവലിയുന്നു സേഥ്. കൂട്ടിന്‌ സന്തതസഹചാരിയായ ഹാർമോണിയം മാത്രം.  

ONV, Raghunath Seth

ഒ എൻ വിയുടെ ഓർമ്മകൾക്ക് നവതി പ്രണാമം

സലിൽ ചൗധരിയും ബോംബെ രവിയുമാണ് ഒ.എൻ.വിയുടെ വരികളിൽ നിന്ന് ഏറ്റവുമധികം മലയാള ഗാനങ്ങൾ സൃഷ്ടിച്ച ഉത്തരേന്ത്യൻ സംഗീതസംവിധായകർ. എങ്കിലും ഒരൊറ്റ പടം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറിയ രഘുനാഥ് സേഥിനെ എങ്ങനെ മറക്കാൻ? വിഖ്യാത പുല്ലാങ്കുഴൽ കലാകാരനായ സേഥിനെ മലയാളത്തിൽ അവതരിപ്പിച്ചത് ആരണ്യകത്തിലൂടെ ഹരിഹരനാണ്.
സിനിമയ്ക്ക് വേണ്ടി ഒന്നിക്കും മുൻപേ സേഥിനെ കുറിച്ച് ധാരാളം കേട്ടിരുന്നു ഒ.എൻ.വി.``സ്പിക് മക്കേ തിരുവനന്തപുരത്തു സംഘടിപ്പിച്ച സേഥിന്റെ ബാംസുരി കച്ചേരി ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു. നാട്യങ്ങളില്ലാത്ത, സൗമ്യനായ ഒരു കലാകാരൻ. ''

ചെന്നൈയിൽ വച്ചായിരുന്നു ``ആരണ്യക''ത്തിലെ പാട്ടുകളുടെ റെക്കോർഡിംഗ്. മലയാളസിനിമയുമായി അതുവരെ ബന്ധപ്പെട്ടിട്ടില്ല സേഥ്. മറുനാടൻ സംഗീതസംവിധായകരുടെ പതിവുമാതൃക പിന്തുടർന്ന്, ആദ്യം ഈണമിട്ട് വരികളെഴുതിക്കുന്ന രീതിയാവും സേഥും പിന്തുടരുക എന്ന് ഒ എൻ വി പ്രതീക്ഷിച്ചുപോയത് സ്വാഭാവികം. എന്നാൽ കവിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് സേഥ് പ്രഖ്യാപിക്കുന്നു: ``അങ്ങ് കവിത എഴുതിത്തരൂ. ഞാൻ ഈണമിടട്ടെ.''

വളരെ കുറച്ചു സിനിമകൾക്കേ രഘുനാഥ് സേഥ് സംഗീതം നൽകിയിട്ടുള്ളൂ. അധികവും ഹിന്ദിയിൽ. കൈഫി ആസ്മിയുടെയും പണ്ഡിറ്റ് നരേന്ദ്ര ശർമ്മയുടേയും ഗുൽസാറിന്റെയുമൊക്കെ രചനകൾ അവയുടെ ആത്മാവറിഞ്ഞു ചിട്ടപ്പെടുത്തിയ ആൾക്ക് ഈണത്തിന്റെ ചട്ടക്കൂടിൽ കവിതയെ തിരുകിക്കയറ്റുന്നതിനോട് തെല്ലും യോജിപ്പുണ്ടായിരുന്നില്ല എന്ന് വിസ്മയത്തോടെ ഒ എൻ വി തിരിച്ചറിഞ്ഞത് അന്നാണ്; സേഥിന്റെ ഉള്ളിൽ നിശ്ശബ്ദനായ ഒരു കവി കൂടി ഉണ്ടെന്നും. വരികളുടെ അർത്ഥം ഒ എൻ വിയിൽ നിന്ന് ആദ്യം ചോദിച്ചു മനസ്സിലാക്കി അദ്ദേഹം. കവിയുടെ മനസ്സിലെ താളം മൂളിക്കേട്ടു.

``ഒരൊറ്റ മതമുണ്ടുലകിന്നുയിരാം'' എന്ന കവിതയുടെ വൃത്തത്തിനൊത്താണ് ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവെച്ചില്ലേ (ചിത്ര) എന്ന പാട്ട് എഴുതിയത്.''-- ഒ എൻ വിയുടെ വാക്കുകൾ. അതു കഴിഞ്ഞ് ആത്മാവിൽ മുട്ടിവിളിച്ചത് പോലെ, താരകളേ എന്നീ ഗാനങ്ങൾ. വരികളുടെ അർത്ഥം കവിയിൽ നിന്ന് ഗൗരവപൂർവ്വം ഗ്രഹിച്ച ശേഷം സമീപത്തുള്ള ഒരു മുറിയുടെ ഏകാന്ത നിശബ്ദതയിലേക്ക് ഉൾവലിയുന്നു സേഥ്. കൂട്ടിന് സന്തതസഹചാരിയായ ഹാർമോണിയം മാത്രം. ദീർഘമായ ഒരു `തപസ്സിനു' ശേഷം മുറിയ്ക്ക് പുറത്തുവന്നു താൻ ചിട്ടപ്പെടുത്തിയ പാട്ടുകൾ ഒന്നൊന്നായി ഒ എൻ വിയേയും ഹരിഹരനെയും പാടി കേൾപ്പിക്കുകയായിരുന്നു സേഥ്. `` ഒരു മലയാളി അല്ല ആ ഗാനങ്ങൾ സൃഷ്ടിച്ചതെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു..'' -- ഒ എൻ വി.

ഫിലിംസ് ഡിവിഷൻ ഡോക്യൂമെന്ററികളുടെ സംഗീത സംവിധായകനായാണ് പലർക്കും രഘുനാഥ് സേഥിനെ പരിചയം. രണ്ടായിരത്തോളം ഡോക്യൂമെന്ററികൾക്കും ടെലിവിഷൻ പരമ്പരകൾക്കും സംഗീതം പകർന്നിട്ടുണ്ട് അദ്ദേഹം.

ബാംസുരി ഇതിഹാസം പണ്ഡിറ്റ് പന്നലാൽ ഘോഷ് ആയിരുന്നു സേഥിന്റെ സംഗീത ഗുരു. സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനായി ശ്രദ്ധേയനായത് ``ഫിർ ഭീ'' (1971) യിലൂടെ. സേഥിന്റെ ഈണത്തിൽ ഹേമന്ദ് കുമാർ പാടിയ ``ഹം ചാഹേ യാ നാ ചാഹേ'' എന്ന അപൂർവ്വസുന്ദര ഗാനത്തിലൂടെയാണ് ഈ ചിത്രം ഓർമ്മിക്കപ്പെടുക. തുടർന്ന് ദാമുൽ, മൃത്യുദണ്ഡ് (പശ്ചാത്തലസംഗീതം), കിസ്സാ കുർസി കാ, യേ നസ്ദീകിയാ തുടങ്ങിയ ചിത്രങ്ങൾ. ഇവയെക്കാളൊക്കെ പ്രശസ്തമാണ് മ്യൂസിക് തെറാപ്പിയിലെ സേഥിന്റെ പരീക്ഷണങ്ങൾ. ``നിദ്ര'' എന്ന ആൽബത്തിലെ ``മ്യൂസിക് ടു ഹെൽപ്പ് യു സ്ലീപ്പ് '' ഓർക്കുക.

``ആരണ്യക''ത്തിന് ശേഷം സംവിധായകൻ ജയരാജിന്റെ നിർബന്ധത്തിന് വഴങ്ങി ഒ എൻ വി -- രഘുനാഥ് സേഥ് ടീം ഒരു ഗാനത്തിന് കൂടി വേണ്ടി ഒരുമിച്ചെങ്കിലും, ആ ഗാനം കേൾക്കാൻ മലയാളികൾക്ക് ഭാഗ്യമുണ്ടായില്ല. പടം വെളിച്ചം കാണാതെ പോയതാണ് കാരണം.

content highlights : ONV Kurup birthday Aranyakam movie Raghunath Seth ONV songs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented