വെള്ളയുടുപ്പിന്നുജാല തന്നെ; ഉജാലപ്പരസ്യത്തിലെ ഞരളത്ത്


രവിമേനോൻ

3 min read
Read later
Print
Share

റെക്കോർഡിംഗ് നീണ്ടുപോയപ്പോൾ വാര്യരെ അടുത്തു വിളിച്ചു അദ്ദേഹം പതുക്കെ പറഞ്ഞു: ``ഇതിപ്പോ എന്നെ കൊണ്ട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടായി ന്നാ തോന്നണേ. എന്നെ വിളിച്ചൂന്നു വെച്ചിട്ടു വെഷമം വേണ്ട. വേറെ ആരെയെങ്കിലും വിളിച്ചു ചെയ്യിച്ചോളൂ ട്ട്വോ. എനിക്ക് ഒരു വിരോധവും ഇല്ല്യ."

ഞരളത്ത് രാമപ്പൊതുവാൾ

റേഡിയോ ജിംഗിളിന്റെ സാധ്യതകൾ ഉജാലയെപ്പോലെ ഇത്ര വിദഗ്ദമായി പരസ്യങ്ങളിൽ പ്രയോജനപ്പെടുത്തിയ കേരളീയ ഉത്പന്നങ്ങൾ അപൂർവം. ``വെള്ളവസ്ത്രത്തിന്നുജാല നൽകിടുന്നോരാതിരാ തിങ്കളിൻ വെണ്മ പോലെ'' എന്ന് തുടങ്ങുന്ന ജിംഗിൾ ഓർക്കുക. 1980 കളിൽ കേരളത്തിലെ റേഡിയോ നിലയങ്ങൾ നിരന്തരം പ്രക്ഷേപണം ചെയ്തു ജനപ്രിയമാക്കിയ ഈ പരസ്യഗീതം രചിച്ചത് തൃശൂർക്കാരനായ കുട്ടിശങ്കരമേനോനും ചിട്ടപ്പെടുത്തിയത് പ്രശസ്ത ആയുർവേദ ഭിഷഗ്വരൻ കൂടിയായ ഗായകൻ ഡോ സുകുമാരവാര്യരും ആണെന്ന് എത്ര പേർക്കറിയാം?ട

മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിശ്ശങ്കര മേനോൻ കവിതാരചനയും നാടകമെഴുത്തും ഒക്കെയായി ചെറുപ്പം മുതലേ സാഹിത്യ രംഗത്തുണ്ട്. ഖാദി ബോർഡിലെ ഉദ്യോഗത്തിൽ നിന്നു വിരമിച്ച ശേഷമായിരുന്നു പരസ്യ മേഖലയിലേക്കുള്ള മേനോന്റെ ചുവടുവെപ്പ്‌. കുറച്ച് കാലം വാസു പ്രദീപിന്റെ പ്രദീപ്‌ ആർട്സുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ശേഷം അമ്പിളിക്കല എന്ന പേരിൽ സ്വന്തമായി ഒരു പരസ്യ ഏജൻസിക്ക് രൂപം നൽകി അദ്ദേഹം. ഉജാലയുടെ മലയാളിത്തം നിറഞ്ഞ പരസ്യങ്ങളുടെയെല്ലാം മുഖ്യ ശില്പി മേനോനായിരുന്നു.

``1981 ലോ 82 ലോ കോട്ടക്കൽ സർക്കാർ ഗസ്റ്റ് ഹൗസിൽ ഒരു നാടക റിഹേഴ്സൽ ക്യാംപിനിടെയാണ് മേനോനെ ആദ്യം കാണുന്നത്. ആ തിരക്കിനിടയിൽ ഏതാനും നിമിഷങ്ങൾക്കകം കുറിച്ച് തന്നതാണ് വെള്ള വസ്ത്രത്തിന്നുജാല എന്ന് തുടങ്ങുന്ന നാല് വരി പദ്യം. അവിടെ വച്ചു തന്നെ തന്നെ ഞാൻ അത് ചിട്ടപ്പെടുത്തുകയും ചെയ്തു. മച്ചാട്ട് വാസന്തിയുടെയും മറ്റും ശബ്ദത്തിൽ റേഡിയോയിൽ വന്നു തുടങ്ങിയതോടെ ആ പരസ്യത്തിനുണ്ടായ ജനപ്രീതി അത്ഭുതകരമായിരുന്നു. കേരളീയ കലാപാരമ്പര്യത്തിൽ അടിയുറച്ചു നിൽക്കുന്നതായിരിക്കണം ജിംഗിളിന്റെ വരികളും ഈണവും എന്ന കാര്യത്തിൽ എന്നും നിർബന്ധം പിടിച്ച ആളാണ്‌ മേനോൻ,'' -- തിരുവനന്തപുരത്തെ കോട്ടക്കൽ ആര്യവൈദ്യശാല ബ്രാഞ്ചിൽ ചീഫ് ഫിസിഷ്യൻ ആയ ഡോ സുകുമാരവാര്യർ പറയുന്നു. മലയാളിത്തം നിറഞ്ഞ പല പരസ്യങ്ങൾക്കും പിന്നിലെ അദൃശ്യസാന്നിധ്യമായിരുന്ന കുട്ടിശ്ശങ്കര മേനോൻ ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുൻപാണ് ഓർമയായത്.

ഉജാലയുടെ പരസ്യ സൃഷ്ടിയുമായി ബന്ധപ്പെട്ടു കൗതുകമുള്ള മറ്റൊരു ഓർമ കൂടി പങ്ക് വെക്കുന്നു സുകുമാര വാര്യർ‍. സോപാനസംഗീതാചാര്യൻ ഞരളത്ത് രാമപ്പൊതുവാൾ ജീവിതത്തിൽ ആദ്യമായി ഒരു പരസ്യ ജിംഗിളിന്റെ പശ്ചാത്തലത്തിൽ ഇടയ്ക്ക വായിക്കാൻ എത്തിയ കഥ. കുമ്മിയുടെ മാതൃകയിൽ വാര്യർ ചിട്ടപ്പെടുത്തിയ ``തൂവെള്ള പൂക്കൾ തൻ പുഞ്ചിരി പോൽ വെള്ളയുടുപ്പിന്നുജാല തന്നെ'' എന്ന ജിംഗിളിൻറെ പശ്ചാത്തലത്തിൽ ഇടയ്ക്കയുടെ നാദം നന്നായിരിക്കും എന്ന ആശയം കുട്ടിശ്ശങ്കരമേനോന്റെതായിരുന്നു.

``കുട്ടിക്കാലം മുതലേ ഞരളത്തിനെ അറിയാം എനിക്ക്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. കോട്ടക്കൽ വന്നാൽ കൈലാസ മന്ദിരത്തിലെ ബാച്ചിലേഴ്സ് ക്വാർട്ടേഴ്സിൽ എൻറെ ഒപ്പമാണ് താമസിക്കുക. പാട്ടും നേരമ്പോക്കുകളും ഇടയ്ക്ക വായിക്കലും ഒക്കെ ചേർന്നു അവിസ്മരണീയമാക്കിയ രാത്രികൾ. സഹോദര നിർവിശേഷമായ വാത്സല്യമായിരുന്നു എന്നോട് അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ തെല്ല് സങ്കോചത്തോടെയാണ് പരസ്യത്തിനു അകമ്പടി സേവിക്കാൻ വിരോധമുണ്ടോ എന്ന് ആരാഞ്ഞത്. പക്ഷെ പൂർണ മനസ്സോടെയായിരുന്നു ഞരളത്തിന്റെ പ്രതികരണം,'' സുകുമാര വാര്യർ ഓർക്കുന്നു .

കോഴിക്കോട്ട് കല്ലായി റോഡിൽ അന്നുണ്ടായിരുന്ന ബാലന്റെ സ്റ്റുഡിയോയിൽ ഇടയ്ക്കയുമായി കാലത്തേ ഹാജരായ ഞരളത്തിന്റെ ചിത്രം വാര്യർ മറന്നിട്ടില്ല. വന്നത് ഷർട്ടും മുണ്ടും അണിഞ്ഞാണെങ്കിലും സ്റ്റുഡിയോവിൽ പ്രവേശിച്ചു ഇടയ്ക്ക ചുമലിൽ തൂക്കിയതോടെ ഷർട്ട്‌ അപ്രത്യക്ഷമായി. അതുവരെ ചെയ്തു പരിചയിച്ചിട്ടില്ലാത്ത ഒരു പ്രവൃത്തി ചെയ്യുന്നതിന്റെ പരിഭ്രമം അദ്ദേഹത്തിന്റെ മുഖത്ത് വേണ്ടുവോളം ഉണ്ടായിരുന്നു. റെക്കോർഡിംഗിൻറെ രീതികളുമായി പൊരുത്തപ്പെടാൻ ഏറെ പ്രയാസപ്പെട്ടു അദ്ദേഹം. സ്റ്റാർട്ട്‌ പറയുമ്പോൾ വായന തുടങ്ങുക, സ്റ്റോപ്പ്‌ പറയുമ്പോൾ സ്വിച്ചിട്ട പോലെ നിർത്തുക, ക്ലിപ്ത സമയത്തിനുള്ളിൽ കൃത്യമായ ടെമ്പോ പിന്തുടർന്ന് വായിക്കുക -- മനോധർമ പ്രകടനത്തിന്റെ ആശാൻ ആയിരുന്ന ഞരളത്തിനു പൊരുത്തപ്പെടാൻ കഴിയുന്ന കാര്യങ്ങളായിരുന്നില്ല ഇതൊന്നും.

റെക്കോർഡിംഗ് നീണ്ടുപോയപ്പോൾ വാര്യരെ അടുത്തു വിളിച്ചു അദ്ദേഹം പതുക്കെ പറഞ്ഞു: ``ഇതിപ്പോ എന്നെ കൊണ്ട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടായി ന്നാ തോന്നണേ. എന്നെ വിളിച്ചൂന്നു വെച്ചിട്ടു വെഷമം വേണ്ട. വേറെ ആരെയെങ്കിലും വിളിച്ചു ചെയ്യിച്ചോളൂ ട്ട്വോ. എനിക്ക് ഒരു വിരോധവും ഇല്ല്യ.'' നിർമലമായ ആ മനസ്സ് ആ വാക്കുകളിൽ നിന്നു വായിച്ചെടുക്കാമായിരുന്നു. എന്തായാലും ഞരളത്തിന്റെ ഇടക്ക തന്നെ പശ്ചാത്തലത്തിൽ വേണം എന്ന തീരുമാനം മാറ്റാൻ ഒരുക്കമായിരുന്നില്ല സുകുമാര വാര്യരും കുട്ടിശ്ശങ്കര മേനോനും‍. റെക്കോർഡിംഗ് തീർന്നപ്പോഴേക്കും വൈകുന്നേരമായി എന്ന് മാത്രം. ``പൂർണ സംതൃപ്തിയോടെയാണ് ഞങ്ങൾ സ്റ്റുഡിയോ വിട്ടത്. അത്രയും ഗംഭീരമായിരുന്നു ഞരളത്തിന്റെ പ്രകടനം. അദ്ദേഹത്തെ ദിവസം മുഴുവൻ ബുദ്ധിമുട്ടിച്ചതിലേ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾക്ക് വിഷമം.''
പരസ്യ ജിംഗിളുകളിൽ കേരളീയത തീരെ കുറവായിരുന്ന അക്കാലത്ത് ഇത്തരം പരീക്ഷണങ്ങൾ ജനം എളുപ്പം ശ്രദ്ധിച്ചു. പ്രമുഖ ദേശീയ ബ്രാൻഡുകൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ ചെയ്ത പരസ്യങ്ങൾ വികലമായി മലയാളീകരിച്ച് ആകാശവാണിയുടെ കേരള നിലയങ്ങളിലൂടെ പ്രക്ഷേപണം ചെയ്യുന്നതായിരുന്നു അതുവരെയുള്ള പതിവ്. പ്രാദേശിക സംസ്കാരവുമായി ഇണങ്ങിചേർന്നു നിൽക്കുന്ന പരസ്യങ്ങൾക്കേ കേരളീയ വിപണിയിൽ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയൂ എന്ന തിരിച്ചറിവ് ഏജൻസികൾക്കുണ്ടായിത്തുടങ്ങിയതോടെ പരസ്യങ്ങളുടെ നിലവാരവും മെച്ചപ്പെട്ടു.

കഥകളി സംഗീതത്തിന്റെ ചിട്ടവട്ടങ്ങൾക്കൊത്തു വരെ മലയാളത്തിൽ റേഡിയോ ജിംഗിളുകൾ പിറന്നിട്ടുണ്ട് അക്കാലത്ത്. ഇത്തരത്തിൽ ഒന്ന് നിർമൽ സോപ്പുപൊടിയ്ക്കു വേണ്ടി ചിട്ടപ്പെടുത്തി പാടിയത് ശാസ്ത്രീയസംഗീത വിദുഷിയായ ഡോ കെ ഓമനക്കുട്ടി. മിന്നൽക്കൊടിയിറങ്ങി മണ്ണിൽ വരുകയോ എന്ന് തുടങ്ങുന്ന ആ കഥകളിപ്പദം, ഓമനക്കുട്ടി ടീച്ചർ സംഗീതം പകർന്ന മുന്നൂറോളം റേഡിയോ ജിംഗിളുകളിൽ ഒന്ന് മാത്രം. ശാസ്ത്രീയ വേദികളിലും അധ്യാപനത്തിലും തിരക്കേറിയതോടെ പരസ്യലോകത്ത് നിന്നു ടീച്ചർ സ്വമേധയാ വിട വാങ്ങിയെങ്കിലും സഹോദരനായ എം ജി രാധാകൃഷ്ണന്റെ ഈണത്തിൽ പിന്നെയും റേഡിയോ ജിംഗിളുകൾ ശ്രോതാക്കളെ തേടിയെത്തി. ഫോക് ശൈലിയിൽ ചിട്ടപ്പെടുത്തിയ കേരള ഭാഗ്യക്കുറിയുടെ പരസ്യങ്ങളായിരുന്നു അവയിൽ ശ്രദ്ധേയം.

content highlights : Neralattu Rama Poduval ujala jingle ravi menon paattuvazhiyorathu

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chithra

4 min

'വൺസ് മോർ' കേട്ടാൽ അഭിമാനപുളകിതരാകാത്ത പാട്ടുകാരുണ്ടോ? ശരത് ഉണ്ട്, അതും ചിത്രയ്ക്കൊപ്പം പാടിയപ്പോൾ

Aug 13, 2021


Monisha

2 min

മോനിഷയെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ 'മഞ്ഞള്‍പ്രസാദം'

Dec 6, 2021


Shabnam

5 min

വെണ്ണിലാ ചന്ദനക്കിണ്ണം; ഒരൊറ്റ പാട്ടിലൂടെ ഹൃദയം കവർന്ന ഗായിക, ശബ്നം

Jul 21, 2021


Most Commented