നക്ഷത്രദൂരം - 3
മനോജ് ഭാരതിI am not afraid of death, I just don't want to be there when it happens
-Woody Allen (American Director)


മരണത്തിനു ഗന്ധമുണ്ടോ? ചന്ദനത്തിരി കത്തുന്ന ഗന്ധം പലപ്പോഴും കമലിന്റെ ഓര്‍മ്മപ്പച്ചകളില്‍ വാരിനിറക്കാറുള്ളത് മരണത്തിന്റെ വിരല്‍ച്ചുറ്റുകളുള്ള ഹിതകരമല്ലാത്ത അനുഭവങ്ങളാണ്.പള്ളിപ്പറമ്പിലെ കബറുകളും മീസാന്‍കല്ലുകളും കണ്ടുണര്‍ന്നിരുന്ന ബാല്യം മുതല്‍ മരണവും അതിന്റെ പരുക്കന്‍ ചിഹ്നങ്ങളും പിന്‍തുടര്‍ന്നുകൊണ്ടേയിരുന്നു.തറവാട്ടിനുമുകളിലെ മച്ചില്‍ പഠിക്കാനിരുന്ന സായാഹ്നങ്ങളില്‍ നിലാവുവീണ മീസാന്‍ കല്ലുകളില്‍ മരണം തിളങ്ങി.ആഴ്ചയില്‍ ഒന്നും രണ്ടും മരണങ്ങളുണ്ടാവും.മയ്യത്തുകള്‍ കബറിലെത്തിക്കുന്ന ശോകമൂകമായ കാഴ്ച.പിന്നെ മലക്കുകള്‍ മയ്യത്തിനരികിലെത്തി പുണ്യപാപങ്ങളുടെ കണക്കെടുപ്പുനടത്തുന്നതിനെക്കുറിച്ചുള്ള മിത്തും ഫാന്റസിയും നിറം പകര്‍ന്ന വിശ്വാസങ്ങള്‍.

മറപ്പുരകെട്ടി മയ്യത്തുകുളിപ്പിച്ച് വീടുകളുടെ ഉമ്മറത്തുവച്ച് ചന്ദനത്തിരി കത്തിക്കുകയാണ് പതിവ്.കബറടക്കം കഴിഞ്ഞും ചന്ദനത്തിരി കത്തിക്കുന്ന പ്രവൃത്തി നാല്‍പ്പതുദിവസം തുടരും. പള്ളികളിലും ഇപ്രകാരം ചന്ദനത്തിരി കൊളുത്തിവക്കുന്നുണ്ടാവും. മരണത്തിന്റെ അദൃശ്യസ്പര്‍ശം അന്തരീക്ഷത്തിലെ ഗന്ധസാന്നിധ്യമായി സമരസപ്പെടുകയാണവിടെ. ആ ഗന്ധം ചന്ദനത്തിരിയുടേതുമാണ്.ഒരു സൈക്കോളജിക്കല്‍ സമസ്യയായി അതവശേഷിക്കുന്നതിന് തെളിവാണ് ചന്ദനത്തിരിയുടെ, മരണത്തിന്റെ , ഗന്ധമേറ്റാല്‍ ഇന്നും കമലിനെ തലവേദന പിടികൂടുന്നത്.മാതാപിതാക്കളുടേതടക്കം നിരവധി മരണങ്ങള്‍ക്ക് കമല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട.്
എന്നാല്‍ അക്കൂട്ടത്തില്‍ ഭീതിദമാം വിധം മരണത്തെ അനുഭവിപ്പിച്ചത് യൂസഫ് എളേപ്പയായിരുന്നു.


ലഹരി പുരണ്ട ഗ്രാമഫോണ്‍ സംഗീതംമദ്യവും സംഗീതവും ഒരുപോലെ ലഹരിയായിരുന്നു യൂസഫ് എളേപ്പക്ക്.സ്വത്തും സമ്പാദ്യങ്ങളുമെല്ലാം വിറ്റുകുടിച്ച് ജീവിതം ആഘോഷമാക്കുകയായിരുന്നു അദ്ദേഹം.ലഹരിയുടെ ആഘോഷക്കൂട്ടായ്മയില്‍ അദ്ദേഹത്തിനൊപ്പം വലിയൊരു സുഹൃദ്‌വലയം എപ്പോഴുമുണ്ടായിരുന്നു.അതില്‍ മതിലകത്തെ റൗഡിമാര്‍ പോലും പങ്കാളികളായി.ഇവര്‍ക്കൊക്കെ വേണ്ട മദ്യം വാങ്ങിക്കൊടുക്കുകയോ അതിനുള്ള പണം നല്‍കുകയോ ആണ് അദ്ദേഹം ചെയ്തത്്..സ്വന്തം അമ്പാസിഡര്‍കാറില്‍ ഒരഞ്ചാറുപേരെ കൂട്ടിയായിരിക്കും തൃശൂരിലെ പതിവുബാറിലേക്ക് സ്ഥിരമായി പോകുക.ഭാര്യക്കൊപ്പം മറ്റൊരു വീട്ടിലായിരുന്നു താമസമെങ്കിലും മദ്യപിച്ചാല്‍ പിന്നെ നിശ്ശബ്ദനായി വന്ന്് കമലിന്റെ വീടിന്റെ തട്ടിന്‍പുറത്തെ ഗ്രാമഫോണ്‍ സംഗീതത്തില്‍ മുഴുകുന്നതാണ് പതിവ്.ഗസലിന്റെയും മെലഡിയുടെയും ചേരുവ ലഹരിയുടെ വീര്യമേറ്റും.പഴയ ഹിന്ദി ഗാനങ്ങള്‍,മലയാളത്തിലെ നിത്യഹരിതഗാനങ്ങള്‍,യേശുദാസിന്റെ ഗാനങ്ങള്‍ ... അങ്ങനെ അദ്ദേഹം കൊണ്ടുവന്ന ഗ്രാമഫോണ്‍റിക്കോര്‍ഡുകള്‍ പാട്ടിനോടുള്ള കമലിന്റെ ആഭിമുഖ്യത്തിനു വിത്തുപാകി. തന്റെ വ്യതിത്വരൂപീകരണത്തില്‍ അതിവിദൂരമല്ലാത്തൊരു സാന്നിധ്യം യൂസഫ് എളേപ്പക്കുനല്‍കാന്‍ കമലിഷ്ടപ്പെടുന്നതും സംഗീതമടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹം ചെലുത്തിയ നിശ്ശബ്ദസ്വാധീനം കൊണ്ടായിരുന്നു.ഏതാണ്ടതേകാലത്താണ് അബ്ദുള്‍മജീദ് വീട്ടില്‍ റേഡിയോ വാങ്ങുന്നതും.ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാനായി കമലിന്റെ കാത്തിരിപ്പു തുടങ്ങുന്നതും.
.
മിക്ക ദിവസവും മദ്യപിച്ചെത്തുന്നതില്‍ പ്രതിഷേധമറിയിച്ച് അബ്ദുള്‍മജീദ് ഇടക്കിടക്ക് അനുജന്‍ യൂസഫിനോടു വഴക്കിടുമായിരുന്നു.അതു കണക്കിലെടുക്കാതെ എളേപ്പ വീണ്ടും വരികയും തട്ടിന്‍പുറത്തുകിടന്ന് ഗസല്‍സംഗീതം കേള്‍ക്കുകയും ചെയ്തു.ഞായറാഴ്ചകളില്‍ മിക്കപ്പോഴും പകല്‍സമയത്തുതന്നെ അദ്ദേഹമെത്തി.ഉച്ചഭക്ഷണം കഴിക്കാനുള്ള കമലിന്റെ ഉമ്മയുടെ ക്ഷണം നിരസിച്ച് അവിടെയങ്ങനെ കിടക്കും.പിന്നീടെപ്പോഴെങ്കിലും ആരോടുമൊന്നും പറയാതെ എഴുനേറ്റുപോകുകയും ചെയ്യും.അപ്പോഴും അവശേഷിക്കുന്ന ഹാങ്ങ്ഓവര്‍ പോലെ ഗ്രാമഫോണ്‍ പാടിക്കൊണ്ടിരിക്കുന്നുണ്ടാവും.കമലായിരുന്നു അപ്പോഴെല്ലാം അതു നിര്‍ത്തിവച്ചത്.അങ്ങനെയങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള കഥാപാത്രമായിരുന്നു യൂസഫ് എളേപ്പ.. അദ്ദേഹത്തിന് മക്കള്‍ ഉണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ കമലടക്കമുള്ള കുട്ടികളോട് പ്രത്യേകമമതയും വാത്സല്യവും പ്രകടിപ്പിച്ചിരുന്നു..അതേ സമയം ലഹരിയുടെയും കുസൃതിയുടെയും അതിര്‍വരമ്പൊന്നു തെറ്റുമ്പോള്‍ സാഡിസത്തിന്റെ നേര്‍ത്തൊരു നിഴലും തെളിഞ്ഞുമറഞ്ഞിരുന്നു.അത്തരം സന്ദര്‍ഭങ്ങളില്‍ കത്തുന്ന സിഗര്‍ട്ടുകൊണ്ട്് കുട്ടികളെ കുത്തിരസിക്കുന്നതില്‍ അദ്ദേഹം കൗതുകം കണ്ടെത്തി.കുട്ടികള്‍ കരയാന്‍ തുടങ്ങുമ്പൊഴേക്കും പോക്കറ്റില്‍ നിന്നദ്ദേഹം ഒരു കുത്തു മിഠായി വാരിയെടുത്തുകൊടുക്കും.അതായിരുന്നു യൂസഫ് എളേപ്പ..

ഏഴാംതരത്തിലേക്കു കമല്‍ പ്രവേശനം നേടിയ സമയത്താണ് അദ്ദേഹം മരിച്ചത്.മുപ്പത്തിമൂന്നാംവയസ്സില്‍ ലിവര്‍സിറോസിസ് വന്നുള്ള മരണം.മരണത്തിന്റ ഭയാനകതയും ചന്ദനത്തിരിയുടെ ഗന്ധവുമെല്ലാം ഒരു കൊളാഷെന്ന പോലെ അബോധമനസ്സില്‍ സ്ഥിരചിത്രണം നേടിത്തുടങ്ങിയ കാലമായിരുന്നു അതെന്നുവേണം കരുതാന്‍. യൂസഫ് എളേപ്പ മരിച്ചതോടെ പതിവായുള്ള ഗ്രാമഫോണ്‍ സംഗീതം നിലച്ചു.പാട്ടിന്റെ മധ്യത്തിലെപ്പോഴോ ലഹരിയുടെ തീരങ്ങളിലൂടെ ഇറങ്ങിപ്പോയിരുന്ന അദ്ദേഹം നിര്‍ത്താന്‍ മറന്ന ഗ്രാമഫോണിനു പിന്നാലെയെത്തുന്ന കമലിന്റെ പതിവും അതോടെ അവസാനിച്ചു.പകരം സംഗീതം ഇടക്കിടെ പിന്‍വിളി വിളിച്ചപ്പോഴെല്ലാം കമല്‍ ഗ്രാമഫോണിനടുത്തേക്കുനീങ്ങി.


കഥയിലെ ത്രാസം;സിനിമയിലെയുംമതിലകത്തെ വീട്ടിനരികില്‍ റയിന്‍ട്രീ കഴിഞ്ഞാണ് കൃസ്ത്യന്‍ പള്ളിയോടുചേര്‍ന്നുള്ള ശ്മശാനം. അതിന്റെ കാവല്‍ക്കാരനെ എപ്പോഴും മദ്യപിച്ച നിലയിലാണ് കാണപ്പെട്ടിരുന്നത്.പലപ്പോഴുമയാള്‍ റയിന്‍ട്രീയുടെ വിശാലമായ വേരുകളില്‍ വന്നുകിടന്ന് പഴയ ചവിട്ടുനാടകങ്ങളിലെ പാട്ടുകള്‍ പാടും.പഴയ ചലച്ചിത്രതാരം അച്ചന്‍കുഞ്ഞിനെപ്പോലെ ഉച്ചത്തില്‍ സംസാരിക്കുന്ന പ്രകൃതമായിരുന്നു അയാളുടേത്.ഒരാള്‍ മരിച്ചെന്നറിഞ്ഞാല്‍ അത്യധികം സന്തുഷ്ടനാകുന്ന അയാള്‍ ചാരായം വാങ്ങിക്കഴിച്ചുവന്ന് മറ്റുള്ളവരുമായി തമാശകളൊക്കെ പറഞ്ഞുകൊണ്ടായിരുന്നു കുഴിയെടക്കാനൊരുങ്ങുന്നത്.ഓരോ മരണത്തിലും അയാള്‍ ഒരുതരം ആനന്ദം കണ്ടെത്തിയിരുന്നതുപോലെ...എന്താ വലിയ സന്തോഷത്തിലാണല്ലോയെന്നു ചോദിച്ചാല്‍ അതേ ഇന്നൊരു കോളുകിട്ടി എന്നുപറയുന്ന രീതി.കുഴിവെട്ടുകാരനുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഒരച്ചന്‍ അവിടെയുണ്ടായിരുന്നു.വിവിധനാടുകളിലെ സെമിനാരികളില്‍ സേവനമനുഷ്ഠിച്ചശേഷം വിശ്രമജീവിതം ലാക്കാക്കി അദ്ദേഹമവിടെ തങ്ങുകയായിരുന്നു. അങ്ങേയറ്റം സൗഹൃദത്തിലായിരുന്ന അച്ചന്‍ മരിച്ചപ്പോള്‍ കുഴിവെട്ടാന്‍ നിയോഗിക്കപ്പെട്ടതോടെ ശ്മശാനം സൂക്ഷിപ്പുകാരന്‍ ജീവിതത്തിലാദ്യമായി സങ്കടപ്പെട്ടു.കുഴിവെട്ടുന്നതിനിടെ അയാള്‍ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു; ഇന്നു ഞാനവനെ രണ്ടു ചീത്ത പറയുമെന്ന് മരണത്തെക്കുറിച്ചാണ് അയാള്‍ അങ്ങനെ പറഞ്ഞത്.അയാളെ സംബന്ധിച്ചിടത്തോളം കള്ളു കുടിച്ചിട്ടു തമാശ പറയാന്‍ കഴിയുന്ന നല്ലൊരു സുഹൃത്തായിരുന്നു മരണം.അച്ചന്റെ കാര്യത്തില്‍ മരണത്തിന്റെ ഭാഗത്തുനിന്നുണ്ടായത് പോക്രിത്തരമാണെന്ന ആക്ഷേപം അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.ഈസംഭവത്തെ പൊടിപ്പും തൊങ്ങലും വച്ചുകെട്ടി കഥാനായകനും മരണവുമായുള്ള സംഭാഷണത്തിന്റെ രീതിയിലണ് കമല്‍ ക്രൈസ്റ്റ് കോളജിന്റെ മാഗസിനില്‍ കഥ എഴുതിയിരുന്നത്.സിനിമാക്കമ്പം തലക്കുപിടിച്ചിരുന്ന പടിയന് കഥ ഇഷ്ടപ്പെട്ടു.സിനിമക്കുതകുന്ന ഇതിവൃത്തം കഥയിലുണ്ടെന്ന് പടിയനുറപ്പായിരുന്നു.

എറണാകുളത്ത് പടിയന് സുപരിചിതമായിരുന്ന പുല്ലേപ്പടി ശ്മശാനം കഥാന്തരീക്ഷത്തിനുവേണ്ടി മാറ്റിയെടുക്കണം. ചിത്രീകരണത്തിനുവീര്യം പകരാന്‍ ആവശ്യമെങ്കില്‍ വാറ്റുചാരായം ശ്മശാനത്തിനുപിറകില്‍ സുലഭമായുണ്ട്.ശ്മശാനം സൂക്ഷിപ്പുകാരന്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്നിരുന്നത് ശവവണ്ടിയിലാണ്.ആത്മഹത്യ മുതല്‍ അജ്ഞാതജഡങ്ങള്‍ വരെ മരണത്തിന്റെ ആവരണമിട്ട ഉന്തുവണ്ടിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് പുല്ലേപ്പടി ശ്മശാനത്തിലേക്കാണ് നീക്കുക.പശ്ചാത്തലവും കഥാഗതിയും മാറ്റി ത്രാസത്തിനുവേണ്ടി പുതിയൊരു സ്‌ക്രിപ്‌റ്റൊരുക്കുകയായിരുന്നു.അങ്ങനെയാണ് കമല്‍ സിനിമയിലേക്കു രംഗപ്രവേശം ചെയ്യുന്നത്.ഓരോ മരണവും നല്‍കുന്ന സന്തോഷത്തിലും കൈക്കാശിലും ജീവിതചര്യതന്നെ മാറിപ്പോയ ശ്മശാനം സൂക്ഷിപ്പുകാരന്‍ ആയി ചിത്രത്തില്‍ വേഷമിട്ടത് ബാലന്‍ കെ നായരായിരുന്നു.ബന്ധുക്കളോ അടക്കംചെയ്യാനിടമോ ഇല്ലാത്ത,അപകടമരണത്തില്‍പ്പെട്ട അപരിചിതന്റെ ജഡം ശവവണ്ടിയില്‍ പൊതുശ്മശാനത്തിലേക്ക് ഉന്തിക്കൊണ്ടുവരികയാണ് ചിത്രത്തിന്റെ തുടക്കത്തില്‍ ശ്മശാനം സൂക്ഷിപ്പുകാരന്‍.ഒപ്പം കരഞ്ഞുകൊണ്ടു കൂടിയിരുന്ന സ്ത്രീ ബന്ധുവായിരിക്കാമെന്നുിം എന്തെങ്കിലും ചില്ലറ കിട്ടാന്‍ അവളാണ് ഏകാവലംബമെന്നും അയാള്‍ കണക്കുകൂട്ടി.ജഡം അടക്കം ചെയ്തശേഷം അയാള്‍ പണം ആവശ്യപ്പെടുമ്പോഴാണ് അവള്‍ തന്റെ നിസ്സഹായതയും നിരാശ്രയത്വവും പ്രകടിപ്പിക്കുന്നത്.ഒളിച്ചോടിവന്ന് ട്രയിനിനുമുമ്പില്‍ച്ചാടി ആത്മഹത്യക്കു ശ്രമിച്ച കാമുകീകാമുകന്‍മാരില്‍ അവള്‍മാത്രം ഭീരുത്വം കൊണ്ട് അവശേഷിക്കുകയായിരുന്നു.കാമുകനൊപ്പം മരിക്കാനാകാത്ത കുറ്റബോധത്തോടെ അപരിചിതമായ നാട്ടി്ല്‍ എങ്ങോട്ടുപോകണമെന്നറിയാതെ കരഞ്ഞുകൊണ്ടവള്‍ നിന്നു.കുഴിവെട്ടുകാരനപ്പോള്‍ ദയാരഹിതനായി പറഞ്ഞു . ' നാശം ചാവാനെറങ്ങീരിക്കുന്നു എന്നാപ്പിന്നെ പോയി ചത്തൂടാരുന്നോ.'

രാത്രിയില്‍ പുറത്തെവിടെയോ പോയി ചാരായം കഴിച്ചുവരുമ്പോള്‍ അയാള്‍ കാണുന്നത് ശവമടക്കിയ സ്ഥലത്തുതന്നെ അവളിരുന്നു കരയുന്നതാണ്.അയാളവളെ അവിടെ നിന്നും പറഞ്ഞയച്ചെങ്കിലും പിറ്റേന്നും ഇതുതന്നെ ആവര്‍ത്തിച്ചു.ചാരായത്തിന്റെ ലഹരിക്കണ്ണുകളില്‍ അവള്‍ കൂടുതല്‍ ചെറുപ്പമായും സുന്ദരിയായും സെക്‌സിയായും അയാള്‍ക്കുതോന്നി.കാമാതുരനായ അയാള്‍ ബലപ്രയോഗത്തിലൂടെ അവളെ മാനഭംഗപ്പെടുത്താന്‍ തുനിയുന്നു.ഒരുതരത്തില്‍ അവളവിടെ നിന്നു രക്ഷപ്പെടുന്നു.തൊട്ടടുത്ത ദിവസം ശ്മശാനത്തില്‍ കൊണ്ടുവന്ന മൃതദേഹം കുഴിവെട്ടിമറവുചെയ്യാന്‍ പുറത്തെടുക്കുമ്പോഴാണ് അതവളാണെന്ന് അയാളറിയുന്നത്.അയാളന്ന് അത്യധികം മാനസികവ്യഥ അനുഭവിക്കുന്നു. കലാലയകഥയില്‍ അച്ചന്റെ മരണത്തെത്തുടര്‍ന്നാണ് കുഴിവെട്ടുകാരന്‍ മരണത്തോടു സംസാരിക്കുന്നതെങ്കില്‍ ഇവിടെയത് സത്രീയുടെ ശവമടക്കിനെത്തുടര്‍ന്നായിരുന്നു.'ആ പെണ്ണെന്തു തെറ്റാചെയ്തത് ;നീയൊന്നും നന്നാവാന്‍ പോകുന്നില്ല' എന്ന കുഴിവെട്ടുകാരന്റെ വാക്കുകള്‍ കേട്ട് മരണം ചിരിക്കുകയാണ്.ബര്‍ഗ്മാന്റെ സെവന്‍ത് സീലിലെ രൂപം തന്നെയാണ് ത്രാസത്തിലും മരണത്തിനു നല്‍കിയതെന്ന് കമല്‍ ഓര്‍ക്കുന്നു.ബര്‍ഗ്മാന്റെ ചിത്രത്തില്‍ മരണവുമായി ചെസ്സുകളിയാണ് നടക്കുന്നതെങ്കില്‍ ഇവിടെ മരണത്തിന് കുഴിവെട്ടുകാരന്‍ മദ്യം വാഗ്ദാനം ചെയ്യുകയാണ്.

സമാന്തരമായി ശ്മശാനം സൂക്ഷിപ്പുകാരന്റെ മകള്‍ രാജിയുടെ വളര്‍ച്ചയും അപഥസഞ്ചാരവും തകര്‍ച്ചയും ചിത്രത്തില്‍ വികസിക്കുന്നുണ്ട്.അഭിസാരികകളും പിമ്പുകളുമെല്ലാമുള്ള ചേരിപ്രദേശത്തിനു സമീപമാണ് ശവമടക്കുകാരന്‍ താമസിച്ചിരുന്നത്.തെറിച്ചുനടക്കുന്ന സുന്ദരിയായ രാജിയില്‍ അതിനിടെതന്നെ ഒരുപിമ്പ് നോട്ടമിട്ടിരുന്നു.അവളെ ലൈംഗികമായി ആസ്വദിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച് പണമുണ്ടാക്കുകയുമായിരുന്നു പിമ്പിന്റെ ലക്ഷ്യം .ഒടുവില്‍ ഈ ചതിയില്‍ വീഴുകയും ഗര്‍ഭണിയാകുകയും ചെയ്യുന്ന രാജി തൂങ്ങിമരിക്കുന്നു.സ്വന്തം മകളുടെ പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീരം ശവവണ്ടിയില്‍ കൊണ്ടുവരാനും അടക്കം ചെയ്യാനും അയാള്‍ വിധിക്കപ്പെടുകയാണ്. അന്നാണയാള്‍ക്ക് ആദ്യമായി മരണത്തോട് ഭീതി തോന്നുന്നത്.സിനിമയില്‍ ഈ സംത്രാസമാണ് പ്രായോഗികമാക്കിയിരിക്കുന്നത്.മരണം അയാളെ പിന്തുടരുന്നത് ഫാന്റസി കലര്‍ത്തി അവതരിപ്പിക്കുകയായിരുന്നു.ചേരിയിലൂടെയും മറ്റു കൈവഴികളിലൂടെയും മരണത്തില്‍ നിന്നു രക്ഷപ്പെടാനോടുന്ന അയാള്‍ അവസാനം ശ്മശാനത്തിലെത്തി കിതച്ചുനില്‍ക്കുന്നു.അപ്പോഴേക്കും മരണം കൈവീശി എത്തിക്കഴിഞ്ഞിരുന്നു.ഇതാണ് ത്രാസം സിനിമയുടെ കഥ

നേര്‍ക്കുനേരെ മരണമെത്തുമ്പോള്‍ - ചില ഫ്‌ലാഷ്ബാക്കുകള്‍ഒന്ന്

ബാലാരിഷ്ടതകള്‍ ശൈശവകാലത്ത് കമലിന്റെ കൂട്ടുകാരായിരുന്നു.ബാപ്പേടെ കുടുംബഡോക്ടര്‍ ചാത്തുക്കുട്ടിയും വല്യുമ്മ ദൈവത്തെപ്പോലെ വിശ്വസിച്ചിരുന്ന ഡോക്ടര്‍ കരിക്കുളം സഹീദുമായിരുന്നു.ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ അത്തരമൊരസുഖകാലത്ത് ശ്വാസംകിട്ടാതെ കണ്ണുമറഞ്ഞ് ബോധം കെട്ടുകിടന്ന കമലിനടുത്തേക്ക് ചാത്തുക്കുട്ടി ഡോക്ടറെത്തിച്ചേര്‍ന്നു.ലക്ഷണശാസ്ത്രപ്രകാരം ഒരനുമാനത്തിലെത്താന്‍ അദ്ദേഹത്തിനപ്പോള്‍ കഴിഞ്ഞില്ല.ശിശുമരണനിരക്കുകൂടിയിരുന്ന പ്രവണത മുന്‍നിര്‍ത്തി ബാപ്പേടെ പെങ്ങന്‍മാരടക്കമുള്ളവര്‍ കുട്ടി രക്ഷപ്പെടാനുള്ള സാധ്യതയെപ്പറ്റി സംശയാലുക്കളായി.കമല്‍ കടിഞ്ഞൂല്‍ സന്തതി ആയിരുന്നു എന്നുമാത്രമല്ല ,മക്കാര്‍ഹാജിയുടെ തറവാട്ടിലെ മൂന്നാമത്തെ തലമുറയിലെ ആദ്യത്തെയാളുമായിരുന്നു.ഉമ്മ ഉച്ചത്തില്‍ നെഞ്ചത്തടിച്ചുകരയാന്‍ തുടങ്ങി.പ്രസവശുശ്രൂഷ നടത്തുന്ന സ്ത്രീകള്‍ -പേറ്റിച്ചികള്‍- ക്ക് അന്ന് വീടുകളില്‍ വലിയ പ്രാധാന്യം തന്നെയുണ്ടായിരുന്നു.അത്തരത്തില്‍ കമലിന്റെ വീട്ടില്‍ അന്നുണ്ടായിരുന്നത് ബീയാത്താത്ത എന്ന തടിച്ച സ്ത്രീയായിരുന്നു.കറുത്തുമാംസളമായ ശരീരവും തടിച്ചുമലര്‍ന്ന ചുണ്ടുകളുമൊക്കെയുള്ള ഒരു നീഗ്രോനടിയെ ഓര്‍മിപ്പിക്കുന്ന ശരീരപ്രകൃതം.അവര്‍ക്കുചില പച്ചിലമരുന്നു പ്രയോഗങ്ങളും ഒറ്റമൂലികളും അറിയാം.അവരെവിടെ നിന്നോ ചില പച്ചമരുന്നുകളും ഇലകളും കൊണ്ടുവന്ന് ഇടിച്ചുപിഴിഞ്ഞ് ഉമ്മയുടെ കയ്യില്‍ നിന്നും കമലിനെ പിടിച്ചുവാങ്ങി വായിലൊഴിച്ചുകൊടുത്തു .ഒപ്പം ഫത്വ ഓതുന്നുമുണ്ട്. മുസ്ലീം വിശ്വാസപ്രകാരം മയ്യത്ത് കബറില്‍വച്ചുമൂടി മീസാന്‍കല്ല് നാട്ടി ആളുകള്‍ പിരിയുമ്പൊഴേക്കും രണ്ട് മലക്കുകള്‍ അവിടേക്കിറങ്ങിവരും.പിന്നീട് കയ്യിലുള്ള ദണ്ഡ് കൊണ്ട് മയ്യത്തിനെ തട്ടിയുണര്‍ത്തി ചോദിക്കും
നിന്റെ ദൈവം ആര്?
-അള്ളാഹു
നിന്റെ റസൂലാര്?
മുഹമ്മദ് നബി
ഈമാം കാര്യങ്ങളെത്ര?
-ആറ്
ഇസ്ലാം കാര്യങ്ങളെത്ര?
-അഞ്ച്
ഈ ചോദ്യോത്തരങ്ങള്‍ക്കൊടുവിലാണ് മഹസ്സറ അഥവാ പരലോകത്തെത്തുന്നതും സ്വര്‍ഗ്ഗനരകങ്ങളിലേതാണ് അനുയോജ്യമെന്ന് നിശ്ചയിക്കപ്പെടുന്നതും.
ഇവ്വിധം കമലിനെ വിളിക്കാന്‍ മലക്കുകള്‍ കബറില്‍ കാത്തിരിക്കുന്ന മട്ടിലാണ് ബീയാത്താത്ത ഫത്വ ചൊല്ലിക്കൊണ്ടിരുന്നത്.അതോടൊപ്പം മന്ത്രിച്ചൂതുക എന്ന പ്രവൃത്തിയും അവര്‍ ചെയ്യുന്നുണ്ടായിരുന്നു.അങ്ങനെ ആ സ്ത്രീ മരണത്തില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുവന്നതോടെയാണ് തന്റെ ശൈശവം തുടങ്ങുന്നതെന്ന് കമല്‍ കരുതുന്നു.

രണ്ട്്
തറവാട്ടിലെ വലിയ പടവുകളുള്ള കുളം വര്‍ഷാവര്‍ഷം വേനല്‍ക്കാലത്തിന്റെ അറുതിയോടെ വെട്ടിവൃത്തിയാക്കുന്നത് വലിയൊരാഘോഷമായിരുന്നു.കുളത്തില്‍ ഇഷ്ടം പോലെ മീനുണ്ടാകും.വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കുടിയാന്‍മാര്‍ക്കുമവകാശപ്പെട്ടതാണത്.ചെളിയെല്ലാം വാരിക്കളഞ്ഞ് വരാല്‍ ,മുശു തുടങ്ങിയ മീനുകളെ വലിയ തോര്‍ത്തുകളുപയോഗിച്ച് കോരിയെടുക്കും.നൂറു കിലോയില്‍ കുറയാതെ മീനുണ്ടാകും.കരയില്‍ കിടന്നു പിടക്കുന്ന മീനുകള്‍ പകരുന്ന കൗതുകം കമലിനെയും മറ്റുകുട്ടികളെയും തോര്‍ത്തുമെടുത്ത് മറ്റുള്ളവര്‍ക്കൊപ്പം മീന്‍ പിടിക്കാനിറങ്ങാന്‍ പ്രേരിപ്പിക്കും..പിന്നെ കരയിലുള്ള മീനിനെ കോര്‍ത്തുകോര്‍ത്തെടുക്കും.ചെളിയൊക്കെ കോരിക്കഴിഞ്ഞ് പുത്തനുറവ പിറ്റേന്ന് വൈകുന്നേരമാകുമ്പോഴേക്കും നിറഞ്ഞ് കെട്ടിക്കിടക്കുന്നുണ്ടാവും.അതോടെ ചെറിയ കുട്ടികള്‍ ഒന്നടങ്കം കുളിക്കാനിറങ്ങുകയാണ്.

അന്ന് കമലിന് എട്ടുവയസ്സാണ് പ്രായം.മേയ് മാസത്തിലെ മഴക്കാറുകള്‍ വന്നു നിറഞ്ഞ ആകാശത്തുനോക്കി കുളപ്പടവില്‍ കമല്‍ കിടന്നു. കുട്ടികളില്‍പ്പലരും വെള്ളത്തിലും കരയിലുമായി ആര്‍ത്തലച്ചുകളിക്കുന്നു.കുളക്കടവിന്നരികിലെ ഇല്ലിക്കാടില്‍ വെകുന്നേരത്തെ മഴക്കുമുന്നോടിയായുള്ള കാറ്റ് സംഗീതം പൊഴിച്ചുകൊണ്ടിരിക്കുന്നു.പെട്ടെന്നെന്തോ കാലില്‍ കടിച്ചതായിതോന്നിയ കമലിനു മുന്നിലൂടെ ഒരു പാമ്പ് വെള്ളത്തിലേക്കു കുതിച്ചു.ഉമ്മ വീണ്ടും നെഞ്ചത്തടിച്ചുകരഞ്ഞു.ഓടിക്കൂടിയ പണിക്കാരിലൊരാള്‍ കമലിനെ തോളിലേറ്റി വിഷഹാരിയുടെ അടുത്തേക്കു പാഞ്ഞു.അപ്പോഴേക്കും മഴ പൊഴിഞ്ഞുതുടങ്ങിയിരുന്നു.കുറേ സമയം വിഷക്കല്ലുപിടിച്ചുനോക്കിയിട്ട് വിഷഹാരി പേടിക്കാനില്ലെന്നു പറഞ്ഞു.അത്ര വിഷമുള്ള പാമ്പല്ല. ചേരയോ നീര്‍ക്കോലിയോ ആകാമേ്രത.

വിഷമുള്ളിലുണ്ടെങ്കില്‍ വീര്യം കുറയാന്‍ ചികിത്സാവിധിപ്രകാരം അന്നത്തെ രാത്രി ഉറക്കമുപേക്ഷിക്കണം.പിറ്റേന്ന് ധാര കോരും.ഇടിവെട്ടും മഴയുമുള്ള രാത്രിയില്‍ ഉറക്കം കമലിന്റെ കണ്ണുകളെ തൊട്ടുതലോടിക്കൊണ്ടിരുന്നു.രാത്രി പത്തുമണിയോടെ വീട്ടിലെത്തി വരാന്തയില്‍ ഉറങ്ങാതെയിരുത്തി ബാപ്പയും രണ്ടു പണിക്കാരും കാവലിരുന്നു.മഴയുടെ താളത്തിനൊത്ത് അയ്യപ്പനെന്ന ജോലിക്കാരന്‍ പാട്ടുപാടി കഥ പറഞ്ഞു.വരികള്‍ മനസ്സിലില്ലെങ്കിലും കലാഭവന്‍ മണി പാടുന്നതുപോലെ ഇമ്പമുള്ള നാടന്‍ പാട്ടുകളായിരുന്നു അവയെന്ന് കമലിപ്പോഴും ഓര്‍ക്കുന്നു. പണിക്കാരന്റെ പാട്ടിന്റെ ഉച്ചസ്ഥായിയും തോരാമഴയുടെ ദ്രുതതാളവും പുണര്‍ന്ന രാത്രിയില്‍ അങ്ങനെ രണ്ടാമത്തെ മരണവും പടിയിറങ്ങിപ്പോയി.

മൂന്ന്്
മധ്യവേനലവധിക്കാലത്ത് വല്യുമ്മയുടെ വീട്ടില്‍ ഒത്തുകൂടുന്നത് കമലിന്റെയും മറ്റുകുട്ടികളുടെയും പതിവായിരുന്നു. വിശാലമായ പറമ്പും വലിയ കുളവുമെല്ലാമുള്ള വീടായിരുന്നു അതും.വീടിനരികില്‍ താമസിച്ചുവന്നിരുന്ന അവിടുത്തെ ആശ്രിതന്‍മാരും ജോലിക്കാരുമായ ഭാസി,നാരായണന്‍,കുഞ്ഞാണ്ടി തുടങ്ങിയവരെല്ലാം കുട്ടികളുമായി നല്ല സൗഹൃദമായിരുന്നു പുലര്‍ത്തിയത്.ജന്‍മികുടിയാന്‍ വിവേചനമില്ലാതെ പരസ്പരം ഇടപഴകി അവരുടെ കുട്ടികളെല്ലാവരും ചേര്‍ന്ന് സ്‌കൂളില്‍ പോയും കളിച്ചും കഴിയുന്ന കാലം.

അടക്കാമരവും തെങ്ങും മറ്റുഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പ് നനക്കുന്നതാണ് മധ്യവേനലവധിക്കാലത്തെ പ്രധാനജോലികളിലൊന്ന്.കുളപ്പുരക്കുസമീപം സ്ഥാപിച്ചിട്ടുള്ള വലിയ മോട്ടോര്‍പമ്പ് വരമ്പുകീറിയ പറമ്പിലേക്ക് വെള്ളമൊഴുക്കും.കുളപ്പുരക്കു സമീപം മറ്റൊരു ഷെഡ്ഡിലാണ് പണിസാധനങ്ങള്‍ക്കൊപ്പം മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള മണ്ണെണ്ണയും വക്കുന്നത്.കയ്യാലയുണ്ടാക്കുകയും വരമ്പുകളിലൂടെ വെള്ളം തിരിച്ചുവിടുകയും ചെയ്യുന്ന ജോലിക്കാര്‍ക്കൊപ്പം കുട്ടികള്‍ പ്രാതല്‍ കഴിയുന്ന സമയം മുതലുണ്ടാകും.ഒരു തടത്തില്‍ നിന്ന്് അടുത്തതിലേക്ക് വെള്ളമെത്തുമ്പോള്‍ അതു തെറിപ്പിച്ചു കളിക്കുന്നതും ചെറുവഞ്ചികള്‍ ഉണ്ടാക്കി ഓടിക്കുന്നതുമെല്ലാം അന്നൊരു ഹരമായിരുന്നു.പ്ലാവിലവഞ്ചികളില്‍ കയറ്റിവിടുന്ന വിശറും കട്ടുറുമ്പുമെല്ലാം തോണിക്കാരെപ്പോലെ ഒഴുകിനടക്കുന്ന കാഴ്ച കുട്ടികള്‍ക്കെല്ലാം കൗതുകമായിരുന്നു.കുട്ടിത്തം എല്ലാ അര്‍ത്ഥത്തിലും അനുഭവിച്ച നാളുകളായിരുന്നു അതെന്ന് കമല്‍ പറയുന്നു.അന്ന് കമലിന് ഒന്‍പത് വയസ് .പ്രവര്‍ത്തനം നിലച്ച മോട്ടോറില്‍ മണ്ണെണ്ണ നിറക്കാന്‍ ഷെഡ്ഡിലേക്കുപോകാന്‍ ജോലിക്കാരൊരുങ്ങുന്നു.വലിയ ടിന്നില്‍ നിന്നും ട്യൂബുപയോഗിച്ച് മണ്ണെണ്ണ വലിച്ചെടുക്കുന്ന പ്രവൃത്തി കമലിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.അതു കൊണ്ടുതന്നെ മണ്ണെണ്ണ താനെടുത്തുതരാമെന്ന് വാശിപിടിച്ച് കമല്‍ ഷെഡ്ഡ്ിലേക്ക് കുതിച്ചെത്തി.ആവേശപൂര്‍വ്വം ട്യൂബുപയോഗിച്ച് മണ്ണെണ്ണ വലിച്ചെടുക്കുന്നതിനിടയില്‍ അല്‍പ്പസമയം ശ്വാസം കിട്ടാതെ നിന്നു.അതോടെ ഒരുലിറ്ററോളം മണ്ണെണ്ണ ഉള്ളിലേക്കുപോയി.ആരോടും ഒന്നും പറയാതെ ബാക്കി മണ്ണെണ്ണയെടുത്തു പണിക്കാര്‍ക്കു കൊടുത്തശേഷം കമല്‍ അനുജനെയും ഇപ്പോള്‍ സിനിമയില്‍ അസിസ്റ്റന്റായി കൂടെയുള്ള ബന്ധു സലിം പടിയത്തിനെയും അടുത്തുവിളിച്ചു.കമലിനെ മരണഭയം വല്ലാതെ അലട്ടി.ഇളയ അനുജന്റെ പ്രസവത്തിനുവേണ്ടി ഉമ്മയയെ അവിടേക്ക് കൂട്ടിക്കൊണ്ടുവന്നിരിക്കുന്ന സന്ദര്‍ഭമാണ്.കാര്യമറിഞ്ഞാല്‍ പൂര്‍ണ്ണഗര്‍ഭിണിയായ അമ്മ വിഷമിക്കാനും നെഞ്ചത്തടിച്ചുകരയാനും തുടങ്ങും.സലിം പടിയത്തിന്റെ പിതാവും വലിയുമ്മയും മാമന്‍മാരുമെല്ലാം അവിടെയുണ്ട്.ഒന്നുകിലവര്‍ ഇക്കൊല്ലത്തെ മരണം ഇതാണെന്ന പറഞ്ഞ് മുന്‍കാല കഥകളുടെ പശ്ചാത്തലത്തില്‍ കളിയാക്കും.അല്ലെങ്കില്‍ വഴക്കുപറയും.മണ്ണെണ്ണ കുടിച്ചാല്‍ മരിക്കുമെന്നുതന്നെ കമല്‍ വിശ്വസിച്ചു. കുളപ്പുരക്കടുത്തെ പടവില്‍ കിടന്നു കൊണ്ട് കമല്‍ അനുജനോടും സലിമിനോടും പറഞ്ഞു. 'ഞാന്‍ മരിക്കാന്‍ പോകുകയാണ്.നിങ്ങളിതാരോടും പറയേണ്ട. നിങ്ങളെന്റെ അടുത്തിരിക്കണം'. സലീമപ്പോള്‍ കുറച്ചു വെള്ളമെടുത്തു കുടിക്കാന്‍ നല്‍കി. പനിക്കാന്‍ തുടങ്ങിയതോടെ കമല്‍ വല്ലാതെ വിറച്ചുതുടങ്ങി.ശരീരം ചുട്ടുപൊള്ളുന്നു. കണ്ണുകള്‍ പതിയെ അടയുന്നു.ബോധാബോധതീരങ്ങളില്‍ മരണമപ്പോള്‍ ഒരു ഫാന്റസിയായി തെളിഞ്ഞു.ഇനിയിപ്പോള്‍ മലക്കുകള്‍ വരും.പരലോകത്തേക്കുള്ള പതിവുചോദ്യങ്ങളുണ്ടാകും .ഇടക്കൊന്നുണര്‍ന്നപ്പോള്‍ അനുജനും സലീമും കൂടി കാവല്‍ നില്‍ക്കുന്ന കാഴ്ച .മരിച്ചുകഴിഞ്ഞാല്‍ വലിയൊരു ഫോട്ടോ എടുത്ത വല്യുപ്പാ മക്കാര്‍ഹാജിയുടെ ഫോട്ടോക്കു മുന്നില്‍ വക്കണം ഇക്കാര്യം ബാപ്പയോടു പറയണം. അങ്ങനെയെല്ലാം ചട്ടംകെട്ടിയിട്ട് പിന്നെയും സുദീര്‍ഘമായ മയക്കം . ഒടുവില്‍ കണ്ണുതുറന്നപ്പോള്‍ ടൈഫോയ്ഡ് ബാധിതനായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.തൊട്ടടുത്ത കട്ടിലില്‍ പ്രസവത്തിന് ഉമ്മയെയും അഡ്മിറ്റ് ചെയ്തിട്ടുണ്ട്. സഹീര്‍ ഡോക്ടറും സിദ്ദിഖ് ഡോക്ടറും അവിടെയുണ്ടായിരുന്നു. അന്നു വൈകിട്ട് സുലൈഖ ഏറ്റവും ഇളയ പുത്രനെ പ്രസവിച്ചു.

നാല്്


സിനിമാസംവിധായകനായി പ്രശസ്തിയുടെ ഉയരങ്ങളില്‍ നില്‍ക്കുമ്പോഴായിരുന്നു മറ്റൊരു മരണസന്ദര്‍ഭത്തെ തൊട്ടറിയുന്നത്.പന്ത്രണ്ട് വര്‍ഷം മുന്‍പാണത്.ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവല്‍ അത്തവണ കോഴിക്കോടാണ് നടന്നത്..മാതൃഭൂമി അവാര്‍ഡ്‌നൈറ്റില്‍ പങ്കെടുത്തശേഷം കോഴിക്കോട്ടെ ഫെസ്റ്റിവലിനുപോകാന്‍തയ്യാറെടുക്കുകയായിരുന്നു കമലും സിബിമലയിലും എസ് എന്‍ സ്വാമിയും.കോഴിക്കോടുനിന്ന് മറ്റൊരു കാറിലെത്തിയിരുന്ന സംവിധായകന്‍ ഹരിഹരന്‍ അതേ കാറില്‍ത്തന്നെയായിരുന്നു മടങ്ങേണ്ടിയിരുന്നത്.എന്നാലദ്ദേഹം വന്ന കാര്‍ ഒഴിവാക്കി മൂവര്‍സംഘത്തോടൊപ്പം കമലിന്റെ ലാന്‍സര്‍ കാറില്‍ യാത്രചെയ്യാന്‍ അവസാനനിമിഷം തീരുമാനിച്ചു.അന്ന് മാക്ടയില്‍ ഹരിഹരന്‍ ചെയര്‍മാനും എസ് എന്‍ സ്വാമി ജനറല്‍ സെക്രട്ടറിയും കമലും സിബിമലയിലും സെക്രട്ടറിമാരുമാണ്.സംഘടനാകാര്യങ്ങള്‍ മുതല്‍ പുതിയ പ്രൊജക്ടുകളെപ്പറ്റി വരെ സംസാരിക്കുവാന്‍ നാലുപേര്‍ക്കും മുന്നില്‍ സുതാര്യമായ രാത്രിവഴി കോഴിക്കേട്ടേക്ക് ക്ഷണിച്ചുനിന്നു.നാലുപേര്‍ക്ക് സുഖകരമായി സഞ്ചരിക്കാന്‍ ഡ്രൈവറെ ഒഴിവാക്കിയതോടെ വാഹനം ഓടിക്കുന്ന ചുമതല കമലും സിബിമലയിലും ഏറ്റെടുത്തു.

രാത്രി പന്ത്രണ്ടരക്കുശേഷമാണ് എറണാകുളത്തുനിന്നും പുറപ്പെടുന്നത്.രണ്ടരമണിയോടെ ചാവക്കാടുകടന്ന് ഋജുവും വിജനവുമായ പുതുപ്പൊന്നാനി റോഡിലൂടെ സിബി മലയില്‍ വാഹനമോടിക്കുകയാണ്.ഒരു സി ഡി മാറ്റിയിടാനായി നോക്കുന്നതിനിടയിലാണ് വേഗത നൂറുകിലോമീറ്ററിലധികമാകുന്നത് കമല്‍ കണ്ടത്.സിബി ഉറങ്ങുകയാണോഎന്നു സംശയിക്കത്തക്കവിധത്തില്‍ വാഹനം പാളുന്നുണ്ട്.കണ്ട്രോള്‍ നഷ്ടപ്പെട്ടെന്നു കണ്ട് സിബീ എന്നു വിളിച്ചതേ ഓര്‍മയുള്ളൂ.കാര്‍ ഇടിച്ചുമറിഞ്ഞ് ടയറുകള്‍ മുകളിലായി ഒരു മതിലിനും മരത്തിനും ചേര്‍ന്നു വീണു.സ്വാമിയാണ് വാഹനത്തില്‍ നിന്നും ആദ്യം പുറത്തുവന്നത്.വിജനമായ സ്ഥലം. അരക്കിലോമീറ്റര്‍ അകലെ കിടക്കനിറക്കുന്ന കടയില്‍ രാത്രിയിലും ജോലിയിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് ഓടിവന്നു.അടുത്തെവിടെയോ ഉള്ള വീട്ടുകാരുമെത്തി.തൂവെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചു നില്‍ക്കുന്ന സ്വാമിയുടെ ശരീരത്തിലെ മുറിവുകളില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു.വണ്ടിയിലുള്ള മറ്റാരുടെയും അനക്കമൊന്നുമില്ലാത്തതുകൊണ്ട് അദ്ദേഹം വല്ലാത്ത ടെന്‍ഷനിലായി.എന്റെകൂടെ മലയാളസിനിമയിലെ മൂന്നു സംവിധായകരുണ്ട് എന്ന ഓടിക്കൂടിയവരോട് അദ്ദേഹം പറയുന്നുണ്ടായിരുന്നു.ഹരിഹരനും കമലും സിബി മലയിലുമാണ് അപകടത്തില്‍ പെട്ടിരിക്കുന്നതെന്നറിഞ്ഞതോടെ ആള്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ധൃതി കൂട്ടി.

ഡോര്‍ വലിച്ചുതുറക്കാന്‍ കഴിഞ്ഞതോടെ ആദ്യം പുറത്തേക്കുവന്നത് ഹരിഹരനാണ് .രാത്രിമധ്യത്ത തെരുവുവിളക്കിനു ചുവട്ടില്‍ പരിഭ്രാന്തനായി ചോരയെലിപ്പിച്ചുനില്‍ക്കുന്ന എസ് എന്‍സ്വാമി ഒരു സിഗര്‍ട്ടുകൂടി കത്തിച്ചിരുന്നതിനാല്‍ ഒരു പ്രേതത്തെപ്പോലെയാണ് ഹരിഹരനു കാണപ്പെട്ടത്.പിന്നാലെ സിബി മലയിലിനെയും കമലിനെയും കാറിനുള്ളില്‍ നിന്നും വലിച്ചുപുറത്തെടുത്തു.സിബി പേരുചെല്ലി വിളിക്കുന്ന ശബ്ദമധ്യത്തിലേക്കാണ് കമല്‍ കണ്ണു മിഴിച്ചത്.അദ്ഭുതകരമായ. ആ രക്ഷപ്പെടലില്‍ കമലിനുമാത്രമേ കാര്യമായ പരിക്കുപറ്റിയുള്ളൂ.ചെറിയ സര്‍ജറി വേണ്ടിവന്നതുകൊണ്ട് ഒരാഴ്ചയോളം ഹോസ്പിറ്റലില്‍കിടന്നു . മരണത്തെ നേര്‍ക്കുനേര്‍ കണ്ട ആ സംഭവത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ ഫെസ്റ്റിവലിലെ പങ്കാളിത്തം നഷ്ടമായി.മധുരനൊമ്പരക്കാറ്റ് ഷൂട്ടുചെയ്യാന്‍ എല്ലാം സജ്ജമായിരിക്കുന്ന സമയം കൂടിയായിരുന്നു അത്. പ്ലാനില്‍ മാറ്റം വരുത്താനാകാത്തതുകൊണ്ട് പ്ലാസ്റ്ററിട്ട കൈ തൂക്കിവച്ചാണ് കമലന്ന് ഷൂട്ടിംഗിനു പോയത്.
മരണം ആഘോഷിക്കപ്പെടാത്ത സിനിമകള്‍കമല്‍സിനിമകളുടെ പൊതുസ്വഭാവം വിലയിരുത്തുമ്പോള്‍ അവയിലൊന്നും മരണം നിര്‍ണ്ണായകപ്രാധാന്യം ആര്‍ജ്ജിക്കാറില്ല.അതിനര്‍ദ്ഥം സിനിമകളില്‍ മരണത്തിനു സ്ഥാനമില്ലെന്നല്ല;മറിച്ച് ഭീതിദമായ ഒരു അവശേഷിപ്പായി തീയേറ്റര്‍ വിടുന്ന കാണിയുടെ മനസ്സിലുണ്ടാവില്ല.സെവന്‍ത് സീല്‍ അടക്കം പല ലോകസിനിമകളിലെയും മരണത്തിന്റെ അസാധാരണസാന്നിധ്യത്തിന്റെ പ്രേരണയാല്‍ കഥയെഴുതി തുടക്കം കുറിച്ച ത്രാസം ഇതിനൊരപവാദമായി കാണാം.കമലിന്റെ ആദ്യസിനിമകളിലെ കഥാനായകന്‍മാര്‍ മരിക്കുന്നുമുണ്ട്.മിഴിനീര്‍പ്പൂവുകളും ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമകള്‍ തന്നെയെടുക്കാം.പുല്ലാങ്കുഴല്‍ വായിച്ച് സംഗീതത്തിലൊഴുകി മരണത്േതിലേക്ക് ഉണ്ണികളിലെ നായകന്‍ പോകുന്നതു വേദനാജനകവുമാണ്.അത്തരം മരണസീനുകളുള്ള കമല്‍ച്ചിത്രങ്ങള്‍ പലതുമുണ്ടെങ്കിലും അവയിലൊന്നും വല്ലാതെ ഭീതി ജനിപ്പിക്കുന്ന ഒന്നായി മരണം ചിത്രീകരിക്കപ്പെട്ടിട്ടില്ല.ചെറുപ്പം മുതല്‍ ബാക്കിനില്‍ക്കുന്ന ഒരു ഭീതി മരണത്തേക്കുറിച്ചുള്ളതാവാം അതിനു കാരണമെന്ന കമല്‍ തന്നെ വിലയിരുത്തുന്നു.

ഇതു പറയുമ്പോള്‍ കമലോര്‍ക്കുന്നത് തിരക്കഥാകൃത്ത് റസാഖുമായി മരണവിഷയത്തില്‍ ഒരിക്കല്‍ നടന്ന സംഭാഷണത്തെക്കുറിച്ചാണ്.അന്ന് പത്രത്തില്‍ വന്ന രണ്ടുചരമവാര്‍ത്തകളായിരുന്നു സംഭാഷണവിഷയം.അന്നാരോ പ്രമുഖന്‍ മരിച്ചതിന്റെ വാര്‍ത്ത ഫ്രണ്ടുപേജില്‍ പ്രാധാന്യത്തോടെ വന്നപ്പോള്‍ റസാഖിന് നാട്ടിലേറ്റവും പരിചയമുള്ള ഒരാളുടെ നാമമാത്രചരമവാര്‍ത്ത അകത്തെ പേജിലും അച്ചടിച്ചിരുന്നു.
'നമ്മളൊക്കെ സിനിമയെടുക്കുന്നത് ചരമകോളം വലുതാക്കാനാണ്.അറിയപ്പെടുന്ന ആളാവുമ്പോള്‍ ചരമകോളത്തിന് നീളവും വീതിയും കൂടും.അങ്ങനെയായിരുന്നു റസാഖിന്റെ അന്നത്തെ കമന്റ്.ഞാനിപ്പോള്‍ ഓരോ സിനിമാക്കാര്‍ മരിക്കുമ്പോഴും റസാഖിന്റെ ഈ കൗതുകകരമായ വാക്കുകള്‍ ഓര്‍ക്കാറുണ്ട്.' കമല്‍ പറയുന്നു.