നക്ഷത്രദൂരം 7I interpret my dreams one way and make a movie out of them and people see my movies and make them part of their dreams – Steven Spielbergസമയത്തിന്റെ അതിര്‍വരമ്പുകളെ ഉല്ലംഘിച്ച് അസിസ്റ്റന്റ് ഡയറക്ടറുടെ ജോലിത്തിരക്കുകളില്‍ മുഴുകിയ കാലം.സത്യത്തില്‍ ആ ദിനങ്ങള്‍ കമല്‍ എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കുകയായിരുന്നു.സേതുമാധവന്റെ നാലു ചിത്രങ്ങള്‍.ഭരതനോടൊപ്പം കുറച്ചുകാലം..അയനം എന്ന ചിത്രത്തില്‍ ഹരികുമാറിന്റെ സഹായി.ആ നേരം അല്‍പ്പദൂരത്തില്‍ തമ്പി കണ്ണന്താനത്തിന്റെ അസിസ്റ്റന്റ്;ഒപ്പം ചിത്രത്തിന്റെ സംഭാഷണരചനയും... അങ്ങനെ പോകുന്നു അന്നത്തെ ദിനരാത്രങ്ങള്‍

മമ്മൂട്ടി നായകനായ ആ നേരം അല്‍പ്പദൂരം എന്ന ചിത്രത്തില്‍ സഹകരിക്കാന്‍ കഴിഞ്ഞത് ഗുണകരമായ അനുഭവമായിരുന്നെന്ന് കമല്‍ ഓര്‍ക്കുന്നു.ഊട്ടിയില്‍ വച്ചായിരുന്നു പടത്തിന്റെ ചര്‍ച്ചകള്‍ നടന്നത്.മമ്മൂട്ടിയപ്പോള്‍ യാത്രയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.സംവിധായകന്‍ ബാലുമഹേന്ദ്ര,ജോണ്‍പോള്‍, മമ്മൂട്ടി തുടങ്ങി പ്രമുഖരെല്ലാം സെറ്റിലുണ്ട്.യാത്രയുടെ ജോണ്‍പോളെഴുതിയ തിരക്കഥ വായിക്കാനും അതിന്റെ ചര്‍ച്ചകളില്‍ സജീവമായി പങ്കുചേരാനും കമലിനും അവസരം ലഭിച്ചു.ഒരാഴ്ചക്കാലം ബാലുമഹേന്ദ്രയോടൊപ്പം അടുത്തിടപഴകാനും ഇത് വഴിയൊരുക്കി.ബാലുമഹേന്ദ്രയുടെ ചലച്ചിത്രനിര്‍മ്മാണശൈലി കമല്‍ കൗതുകത്തോടെയാണ് നിരീക്ഷിച്ചത്.യാത്രയുടെ സെറ്റില്‍വച്ചാണ് മമ്മൂട്ടിയെ ആ നേരം അല്‍പ്പദൂരത്തിന്റെ കഥ പറഞ്ഞുകേള്‍പ്പിക്കുന്നത്.പിന്നീട് രാജന്‍ ശങ്കരാടിക്കൊപ്പം ഗുരുജീ ഒരു വാക്ക്, ഭരതനോടൊപ്പം കാതോടു കാതോരം...സഹസംവിധായകനെന്ന നിലയില്‍ തിരക്കേറിയ ദിനങ്ങള്‍


കാത്തിരിപ്പിന്റെ ചൂളംവിളികള്‍സ്വപ്‌നങ്ങളുടെയും സിനിമകളുടെയും ലോകത്തേക്കുള്ള നിരന്തരയാത്രകള്‍ക്കിടയിലൊരിക്കലാണ് കമല്‍ ഒരു പൊന്നാനിക്കാരനായി മാറിയത്.വിവാഹത്തിനുശേഷം അധികം വൈകാതെ ഭാര്യ സബുറാബിക്ക് പൊന്നാനി എം ഇ എസ് കോളജില്‍ ജോലി കിട്ടി.ആദ്യം അവിടെ ഇളയമ്മയുടെ വീട്ടിലായിരുന്നു താമസം.മദ്രാസില്‍ നിന്നും വരുന്ന ദിവസങ്ങളില്‍ കമലും അവിടെയെത്തും.വാരാന്ത്യത്തില്‍ ഭാര്യയെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും. മകന്‍ ജനിച്ചതോടെ പൊന്നാനിയില്‍ത്തന്നെ ഒരു വാടകവീട്ടിലേക്ക് താമസം മാറ്റി.അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന അവസാനനാളുകളില്‍ പൊന്നാനിയില്‍ നിന്നു ബസില്‍ കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനിലെത്തിയാണ് കമല്‍ മദ്രാസിനു പൊയ്‌ക്കൊണ്ടിരുന്നത്.

സിനിമയുടെ ഒരു വര്‍ണ്ണക്കൂടാരമായിരുന്നു തമിഴ്‌നാട്.അവിടേക്കുള്ള കമലിന്റെ മിക്ക ട്രയിന്‍യാത്രകളും അപ്രതീക്ഷിതങ്ങളും അവസാനനിമിഷങ്ങളിലുണ്ടായവയുമായിരുന്നു.റിസര്‍വേഷനില്ലാത്തതിനാല്‍ ജനറല്‍ കംപാര്‍ട്‌മെന്റിലുള്ള യാത്ര.ആള്‍ത്തിരക്കിന്റെ ഗന്ധസാമീപ്യങ്ങളില്‍ നിലത്ത് പേപ്പര്‍ വിരിച്ച് ഇരുന്നും കിടന്നും ഉറങ്ങിയും അല്ലാതെയുമുള്ള യാത്രകള്‍.ഒരു പകലും രാത്രിയും നീളുന്ന ട്രയിന്‍ യാത്ര എപ്പോഴും തുറന്നുവച്ചത് ജീവിതാനുഭവങ്ങള്‍ ജ്വലിക്കുന്ന വഴിയോരക്കാഴ്ചകളുടെ ദൃശ്യങ്ങളാണ്.കാട്പാടിയിലും ആര്‍ക്കോണത്തുമെത്തുമ്പോഴേക്കും പ്രഭാതം പുലരും.ആവടി വഴിയുള്ള യാത്ര തമിഴ്‌നാടിന്റെ നാട്ടുനിഷ്‌കളങ്കത സമ്മാനിക്കുന്നതായിരുന്നു.ഈ യാത്രകളധികവും പൊന്നാനിയില്‍ താമസിക്കുമ്പോഴാണ്.അതുകൊണ്ടുതന്നെ കുറ്റിപ്പുറം റയില്‍വേ സ്റ്റേഷന്‍ കമലിനെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്.ട്രക്കറിലും മറ്റും കയറിയാണ് പത്തുപന്ത്രണ്ട് കിലോമീറ്ററിനപ്പുറമുള്ള കുറ്റിപ്പുറത്തേക്കു വരുന്നത്.രാത്രിയില്‍ പത്തുമണിയോടെ മംഗലാപുരത്തുനിന്നുള്ള ട്രയിന്‍ വരും.മിക്കപ്പോഴും ട്രയിന്‍സമയത്തിനും വളരെ നേരത്തെ കമല്‍ സ്റ്റേഷനിലെത്തും.കുറ്റിപ്പുറം സ്റ്റേഷനപ്പോള്‍ ഇരുട്ടുമൂടിക്കിടക്കുന്നുണ്ടാവും.മദ്രാസിലേക്കു പോകാനുള്ള ആളുകള്‍ മാത്രമാണ് ആ സമയം അവിടെയുണ്ടാകുക.സെക്കന്റ് പ്ലാറ്റ്‌ഫോമിലാണ് മിക്കപ്പോഴും ട്രയിനെത്തുക എന്ന കാരണത്താല്‍ത്തന്നെ ആള്‍ത്തിരക്കു പിന്നെയും കുറയും.തീവണ്ടിക്കുവേണ്ടിയുള്ള ഇത്തരം കാത്തിരിപ്പുകള്‍ കമലിനെ സംബന്ധിച്ചിടത്തോളം ഗൃഹാതുരതയുടെ ഊഷ്മാവുണര്‍ത്തുന്ന ഓര്‍മ്മകളാണ് .ട്രയിനിന്റെ ചൂളം വിളി ഉയരാത്ത കൊടുങ്ങല്ലൂരില്‍ ജനിച്ചു.സ്‌കൂളിലും കോളജിലും പഠിക്കുമ്പോഴൊന്നും ട്രയിനില്‍ യാത്ര ചെയ്യേണ്ടിവന്നിട്ടില്ല.ഒടുവില്‍ സിനിമാലോകത്തേക്കെത്തിയപ്പോഴേക്കും തീവണ്ടിയാത്രയുടെ സ്ഥിരം ട്രാക്കിലേക്ക് കമലെത്തുകയായിരുന്നു.

തീവണ്ടിയും കാത്തിരിപ്പും കമലിന്റെ മനസ്സില്‍ എത്രത്തോളം സുദൃഢമായ ബിംബങ്ങളാണെന്നറിയാന്‍ പല ചിത്രങ്ങളിലെയും ഊഷ്മളരംഗങ്ങള്‍ പരിശോധിച്ചാല്‍ മതി.കാത്തിരിപ്പും പ്രണയവും തീവ്രമായി ഇഴ ചേരുന്ന കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് ,ആദ്യരാത്രിയുടെ സ്‌നേഹോഷ്മളതയടക്കം ട്രയിനില്‍ ചിത്രീകരിച്ച ശുഭയാത്ര തുടങ്ങി നിരവധി ചിത്രങ്ങള്‍.യാത്രയും കാത്തിരിപ്പും ഒറ്റപ്പെട്ട റയില്‍വേസ്റ്റേഷനുമെല്ലാം ഒരു വികാരമായി കാത്തുസൂക്ഷിക്കുന്നതാണ് ഇത്തരം ബിംബങ്ങള്‍ നിറഞ്ഞ ദൃശ്യകവിതകള്‍ ചമയ്ക്കാന്‍ കമലിനെ പ്രാപ്തനാക്കിയത്..


'കോര'ശാസ്ത്രം: സിദ്ദിഖ് മുതല്‍ കമല്‍ വരെ

ആയിടക്കാണ് അടിയന്തിരമായി ബന്ധപ്പെടണമെന്നുള്ള ജോണ്‍പോളിന്റെ സന്ദേശം കമലിനുകിട്ടിയത്.അന്ന് ഫോണും എസ് ടി ഡി സംവിധാനവുമൊന്നും പൊന്നാനിയില്‍ പതിവല്ല. നമ്പര്‍ ബുക്ക് ചെയ്ത് രണ്ടുമണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ജോണ്‍പോളിനെ കിട്ടിയത്.പിറ്റേന്നുരാവിലെ പതിനൊന്നു മണിയോടെ എറണാകുളത്ത് ബി ടി എഛിലെത്താന്‍ ജോണ്‍പോള്‍ ആവശ്യപ്പെട്ടു.പുതിയൊരു സിനിമയെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടിയായിരുന്നു ക്ഷണം.എന്നാല്‍ അന്നു രാത്രിയോടെ വിധി വിപരീതമായി.പൊടുന്നനെയാണ് മകന് കടുത്ത പനി പിടിപെട്ടത്.ഭാര്യക്കാണെങ്കില്‍ അടുത്ത ദിവസം കോളജില്‍ പോകാതിരിക്കാനാകാത്ത സാഹചര്യവുമാണുള്ളത്.കോളേജിലെ അത്യാവശ്യജോലികള്‍ തീര്‍ത്തുവന്നശേഷം ഇരുവരും ചേര്‍ന്ന് മകനെ ഡോക്ടറുടെ അടുത്തേക്കു കൊണ്ടുപോയി.പിന്നീടാണ് കമല്‍ എറണാകുളത്തേക്ക് തിരിച്ചത്.പൊന്നാനിയില്‍ നിന്ന് ബസില്‍ എറണാകുളത്തെത്തുമ്പോഴേക്കും മണി മൂന്ന്.

ജോണ്‍പോളിന് കാത്തിരുന്നു ക്ഷമ നശിച്ചുതുടങ്ങിയിരുന്നു.പറഞ്ഞ സമയത്തേക്കാള്‍ ഏറെ വൈകിയതിലുള്ള അമര്‍ഷം അദ്ദേഹം മറച്ചുവച്ചില്ല.മകന്റെ അസുഖവിവരം അറിയിച്ചപ്പോള്‍ അദ്ദേഹം തെല്ലൊന്നു തണുത്തു. അതേ സമയം തന്നെ സിനിമയില്‍ സമയത്തിനുള്ള പ്രാധാന്യം എന്ത് മാത്രമാണെന്ന് ബോധ്യപ്പെടുത്താനും മറന്നില്ല.പ്രൊഡ്യൂസര്‍ ആര്‍ എസ് ശ്രീനിവാസന്‍ അല്‍പ്പം മുന്‍പ് വരെ കമലിനെ കാത്ത് അവിടെയുണ്ടായിരുന്നു.പുതിയ സിനിമ കമല്‍ സംവിധാനം ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ താല്‍പ്പര്യം.കമലിന് ആദ്യമത് അവിശ്വസനീയമായി തോന്നി.നിര്‍മ്മാതാവ് മദ്രാസിലേക്ക് തിരിച്ചുപോയി എന്ന യാഥാര്‍ത്ഥ്യം കമലിനെ തെല്ലൊന്നുമല്ല നിരാശനാക്കിയത്.

ആര്‍ എസ് ശ്രീനിവാസന്‍ പുതിയ ചിത്രത്തിന്റെ സംവിധായകനായി തന്നെ തെരഞ്ഞെടുത്തതിലുള്ള അത്ഭുതം കമല്‍ മറച്ചുവച്ചില്ല.അപ്പോഴാണ് അതിനു പിന്നിലൊരു കഥയുണ്ടെന്ന് ജോണ്‍ പോള്‍ പറയുന്നത്.ആ കഥയിലെ നായകന്‍ ഒരു കോരയായിരുന്നു.ജോണ്‍പോളിനെക്കൊണ്ടൊരു കഥ തയ്യാറാക്കി പുതിയൊരാളെക്കൊണ്ടത് സംവിധാനം ചെയ്യിപ്പിക്കണമെന്ന ലക്ഷ്യമായിരുന്നു ശ്രീനിവാസിന് ഉണ്ടായിരുന്നത്.പുതിയ അസോസിയേറ്റ്‌സ് ആരൊക്കെയാണുള്ളതെന്ന തെരച്ചിലിനിടയിലാണ് കമലിനെക്കുറിച്ച് അദ്ദേഹത്തോട് ജോണ്‍പോള്‍ പറഞ്ഞത്.കെ മധു അനില്‍ എന്നിവരുടെ പേരും ശ്രീനിവാസന്റെ മുന്നിലെത്തിയിരുന്നു.അന്തിമതീരുമാനത്തിനുവേണ്ടിയാണ് ജോണ്‍പോളും ആര്‍ എസ് ശ്രീനിവാസനും കോരയെ കാണാന്‍ പോയത്.അന്നത്തെ മലയാളസിനിമയുടെ പിന്നാമ്പുറചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം കോരച്ചേട്ടനുണ്ടായിരുന്നു.മലയാളസിനിമയെ പരോക്ഷമായി നിയന്ത്രിച്ചിരുന്നു എന്നുമാത്രമല്ല, നിരവധി സിനിമകള്‍ക്കു കാരണക്കാരനാകാനും അതേസമയം തന്നെ മറ്റു പലതിനും മുടക്കം സൃഷ്ടിക്കാനും കോരക്കു കഴിഞ്ഞിരുന്നു.പല നടന്‍മാരും സാങ്കേതികവിദഗ്ധരും വലുതാകാനും മറ്റുപലരും വഴിയാധാരമാകാനും അദ്ദേഹം കാരണക്കാരനായിട്ടുണ്ട്.

കമല്‍ ഇന്നോളം കോരയെ കണ്ടിട്ടില്ല.അതേ സമയം കേട്ടറിവുണ്ടായിരുന്നുതാനും. ആ നേരം അല്‍പ്പദൂരത്തിന് കമലെഴുതിയ സംഭാഷണവുമായി സംവിധായകന്‍ തമ്പി കണ്ണന്താനം ഷൂട്ടിംഗിനുമുന്‍പ് കോരയെ കണ്ട് വായിച്ചുകേള്‍പ്പിച്ചിരുന്നു. അതിലെ ചില സീനുകള്‍ മാറ്റണമെന്ന് കോര നിര്‍ദ്ദേശം വക്കുകയും ചെയ്തു.അന്നത് കേവലമൊരു തമാശ മാത്രമായാണ് കമല്‍ കണ്ടിരുന്നത്.ആ നേരം അല്‍പ്പദൂരത്തിന്റെ കാര്യത്തില്‍ മറ്റൊരു സംഭവം കൂടി ഉണ്ടായി. ചിത്രത്തിലെ വില്ലന്‍വേഷം ലാലുഅലക്‌സിനു നല്‍കാനാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍ അവസാന നിമിഷം ലാലു അലക്‌സിന്റെ ഡേറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ഒത്തുപോകാതെ വന്നു.പകരമൊരാളെ വേണം .തമ്പി കണ്ണന്താനം അപ്പോള്‍ത്തന്നെ കോരയെ സമീപിച്ചു.കോര ചീട്ടിട്ടു നോക്കിയെങ്കിലും നിലവിലുള്ള വില്ലന്‍നടന്‍മാരെയൊന്നും ആ ചിത്രത്തിന് അനുയോജ്യരായി കണ്ടില്ല.അതിനിടെ കോരക്ക് എവിടെ നിന്നോ സിദ്ദിഖ് എന്നൊരാളെപ്പറ്റി വിവരം ലഭിച്ചിരുന്നു.സിദ്ദിഖ് അന്ന് സിനിമയില്‍ അഭിനയിച്ചിട്ടില്ല;എന്നുമാത്രമല്ല അധികമാര്‍ക്കും അദ്ദേഹത്തെ അറിയുകയുമില്ല.ഈ വിവരം തമ്പി കണ്ണന്താനം സഹസംവിധായകരായ കമലിനേയും താഹയേയും അറിയിച്ചു.

സിദ്ദിഖിനെപ്പറ്റി അഭിപ്രായപ്രകടനം നടത്തിയെന്നല്ലാതെ കോരക്ക് കൂടുതലൊന്നുമറിയില്ലായിരുന്നു.അന്വേഷണത്തിനിടയിലറിഞ്ഞു കളമശ്ശേരി പോളിടെക്‌നിക്കലിലാണ് പഠിച്ചിരുന്നതെന്ന. ് കമലും തമ്പി കണ്ണന്താനവും താഹയും കൂടി കളമശ്ശേരി പോളിടെക്‌നിക്കലിലേക്ക് പോയി.അഞ്ചാറുകൊല്ലം മുമ്പ് അവിടെ സിദ്ദിഖ് എന്നൊരാള്‍ പഠിച്ചിരുന്നു. വളരെ നന്നായി മിമിക്രി ചെയ്യുമായിരുന്നു.എടവനക്കാട് കൊല്ലിയില്‍ കുടുംബാംഗമാണ് .മൂവരും .നേരെ എടവനക്കാടെത്തി സിദ്ദിഖിന്റെ വീട് കണ്ടുപിടിച്ചു.സിദ്ദിഖിന്റെ ജ്യേഷ്ഠനും ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനുമായ മജീദ് അപ്പോഴവിടെയുണ്ടായിരുന്നു.സിദ്ദിഖ് നാട്ടിലില്ലെന്നും സൗദി അറേബ്യയിലാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.

'സത്യത്തില്‍ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം സിദ്ദിഖ് ആരോടും പറഞ്ഞിട്ടില്ല... മുമ്പ് നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു എന്നത് ശരി തന്നെ.ഇപ്പോള്‍ അഭിനയമോഹമുണ്ടോ എന്നറിയില്ല.കോരച്ചേട്ടന്‍ എന്നൊരാള്‍ പറഞ്ഞു എന്ന ഒറ്റക്കാരണത്താലാണ് ഞങ്ങളയാളെ തേടിയിറങ്ങിയത്.' കമല്‍ ഓര്‍ക്കുന്നു.
തമ്പി കണ്ണന്താനത്തിന്റെ ആവശ്യപ്രകാരം സിദ്ദിഖിന്റെ ഫോട്ടോ മജീദ് അവര്‍ക്കുകൊടുത്തു.ഫോട്ടോ കണ്ടപ്പോള്‍ അവര്‍ക്ക് സിദ്ദിഖിലുള്ള താല്‍പ്പര്യം വര്‍ദ്ധിച്ചു.. അങ്ങനെയാണ് സൗദി അറേബ്യയിലെ അഡ്രസ് വാങ്ങി സിനിമ സംബന്ധിച്ച വിവരങ്ങള്‍ തമ്പി കണ്ണന്താനം എഴുതി അറിയിക്കുന്നതും താല്‍പ്പര്യമന്വേഷിക്കുന്നതും. കത്തു കിട്ടിയ ഉടന്‍തന്നെ സിദ്ദിഖ് മദ്രാസിലുണ്ടായിരുന്ന തമ്പിയെ വിളിച്ചു.ഏതു വിധേനയും ഷൂട്ടിംഗിനെത്താനുള്ള ആവേശത്തിലായിരുന്നു സിദ്ദിഖ്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റില്‍ പെട്ടെന്നാണ് വ്യതിയാനം വന്നതും ഷൂട്ടിംഗ് ഒരു മാസത്തോളം വൈകിയതും.അതോടെ ലാലു അലക്‌സ് തന്നെ ചിത്രത്തില്‍ വില്ലന്‍ റോളിലെത്തി..ഇതിനിടയില്‍ സിദ്ദിഖിന്റെ കാര്യം എല്ലാവരും മറന്നുപോയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുമ്പോഴേക്കും സിദ്ദിഖ് നേരേ മദ്രാസിലെത്തി.അന്നാണ് കമലും തമ്പി കണ്ണന്താനവും ആദ്യമായി സിദ്ദിഖിനെ കാണുന്നത്.ഒടുവില്‍ ചിത്രത്തില്‍ ചെറിയൊരു റോള്‍ സിദ്ദിഖിനു നല്‍കി.അന്ന് സിദ്ദിഖിന്റെ താമസവും കമലിനോടൊപ്പമായിരുന്നു.സിദ്ദിഖിനും കോരയെ അറിയില്ല.പക്ഷേ സിദ്ദിഖ് സിനിമയിലെത്താനുള്ള നിമിത്തമായി കോര മാറുകയായിരുന്നു. കോരയെക്കുറിച്ചുള്ള മുന്നറിവുകള്‍ കമല്‍ വിശദമായി ജോണ്‍പോളിേേനാടു പറഞ്ഞു.

കോരയുടെ പ്രവചനങ്ങളെ ആര്‍ എസ് ശ്രീനിവാസന്‍ പൂര്‍ണ്ണമായും വിശ്വാസിച്ചിരുന്നു. കമല്‍,കെ മധു, അനില്‍ എന്നീ മൂന്നു പേരുകളുമായി അദ്ദേഹം കോരയുടെ തീര്‍പ്പിനു ചെന്നതും അതുകൊണ്ടാണ്. കോര ചീട്ടിട്ടപ്പോള്‍ കിട്ടിയത് കമലിന്റെ പേര്.അങ്ങനെയാണ് മുന്‍പരിചയമില്ലാത്ത കമല്‍ മതി പുതിയ ചിത്രത്തിന്റെ സംവിധായകനെന്ന് ആര്‍ എസ് ശ്രീനിവാസന്‍ ഉറപ്പിക്കുന്നത്.കമലിനെക്കുറിച്ച് നേരത്തെതന്നെ ജോണ്‍പോള്‍ കൊടുത്തിരുന്ന ധൈര്യവും അദ്ദേഹത്തെ ആ തീരുമാനത്തിലെത്താന്‍ സഹായിച്ചു..അങ്ങനെ ഒരിക്കലും കണ്ടിട്ടില്ലാത്ത കോര മറ്റു പലര്‍ക്കുമെന്നതുപോലെ കമലിന്റെ ജീവിതത്തിലും ഒരു ടേണിംഗ് പോയന്റായി മാറി.കമലെത്താന്‍ വെകിയതോടെ മറ്റൊരുദിവസം കാണാമെന്നുറപ്പിച്ചാണ് ആര്‍ എസ് ശ്രീനിവാസന്‍ അന്നു മദ്രാസിലേക്ക് മടങ്ങിയത്.എന്നാല്‍ ഒരു മാസം കഴിഞ്ഞ് പത്രത്തില്‍ വന്ന വാര്‍ത്ത കമലിനെ വല്ലാതെ ഉലച്ചു.കുമരകത്ത് വച്ച് ഒരു ബോട്ടപകടത്തില്‍ ആര്‍ എസ് ശ്രീനിവാസന്‍ മരിച്ച വാര്‍ത്തയായിരുന്നു അത്.


സംവിധാനത്തിനുള്ള ആദ്യത്തെ അഡ്വാന്‍സ്ആര്‍ എസ് ശ്രീനിവാസന്റെ അപകടമരണത്തോടെ പൊലിഞ്ഞുപോയ സംവിധാനമോഹം പിന്നീട് ചിറകടിച്ചുയര്‍ന്നത് മദ്രാസിലേക്ക് ജോണ്‍പോള്‍ ക്ഷണിച്ചതോടെയാണ്.ജോണ്‍പോളിനൊപ്പം വുഡ്‌ലാന്റ്‌സ് ഹോട്ടലില്‍ ആര്‍ എസ് ശ്രീനിവാസന്റെ മക്കളായ ശിവപ്രസാദും രവിപ്രസാദുമുണ്ടായിരുന്നു. പിതാവ് ചെയ്യാനിരുന്ന പ്രൊജക്റ്റ് മക്കള്‍ ഏറ്റെടുത്തുനടത്താനാണ് തീരുമാനം.മോഹന്‍ലാലിന്റെ ഡേറ്റ് മുമ്പ് തന്നെ ആര്‍ എസ് ശ്രീനിവാസന്‍ ചോദിച്ചുറപ്പിച്ചിരുന്നതാണ്.കമലിനെപ്പറ്റി വളരെ നല്ല അഭിപ്രായം മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തിരുന്നു.മോഹന്‍ലാല്‍ നായകന്‍. തിരക്കഥ ജോണ്‍പോള്‍.കമല്‍ സംവിധാനം ചെയ്യും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അവര്‍ വന്നത്.

'ഞങ്ങള്‍ക്ക് താങ്കളെപ്പറ്റി കൂടുതലൊന്നുമറിയില്ലെങ്കിലും അച്ഛന്‍ തീരുമാനിച്ച സംവിധായകനാണ് നിങ്ങള്‍ . ആ നിലക്ക് താങ്കളെ വച്ച് പടം ചെയ്യിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. പക്ഷേ അമ്മ സമ്മതിക്കണം...അവസാനവാക്ക് അവരുടേതാണ് '
ശിവപ്രസാദ് പറഞ്ഞു.

കാഴ്ചയില്‍ എം എസ് സുബ്ബലക്ഷ്മിയെപ്പോലെ ഐശ്വര്യവതിയായ ബ്രാഹ്മണസ്ത്രീയായിരുന്നു അമ്മ. ബഹുമാനപൂര്‍വ്വം തൊഴുതെഴുനേറ്റ കമലിനോട് ഇരിക്കാന്‍ പറഞ്ഞ ശേഷം അവര്‍ ടംബ്ലറില്‍ കാപ്പിയെടുത്തു.ടംബ്ലറില്‍ ചായകുടിക്കുന്നതിന് കമലിനുള്ള പരിചയക്കുറവ് മനസ്സിലാക്കിയ അവര്‍ ചെറുചിരിയോടെ കാപ്പി തണുപ്പിച്ചുകൊടുത്തു.ഒപ്പം കുടുംബവിശേഷങ്ങള്‍ ആരായുന്നുമുണ്ടായിരുന്നു.അതേസമയം ഏതൊക്കെ സിനിമകളില്‍ പ്രവര്‍ത്തിച്ചെന്നോ ആര്‍ക്കൊക്കെയൊപ്പമാണ് ജോലി ചെയ്‌തെന്നോ ഉള്ള ചോദ്യങ്ങള്‍ അവരില്‍ നിന്നുമുണ്ടാകാത്തത് കമലിനെ തെല്ലതിശയിപ്പിച്ചു.

അല്‍പ്പസമയത്തേക്ക് അമ്മയും മക്കളും അകത്തേ മുറിയിലേക്കുപോയ.ആഹ്ലാത്തോടെ തിരിച്ചെത്തിയ ശിവപ്രസാദ് കമലിനു കൈ കൊടുത്തു.പ്രഥമദൃഷ്ട്യാ തന്നെ കമലിന്റെ ലാളിത്യം തിരിച്ചറിഞ്ഞ അമ്മ സംവിധായകനായി കമലിനെത്തന്നെ നിശ്ചയിച്ചിരിക്കുന്നു.അവര്‍ തന്നെ കമലിന് ചോറും സാമ്പാറും വിളമ്പി.ഭാര്യയെയും മക്കളെയും കൂട്ടിവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പിന്നെ ഒരു വെറ്റിലയെടുത്ത് അയ്യായിരത്തിയൊന്നു രൂപ അതില്‍വച്ച് കമലിനു നല്‍കി.സംവിധായകനെന്ന നിലയില്‍ ആദ്യത്തെ അഡ്വാന്‍സ്. 1985 ഡിസംബറിലായിരുന്നു അത്.


റീമേക്കില്‍ നിന്ന് മനസ്സിലെ സിനിമയിലേക്ക്്മനസ്സിലെ സിനിമാസങ്കല്‍പ്പങ്ങള്‍ തൊപ്പിയും തൊങ്ങലും നേടിയതോടെ പിന്നെയെല്ലാം വേഗത്തിലാണു നീങ്ങിയത്.പക്ഷേ അതിനിടയില്‍ അപ്രതീക്ഷിതമായി ചില ആശയക്കുഴപ്പങ്ങളുയര്‍ന്നു.ആര്‍ എസ് ശ്രീനിവാസന്‍ റൈറ്റ് വാങ്ങിവച്ചിരുന്ന ശിറൈ എന്ന തമിഴ്ചിത്രത്തിന്റെ റീമേക്കാണ് മക്കളുടെ മനസ്സിലുണ്ടായിരുന്നത്.അതില്‍ മോഹന്‍ലാലിന് ആന്റിഹീറോ പരിവേഷമാണുണ്ടാവുക.സിനിമയുടെ കാസറ്റ് കണ്ടതോടെ കമല്‍ നിരാശനായി. നായിക തമിഴ്‌ശൈലിയില്‍ പ്രതികാരം ചെയ്യുന്ന പതിവു തമിഴ് കഥ.അത്തരമൊരു സിനിമ റീമേക്കുചെയ്യുന്നതിനേക്കാള്‍ നല്ലത് തിരിച്ചുമടങ്ങുന്നതാണെന്ന് കമലിനുതോന്നി.മനസ്സിലുള്ള സിനിമാസങ്കല്‍പ്പങ്ങളോട് ഒരു പരിധിയിലധികം വിട്ടുവീഴ്ച ചെയ്യാനാവില്ലല്ലോ.എന്നാല്‍ കിട്ടിയ ചാന്‍സുകളയാതെ ഇതേ ചിത്രം ചെയ്യുന്നതായി വരുത്തി മറ്റൊരു കഥയുണ്ടാക്കാമെന്ന നിലപാടിലായിരുന്നു ജോണ്‍പോള്‍.

ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനാകാതെ കുഴങ്ങുമ്പോഴാണ് കമലിനോട് അക്കാലത്തു നടന്ന ഒരു സംഭവം ജോണ്‍പോള്‍ പറയുന്നത്.പ്രമുഖനായ ഒരു ബിസിനസുകാരന്റെ മകനു സംഭവിച്ചതാണത്.ഒന്നാന്തരം സ്ത്രീലമ്പടനായിരുന്ന അയാള്‍ പതിവായി നാട്ടില്‍നിന്നും പ്രലോഭിപ്പിച്ചുവശത്താക്കുന്ന സ്ത്രീകളെ ഉത്തരേന്ത്യയില്‍ പലയിടത്തും ടൂറുകളില്‍ ഒപ്പം കൂട്ടും.ആഗ്രയിലും ഡല്‍ഹിയിലുമെല്ലാം അയാള്‍ക്ക് സുഹൃത്തുക്കളുണ്ടായിരുന്നു.ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് സത്രീകളുമായി യാത്ര ചെയ്യുന്നത്.മദ്യപിച്ചു ലക്കുകെട്ടുകഴിഞ്ഞാല്‍ കൂടെക്കൊണ്ടുപോകുന്ന സ്ത്രീയെ ലൈംഗികമായി ഉപയോഗിച്ചശേഷം സുഹൃത്തുക്കളെ ഏല്‍പ്പിക്കും.വിവാഹവാഗ്ദാനങ്ങളിലും മറ്റും കുരുങ്ങി അവിടെയെത്തുന്ന സ്ത്രീകള്‍ അപ്പോള്‍ മാത്രമാണ് ചതി തിരിച്ചറിയുന്നത്.നിസ്സഹായാവസ്ഥയില്‍ അവര്‍ക്ക് വഴങ്ങിക്കൊടുക്കേതായി വരും.അങ്ങനെയിരിക്കെ ഇയാള്‍ വിവാഹിതനാകുന്നു.ഡല്‍ഹി ,ആഗ്ര എന്നിവിടങ്ങളിലൊക്കെയാണ് ഹണിമൂണ്‍ ട്രിപ്പ് പ്ലാന്‍ ചെയ്തത്.അതിനിടയില്‍ സുഹൃത്തുക്കളുമായുള്ള ഫോണ്‍സംഭാഷണത്തിനിടയില്‍ ഇപ്പോള്‍ ഡല്‍ഹിയിലുണ്ടെന്നും ആഗ്രയിലേക്ക് പോകാനൊരുങ്ങുകയാണെന്നും അയാള്‍ പറഞ്ഞു.മദ്യലഹരി മൂത്ത സുഹൃത്തുക്കള്‍ അപ്പോള്‍ത്തന്നെ അയാള്‍ താമസിച്ച ഹോട്ടലിലേക്കെത്തി.എത്ര അപേക്ഷിച്ചു പറഞ്ഞിട്ടും അയാളുടെ കൂടെയുള്ളത് ഭാര്യയാണെന്നു വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല. എന്നു മാത്രമല്ല അവര്‍ ആ സ്ത്രീയെ മാനഭംഗപ്പെടുത്താനും ശ്രമിച്ചു.അപ്രതീക്ഷിതമായുണ്ടായ സംഭവത്തിന്റെ ഞെട്ടലില്‍ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്കു പോയി.ആ മാനക്കേടിന് ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്ന അസാധാരണ നടപടിക്കാണ് അയാള്‍ തുനിഞ്ഞത്.സത്യത്തില്‍ കാര്യങ്ങളെല്ലാം പറഞ്ഞ് നേരെയാക്കാനും അയാള്‍ക്കു മാപ്പു കൊടുക്കാനും ആ സ്ത്രീ തയ്യാറായിരുന്നു. എന്നാല്‍ അവരെ വീണ്ടും മാനസികമായി തകര്‍ത്തുകൊണ്ട് അയാള്‍ വിവാഹമോചനത്തിനു തയ്യാറായത്.

യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവം. കമലിനെയത് നന്നായി സ്പര്‍ശിച്ചു. ഇതിലെ കഥാപാത്രങ്ങളെ എങ്ങനെയെങ്കിലും നിശ്ചിതപ്രൊജക്ടിലേക്ക് ഉള്‍പ്പെടുത്തണം.അങ്ങനെ രൂപപ്പെടുത്തി വന്നപ്പോഴേക്കും കഥ ശക്തമായി .അതായിരുന്നു മിഴിനീര്‍പ്പൂവുകള്‍ എന്ന ചിത്രം.മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ റിലീസ് ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് മിഴിനീര്‍പ്പൂവുകള്‍ റിലീസ് ചെയ്തത്.മോഹന്‍ലാലിന്റെ ഇമേജ് കുത്തനെ ഉയരുകയും രാജാവിന്റെ മകന്‍ ഹിറ്റാവുകയും ചെയ്തതോടെ മിഴിനീര്‍പ്പൂവുകള്‍ക്ക് അര്‍ഹിക്കുന്നത്ര ശ്രദ്ധ ലഭിച്ചില്ല.എങ്കിലും ഒരു സംവിധായകനെന്ന നിലക്ക് സംതൃപ്തിയും പെരുമയും ആദ്യചിത്രം കമലിനു സമ്മാനിക്കുകതന്നെ ചെയ്തു.


അപ്രതീക്ഷിതമായി രണ്ടാമത്തെ ചിത്രംസെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യാനെടുത്ത മിഴിനീര്‍പ്പൂവുകളുടെ ഡബ്ബിംഗ് എ വി എം കമ്പ്യൂട്ടര്‍ തീയേറ്ററില്‍ നടക്കുന്നു.മോഹന്‍ലാലടക്കം നടീനടന്‍മാരുടെ ഡബ്ബിംഗാണ് അപ്പോള്‍ നടക്കുന്നത്.അന്നത്തെ ദിവസം കമലിന് ഒരിക്കലും മറക്കാനാവില്ല.രാവിലെ ഡബ്ബിംഗ് സ്റ്റുഡിയോയിലെത്തിയപ്പോള്‍ ആദ്യം കേള്‍ക്കുന്നത് വേദനാജനകമായ വാര്‍ത്തയാണ്.ജോണ്‍ എബ്രഹാം മരിച്ചു.തലേ ദിവസം രാത്രി കോഴിക്കോട് ഒരു ഹോട്ടലിന്റെ മുകളില്‍ നിന്ന് വീണുള്ള മരണം
.
'അന്ന് ഇങ്ങനെ ടി വി ഒന്നുമില്ലല്ലോ.സത്യത്തില്‍ എനിക്കതു വലിയൊരു ഷോക്കായിരുന്നു... എനിക്കു ജോണ്‍ എബ്രഹാമുമായി നല്ല ബന്ധമുണ്ടായിരുന്നല്ലോ.എനിക്കവിടേക്കു പോകണമെന്നുണ്ട്. പക്ഷേ എന്റെ ആദ്യത്തെ പടത്തിന്റെ ഡബ്ബിംഗ് നടക്കുകയാണ്...വളരെയധികം തിരക്കില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഡബ്ബിംഗാണ് നടക്കുന്നത്.സത്യത്തില്‍ വല്ലാതെ വേദന തോന്നിയ ദിവസമായിരുന്നു അത്.'കമലിന്റെ ഓര്‍മ്മകളെ ജോണിന്റെ മരണം ഇന്നും അസ്വസ്ഥമാക്കുന്നു.ഉച്ചക്കുശേഷമായിരുന്നു മോഹന്‍ലാലിന്റെ ഡബ്ബിംഗ് നിശ്ചയിച്ചിരുന്നത്.തീര്‍ത്തും ഉത്സാഹരഹിതനായിരുന്ന കമല്‍ ഒപ്പമുള്ള അസിസ്റ്റന്റ് വിജിതമ്പിയോടും മറ്റും ജോണിന്റ കാര്യം തന്നെ പറഞ്ഞുകൊണ്ടിരുന്നു.അപ്പോഴേക്കും മോഹന്‍ലാലെത്തി.ലാലിനോട് മരണവിവരം പറയേണ്ടി വന്നില്ല, അദ്ദേഹമത് നേരത്തെതന്നെ അറിഞ്ഞിരുന്നു. ജോണിനൊപ്പമുള്ള പൂര്‍വ്വകാല അനുഭവങ്ങളും പരിചയകഥകളും ലാലിനോടും പങ്കുവച്ചതിനുശേഷമാണ് കമല്‍ ഡബ്ബിംഗ് സ്റ്റുഡിയോയിലേക്കു പോയതുതന്നെ

വൈകിട്ട് ഡബ്ബിംഗ് ഇടവേളയിലെ ചായകുടി സമയത്ത് സെഞ്ച്വറി കൊച്ചുമോനെത്തി .കമല്‍ പടം നന്നായി ചെയ്തിട്ടുണ്ടെന്ന് ലാല്‍ അഭിപ്രായപ്പെട്ടു.പെട്ടെന്നുതന്നെ കൊച്ചുമോന്‍ ചോദിച്ചു.കമലിനെന്തുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി ഒരു സിനിമ ചെയ്തുകൂട ? കൊച്ചുമോനും മോഹന്‍ലാലും ചേര്‍ന്ന് ചിയേഴ്‌സ് എന്ന പേരില്‍ ഒരു ബാനര്‍ തുടങ്ങിയിരുന്നു.അതിനുമുന്‍പുവരെ മമ്മൂട്ടി, മോഹന്‍ലാല്‍, ഐ വി ശശി, സീമ എന്നിവരോടൊപ്പം കാസിനോ ഫിലിംസിന്റെ പങ്കാളിയായിരുന്നു കൊച്ചുമോന്‍ .ചിയേഴ്‌സിന്റെ ആദ്യചിത്രം അനില്‍ സംവിധാനം ചെയ്യുന്ന അടിവേരുകള്‍ തുടങ്ങാന്‍ പോകുന്നു.രണ്ടാമത്രെ ചിത്രം കമല്‍ സംവിധാനം ചെയ്യണമെന്നാണ് കുഞ്ഞുമോന്‍ ആവശ്യപ്പെട്ടത്.കഥയെപ്പറ്റി ആലോചിക്കാന്‍ മോഹന്‍ലാലും പ്രേരിപ്പിച്ചു

(തുടരും)