നക്ഷത്രദൂരം 8Every child is an artist ,the problem is staying an artist when you grow up – Pablo Picasso


ഐ വി ശശി സംവിധാനം ചെയ്ത അടിമകള്‍ ഉടമകളുടെ ഷൂട്ടിംഗ് കണ്ണൂരില്‍ നടക്കുന്നു.ആ സെറ്റിലെത്തിയാണ് കമല്‍ ചീയേഴ്‌സിനുവേണ്ടിയുള്ള പുതിയ സിനിമയുടെ കഥ മോഹന്‍ലാലിനോട് ചര്‍ച്ചചെയ്തതും മറ്റു പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചതും.ജോണ്‍പോളിന്റെ രചനയിലുള്ള കമലിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്.പുതിയ ചിത്രത്തേക്കുറിച്ചാലോചിക്കുമ്പോള്‍ അതൊരിക്കലും റീമേക്കാവരുതെന്ന് ആദ്യംതന്നെ തീരുമാനിച്ചിരുന്നു.മോഹന്‍ലാലും കൊച്ചുമോനുമാണ് നിര്‍മ്മാതാക്കള്‍.അതുകൊണ്ടുതന്നെ മനസ്സിനു സംതൃപ്തി നല്‍കുന്ന ഒരു സിനിമ നിര്‍മ്മിക്കാനാവുമെന്നതില്‍ സംശയമില്ല.

എന്നാല്‍ കമലിനെ അസ്വസ്ഥനാക്കുംവിധം മറ്റൊരു ഇംഗ്ലീഷ്ചിത്രവുമായാണ് ജോണ്‍പോളെത്തിയത് .പ്രക്കാട്ട് ഫിലിംസ് മലയാളത്തിലേക്ക് നിര്‍മ്മിക്കാനാവുമോയെന്നന്വേഷിച്ച് നല്‍കിയ സിനിമയായിരുന്നു അത്. റീമേക്കിനുതാനില്ലെന്ന് കമല്‍ തീര്‍ത്തുപറഞ്ഞു.റീമേക്കുചെയ്യുന്നില്ലെങ്കില്‍ വേണ്ട;പക്ഷേ ആ സിനിമ കമലൊന്നു കാണുകയെങ്കിലും ചെയ്യണമെന്ന് ജോണ്‍പോള്‍ ആവശ്യപ്പെട്ടു.'ഹൂ വില്‍ ലൗ മൈ ചില്‍ഡ്രണ്‍' എന്ന സിനിമയായിരുന്നു അത്.കുറേ കുട്ടികള്‍ക്കും ജീവിതപ്രാരാബ്ധങ്ങള്‍ക്കുമൊപ്പം ഒരമ്മ.അവര്‍ക്ക് പിന്നീട് കുട്ടികളെ ദത്തുനല്‍കേണ്ട സാഹചര്യമുണ്ടാകുന്നു.നായികാപ്രാധാന്യമുള്ള നല്ലൊരു സിനിമയുടെ കഥ അതിലുണ്ടെന്നതു സത്യം തന്നെ.പക്ഷേ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചിന്തിക്കുമ്പോള്‍ ഈ ചിത്രത്തിന്റെ പ്രസക്തി എന്തെന്നായിരുന്നു കമലിന്റെ സന്ദേഹം.

അതുതന്നെയായിരുന്നു ജോണ്‍പോളിന്റെയും പ്രശ്‌നം.എന്നാല്‍ ഏതെങ്കിലും വിധത്തില്‍ ആ സിനിമ പ്രയോജനപ്പെടുത്തുകയും വേണം.ജോണ്‍പോളിന്റെ വാക്കുകളിലൂടെയും ഇംഗ്ലീഷ് ചിത്രത്തിലൂടെയും കമല്‍ വീണ്ടും മുങ്ങിത്താണു.'ഹൂ വില്‍ ലൗ മൈ ചില്‍ഡ്രണി'ല്‍ നിന്ന് സ്ത്രീപ്രാധാന്യം ഒഴിവാക്കിയാല്‍ അതിന് ഒരു സിനിമയുടേതായ എല്ലാ ഫീലും നഷ്ടപ്പെടും.അമ്മ എന്ന കണ്‍സെപ്റ്റിനെ ചുറ്റിപ്പറ്റിയുള്ള സിനിമയില്‍ പകരക്കാരനായി അച്ഛന്‍ അവരോധിക്കപ്പെട്ടാലത് വല്ലാതെ ബോറാകുകയും ചെയ്യും.ആ സിനിമ മാറ്റിവച്ചിട്ട് കുട്ടികളും മോഹന്‍ലാലും എന്ന കാഴ്ചപ്പാടില്‍ ഒരു കഥ ആലോചിച്ചുതുടങ്ങി.'ഉണ്ണികളേ ഒരു കഥ പറയാം' എന്ന സിനിമ ഉണ്ടായതങ്ങനെയാണ്. 'ഹൂ വില്‍ ലൗ മൈ ചില്‍ഡ്രണ്‍' എന്ന ചിത്രത്തിന്റെ പൂര്‍ണ്ണമായ സ്വാധീനത്തിലാണ് ആ സിനിമ പിറന്നത്.സ്വന്തം ഭാവനക്കനുസരിച്ച് കൃത്യമായി ചിത്രീകരിക്കുകകൂടി ചെയ്തതോടെ കമല്‍ മലയാളസിനിമയില്‍ വ്യക്തമയ കാല്‍വയ്പു നടത്തുകയായിരുന്നു.പിന്നീട് 'ഹൂ വില്‍ ലൗ മൈ ചില്‍ഡ്രണ്‍' എന്ന സിനിമ 'ആകാശദൂതെ'ന്ന പേരില്‍ മലയാളത്തില്‍ ചിത്രീകരിക്കപ്പെട്ടു.


നന്മയുടെ ഗന്ധമുള്ള ലില്ലിപ്പൂക്കള്‍ജോണ്‍പോള്‍ സ്‌ക്രിപ്റ്റ്് പൂര്‍ത്തിയാക്കിയതറിഞ്ഞ് കൊച്ചുമോന്‍ ഒരാവശ്യം ഉന്നയിച്ചു.സെഞ്ച്വറി ഫിലിംസ് രാജുമാത്യുവിന്റെ ഭാര്യയെ കഥയൊന്നുവായിച്ചുകേള്‍പ്പിക്കണം.കമല്‍ നന്നായി സിനിമ ചെയ്യുമെന്ന കാര്യത്തില്‍ കൊച്ചുമോന് യാതൊരു തര്‍ക്കവുമില്ല.അതേസമയം,നല്ല സ്റ്റോറിസെന്‍സുള്ള വ്യക്തിയെന്ന നിലയില്‍ ലില്ലിമാത്യു കഥയൊന്നുകേള്‍ക്കുന്നത് നന്നായിരിക്കും. കമലിനാദ്യം തെല്ലു നീരസമാണ് തോന്നിയത്.എന്നാല്‍ കൊച്ചുമോനുപിന്നാലെ ജോണ്‍പോളും നിര്‍ബന്ധിച്ചപ്പോള്‍ കമല്‍ കോട്ടയത്തേക്കുപോയി.കഥ വായിക്കുമ്പോള്‍ ലില്ലി മാത്യുവിനൊപ്പം രാജുമാത്യുവും കൊച്ചുമോനുമുണ്ടായിരുന്നു.ഇടക്കുവന്ന ഫോണ്‍കോളുകള്‍ക്ക് മറ്റുരണ്ടുപേര്‍ ചെവി കൊടുക്കുമ്പോഴും അതീവതാല്‍പ്പര്യത്തോടെ ലില്ലിമാത്യു കഥ കേട്ടിരുന്നു.അവര്‍ക്കത് വളരെ ഇഷ്ടപ്പെട്ടു.നന്നായി രൂപപ്പെടുത്താവുന്ന സിനിമയാണതെന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുവാനും അവര്‍ മടിച്ചില്ല.

'ഞാന്‍ വിചാരിച്ചപോലെ ഒരാളായിരുന്നില്ല അവര്‍...
ഈ പടം നൂറു ദിവസം ഓടും , ആള്‍ക്കാര്‍ക്കിഷ്ടപ്പെടും , അവര്‍ കയ്യടിക്കും എന്നൊന്നുമല്ല അവര്‍ പറഞ്ഞത്...
നല്ല സിനിമകള്‍ ഉണ്ടാകണം...കമേഴ്‌സ്യല്‍വിജയത്തിനപ്പുറം നല്ലൊരു സന്ദേശം കൊടുക്കാന്‍ സിനിമക്കു കഴിയണം...അതില്‍ നന്മയുണ്ടാകണം...അതൊക്കെയാണ് പറഞ്ഞത്.ഈ കഥയില്‍ അവര്‍ക്കു നന്മ കാണാനായി.രാജുച്ചായന്‍ ബിസിനസ്‌കാരനാണെന്നും കാശുണ്ടാക്കാനാണ് സിനിമയെടുക്കുന്നതെന്നും അംഗീകരിച്ചുകൊണ്ടുതന്നെ അവര്‍ പറയുമായിരുന്നു....നമ്മുടെ സിനിമ സമൂഹത്തില്‍ ആര്‍ക്കുമൊരു ദോഷമോ ദ്രോഹമോ ആവരുതെന്ന് ' -കമല്‍ ഓര്‍ക്കുന്നു.


സംഭാഷണത്തിനിടയില്‍ കമലിന്റെ ആദ്യസിനിമയായ മിഴിനീര്‍പ്പൂവുകളെക്കുറിച്ചും ലില്ലിമാത്യു പരാമര്‍ശിച്ചു.സിനിമയെന്ന നിലയില്‍ അതിനെ ഇഷ്ടപ്പെടുമ്പോള്‍ത്തന്നെ സ്ത്രീലമ്പടനായ നായകസങ്കല്പത്തോട് അവര്‍ ഒട്ടും യോജിച്ചിരുന്നില്ല.എന്നാല്‍ ചിത്രത്തിനൊടുവില്‍ ദൈവത്തോടും നശിപ്പിച്ച പെണ്ണിനോടും മാപ്പുതേടാന്‍ നായകന്‍ തയ്യാറാകുന്നുണ്ട്. അത്തരത്തില്‍ സിനിമ അവസാനിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ രാജുമാത്യു പുതിയ ചിത്രത്തിന്റെ സംവിധായകനായി കമലിനെ നിര്‍ദ്ദേശിക്കുമ്പോള്‍ നിരുത്സാഹപ്പെടുത്തിയേനെയെന്നും അവര്‍ പറഞ്ഞു.സത്യത്തില്‍ കമലിനതൊരു ഇന്‍സ്പിറേഷനായിരുന്നു;മുമ്പൊരിക്കലും സിനിമയില്‍ ആരും നല്‍കിയിട്ടില്ലാത്ത തിരിച്ചറിവും

മൂന്നാറടക്കം പലസ്ഥലങ്ങളും നോക്കിയതിനുശേഷമാണ് കൊടൈക്കനാല്‍ മതി ലൊക്കേഷനെന്നു നിശ്ചയിച്ചത്.ആര്‍ട്ട്ഡയറക്ടറും ക്യാമറാമാനുമടക്കം ഒരുസംഘമാളുകള്‍ കമലിനൊപ്പം കൊടൈക്കനാലിലുണ്ട്. സെറ്റുതയ്യാറാക്കുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടക്ക് അവിചാരിതമായാണ് താമസിക്കുന്ന ഹോട്ടലിലേക്ക് സെഞ്ച്വറി ഫിലിംസിന്റെ ഓഫീസില്‍ നിന്നും അശുഭവാര്‍ത്തയെത്തിയത്.ലില്ലി മാത്യു അന്തരിച്ചു.ക്യാന്‍സര്‍രോഗബാധിതയാണ് അവരെന്ന് ഇടക്കെപ്പോഴോ കൊച്ചുമോന്‍ പറഞ്ഞിരുന്നെങ്കിലും അതിത്രത്തോളം ഗൗരവസ്വഭാവമാര്‍ജ്ജിച്ചിരുന്നെന്ന് കമലറിഞ്ഞിരുന്നില്ല.

ഒരു നല്ല സിനിമക്കുള്ള പ്രചോദനം നല്‍കിയിട്ട് അത് പൂര്‍ത്തീകരിച്ച് കാണാന്‍ നില്‍ക്കാതെ അവര്‍ പോയിരിക്കുന്നു.'ഉണ്ണികളെ ഒരു കഥ പറയാം'എന്ന ചിത്രം ലില്ലി മാത്യുവിന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ സമര്‍പ്പിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.പിന്നീട് സംവിധാനം ചെയ്ത സിനിമകളിലെല്ലാം അറിഞ്ഞോ അല്ലാതെയോ നന്മയുടെ സന്ദേശം കടന്നുവന്നിട്ടുണ്ടെങ്കില്‍ ലില്ലിമാത്യുവാണ് അതിനു നിമിത്തമായതെന്ന് കമല്‍ കരുതുന്നു.ഒരു സിനിമാവിതരണക്കാരന്റെ ഭാര്യ എന്ന നിലയിലുള്ള മുന്‍വിധിയോടെയാണ് ആദ്യം കാണാന്‍പോയതെങ്കിലും ഒന്നാന്തരമൊരു സിനിമാസ്വാദകയാണ് അവരെന്ന് അന്നുതന്നെ കമല്‍ തിരിച്ചറിഞ്ഞിരുന്നു.അവരുടെ വാക്കുകളളെ മുഖവിലക്കെടുക്കാന്‍ കമലിനെ പ്രേരിപ്പിച്ചതും അതുതന്നെയാണ്


ഉണ്ണികള്‍ സിനിമയിലും ജീവിതത്തിലും'ഉണ്ണികളെ ഒരു കഥ പറയാം' കൊടൈക്കനാലില്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഹന്നയുടെ ജനനം. ഭാര്യ പ്രസവിക്കുമ്പോള്‍ ഭര്‍ത്താവിനുണ്ടാകാറുള്ള ടെന്‍ഷന്‍ അനുഭവിക്കാനുള്ള യോഗം കമലിനില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ട അവസരമായിരുന്നു അത്.മകന്‍ ജനുസ് ജനിച്ചപ്പോഴും ഒരു ദിവസം വൈകിയാണ് കമല്‍ വീട്ടിലെത്തിയത്. 'ഈ വഴി മാത്രം 'എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന കമല്‍ അപ്പോള്‍ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ക്ക് മദ്രാസിലാണ്.പ്രസവം പ്രതീക്ഷിച്ചിരുന്ന ദിവസങ്ങളില്‍ സിനിമയുടെ തിരക്ക് ഒഴിവാക്കി നാട്ടിലേക്ക് പോകാന്‍ സംവിധായകന്‍ രവിഗുപ്തനുമായി മുന്‍കൂര്‍ധാരണയുണ്ടാക്കിയിരുന്നതാണ്.നാട്ടിലേക്ക് ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.യാത്ര നിശ്ചയിച്ചിരുന്ന ദിവസം ഡബ്ബിംഗ് ജോലികള്‍ തീര്‍ത്ത് നേരെ റയില്‍വേസ്‌റ്റേഷനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ലോഡ്ജില്‍ നിന്നുമിറങ്ങിയത്.അന്ന് ലോഡ്ജിലേക്ക് ഭാര്യാസഹോദരന്‍ വിളിച്ച വിവരം കമലറിഞ്ഞിരുന്നില്ല.പിറ്റേദിവസം രാവിലെ കല്ലാറ്റിന്‍കര റയില്‍വേസ്റ്റേഷനില്‍നിന്നും ഓട്ടോറിക്ഷയില്‍ കമല്‍ നേരെ ഭാര്യവീട്ടിലേക്കുചെന്നു.

'ഹ... നല്ല ആളാണ് ...ഇന്നെല വിളിച്ചുപറഞ്ഞിട്ട ഇന്നാണല്ലോ വരുന്നത്.'പൂമുഖത്ത് പത്രം വായനയിലായിരുന്ന ഭാര്യാസഹോദരന്‍ ചോദിച്ചു.കമലിന് ഒന്നും മനസ്സിലായില്ല. 'സബൂറ പ്രസവിച്ച കാര്യമാ...ഇന്നലെ രാവിലെ എട്ടരക്ക്.'

കമല്‍ അപ്പോള്‍ത്തന്നെ ഹോസ്പിറ്റലിലേക്കോടി.ഒരു ദിവസം വൈകി മോനെ കാണുകയാണ്.ഭാര്യ പരിഭവത്തോടെ കരഞ്ഞു.
മകളുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചിരിക്കുന്നു.കൊടൈക്കനാലില്‍ ഷൂട്ടിംഗ് നിശ്ചയിക്കുമ്പോള്‍ അക്കാലയളവിലായിരിക്കും പ്രസവമെന്ന് ഭാര്യ ഓര്‍മ്മിപ്പിച്ചിരുന്നു.എന്നാലിത്തവണ മുന്‍പത്തെപ്പോലെയുണ്ടാവില്ലെന്നും ഷൂട്ടിംഗ് നിര്‍ത്തിവച്ചിട്ടാണെങ്കിലും പ്രസവസമയത്ത് കൂടെയുണ്ടാകുമെന്നും കമല്‍ ഉറപ്പ് നല്‍കിയതാണ്.കൊടൈക്കനാലിലെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ദിവസേന രാവിലെയും വൈകുന്നേരവും കാര്യങ്ങള്‍ വിളിച്ചന്വേഷിക്കുന്നുണ്ടായിരുന്നു.പ്രസവദിവസവും രാവിലെ വിളിച്ചതാണ്.

അപ്പോള്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഇനിയുമുണ്ട് ഒരാഴ്ച.അന്ന് നാലുമണിയായപ്പോഴേക്കും കൊടൈക്കനാലില്‍ കനത്ത മഴ പെയ്യുകയും താമസസ്ഥലത്ത് വൈദ്യുതിയും ടെലഫോണ്‍ ബന്ധവും വിശ്ചേദിക്കപ്പെടുകയും ചെയ്തു.വീട്ടില്‍ നിന്നുമപ്പോള്‍ കമലിനെ വിളിക്കാന്‍ നിരന്തരം ശ്രമിക്കുകയായിരുന്നു.സെഞ്ച്വറി ഫിലിംസിന്റെ കോണ്‍ടാക്ട് നമ്പരില്‍ വീട്ടില്‍ നിന്നും വിളിച്ചറിയിച്ചിരുന്നതുകൊണ്ട് അവരും കമലിനെ ഫോണില്‍ കിട്ടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.രാത്രി ഒരു മണിയോടെ ഫോണ്‍ ശരിയായി.അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി ഫോണ്‍സന്ദേശം കമലിനെ അറിയിച്ചു.കമലിന് വല്ലാത്ത സങ്കടം തോന്നി.


'സാധാരണ ഭാര്യ പ്രസവിച്ചാല്‍ സന്തോഷമാണല്ലോ തോന്നുക.ഇതിപ്പോ ഞാന്‍ അവിടെ ഒപ്പമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടവും വന്നു...സത്യത്തില്‍ കരഞ്ഞുപോയി. രാവിലെ എഴുനേറ്റപ്പോള്‍ കൊച്ചുമോനും മോഹന്‍ലാലുമെത്തി കണ്‍ഗ്രാജുലേഷന്‍സ് പറഞ്ഞു.ഷൂട്ടിംഗ് നിര്‍ത്തി വേണമെങ്കില്‍ പൊയ്‌കോള്ളാന്‍ കൊച്ചുമോന്‍ പറഞ്ഞതുമാണ്.എന്നാലന്ന് കുട്ടികളെയൊക്കെവച്ച് പ്രധാനപ്പെട്ട ഒരു സീന്‍ തീര്‍ക്കേണ്ട ദിവസമായിരുന്നു.എന്തായാലും പ്രസവം കഴിഞ്ഞു...ഇനിയിപ്പോ അന്നത്തെ ഷൂട്ടു കഴിയട്ടെയെന്നു കരുതി.വൈഫിനെ വിളിച്ചപ്പോള്‍... ഇനിയിപ്പോ ഒന്നും പറയാനില്ല... മോളാണ് എന്നൊക്കെ പറഞ്ഞു.വാസ്തവത്തില്‍ പിന്നീട് പതിനൊന്നു ദിവസം കഴിഞ്ഞ് ്ഷൂട്ടിംഗ് തീര്‍ന്നിട്ടാണ് വീട്ടിലെത്തി ഞാനെന്റെ മകളെ കാണുന്നത്.'

രണ്ടുദിവസമെങ്കിലും വേണം വീട്ടില്‍ പോയിവരാനെന്നിരിക്കെ അതിന്റെ പേരില്‍ ഷൂട്ടിംഗ് മുടങ്ങേണ്ടെന്ന് കമല്‍ കരുതി.അത്തരം നിലപാടുകള്‍ സമയാസമയങ്ങളില്‍ സ്വീകരിച്ചതുകൊണ്ട് മാത്രമാണ് ഒരു സിനിമാക്കാരനായതെന്നും അല്ലാത്തപക്ഷം ഒരു സാധാരണ ഗള്‍ഫ്കാരനാകാനേ കഴിയുമായിരുന്നുള്ളൂവെന്നും കമല്‍ കരുതുന്നു. കൊടുങ്ങല്ലൂരില്‍ നിന്നും നിരവധി ബന്ധുക്കളും സമകാലികരും സുഹൃത്തുക്കളും ഗള്‍ഫിലുണ്ടായിരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

''ഗള്‍ഫിലായിരുന്നെങ്കില്‍ ഇങ്ങനെപോലും വീട്ടിലെത്താനാവില്ല.വര്‍ഷാവര്‍ഷമായിരിക്കും ലീവ് കിട്ടുക.വൈഫിന്റെ ചേച്ചി പ്രസവിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ഹസ്ബന്റിന് ഗള്‍ഫില്‍ നിന്നൊന്നു വരാനും കുഞ്ഞിനെ കാണാനും കഴിഞ്ഞത്.അങ്ങനെ നമ്മുടെ മുന്നില്‍ത്തന്നെ നിരവധി അനുഭവങ്ങളുണ്ട്.ഇതൊക്കെ പറഞ്ഞാണ് ഭാര്യയെ സമാധാനിപ്പിച്ചത്. ഇപ്പോഴും മോള്‍ ഇടക്കിടെ പരിഭവിക്കും... എന്നാലും എന്നെ പ്രസവിച്ചപ്പോള്‍ കാണാന്‍ വന്നില്ലല്ലോ എന്നൊക്കെ '
കമലിന്റെ വാക്കുകളില്‍ ഗൃഹാതുരത്വം നിറയുന്നു.


ജീവിതത്തിലേക്കു വളര്‍ന്ന ബാലതാരങ്ങള്‍കമല്‍ച്ചിത്രങ്ങളില്‍പ്പലതിലും കുട്ടികള്‍ നിര്‍ണായകകഥാപാത്രങ്ങളാണ്.'ഉണ്ണികളെ ഒരു കഥ പറയാം' ആയിരുന്നു അവയില്‍ ആദ്യത്തേത്.കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, പൂക്കാലം വരവായി, തൂവല്‍ സ്പര്‍ശം...അങ്ങനെപോകുന്നു മറ്റുചിത്രങ്ങള്‍.ഈ ചിത്രങ്ങളിലഭിനയിച്ച ബാലതാരങ്ങള്‍ പലരും പിന്നീട് അപ്രതീക്ഷിതമായി കണ്‍മുന്നിലെത്തിയത് അതിശയങ്ങള്‍ സമ്മാനിച്ചുകൊണ്ടായിരുന്നു.ബാല്യദശയിലുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന കലാകാരന്റെ മനസ്സില്‍ അതവതരിപ്പിച്ച ബാലതാരങ്ങളും ഒരിക്കലും വളരുന്നില്ല എന്ന സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കുന്ന അനുഭവങ്ങളായിരുന്നു അവ.

സംവിധായകന്‍ ഭരതന്റെ വടക്കാഞ്ചേരിയിലെ വീട്ടില്‍ വച്ചുണ്ടായ ഒരനുഭവം ഇങ്ങനെ :
ഭരതന്റെ മരണവാര്‍ത്തയറിഞ്ഞാണ് കമല്‍ അവിടെയെത്തിയത്.തിരക്കിനിടയില്‍ നിന്നും സുമുഖനായൊരു ചെറുപ്പക്കാരന്‍ അദ്ദേഹത്തെ വിഷ് ചെയത് അരികിലെത്തി.

''കമല്‍ സാര്‍ എന്നെ അറിയുമോ...?എവിടെയെങ്കിലുംകണ്ടിട്ടുണ്ടോ...?'
കമലിന് ആളെ അടിമുടിയൊന്നുഴിഞ്ഞുനോക്കി.
'ഞാനിങ്ങനെ ഭരതനങ്കിള്‍ മരിച്ചതറിഞ്ഞു വന്നതാണ്'
അതു മനസ്സിലായെന്ന് തെല്ലു നീരസത്തോടെ കമല്‍ പറഞ്ഞു.
'സാറിനെന്നെ മനസ്സി്‌ലായില്ലെന്നു തോന്നുന്നു. ഞാന്‍ പ്രശോഭാണ്. മാസ്റ്റര്‍ പ്രശോഭ്'
കമല്‍ അന്തം വിട്ടു. കാക്കോത്തിക്കാവിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു പ്രശോഭ്. മനസ്സിലപ്പോഴും ചെറിയ കുട്ടിയായിരുന്ന മാസ്റ്റര്‍ പ്രശോഭ് ഒത്ത ചെറുപ്പക്കാരനായി മുന്നില്‍ നില്‍ക്കുന്നു.വിശ്വസിക്കാന്‍ കഴിയാത്ത മാറ്റം.


ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രത്തിലഭിനയിച്ച ബേബി ചൈതന്യയിപ്പോള്‍ വിദേശത്ത് ഡോക്ടറാണ്.ആ ചിത്രത്തിലെ മറ്റൊരു ബാലതാരത്തെ കോഴിക്കോട് ദേവഗിരിക്കോളജില്‍ 'എന്നോടിഷ്ടം കൂടാമോ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്സ്ഥലത്തുവച്ചാണ് പിന്നീടു കണ്ടത്.

ഒരിക്കല്‍ കമല്‍ ദുബായ് എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്നു.കുവൈറ്റ് എയര്‍വെയ്‌സിന്റെ മഞ്ഞ യൂണിഫോമണിഞ്ഞ് അതിസുന്ദരികളായ എയര്‍ഹോസ്റ്റസുമാരുടെ ഒരുസംഘം അവിടേക്കു വരുന്നുണ്ട്.നോര്‍ത്തിന്‍ഡ്യന്‍ ലുക്കും നല്ല ഉയരവുമുള്ള പെണ്‍കുട്ടി ദൂരെ നിന്നുതന്നെ കമലിനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

'കമലങ്കിള്‍ ... എന്നെ ഓര്‍മ്മയുണ്ടോ...?ഞാനിപ്പോള്‍ കുവൈറ്റ് എയര്‍വേയ്‌സില്‍എയര്‍ഹോസ്റ്റസാണ്'
ആളെ മനസ്സിലാവാതെ നിന്ന കമലിനോട് പെണ്‍കുട്ടി പറഞ്ഞു
'ഉണ്ണികളിലെ ബാലതാരം സ്വപ്‌നയാണ് ഞാന്‍...കമലങ്കിളെന്നെ ഒരുപാടുതവണ ചെവിക്കുപിടിച്ചിട്ടുള്ളതാ...'
മറ്റൊരു ബാലതാരം കൂടി അതിശയിപ്പിക്കുന്നു.'ഉണ്ണികളെ ഒരു കഥ പറയാ'മിലെ ഏറ്റവും കുറുമ്പത്തിയായ ബാലതാരമായിരുന്നു സ്വപ്‌ന.അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്യാമറക്കു മുന്നില്‍ എന്തെങ്കിലുമൊക്കെ കുസൃതികളൊപ്പിക്കാന്‍ എപ്പോഴുമവളുണ്ടാവും.ഇങ്ങോട്ടുനോക്കാന്‍ പറഞ്ഞാലവള്‍ അങ്ങോട്ടുനോക്കും.അപ്പോള്‍ ചെവിക്കൊരു പിടി കൊടുക്കും.പിന്നെ കരച്ചിലായി. അപ്പോള്‍പ്പിന്നെ അവളെ എടുത്തുകൊണ്ട് സെറ്റില്‍ നടക്കുകയല്ലാതെ കമലിനു വേറെ നിവൃത്തിയുണ്ടാവില്ല.മറക്കാനാവാത്ത അടുപ്പമുള്ള ബാലതാരം;അതായിരുന്നു സ്വപ്ന.


മറഞ്ഞുനില്‍ക്കുന്ന മിടുക്കിമിത്തുപോലെയുള്ള കഥാപാത്രമാണ് കാക്കോത്തി. കാക്കോത്തിയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഒരു കുട്ടി വേണം.നിശ്ചയിച്ചുറപ്പിച്ചിരുന്ന കുട്ടിയെ പല തവണ അഭിനയിപ്പിച്ചുനോക്കിയെങ്കിലും ഫലമില്ല.വല്ലാത്തൊരു നാണംകുണുങ്ങി.മറ്റൊരു ബാലതാരത്തെ മദ്രാസില്‍ നിന്നും കണ്ടെത്താമെന്നു കരുതിയിരിക്കുമ്പോഴാണ് ലൊക്കേഷനില്‍ വച്ച് ഒരു കുട്ടിയെ കമല്‍ കണ്ടത്.ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന സ്‌കൂള്‍കുട്ടികള്‍ക്കിടയില്‍ നിന്നും ആരോ കമലിനെ തോണ്ടി.അതുകാര്യമാക്കാതെ കൈ തട്ടിമാറ്റി കമല്‍ ഷൂട്ടിംഗില്‍ത്തന്നെ ശ്രദ്ധിച്ചു. വീണ്ടും ഒരു തോണ്ടല്‍ . ഇത്തവണ അതിനു ശക്തി കൂടുതലായിരുന്നു.കമല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു ചെറിയ പെണ്‍കുട്ടി.അവള്‍ തെല്ലുദേഷ്യത്തോടെ പറഞ്ഞു.'ഒന്നങ്ങോട്ടു മാറിനിന്നേ...എനിക്കുകാണുന്നില്ല എനിക്കു ഷൂട്ടിംഗ് കാണണ്ടേ.'

ഡയറക്ടറോട് മാറിനില്‍ക്കാന്‍ പറഞ്ഞ ഇവള്‍ ചില്ലറക്കാരിയല്ലല്ലോ.കാഴ്ച മറയാതെ മാറിനിന്നുകൊടുത്ത കമല്‍ പിന്നീടങ്ങോട്ട് അവളുടെ ചെയ്തികള്‍ ശ്രദ്ധിച്ചു.കമലിന്റെ കസേരയില്‍ കയ്യുംവച്ച് വളരെ ഗൗരവത്തിലവള്‍ ഷൂട്ടിംഗ് കാണുകയാണ്.സിനിമയിലെ ബാലതാരങ്ങള്‍ പറയുന്ന ഡയലോഗുകള്‍ക്കനുസരിച്ച് അവളുടെ ഭാവങ്ങളും അനുനിമിഷം മാറിവന്നു.ഒരുകുട്ടിക്കു ഡയലോഗ് തെറ്റി.അപ്പോഴവള്‍ക്കുണ്ടായ ഭാവമാറ്റം കാണേണ്ടതുതന്നെയായിരുന്നു.അടുത്ത പ്രാവശ്യവും അതേകുട്ടിക്കുവീണ്ടും തെറ്റി.മൂന്നാമത്തെ ടേക്കു പറയുമ്പോഴേക്കും അഭിനയിക്കുന്ന കുട്ടി പറയുന്നതിനുമുമ്പുതന്നെ അവള്‍ ഡയലോഗ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.നാലാമത്തെ ടേക്കിലും ആ കുട്ടിക്ക് തെറ്റിയതോടെ അയ്യേ ഈ കുട്ടിക്ക് അഭിനയിക്കാനുമറിയില്ലെന്നായി അവള്‍.

സഹായികളായിരുന്ന സൂര്യന്‍ കുനിശ്ശേരിയോടും സലിം പടിയത്തിനോടും അവളെ രഹസ്യമായൊന്നു ശ്രദ്ധിക്കാന്‍ കമല്‍ പറഞ്ഞു.ഷൂട്ടിംഗ് കണ്ടുകൊണ്ടിരുന്ന ആ പെണ്‍കുട്ടി അത്രമാത്രം അതില്‍ മുഴുകിപ്പോയിരുന്നു.കൗതുകം തോന്നിയ കമല്‍ അവളെ അടുത്തുവിളിച്ചു.സമീപമുള്ള സ്‌കൂളിലാണ് അവള്‍ പഠിക്കുന്നത്.ഷൂട്ടിംഗ് നടക്കുന്നതു കൊണ്ട് സ്‌കൂള്‍ നേരത്തെ വിട്ടിരുന്നു.വീടും അടുത്തുതന്നെ.അച്ഛന്‍ തഹസില്‍ദാറോ മറ്റോ ആണ്.അച്ഛനുമമ്മയുമറിയാതെയാണ് അവള്‍ ഷൂട്ടിംഗ് കാണാന്‍ വന്നത്.നിനക്കു സിനിമയില്‍ അഭിനയിക്കണോയെന്ന് കമല്‍ ചോദിച്ചു.ഒറ്റ നിമിഷംകൊണ്ടവള്‍ വല്ലാതെ നാണിച്ചു.നിന്നെ ഞാന്‍ കല്യാണം കഴിച്ചോട്ടെ എന്നൊരു ചെറുപ്പക്കാരി പെണ്‍കുട്ടിയുടെ മുഖത്തുനോക്കി ചോദിക്കുമ്പോള്‍ അവള്‍ക്കുണ്ടാകുന്ന നാണമില്ലേ അത്തരത്തിലൊന്നാണ് കമലവിടെ കണ്ടത്. ചോദ്യം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചപ്പോള്‍ അച്ഛന്‍ സമ്മതിക്കില്ലെന്നായി മറുപടി.

അടുത്ത ദിവസം രാവിലെ ഒരു പത്തുമണിയോടെ ആ കുട്ടിയുടെ അച്ഛന്‍കമലിനെ തേടിയെത്തി.
'മോളിന്നലെ വീട്ടില്‍വന്നു ഭയങ്കര വാശിയും കരച്ചിലുമായിരുന്നു.അവള്‍ക്കു സിനിമയില്‍ അഭിനയിക്കണമെന്ന് ...അഭിനയിപ്പിക്കാമെന്ന് സാര്‍ പറഞ്ഞത്രേ.ഞാനതിനുസമ്മതിക്കണമെന്നു പറഞ്ഞായിരുന്നു കരച്ചില്‍....സാര്‍ തമാശയായിട്ടുവല്ലതും പറഞ്ഞതാണോ എന്നൊന്നറിയാമെന്നു കരുതി വന്നതാണ്.'

'തമാശക്കല്ല; കാര്യമായിട്ടുതന്നെ പറഞ്ഞതാണ്.അവള്‍ മിടുക്കിയാണ് നല്ല ടാലന്റ് ഉണ്ട്.എനിക്കവളെ ഇഷ്ടമായി.നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ഞാനവളെ തീര്‍ച്ചയായും അഭിനയിപ്പിക്കാം.'

'അവള്‍ മുമ്പൊന്നും അഭിനയിച്ചിട്ടില്ല...അത്തരത്തിലൊരു കഴിവുണ്ടൊ എന്നും ഞങ്ങഘള്‍ക്കറിയില്ല...സ്‌കൂളിലൊക്കെ ഡാന്‍സിനു പങ്കെടുത്തിട്ടുണ്ട്.'

പിറ്റേ ദിവസം പെണ്‍കുട്ടി അഭിനയിക്കാനെത്തി.ഏറ്റവും രസകരമായാണ് അവള്‍ അഭിനയിച്ചത്.എല്ലാത്തവണയും ആദ്യടേക്കില്‍ത്തന്നെ ശരിയായി.അത്തരത്തിലൊരു ബാലതാരത്തിന്റെ പേര്‍ എങ്ങനെയോ കമലിന്റെ മനസ്സില്‍ നിന്നു കൊഴിഞ്ഞുപോയി.ബാലതാരങ്ങളെക്കുറിച്ചെഴുതണമെന്നു കരുതിയ സന്ദര്‍ഭങ്ങളിലെല്ലാം ആ പെണ്‍കുട്ടിയുടെ പേര് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.അന്നത്തെ അസിസ്റ്റന്റ് ഡയറക്ടര്‍മാരെയെല്ലാം വിളിച്ചന്വേഷിച്ചു. മൂന്നുദിവസം മാത്രമേ പെണ്‍കുട്ടി സെറ്റിലുണ്ടായിരുന്നുള്ളൂ.അച്ഛനോ അമ്മയോആയിരിക്കും കൊണ്ടുവരിക.ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിയ പെണ്‍കുട്ടിയെ പിന്നീടൊരിക്കലും കാണാന്‍ കഴിഞ്ഞിരുന്നില്ല.

അങ്ങനെ കുട്ടിയുടെ പേരും പിന്നീടു മറക്കുകയായിരുന്നു.അതില്‍ കമലിന് വല്ലാത്ത കുറ്റബോധവുമുണ്ട്്.ഓര്‍മയിലിപ്പോഴും അവളുടെ കുസൃതിയും അഭിനയശേഷിയും നിറഞ്ഞു നില്‍ക്കുന്നു.അന്നത്തെ പ്രായം വച്ചുനോക്കുമ്പോള്‍ വിവാഹിതയായി കുടുംബത്തോടൊപ്പം എവിടെയെങ്കിലും താമസിക്കുന്നുണ്ടാവും .എന്നെങ്കിലുമൊരിക്കല്‍ ആ പെണ്‍കുട്ടിയെ ഒരിക്കല്‍ക്കൂടി കാണണമെന്ന് കമല്‍ ആഗ്രഹിക്കുന്നുണ്ട്.ഒരിക്കല്‍കൈവിട്ടുപോയ പിന്നീടൊരിക്കലും കാണാത്ത ബാലതാരങ്ങള്‍ പലരുമുണ്ടെങ്കിലും കാക്കോത്തിയുടെ കുട്ടിക്കാലമഭിനയിച്ച ഈ പെണ്‍കുട്ടി അവരില്‍ നിന്നെല്ലാം വ്യത്യസ്തയും മിടുക്കിയുമായിരുന്നു.


'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളി'ല്‍ അംബികയുടെ ചെറുപ്പം അഭിനയിച്ചത് കാവേരിയാണ്.കാവേരി പിന്നീട് അറിയപ്പെടുന്ന നടിയായിമാറി.രേവതിയുടെ കുട്ടിക്കാലം മന്ത്രയാണഭിനയിച്ചത്.മറ്റൊരു ബാലതാരത്തിന്റെ പകരക്കാരിയായി വന്നതാണ് മന്ത്രയും.ആദ്യമുണ്ടായിരുന്ന കുട്ടിയെ കരച്ചിലൊഴിവാക്കി അഭിനയിപ്പിക്കാന്‍ കഴിയില്ലെന്നുവന്നപ്പോള്‍ മദ്രാസില്‍ നിന്നും ആര്‍ട്ടിസ്റ്റുകളെ അയച്ചുകൊടുക്കുന്നവര്‍ വഴിയാണ് അവള്‍ വന്നത്.രേവതിയുടെ ബാല്യം അഭിനയിച്ച ആ കുട്ടിയെപ്പറ്റി പിന്നീട് ഒരറിവുമില്ലായിരുന്നു.വര്‍ഷങ്ങള്‍ക്കുശേഷം 'അയാള്‍ കഥ എഴുതുകയാണ് 'എന്ന ചിത്രത്തെക്കുറിച്ചാലോചിക്കുന്ന സന്ദര്‍ഭം .സൗന്ദര്യയെയായിരുന്നു പ്രധാനകഥാപാത്രമായി ഉദ്ദേശിച്ചിരുന്നത്.പക്ഷേ അവരന്ന് അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കുകയായിരുന്നതുകൊണ്ട് ഡേറ്റ് കിട്ടിയില്ല.

അനുയോജ്യയായ മറ്റൊരു നടിയെ കണ്ടെത്തണം.തെലുങ്കിലുള്ള മന്ത്ര എന്ന കുട്ടി കഥാപാത്രത്തിനിണങ്ങുമെന്ന് നടി സരിതയാണ് പറഞ്ഞത്.തമിഴ് പടത്തിലും അഭിനയിച്ചിട്ടുണ്ട്.മന്ത്രയുമായി സംസാരിച്ചശേഷം സരിത വീണ്ടും കമലിനെ വിളിച്ചു. കമലിന്റെ ചിത്രമുണ്ടെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ മന്ത്ര ത്രില്ലടിച്ചെന്നും കാക്കോത്തിക്കാവില്‍ രേവതിയുടെ ചെറുപ്പം അഭിനയിച്ച കുട്ടിയാണതെന്നും സരിത പറഞ്ഞു.പക്ഷേ മന്ത്രയിപ്പോള്‍ സിങ്കപ്പൂരില്‍ ഷൂട്ടിംഗിലാണ്.ഒരു മാസം കഴിഞ്ഞേ വരികയുള്ളൂ.സത്യത്തില്‍ കമലിനത് അവിശ്വസനീയമായ അറിവായിരുന്നു.. സെക്‌സി അപ്പിയറന്‍സിലടക്കം ശ്രദ്ധേയയായ മന്ത്ര എന്ന നടി തന്റെ പഴയ ബാലതാരമാണെന്ന തിരിച്ചറിവ്.മന്ത്ര അന്നുരാത്രിതന്നെ കമലിനെ വിളിച്ചു..ഇപ്പോള്‍ തമിഴ്പടത്തിന്റെ ജോലിയിലാണുള്ളതെന്നും മറ്റൊരു ചിത്രത്തിലഭിനയിക്കാഗ്രഹമുണ്ടെന്നും അറിയിക്കാനായിരുന്നു അത്.

തൂവല്‍സ്പര്‍ശത്തിലെ കൈക്കുഞ്ഞിന്റേതും ഇത്തരത്തിലൊരു കഥയാണ്. ഗ്രാമഫോണിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് അവളെ ,ഫര്‍സാനയെ,വീണ്ടും കമല്‍ കണ്ടത്.അന്ന് ഏഴിലോ എട്ടിലോ ആണ്.ഷൂട്ടിംഗ് കാണാന്‍ നില്‍ക്കുന്നവര്‍ക്കിടയില്‍ നിന്നും ഫര്‍സാനയെ അവളുടെ അങ്കിള്‍ കൂട്ടിക്കൊണ്ടുവന്നു.തൂവല്‍സ്പര്‍ശത്തിലെ കൈക്കുഞ്ഞിനെ എട്ടാം ക്ലാസ്സുകാരിയായി മുന്നില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി .കമല്‍ സെറ്റിലെല്ലാവരെയും വിളിച്ച് ഫര്‍സാനയെ പരിചയപ്പെടുത്തി.മീരാജാസ്മിനോടും മറ്റുമൊപ്പം നിന്നവള്‍ ഫോട്ടോയെടുത്തു.പിന്നീട് ഫര്‍സാനയെക്കുറിച്ച് കേള്‍ക്കുന്നത് കല്യാണം ക്ഷണിക്കാനെത്തുമ്പോഴാണ്.