നക്ഷത്രദൂരം 5The screen is a magic medium. It has such power that it can retain interest as it conveys emotions and moods that no other art form can hope to tackle.-Stanley Kubrick (American Film Maker)


കാലം കാത്തുനിന്നില്ല എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പി എന്‍ മേനോന്റെ കളരിയിലേക്കെത്തുമ്പോഴേക്കും സംവിധാനശൈലിയുടെ മറ്റൊരു ഭാഷ്യമായിരുന്നു കമലിനു കാണാന്‍ കഴിഞ്ഞത്.വ്യത്യസ്തങ്ങളായ പരിശീലനങ്ങളും കാത്തിരിപ്പുകളും വേണ്ടിവന്ന ദിനങ്ങള്‍.ഒരു വൈകുന്നേരത്തെ പതിവു നടത്തത്തിനിടയിലാണ് ആര്‍ കെ ലാബില്‍ വച്ച് കമലിന്റെ ജീവിതത്തിലേക്ക്് പി എന്‍ മേനോന്‍ കടന്നു വന്നത്.ലാബ് ശങ്കരന്‍കുട്ടിക്കൊപ്പമെത്തിയ അദ്ദേഹം കാഴ്ചയില്‍ത്തന്നെ വിഭിന്നനായിരുന്നു.ആകര്‍ഷകമായ തൊപ്പിയും ഹോളിവുഡ് സ്‌റ്റൈലിലുള്ള വ്യൂഫൈന്‍ഡര്‍ കഴുത്തിലുമായി ഊര്‍ജ്ജസ്വലനായ ഒരു മനുഷ്യന്‍.ക്യാമറയിലൂടെ നോക്കാതെതന്നെ റേഞ്ച് ഫിക്‌സ് ചെയ്യാനുള്ള വ്യൂഫൈന്‍ഡര്‍ അന്ന് സത്യജിത്ത് റായി അടക്കമുള്ളവരുടെ ട്രേഡ്മാര്‍ക്കായിരുന്നു.വിവിധ റേഞ്ചുകളിലുള്ള മൂന്നുലെന്‍സുകള്‍ ഉള്‍പ്പെടുന്ന വ്യൂഫൈന്‍ഡര്‍ തൂക്കി ചടുലമായെന്തൊക്കെയോ പറഞ്ഞ് തിരക്കുഭാവിച്ച് മേനോന്‍ അകത്തേക്കുപോയി.ശങ്കരന്‍കുട്ടിയെ മുന്‍പുതന്നെ കമലിനു പരിചയമുണ്ട്.ശാരദ സ്റ്റുഡിയോയില്‍ തമിഴ് പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍നിന്ന് കുറച്ച് റഷസ് കാണാന്‍ വേണ്ടി വന്നതാണ് പി എന്‍ മേനോനെന്ന് അദ്ദേഹം പറഞ്ഞു.ചിത്രത്തിന്റെ പ്രോസസിംഗ് നിശ്ചയിച്ചിട്ടുള്ളത് ആര്‍ കെ ലാബില്‍ വച്ചാണ്.പി എന്‍ മേനോനെ പരിചയപ്പെടാനുള്ള ആഗ്രഹം കമല്‍ അപ്പോള്‍ത്തന്നെ ശങ്കരന്‍കുട്ടിയെ അറിയിച്ചു.രണ്ടായിരം അടി റഷസ് പത്തുമിനുട്ടുകൊണ്ട് കണ്ട് മേനോന്‍ പ്രിവ്യൂ തീയേറ്ററില്‍ നിന്ന് തിരിച്ചിറങ്ങുമെന്ന് ശങ്കരന്‍കുട്ടി പറഞ്ഞു.

തനതുശൈലിയിയില്‍ ബീഡിപ്പുകവലയങ്ങള്‍ പൊതിഞ്ഞ മുഖത്തോടെ മേനോന്‍ പ്രിവ്യൂ തീയേറ്ററില്‍ നിന്നിറങ്ങിയപ്പോള്‍ ശങ്കരന്‍കുട്ടി അടുത്തെത്തി കമലിനെ പരിചയപ്പെടുത്തി.കൊടുങ്ങല്ലൂര്‍ സ്വദേശി ആണെന്നും ത്രാസം എന്ന പേരിലുള്ള സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നെന്നും പറഞ്ഞു.മേനോന്‍ ശ്രദ്ധയോടെ കേട്ടിരുന്നു.ശാരദാസ്റ്റുഡിയോയില്‍ അവരുടെ തന്നെ സിനിമയുടെ ജോലിയിലാണ് താനിപ്പോഴെന്ന് കമലിന്റെ അന്വേഷണങ്ങളോട് അദ്ദേഹം പ്രതികരിച്ചു.കമലിന് ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു.അദ്ദേഹം മടങ്ങിപ്പോയപ്പോള്‍ ശങ്കരന്‍കുട്ടിയും ഉപദേശിച്ചു;ഷൂട്ടിംഗ് സ്ഥലത്തുചെന്ന് മേനോനെ കണ്ടുസംസാരിക്കാന്‍.

എ ബി രാജിനോടൊപ്പമുള്ള ആദ്യചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ സ്വന്തം സൃഷ്ടിപരതകള്‍ക്കുകൂടി സ്ഥാനമുള്ള സിനിമാസങ്കല്‍പ്പങ്ങളിലേക്കൊരു മാറ്റം കമല്‍ ലക്ഷ്യമിട്ടിരുന്നു.പി എന്‍ മേനോനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാലത് അത്തരം വഴിത്തിരിവുകള്‍ക്ക് അനുകൂലമായേക്കും.ആര്‍ കെ ലാബില്‍ നിന്നും മേനോനിറങ്ങി പതിനഞ്ചുമിനുട്ടുകഴിഞ്ഞപ്പോഴേക്കും കമല്‍ ശാരദാസ്റ്റുഡിയോയിലെത്തിച്ചേര്‍ന്നു.

'ഏതു പടം ചെയ്‌തെന്നാണ് പറഞ്ഞത്...?'
സെറ്റിലൊരു കസാലയില്‍ ശാന്തനായിരിക്കുകയായിരുന്നു അദ്ദേഹം.ഷൂട്ടിംഗിനുള്ള അന്നത്തെ തയ്യാറെടുപ്പുകള്‍ തുടങ്ങിവരുന്നതേയുള്ളു.

'ത്രാസം... അതിന്റെ സ്‌ക്രിപ്റ്റ് ഞാനായിരുന്നു.'

അഭിമുഖമിരിക്കുന്ന മെലിഞ്ഞ ചെറുപ്പക്കാരനെ തെല്ലുകൗതുകത്തോടെയാണപ്പോള്‍ മേനോന്‍ നോക്കിയത്.

'ഓഹോ ... നീ സ്‌ക്രിപ്‌റ്റൊക്കെ എഴുതുമോ...? അതിനുനിനക്കു സിനിമ വല്ലതുമറിയാമോ...? ഇതെക്കുറിച്ചൊക്കെ അറിയാതെ എങ്ങനെ സ്‌ക്രിപ്‌റ്റെഴുതും...ആര്‍ക്കും ചെയ്യാവുന്ന പണിയാണോ സിനിമ...'
ഒരു കൂട്ടം ചോദ്യങ്ങള്‍ പരീക്ഷിക്കാനെന്നപോലെ മേനോന്‍ ഉന്നയിച്ചു.

'അതല്ല സാര്‍... സിനിമയെപ്പറ്റി പഠിക്കാന്‍ കൂടിയാണ്...'

'സിനിമ എടുത്താണോ പഠിക്കുന്നത്.'

'അതല്ല സാര്‍ ഞാനുദ്ദേശിച്ചത്...എന്റെ അമ്മാവനാണതിന്റെ പ്രൊഡ്യൂസര്‍.'

'കൊള്ളാമല്ലോ...അമ്മാവന്റെ കാശെടുത്തുള്ള കളിയാണ് ;അല്ലേ.'

'അദ്ദേഹം തന്നെയാണുസാര്‍ അതിന്റെ ഡയറക്ടര്‍'

'അതുശരി . മൂപ്പരും സിനിമയെടുത്തുകളിക്കുകയാണോ.'

സൗഹാര്‍ദ്ദപരമായ സംഭാഷണത്തിനിടയില്‍ കുട്ടിക്കളിയല്ല സിനിമ എന്ന യാഥാര്‍ത്ഥ്യം കമലിന്റെ ഓര്‍മ്മയിലേക്കു കൊണ്ടുവരാനാണ് മേനോന്‍ ശ്രമിച്ചത്.ഇടക്ക് സംഭാഷണം മുറിച്ചുകൊണ്ട് ഷോട്ട് റഡിയായി. തമിഴ്‌നടന്‍ ശ്രീകാന്ത് ക്യാമറക്കുമുന്നിലെത്തി.ഷോട്ടുതീര്‍ത്ത് മേനോന്‍ തിരിച്ചുവരുന്നതുവരെ കമല്‍ കാത്തുനിന്നു.പക്ഷേ അദ്ദേഹം പോകാനുള്ള ധൃതിയിലായിരുന്നു.അടുത്ത ദിവസം ഷൂട്ടിംഗ് ഷെഡ്യൂള്‍ ചെയ്തിട്ടില്ല.അപ്പോള്‍പ്പിന്നെയെങ്ങനെ അദ്ദേഹത്തെ കാണാന്‍ കഴിയും.ഡയറക്ടേഴ്‌സ് കോളനിയിയാണ് താന്‍ താമസിക്കുന്നതെന്നും അടുത്ത ദിവസം അങ്ങോട്ടു വന്നുകൊള്ളാനും മേനോന്‍ പറഞ്ഞു.കമല്‍ അക്കാലത്ത് താമസിച്ചിരുന്ന ഉമാ ലോഡ്ജിനടുത്തായിരുന്നു ഡയറക്ടേഴ്‌സ് കോളനി


ചിത്രം റബേക്ക: സംവിധാനം ഹിച്ചകോക്ക്്പിറ്റേന്നുതന്നെ ഡയറക്‌ടേഴ്‌സ് കോളനിയില്‍ കമലെത്തി.നിറനിലാവുപോലെ നിഷ്‌കളങ്കമായ ചിരിതൂകി സ്വീകരിച്ചത് പി എന്‍ മേനോന്റെ ഭാര്യ ഭാരതിയായിരുന്നു.. സ്വന്തം ഉമ്മയുടെ സാമീപ്യമാണ് കമലപ്പോള്‍ അനുഭവിച്ചത്.പാര്‍ശ്വഭാഗത്തുള്ള മുറിയില്‍ തലേദിവസത്തെ ലഹരിയുടെ പ്രകടമുഖഛായയോടെ മേനോനിരിക്കുന്നു.അഴിഞ്ഞുവീഴാറായ ലുങ്കിയും ചിതറിവീണ തലമുടിയും ഹാങ്ഓവറിന്റെ സൂചനകള്‍ ബാക്കിവച്ചു.വലിച്ചുവാരിയിട്ടിരിക്കുന്ന പേപ്പറുകളും പെയിന്റിംഗ്‌സുകളും കലാകാരന്റെ മുറിക്ക് ലക്ഷണങ്ങള്‍ തികച്ചു.കടലാസുകൂമ്പാരത്തിനിടയില്‍ അക്ഷമനായി എന്തോ തിരയുകയായിരുന്നു അദ്ദേഹം.ചുണ്ടിന്‍കോണിലെ കത്തുന്ന ബീഡിക്കൊപ്പം തല പൊന്തിച്ചുനോക്കിയ അദ്ദേഹം കമലിനെ തിരിച്ചറിഞ്ഞു.

'സാറെന്നോട് ഇന്നൊന്നു വരാന്‍ പറഞ്ഞിരുന്നു.'

'ശരി ശരി...ഇവിടെ വന്നൊന്നു തിരയാന്‍ സഹായിക്കൂ.'

'എന്താണുസാര്‍ കാണാനുള്ളത് ?'

'അതോ...കുറച്ചു പേപ്പര്‍ ഇവിടെ വച്ചിരുന്നതാണ് .നീയതൊന്നു നോക്കൂ...ഞാന്‍ പറയാം അതെന്താണെന്ന്.'

കാര്യമെന്തെന്ന് വ്യക്തമായില്ലെങ്കിലും കമലും ഒപ്പമിരുന്നു തിരച്ചില്‍ തുടങ്ങി.ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ പ്രശസ്തസിനിമ റബേക്കയുടെ എവിടെനിന്നോ ലഭിച്ച ഇംഗ്ലീഷ് സ്‌ക്രിപ്റ്റിന്റെ കോപ്പി കണ്ടുപിടിക്കാനുള്ള ശ്രമമായിരുന്നു അത്.രണ്ടുവര്‍ഷം മുന്‍പ് ആരോ മേനോനു കൊടുത്താണ്.അതിന്റെ പ്രചോദനത്തില്‍ പുതിയൊരു പടമെങ്ങനെ ചെയ്യാമെന്ന ആലോചന ശക്തമായപ്പോഴാണ് സ്‌ക്രിപ്റ്റ് അന്വേഷണം തുടങ്ങിയത്.ഏറെക്കഴിഞ്ഞ് ഇക്കാര്യം പറയുമ്പോഴും ഇടക്കിടെ കുത്തഴിയുന്ന മുണ്ടുപോലും ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ കണ്ണുകള്‍ കടലാസുകൂമ്പാരത്തില്‍ ഓടിക്കളിക്കുന്നുണ്ടായിരുന്നു.പത്തുപതിനഞ്ചുവര്‍ഷം അടുപ്പമുള്ള ഒരാളെപ്പോലെയാണ് കമലിനോടപ്പോഴദ്ദേഹം പെരുമാറിയിരുന്നത്.പന്ത്രണ്ടു മണിയോടെ സ്‌ക്രിപ്റ്റ് കണ്ടെത്തി.കമലാണെങ്കില്‍ പഴയ പേപ്പറിലെ പൊടിയേറ്റ്് തുമ്മിത്തുടങ്ങി.

'തന്നോട് ഞാനെന്തിനാ ഇതുനോക്കാന്‍ പറഞ്ഞത്...?'
മേനോന്‍ ആരോടെന്നില്ലാതെ ചോദിച്ചു.

'സാര്‍ പറഞ്ഞിട്ടാണ് ഞാനും കൂടിയത് '

'ഛേ... വീട്ടിലൊരാള്‍ വന്നിട്ട് ഞാനയാളെക്കൊണ്ടിത് ചെയ്യിപ്പിച്ചല്ലോ.'
സ്‌ക്രിപ്റ്റ് കണ്ടെത്തിയ സന്തോഷത്തിനിടയിലും അദ്ദേഹത്തിനു കുറ്റബോധം തോന്നി

'ഇല്ല സാര്‍. എനിക്കു സന്തോഷമേയുള്ളൂ''

കമലിന്റെ ആഗമനോദ്ദേശ്യത്തെപ്പറ്റിയായി പിന്നീട് മേനോന്റെ ചോദ്യം.അദ്ദേഹത്തിന്റെ സിനിമകള്‍ പലതും അതിനകംതന്നെ കമലിനെ ഒരളവോളം ആരാധകനാക്കിയിരുന്നു.ഓളവും തീരവും,ചെമ്പരത്തി,ചായം ... തുടങ്ങിയ സിനിമകളെല്ലാം നിമിഷാര്‍ത്ഥം കൊണ്ട് കമലിന്റെ മനസ്സില്‍ ഓടിയെത്തി.

'സാറിന്റെ അസിസ്റ്റന്റായി വര്‍ക്കുചെയ്താല്‍ കൊള്ളാമെന്ന് എനിക്കൊരാഗ്രഹമുണ്ട്.അതിനുവേണ്ടി വന്നതാണ് .ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന തമിഴ്പടത്തിലൊരവസരം കിട്ടിയാല്‍...'

'അതിന്റെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞതാണ്.പാച്ചുവര്‍ക്കുകളാണ് ഇന്നലെ നടന്നത്.ഡബ്ബിംഗും ഏതാണ്ട് തീരാറായി.പ്രൊഡ്യൂസറുടെ കയ്യില്‍ കാശില്ലാതെ മൂന്നുകൊല്ലമായി കിടക്കുന്ന പടമാണത്...എനിക്കിപ്പോള്‍ മലയാളം പടമൊന്നുമില്ല...ടാക്‌സിഡ്രൈവര്‍ ചെയ്തിട്ടിപ്പോള്‍ അഞ്ചുകൊല്ലമായി.അപ്പോപ്പിന്നെ എന്റെ കൂടെ നിന്നിട്ടെന്താ കാര്യം.'

തമിഴ് സിനിമയിലായാലും ശരി അദ്ദേഹത്തോടൊപ്പം വര്‍ക്കുചെയ്യാനനുവദിക്കണമെന്ന് കമല്‍ അഭ്യര്‍ത്ഥിച്ചു.അല്പമൊന്നാലോചിച്ച ശേഷം മേനോന്‍ അതനുവദിച്ചു.രണ്ടുദിവസം കഴിഞ്ഞ് കമല്‍ വീണ്ടും മേനോനെ തേടിയെത്തി.കഴിഞ്ഞ ദിവസത്തേതില്‍നിന്നു വിഭിന്നനായി യാത്രക്കെന്നവണ്ണമുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ആദ്യം .ചൊടിപ്പിക്കുന്ന ചില ചോദ്യങ്ങള്‍.പിന്നെ ത്രാസത്തിന്റെ കഥയെപ്പറ്റി വിശദമായി ആരാഞ്ഞു.കഥ സശ്രദ്ധം കേട്ടശേഷം ബര്‍ഗ്മാന്റെ സെവന്‍ത് സീലല്ലേയിതെന്നായി അടുത്ത സംശയം.വാസ്തവത്തില്‍ കഥക്കായിരുന്നില്ല അതിന്റെ ചില മൂഡുകള്‍ക്കായിരുന്നു സാദൃശ്യം. കമല്‍ ഇക്കാര്യം യുക്തിഭദ്രമായി അവതരിപ്പിച്ചു.മേനോന്റെ കണ്ണുകള്‍ തിളങ്ങി.റബേക്ക സിനിമ കണ്ടിട്ടുണ്ടോ എന്നുചോദിച്ച് അദ്ദേഹം അതിന്റെ സ്‌ക്രിപ്‌റ്റെടുത്തുകൊടുത്തു.അതു നന്നായി വായിച്ചശേഷം അടുത്ത ദിവസം കഥ പറഞ്ഞുകേള്‍പ്പിക്കണം.മോനോന്‍ പലവുരു വായിച്ചിരുന്ന തിരക്കഥയെ കമലെങ്ങനെ സ്വന്തം വീക്ഷണകോണിലൂടെ വ്യാഖ്യാനിക്കുന്നുവെന്നറിയാനായിരുന്നു അത്്. എവിടെയെങ്കിലുമൊക്കെ ക്രിയേറ്റിവിറ്റിയുടെ വേറിട്ട സ്ഫുരണങ്ങള്‍ കടന്നുവന്നേക്കുമെന്ന പ്രതീക്ഷ മേനോനുണ്ടായിരുന്നു.കമല്‍ അന്നത്തെ മുഴുനീളരാത്രിയില്‍ റബേക്ക വായിച്ചുപഠിച്ചു..ഇംഗ്ലീഷുസ്‌ക്രിപ്റ്റില്‍ ഇടക്കിടക്കുള്ള പേജുകളുടെ അഭാവം ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി.കഥാഗതിയിലത് ചില പൂരണങ്ങള്‍ ബാക്കിനിര്‍ത്തി.വല്ലാത്ത ടെന്‍ഷനോടെയാണ് അടുത്ത ദിവസം മേനോന്റെയടുത്തെത്തിയത്.

'നീ ഹിച്ച്‌കോക്കിന്റെ സിനിമകള്‍ കണ്ടിട്ടുണ്ടോ ?'

'ഉണ്ട് സാര്‍...സൈക്കോ കണ്ടിട്ടുണ്ട്'

'ഇതും അതേപോലെതന്നെ ഫേമസായ പടമാണ്.'

കമലിന് ഒരു കാര്യം വ്യക്തമായി. പി എന്‍ മേനോന്‍ ഹിച്ചകോക്കിനെ വളരെയധികം ആരാധിക്കുന്നു.ഉച്ചയോളം നീണ്ട സംഭാഷണമധ്യേ തനിക്കൊരു പ്രൊഡ്യൂസര്‍ മുന്നിലില്ലെന്നും എങ്കിലും റബേക്കയില്‍ നിന്ന് ഇന്‍സ്പിറേഷന്‍ ഉള്‍ക്കൊണ്ട് ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ ആഗ്രഹമുണ്ടെന്നും മേനോന്‍ പറഞ്ഞു.അതിനുതകുന്ന രീതിയില്‍ ആലോചിച്ചുനോക്കാന്‍ കമലിനോടദ്ദേഹം ആവശ്യപ്പെട്ടു. കമല്‍ അങ്ങനെയാണ് മേനോന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനാകുന്നത്.അര്‍ച്ചനടീച്ചര്‍ വന്ന വഴിമേനോന്റെ വീട്ടിലെ മറ്റൊരു ദിവസം.കമലെത്തുമ്പോള്‍ ചിത്രരചനയില്‍ മേനോന്റെ സഹായിയായ ബാലന്‍ പാലായിയും അവിടെയുണ്ട്.പത്രങ്ങളിലും സിനിമകളിലുമായി ജോലി ചെയ്തുവരികയാണ് ബാലനപ്പോള്‍.

മേനോന്‍ ചെറിയൊരാശയക്കുഴപ്പത്തിലായിരുന്നു. അദ്ദേഹമത് കമലിനോടു പങ്കുവച്ചു.
'ഇന്നലെ ജിജോ വന്നിരുന്നു.എന്നോട് കുറച്ച് പോസ്റ്റര്‍ ഡിസൈന്‍ ചെയ്യണമെന്നു പറഞ്ഞു.ഇനിയിപ്പോ ... നമ്മളത്രക്കങ്ങോട്ടു മോശക്കാരാകേണ്ട കാര്യമുണ്ടോ എന്നാണെന്റെ സംശയം.?'

'സാര്‍ നിരവധി സിനിമകളുടെ പോസ്റ്ററുകളൊക്കെ ഡിസൈന്‍ ചെയ്യുന്നതല്ലേ.ചെമ്പരത്തി,അസുരവിത്ത്.ഗന്ധര്‍വ്വ ക്ഷേത്രം അങ്ങനെ എത്രയെത്ര...'

'ഞാനാ പണിയൊക്കെ നിര്‍ത്തി എല്ലാം അടച്ചുപൂട്ടിക്കെട്ടിയതാണ്. ബ്രഷൊന്നും തൊടാനിപ്പോള്‍ താല്‍പ്പര്യമേയില്ല'
്അല്‍പ്പനേരത്തെ മൗനത്തിനുശേഷം അദ്ദേഹം തുടര്‍ന്നു
'പക്ഷേ എന്നാലും ചെയ്യണമെന്നാ ഇപ്പോള്‍ തോന്നുന്നത്.ദേവത കഴിഞ്ഞിട്ട്് മൂന്ന് മൂന്നരക്കൊല്ലമാ3യി.അതിനു കാശും കിട്ടിയിട്ടില്ല. പണിയില്ലെടാ...ജീവിക്കണ്ടേ ?്് പിള്ളേര്‍ക്ക് യൂണിഫോം വാങ്ങാനും ഭക്ഷണം കഴിക്കാനുമൊക്കെ കാശുവേണ്ടേ...ഉദയക്കാരാവുമ്പോ നല്ല കാശു തരും...'

അങ്ങനെയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വീണ്ടും അദ്ദേഹം പോസ്റ്റര്‍ ഡിസൈനില്‍ സജീവമാകുന്നത്.ആ സമയത്താണ് കമല്‍ മറ്റുചില സംവിധായകരുടെ ചിത്രങ്ങളില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ചതും ത്രാസത്തിന്റെ ബാക്കി ജോലികളുമായി മുന്നോട്ടുപോയതും.

അതിനിടയിലൊരു ദിവസം മുഖവുരകളൊന്നുമില്ലാതെ പി എന്‍ മേനോന്‍ വാടകവണ്ടി വിളിക്കാന്‍ കമലിനോടാവശ്യപ്പെട്ടു .ഇരുവരും നേരെ ജമിനി സ്റ്റുഡിയോയിലേക്കു പോയി.അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ പാസ്സുള്ളതുകൊണ്ട് ആഴ്ചതോറും പാശ്ചാത്യസിനിമകള്‍ കാണാന്‍ മേനോന് അവസരമുണ്ടായിരുന്നു.തന്റെ പാസ്സില്‍ കമലിനെക്കൂടി തീയേറ്ററില്‍ പ്രവേശിപ്പിച്ചശേഷം റബേക്ക കാണാനാണെത്തിയിരിക്കുന്നതെന്ന രഹസ്യം അദ്ദേഹം വെളിപ്പെടുത്തി.അദ്ദേഹം നേരത്തെതന്നെ റബേക്ക കണ്ടിട്ടുണ്ട് .വീണ്ടുമതു കാണാനും കമലിനൊപ്പമിരുന്ന് പുതിയ രൂപത്തില്‍ അതിനെയൊന്നു മാറ്റിച്ചിന്തിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

റബേക്ക കണ്ടതിന്റെ പശ്ചാത്തലത്തില്‍ അതുമായൊന്നും യാതൊരു ബന്ധമില്ലെങ്കിലും പുതിയൊരു കഥ മേനോനോടു പറയാന്‍ കമലിനു കഴിഞ്ഞു.അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന ഗ്രാമീണപശ്ചാത്തലമായിരുന്നു കഥക്കുള്ളത്.പ്രൊഡ്യൂസറെ കണ്ടുവച്ചിട്ടില്ലെങ്കിലും റബേക്ക തല്‍ക്കാലം നിര്‍ത്തിവച്ച് പുതിയ കഥയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.പിന്നെയും കുറേക്കാലം കഴിഞ്ഞാണ് ആ സിനിമ യാഥാര്‍ത്ഥ്യമായത്; കടമ്പയെന്ന പേരില്‍

ഇതിനിടയിലാണ് പി എന്‍ മേനോന് ചില റീമേക്കുചിത്രങ്ങള്‍ ചെയ്യേണ്ടതായി വന്നത്.കമലിനെ വിളിച്ചുവരുത്തി അദ്ദേഹം പറഞ്ഞു.
'ഒരു പടം കിട്ടുമെന്നു തോന്നുന്നു . പക്ഷേ എനിക്കതിലത്ര താല്‍പ്പര്യമില്ല.'

ഇരുവരും തമ്മിലുള്ള സൗഹൃദം വിപുലമാകുകയും പരസ്പരം സ്വതന്ത്രമായി ഇടപഴകുകയും ചെയ്തുതുടങ്ങിയ കാലമാണ് അത്.അദ്ദേഹം മേശവലിപ്പു തുറന്നു കാട്ടി. പുത്തനൊരു കെട്ടുനോട്ട് അതിലിരിക്കുന്നു.ഒരു സിനിമ സംവിധാനം ചെയ്യാന്‍ നടന്‍ മധു നല്‍കിയ പതിനായിരം രൂപയാണത്.മധു റൈറ്റ് നേടിയ അന്യഭാഷാചിത്രങ്ങള്‍ റീമേക്കുചെയ്യുകയാണ് വേണ്ടത്.പണത്തിന് നിരവധി ആവശ്യങ്ങളുള്ള സമയമായിരുന്നെങ്കിലും അതെടുത്തുപയോഗിക്കാന്‍ മേനോന്‍ മടിച്ചു.അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ സൃഷ്ടിപരമായി യാതൊന്നും ചെയ്യാനില്ലാത്തവയായിരുന്നു റീമേക്ക് സിനിമകള്‍. സംവിധാനച്ചുമതല ഏല്‍ക്കാന്‍ ആദ്യം മടിച്ചതും അതുകൊണ്ടാണ്. ഹിച്ച്‌കോക്കിന്റെ റബേക്ക പോലെയുള്ള പടത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് പുതിയൊരു സിനിമ ചെയ്യുന്നതും ഇത്തരത്തിലുള്ള റീമേക്കും തമ്മില്‍ അന്തരമുണ്ട്.എങ്കിലും ഒറിജിനല്‍ പ്രിന്റുകള്‍ കണ്ടിട്ടാവാം ബാക്കിയെന്ന് തീരുമാനിക്കുകയായിരുന്നു.

കോറാ കാഗസ് എന്ന ഹിന്ദിച്ചിത്രത്തിന്റെയും മറ്റൊരു തെലുങ്ക് ചിത്രത്തിന്റെയും അവകാശമാണ് മധു വാങ്ങിയിരുന്നത്്്.ജമിനിയിലെ ഫ്‌ലാറ്റിലാണ് അന്ന് മധു താമസിച്ചിരുന്നത്.അതിനടുത്തുള്ള സൗത്ത് ഫിലിം ചേംബറിന്റെ തീയേറ്ററില്‍ വച്ച് മേനോനും കമലും ഈ ചിത്രങ്ങള്‍ കണ്ടു.ആദ്യം തെലുങ്ക് ചിത്രമാണ് വിലയിരുത്തിയത്. ബീഡിവലിച്ചുതള്ളി അസ്വസ്ഥത മറച്ച് ഒരുവിധമാണ് മേനോന്‍ ഇന്റര്‍വെല്‍ വരെ ചിത്രം കണ്ടിരുന്നത്.ആ ചിത്രം റീമേക്കുചെയ്യാനാവില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.അതോടെ ഇന്റര്‍വെല്‍ സമയത്തുതന്നെ ആ ചിത്രം നിര്‍ത്തിവച്ചു. കോരാ കാഗസിന്റെ ഊഴമായിരുന്നു അടുത്തത്.തരക്കേടില്ലാത്ത സിനിമയായതുകൊണ്ട് ശ്രദ്ധാപര്‍വ്വം അദ്ദേഹമതു കണ്ടിരുന്നു.ചിത്രത്തിന്റെ സംവിധായകന്‍ നന്നായിട്ടുതന്നെയാണതുചെയ്തിരിക്കുന്നതെന്നും ഇനിയൊരു റീമേക്കിന്റെ ആവശ്യമുണ്ടോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ സംശയം.പെട്ടെന്നൊരു പടം ചെയ്യാന്‍ റീമേക്ക് മാത്രമേ തന്റെ മുന്നില്‍ വഴിയുള്ളുവെന്ന് മധു മറുപടി നല്‍കി

കോരാ കാഗസ് ഭേദമാണെന്നും റീമേക്കുചെയ്താല്‍ മോശമാകില്ലെന്നുമായിരുന്നു കമലിന്റെ അഭിപ്രായം .അടുത്തമാസം ഷൂട്ടിംഗ് തുടങ്ങണമെന്ന് മധു ആഗ്രഹിക്കുന്നു. സാമ്പത്തിക ആവശ്യങ്ങള്‍ അലട്ടുന്ന സമയമായിരുന്നതുകൊണ്ട് മേനോനും അന്തിമനിലപാടിലെത്തിച്ചേര്‍ന്നു.സ്വന്തമായി സ്‌ക്രിപ്റ്റുണ്ടാക്കി പുതിയ പടമെടുക്കുന്നതവിടെയിരിക്കട്ടെ;ഇത്തവണ റീമേക്കുതന്നെ ചെയ്യാമെന്ന് .ഉമാസ്റ്റുഡിയോയുടെ ബാനറില്‍ സീമ നായികയായ അര്‍ച്ചനടീച്ചര്‍ എന്ന ചിത്രം അങ്ങനെയാണുണ്ടായത്.പി എന്‍ മേനോന്റെ അസോസിയേറ്റ് ഡയറക്ടറാകുന്ന കമലിന്റെ ആദ്യചിത്രമായിരുന്നു അത്.

റബേക്ക ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പി എന്‍ മേനോനെ എന്നും ഭ്രമിപ്പിച്ചിരുന്നു.ഏതൊരു ചലച്ചിത്രസംരംഭത്തിനു സാധ്യത തെളിഞ്ഞാലും അദ്ദേഹത്തിന്റെ മനസ്സില്‍ റബേക്ക ഓടിയെത്തും.കടമ്പയും കടന്ന്അര്‍ച്ചനടീച്ചറിന്റെ ജോലികള്‍ കഴിഞ്ഞ സമയം.മേനോന്റെ സുഹൃത്ത് പുതിയൊരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.അപ്പോഴും മേനോന് ആദ്യം തോന്നിയ ആശയം റബേക്കയുടേതായിരുന്നു.കമലില്‍ നിന്നും കടമ്പയുടെയും റബേക്കയുടെയും കഥ പ്രൊഡ്യൂസര്‍ കേട്ടു.റബേക്കയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും സമയമെടുക്കും.വലിയൊരു നായകനടന്‍ തന്നെ അതിലഭിനയിക്കേണ്ടിവരും.ചെറിയ ബജറ്റിലുള്ള പടമാണ് പ്രൊഡ്യൂസര്‍ക്കുവേണ്ടത്.ഒരു കപ്പലിലെ ക്യാപ്റ്റനെ നായകനാക്കി റബേക്കപോലെ വലിയൊരു പടം ചെയ്യാനുള്ള സാമ്പത്തികശേഷിയില്ലെന്ന് നിര്‍മ്മാതാവ് ആവര്‍ത്തിച്ചു.ലോബജറ്റില്‍ ഷൊര്‍ണ്ണൂരോ മറ്റോ ചിത്രീകരിക്കാവുന്ന സിനിമയായിരുന്ന അദ്ദേഹത്തിന്റെ സങ്കല്‍പ്പം .അങ്ങനെയാണ് ഒരു വില്ലേജിന്റെ പശ്ചാത്തലത്തില്‍ കടമ്പയുടെ തുടങ്ങുന്നത്.പി എന്‍ മേനോന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചാണ് സീനുകളൊക്കെ കമല്‍ എഴുതിയുണ്ടാക്കിയത്.പടത്തിന്റെ ഷൂട്ടിംഗ് നിശ്ചയിച്ചു.അപ്പോഴേക്കും മേനോന്‍ അമിതമായി മദ്യപിക്കുമായിരുന്നു.പോസ്റ്റര്‍ ഡിസൈനിംഗിന്റെ ജോലിത്തിരക്കും അദ്ദേഹത്തിനുണ്ട്.രാവിലെ മുതല്‍ മൂന്നും നാലും പടത്തിന്റെ പോസ്റ്ററുകള്‍ അദ്ദേഹം ഡിസൈന്‍ ചെയ്തിരുന്നു.ചിലതെല്ലാം ബാലന്‍ പാലായിയെ ഏല്‍പ്പിച്ചു.മദ്രാസിലന്ന് മദ്യം കിട്ടില്ല.ഭാര്യയുടെ നിയന്ത്രണവും മേനോനുണ്ടായിരുന്നു.എന്നിട്ടും എവിടെനിന്നാണെന്നറിയില്ല, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ മദ്യം സംഘടിപ്പിച്ചുകൊടുത്തുകൊണ്ടേയിരുന്നു.കടമ്പയുടെ ലൊക്കേഷന്‍ കാണാന്‍ ഷൊര്‍ണ്ണൂരെത്തിയപ്പോഴേക്കും ആഘോഷങ്ങള്‍ എല്ലാ അതിരുകളും ലംഘിച്ചു.മദ്യമില്ലാത്ത മദിരാശിയില്‍ നിന്നും ഭാര്യയുടെ നിയന്ത്രണങ്ങളില്ലാത്ത കേരളത്തില്‍...മേനോനത് ലഹരിയുടെ ദിനങ്ങളായിരുന്നു.ചെറുതുരുത്തി ടി ബിയിലാണ് താമസസൗകര്യമൊരുക്കിയിരുന്നത്.

'വാസ്വേട്ടനുണ്ട്.ഇന്നിപ്പോ മുറി പൂട്ടിയിരിക്കുകയാണ്.അഞ്ചാറുമാസമായി ഏതോ ഒരു വലിയ നോവല്‍ എഴുതിക്കൊണ്ടിരിക്കുകയാണ്.'
എം ടി വാസുദേവന്‍ നായര്‍ സ്ഥലത്തുണ്ടെന്ന് ടി ബിയില്‍ അദ്ദേഹത്തിന് അടുപ്പക്കാരനായ മുഹമ്മദ് അറിയിച്ചു.

നാലു ദിവസം കഴിഞ്ഞപ്പോള്‍ എംടി അവിടെയെത്തി.തൊട്ടുപിന്നാലെ മേനോന്‍ ആ മുറിയിലേക്ക് തിരക്കുകൂട്ടി കയറിച്ചെന്നു.എഴുത്തിന്റെ തിരക്കിലാണ് എം ടി യെന്നു മനസ്സിലായതുകൊണ്ടാവാം പെട്ടെന്നുതന്നെ അദ്ദേഹം തിരിച്ചിറങ്ങുകയും ചെയ്തു.

'വാസ്വേട്ടന്‍ പുരാണകാര്യങ്ങളാണ് എഴുതുന്നത്.ഭീമനെക്കുറിച്ചോ എന്തോ ഉള്ള കഥയാണ്.കുറെ നാളായി തുടങ്ങിയിട്ട്്'
മുഹമ്മദ് വിശദീകരിച്ചു.

അന്നു രാത്രി വരാന്തയില്‍ വച്ച് കമല്‍ വീണ്ടും എം ടി യെ കണ്ടു.ബീഡി വലിച്ചുകൊണ്ട് മറ്റൊരു കോണില്‍ നിന്നിരുന്ന അദ്ദേഹം കമലിനെ നോക്കി പുഞ്ചിരിച്ച് മുറിയിലേക്കു മടങ്ങി.നല്ല ഫിറ്റായിരുന്ന മേനോന്‍ അതറിഞ്ഞതോടെ ആവേശപൂര്‍വ്വം എം ടിയുടെ മുറിയിലേക്ക് വീണ്ടും ഇടിച്ചുകയറി.മേനോന്റെ ഉച്ചത്തിലുള്ള ചിരിയും വര്‍ത്തമാനവും ടി ബിയിലെങ്ങും നിറഞ്ഞു.പിന്നെയും വൈകിയാണ് കമലറിഞ്ഞത് എം ടി അന്നെഴുതിക്കൊണ്ടിരുന്നത് രണ്ടാമൂഴം ആയിരുന്നുവെന്ന്.

കടമ്പയുടെ ഷൂട്ടിംഗ് കൈവിട്ട കളിയായിരുന്നു.കമലിനെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരനുഭവം കൂടിയായിരുന്നു ആ സിനിമ.സാമ്പ്രദായികരീതികളെ പൂര്‍ണ്ണമായും തിരസ്‌കരിച്ചുകൊണ്ടാണ് ഷൂട്ടിംഗ് നടന്നത്.ഷൂട്ടിംഗിന് ലൈറ്റുവേണ്ടെന്ന് ആദ്യം തന്നെ അദ്ദേഹം തീരുമാനിച്ചു.അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് വടിവൊത്ത അക്ഷരത്തില്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റുമായി കമല്‍ രാവിലെയെത്തുമ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ലെന്നായിരിക്കും നിലപാട്.

'എനിക്കു നിന്റെ സ്‌ക്രിപ്‌റ്റൊന്നും വേണ്ട...അതൊന്നുമില്ലാതെ ഞാനിവിടെ ഷൂട്ടുചെയ്യാന്‍ പോകുകയാണ്.'

പ്രവചനാതീതമായ രീതിയിലായിരിക്കും പിന്നെ ഷൂട്ടിംഗ് നടക്കുക.കമലെഴുതിവച്ചിരിക്കുന്നതുമായി യാതൊരു ബന്ധവും അതിനുണ്ടാവില്ല.

'അല്ല സാര്‍... നമ്മളിവിടെ എഴുതിയ സീനിങ്ങനെയാണ്'

'അതൊന്നും ശരിയാവില്ല. നീയെഴുതിവച്ചതല്ലേ... അതാര്‍ക്കുവേണം?'

'സാറു പറഞ്ഞിട്ടാണ് ഞാനിങ്ങനെ മാറ്റി എഴുതിയിരിക്കുന്നത് ...സെക്കന്റ് ഹാഫില്‍ അതിനൊരു കണക്ഷനുമുണ്ട്.'

അതെല്ലാം വരുന്ന മുറയ്ക്കുനോക്കാമെന്ന മറുപടിയോടെ തനിക്കു തോന്നുന്ന രീതിയിലാണ് അദ്ദേഹം കടമ്പ ഷൂട്ടുചെയ്തത്.

'അതായിരുന്നു മേനോന്‍സാറിന്റെ മിടുക്ക്്.അപ്രതീക്ഷിതമായ രീതിയിലാണ് ഷോട്ടുകളെടുക്കുക.ഞാന്‍ മുന്‍പു പറഞ്ഞതുപോലെ എ ബി രാജിന്റെ കൂടെയുള്ളപ്പോള്‍ അദ്ദേഹം ഷോട്ട് ഫിക്‌സുചെയ്തുകഴിഞ്ഞാല്‍ മാറിനിന്ന് നമുക്ക് നമ്മുടേതായ ഷോട്ടുകള്‍ മനസ്സിലെടുക്കാം.ഗ്യാലറിയില്‍ നിന്നുള്ള ഗോളടി...ഇവിടെ എനിക്കു ഗ്യാലറിയിലിരുന്നു ഗോളടിക്കാന്‍ കഴിയുന്നില്ല.കാരണം നമ്മുടെ സങ്കല്‍പ്പത്തിനനുസരിച്ചല്ല അദ്ദേഹം ഷോട്ടെടുക്കുന്നത്.എനിക്കതു നോക്കിയിരിക്കാനേ സമയമുണ്ടായിരുന്നുള്ളൂ...ക്യാമറ സ്റ്റാന്റില്‍ ഫിക്‌സുചെയ്യുമ്പോള്‍ നിന്റെ ക്യാമറയൊന്നും വേണ്ടെന്ന് ക്യാമറാമാനോട് പറഞ്ഞ് അതെടുത്ത് താഴെയെവിടെയെങ്കിലും കൊണ്ടുവക്കും.യൂഷ്വല്‍ അല്ലാത്ത ഫ്രയിംസ് ... അതിന്നത്തെ മാതിരി വെറും വിരട്ടുഫ്രയിമുകളൊന്നുമായിരുന്നില്ല.'
കമല്‍ ഓര്‍ക്കുന്നു

അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ക്യാമറയില്‍ കൂടി നോക്കുന്നത് അനുവദനീയമല്ലെന്നിരിക്കെ കമലിന് അതിനുള്ള അവസരം മേനോന്‍ നല്‍കിയിരുന്നു.ഫിക്‌സുചെയ്ത ഫ്രയിമില്‍ ആര്‍ട്ടിസ്റ്റ് നിന്നു കഴിഞ്ഞാല്‍ നോര്‍മല്‍ വിഷ്വലായിരുന്നില്ല; പകരം വിഭിന്നമായ തലത്തിലുള്ളതായിരുന്നു കണ്ടിരുന്നത്.അത്തരം ദൃശ്യങ്ങളുടെ ഒന്നാന്തരം ഉദാഹരണങ്ങള്‍ കടമ്പയില്‍ കാണാം.തെലുങ്കുക്യാമറാമാന്‍ രവിപ്രസാദാണ് ലൈറ്റുകളില്ലാതെ ഷോട്ടുകള്‍ പകര്‍ത്തിയത്.സംവിധായകന്റെ കടുത്ത തീരുമാനങ്ങള്‍ അയാളെ തെല്ലൊന്നുലച്ചിരുന്നു.മേനോന്റെ ദേവത ചിത്രീകരിച്ച ക്യാമറാമാനെന്ന മുന്‍ പരിചയം കൊണ്ടാണ് അയാളെ കടമ്പയിലേക്കും നിശ്ചയിച്ചത്.മങ്കട രവിവര്‍മ്മ, അശോക് കുമാര്‍ തുടങ്ങിയവരുടെയെല്ലാം തുടക്കകാലം പി എന്‍ മേനോനോടൊപ്പമായിരുന്നു എന്ന തിരിച്ചറിവും മലയാളത്തിലെ തന്റെ ആദ്യത്തെ പടം ചെയ്യാന്‍ രവിപ്രസാദിന് പ്രതീക്ഷ നല്‍കിയിരുന്നു .എന്നാലിപ്പോള്‍ ലൈറ്റുപോലുമില്ലാതെ ഷൂട്ട് ചെയ്യേണ്ടി വരുന്ന അവസ്ഥ രവിപ്രസാദിനെ വല്ലാത്ത ധര്‍മ്മസങ്കടത്തിലാക്കി..'പക്ഷേ; ആ സിനിമ കണ്ടാലറിയാം;അതൊരു ഡിഫറന്റ് ടൈപ്പ് സിനിമയായിരുന്നെന്ന് .സ്്ക്രിപ്റ്റില്‍ നിന്നും മൊത്തത്തില്‍ മാറിപ്പോയതിന്റെയാവാം സിനിമക്ക് ടോട്ടാലിറ്റി ഇല്ലാതെപോയി.കഥ അന്തോം കുന്തോം ഇല്ലാത്ത വിധത്തിലായിരുന്നു.അതുകൊണ്ടുതന്നെ അതത്ര നല്ല സിനിമയാണെന്നൊന്നും ഞാന്‍ പറയില്ല.പക്ഷേ ആ പടമെടുത്ത രീതി ...അതൊരു വല്ലാത്ത അനുഭവമായിരുന്നു സിനിമ എന്നത് ഒരു ഫിലിം മേക്കറുടെ കലയാണെന്ന് എനിക്ക് ബോധ്യപ്പെട്ട സിനിമ...ന്യൂനതകള്‍ നിരവധിയുണ്ടായിരുന്നെങ്കിലും ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെ ഒരു സിനിമ ഉണ്ടാക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് കടമ്പ. സിനിമാരംഗത്ത് എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യാനാവുമെന്ന കോണ്‍ഫിഡന്‍സ് നല്‍കിയ സിനിമയാണത്.'
കമല്‍ തുടരുന്നു.

പിന്നീട് മേനോനോടൊപ്പം മലമുകളിലെ ദൈവം എന്ന ചിത്രം ചെയ്യുന്നതിനിടക്കാണ് അഗസ്റ്റിന്‍ പ്രകാശ് , സേതുമാധവന്‍ എന്നിവരുമായി കമല്‍ കൂടുതല്‍ അടുത്തത് .ശില എന്ന ചൂടന്‍ ചിത്രം സംവിധാനം ചെയ്തത് അഗസ്റ്റിന്‍ പ്രകാശായിരുന്നു.കമലിന് ഷോട്ടെടുത്തുപഠിക്കാനുള്ള പരിശീലനക്കളരി കൂടിയായി മാറി ശില .ഓര്‍മ്മക്കായ് എന്ന മലയാളചിത്രമടക്കം നിരവധി സിനിമകള്‍ ചെയ്ത വസന്തകുമാറായിരുന്നു ചിത്രത്തിന്റെ ക്യാമറ. തമിഴ്‌നാട്ടില്‍ നൂറുദിവസത്തിലധികമാണ് ശില ഓടിയത്.

സേതുമാധവനൊപ്പം ജോലി ചെയ്യുന്നതിനിടയില്‍ ഒരുദിവസം കമലിനെ അന്വേഷിച്ച് മേനോന്‍ ആളെ അയച്ചു.വലിയ ബജറ്റില്‍ സിനിമ ചെയ്യാന്‍ സെഞ്ച്വറി ഫിലിംസ് തയ്യാര്‍.റബേക്ക നിര്‍മ്മിക്കാമെന്ന അവരേറ്റിരിക്കുന്നു.കഥ ജോണ്‍പോള്‍ എഴുതിക്കൊള്ളും. ഇതുവരെ കമലുണ്ടാക്കിയ കണ്‍സെപ്റ്റുകള്‍ ജോണ്‍പോളുമായി പങ്കിടണം. ബാക്കി ജോണ്‍ സ്വന്തം ഭാവന അനുസരിച്ചു തയ്യാറാക്കട്ടേ-മേനോന്‍ നിര്‍ദ്ദേശിച്ചു.

മേനോന്‍ വിളിച്ചതനുസരിച്ച മദ്രാസ് വുഡ്‌ലാന്റ് ഹോട്ടലിലെത്തിയ ജോണ്‍പോളിന് റബേക്കയെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു.ആ കഥയില്‍ നിന്ന് നല്ല ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്റേത്.മാസങ്ങളോളം വീട്ടില്‍ നിന്നകന്ന് ജോലിയില്‍ മുഴുകുന്ന കപ്പല്‍ നാവികന്‍.ഏകാന്തജീവിതത്തിനിടയില്‍ ജീവിതം ആസ്വദിക്കാനുള്ള ആസക്തിയോടെ സുന്ദരിയായ ഭാര്യ. ഇവര്‍ക്കിടയില്‍ കടന്നുകൂടുന്ന ഹെറിറ്റേജ് ഫോട്ടോഗ്രാഫര്‍...ഇത്തരമൊരു അച്ചുതണ്ടിലുള്ള കഥയാണ് ജോണ്‍പോള്‍ തയ്യാറാക്കിയത്.ഗോപിയും മമ്മൂട്ടിയും മോഹന്‍ലാലും നെടുമുടിയും ജഗതിയുമെല്ലാം ചിത്രത്തിലുണ്ട് .മേനോനും സെഞ്ച്വറി കൊച്ചുമോനും കഥ ഇഷ്ടമായി. അസ്ത്രം എന്നു പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് ബോള്‍ഗാട്ടി പാലസില്‍ തുടങ്ങി.അതോടെ മേനോന്‍ വീണ്ടും മദ്യപാനത്തിന്റെ സീമകള്‍ ലംഘിക്കാന്‍ തുടങ്ങി.ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ അതു ബാധിച്ചേക്കുമെന്ന് കൊച്ചുമോന്‍ ശങ്കിച്ചു.ഷൂട്ടിംഗിന് കൃത്യമായ ഒരു ചാര്‍ട്ടുണ്ടാക്കി വളരെ കണിശക്കാരനായി നിന്നാണ് കൊച്ചുമോന്‍ പിന്നീട് ചിത്രീകരണം മുന്നോട്ടുകൊണ്ടുപോയത്.എങ്കിലും പി എന്‍ മേനോനൊപ്പം സഹകരിച്ച ദിനങ്ങള്‍ എല്ലാവരും നന്നായി ആസ്വദിക്കുകതന്നെ ചെയ്തു.

ഇതിനിടയിലാണ് കമലിന്റെ കഥയില്‍ സേതുമാധവന്‍ ആരോരുമറിയാതെ എന്ന സിനിമ സംവിധാനം ചെയ്യുന്നത് .യഥാര്‍ത്ഥത്തില്‍ കമല്‍ ആദ്യമായി സംവിധാനം ചെയ്യാനാഗ്രഹിച്ച കഥയായിരുന്നു അത്.