നക്ഷത്രദൂരം - 2Pick up a camera. Shoot something. No matter how small, no matter how cheesy, no matter whether your friends and your sister star in it. Put your name on it as director. Now you're a director. Everything after that you're just negotiating your budget and your fee. (James Cameron)


അനുസ്യൂതവും അതിവേഗവും പരിഷ്‌കൃതമാകുന്ന കേരളത്തിലെ കാംപസ് ലൈഫ് പ്രവചനാതീതമായ വഴികളിലൂടെയാണ് ചിന്തിക്കുന്നതും ചലിക്കുന്നതും.മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കലാലയഘടനയല്ല ഇന്നത്തേത്.പരസ്പരബന്ധങ്ങള്‍,സ്വഭാവരൂപീകരണം,ആശയപരവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങള്‍, വൈകാരികപ്രകടനങ്ങള്‍ എന്നിവയിലെല്ലാം തിരിച്ചറിയാനാകാത്ത വിധം മാറ്റങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നു.ഈ പുന:ക്രമീകരണത്തില്‍ പുത്തന്‍തലമുറക്കൊപ്പം പങ്കുചേരുകയായിരുന്നു നിറം എന്ന ചിത്രത്തിലൂടെ കമല്‍ ചെയ്തത്.

സ്വന്തം കലാലയാനുഭവങ്ങളില്‍ നിന്ന് വര്‍ത്തമാനകാലത്തെ കാമ്പസിലെത്തുമ്പോള്‍ പ്രകടമായിരിക്കുന്ന അന്തരം വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു കമല്‍. ചിത്രത്തിന്റെ ആലോചനാവേളയില്‍ത്തന്നെ ഷൂട്ടിംഗിനു തെരഞ്ഞെടുക്കേണ്ട കോളജിനെപ്പറ്റി ധാരണയുണ്ടായിരുന്നു.പഠിക്കുന്ന കാലം മുതല്‍ വൈകാരികബന്ധം വച്ചുപുലര്‍ത്തുന്ന ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് തന്നെയാണ് അതിനു പറ്റിയ സ്ഥലമെന്ന് കമല്‍ കണക്കുകൂട്ടി.കേരളത്തിലെ ഏറ്റവും മനോഹരമായ കാംപസുകളില്‍ ഒന്നെന്ന ഖ്യാതി മാത്രമല്ല അവിടുത്തെ അധ്യാപകരുടെ സഹകരണവും സിനിമാചിത്രീകരണത്തിന് പ്രേരകമായി.പുതിയ കാലത്തുനിന്നുകൊണ്ട് കാംപസ് സ്പന്ദനം തിരിച്ചറിയാന്‍ കഴിയമോ എന്ന പരീക്ഷണമായും നിറം എന്ന സിനിമയെ വിലയിരുത്താം.ഇക്കാര്യത്തില്‍ കമല്‍ കാട്ടിയ കയ്യടക്കത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും സാക്ഷ്യപത്രം കൂടിയായിരുന്നു ചിത്രത്തിനു ലഭിച്ച മികച്ച ജനപിന്തുണയും സാമ്പത്തികനേട്ടവും.മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളുള്ള സചേതനവും ചടുലവുമായ സ്വന്തം കലാലയജീവിതത്തോടു തന്നെയായിരിക്കും ചിത്രത്തിന്റെ വിജയത്തില്‍ കമല്‍ കടപ്പെട്ടിരിക്കുന്നത്.


ക്ഷുഭിതയൗവനങ്ങളും എം മുകുന്ദനും
ബുദ്ധിജീവി സങ്കല്‍പ്പവും ഹിപ്പിയിസവും രാഷ്ട്രീയ പ്രബുദ്ധതയും നിര്‍ണ്ണായകമായിരുന്ന കാമ്പസ് ദിനങ്ങളിലാണ് കമല്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന്റെ പടവുകള്‍ കയറിയത്.കുന്നോളം പ്രതീക്ഷകളും വര്‍ണ്ണരാജികളും നിറഞ്ഞ ദിനങ്ങള്‍.ചെറിയൊരു ചുറ്റുവട്ടത്തെ പ്രവര്‍ത്തനക്ഷമമായ ക്രിയാപരതയില്‍ നിന്ന് വിശാലമായ ബാഹ്യലോകത്തെത്തുന്നതിനു തുല്യമായിരുന്നു ക്രൈസ്റ്റ് കോളജിലേക്കുള്ള മാറ്റം.പിതാവിന്റെ കൂടെ തൃശൂരും എറണാകുളത്തും കോഴിക്കോടുമെല്ലാം യാത്രചെയ്തിരുന്നെങ്കിലും കുടുംബത്തിന്റെ കാഴ്ചപ്പാടിനപ്പുറത്തേക്ക് എത്തിച്ചേരുന്നതിന്റെ സ്വാതന്ത്ര്യം ഒന്നുവേറെതന്നെയായിരുന്നു.വാനോളമുയരത്തില്‍ നിയന്ത്രണച്ചരടുകളില്ലാത്ത പട്ടം പോലെ പറക്കുകയായിരുന്നു കമലിന്റെ മനസ്സപ്പോള്‍

കമലിനൊപ്പം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ മകന്‍ സെല്‍വിനും ക്രൈസ്റ്റ് കോളജില്‍ ചേരാനെത്തി.അക്കാലത്തെ കേരളത്തിലെ വലിയ കോളജുകളിലൊന്നായിരുന്നു അത്.വിവിധ ജാതിമതസ്ഥരും വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നെത്തിയവരുമായ കുട്ടികള്‍ കേരളത്തിന്റെ തന്നെ ചെറിയൊരു പരിശ്ചേദം സൃഷ്ടിച്ചിരുന്നുവെന്നു പറയാം.പിന്നീട് പത്മഭൂഷണ്‍ പുരസ്‌കാര ജേതാവായ ഫാദര്‍ ഗബ്രിയേല്‍ ആയിരുന്നു അന്നത്തെ പ്രിന്‍സിപ്പല്‍.ക്രൈസ്റ്റ് കോളജിന്റെയും അമല ഹോസ്പിറ്റലിന്റെയും സ്ഥാപകനായ അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലാവധി മാനേജ്‌മെന്റ് നീട്ടിക്കൊടുത്തതാണ് .കവി സച്ചിദാനന്ദനെപ്പോലെയുള്ള അധ്യാപകരും ഗായകന്‍ ജയചന്ദ്രന്‍,അര്‍ബുദരോഗവിദഗ്ധന്‍ ഡോക്ടര്‍ വി പി ഗംഗാധരന്‍, ചലച്ചിത്രസംവിധായകന്‍ ടി വി ചന്ദ്രന്‍ തുടങ്ങി വിവിധമേഖലകളില്‍ പിന്നീട് പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികളും സമ്പുഷ്ടമാക്കിയ ചരിത്രമാണ് ക്രൈസ്റ്റ് കോളജിനുണ്ടായിരുന്നത്.സമൂഹത്തിലെ ഉന്നതരുടെ മക്കള്‍ അവിടെ ചേരാന്‍ തിരക്കു കൂട്ടിയിരുന്നു.മതിലകത്ത് കമലിന്റെ വീടിനു പിന്നില്‍ ഒരു റോഡുണ്ട്.ഇതുവഴി കടവിലെത്തി കടത്തുതോണിയില്‍ അക്കരെ പടിയൂരെത്തണം.അവിടെ നിന്ന് പതിനാലു കിലോമീറ്റര്‍ അകലെയുള്ള ഇരിഞ്ഞാലക്കുടയിലേക്ക് ബസ് കിട്ടും.ദിവസേന പോയിവരാവുന്ന ദൂരമേയുണ്ടായിരുന്നുള്ളൂവെങ്കിലും കടത്തുകടക്കുന്നതിന്റെയും മറ്റും ബുദ്ധിമുട്ടുകളോര്‍ത്ത് അബ്ദുള്‍ മജീദ് പുത്രനെ ഹോസ്റ്റലില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു.അവിടെ രണ്ടു ഹോസ്റ്റലുകള്‍ ഉണ്ടായിരുന്നു.പ്രീഡിഗ്രി വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.കമലിനൊപ്പം മുറിയില്‍ രണ്ടുപേര്‍.മലപ്പുറംകാരന്‍ കമ്മപ്പയും കൊടുങ്ങല്ലൂരില്‍ നിന്നുള്ള മെഹറലിയും.ഇരുവരുമിപ്പോള്‍ ഡോക്ടര്‍മാരാണ്.

കമലിന്റെ ബാച്ചില്‍ എണ്‍പതോളം കുട്ടികളുണ്ടായിരുന്നു.തരക്കേടില്ലാത്ത മാര്‍ക്കില്‍ ഫസ്റ്റ് ക്ലാസ് നേടി മിടുക്കനെന്ന ആത്മവിശ്വാസത്തോടെയാണ് കമല്‍ കോളജില്‍ ചേര്‍ന്നത്.പക്ഷേ അവിടെയെത്തിയപ്പോള്‍ തിരിച്ചറിഞ്ഞ സത്യം മറ്റൊന്നായിരുന്നു.എണ്‍പതുപേരുള്ള ക്ലാസ്സില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എഴുപതിനുപുറത്താണ് തന്റെ സ്ഥാനം.കമല്‍ സെക്കന്റ് ഗ്രൂപ്പെടുത്തുപഠിച്ച് ഡോക്ടറാകണമെന്നാണ് പിതാവ് താല്‍പ്പര്യപ്പെട്ടത്..എന്നാല്‍ സയന്‍സില്‍ കമലിനത്ര താല്‍പ്പര്യം തോന്നിയില്ല.ആദ്യദിവസം ക്ലാസ്സിലെത്തിയപ്പോള്‍ റോള്‍നമ്പര്‍ പ്രകാരം തന്റെ തൊട്ടടുത്തുള്ള കുട്ടിയെ കണ്ടപ്പോള്‍ എവിടെയോ കണ്ടുമറക്കുന്നതുപോലെ കമലിനു തോന്നി.ക്ലാസ്സു നടക്കുമ്പോഴും ആ വിദ്യാര്‍ത്ഥിയെക്കുറിച്ചുതന്നെയാണ് ആലോചിച്ചത്.ഒടുവില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആളാരെന്ന് മനസ്സിലായ.ി അത്തവണ എസ് എസ് എല്‍ സി പരീക്ഷയില്‍ ഒന്നാം റാങ്കുനേടിയ കുട്ടിയായിരുന്നു അത്.പത്രത്തില്‍ പടം കണ്ടിരുന്നതുകൊണ്ടാണ് പരിചയഭാവം തോന്നിയത്.ഇത്തരക്കാരോടൊപ്പമാണ് പഠനം തുടരുന്നതെങ്കില്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് അപ്പോള്‍ത്തന്നെ കമല്‍ നിശ്ചയിച്ചു.പിന്നീട് ഡിഗ്രിക്ക് എക്കണോമിക്‌സ് ഐശ്ചികവിഷയമായെടുത്തു മുന്നോട്ടുപോകാനുള്ള പ്രേരണയും ഇത്തരം മുന്‍വിധികളായിരുന്നു.

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് അക്കാലത്താണ്.സജീവരാഷ്ട്രീയപ്രവര്‍ത്തനമൊന്നുമില്ലായിരുന്നെങ്കിലും സമൂഹത്തിലെ ചലനങ്ങള്‍ കമല്‍ നന്നായി നോക്കിക്കണ്ടിരുന്നു.ക്രൈസ്റ്റ് കോളജിലെ മരച്ചുവടുകളിലോരോന്നിലും ഇത്തരം ആശയവിനിമയങ്ങള്‍ക്കു തണലൊരുക്കി.ഓരോ മരച്ചുവട്ടിലും ഓരോ കൂട്ടായ്മയുണ്ടാകും.ചാലക്കുടിക്കാരനൊരു മരം.ഇരിങ്ങാലക്കുടക്കാരനൊന്ന് .ഒല്ലൂര്‍ക്കാരനും തൃശൂര്‍ക്കാരനും വെവ്വേറെ മരങ്ങള്‍...അങ്ങനെ ഓരോ കൂട്ടര്‍ക്കും ഓരോ മരമുണ്ടായിരുന്നു.കൊടുങ്ങല്ലൂര്‍കാര്‍ക്കിടയില്‍ത്തന്നെ കമല്‍ ഉള്‍പ്പെടുന്ന മതിലകം ഉപവിഭാഗത്തിനും സ്വന്തമായൊരു മരമുണ്ടായിരുന്നു.മതിലകത്തുനിന്നുള്ളവര്‍ അവിടെ കൂടും.ചിലപ്പോള്‍ ക്ലാസ്സ് കട്ടുചെയ്താവും അവിടെ ഇരിക്കുക.ആ സമയത്ത് എവിടെ ചെന്നാലും അടിയന്തരാവസ്ഥ സംബന്ധിച്ച വാര്‍ത്തകളായിരുന്നു കേള്‍ക്കുന്നത്.പരിചിതരും അല്ലാത്തവരുമായി കൊടുങ്ങല്ലൂര്‍ ബന്ധമുള്ള നക്‌സല്‍ പ്രവര്‍ത്തകരെപ്പറ്റി മരച്ചുവടുകളില്‍ ചര്‍ച്ചകള്‍ സജീവമായി.ടി എന്‍ ജോയിയും കെ വേണുവുമടക്കം പ്രമുഖരെല്ലാം പോലീസ്പിടിയിലായി.അവരില്‍പ്പലരുടെയും സുഹൃത്തുക്കള്‍ കാമ്പസ്മരച്ചുവട്ടിലെ കൂട്ടായ്മകളിലുണ്ടായിരുന്നു.അടിയന്തരാവസ്ഥയുടെ നേതാക്കളെക്കുറിച്ചും അജിതയെക്കുറിച്ചുമെല്ലാം മനസ്സിലാക്കാന്‍ കമലിന് അവസരമുണ്ടായത് പ്രധാനമായും അങ്ങനെയാണ്.

അടിയന്തിരാവസ്ഥ തെറ്റാണെന്നൊരു തോന്നല്‍ അന്നു തന്നെ കമലിനുണ്ടായിരുന്നു.ആ സമയത്താണ് രാജന്‍ സംഭവമുണ്ടായത്.മൊത്തത്തില്‍ ചടുലമായ രാഷ്ട്രീയകാഴ്ചപ്പാടുള്ള സുഹൃദ്‌വലയം ശക്തമായി അഭിപ്രായപ്രകടനം നടത്തിയ കാലയളവായിരുന്നു അത്.ജീവിതത്തെ തീക്ഷ്ണമായി സമീപിക്കുന്ന എഴുപതുകളിലെ ക്ഷുഭിതയൗവനത്തിന്റെ കാലത്താണ് കമലിന്റെ കോളജ് ജീവിതം.എഴുത്തിന്റെയും കലയുടെയും ആധുനികവസന്തത്തില്‍ കാമ്പസുകളന്ന് അഭിരമിച്ചുനില്‍ക്കുന്നു.എം മുകുന്ദനും ഒ വി വിജയനും കാക്കനാടനും ആധുനികസാഹിത്യത്തെ വഴിതിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു.അന്ന് എം മുകുന്ദനെപ്പോലെ കാമ്പസുകളെ സ്വാധീനിച്ച മറ്റൊരു കഥാകാരന്‍ ഇല്ലായിരുന്നുവെന്നാണ് കമലിന്റെ അഭിപ്രായം.

'മുകുന്ദന്റെ പുസ്തകങ്ങള്‍ ...ഈ ലോകവും അതിലൊരു മനുഷ്യനും, മയ്യഴിപ്പുഴയുടെ തീരങ്ങള്‍, ദല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പേള്‍...ഇതൊക്കെ കക്ഷത്തില്‍ കൊണ്ടുനടക്കുന്ന കാലമാണ്്. പക്ഷേ ഞാനൊരിക്കലും കള്ളിന്റെയും കഞ്ചാവിന്റെയും പിറകെ പോയിരുന്നില്ല.അതായിരുന്നു വൈരുദ്ധ്യം.അതെന്തുകൊണ്ടാണെന്നെനിക്കിപ്പോഴും അറിയില്ല. കാരണം... എന്റെ സുഹൃത്തുക്കളില്‍ മിക്കവരുമന്ന് കഞ്ചാവ് ബീഡിയും മറ്റും ഉപയോഗിച്ചിരുന്നു.'

പ്രഥമദൃഷ്ട്യാ ആര്‍ക്കും തോന്നുന്നത് മതപരമായ നിയന്ത്രണങ്ങള്‍ ഒരു പരിധിവരെ ഇത്തരം തടയിടലിനു കാരണമായിട്ടുണ്ടാവുമെന്നാണ്.എന്നാല്‍ അതായിരുന്നില്ല കാരണം.പുരാതന തറവാടും പാരമ്പര്യവുമൊക്കെ ഒരുവശത്തുണ്ടെങ്കിലും മതപരമായ ഓര്‍ത്തഡോക്‌സ് രീതിയായിരുന്നില്ല;മറിച്ച് പുരോഗമനചിന്താഗതി പ്രകടമാക്കുന്ന ജീവിതസമീപനമായിരുന്നു കമലിന്റെ കുടുംബത്തിന്റേത്.

'എനിക്കു തോന്നുന്നത് യൂസഫ് എളാപ്പയുടെ മരണമാണ് എന്നെ മദ്യത്തില്‍ നിന്ന് അകറ്റിയതെന്നാണ്്.അദ്ദേഹത്തെപ്പോലെ മദ്യം കൊണ്ട് മരിച്ചുപോയ ആളുകള്‍ എന്റെ കുടുംബത്തി്ല്‍ വേറെയുമുണ്ട്.എന്റെ ഫാദര്‍ മദ്യം കഴിക്കില്ല.അദ്ദേഹത്തിന് ഇതിനോടുള്ള വിരക്തി, അദേഹം എന്നില്‍ ചെലുത്തിയ സ്വാധീനം ...അതൊക്കെ പ്രധാനമാണ്.കോളജില്‍ ചേര്‍ക്കുമ്പോള്‍ എന്നോടദ്ദേഹം ഒറ്റക്കാര്യമേ പറഞ്ഞിട്ടുള്ളൂ;കള്ളുകുടിച്ച നശിക്കരുതെന്ന്്.അങ്ങനെയാവാം ഞാനീ സംഘത്തില്‍ പെടാതിരുന്നത്'കമല്‍ ആത്മപരിശോധന നടത്തുന്നു.

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ അമേരിക്കയിലെ അശാന്തയുവത തുടക്കമിട്ട ഹിപ്പിയിസം ലോകമാകെ വ്യാപിച്ചതിന്റെ ഭാഗമായി വീണ്ടുമൊരു ദശകത്തോളം കേരളത്തിന്റെ കാമ്പസുകളിലും ചലനങ്ങള്‍ പ്രകടമാക്കിയിരുന്നു. നീളന്‍മുടിയും അയഞ്ഞവസ്ത്രവും.കഞ്ചാവും ലഹരിവസ്തുക്കളുമൊക്കെ അന്നത്തെ അടയാളങ്ങളായിരുന്നു.ഹിപ്പികളേപ്പോലെ കമലും മുടി നീട്ടി വളര്‍ത്തി.ബുദ്ധിജീവികളുടെ ഗൗരവമേറിയ സിനിമാ-സാഹിത്യ ചര്‍ച്ചകളില്‍ പങ്കാളിത്തം വഹിച്ചു.അന്നോളം കണ്ടുപോന്ന സത്യന്‍-നസീര്‍ സിനിമകള്‍ക്കും ഹിന്ദിച്ചിത്രങ്ങള്‍ക്കുമപ്പുറം ബുദ്ധിജീവി സിനിമകളിലേക്കുള്ള വഴിതുറക്കല്‍ കൂടിയായിരുന്നു അത്തരം ചര്‍ച്ചകള്‍.

'സ്വയംവരത്തിന് ദേശീയ അവാര്‍ഡു കിട്ടുന്നു,ഉത്തരായനം റിലീസുചെയ്യുന്നു...അരവിന്ദേട്ടന്റെയൊക്കെ വലിയ ഫാനായിരുന്നു ഞാന്‍.പ്രത്യേകിച്ചും മാതൃഭൂമിയിലെ ചെറിയ ലോകവും വലിയ മനുഷ്യരുമൊക്കെ വായിക്കുന്ന സമയമാണ്.സത്യജിത് റായിയുടെയും മൃണാള്‍ സെന്നിന്റെയുമൊക്കെ സിനിമകള്‍ പരിചയപ്പെടുന്നതപ്പോഴാണ്...എനിക്ക് സത്യജിത് റായിയുടേതിനെക്കാള്‍ മൃണാള്‍സെന്‍ സിനിമകളോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം... പിന്നെ ഋത്വിക് ഘട്ടക് ... അദ്ദേഹത്തിന്റെ സുബര്‍ണരേഖയൊക്കെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.'
കമല്‍ ഓര്‍ക്കുന്നു.


പടവുകളില്‍ ഒരു പടിയന്‍കലാലയകാലത്തുതന്നെ കമലിന് സിനിമയോടുള്ള ഒടുങ്ങാത്ത അഭിനിവേശം രൂപപ്പെടുന്നതില്‍ വിത്തും വളവുമെറിഞ്ഞ ആളായിരുന്നു പടിയന്‍ എന്ന അഷ്‌റഫ് പടിയത്ത്.കമലിന്റെ അമ്മയുടെ സഹോദരനായിരുന്നു അദ്ദേഹം.യുക്തിഭദ്രതക്കും ബുദധിപരതക്കുമൊപ്പം സാമൂഹ്യവിമര്‍ശനം ലാക്കാക്കുന്ന ഹാസദ്യോതകപ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കാളിയായി.അതു പലപ്പോഴും കോളജ് വിദ്യാര്‍ത്ഥികളുടെ താന്തോന്നിത്തരമെന്നു മുദ്ര കുത്തപ്പെടുകയാണുണ്ടായത്.അതദ്ദേഹത്തെ വിവാദനായകനുമാക്കി.ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പടിയനും പ്രീഡിഗ്രിക്കു ചേര്‍ന്നത്.ആദ്യവര്‍ഷം തന്നെ കോളജില്‍ പ്രശ്‌നക്കാരനാകുകയും ഗബ്രിയേലച്ചന്റെ നോട്ടപ്പുള്ളിയാകുകയും ചെയ്തതോടെ പടിയന്‍ പുറത്താക്കപ്പെട്ടു.തുടര്‍ന്നദ്ദേഹം എറണാകുളം മഹാരാജാസ് കോളജിലാണ് പഠിച്ചത്.അവിടെ നിന്ന് ഡിഗ്രി എടുത്ത ശേഷം സമീപത്തുള്ള ലോ കോളജില്‍ ചേരുകയും ചെയ്തു.കലാലയപ്രവേശനത്തിന്റെ ആദ്യദിനങ്ങള്‍ മുതല്‍ പടിയന്റെ സാന്നിധ്യം പ്രത്യക്ഷമായോ പരോക്ഷമായോ കമല്‍ അനുഭവിച്ചുതുടങ്ങിയെന്നുവേണം കരുതാന്‍. ക്രൈസ്റ്റ് കോളജില്‍ ചേരാന്‍ അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ബന്ധുക്കളാരെങ്കിലും അവിടെ പഠിച്ചിട്ടുണ്ടോ എന്നെഴുതാനുള്ള കോളത്തില്‍ അമ്മാവനെന്ന നിലയില്‍ അഷ്‌റഫ് പടിയത്തിന്റെ പേരാണ് ചേര്‍ത്തത്.അപേക്ഷ പ്രാഥമികമായി പരിശോധിച്ച സൂപ്രണ്ട് നാരായണന്‍ ഒരു നിമിഷം കമലിനെയും ഒപ്പം വന്നിരിക്കുന്ന പിതാവിനെയും നോക്കി.

'ഇതാരാ ഈ അഷ്‌റഫ് പടിയത്ത്്...?'

'അമ്മയുടെ സഹോദരനാണ്...ഇവിടെ പഠിച്ചിരുന്നു.' കമല്‍ പറഞ്ഞു.

'എങ്കില്‍ വേഗം ഇയാളുടെ പേരങ്ങു വെട്ടിക്കോ...എന്നിട്ടു പുതിയൊരാപ്ലിക്കേഷന്‍താ...ഇതും എഴുതിവച്ചുകൊണ്ടങ്ങോട്ടുചെന്നാല്‍ അച്ഛന്‍ നിങ്ങള്‍ക്ക് അഡ്മിഷന്‍ തരില്ല.' നാരായണന്‍ അപേക്ഷ മടക്കിനല്‍കി

കമല്‍ ക്രൈസ്റ്റ് കോളജില്‍ ചേരുമ്പോഴേക്കും പടിയന്‍ ലോകോളജില്‍ എത്തിയിരുന്നു.മമ്മൂട്ടി അന്നവിടെ പഠിക്കുന്നുണ്ട്. വൈക്കം വിശ്വനെപ്പോലെ നിരവധി സഹപാഠികള്‍. പടിയന്റെ ലോകോളജിലെ പഠനകാലം അക്ഷരാര്‍ത്ഥത്തില്‍ വിവാദങ്ങളുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്നതായിരുന്നു.

'പുള്ളി ഒരു ടെററായിരുന്നു.വിവാദമായ സ്ട്രീക്കിംഗ്...ശ്വാന പ്രദര്‍ശനം... പിന്നെ രാഷ്ട്രീയ പ്രവര്‍ത്തനം. എസ് എഫ് ഐയിലും സി പി എമ്മിലുമൊക്കെ അന്നദ്ദേഹം ഉറച്ച് നിന്നിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ നല്ലൊരു നിലയിലെത്തിയേനെ. പക്ഷേ അടിയന്തിരാവസ്ഥക്കാലത്തോടെ അദ്ദേഹം നക്‌സല്‍ ചിന്താഗതിയിലേക്ക് വഴിമാറി .നേരിട്ടല്ലെങ്കില്‍ കൂടി ചില തീവ്രനിലപാടുകളുമായി എസ്റ്റാബ്ലിഷ്‌മെന്റ്‌സിനൊക്കെ എതിരായി ...'കമല്‍ ഓര്‍ക്കുന്നു.

ആഡംബരജീവിതശ്രേണികളില്‍ നിന്ന്് സമൂഹമധ്യത്തിലെത്തിയ പല പ്രദര്‍ശനവ്യഗ്രതകളോടും പുറം തിരിഞ്ഞ് ഹാസ്യാത്മകമായി കലഹിക്കുകയായിരുന്നു പടിയനും കൂട്ടരും.അന്ന് എറണാകുളത്തു നടന്ന ഒരു ശ്വാനപ്രദര്‍ശനത്തില്‍ ആരും പ്രതീക്ഷിക്കാത്ത തരത്തിലാണ് ലോകോളജ് സംഘം പ്രതികരിച്ചത്.നഗരനിരത്തിലെവിടെയോ അവശനിലയില്‍ക്കിടന്ന ഒരു തെരുവുനായയെ അവര്‍ മത്സരത്തിനായി കണ്ടെത്തി.ഒരാഴ്ച അതിനെ പട്ടിണിക്കിടുകയും എഴുനേറ്റുനടക്കാന്‍ വയ്യാത്ത അവസ്ഥയിലെത്തിയപ്പോള്‍ എല്ലുന്തിയ ശരീരത്തില്‍ സ്വര്‍ണ്ണനിറത്തിലുള്ള പെയിന്റടിക്കുകയും ചെയ്തു.വിദേശരാജ്യത്തെ ഇനമെന്ന ലേബലോടെ അതിനെയവര്‍ മത്സരത്തിനെത്തിച്ചു.എന്നാല്‍ തെരുവുനായയെ തിരിച്ചറിഞ്ഞ വിദഗ്ധര്‍ അഷ്‌റഫിനെയും സംഘത്തെയും മത്സരവേദിയിലേക്കുപോകാന്‍ അനുവദിച്ചില്ല.

'ഇതെന്താ നായയല്ലേ...ഇതൊരു ഓര്‍ഗനൈസേഷന്റെ പേരില്‍ മത്സരത്തിലേക്കു രജിസ്ടര്‍ ചെയ്ത നായയാണ്.വരേണ്യവര്‍ഗ്ഗത്തിന്റെ പട്ടികള്‍ക്കുവേണ്ടി മാത്രമുള്ള മത്സരമാണോ ഇത്.' പടിയന്‍ പൊട്ടിത്തെറിച്ചു.

ഗ്യാലറി നിറയെ ലോകോളജ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനു തയ്യാറെടുത്തു നില്‍ക്കുന്നു.താന്‍ കൊണ്ടുവന്ന നായയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മത്സരം നടത്താനനുവദിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ ഇറങ്ങിവന്ന് പ്രശ്‌നം സൃഷ്ടിക്കുമെന്നുമായി പടിയന്റെ ഭീഷണി.അത് ഫലിച്ചു.ഭയപ്പാടിലായ സംഘാടകര്‍ക്ക് മുട്ടുമടക്കാതെ കഴിയുമായിരുന്നില്ല.ഇത്തരത്തിലുള്ള വിവാദങ്ങളുടെ തുടര്‍ച്ചയായിരുന്നു തൊട്ടടുത്ത വര്‍ഷം നടന്ന വിവാദ സൗന്ദര്യ പ്രദര്‍ശനം.

സൗന്ദര്യമത്സരം ലോകോളജ് വിദ്യാര്‍ത്ഥികള്‍ കലക്കുമെന്ന അഭ്യൂഹം ആദ്യം തന്നെ പരന്നിരുന്നു.അതുകൊണ്ടുതന്നെ പടിയനും സുഹൃത്തുക്കളും കോളജുമായി യാതൊരു ബന്ധവുമില്ലാത്ത കൊച്ചിയിലെ ചില ആളുകളുടെ സഹായത്തോടെയാണ് മത്സരത്തിനു പേര്‍ രജിസ്ടര്‍ ചെയ്തത്.സൗന്ദര്യ മത്സരത്തിനുള്ള മത്സരാര്‍ത്ഥിയെയും അവര്‍ കണ്ടെത്തി.നഗരത്തിലെ കുപ്രസിദ്ധയായ ഒരു സ്ത്രീയെയാണ് അവര്‍ പൊട്ടുകുത്തി പട്ടുചുറ്റി മത്സരവേദിയിലെത്താന്‍ ഏര്‍പ്പാടാക്കിയത്.സമൂഹത്തില്‍ മാന്യമായ ശ്രേണിയിലുള്ള,തറവാടികളെന്ന് അഭിമാനിച്ചിരുന്ന സ്ത്രീകള്‍ തങ്ങളോടൊപ്പം മത്സരത്തിനെത്തിയിരിക്കുന്നതാരെന്ന് തിരിച്ചറിഞ്ഞതോടെ ഇളിഭ്യരായി.അതെത്തുടര്‍ന്ന് വാക്കുതര്‍ക്കവും ബഹളവും തുടങ്ങി .തങ്ങളുടെ മത്സരാര്‍ത്ഥിയെ പുറത്താക്കുമെന്ന സ്ഥിതി വന്നതോടെ ലോകോളജ്‌വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു.ഒടുവില്‍ വിവാദമല്‍സരാര്‍ത്ഥിയെ പിന്‍വലിച്ചുകൊണ്ടുള്ള പ്രശ്‌നപരിഹാരത്തിന് രണ്ടായിരം രൂപയാണ് സംഘാടകര്‍ നല്‍കിയത്.ലോകോളജിലെ അറിയപ്പെടുന്ന ബുദ്ധിജീവിയായിരുന്ന പടിയന്‍ ലോകപ്രശസ്തസിനിമകളൊക്കെ ഒന്നൊഴിയാതെ കണ്ടിരുന്നു.അതിനുവേണ്ടിയാണ് അന്നത്തെ ഫിലിംസൊസൈറ്റികളില്‍ അദ്ദേഹം അംഗത്വമെടുത്തതും.വാരാന്തങ്ങളിലുള്ള കമലിന്റെ എറണാകുളം യാത്രയിലും പടിയന്‍ നാട്ടിലെത്തുമ്പോഴും ഇരുവരും തമ്മില്‍ സുദീര്‍ഘമായ സിനിമാചര്‍ച്ചകള്‍ നടന്നു.അംഗത്വമെടുക്കേണ്ട ഫിലിം സൊസൈറ്റികള്‍,കാണേണ്ട സിനിമകള്‍ എന്നിവയെക്കുറിച്ചെല്ലാം കമലിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത് പടിയനാണ്. അങ്ങനെയാണ് കമല്‍ ക്ലാസ്സിക് സിനിമകളിലേക്കു തിരിയുന്നതും ദി ബൈസിക്കിള്‍ തീഫ്, ബാറ്റില്‍ഷിപ്പ്് പൊട്ടെംകിന്‍ , സിറ്റിസണ്‍ കെയ്ന്‍ തുടങ്ങിയ പ്രശസ്തസിനിമകള്‍ കാണുന്നതും.മലപ്പുറത്തും മറ്റുമുള്ള ഫിലിംസൊസൈറ്റികളില്‍പ്പോയി സിനിമകള്‍ കാണാനുള്ള നിര്‍ദ്ദേശവും പടിയനാണ് നല്‍കിയത്.പടിയന്‍ നല്‍കിയ പാസ്സുപയോഗിച്ചാണ് രശ്മി ഫിലിം സൊസൈറ്റിയില്‍ നിന്ന് കമല്‍ ആദ്യമായി പഥേര്‍ പാഞ്ചാലി കണ്ടത്. സിനിമകള്‍ തേടിപ്പിടിച്ചു കാണാനുള്ള കമലിന്റെയും കോളജ്‌സുഹൃത്തുക്കളുടെയും വ്യഗ്രതയുടെ പ്രേരകഘടകം തന്നെ പടിയനായിരുന്നു.അരികിലെത്തുന്ന വെള്ളിത്തിരഅക്കാലമായപ്പൊഴേക്കും സിനിമ ഒരു കാന്തവലയമെന്ന പോലെ കമലിനെ സ്വാധീനിച്ചു തുടങ്ങിയിരുന്നു.സിനിമയോടാഭിമുഖ്യമുള്ളവരും അതുസംബന്ധിച്ചുയര്‍ന്ന നിരന്തരചര്‍ച്ചകളും അനുകൂലമായ സാഹചര്യവുമൊരുക്കി.അങ്ങനെയിരിക്കുമ്പോഴാണ് ചലച്ചിത്രകലാഭ്യസനം ലക്ഷ്യമിട്ട് തൃശൂരില്‍ കലാഭാരതി എന്ന സ്ഥാപനം തുടങ്ങുന്നതായി അറിയുന്നത്.സിനിമാരംഗത്തെ ആദരണീയരായിരുന്ന രാമു കാര്യാട്ട് ഡയറക്ടറും ന്യൂസ്‌പേപ്പര്‍ ബോയ്‌സ് സിനിമയുടെ സംവിധായകന്‍ പി രാംദാസ് പ്രിന്‍സിപ്പലും ആയി രൂപീകരിച്ച സ്ഥാപനമായിരുന്നു അത്.ക്രൈസ്റ്റ് കോളജിലെ പഠനകാലമായിരുന്നെങ്കിലും കലാഭാരതിയില്‍ ചേരാന്‍ കമല്‍ തീരുമാനിച്ചു.

കോളജ് സമയത്തിനുശേഷം വൈകിട്ട് നാലുമുതല്‍ ആറുവരെയാണ് കലാഭാരതിയില്‍ ക്ലാസ്സ്.പഠിക്കേണ്ട കോഴ്‌സേതെന്ന മുന്‍ധാരണയോടയല്ല കമലവിടെ ചേരാനെത്തിയത്.സംവിധാനത്തിനുള്ള ആറുസീറ്റിലും അപ്പോഴേക്കും അഡ്മിഷന്‍ കഴിഞ്ഞിരുന്നു.അഭിനയത്തിനാണെങ്കില്‍ ഇരുപതുസീറ്റുണ്ട്.അങ്ങനെയാണ് അഭിനയം പഠിക്കാന്‍ കമല്‍ തീരുമാനിച്ചത്.എന്നാല്‍ തികച്ചും നിരാശാജനകമായ പഠനരീതിയായിരുന്നു അവിടെ നടന്നത്.സിനിമയേക്കുറിച്ച് ശാസ്ത്രീയമോ ക്രിയാത്മകമോ ആയ ഒന്നും തന്നെ അവിടെ സജ്ജീകരിച്ചിരുന്നില്ല.ഇടക്കെപ്പോഴെങ്കിലുമൊക്കെ രാമദാസെത്തി സ്വന്തം സിനിമാനിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവസമ്പത്ത് പങ്കുവച്ചുപോന്നു.അതിലധികമായി സാങ്കേതികമായ പരിചയപ്പെടുത്തലുകളോ ഇതര സിനിമാപ്രവര്‍ത്തകരുടെ സാന്നിധ്യമോ അവിടെയില്ലായിരുന്നു.ഡയറക്ടര്‍സ്ഥാനത്ത് പേരുവച്ചിരുന്നതൊഴിച്ചാല്‍ രാമുകാര്യാട്ടിന്റെ സാന്നിധ്യം കലാഭാരതിയില്‍ ഉണ്ടായിരുന്നില്ല.ചുരുക്കത്തില്‍ തൃശൂരുള്ള ചില സഹൃദയര്‍ ചേര്‍ന്ന് സിനിമാസ്വാദനം ലക്ഷ്യമിട്ട്് നടത്തുന്ന ഒരു സ്ഥാപനം മാത്രമാണതെന്ന അനുമാനത്തിലെത്താന്‍ ആദ്യദിവസങ്ങളില്‍ത്തന്നെ കമലിനു കഴിഞ്ഞു.അന്നത്തെ ഒരൊറ്റ ബാച്ചോടുകൂടി ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു.


ക്രൈസ്റ്റ് കോളജ്‌


കമലിന് തൃശൂരുമായുള്ള ദൈനംദിനബന്ധത്തിന് കളമൊരുങ്ങിയത് കലാഭാരതിയിലെ പഠനകാലമാണ്.ചാലിശ്ശേരി ബില്‍ഡിംഗ്‌സ് എന്ന പഴയ കെട്ടിടത്തിലാണ് കലാഭാരതിയിലെ സുഹൃത്തുക്കളില്‍പ്പലരും താമസിച്ചിരുന്നത്.വൈക്കം ചന്ദ്രശേഖരന്‍നായരുടെ ജ്യേഷ്ഠന്റെ മകന്‍ സാഗര്‍, കമലിനൊപ്പം പ്രവര്‍ത്തിക്കുന്ന സൂര്യന്‍ കുനിശ്ശേരി,അക്ബര്‍ജോസിലെ ജോസ് എന്നിവരെല്ലാം അവിടെ പഠിക്കാനുണ്ടായിരുന്നു.സിനിമയോട് അദമ്യമായ വാഞ്ഛ പുലര്‍ത്തിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായിരുന്നു അത്.സിനിമയാണ് സ്വന്തം വഴിയെന്ന് കമല്‍ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.കൈയെത്താ ദൂരത്തുള്ള സിനിമയെ യാഥാര്‍ത്ഥ്യമാക്കണം.അതിനുള്ള ആദ്യശ്രമമായി സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു സിനിമ നിര്‍മ്മിക്കാന്‍ നിശ്ചയിച്ചു.

സാഗറായിരുന്നു സിനിമാനിര്‍മ്മാണത്തിന്റെ മുഖ്യചെലവ് ഏറ്റെടുത്തത്.കമലടക്കം മറ്റുള്ളവര്‍ ചെറിയ തുക വീതം മുടക്കി.പെന്‍ഫ്രണ്ടെന്നാണ് ചിത്രത്തിന് ആദ്യം പേരുനല്‍കിയതെങ്കിലും പിന്നീടത് ക്ഷേത്രം എന്നാക്കിമാറ്റി.സാഗറായിരുന്നു സംവിധായകന്‍. കമലും ജോസും പ്രദേശവാസികളായ ചിലരും അഭിനേതാക്കള്‍.ഷൂട്ടിംഗ് ലൊക്കേഷന്‍ തൃശൂര്‍ തന്നെ.പെണ്‍കുട്ടികളുടെ അടുത്ത് ശൃംഗരിച്ചുനടക്കുന്ന വില്ലന്‍ കോളജ് കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിച്ചത്.പക്ഷേ സാമ്പത്തികപ്രശ്‌നങ്ങളെത്തുടര്‍ന്ന്് സിനിമ റിലീസിംഗ് ഘട്ടത്തിലേക്കെത്തിച്ചേര്‍ന്നില്ല.

ഷൂട്ടിംഗ് സമയത്ത് അവര്‍ക്കൊപ്പമുണ്ടായിരുന്ന പടിയനായിരുന്നു ചിത്രത്തിന്റെ ഉപദേഷ്ടാവ്.ജോണ്‍ എബ്രഹാം,പവിത്രന്‍,ടിവി ചന്ദ്രന്‍,രാമു കാര്യാട്ട് ,നരേന്ദ്രപ്രസാദ് ,മുരളി ,കടമ്മനിട്ട തുടങ്ങിയ കലാകാരന്‍മാരുമായി പടിയന് അക്കാലത്തുതന്നെ നല്ല സൗഹൃദം ഉണ്ടായിരുന്നു.പെന്‍ഫ്രണ്ടിന്റെ ചിത്രീകരണത്തില്‍ നിന്നുണ്ടായ ആവേശത്തില്‍ ഒരു സിനിമ സ്വന്തമായെടുക്കാന്‍ അദ്ദേഹം നിശ്ചയിച്ചു.കമല്‍ എന്ന ചലച്ചിത്രകാരന്റെ ഭാവി നിശ്ചയിച്ചത് അന്നത്തെ തീരുമാനത്തിന്റെ തുടര്‍ച്ചയായി പടിയനെടുത്ത ത്രാസം എന്ന സിനിമയായിരുന്നു

(തുടരും)