നക്ഷത്രദൂരം - 10''പെരുമഴക്കാലത്തിന്റെ കഥ ഡിസ്‌ക്കസ് ചെയ്തപ്പോള്‍ റസാഖിനോട് ആദ്യം പറഞ്ഞതത് ഇതൊരു മഴക്കാലത്തേക്കു പ്ലേസ്‌ചെയ്യണമെന്നാണ് . മഴയുടെ പലതരം ഭാവങ്ങളാണ് ആ സിനിമയിലുള്ളത് . ഏറ്റവുമധികം സൗന്ദര്യമുള്ള ഒന്നാണ് മഴ . അതുകൊണ്ടാണ് സിനിമയിലും സാഹിത്യത്തിലുമെല്ലാം കലാകാരന്‍മാര്‍ മഴയെ ധാരാളമായി ഉപയോഗിക്കുന്നതും . വിരഹം വന്നാല്‍ ... പ്രണയം തോന്നിയാല്‍ ... കാമുകിക്കുവേണ്ടി അല്ലെങ്കില്‍ കാമുകനു വേണ്ടി കാത്തിരിക്കുമ്പോള്‍ ... കാത്തിരിക്കുന്നവര്‍ പിന്നെ കണ്ടുമുട്ടുമ്പോള്‍ .... എല്ലാം നമുക്ക് മഴയെ കണക്ട് ചെയ്യാം . വല്ലാത്തൊരു ഫീലാണ് അതു നമുക്കുതരുന്നത് . ഗൃഹാതുരതയുണര്‍ത്താനതിനു കഴിയും ... ''
മഴയുടെ നാനാര്‍ത്ഥങ്ങളെക്കുറിച്ചു പറയുമ്പോള്‍ കമല്‍ എപ്പോഴും വാചാലനാകാറുണ്ട് . പ്രത്യേകിച്ചും പ്രിയപ്പെട്ട ' പെരുമഴക്കാലത്തെ' ക്കുറിച്ചോര്‍ക്കുമ്പോള്‍സമ്പൂര്‍ണ്ണമായി മഴക്കാലചിത്രീകരണം നിശ്ചയിച്ച 'പെരുമഴക്കാലം' കല്ലായിപ്പുഴയുടെ തീരത്തുള്ള റസിയ എന്ന പെണ്‍കുട്ടി കല്‍പ്പാത്തിപ്പുഴയുടെ തീരത്തെ ഗംഗയെ തേടി നടത്തുന്ന യാത്രയുടെ വിശേഷങ്ങളാണ് . കഥാപാത്രങ്ങള്‍ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കും വെവ്വേറെയുള്ള മൂഡ് സൃഷ്ടിക്കാന്‍ മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ സിനിമയിലുടനീളം ആവശ്യമായിരുന്നു . അക്കാരണത്താല്‍ത്തന്നെ മഴക്കാറുകളില്ലാത്ത കര്‍ക്കിടകമാസമാണ് ഷൂട്ടിംഗിനു തെരഞ്ഞെടുത്തത് . ഷൂട്ടിംഗിന്റെ ആദ്യദിവസങ്ങളില്‍ മഴ തകര്‍ത്തുപെയ്തു . ഷൂട്ടിംഗ് വേളകളില്‍ പൊതുവെ മഴ പെയ്യരുതേയെന്നായിരിക്കും പ്രാര്‍ത്ഥന . എന്നാല്‍ ഒരു ചിത്രം ചിത്രീകരിക്കുന്ന മുഴുവന്‍ സമയവും മഴ ഒഴിഞ്ഞുനില്‍ക്കരുതേയെന്ന് ആദ്യമായും അവസാനമായും കമല്‍ ആഗ്രഹിച്ചത് 'പെരുമഴക്കാലത്ത'ിലാണ് .

നനഞ്ഞു കിടക്കുന്ന പ്രകൃതിയുടെ യഥാതഥമായ പ്രതിഫലനവും അവസ്ഥാന്തരങ്ങളും പെരുമഴക്കാലത്തിന്റെ അടിസ്ഥാനസ്വഭാവമായിരുന്നു . മഴ പെയ്യില്ലെന്നുറപ്പാകുന്ന സന്ദര്‍ഭങ്ങളില്‍ കൃത്രിമ മഴക്കുള്ള സംവിധാനങ്ങളെ ആശ്രയിക്കുകയാണ് പതിവ് . എന്നാല്‍ മണ്ണും റോഡും മരവുമെല്ലാം നനഞ്ഞുകിടക്കുന്ന പെരുമഴക്കാലത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കൃത്രിമമഴക്ക് കഴിയണമെന്നില്ല . കൃത്രിമമഴ പെയ്യുന്നത് ക്യാമറയുടെ ഫ്രയിമിലേക്കാണ് . അതുകൊണ്ടുതന്നെ കാഴ്ചയുടെ പരിധിയോളം നീളുന്ന മഴയുടെ നനവ് പ്രേക്ഷകന് അനുഭവപ്പെടില്ല . അതുണ്ടാകണമെങ്കില്‍ യഥാര്‍ത്ഥ മഴ തന്നെ ലഭിക്കണം . മീര ജാസ്മിന്‍ അവതരിപ്പിച്ച റസിയ അഗ്രഹാരത്തിലെത്തുമ്പോഴുള്ള ദൃശ്യങ്ങളെല്ലാം അപ്രകാരം യഥാര്‍ത്ഥമഴയില്‍ ചിത്രീകരിച്ചവയാണ് .

' രാക്കിളി തന്‍... ' എന്ന ഗാനത്തിന്റെ ചിത്രീകരണം പൂര്‍ണ്ണമായും യഥാര്‍ത്ഥമഴയെ ആശ്രയിച്ചുവേണമെന്നായിരുന്നു കമല്‍ ആഗ്രഹിച്ചിരുന്നത് . എന്നാല്‍ അതു ചിത്രീകരിക്കുമ്പോഴേക്കും കത്തുന്ന വെയില്‍ ദിനങ്ങളെത്തിയിരുന്നു . ഷൂട്ടിംഗ് ലൊക്കേഷന്‍ കോഴിക്കോട് നിന്നും പാലക്കാടേക്ക് ഷിഫ്റ്റ് ചെയ്യേണ്ട സമയവുമായി . എങ്ങനെയും ആ ഗാനം ചിത്രീകരിച്ചേ മതിയാകൂ . അടുത്ത ദിവസങ്ങളില്‍ മഴ പെയ്‌തേക്കുമെന്ന് കാത്തിരിക്കാനുമാവില്ല . ഒടുവില്‍ വിപുലമായ രീതിയില്‍ കൃത്രിമമഴ പെയ്യിക്കാന്‍ തന്നെ തീരുമാനിച്ചു . മഴയില്‍ കുളിച്ച നിലയില്‍ സിനിമയില്‍ കാണുന്ന കോഴിക്കോട് ബസ്‌സ്റ്റാന്റും റോഡുമെല്ലാം നല്ല വെയിലുള്ള സമയത്ത് സൃഷ്ടിച്ചതാണ് . മഴയുടെ ഫീല്‍ കിട്ടാനായി റോഡെല്ലാം കാര്യമായി നനക്കേണ്ടി വന്നു . ഔട്ട് ഓഫ് ഫോക്കസ് പോലുള്ള ടെക്‌നിക്കുകളും ഉപയോഗിച്ചു.മുന്‍സീറ്റില്‍ മീരാജാസ്മിനെ ഇരുത്തിയ ശേഷം ബസിന്റെ മുകളില്‍ ഹോസ് കെട്ടിവച്ച ഗ്ലാസിലൂടെ മുഴുവന്‍ സമയവും വെള്ളം ഒഴുക്കും . വെള്ളം ചിതറിച്ചുകൊണ്ട് പിന്നാലെ മഴ പെയ്യിക്കുന്ന വെഹിക്കിളും . മുന്‍ഗ്ലാസ്സിലൂടെ മഴയിങ്ങനെ പെയ്തിറങ്ങുമ്പോള്‍ വൈപ്പറിടുന്നുണ്ടാവും . യഥാര്‍ത്ഥത്തില്‍ മുന്നില്‍ ദൂരെ നല്ല വെയിലാണ് . എന്നാല്‍ സിനിമയിലത് പൂര്‍ണ്ണമായും മഴയായി അനുഭവപ്പെടത്തക്ക വിധത്തില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞു .ഒടുവില്‍ ഷൂട്ടിംഗ് മുഴുവന്‍ തീര്‍ത്ത് പാലക്കാട്ടു നിന്നു മടങ്ങുമ്പോഴേക്കും കനത്ത മഴയുടെ വരവായി . മഴയുടെ ദിനങ്ങളായിരുന്നു പിന്നീട് . കേരളം നാലു ദിവസത്തോളം മഴയില്‍ മുങ്ങി . തമ്പാനൂര്‍ റയില്‍വേ സ്റ്റേഷന്‍ വെള്ളത്തില്‍ മുങ്ങിയതായും എറണാകുളത്തു കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടാതായുമെല്ലാം പത്രങ്ങളിലും ടിവികളിലും വാര്‍ത്തകള്‍ .

പെരുമഴക്കാലം ചിത്രീകരിക്കുമ്പോള്‍ ഒരു പരിധിവരെ മഴ അനുഗ്രഹിക്കുകയും അതുപോലെ തന്നെ ചതിക്കുകയും ചെയ്‌തെന്നു വെണം കരുതാന്‍ . പക്ഷേ , മഴയില്ലാത്തപ്പോള്‍ ചിത്രകരിച്ചതെന്നു തോന്നുന്ന ഏതെങ്കിലും മഴദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണാനാവില്ലെന്നതായിരുന്നു പെരുമഴക്കാലത്തിന്‍രെ പ്രത്യേകത . സിനിമയില്‍ മഴ ചിത്രീകരിക്കുന്നതിന്റെ സാങ്കേതികതയാണ് അതിനു സഹായകമായത് .

'മഴ ഉളവാക്കുന്ന ഒരു തരം ശബ്ദവിന്യാസമുണ്ട് ... വളരെയധികം പ്രത്യേകതയുണ്ട് അതിന് ... സിനിമയിലായാലും ജീവിതത്തിലായാലും അതങ്ങനെയാണ് ...
മുറി അടച്ചിരുന്നാലും മഴയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് അറിയാതൊന്നു തുടിക്കില്ലേ ... അതുപോലെയാണ് സ്‌ക്രീനില്‍ മഴ പെയ്യുന്ന ശബ്ദവും ...
അത്തരം ശബ്ദവിന്യാസമുപയോഗിക്കുമ്പോള്‍ അനുഭവക്ഷമതയേറും . സിനിമ എന്ന മാധ്യമം അങ്ങനെയാണ് . ദൃശ്യത്തിലൂടെ മാത്രമല്ല , ശബ്ദത്തിലൂടെയും നമുക്കതിനെ പൊലിപ്പിക്കനാവും .'
കമല്‍ വിശദീകരിക്കുന്നു .അറക്കപ്പൊടിയും ആസ്ത്മയും' മധുരനൊമ്പരക്കാറ്റ് ' എന്ന സിനിമയുടെ കഥാഗതിയില്‍ നിര്‍ണ്ണായകഘട്ടങ്ങളിലെല്ലാം വീശുന്ന കാറ്റ് പ്രധാനമാണ് . അത്തരത്തില്‍ ചിത്രത്തിലുടനീളം കാറ്റുണ്ടാകണമെങ്കില്‍ കൃത്രിമമായി അതുണ്ടാക്കുകതന്നെ വേണം . വലിയ മരങ്ങള്‍ ആടിയുലയുമ്പോഴാണ് കാറ്റിന്റെ സാധ്യതയും ശക്തിയും തിരിച്ചറിയപ്പെടുന്നത് . പക്ഷേ ഏറെ സമയം കാറ്റിനെ നിലനിര്‍ത്തി ചിത്രീകരണം നടത്തുമ്പോള്‍ വലിയ മരങ്ങളെ ആശ്രയിക്കുന്നത് ബുദ്ധിയല്ല . അത്തരം മരങ്ങള്‍ക്കരികില്‍ പ്രൊപ്പല്ലര്‍ നിരത്തി കാറ്റുണ്ടാക്കുന്നത് ശ്രമകരവും റിസള്‍ട്ട് ഉറപ്പില്ലാത്തതുമായ പ്രവൃത്തിയാണ് . കമലിനപ്പോള്‍ തോന്നിയത് വേറിട്ടൊരാശയമായിരുന്നു . വലിയ മരങ്ങളെയെല്ലാം ഒഴിവാക്കുക . പകരം തീര്‍ത്തും തരിശായ ഒരിടത്ത് കാറ്റിന്റെ സാന്നിധ്യം സൃഷ്ടിക്കുക . അപ്പോള്‍ത്തന്നെ ക്യാമറാമാന്‍ സുകുമാറുമായി അക്കാര്യം ചര്‍ച്ച ചെയ്തു . അങ്ങനെയാണ് കാസര്‍കോഡ് അതിര്‍ത്തിയിലെ ബന്തടുക്കയില്‍ പറ്റിയ സ്ഥലം കണ്ടെത്തിയത് .

അക്ഷരാര്‍ത്ഥത്തില്‍ തരിശുനിലം തന്നെയായിരുന്നു അത് . അങ്ങിങ്ങു നട്ടുവക്കുന്ന ചെടികളിലേക്ക് പ്രൊപ്പല്ലറുപയോഗിച്ച് കാറ്റടിക്കണം . പാറിപ്പറക്കുന്ന പൊടിപടലങ്ങളിലൂടെ കാറ്റിന്റെ ശക്തി പ്രകടമാക്കണം . ആര്‍ട്ട് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാ ദിവസവും അതിനുവേണ്ട കരിയിലയും അറക്കപ്പൊടിയും വലിയ ചാക്കുകളില്‍ ശേഖരിക്കും . അറക്കപ്പൊടി തടിമില്ലില്‍ നിന്നു കിട്ടും . എന്നാല്‍ കരിയിലയുടെ കാര്യം അതല്ല . റോഡുകളും പറമ്പുകളുമടക്കം പലയിടങ്ങളില്‍ നിന്നുവേണം കണ്ടെത്താന്‍ . അതിനുവേണ്ടി ഒരു ടെംപോവാന്‍ തന്നെ വാടകക്കെടുത്തിരുന്നു .'ഇലയൊക്കെ ചാക്കിലാക്കിക്കൊണ്ടുവരുന്നു എന്നുപറയുമ്പോഴത് ഒരുതരത്തില്‍ സിനിമക്കുവേണ്ടി മാത്രം ചെയ്യുന്ന ജോലികളാണ് . ക്രിയേഷന്റെ ഭാഗമായതുകൊണ്ട് എന്തു പണി വേണമെങ്കിലും ആരും ചെയ്യും ... അങ്ങനൊരു മാനസികഭാവം എല്ലാവര്‍ക്കുമുണ്ടാകും . ഒരു പക്ഷേ മറ്റൊരു തൊഴിലിലും നമ്മളിത്തരം പണിക്കൊന്നും തയ്യാറായെന്നു വരില്ല . '

കമല്‍ ചിത്രീകരണത്തിന്റെ സാങ്കേതികതകളിലേക്കു കടന്നു .
'മഴ പെയ്യിക്കുന്നതുപോലെ അറക്കപ്പൊടിയും കരിയിലയും കൃത്യമായി ഫ്രയിമിലേക്കിടണം ... നന്നായിട്ടറിയുവന്നവര്‍ വേണം അതു ചെയ്യാന്‍ . അതുകൊണ്ടുതന്നെ പലപ്പോഴും അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരിക്കും കരിയില വിതറുന്നത് . മഴയാണെങ്കില്‍ തലയില്‍ വെള്ളം വീഴാതെ നോക്കിയാല്‍ മതി . പക്ഷേ ഇതങ്ങനെയല്ലല്ലോ ... കണ്ണു മാത്രം പുറത്തു കാണത്തക്കവിധത്തില്‍ മൂക്കും വായും പൊത്തി അറക്കപ്പൊടി വാരി വിതറണം '

മധുരനൊമ്പരക്കാറ്റിന്റെ ഷൂട്ടിംഗിനിടയില്‍ സെറ്റിലുള്ളവരെയൊന്നടങ്കം ആശങ്കയിലാഴ്ത്താനും കാറ്റിനു കഴിഞ്ഞു . ക്ലൈമാക്‌സില്‍ സ്‌കൂള്‍ വീഴുന്നതു ചിത്രീകരിക്കുമ്പോഴായിരുന്നു അത് . സ്‌കൂള്‍ വീഴ്ത്തുന്നതിനു വേണ്ടി സ്റ്റണ്ട് വിദഗ്ധരടക്കമുള്ളവര്‍ കയര്‍ വലിച്ചുകെട്ടി കാത്തുനില്‍ക്കുകയാണ് . അതു ചിത്രീകരിക്കുന്നതിനു മുന്നോടിയായാണ് സംയുക്ത അവതരിപ്പിക്കുന്ന കഥാപാത്രത്തെ വില്ലന്‍ ഭയപ്പെടുത്തിയോടിക്കുന്നത് .

ക്യാമറ കുറച്ചകലത്ത് ഫിക്‌സ് ചെയ്തിട്ടുണ്ട് . അറക്കപ്പൊടി വാരി വിതറുമ്പോള്‍ അതിനിടയിലൂടെ സംയുക്തയുടെ ഓടണം . ഓടി ഒരരികിലെത്തുമ്പോള്‍ പിന്നിലേക്കു തിരിയണമെന്നാണ് സംയുക്തക്കു നല്‍കിയിട്ടുള്ള നിര്‍ദ്ദേശം . ചിത്രീകരണം തുടങ്ങി . ഇലയും പൊടിയും വ്യാപകമായി പറന്നു . അതോടെ അല്‍പ്പം അകലെയായി നിന്നിരുന്ന സംയുക്തയില്‍ അസ്വാഭാവികമായി ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി . പതിവല്ലാത്ത ലുക്കും എക്‌സ്പ്രഷന്‍സും . കമല്‍ കട്ട് പറഞ്ഞെങ്കിലും പ്രൊപ്പല്ലര്‍ ഓഫായി കാറ്റുകുറയാന്‍ സമയമെടുത്തു

. അപ്പോഴേക്കും സംയുക്ത നിലത്തിരുന്നുകഴിഞ്ഞു . സംയുക്തക്ക് ആസ്ത്മയുടെ ചെറിയ പ്രശ്‌നമുണ്ടെന്ന് ഷൂട്ടിംഗ് സമയത്ത് ആര്‍ക്കുമറിയില്ലായിരുന്നു . അപ്പോള്‍ ചിത്രീകരിക്കുന്ന ഷോട്ടുകളിലിലൊന്നുമില്ലെങ്കിലും സംയുക്തയുമായുള്ള പ്രണയത്തിന്റെ കാലമായിരുന്നതുകൊണ്ട് ബിജുമേനോനും സ്ഥലത്തുണ്ടായിരുന്നു . ഷൂട്ടിംഗ് കാലയളവില്‍ മിക്കപ്പോഴും ഇന്‍ഹേലര്‍ കമലിന്റെ കൈവശമുണ്ടാകാറുണ്ട് . എന്നാല്‍ അന്നതെടുത്തിരുന്നില്ല . യൂണിറ്റിലുള്ള ഒരാളില്‍ നിന്നുകിട്ടിയതാണ് സംയുക്തക്കുനല്‍കിയത് . തെല്ലൊരാശ്വാസമായതോടെ നേരെ ഹോസ്പിറ്റലിലെത്തിച്ചു . ശ്വാസകോശത്തില്‍ പൊടി കയറിയിരുന്നതുകൊണ്ട് സംയുക്തക്ക് ഒരാഴ്ച റസ്‌റ്റെടുക്കേണ്ടതായും വന്നു .മല പോലെ വന്ന ' ഹേ റാം 'പ്രൊപ്പല്ലര്‍നാലു പ്രൊപ്പല്ലറുകള്‍ ആണ് മധുരനൊമ്പരക്കാറ്റിന്റെ ഷൂട്ടിംഗിന് ഏര്‍പ്പാടാക്കിയിരുന്നത് ; രണ്ടെണ്ണം മദ്രാസില്‍ നിന്നും രണ്ടെണ്ണം തിരുവനന്തപുരത്തുനിന്നും . തിരുവനന്തപുരത്തുനിന്നു കൊണ്ടുവന്ന പ്രൊപ്പല്ലറിന് കാറ്റു പോരെന്ന് പലരും പറഞ്ഞെങ്കിലും കമലിന് എല്ലാം ഒന്നുപോലെയാണ് അനുഭവപ്പെട്ടത് . അപ്പോഴാണ് 'ഹേ റാ' മിന്റെ ഷൂട്ടിലുപയോഗിച്ച പ്രൊപ്പല്ലര്‍ മദ്രാസിലുള്ളതായി കേട്ടത് . കമലഹാസന്‍ എവിടെ നിന്നോ വരുത്തിയതോ പ്രത്യേകമായി ഉണ്ടാക്കിച്ചതോ ആണ് . വലിപ്പം വളരെ കൂടുതലായതുകൊണ്ട് കണ്ടെയ്‌നര്‍ പോലെയുള്ള പ്രത്യേകവാഹനത്തിലേ കൊണ്ടുവരാന്‍ കഴിയൂ . രണ്ടു ദിവസത്തെ അതിന്റെ വാടകക്കും ഒപ്പം വരുന്ന അഞ്ചെട്ടുപേരുടെ ബാറ്റക്കുമെല്ലാം കൂടി ചുരുങ്ങിയത് രണ്ടുലക്ഷം രൂപ അധികച്ചെലവാകും.

അന്നത് നല്ലൊരു തുകയായിരുന്നു . സ്വാഭാവികമായും അങ്ങനെ ഒരു പ്രൊപ്പല്ലര്‍ വേണ്ടെന്ന നിലപാടിലായിരുന്നു ആദ്യം നിര്‍മ്മാതാവ് . എന്നാല്‍ സ്‌കൂള്‍ വീഴുന്നതടക്കം വിപുലമായ ഷൂട്ടിംഗ് സാധ്യതകള്‍ മുന്‍നിര്‍ത്തി വലിയ പ്രൊപ്പല്ലര്‍ വേണ്ടിവരുമെന്ന് കമല്‍ നിര്‍ബന്ധിച്ചു . സംവിധായകന്‍ മണിരത്‌നത്തിന്റെ സെറ്റിലായിരുന്നു പ്രൊപ്പല്ലറപ്പോള്‍ ഉണ്ടായിരുന്നത് . എന്നുമാത്രമല്ല മറ്റൊന്നിനുമില്ലാത്തത്ര ഡിമാന്റും ഉണ്ടായിരുന്നു . ഒടുവില്‍ ' ഹേ റാം പ്രൊപ്പല്ലര്‍ ' എത്തുന്നതിനായി ക്ലൈമാക്‌സ് ചിത്രീകരണം നാലു ദിവസം നീട്ടിവച്ചു .

വലിയൊരു ലോറിയിലാണ് പ്രൊപ്പല്ലര്‍ കൊണ്ടുവന്നത് . പിന്നീട് നടന്നതെല്ലാം നാടകീയ സംഭവങ്ങളാണ് . സിനിമയില്‍ കാണുന്നതുപോലെ ഒരു കൂട്ടമാളുകള്‍ പ്രൊപ്പല്ലര്‍ കൊണ്ടുവന്ന വാഹനത്തില്‍ നിന്നു ചാടിയിറങ്ങി. മുഖത്തു മാസ്‌ക് വരിഞ്ഞു മുറുക്കി മുന്‍കരുതലുകളൊക്കെയെടുത്താണ് അവര്‍ പ്രൊപ്പല്ലര്‍ താഴേക്കിറക്കിയത് . സമീപത്തുനിന്നും ആളുകളെയെല്ലാം മാറ്റിനിര്‍ത്തുന്നു . ഫിക്‌സ് ചെയ്തിരുന്ന പൊസിഷനില്‍ നിന്നും ക്യാമറ മാറ്റിവയ്പിക്കുന്നു . ലൈറ്റുകള്‍ റീഫിക്‌സ് ചെയ്യിപ്പിക്കുന്നു . ആകെ ബഹളമയമായ അന്തരീക്ഷം . പ്രൊപ്പല്ലര്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാറ്റിന്റെ ദിശക്കനുസരിച്ച കരിയില വിതറുമെന്നറിഞ്ഞതോടെ അവരതിനെ എതിര്‍ത്തു. പ്രൊപ്പല്ലര്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ ഒരു കാരണവശാലും അതിനടുത്തേക്കു ചെല്ലാനാവില്ലെന്ന് മുന്നറിയിപ്പുനല്‍കി കരിയില വിതറാനുള്ള പദ്ധതി ഉപേക്ഷിക്കാന്‍ അവര്‍ ഉപദേശിച്ചു. എന്നു മാത്രമല്ല മറ്റു പ്രൊപ്പല്ലറുകളൊന്നും ആവശ്യമില്ലെന്നറിയിച്ച് അവ എടുത്തുമാറ്റുകയും ചെയ്തു. ചെറിയ പ്രൊപ്പല്ലര്‍ നാലെണ്ണമുള്ളതില്‍ രണ്ടെണ്ണമെങ്കിലും കൂടിയിരുന്നോട്ടെ എന്ന് കമല്‍ പറഞ്ഞെങ്കിലും അവര്‍ തയ്യാറായിരുന്നില്ല . എല്ലാവര്‍ക്കും ടെന്‍ഷനും ജിജ്ഞാസയും . വില്ലന്‍ ഓടി വരുന്ന ഷോട്ടാണ് ചിത്രീകരിക്കുന്നത് .

കാറ്റിനത്ര ശക്തിയാണെങ്കില്‍ അടുത്തു നിന്നാല്‍ വില്ലന്‍ പറന്നുപോകുമല്ലോ എന്ന് തമാശരൂപേണയാണെങ്കിലും സംശയിച്ച് അല്‍പ്പം ദൂരെ മാറി ഷോട്ട് ഫിക്‌സ് ചെയ്തു . ഓണ്‍ ചെയ്തപ്പോള്‍ത്തന്നെ വലിയ ശബ്ദത്തോടെ കൂറ്റന്‍ പ്രൊപ്പല്ലര്‍ കറങ്ങിത്തുടങ്ങി . ഏറെ സമയം കഴിഞ്ഞിട്ടും ആവശ്യത്തിനുള്ള കാറ്റു കിട്ടുന്നില്ല . അതിനിടെ കരിയില ഇട്ടുനോക്കുന്നമുണ്ട് . പക്ഷേ കരിയിലയെല്ലാം പിന്നിലേക്കു മാത്രം പറന്നു . വലിയ പ്രതീക്ഷയോടെ കൊണ്ടുവന്ന ഹേ റാം സ്‌പെഷ്യല്‍ പ്രൊപ്പല്ലര്‍ കേവലമൊരു സാധാരണ പ്രൊപ്പല്ലറിന്റെ വലിയ രൂപം മാത്രമാണെന്ന സത്യം അവിടെ വെളിപ്പെടുകയായിരുന്നു . കൂടുതല്‍ സ്ഥലം കവര്‍ ചെയ്യാനാകുമെന്നതു മാത്രമാണ് ആകെയുള്ള മെച്ചം . മനുഷ്യന്‍ പോയിട്ട് ഒരീച്ചയെങ്കിലും പറക്കുമോയെന്നു നോക്കട്ടെയെന്നു കളിയാക്കി അസിസ്റ്റന്റിസിലൊരാള്‍ ഈച്ചയെ കൊണ്ടുവന്ന അതിനു മുന്നിലേക്കിട്ടു . അങ്ങനെ മല പോലെ വന്നത് എലി പോലെയായി . ക്ലൈമാക്‌സ് ഷൂട്ടു ചെയ്യാന്‍ കൊണ്ടുവന്ന ഹേ റാം പ്രൊപ്പല്ലര്‍ തിരിച്ചയക്കാന്‍ കമല്‍ ആവശ്യപ്പെട്ടു .


ഹംപിയിലും പിന്നെ സാള്‍സ്ബര്‍ഗിലുംഗ്രാമഫോണിന്റെ പാട്ടു ചിത്രീകരണം ഹംപിയില്‍ നടക്കുന്നു . പുരാതനത്വം പേറുന്ന വിജയനഗരസാമ്രാജ്യത്തിന്റെ ശേഷിപ്പുകളായ കെട്ടിടങ്ങളും മറ്റും നിറഞ്ഞ സ്ഥലം. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ നടക്കുന്നതിനിടയിലാണ് പാട്ട് ഹംപിയില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചത് . ലൊക്കേഷന്‍ കാണുന്ന പ്രാഥമികനടപടികള്‍ക്കായി ആര്‍ട്ട് ഡയറക്ടര്‍ സുരേഷ് കൊല്ലവും കമലിന്റെ അസിസ്റ്റന്റ് സലിം പടിയത്തുമാണ് ആദ്യം ഹംപിയിലേക്കു പോയത്. അനുയോജ്യമെന്നു തോന്നിയ സ്ഥലങ്ങള്‍ അവര്‍ വീഡിയോയില്‍ ചിത്രീകരിച്ച് മടങ്ങിവന്നു . അതു കണ്ടപ്പോള്‍ത്തന്നെ ചിത്രീകരണം ഹംപിയില്‍ മതിയെന്നു കമല്‍ നിശ്ചയിച്ചു.

കര്‍ണ്ണാടകത്തിലാണ് സ്ഥലമെങ്കിലും ജൂലൈ മാസമായതുകൊണ്ട് കമല്‍ മഴയെക്കുറിച്ച് തെല്ലൊന്നാശങ്കപ്പെട്ടു . അപ്പോള്‍ത്തന്നെ സുരേഷ് കൊല്ലം ഇടപെട്ടു . ഇക്കാര്യത്തെപ്പറ്റി ആദ്യം തന്നെ അന്വേഷിച്ചെന്നും അവിടെ മഴ പെയ്തിട്ട് രണ്ടുകൊല്ലത്തോളമായെന്നും സുരേഷ് പറഞ്ഞു . കഴിഞ്ഞ വര്‍ഷങ്ങളില്‍ മഴ പെയ്യേണ്ട ജൂലൈ,ആഗസ്റ്റ് മാസങ്ങളില്‍ അവിടെ മഴ പെയ്തിട്ടില്ല . മഴ പെയ്യാത്ത ഒരു സ്ഥലം അങ്ങനെയുണ്ടാവുമോയെന്ന് കമലിനു സംശയമായി . ആ സംശയം ബാക്കിവച്ചുകൊണ്ടുതന്നെയാണ് സംഘാംഗങ്ങള്‍ക്കൊപ്പം ഷൂട്ടിംഗിന്റെ തലേ ദിവസം കമല്‍ അവിടെയെത്തിയത് . പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ ഹംബി ചുട്ടുപഴുത്തുകിടക്കുന്നു . ഷൂട്ടിംഗിനുള്ള സാധനസാമഗ്രികളെത്തിയപ്പോഴും കമല്‍ സംശയനിവാരണത്തിനായി അന്നാട്ടുകാരോട് മഴയെപ്പറ്റി ചോദിച്ചു.

മഴ പെയ്യില്ലെന്നവര്‍ ആവര്‍ത്തിച്ചുറപ്പുനല്‍കി . എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയ ദിവസം ഉച്ചവെയിലില്‍ ഭക്ഷണം കഴിഞ്ഞ് പിന്തിരിയുമ്പോള്‍ കമല്‍ ആ കാഴ്ച കണ്ടു . പടിഞ്ഞാറന്‍ ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടുന്നു . സുരേഷ് കൊല്ലവും ക്യാമറാമാന്‍ സുകുവും മഴ പെയ്യാനിടയില്ലെന്ന ആശ്വാസ വാക്കുകളുമായെത്തി . വീണ്ടും ഷൂട്ടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി . ആദ്യത്തെ ഷോട്ടെടുത്തപ്പോഴേക്കും ആകാശം ഇരുണ്ടുമൂടി . പിന്നെ തോരാത്ത മഴ . നിസ്സഹായരായി ഷൂട്ടിംഗ് മുടങ്ങി നില്‍ക്കുമ്പോള്‍ അറിയാതെ കമല്‍ സ്വയം ചോദിച്ചുപോയി ; ഞാനെന്താ ഋഷ്യശൃംഗനോ ? . രണ്ടുവര്‍ഷമായി മഴയില്ലാത്തിടത്ത് കോരിച്ചൊരിയുന്ന മഴയുമായി ഷൂട്ടിംഗ് സംഘമെത്തിയത് അന്നാട്ടുകാര്‍ക്കും അതിശയമായിരുന്നു . ഹംപിയില്‍ മഴ പെയ്യിച്ചതിന്റെ ക്രഡിറ്റും അങ്ങനെ കമലിനു കിട്ടി.

സാള്‍സ്ബര്‍ഗില്‍ സംഭവിച്ചതും അത്തരത്തിലൊരനുഭവമായിരുന്നു . സ്വപ്‌നക്കൂടിന്റെ ഗാനചിത്രീകരണങ്ങളിലൊന്ന് ഓസ്ട്രിയയിലെ സാള്‍സ്ബര്‍ഗില്‍ വച്ചായിരുന്നു . 1965 ല്‍ റിലീസ് ചെയ്ത വിഖ്യാത അമേരിക്കന്‍ ചിത്രം 'ദി സൗണ്ട് ഓഫ് മ്യൂസിക് ' ചിത്രീകരിച്ച സ്ഥലമാണ് സാള്‍സ്ബര്‍ഗ് . കീബോര്‍ഡും വയലിനും സ്വന്തം കംപോസിങ്ങുകളുമായി ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച സംഗീതജ്ഞന്‍ മൊസാര്‍ട്ടിന്റെ തെരുവുകളിലാണ് ഷൂട്ടിംഗ് . ഷൂട്ടിംഗിന് രണ്ടു ദിവസം മുമ്പ് സംഘാംഗങ്ങള്‍ അവിടെയെത്തി . പതിവുപോലെ പ്രദേശവാസികളോട് കാലാവസ്ഥയെക്കുറിച്ചും മഴയെപ്പറ്റിയും കമല്‍ അന്വേഷിച്ചു . നല്ല കാലാവസ്ഥയാണെന്നും വേനലില്‍ ഒരു കാരണവശാലും അവിടെ മഴ പതിവില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. പാട്ടിന്റെ ചില ഭാഗങ്ങള്‍ വിയന്നയില്‍ ചിത്രീകരിച്ചപ്പോള്‍ നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നു . തുടര്‍ന്ന് ഷൂട്ടിംഗ് സാള്‍സ് ബര്‍ഗിലേക്കു ഷിഫ്റ്റ് ചെയ്തു.

വിയന്നയില്‍ നിന്ന് ആറേഴുമണിക്കൂര്‍ യാത്രാദൂരമുണ്ട് സാള്‍സ്ബര്‍ഗിലേക്ക് . അവിടെയും ആദ്യദിവസം നല്ല ചൂടുതന്നെയായിരുന്നു. അടുത്ത ദിവസം പ്രഭാതഭക്ഷണം കഴിഞ്ഞ് താമസിക്കുന്ന ഹോട്ടലില്‍ നിന്ന് പുറത്തേക്കുപോകുന്നതിനിടയില്‍ വെറുതെ പത്രമെടുത്ത് കാലാവസ്ഥാപ്രവചനം നോക്കിയ കമല്‍ അന്തം വിട്ടുപോയി . അന്നത്തെ ദിവസം മേഘാവൃതമായിരിക്കുമെന്നും ഉച്ചക്കുശേഷം മഴയുണ്ടാകുമെന്നുമാണ് അതിലുള്ളത് . ഷൂട്ടിംഗിന് സഹായത്തിനുള്ള അന്നാട്ടിലെ മലയാളികളോട് ഇക്കാര്യമന്വേഷിച്ചപ്പോള്‍ അവരും അക്കാര്യത്തില്‍ ഉറപ്പുപറഞ്ഞു . അവിടെ കാലാവസ്ഥാപ്രവചനം എപ്പോഴും കിറുകൃത്യമാകാറുണ്ടേ്രത . മഴ പെയ്യുമെന്നു പറഞ്ഞാല്‍ പെയ്തിരിക്കും ... അവിശ്വസനീയമാം വിധത്തില്‍ ആ പ്രവചനം സത്യമായി . ഉച്ച കഴിഞ്ഞതോടെ ശക്തമായ മഴ പെയ്തു തുടങ്ങി . ഷൂട്ടിംഗ് സ്ഥലത്തെല്ലാം മഴ പെയ്യിക്കുന്നയാളെന്ന് കമലിനെക്കുറിച്ചുള്ള ഖ്യാതിക്ക് അങ്ങനെ വിദേശത്തുമുണ്ടായി മറ്റൊരു ദൃഷ്ടാന്തം

( തുടരും )