നക്ഷത്രദൂരം - 9മഴ മലയാളിയുടെ ഗൃഹാതുരതയാണ് . കലയെയും കലാകാരനെയും ഉദ്ദീപിപ്പിക്കുന്ന സൃഷ്ടിപരമായ സാന്നിധ്യവുമാണത് . മുറ്റത്തും പറമ്പിലും കളിച്ചു നടന്ന കുട്ടിക്കാലം മുതലിന്നോളം പലവിധത്തില്‍ അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് മഴയെ സ്വന്തം സിനിമകളില്‍ സജീവസാന്നിധ്യമാക്കാന്‍ കമലിനു കഴിഞ്ഞത് . ഇലകളെല്ലാം ഉണങ്ങിക്കരിയുന്ന മാര്‍ച്ചിലെ മധ്യവേനലവധി അമ്മയുടെ വീട്ടില്‍ ചിലവഴിക്കുന്നതായിരുന്നു പതിവ് . അവിടെയാണ് ബന്ധത്തിലുള്ള കുട്ടികളെല്ലാം ഒത്തുചേരുക . ഒന്നൊന്നരമാസം കഴിഞ്ഞ് വേനല്‍മഴ പെയ്യുമ്പോഴായിരിക്കും പിതാവിന്റെ വീട്ടിലേക്ക് മടക്കം . ഏപ്രില്‍ അവസാനവും മേയ് ആദ്യവാരവുമെല്ലാം വേനല്‍ മഴ പ്രതീക്ഷിക്കാം . ഈയാംപാറ്റകളായിരിക്കും പുതുമഴയ്‌ക്കൊപ്പമെത്തുന്ന പ്രധാന അതിഥികള്‍ . വൈകുന്നേരങ്ങളിലെ മഴക്കുശേഷം ആയിരക്കണക്കിന് ഈയാംപാറ്റകള്‍ കൗതുകക്കാഴ്ചകളായി അവശേഷിക്കും .ജോലിക്കാര്‍ കൊണ്ടുവക്കുന്ന വലിയ പാത്രത്തിലെ വെള്ളത്തിലേക്ക് ഈയാം പാറ്റകള്‍ ഒന്നൊന്നായി കൂപ്പുകുത്തും . ചിറകുകളൊരുവശത്ത് ... ചലനമവശേഷിക്കുന്ന ഉടലുകള്‍ മറുവശത്ത് . അതായിരിക്കും പിറ്റേന്നുരാവിലെയുള്ള കാഴ്ച . പുതുമഴയുടെ കുളിര്‍സ്പര്‍ശവും എങ്ങുനിന്നെങ്ങുനിന്നെന്ന ദുരൂഹതയുമവശേഷിപ്പിച്ച് ഒരു ദിവസത്തെ സന്തോഷത്തിനുവേണ്ടി ജീവിച്ചൊടുങ്ങുന്ന അല്‍പ്പായുസ്സുകള്‍.... രാവിലെ മുറ്റമടിക്കാന്‍വരുന്ന സ്ത്രീ ഈയാംപാറ്റകളുടെ ചിറകുകള്‍ കൂട്ടിയിട്ടുകത്തിക്കും .

' പത്മരാജന്റെ തൂവാനത്തുമ്പികളിലെ ക്ലാരയെപ്പോലെയാണത് . ക്ലാര വരുമ്പോള്‍ മഴ പെയ്യില്ലേ ... അതുപോലൊരു ബന്ധമാണ് വേനല്‍മഴക്കും ഈയാംപാറ്റകള്‍ക്കുമുള്ളത് ' - കുട്ടിക്കാലത്തുതന്നെ മനസ്സില്‍ വേരോടിയ ജീവിതത്തിന്റെ നൈമിഷികചിത്രങ്ങളെ കമലോര്‍ക്കുന്നു ' ഈയാംപാറ്റകളുടെ ആയുസ്സുപോലെതന്നെയാണ് മനുഷ്യന്റേതും ... മണിക്കൂറുകളുടെ ആയുസ്സ് ... ദൈവത്തിന്റെ കണക്കില്‍ ്ങ്ങനെയാണുള്ളത് ... ഉണങ്ങിവരണ്ട മണ്ണിലേക്ക് ഇടിവെട്ടിപ്പെയ്യുന്ന ആദ്യത്തെ മഴത്തുള്ളികള്‍ സ്വതന്ത്രമാക്കുന്ന ഗന്ധമില്ലേ ... മണ്ണിന്റെ മണം ... അതും വേറിട്ടതാണ് .. ഒരിക്കലും മറക്കാനാവാത്ത അനുഭവം... ' - കമലോര്‍ക്കുന്നു.


കര്‍ക്കിടമഴയും കുഞ്ഞായിക്കയുംഅന്നെല്ലാം ജൂണൊന്നിനു സ്‌കൂള്‍ തുറക്കുമ്പോള്‍ പെരുമഴയായിരിക്കും . പുത്തന്‍ വസ്ത്രങ്ങളും സ്ലേറ്റും ബുക്കുമെല്ലാമായി പുത്തന്‍കുടയുംചൂടി മഴയത്തുള്ള ആ യാത്ര കമലിനെ ഏറെ സന്തോഷിപ്പിച്ചിരുന്ന ഒന്നാണ് . വീട്ടില്‍ നിന്നും അധികദൂരം സ്‌കൂളിലേക്കില്ല എന്നതായിരുന്നു കമലിന്റെ ദു:ഖം .പടിപ്പുര കടന്ന് റോഡ് മുറിച്ച് ഒരു മിനുട്ടുനടന്നാല്‍ സ്‌കൂളായി . മഴയില്‍ കുടചൂടി നടക്കാനുള്ള ആഗ്രഹം കൊണ്ട് മിക്കപ്പോഴും വീടിനുപിന്നില്‍ പുഴക്കരയിലൂടെ ഒരു കിലോമീറ്ററോളം കറങ്ങിയടിച്ച ശേഷമായിരിക്കും സ്‌കൂളിലെത്തുക . സെല്‍വന്‍ എന്ന സുഹൃത്തടക്കം പലരും ഈ യാത്രയില്‍ കൂട്ടിനുണ്ടാവും . വഴിയില്‍ കെട്ടിക്കിടക്കുന്ന വെള്ളം തട്ടിത്തെറിപ്പിച്ച് മഴ ആസ്വദിച്ചുകൊണ്ടുള്ള യാത്ര .കമലിന്റെ മിക്ക കൂട്ടുകാരും കിലോമീറ്ററുകളോളം നടന്നാണ് സ്‌കൂളില്‍ വന്നിരുന്നത് . കുടപിടിച്ചും നനഞ്ഞും ചേമ്പിന്റെ ഇല ചൂടിയുമെല്ലാമുള്ള അവരുടെ യാത്ര കൊതിപ്പിക്കുന്നതായിരുന്നു .കര്‍ക്കിടകമാസത്തിലല്‍ മഴയൊരു പതിവാകുമ്പോള്‍ പുഴവെള്ളം പൊടുന്നനെ ഉയര്‍ന്നുപൊന്തും . പുഴയോരത്തെ പറമ്പും തെങ്ങിന്‍തോപ്പുമെല്ലാം ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടക്കും . തെങ്ങിന്‍ തോപ്പിനിടയിലൂടെയായിരിക്കും വള്ളങ്ങളപ്പോള്‍ പോകുക . കമലിനന്ന് അഞ്ചുവയസ്സുവരും . അഞ്ചാറുകിലോമീറ്ററകലെ കാക്കാത്തുരുത്തിലൊരു തെങ്ങിന്‍തോപ്പുണ്ട് . മഴക്കാലത്ത്് അവിടേക്കു നടത്തിയിരുന്ന യ.ാത്ര കമലിന്റെ മനസ്സിലിന്നും കുളിര്‍മ്മയുള്ള ബാല്യകാലസ്മരണയാണ് . സൈക്കിളില്‍ കടവിലെത്തിയിട്ട് വള്ളത്തില്‍ വേണം കാക്കത്തുരുിത്തിലേക്കു പോകാന്‍ . എന്നാല്‍ മഴക്കാലത്ത് സര്‍വ്വത്ര വെള്ളമായതുകൊണ്ട് കടവിലേക്ക് സൈക്കിളില്‍ പോകാനാവില്ല . അതുകൊണ്ട് അഞ്ചാറു കിലോമീറ്റര്‍ പറമ്പിലൂടെയും തെങ്ങിന്‍തോപ്പിലൂടെയും മറ്റുമുള്ള യാത്ര പൂര്‍ണ്ണമായും വള്ളത്തിലായിരിക്കും . വള്ളത്തില്‍ കുഞ്ഞായിക്കയുടെ നേതൃത്വത്തില്‍ പണിക്കാരുണ്ടാകും . കുഞ്ഞായിക്ക ഒരു പ്രത്യേകകഥാപാത്രമാണ് . കമലിന്റെ വല്യുപ്പാപ്പായുടെ കാലത്ത് കാര്യസ്ഥനായി വീട്ടിലെത്തിയ ആളാണ് അദ്ദേഹം . രാവിലെ ചായകുടിസമയം കഴിയുമ്പോഴേക്കുമെത്തുന്ന കുഞ്ഞായിക്ക പറമ്പിലും വീട്ടിലുമുള്ള ജോലികളൊക്കെ നോക്കിനടത്തി രാത്രി വൈകി മാത്രമേ സ്വന്തം വീട്ടിലേക്കു മടങ്ങൂ .

മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ കുഞ്ഞായിക്കക്കൊപ്പം കിലോമീറ്ററുകളോളമങ്ങനെ വള്ളത്തില്‍ യാത്ര ചെയ്യുക. . എട്ടുമണിയോടെ കാക്കത്തുരുത്തിലെത്തിയാല്‍ ആദ്യം കയറുന്നത് അവിടെയുള്ള ചായക്കടയിലേക്കാണ് . ആവി പറക്കുന്ന ചൂടുപുട്ടും പയറും പപ്പടവും ... എന്നും നാവില്‍ നില്‍ക്കുന്ന രുചിയാണത് . ചായക്കടയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ നിന്നും അനുവാദം കിട്ടാത്ത കാലമാണ് . സ്ഥിരമായുള്ള വീട്ടുഭക്ഷണത്തിനിടയില്‍ ഇത്തരത്തില്‍ വീണുകിട്ടുന്ന അവസരങ്ങള്‍ അതുകൊണ്ടുതന്നെ അങ്ങേയറ്റം ആസ്വാദ്യകരവുമായിരുന്നു . തെങ്ങുകയറ്റത്തൊഴിലാളികള്‍ക്കൊപ്പമിരുന്നാണ് പ്രാതല്‍ . എത്ര തന്നെ മഴ പെയ്താലും ശരി തെങ്ങുകയറ്റക്കാര്‍ മുഴുവന്‍ തെങ്ങുകളിലുമന്ന്്് കയറിയിരിക്കും . വള്ളത്തില്‍ വന്ന് തെങ്ങില്‍ ഏണിചാരി വള്ളത്തില്‍ നിന്നുകൊണ്ടുതന്നെ തെങ്ങില്‍ കയറുകയാണ് പതിവ് . വെള്ളത്തില്‍ വീഴുന്ന തേങ്ങകള്‍ വള്ളത്തിലേക്കിടാന്‍ വേറെയും കൂലിപ്പണിക്കാരുണ്ടാവും . അരയോളം വെള്ളവും ചെളിയും നിറഞ്ഞ പറമ്പിലെ തെങ്ങുകള്‍ക്കിടയിലൂടെ ഇങ്ങനെ വലിയ വള്ളം നീങ്ങുമ്പോള്‍ അമരത്ത് കുടയുംചൂടി കമലിരിക്കും . ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ബ്രേക്ക് . ഊണ് അതേ ചായക്കടയില്‍ തന്നെ.

വീട്ടില്‍ പതിവില്ലാത്ത വാഴയിലയിലെ ചോറൂണ് . സ്വപ്‌നതുല്യമായ രുചിയായിരുന്നു അതിന് . അവിടുത്തെ മീന്‍ കറിയുടെയും സാമ്പാറിന്റെയും രുചി എത്ര കാലം കഴിഞ്ഞാലും മനസ്സില്‍ നിന്നു മായാത്തതാണ് . വൈകിട്ട് അഞ്ചുമണിയാകുമ്പോഴേക്കും തേങ്ങയും കൊതുമ്പും ചൂട്ടുമെല്ലാം വലിയ വള്ളത്തില്‍ നിറഞ്ഞുകവിഞ്ഞിരിക്കും . മടക്കയാത്രയായില്‍ മഴ ചെറുതായി തോര്‍ന്നിട്ടുണ്ടാവും . പടിഞ്ഞാറന്‍ ആകാശത്തിലെ ചെറിയ വെളിച്ചം നോക്കി കൂട്ടിയിട്ട തേങ്ങകള്‍ക്കു മുകളിലിരുന്നുള്ള യാത്ര . പറമ്പിലും പാടത്തുമെല്ലാം കയറിക്കിടക്കുന്ന വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ആളുകളും കുടിവെള്ളമെടുക്കാന്‍ കുടങ്ങളുമായി ചെറുവള്ളം തുഴയുന്ന സ്ത്രീകളും മടക്കയാത്രയിലെ മഴക്കാലകൗതുകങ്ങളായിരുന്നു .ഇത്തരം യാത്ര കഴിഞ്ഞാല്‍ മൂന്നുനാലുദിവസത്തേക്ക് പനിയായിരിക്കുമെന്ന കാര്യം ഉറപ്പാണ് . മൂടിപ്പുതച്ചുകിടക്കുമ്പോള്‍ ജനലിലൂടെ കാണുന്ന മഴക്ക് വല്ലാത്ത സൗന്ദര്യമുണ്ടായിരുന്നു . ഒരു മാസക്കാലത്തെ വെയിലിനുശേഷം തുലാമഴയെത്തും . ഇടവെട്ടി മഴ പെയ്യുന്ന രസമുള്ള കാഴ്ച . ടെലിവിഷനില്ലാത്ത കാലമായതുകൊണ്ട് വൈകുന്നേരത്തെ ഇടിവെട്ടിപ്പെയ്യുന്ന മഴ ആരെയും അലോസരപ്പെടുത്തിയിരുന്നില്ല . മഴ പെയ്താലുടന്‍ കറണ്ട് പോകുന്നതാണ് പതിവ് . ഇരുട്ടിലും ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിലുമാവും എല്ലാവരുടെയും ഇരിപ്പ് . മണ്ണെണ്ണവെളിച്ചത്തിലുള്ള അന്നത്തെ പഠനം ജീവിതത്തിലെ രസകരമായ അനുഭവമായി കമലോര്‍ക്കുന്നു . .

മഴക്കാലത്ത് മിക്കപ്പോഴും ദേശാടനപ്പക്ഷിയെപ്പോലെ വീടിന്റെ തട്ടിന്‍പുറത്തേക്ക് യൂസഫ് എളേപ്പ ചേക്കേറും . അദ്ദേഹമവിടെയങ്ങനെ ഗ്രാമഫോണ്‍ പാട്ടുകള്‍ കേട്ടുകിടക്കും . പരസ്യമായല്ലെങ്കിലും അതിനിീടയില്‍ അദ്ദേഹം ഇടക്കിടക്ക് മദ്യപിക്കുന്നുണ്ടാവും .മഴയുംനോക്കി പാട്ടുംകേട്ട് മദ്യപിച്ചങ്ങനെ കിടക്കും . മഴയോടുചേര്‍ന്ന ഇത്തരം അനുഭവങ്ങളുടെ ധാരാളിത്തമാണ് കമലിന്റെ സിനിമകളില്‍ മഴയെ അവിഭാജ്യ ഘടകമാക്കിയത് .


മഴയെന്ന നായകനും പ്രതിനായകനും'സിനിമയില്‍ എന്തിനാണ് മഴ ? അതിനുത്തരമൊന്നേയുള്ളൂ ; മഴ മലയാളിയുടെ നൊസ്റ്റാള്‍ജിയയും ജീവിതത്തിന്റെ അവിഭാജ്യമായ ഭാഗവുമാണ് . പ്രകൃതിയെ മറക്കുന്ന നാഗരികതക്കു നടുവിലും തണുപ്പും ചൂടുമെല്ലാമായി അത് നമ്മോടൊപ്പമുണ്ട് . സ്‌നേഹിച്ചും പിണങ്ങിയുമെല്ലാം ജീവിതത്തിന്റെ പകുതിക്കാലം മലയാളിക്കൊപ്പം മഴയുണ്ട് . ഏറ്റക്കുറച്ചിലുണ്ടാവുമെങ്കിലും മഴയില്ലാത്ത ഒരൊറ്റ വര്‍ഷം പോലും നമുക്കില്ല . നമുക്കേറ്റവും പ്രിയപ്പെട്ടവര്‍ ... അച്ഛന്‍ , അമ്മ , ഭാര്യ ആരുമാകാം ... ഇവരോടൊക്കെ അധികസമയം പിണങ്ങിയിരിക്കാന്‍ നമുക്കുകഴിയുമോ ? കഴിയില്ല . നമ്മെയവര്‍ അത്രത്തോളം സ്‌നേഹിക്കുന്നതാണ് കാരണം . അതുപോലെതന്നെയാണ് മഴയും ... മൂഡിനനുസരിച്ച് നമുക്കതിനോട് ഒരുപാടിഷ്ടമോ പ്രണയമോ തോന്നാം . സന്തോഷമുള്ള സമയത്താണ് മഴയെങ്കില്‍ നമുക്കാഹ്ലാദമായിരിക്കും അത് സമ്മാനിക്കുക . അതേ സമയം വേദനിച്ചിരിക്കുന്ന അവസരത്തിലാണെങ്കില്‍ കടുത്ത നൊമ്പരമാകും തോന്നുക . ഏകാന്തതയില്‍ ചിലപ്പോഴത് വേദനിപ്പിക്കുമെങ്കില്‍ മറ്റു ചിലപ്പോള്‍ സന്തോഷിപ്പിക്കും . മഴ കാണുന്നതും നനയുന്നതും എനിക്കേറ്റവും ഇഷ്ടമുള്ള കാര്യങ്ങളാണ് . മഴക്കുവേണ്ടി നമ്മള്‍ കാത്തിരിക്കാറുണ്ട് . .. എവിടെയെങ്കിലും പോകാന്‍ തയ്യാറെടുത്തുനില്‍ക്കുമ്പോഴത് നമ്മെ ഉപദ്രവിക്കാറുണ്ട് ... ചുരുക്കത്തില്‍ മഴയില്ലാതെ നമുക്കു ജീവിതമില്ല ' - മഴ കമലിനെ വാചാലനാക്കുന്നു .

ദൃശ്യചാരുതക്കും പ്രതീകാത്മകതക്കുമായി ചലച്ചിത്രകാരന്‍മാര്‍ മഴയെ സിനിമയില്‍ ഉപയോഗിക്കുന്നത് പതിവാണ് . മഴയില്ലാതെ ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമകള്‍ കമലിന്റേതായി ഇല്ലെന്നുതന്നെ പറയാം . ഷൂട്ടുചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകഴിഞ്ഞാല്‍ സിനിമയില്‍ മഴ കാണാനുള്ള ചന്തം തന്നെയായിരുന്നു കമലിനെ അതിനു മിക്കപ്പോഴും പ്രേരിപ്പിച്ചത് . ആദ്യകാലസിനിമകളായ ഉണ്ണികളെ ഒരു കഥ പറയാം , കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്നിവ മുതല്‍ എല്ലാസിനിമകളിലും കമല്‍ മഴയെ ഉപയോഗിച്ചിട്ടുണ്ട് . വൈവിധ്യമാര്‍ന്ന ജീവിതഭാവങ്ങളെ ഏറ്റവും ഫലപ്രദമായി ബന്ധപ്പെടുത്താനും താരതമ്യം ചെയ്യാനുമുള്ള ഉപകരണമാണ് മഴയെന്നതാണ് സിനിമയിലും സാഹിത്യത്തിലും അതിനെ അനിഷേധ്യസാന്നിധ്യമായത് . ചാറ്റല്‍ മഴയുടെ നിഷ്‌കളങ്കസൗന്ദര്യത്തില്‍ നിന്ന് ഇടിവെട്ടിപ്പെയ്യുന്ന ഗാംഭീര്യത്തിലേക്കെത്തുന്ന ഈ വിപുലമായ ഭാവവ്യതിയാനങ്ങളാണ് അഴകിയ രാവണനില്‍ ' പ്രണയമണിത്തൂവല്‍ ' എന്ന പാട്ടൊരുക്കാന്‍ കമലിനു പ്രേരണയായത് . പാട്ടിന്റെ കംപോസിംഗ് വേളയില്‍ എല്ലാവരികളുടെയും അവസാനം ഒരൊറ്റവാക്കുവന്നാല്‍ നന്നായിരുന്നെന്ന സംഗീതസംവിധായകന്‍ വിദ്യാസാഗറിന്റെ ചിന്തയാണ് ആ പാട്ടിനു വഴിയൊരുക്കിയത് മഴയുടെ വൈവിധ്യഭാവങ്ങളെപ്പറ്റി കമല്‍ ഓര്‍മിപ്പിച്ചതോടെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മനോഹരമായ വരികളെഴുതുകയായിരുന്നു.

അതേ സമയം മഴ കമലിന്റെ ലൊക്കേഷനുകളിലേക്ക് വില്ലന്‍വേഷത്തിലുമെത്തിയിട്ടുണ്ട് . കമല്‍ എവിടെ ഷൂട്ടിംഗിനു ചെന്നാലും, അതേതു സീസണിലാണെങ്കിലും മഴ പെയ്തിരിക്കുമെന്ന് അദ്ദേഹത്തിന്റെ സംവിധാനസഹായികള്‍ എപ്പോഴും പറയാറുണ്ട് . ലൊക്കേഷനിലെത്തി ക്യാമറ ഫിക്‌സ് ചെയ്തുപോയാല്‍ അപ്പോള്‍ത്തുടങ്ങും മഴ . അത്തരത്തില്‍ ഷൂട്ടിംഗ് തടസ്സപ്പെട്ട് മഴയെ ശപിച്ച അവസരങ്ങള്‍ അനവധിയാണ് . സാധാരണ മഴ കുറവുള്ള ഒരു ഏപ്രില്‍ മാസത്തിലായിരുന്നു 'ഉണ്ണികളേ ഒരു കഥ പറയാം' കൊടൈക്കനാലില്‍ ചിത്രീകരിക്കുന്നത് . എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതോടെ മഴ തകര്‍ത്തുപെയ്യാന്‍ തുടങ്ങി . അതേ സമയം മഴ സീസണ്‍ അവസാനിക്കാറായപ്പോള്‍ തുടങ്ങിയ ചിത്രമാണ് 'ചമ്പക്കുളം തച്ചന്‍' . ചിങ്ങം ഒന്നിനാണ് അതിന്റെ ഷൂട്ടിംഗ് തുടങ്ങിയത്.മധു അവതരിപ്പിക്കുന്ന മൂത്ത ആശാരിയുടെ വീടായി ചിത്രീകരിച്ച സ്ഥലം കായലോരത്തുനിന്നും അകലെയായിരുന്നു . പരന്ന പ്രദേശമായതിനാല്‍ അവിടെ മുറ്റം വരെ വെള്ളം കയറിക്കിടന്നിരുന്നു . ഷൂട്ടിംഗ് തുടങ്ങിയതോടെ ആദ്യത്തെ മൂന്നുനാലുദിവസം മഴ തീരെ പെയ്യാതെയായി . അതോടെ അതുവരെ ചിത്രീകരിച്ച ഡീറ്റെയില്‍സ് നഷ്ടപ്പെടുമെന്ന സ്ഥിതിയെത്തി . മുറ്റത്തുവരെ വെള്ളം കയറിക്കിടന്ന വീടിന്റെ ദൃശ്യങ്ങളില്‍ നിന്നു പെട്ടെന്ന് അതില്ലാത്ത അവസ്ഥയിലേക്കുവരുന്നു . മഴ പെയ്തില്ലെങ്കില്‍ കുഴപ്പമാവുമെന്ന ആശങ്കയിലായി കമലും മധുവും ക്യാമറാമാന്‍ സാലു ജോര്‍ജ്ജുമെല്ലാം . ഒരു ദിവസമെങ്കിലും , രാത്രിയിലെങ്കിലും നല്ലൊരു മഴ കിട്ടിയേ തീരൂ . ചിത്രീകരണത്തിന് ആ വീട് തെരഞ്ഞെടുത്തത് അബദ്ധമായെന്നുപോലും തോന്നി.

ഷൂട്ടിംഗ് തുടങ്ങുന്നതിനുതൊട്ടുമുമ്പുവരെയുണ്ടായിരുന്ന മഴ പിണങ്ങിനിന്നതോടെ പരന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം വെള്ളമിറങ്ങിത്തുടങ്ങി . അതോടെ ലൊക്കേഷന്‍ ഷിഫ്‌ററ് ചെയ്യാനും നല്ല മഴ വരുന്നമുറക്ക് അതുമായി ബന്ധപ്പെട്ടഭാഗങ്ങള്‍ തിരിച്ചുവന്ന് പൂര്‍ത്തീകരിക്കാനും തീരുമാനമായി . ലൊക്കേഷന്‍ മറ്റൊരിടത്തേക്കു മാറ്റി ചിത്രീകരണം തുടങ്ങി . വിരോധാഭാസമെന്ന പോലെ അപ്പോള്‍ കനത്ത മഴ പെയ്യാന്‍ തുടങ്ങി . മൂന്നു നാലു ദിവസം ശക്തമായ മഴ . അതോടെ ആദ്യത്തെ വീടിന്റെ ചുറ്റിലും പഴയതുപോലെ വെള്ളം കയറി . വീണ്ടും പഴയ സ്ഥലത്തേക്ക് ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്തു . വീണ്ടും മഴ പറ്റിച്ചു . അതോടെ മുരളിയുടെ കഥാപാത്രമായ രാഘവന്‍ വള്ളം പണിഞ്ഞുകൊണ്ടിരിക്കുന്നിടത്തേക്ക് ലൊക്കേഷന്‍ ഷിഫ്റ്റു ചെയ്യാമെന്നായി കമല്‍ .

' ക്യാമറ ഇങ്ങോട്ടു കൊണ്ടുവന്നാല്‍ തെളിഞ്ഞുനില്‍ക്കും . അങ്ങോട്ടു പോയാലപ്പോള്‍ മഴ പെയ്യും ... കമലൊരു കാര്യം ചെയ്യ് ...ഒരു ക്യാമറയുടെ വാടക അഡീഷനലാകുമെന്നല്ലേ ഉള്ളൂ . ഒരു ക്യാമറ എടുത്തിവിടെ വെറുതെ ഫിക്‌സ് ചെയ്ത് വക്ക് . എന്നിട്ട് നമുക്ക് അവിടെ പോയി ഷൂട്ടു ചെയ്യാം ... ദൈവത്തെ നമുക്കു പറ്റിക്കാം ...' - നടന്‍ മധു തമാശ പറഞ്ഞു .

ഒടുവില്‍ ക്ലൈമാക്‌സ് ചിത്രീകരിക്കുന്ന ദിവസമെത്തി . വള്ളം നീറ്റിലിറക്കുന്നതാണ് സീന്‍ . മുരളി ,ജഗതി ശ്രീകുമാര്‍, നെടുമുടി വേണു , രംഭ തുടങ്ങി സിനിമയിലെ എതാണ്ടെല്ലാ ആര്‍ട്ടിസ്റ്റുകളും അവിടെയുണ്ട് . അതുവരെ വള്ളം പണിയുന്നത് ഡമ്മി ഉപയോഗിച്ചാണ് ചിത്രീകരിച്ചിരുന്നത് . നീറ്റിലിറക്കാന്‍ യഥാര്‍ത്ഥവള്ളം തന്നെ വേണ്ടതിനാല്‍ പുറമെ നിന്നും ചുണ്ടന്‍വള്ളം വാടകക്കെടുത്ത് സജ്ജീകരിച്ചിരുന്നു . നന്നായി തെളിഞ്ഞ അന്തരീക്ഷമായിരുന്നു തലേ ദിവസത്തേത് . അതുകൊണ്ടുതന്നെ ക്ലൈമാക്‌സ് ചിത്രീകരണത്തിനു ചെലവേറിയ സംവിധാനങ്ങളൊരുക്കുമ്പോള്‍ ആരും ആശങ്കപ്പെട്ടിരുന്നില്ല . എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാവിലെ തന്നെ മഴ തുടങ്ങി.

നിര്‍മ്മാതാവ് വി പി മാധവന്‍നായര്‍ക്ക് ടെന്‍ഷനായി . വള്ളത്തെയും അതിലെ നൂറിലധികം വരുന്ന തുഴച്ചില്‍ക്കാരെയും കൊണ്ടുവന്നിട്ടുള്ളത് നല്ല തുക കൊടുത്താണ് . അവരോടൊപ്പം വേറെയുമുണ്ട് അമ്പതോളം പേര്‍ . കാണികളായി അഭിനയിക്കാന്‍ അഞ്ഞൂറിലധികം പേര്‍ കൂടിയിട്ടുണ്ട് . ചുരുക്കത്തില്‍ ആര്‍ട്ടിസ്റ്റുകളും നാട്ടുകാരുമടക്കം എഴുനൂറിലധികം പേര്‍ക്ക് ഭക്ഷണമൊരുക്കണം . അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു . തോരാത്ത മഴയാണ് . വലിപ്പമുള്ള സീനാണ് ചിത്രീകരിക്കേണ്ടത് . പതിനൊന്നു മണി കഴിഞ്ഞപ്പോഴേക്കും ക്ലൈമാക്‌സിന്റെ ഷൂട്ട് അന്നു നടക്കില്ലെന്ന് കമലിനുറപ്പായി . മഴയെ ശപിക്കാന്‍ തോന്നിപ്പോയ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു അത്.

പെട്ടെന്നാണ് യഥാര്‍ത്ഥമഴയുടെ വ്യത്യതമായ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെക്കുറിച്ച് കമല്‍ ആലോചിച്ചത് . കഥ നടക്കുന്നത് കുട്ടനാട്ടിലാണെന്നിരിക്കെ അവിടുത്തെ മഴയുടെ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നത് ഗുണകരമാകുമെന്ന് ക്യാമറാമാന്‍ സാലുജോര്‍ജ്ജിനും തോന്നി . നെടുമുടി കടവില്‍ നിന്ന് കമലും ക്യാമറാമാനും സഹായികളും വള്ളത്തില്‍ യാത്ര തുടങ്ങി . വലിയ കുടയുടെ ചുവട്ടില്‍ ക്യാമറ പിടിച്ച് ഷോട്ടുകളെടുത്തുകൊണ്ട് കായലിലൂടെയുള്ള യാത്ര . മഴയുടെ അതുവരെ കാണാത്ത മുഖങ്ങള്‍.

കായലില്‍ മഴ പെയ്യുന്നതും കാറ്റില്‍ ചിതറിത്തെറിക്കുന്ന മഴയും നനഞ്ഞ താറാവിന്റെ കൂട്ടങ്ങളും നീര്‍ക്കാക്കകളുമെല്ലാമടങ്ങുന്ന പ്രകൃതി മഴയെ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ ആ കായല്‍യാത്രയില്‍ ലഭിച്ചു . അപൂര്‍വ്വങ്ങളായ ആ ദൃശ്യങ്ങളില്‍പ്പലതുമാണ് ചമ്പക്കുളം തച്ചന്റെ ടൈറ്റില്‍സില്‍ ഉപയോഗിച്ചത് . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ക്ലൈമാക്‌സിന്റെ ഷൂട്ടിംഗ് നിശ്ചയിച്ച ദിവസം മഴ പെയ്തില്ലായിരുന്നെങ്കില്‍ ഇത്തരം ഷോട്ടുകള്‍ ആ സിനിമയില്‍ ഉണ്ടാവുമായിരുന്നില്ല . പിന്നീട് ഇതിലെ സ്റ്റോക്ക് ഷോട്ടുകള്‍ അഴകിയ രാവമനിലും ഉപയോഗിച്ചു . മഴയെപ്പേടിച്ച് ഒരാഴ്ച കഴിഞ്ഞാണ് പിന്നീട് ക്ലൈമാക്‌സ് ഷൂട്ടു ചെയ്തത് . അതുവരെ തുടര്‍ച്ചയായി മഴ പെയ്തു . എല്ലാ ദിവസവും ലൊക്കേഷനില്‍ ഷൂട്ടിംഗ് അംഗങ്ങള്‍ വരും . മഴ നിന്നേക്കുകരുതി കാത്തിരിക്കും . പിന്നെ തിരിച്ചുമടങ്ങും . ഷൂട്ടിംഗിനെ മഴ താറുമാറാക്കിയതോടെ ഒരു ഷെഡ്യൂള്‍ കൂടുതലായി വേണ്ടി വരികയും നിര്‍മ്മാതാവിനത് അധികച്ചെലവാകുകയും ചെയ്തു .
പിന്നെയും പെയ്യുന്ന മഴകള്‍മഴയെത്തും മുമ്പേ എന്ന സിനിമ നിര്‍മ്മിച്ചതും വി പി മാധവന്‍ നായരായിരുന്നു. ' ഇതിലും മഴയുണ്ടോ ?' കഥ തയ്യാറാക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഭീതി തമാശരൂപത്തില്‍ പുറത്തുവന്നു.' ഇല്ലയില്ല ... നമുക്കീ പടത്തില്‍ മഴ വേണ്ട . ' - തിരക്കഥാകൃത്ത് ശ്രനിവാസന്‍ ആശ്വസിപ്പിച്ചു.
' ചമ്പക്കുളം തച്ചനില്‍ മഴയില്ലായിരുന്നു . ലൊക്കേഷനിലായിരുന്നല്ലോ മഴ . അതുകൊണ്ടാണ് നമ്മള്‍ പല സീനിലും മഴ ഉപയോഗിച്ചതും പെയ്യിച്ചതും ... ' - മാധവന്‍ നായരെ സമാധാനിപ്പിക്കാന്‍ കമല്‍ തുടര്‍ന്നു ' ഈ പടം നല്ല വേനല്‍ക്കാലത്തല്ലേ നമ്മള്‍ ഷൂട്ടു ചെയ്യാന്‍ പോകുന്നത് . ഡിസംബര്‍ ജനുവരി മാസത്തില്‍ ... '

ഒടുവില്‍ സ്‌ക്രിപ്റ്റു പൂര്‍ത്തിയായതിനുശേഷം സിനിമയുടെ പേരു നിശ്ചയിച്ചു ; മഴയെത്തും മുമ്പേ ...'' ഇപ്പോ സമാധാനമായല്ലോ ... സിനിമയുടെ പേരുപോലും മഴയെത്തും മുമ്പേ എന്നാണ ് ...' - ശ്രീനിവാസന്‍ പതിവുശൈലിയില്‍ മാധവന്‍ നായരോടു പറഞ്ഞു .

അപ്പോഴാണ് കമല്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത് ; ആ സിനിമയിലും അവസാനത്തെ സീനില്‍ മഴ വേണം . അങ്ങനെ ആ ചിത്രത്തിലും മഴ പെയ്തു .ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് ക്ലൈമാക്‌സ് സീനില്‍ മഴ ചിത്രീകരിച്ചു .അതേ പ്രൊഡ്യൂസറുടെ അടുത്ത സിനിമയായിരുന്നു 'അഴകിയ രാവണന്‍' . അതില്‍ മഴയെക്കുറിച്ചുള്ള പാട്ടു തന്നെയുണ്ട് . മാധവന്‍നായര്‍ മഴയെച്ചൊല്ലി പരിതപിച്ചുതുടങ്ങി . ചമ്പക്കുളം തച്ചന്റെ ഷൂട്ടിംഗില്‍ മഴ പൊല്ലാപ്പുണ്ടാക്കിയെങ്കിലും പടം നന്നായി ഓടിയതും സാമ്പത്തികനേട്ടമുണ്ടാക്കിയതും ചൂണ്ടിക്കാണിച്ചാണ് കമലപ്പോള്‍ നിര്‍മ്മാതാവിനെ സമാധാനിപ്പിച്ചത് .

നവംബറിലാണ് അഴകിയ രാവണന്‍ ഷൂട്ടു ചെയ്തത് . എന്നിട്ടും ലൊക്കേഷനിലന്ന് മഴ പെയ്തിരുന്നു . 'പ്രണയമണിത്തൂവല്‍' എന്ന പാട്ടിന്റെ സീനുകള്‍ പലതും മഴയത്താണ് ചിത്രീകരിച്ചത് . എന്നാല്‍ ദൃശ്യപശ്ചാത്തലത്തിന്റെ വൈവിധ്യത്തിനായി ആ ഗാനത്തിന്റെ തന്നെ പല ദൃശ്യങ്ങളും ഊട്ടിയില്‍ ചിത്രീകരിക്കുമ്പോള്‍ അവിടെ മഴയുണ്ടായിരുന്നില്ല.

ഊട്ടിയില്‍ ഷൂട്ടിംഗിനു സുലഭമായിക്കിട്ടുന്ന റയിന്‍ വെഹിക്കിളുകള്‍ ഉപയോഗിച്ച് മഴയുണ്ടാക്കുകയാണ് ചെയ്തത് . ഡിസംബറിലെ കൊടും തണുപ്പില്‍ അത്ര വൃത്തിയില്ലാത്ത ജലമുപയോഗിച്ചുണ്ടാക്കിയ മഴയായിരുന്നിട്ടും ഭാനുപ്രിയ പൂര്‍ണ്ണമായി സഹകരിച്ചു . ഓരോ ഷോട്ട് ചിത്രീകരിച്ചുകഴിയുമ്പോഴും തണുത്തുവിറക്കുന്ന ഭാനുപ്രിയയുടെ ശരീരത്തേക്ക് അസിസ്റ്റന്റ്‌സ് ചൂടുവെള്ളം കോരിയൊഴിച്ചുകൊണ്ടിരിക്കും . ബ്ലാങ്കറ്റു പുതച്ചാണ് പിന്നീട് ഭാനുപ്രിയയുടെ ഇരിപ്പ് . അടുത്ത ഷോട്ടെത്തുമ്പോള്‍ വീണ്ടും മഴയിലേക്ക് ...

യഥാര്‍ത്ഥ മഴ ചിത്രീകരിക്കുന്നത് ശ്രമകരമാണ് .മഴയുടെ രീതി അനുസരിച്ചുവേണം ക്യാമറയും ലൈറ്റ്‌സും മറ്റും ഉറപ്പിക്കാനും ആളുകളുടെ സ്ഥാനം നിശ്ചയിക്കാനും . എന്നാല്‍ കൃത്രിമ മഴ ചിത്രീകരിക്കുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ് . ഫ്രയിമില്‍ മാത്രം മഴ പെയ്താല്‍ മതി . പക്ഷേ മഴ പെയ്യിക്കുന്ന സംവിധാനവുമായെത്തുന്ന ജോലിക്കാര്‍ പലപ്പോഴും ഫ്രയിമിനെക്കുറിച്ച് അജ്ഞരായിരിക്കും . ഇത്തരത്തില്‍ കൃത്രിമമായി മഴ പെയ്യിക്കുമ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ നിര്‍ണ്ണായകമാവുന്നത് . .ഫ്രയിമിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള അവര്‍ ലുങ്കിയും ബനിയനുമൊക്കെയണിഞ്ഞ് മഴ പെയ്യിക്കാനിറങ്ങും . അവരുമായി ആശയവിനിമയം നടത്താന്‍ കമലിനും സൗകര്യമായിരുന്നു . ദിലീപ് , ലാല്‍ജോസ് , ആഷിക് അബു , അക്കു അക്ബര്‍ , ജോസ് എന്നിങ്ങനെ കമലിന്റെ സഹസംവിധായകരായിരുന്നവരെല്ലാം മഴ അടിക്കുന്നതില്‍ കേമന്‍മാരായിരുന്നു.

'അഴകിയ രാവണന്‍' ഷൂട്ടു ചെയ്യുമ്പോള്‍ ഫ്രയിമിലേക്ക് കൃത്യമായി മഴ പെയ്യിച്ചത് ജോസ് ( അക്ബര്‍ ജോസ് ) ആണ് . ധരിച്ചിരിക്കുന്ന പാന്റും സ്വെറ്ററും മഴയില്‍ കുതിരാതെയിരിക്കാന്‍ ലുങ്കിയുടുത്ത് തലയിലൊരു തോര്‍ത്തും കെട്ടി ഉയരത്തിനുവേണ്ടി സ്ഥാപിച്ച കോണിയിലാണ് ജോസിന്റെ നില്‍പ്പ് . അവിടെ നിന്നാണ് ജോസ് ഫ്രയിമിലേക്ക് മഴ പെയ്യിക്കുന്നത് . ജോസിന്റെ ഭാര്യയുടെ വിദേശത്തകുള്ള സഹോദരി ഊട്ടിയില്‍ ഭര്‍ത്താവുമൊത്ത് വിനോദയാത്രക്കുവന്ന സമയമാണത് . ഷൂട്ടിംഗ് നടക്കുന്നെന്നും മമ്മൂട്ടിയും ഭാനുപ്രിയയും സെറ്റിലുണ്ടെന്നുമറിഞ്ഞ് അവര്‍ ലൊക്കേഷനിലെത്തി . സിനിമാരംഗത്ത് വലിയ നിലയിലാണ് ജോസെന്നു കരുതിയിരുന്ന അവര്‍ ഈ വേഷത്തില്‍ അയാളെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി . ജോസിനു വല്ലാത്ത ജാള്യത തോന്നിയ സന്ദര്‍ഭമായിരുന്നു അത് . ജോലിയുടെ ഭാഗമായി മഴ നല്‍കിയ രസകരമായ അനുഭവങ്ങള്‍ ഇത്തരത്തില്‍ പലതും കമലോര്‍ത്തുവക്കുന്നു .

കണ്ണുനീരുപ്പ് മഴക്കുള്ളത് പലപ്പോഴും കമല്‍ നേരിട്ടനുഭവിച്ചിട്ടുണ്ട് . ഉമ്മയുടെയും ബാപ്പയുടെയും മരണം വേനല്‍ക്കാലത്തായിരുന്നെങ്കിലും ആ ഓര്‍മ്മകള്‍ക്ക് മഴയുടെ നനുത്ത സ്പര്‍ശമുണ്ട് . മരമഴ പെയ്യുമ്പോള്‍ തോരാത്ത കണ്ണീര്‍മഴയുമായി പിതാവിന്റെ കബറിടത്തില്‍ മുട്ടുകുത്തിയിരിക്കുന്ന സ്വന്തം രൂപം കമലിന്റെ മനസ്സില്‍നിന്നു മായുന്നതല്ല . അടിസ്ഥാനപരമായി മഴയുടെ ഉപാസകനായ ഒരു കലാകാരന്റെ ഉള്‍ക്കാഴ്ചയില്‍ മുദ്രിതമായ തുടിക്കുന്ന ദൃശ്യങ്ങളാണവ .

( അടുത്തത് - പെരുമഴക്കാലവും മധുരനൊമ്പരക്കാറ്റും )