നക്ഷത്രദൂരം - 6Images , not words , capture feelings in faces ; nothing can ruin the atmosphere as easily as too much light
-Sven Nykvist (Swedish Cinematographer)


അനന്തമായ വിഹായസ്സാണ് സിനിമ.തെളിഞ്ഞ നീലരാവുകള്‍ അവിടെയുണ്ടാവും;അമാവാസിയും അദൃശ്യാനുഭവങ്ങളുമുണ്ടാവും.താരങ്ങള്‍ തെളിയുകയും പൊലിയുകയും ചെയ്യും.സത്യനും നസീറും മുതല്‍ പുതുതലമുറവരെയെത്തിനില്‍ക്കുന്ന താരനിരയുടെ പ്രഭാവങ്ങളും പതര്‍ച്ചകളുമെല്ലാം കമല്‍ എന്ന ചലച്ചിത്രകാരന്റെ ജീവിതത്തിലും ആപേക്ഷികതകളായിട്ടുണ്ട്.ഓര്‍മ്മകളുറയ്ക്കാത്ത ചെറുപ്രായത്തില്‍ ചെമ്മീന്‍ സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ ലൊക്കേഷനില്‍ പോയപ്പോള്‍ മുതല്‍ അനുഭവിച്ചുതുടങ്ങിയതാണ് താരസാന്നിധ്യം.ഒപ്പം ബഹദൂറിനെപ്പോലെ തറവാടില്‍ നിന്നും ബന്ധുത്വം ലഭിച്ച നടന്‍മാര്‍ വേറെയും.ഒരു ചലച്ചിത്രകാരനായി വളരുന്നതിനിടയില്‍ പിന്നീട് കമല്‍ താരങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവനായിമാറുകയായിരുന്നു.


സ്വപ്‌നതാരം പോലെ സത്യന്‍കമലിന്റെ കുട്ടിക്കാലത്തെ പ്രധാനപ്പെട്ട ഹോബി സിനിമാകൊട്ടകകളിലെത്തിയിരുന്ന സിനിമകളുടെ പല തരത്തിലുള്ള പോസ്റ്ററുകള്‍ ശേഖരിക്കുക എന്നതാണ്.അതുപോലെ തന്നെ മിക്ക സിനിമകള്‍ക്കും പാട്ടുപുസ്തകവുമുണ്ടായിരിക്കും .അതും കിട്ടാവുന്നിടത്തുനിന്നെല്ലാം സംഘടിപ്പിക്കും.അങ്ങനെ സത്യനും നസീറുമെല്ലാം അഭിനയിച്ച സിനിമകളുടെ നോട്ടീസുകളുടെ നല്ലൊരു ശേഖരം തന്നെ കമല്‍ കരുതിവച്ചിരുന്നു.ആയിടക്കാണ് സത്യന്‍ മരിക്കുന്നത്.കമലന്ന് എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്.

സ്‌കൂളിലെ ചെറുപ്രായക്കാരായ മറ്റു കുട്ടികളെ സംബന്ധിച്ചിടത്തോളം സത്യന്റെ മരണം മാനസികമായി പിന്തുടരുന്ന ഒന്നായിരുന്നില്ല.ഒരു സിനിമാനടന്‍ മരിച്ചു എന്നതിനപ്പുറം അതവരെ ബാധിച്ചില്ല.കമലിന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു.സത്യനോട് അക്കാലത്തുതന്നെ തോന്നിയിരുന്ന ആരാധന ആ മരണം അംഗീകരിക്കുന്നതില്‍ നിന്നും മനസ്സിനെ വിലക്കിക്കൊണ്ടിരുന്നു.സത്യനെക്കുറിച്ച് മരണദിവസം വന്ന പത്രവാര്‍ത്തകളും ചിത്രങ്ങളും മുന്‍പ് ശേഖരിച്ചുവച്ചിരുന്ന നോട്ടീസ് ചിത്രങ്ങളും വെട്ടിയെടുത്ത് വലിയൊരു കടലാസില്‍ ഭംഗിയായി ഒട്ടിച്ചെടുത്തു.കമലിന്റേതായ രീതിയില്‍ ഒരു സത്യന്‍ സ്‌പെഷ്യല്‍ പത്രം.അതുമായാണ് അടുത്ത ദിവസം കമല്‍ സ്‌കൂളിലെത്തിയത്.


ജയനുവേണ്ടി കരുതിവച്ചത്അര്‍ച്ചനടീച്ചറിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം ഉമാ സ്റ്റുഡിയോയില്‍ നടക്കുന്ന കാലം. മൂന്നു സിനിമകളാണ് അന്നവിടെ പുരോഗമിച്ചുകൊണ്ടിരുന്നത്.സത്യന്‍ അന്തിക്കാട് സഹായിയായി ചന്ദ്രകുമാറിന്റെ സംവിധാനത്തില്‍ പ്രഭാതസന്ധ്യ.എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്യുന്ന ഗൃഹലക്ഷ്മിയില്‍ മധുവും ശ്രീവിദ്യയുമഭിനയിക്കുന്നു.കെ മധുവാണ് അതിന്റെ അസോസിയേറ്റ് ഡയറക്ടര്‍.പി എന്‍ മേനോനൊപ്പം അര്‍ച്ചന ടീച്ചറിന്റെ സഹായിയായി കമല്‍.മലയാളസിനിമയിലന്ന് നിര്‍ണ്ണായകസ്ഥാനമുള്ള ഉമാസ്റ്റുഡിയോയില്‍ ഒരേസമയം മധു നിര്‍മ്മിക്കുന്ന മൂന്നു ചിത്രങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തിക്കും തിരക്കും എല്ലാത്തരത്തിലും പ്രകടമായിരുന്നു. സീമ,ശ്രീവിദ്യ,സുകുമാരി,ശങ്കരാടി തുടങ്ങി നടീനടന്‍മാരുടെ വലിയൊരു നിരതന്നെ അവിടെയുണ്ട്.ചന്ദ്രകുമാറും കെ മധുവും സത്യന്‍ അന്തിക്കാടുമൊക്കെയായി കമല്‍ കൂടുതല്‍ അടുത്ത ദിനങ്ങളായിരുന്നു അത്.

കമലിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ചന്ദ്രകുമാര്‍ കാവല്‍മാടം സംവിധാനം ചെയ്തത്.അത് നല്ല അഭിപ്രായവും സാമ്പത്തികവിജയവും നേടിയതോടെ ചന്ദ്രകുമാര്‍ പുതിയ കഥകളെന്തെങ്കിലും ആലോചിക്കാന്‍ കമലിനോടാവശ്യപ്പെട്ടു.കാവല്‍മാടത്തിന്റെ നിര്‍മ്മാതാവായ അഗസ്റ്റിന്‍പ്രകാശിന്റെ തന്നെ തടവറയെന്ന ജയന്‍ചിത്രത്തിന്റെ ജോലികളിലായിരുന്നു ചന്ദ്രകുമാറപ്പോള്‍ .നിരവധി സിനിമകളുടെ സമാന്തരപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അഗസ്റ്റിന്‍ പ്രകാശടക്കം നിര്‍മ്മാതാക്കളെ മുന്നില്‍ കണ്ടുകൊണ്ടാണ് ചന്ദ്രകുമാര്‍ പുതിയ കഥയെപ്പറ്റി കമലിനോട് അന്വേഷിച്ചത്.

ജയനു പറ്റിയ കഥ വേണമെന്ന ആവശ്യപ്രകാരം അത്തരത്തിലൊരു സ്പാര്‍ക്കുമായാണ് കമല്‍ മദ്രാസിലെത്തിയത്.പ്രതികാരമായിരുന്നു ഇതിവൃത്തം.ജയന്റെ കഥാപാത്രം കാട്ടിനുള്ളില്‍ താമസിക്കുന്ന അധ്വാനിയായ വിറകുവെട്ടുകാരനാണ്.ഒരു എസ്റ്റേറ്റ് മുതലാളിയും മകളും അവിടെയെത്തുന്നു .മകളെ തട്ടിക്കൊണ്ടുപോകുന്ന വിറകുവെട്ടുകാരന്‍ അവളെ ഏറുമാടത്തിനു മുകളില്‍ കൊണ്ടുപോയി താമസിപ്പിക്കുന്നു.അത്തരം ചേരുവകള്‍ നിറഞ്ഞ തീര്‍ത്തും കമേഴ്‌സ്യലായ സിനിമ.ആര്‍ട്ടുസിനിമകള്‍ കൊണ്ടുമാത്രം ജീവിക്കാനാവില്ലെന്ന തിരിച്ചറിവില്‍ ഇത്തരം സിനിമാഫോര്‍മുലകളിലേക്ക് കഥകളെ മാറ്റിച്ചിന്തിക്കാന്‍ കമല്‍ അപ്പോഴേക്കും തുടങ്ങിയിരുന്നു.കഥ ചന്ദ്രകുമാറിന് ഇഷ്ടപ്പെട്ടു.നിര്‍മ്മാതാവ് ആര്‍ എസ് പ്രഭുവിനെ കണ്ടുസംസാരിക്കാനാവശ്യപ്പെട്ട ശേഷം ചന്ദ്രകുമാര്‍ അഡ്രസ് നല്‍കി.മുതിര്‍ന്ന നിര്‍മ്മാതാവിന്റെ അടുത്തെത്തിയപ്പോള്‍ തീര്‍ത്തും ഒരു ഓഫീസിലോ സ്‌കൂളിലോ പെട്ട അവസ്ഥയാണ് കമലിനു തോന്നിയത്.വിളിച്ചു മുന്‍പിലേക്കിരുത്തി ഗൗരവം വിടാതെ 'ശരി ഇനി കഥ പറയൂ 'എന്ന തരത്തിലുള്ള സ്റ്റൈല്‍.കഥ കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനും തോന്നി പടമെടുത്താല്‍ ഓടുമെന്ന്്.ചന്ദ്രകുമാറിന്റെ സ്‌ക്രിപ്റ്റുകള്‍ എഴുതിയിരുന്നത് ഡോക്ടര്‍ ബാലകൃഷ്ണനായിരുന്നെങ്കിലും പുതിയ സിനിമയുടെ കഥ മാത്രമല്ല തിരക്കഥയും സംഭാഷണവും കമലിനെക്കൊണ്ടെഴുതിപ്പിക്കാന്‍ ചന്ദ്രകുമാര്‍ തീരുമാനിച്ചു.ത്രാസത്തിനെഴുതിയതൊഴിച്ചാല്‍ കഥക്കപ്പുറം സ്‌ക്രിപ്റ്റിലേക്ക് കമല്‍ കടക്കുന്നത് അങ്ങനെയാണ്.


കമല്‍ മദ്രാസിലിരുന്ന് ഒരുമാസം കൊണ്ട് സ്‌ക്രിപ്റ്റ്‌വര്‍ക്ക് ഏകദേശം പൂര്‍ത്തിയാക്കി. അപ്പോഴേക്കും ചന്ദ്രകുമാര്‍ വീണ്ടും ഷൂട്ടിംഗിന് തിരുവനന്തപുരത്തെത്തിയിരുന്നു.സ്‌ക്രിപ്റ്റ് വായിച്ച അദ്ദേഹം ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു.കമലപ്പോള്‍ അര്‍ടച്ചനടീച്ചറിന്റെ ഷൂട്ടിംഗ് ഒരു ഘട്ടം കഴിഞ്ഞ ഇടവേളയിലായിരുന്നു.അതു പൂര്‍ത്തിയാക്കാന്‍ പതിനഞ്ചുദിവസംകൂടി വേണ്ടിവരും.ചന്ദ്രകുമാര്‍ അതനുവദിച്ചു.ജയന്‍ സീമ കെ പി ഉമ്മര്‍ തുടങ്ങി ചിത്രത്തിലഭിനയിക്കുന്നതാരൊക്കെയെന്ന സൂചനയും നല്‍കി.അര്‍ച്ചനടീച്ചറിന്റെ അടുത്ത ഷെഡ്യൂള്‍ ഷൂട്ടിംഗിനിടയിലാണ് നടുക്കുന്ന ആ വാര്‍ത്തയറിഞ്ഞത്.കോളിളക്കത്തിന്റെ സെറ്റില്‍ വച്ച് ജയന്‍ അപകടത്തില്‍ പെട്ടിരിക്കുന്നു. ജയന്റെ മരണത്തോടെ ആ പ്രൊജക്റ്റുതന്നെ വിസ്മരിക്കപ്പെട്ടു.സ്‌ക്രിപ്റ്റിനു പ്രതിഫലമായി കുറച്ചു പണം ലഭിച്ചിരുന്നെങ്കിലും കമലിനോട് പിന്നീട് ചന്ദ്രകുമാറോ നിര്‍മ്മാതാവോ ആ ചിത്രത്തെക്കുറിച്ചു സംസാരിച്ചില്ല.ജയന്റെ ശരീരപ്രകൃതം ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ട ചിത്രമായതുകൊണ്ടാവാം അദ്ദേഹത്തിന്റെ മരണശേഷം ആരും അതെപ്പറ്റി ആലോചിക്കാതിരുന്നതെന്ന് കമല്‍ കരുതുന്നു..


മമ്മൂട്ടിയും മോഹന്‍ലാലുംമമ്മൂട്ടിയെ പരിചയപ്പെട്ടത് പടിയനോടൊപ്പമായിരുന്നെങ്കിലും കൂടുതല്‍ ഇടപഴകിയത് ആര്‍ കെ ലാബില്‍ വച്ചാണ്.മമ്മൂട്ടിക്കൊപ്പം മിക്കപ്പോഴും ശ്രീനിവാസനുമുണ്ടാവും. ഒരിക്കല്‍ പടിയനെ കാണാന്‍ എറണാകുളത്ത് മാതാ ടൂറിസ്റ്റുഹോമില്‍ എത്തുമ്പോഴാണ് ദേവലോകം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന വിവരം കമലറിയുന്നത്.പടിയന്റെ മുറിയിലപ്പോള്‍ ജോണ്‍ എബ്രഹാമും ആന്റണി ഈസ്റ്റ്മാനും ജയപാലമേനോനുമടക്കമുള്ളവരുണ്ട്.കൂറ്റനാട് നടക്കുന്ന ദേവലോകമെന്ന എം ടി ചിത്രത്തെക്കുറിച്ചായിരുന്നു അവരുടെ ചര്‍ച്ച.

ഇടതുപക്ഷപ്രസ്ഥാനങ്ങളോടൊപ്പം നിന്ന് നല്ല ചിത്രങ്ങള്‍ പ്രൊമോട്ട് ചെയ്യാനാരംഭിച്ച ജനശക്തി ഫിലിംസായിരുന്നു ദേവലോകം നിര്‍മ്മിച്ചത്.ജോണ്‍ എബ്രഹാമിന്റെ ചിത്രമായ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളുടെ നിര്‍മ്മാണ പങ്കാളിയും ത്രാസം സിനിമയുടെ വിതരണക്കാരും ജനശക്തി തന്നെയായിരുന്നു.ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ സംബന്ധിച്ച ചില ചര്‍ച്ചകള്‍ കൂടി ലക്ഷ്യമിട്ടാണ് പടിയനും സംഘവും അന്ന് കൂറ്റനാട്ടേക്കുപോയത്. ടാക്‌സിക്കാരന് കൂലി കൊടുക്കാനില്ലാത്തതുകൊണ്ട് ജോണ്‍ എബ്രഹാം നേരെ എം ടിയുടെ അടുത്തെത്തി കീശയില്‍ കയ്യിട്ട് പണമെടുത്തു കൊടുക്കുകയായിരുന്നു.അങ്ങനെയാണ് മമ്മൂട്ടിയുടെ ആദ്യചിത്രത്തിന്റെ സെറ്റില്‍ വച്ച് അദ്ദേഹത്തെ പരിചയപ്പെടാന്‍ കമലിനു കഴിഞ്ഞത്.മമ്മൂട്ടിയെ മാത്രമല്ല എം ടി വാസുദേവന്‍നായരെയും കാണുന്നത് ആദ്യമായിട്ടായിരുന്നു.പിന്നീട് മമ്മൂട്ടി നടനും താരവുമെല്ലാമായി സിനിമാചക്രവാളം കീഴടക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം പ്രത്യക്ഷമായും അല്ലാതെയും കൂടെ നില്‍ക്കാനും കമലിനു കഴിഞ്ഞു.

അതേ സമയം പി എന്‍ മേനോനൊപ്പം പ്രവര്‍ത്തിക്കുന്ന കാലത്താണ് മോഹന്‍ലാല്‍ പരിചയക്കാരനാകുന്നത്.കാലം കാത്തുനിന്നില്ല എന്ന സിനിമ പൂര്‍ത്തിയായതോടെ മേനോനോടൊപ്പം വര്‍ക്കുചെയ്യുന്നതിന്റെ ത്രില്‍ അനുഭവിക്കാന്‍ തുടങ്ങിയിരുന്നു.മുന്‍കാലപ്രവര്‍ത്തനങ്ങളില്‍ നിന്നു വിഭിന്നമായ മെച്ചപ്പെട്ട ക്രിയേറ്റീവ് അറ്റ്‌മോസ്ഫിയറായിരുന്നു അത്.അതിന്റെ കാന്തവലയത്തില്‍ പി എന്‍ മേനോന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായി കമല്‍ മാറി. ഒരിക്കല്‍ അവിടെയെത്തുമ്പോള്‍ മേനോന്‍ ഒരാല്‍ബം മറിച്ചുനോക്കുന്നുണ്ട് .അതദ്ദേഹം കമലിന് നല്‍കി.പത്രങ്ങളില്‍ ജോലി ചെയ്യുന്നതിനിടെ മേനോനെ പെയിന്റിംഗില്‍ സഹായിക്കാറുള്ള ബാലന്‍ പാലായിയും അവിടെയുണ്ട്.മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ ആല്‍ബമായിരുന്നു അത്.മോഹന്‍ലാലിന്റെയും ശങ്കറിന്റെയും വ്യത്യസ്തചിത്രങ്ങള്‍. മോഹന്‍ലാലിന്റെ ചിത്രം കണ്ടയുടനെ ഇയാളെ എനിക്കറിയാമല്ലോ എന്നായി കമലിന്റെ ആത്മഗതം.രണ്ടു ദിവസം മുന്‍പാണ് ആ പരിചയപ്പെടലുണ്ടായത്.മലയാളം പത്രം വായിക്കാന്‍ കോടമ്പക്കത്തേക്കുള്ള വൈകുന്നേരത്തെ പതിവു നടത്തത്തിനിടയിലായിരുന്നു അത്.അന്ന് കമല്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഉമാലോഡ്ജില്‍ നിന്ന് വടപളനി പോലീസ് സ്‌റ്റേഷനു പിന്നിലുള്ള പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലെ ഒരു ചെറിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.സംവിധായകന്‍ എന്‍ ശങ്കരന്‍ നായരുടെ അസിസ്റ്റന്റ് അരവിന്ദനും അഭിനയമോഹവുമായി പാലയില്‍ നിന്നും മദ്രാസില്‍ എത്തിപ്പെട്ട സെബാസ്റ്റ്യനും ആയിരുന്നു മറ്റു രണ്ടുപേര്‍.ഇടക്കാലത്ത് സെബാസ്റ്റിയന്‍ കുറച്ചുനാള്‍ അവിടെയുണ്ടായിരുന്നില്ല. നാട്ടില്‍ പോയി മടങ്ങുമ്പോള്‍ ആകസ്മികമായി നവോദയയുടെ പടത്തില്‍ ചെറിയൊരു റോള്‍ കിട്ടി ഊട്ടിയിലേക്കുപോയതാണ്.പുതിയ സംവിധായകന്റെ പടം.എല്ലാവരും പുതുമുഖങ്ങള്‍.സിനിമയില്‍ ചെറിയൊരു വേഷമാണ് തനിക്കുള്ളതെന്ന് സെബാസ്റ്റ്യന്‍ അതിനിടെ അറിയിച്ചിരുന്നു.അങ്ങനെയിരിക്കുമ്പോഴാണ് പത്രം വായിക്കാനുള്ള യാത്രക്കിടയില്‍ ഷൂട്ടിംഗ് കഴിഞ്ഞെത്തിയ സെബാസ്റ്റ്യനെ കണ്ടത്.അയാളെ പിന്നിലിരുത്തി മോട്ടോര്‍ സെക്കിള്‍ ഓടിച്ചിരുന്നത് അപരിചിതനായ ഒരാളായിരുന്നു..

'ഇതു മോഹന്‍ലാല്‍...പുതിയ പടത്തിലെ വില്ലനായി അഭിനയിച്ചയാളാണ്.വീട് തിരുവനന്തപുരം.' സെബാസ്റ്റിയന്‍ പരിചയപ്പെടുത്തി.

തെട്ടുപിന്നാലെ ലാല്‍ ചിരിച്ചുകൊണ്ടു കമലിന് കൈ കൊടുത്തു പറഞ്ഞു.' എനിക്കറിയാം...നിങ്ങള്‍ ഒരുമിച്ചാണ് താമസമെന്ന്... സെബാസ്റ്റ്യന്‍ പറയാറുണ്ട്്'

മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഷൂട്ടിംഗിനുശേഷം മദ്രാസില്‍ സ്വാമീസ് ലോഡ്ജിലെത്തി താമസിക്കുകയായിരുന്നു മോഹന്‍ലാലും സുരേഷ്‌കുമാറും പ്രിയദര്‍ശനും.മോഹന്‍ലാലിനെ പരിചയപ്പെട്ട് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് പി എന്‍ മേനോന്റെ വീട്ടിലെ ആല്‍ബം കാണുന്നത്.മോഹന്‍ലാലിനെ പരിചയപ്പെട്ട കഥ കമല്‍ പറഞ്ഞപ്പോല്‍ മേനോന്‍ ഒന്നു കൂടി ചിത്രത്തിലേക്കു നോക്കി.
'ഇയാള്‍ ആള്‍ മിടുക്കനാണ്...നല്ല ഒന്നാന്തരം എക്‌സ്പ്രഷന്‍സാണ്.'

'ആ ചിത്രത്തിലെ നായകന്‍ ശങ്കര്‍ ആണ്. മറ്റുനടന്‍മാരുണ്ട്. അവരുടെയെല്ലാം ചിത്രങ്ങളും ആല്‍ബത്തിലുണ്ട്.മേനോന്‍ സാറാണെങ്കില്‍ സിിനിമ കണ്ടിട്ടുമില്ല. ഒരു ഡയറക്ടറുടെ കാഴ്ചപ്പാടിന്റെ വ്യത്യസ്തതയെപ്പറ്റിയാണ് ഞാന്‍ പറയുന്നത്.ഫോട്ടോയിലെ എക്‌സ്പ്രഷന്‍സ് കണ്ടപ്പോള്‍ത്തന്നെ അദ്ദേഹത്തിനു മോഹന്‍ലാലിനെ വിലയിരുത്താന്‍ കഴിഞ്ഞു.' കമല്‍ ഓര്‍ക്കുന്നു.


ആരോരുമറിയാതെ പ്രേംനസീര്‍അസിസ്റ്റന്റ് ഡയറക്ടറായി മദ്രാസില്‍ താമസിക്കുമ്പോഴും ഇടവേളകളില്‍ നാട്ടിലെത്തുമ്പോഴും കമല്‍ ചെയ്തുവന്നിരുന്ന ഒരു ഹോംവര്‍ക്കുണ്ട്.ഇഷ്ടപ്പെട്ടതും വായിച്ചതുമായ പുസ്തകങ്ങളിലെ കഥകള്‍ ഒരു സിനിമക്കുവേണ്ടിയെന്നപോലെ തിരക്കഥയും സംഭാഷണവുമായി മാറ്റിമറിച്ചെഴുതിനോക്കും.ഒപ്പം സ്വന്തം രചനകളും.ജോണ്‍പോളിനെപ്പോലെ ഉപദേശകസ്ഥാനത്തുള്ള ചിലരെയും അടുത്ത സുഹൃത്തുക്കളെയും മാത്രമാണ് അവയില്‍പ്പലതും കാണിച്ചിരുന്നത്.അപ്രകാരമാണ് ജോണ്‍പോളിനോട് ആരോരുമറിയാതെ എന്ന സിനിമയുടെ കഥാസൂചനകള്‍ കമല്‍ പറഞ്ഞത്.

വാര്‍ദ്ധക്യത്തിലേക്കെത്തുന്ന മൂന്നുപേര്‍.സമൂഹത്തില്‍ മാന്യമായ സ്ഥാനമുള്ളവരാണവര്‍. ഒരു യാത്രക്കിടയിലെ മദ്യപാനവേളയില്‍ ആകസ്മികമായി തോന്നിയ വഴിവിട്ട താല്‍പ്പര്യം അവരെ അബദ്ധങ്ങളുടെ അഴിയാക്കുരുക്കിലേക്കാണ് ചാടിച്ചത്.അവര്‍ നേരിടുന്ന വെപ്രാളങ്ങളും ധര്‍മ്മസങ്കടങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍.വൃദ്ധന്‍മാരുടെ റോളുകളില്‍ കമല്‍ കണ്ടിരുന്നത് പ്രേംനസീറിനെയും തിലകനെയും കൊടിയേറ്റം ഗോപിയെയുമായിരുന്നു.നായികയായി പൂര്‍ണ്ണിമാജയറാം,പോലീസ് ഓഫീസറായി മമ്മൂട്ടി ,പിന്നെ നെടുമുടി വേണുവും. ജോണ്‍പോളിന് കഥ വളരെയധികം ഇഷ്ടപ്പെട്ടു.

'എനിക്കു തന്നെ സംവിധാനം ചെയ്യണമെന്ന് വലിയ ആശയുണ്ട്.അതിനുള്ള ചില ആശയങ്ങളും ഞാനുണ്ടാക്കി വച്ചിട്ടുണ്ട് ' കമല്‍ പറഞ്ഞു.

'അതിനെന്താ നിനക്കുതന്നെ ചെയ്യാമല്ലോ '
ജോണ്‍പോള്‍ അത്മവിശ്വാസം പകര്‍ന്നു. എന്നു മാത്രമല്ല അതിന് കൃത്യമായ ഫോമുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്തു.

പടിയന്റെ അടുത്ത സുഹൃത്തും കലാലയകാലത്തെ പരിചയക്കാരനും നല്ലൊരു അഭിനേതാവുമായിരുന്ന ഗഫൂറിനോട് സിനിമയെടുക്കാനുള്ള ആഗ്രഹം കമലറിയിച്ചു.കഥയും സിനിമാവിശേഷങ്ങളുമെല്ലാം പതിവായി സംസാരിച്ചിരുന്ന സുഹൃത്തുക്കളിലൊരാളായിരുന്നു ഗഫൂര്‍. കൊച്ചിയിലുള്ള ഒരു സുഹൃത്തുമായി ഗഫൂര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു.കമലിനേയും ഗഫൂറിനെയുമപേക്ഷിച്ച് പ്രായം കുറവായിരുന്ന ആ ചെറുപ്പക്കാരന്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകനായിരുന്നു.പണം മുടക്കാന്‍ അയാള്‍ തയ്യാര്‍.സിനിമ സംബന്ധിച്ച പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.ചിത്രത്തിന്റെ നിര്‍മ്മാതാവിനെ ജോണ്‍പോളിനു പരിചയപ്പെടുത്തി.ഇനി പ്രേംനസീറിനോട് കഥ പറയണം.അതിനു കമല്‍ തന്നെ പോയാല്‍ മതിയെന്ന് ജോണ്‍പോള്‍ നിര്‍ദ്ദേശിച്ചു.

ശശികമാര്‍ സംവിധാനം ചെയ്ത ആട്ടക്കലാശത്തിന്റെ ആലപ്പുഴയിലെ ലൊക്കേഷനില്‍ വച്ചാണ് പ്രേംനസീര്‍ കഥ കേട്ടത്.കഥയിലെ നര്‍മ്മത്തിന്റെ സാധ്യതകള്‍ അദ്ദേഹത്തെ വല്ലാതെ രസിപ്പിച്ചു.അസിസ്റ്റന്റായി ജോലി ചെയ്ത ചിത്രങ്ങളെക്കുറിച്ച് വിശദീകരിച്ച കമല്‍ പുതിയ ചിത്രത്തിനു തിരക്കഥയെഴുതുന്നത് ജോണ്‍പോളാണെന്നും നസീറിനെ അറിയിച്ചു.അപ്പോള്‍ത്തന്നെ നസീര്‍ സമ്മതമറിയിച്ചു.അടുത്ത ദിവസം അദ്ദേഹം മദ്രാസിലേക്കു മടങ്ങുകയും ചെയ്തു.പ്രേംനസീറിനേക്കാള്‍ അടുപ്പം കമലിനന്ന് ഗോപിയോടും തിലകനോടും മമ്മൂട്ടിയോടുമുണ്ട്.അവരോടും കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.ദിവസങ്ങള്‍ക്കകം സിനിമ സംബന്ധിച്ച രൂപരേഖകള്‍ തയ്യാറായി.അടുത്തത് പ്രേംനസീറിനും ജോണ്‍പോളിനും അഡ്വാന്‍സ് കൊടുക്കാന്‍ വേണ്ടിയുള്ള മദ്രാസ് യാത്രയാണ്.

'നസീര്‍ സാറെനിക്കൊരു ഡേറ്റു തന്നു. എനിക്കിന്നുമതോര്‍മ്മയുണ്ട്.ഒരു പതിനാറാം തീയതി...ജോണ്‍പോളും മദ്രാസിലുണ്ട്.അവര്‍ക്കുരണ്ടുപേര്‍ക്കും അഡ്വാന്‍സ് കൊടുത്തിട്ട് പടത്തിന്റെ ജോലികള്‍ തുടങ്ങാന്‍ മദ്രാസിലേക്കു പോകുകയാണ്. വീട്ടിലെല്ലാവരോടും ...അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി, ഭാര്യയോട് യാത്ര പറഞ്ഞ് പതിനഞ്ചാം തീയതി മദ്രാസിലേക്കു ട്രയിന്‍ കയറാന്‍ എറണാകുളം സൗത്തിലെത്തി. അപ്പോള്‍ത്തന്നെ പ്രൊഡ്യൂസറുമെത്തേണ്ടതാണ്. അഞ്ചരയ്ക്കാണ് വണ്ടി... ഗഫൂറും യാത്ര അയക്കാനെത്തിയിട്ടുണ്ട്.... പക്ഷേ എന്നെന്നേക്കുമായി സിനിമ എനിക്കു നഷ്ടപ്പെട്ടെന്ന് തോന്നിച്ച ഒരു രാത്രിയിലേക്കുള്ള കാത്തിരിപ്പായിരുന്നു അത്.' കമല്‍ ഓര്‍ക്കുന്നു.


പ്രൊഡ്യൂസര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് അനിശ്ചിതമായി നീളുകയായിരുന്നു.ട്രയിന്‍സമയമെത്തിയപ്പോള്‍ മാത്രമാണ് ഗഫൂര്‍ മടിച്ചുമടിച്ച് കാര്യം പറഞ്ഞത്.പ്രൊഡ്യൂസര്‍ വരില്ല. അയാള്‍ പിന്‍മാറിയിരിക്കുന്നു.പിതാവ് സമ്മതിക്കാത്തതാണ് കാരണം.

'സംഭവിച്ചതിങ്ങനെയാണ്...കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ഭാഗമായി നസീര്‍സാര്‍ തിരുവനന്തപുരത്തു ചെന്നപ്പോള്‍ ഈ ചെറുപ്പക്കാരന്റെ ഫാദറുമായി സംസാരിച്ചതാണ് പ്രശ്‌നമായത്.മകന്‍ സിനിമ എടുക്കാനുള്ള ആലോചനയിലാണെന്ന് അദ്ദേഹം പറഞ്ഞു.അപ്പോ മോനെന്താണിപ്പോള്‍ ചെയ്യുന്നന്തെന്നും അവനെത്ര വയസ്സായി എന്നുമെല്ലാം നസീര്‍ സാര്‍...വയസ്സ് ഇരുപത്തിമൂന്ന് ,ബിസിനസ്സില്‍ സഹായിച്ചു വരുന്നു...അപ്പോപ്പിന്നെ ഈ ചെറിയപ്രായത്തില്‍ സിനിമയെടുത്തു കാശു കളയേണ്ട വല്ല കാര്യവുമുണ്ടോയെന്നായി നസീര്‍സാര്‍ ...അദ്ദേഹം ഒരുപദേശം കൊടുത്തതാണ്. പക്ഷേ അത് ഞാനെടുക്കാന്‍ പോകുന്ന , അദ്ദേഹമഭിനയിക്കേണ്ടിയിരുന്ന സിനിമയാണന്ന് നസീര്‍സാര്‍ അറിഞ്ഞിരുന്നില്ല.' കമല്‍ ഓര്‍ക്കുന്നു

ഈ സംഭവം കമലിനൊരു ഷോക്കുതന്നെയായിരുന്നു.സിനിമ നടക്കാതെ വന്നതിനു കാരണക്കാരന്‍ പ്രേംനസീര്‍. അദ്ദേഹത്തിന് അഡ്വാന്‍സ് കൊടുക്കാനുള്ള തുകയുമായാണ് മദ്രാസ് യാത്രക്കിറങ്ങിയിരിക്കുന്നത്. വളരെ വിചിത്രമായ അവസ്ഥയായിരുന്നു അത്.ഗഫൂറിനും ജോണ്‍പോളിനും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമായിരുന്നു;പ്രേംനസീര്‍ ഇക്കാര്യങ്ങളൊന്നുമറിയാതെ പറഞ്ഞുപോയതാണെന്നും നമുക്കദ്ദേഹത്തോടു സംസാരിക്കാമെന്നും. എന്നാല്‍ പ്രൊഡ്യൂസര്‍ പിന്‍മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ അത്തരം ചര്‍ച്ചക്കു പ്രസക്തിയില്ലെന്ന് കമല്‍ കരുതി.സിനിമ മുടങ്ങിയെന്നു കരുതി പിന്തിരിയേണ്ടെന്നും മദ്രാസിലേക്കുതന്നെ ചെല്ലാനും ജോണ്‍പോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വകാര്യ ദു:ഖങ്ങള്‍ ഭാര്യയുമായി പങ്കുവച്ച് മനസ്സിനെ തെല്ലൊന്നു ശാന്തമാക്കി ഒരു ദിവസം വൈകിയാണ് കമല്‍ മദ്രാസിനു ട്രയിന്‍ കയറിയത്.

സിനിമാഭാഷയില്‍ പറഞ്ഞാല്‍ അവിടെയെത്തുമ്പോഴേക്കും കഥാഗതിയില്‍ ട്വിസ്റ്റ് സംഭവിച്ചുകഴിഞ്ഞിരുന്നു.കമല്‍ ചെയ്യാന്‍ പോകുന്ന സിനിമയെക്കുറിച്ച് ജോണ്‍പോളില്‍ നിന്നും അറിഞ്ഞിരുന്ന സേതുമാധവന്‍ , പ്രൊഡ്യൂസര്‍ പിന്‍മാറിയ സാഹചര്യത്തില്‍ ചിത്രം സംവിധാനം ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നു.കെ സുരേന്ദ്രന്റെ മരണം ദുര്‍ബ്ബലം എന്ന നോവല്‍ സിനിമയാക്കാന്‍ ജോണ്‍പോളിനൊപ്പം ചര്‍ച്ച നടത്തുന്നതിനിടയിലാണ് കൂടുതല്‍ ആത്മവിശ്വാസം തോന്നിയ സ്‌ക്രിപ്റ്റിനായി സേതുമാധവന്‍ താല്‍പ്പര്യം കാട്ടിയത്.ഒരു കെണിയിലകപ്പെട്ടതുപോലെയായി കമല്‍.സേതുമാധവനും ജോണ്‍പോളും ഗുരുസ്ഥാനീയരായ ആളുകളാണ്. മറുത്തെന്തെങ്കിലും പറയുന്നതിനു മുന്‍പ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുകയും നിര്‍മ്മാതാവ് അയ്യായിരം രൂപയുടെ ചെക്ക് കമലിനു നല്‍കുകയും ചെയ്തു.

മരണം ദുര്‍ബ്ബലത്തിനായി സേതുമാധവന്‍ നേടിയിരുന്നത് മധുവിന്റെയും സുഹാസിനിയുടെയും ഡേറ്റുകളാണ്.ആ സാഹചര്യത്തില്‍ പ്രേംനസീറിനെ ഒഴിവാക്കുകയാണെന്ന് സേതുമാധവന്‍ പറഞ്ഞു. അതൊരുവിധത്തില്‍ നന്നായെന്ന് കമലിനപ്പോള്‍ തോന്നി.പ്രേംനസീര്‍ കാരണമാണല്ലോ ആദ്യപടത്തിന്റെ സംവിധാനസ്വപ്‌നം പൊലിഞ്ഞത്.കാര്യം നിസ്സാരമെന്ന സിനിമ പുറത്തിറങ്ങിയ സമയമായതുകൊണ്ടും അതിലെ നസീറിന്റൈ പ്രകടനം ഇഷ്ടപ്പെട്ടതുകൊണ്ടുമാണ് കഥ രൂപപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഒരു കഥാപാത്രത്തെ കമല്‍ ആലോചിച്ചത്.തിലകന്റെ പകരക്കാരനായി കരമന ജനാര്‍ദ്ദനന്‍നായരെ നിശ്ചയിച്ചു.സേതുമാധവന്റെ ആ തീരുമാനത്തിന്റെ കാരണമെന്തെന്ന് കമലിന് അറിയില്ല.ഈ സംഭാഷണം നടന്നതിന്റെ ഇരുപതാം ദിവസം ഷൂട്ടിംഗ് തുടങ്ങി.അങ്ങനെയാണ് ആരോരുമറിയാതെ എന്ന വിജയചിത്രം പുറത്തുവന്നത്.ഒപ്പം സംവിധായകനെന്ന നിലയില്‍ തുടക്കം കുറിക്കേണ്ടിയിരുന്ന ചിത്രം കമലിനു നഷ്ടപ്പെട്ടതും.സേതുമാധവന്റെ സഹായിയായി പിന്നെയും നാലു ചിത്രങ്ങള്‍.തുടര്‍ന്നുള്ള രണ്ടുവര്‍ഷം അസിസ്റ്റന്റ് ഡയറക്ടറെന്ന നിലയില്‍ കമലിന്റെ ജീവിതത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളായിരുന്നു.

(തുടരും)