നക്ഷത്രദൂരം 13

മാധവന്‍നായര്‍ നിര്‍മ്മിക്കുന്ന 'അഴകിയ രാവണ'ന്റെ സംഗീതസംവിധാനം രവീന്ദ്രനെ ഏല്‍പ്പിക്കേണ്ടതില്ല എന്നു തീരുമാനമായി . തുടര്‍ച്ചയായി ഒരാള്‍ സംഗീതം ചെയ്യുന്നതിലും നല്ലത് പുതിയ ആളുകളെ ഉള്‍പ്പെടുത്തുന്നതാണെന്ന് കമലിനും തോന്നി . പക്ഷേ ആരായിരിക്കണം പകരക്കാരന്‍ . കീരവാണിയുടേതടക്കം പല പേരുകളും കമലിന്റെ മനസ്സിലെത്തി . അതിനിടെയാണ് ഔസേപ്പച്ചനോടൊപ്പം പലപ്പോഴും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാസാഗറിനെ ഓര്‍ത്തത് . ഉള്ളടക്കം , കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ , ഉണ്ണികളേ ഒരു കഥ പറയാം , പുക്കാലം വരവായി , തൂവല്‍ സ്പര്‍ശം എന്നീ സിനിമകളിലെല്ലാം ഔസേപ്പച്ചനൊപ്പം ഉണ്ടായിരുന്നു . ജോണ്‍സന്റെ കൂടെ രാജാമണി എന്നതു പോലെയായിരുന്നു ഔസേപ്പച്ചനൊപ്പം വിദ്യാസാഗറും . വളരെ സ്മാര്‍ട്ടും സംഗീതത്തോട് പ്രത്യേക അഭിനിവേശവുമുള്ള ചെറുപ്പക്കാരന്‍ . മലയാളം പാട്ടുകളെക്കുറിച്ച് എപ്പോഴും വിദ്യാസാഗര്‍ ആവേശത്തോടെയാണ് സംസാരിച്ചിരുന്നത് . വിദ്യാസാഗറപ്പോള്‍ ഒരു തെലുങ്കുപടത്തിന്റെ ജോലിയിലായിരുന്നു .

മമ്മൂട്ടിയോട് കഥ പറയുന്ന കൂട്ടത്തില്‍ സംഗീതസംവിധായകന്‍ പുതിയ ആളാണെന്നും ഔസേപ്പച്ചനൊപ്പം വര്‍ക്കു ചെയ്തിരുന്നെന്നും കമല്‍ പറഞ്ഞു . വിദ്യാസാഗറാണോ ആളെന്ന് അടുത്ത നിമിഷം മമ്മൂട്ടി ചോദിച്ചു . എങ്കില്‍ നന്നായിരിക്കുമെന്നും ഇപ്പോള്‍ വിദ്യാസാഗറൊരു തെലുങ്കു പടത്തിന് സംഗീതം ചെയ്യുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു . അതോടെ വിദ്യാസാഗറിന്റെ കാര്യത്തില്‍ തീരുമാനമായി . 'അഴകിയ രാവണ'നു വേണ്ടി കൈതപ്രം എഴുതിയ ആദ്യത്തെ പാട്ട് 'വെണ്ണിലാ ചന്ദനകിണ്ണം' ആയിരുന്നു . തനി മലയാളിത്തത്തിന്റെ പാട്ടുവഴിയില്‍പെടുന്ന ഗാനമാണത് . ആ നിലയ്ക്ക് മറുനാട്ടുകാരനായ വിദ്യാസാഗര്‍ സംഗീതം നല്‍കിയാല്‍ എങ്ങനെയിരിക്കുമെന്ന ആശങ്ക ആദ്യം കൈതപ്രത്തിനുണ്ടായിരുന്നു . പക്ഷേ കമലപ്പോള്‍ ആത്മവിശ്വാസം പകര്‍ന്നു . വിദ്യാസാഗറിനൊപ്പമിരുന്നുള്ള ചര്‍ച്ചകളില്‍ അദ്ദേഹത്തിന് മലയാളം പാട്ടുകളോടുള്ള താല്‍പ്പര്യം കൈതപ്രത്തിനു ബോധ്യപ്പെട്ടു . പഴയ പാട്ടുകള്‍ പലതും കമല്‍ പറയാനും കൈതപ്രം പാടാനും തുടങ്ങിയപ്പോള്‍ അനുപൂരകമായി ആ പാട്ടിനെക്കുറിച്ചുള്ള അറിവുമായി വിദ്യാസാഗറും അവരോടൊപ്പം ചേര്‍ന്നു . അപ്പോഴാണ് വിദ്യാസാഗറിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ഇരുവരും ശ്രമിച്ചത് . എട്ടോളം സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്ന യു രാമചന്ദര്‍ എന്ന സംഗീതജ്ഞനാണ് വിദ്യാസാഗറിന്റെ പിതാവ് . ബാബുരാജിന്റെയും ദേവരാജന്‍മാഷ്ിന്റെയും പല പാട്ടുകളോടുമൊപ്പം രാമചന്ദര്‍ പ്രവര്‍ത്തിച്ചിരുന്നു .

പിറ്റേ ദിവസം രാവിലെ ഹാര്‍മോണിയത്തില്‍ സപ്തസ്വരങ്ങളുതിര്‍ത്ത് 'വെണ്ണിലാചന്ദനകിണ്ണ ' ത്തിന് വിദ്യാസാഗര്‍ നല്‍കിയ ആദ്യ ഈണം തന്നെ ഏറ്റവും അനുയോജ്യമായിരുന്നു . അനുപൂരകമായോ പ്രതികൂലമായോ ആര്‍ക്കും നിര്‍ദ്ദേശങ്ങളൊന്നും നല്‍കാനില്ലായിരുന്നു . അടുത്ത ഗാനം ഒരു സിനിമാലൊക്കേഷന്റെ പശ്ചാത്തലിലുള്ളതാണ് . അതുകൊണ്ടു തന്നെ ഏതു തരം പാട്ടും അനുയോജ്യമാവും . ഒരേ വാക്കില്‍ത്തന്നെ എല്ലാവരികളും അവസാനിക്കുന്ന രീതിയില്‍ എഴുതാന്‍ കഴിഞ്ഞാല്‍ നല്ലൊരു ട്യൂണിനു സാധ്യതയുണ്ടെന്ന് വിദ്യാസാഗര്‍ അഭിപ്രായപ്പെട്ടു . റോജയിലെ ' ചിന്ന ചിന്ന ആശൈ , ചിറകടിക്കും ആശൈ ' എന്ന ഗാനം ആളുകള്‍ക്കിടയില്‍ ഹരമായി മാറിക്കഴിഞ്ഞ സമയവുമാണത് . കമലിന്റെ മനസ്സിലപ്പോള്‍ ഒരൊറ്റ വാക്കേ ഉണ്ടായിരുന്നുള്ളൂ ; മഴ . ഏതു രീതിയിലുെ പ്രതിഫലിക്കുന്ന ഒന്നാണ് മഴ . അതോടെ കൈതപ്രം മഴയുടെ വിവിധഭാവങ്ങളെ കോര്‍ത്തിണക്കി 'പ്രണയമണിത്തൂവല്‍ ' എന്ന പാട്ടെഴുതുകയായിരുന്നു . പിന്നീട് കമലിന്റെ 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്' , 'നിറം ', 'മധുരനൊമ്പരക്കാറ്റ്' , 'ഗോള്‍',' ഗ്രാമഫോണ്‍ 'എന്നീ ചിത്രങ്ങള്‍ക്കും വിദ്യാസാഗറാണ് ഈണം പകര്‍ന്നത് .ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമ്പോള്‍പെരുവണ്ണാപുരത്തെ വിശേഷങ്ങളുടെ അണിയറപ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് മഹാറാണി ഹോട്ടലില്‍ നടക്കുന്ന സമയം . കമലിന്റെ കഥയില്‍ രഞ്ജിത്തിന്റേതാണ് സ്‌ക്രിപ്റ്റ് . അന്നവിടെ രഞ്ജിത്തിന്റെ സഹായിയായി സ്‌ക്രിപ്റ്റ് പകര്‍ത്തിയെഴുതാനുണ്ടായിരുന്ന ചെറുപ്പക്കാരനാണ് ഗിരീഷ് പുത്തന്‍ചേരി . ഗിരീഷ് അന്ന് സിനിമയില്‍ പാട്ടെഴുതിത്തുടങ്ങിയിരുന്നില്ല . ശുദ്ധമായ ഭാഷയില്‍ സംസാരിക്കുകയും ഇടയ്‌ക്കെല്ലാം കവിതകള്‍ ഉദ്ധരിക്കുകയും ചെയ്യുന്ന അക്ഷരസ്‌നേഹിയായ ചെറുപ്പക്കാരന്‍ . പി ഭാസ്‌കരന്റെയും വയലാറിന്റെയുമെല്ലാം പാട്ടുകള്‍ മനോഹരമായി പാടും . കമലും രഞ്ജിത്തും ഗിരീഷും ചേരുന്ന പല വൈകുന്നേരങ്ങളിലും പാട്ടിന്റെ അന്താക്ഷരി തന്നെ ഉണ്ടാകാറുണ്ട് . കമല്‍ ആ ദിവസങ്ങളിലാണ് ഗിരീഷുമായി നല്ലൊരടുപ്പം സ്ഥാപിച്ചത് . കമലിന്റെ അടുത്ത സിനിമകളിലേതിലെങ്കിലും തന്നെ പാട്ടെഴുതാന്‍ വിളിക്കുമെന്ന് ഗിരീഷ് പ്രതീക്ഷിച്ചു . അതേ സമയം പാട്ടുപാടുമെന്നറിയാമെങ്കിലും ഗിരീഷിന്റെ പാട്ടെഴുത്തിനുള്ള കഴിവിനെക്കുറിച്ച് കമല്‍ ശ്രദ്ധിച്ചിരുന്നില്ല . വ്യക്തിപരമായി നല്ല അടുപ്പമുണ്ടായിരുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് കമല്‍ചിത്രങ്ങളിലപ്പോള്‍ തുടര്‍ച്ചയായി ഗാനങ്ങള്‍ എഴുതിക്കൊണ്ടിരുന്നത് . അപ്പോഴേക്കും ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരം വന്നു . പാട്ടെഴുത്തുകാരന്‍ എന്ന നിലയില്‍ ഗിരീഷ് പുത്തഞ്ചേരി ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അത് . കമലിനെ കാണുമ്പോഴെല്ലാം പാട്ടെഴുത്തിനു വിളിക്കാത്തതിലുള്ള പരിഭവം ഗിരീഷ് പ്രകടിപ്പിക്കാറുണ്ടായിരുന്നു .

കൈതപ്രം എഴുതി വിദ്യാസാഗര്‍ സംഗീതം നല്‍കിയ 'അഴകിയ രാവണ'നിലെ പാട്ടുകള്‍ സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു . എന്നാല്‍ 'ഈ പുഴയും കടന്ന് ' എന്ന തൊട്ടടുത്ത ചിത്രത്തിന് ജോണ്‍സന്റേതായിരുന്നു സംഗീതം . . ലാളിത്യമുള്ള ഒരു സിനിമ എന്ന നിലയിലാണ് ജോണ്‍സനെ സംഗീതസംവിധായകനായി നിശ്ചയിച്ചത് . ഗിരീഷ് പുത്തഞ്ചേരിയെ പാട്ടെഴുതുന്നതിനായി കമല്‍ വിളിച്ചു . കൈതപ്രത്തെക്കൊണ്ടല്ലാതെ കമല്‍ പാട്ടെഴുതിപ്പിക്കുന്നില്ല എന്നു പരിഭവിച്ചിരുന്ന ഗിരീഷ് ആദ്യം അത് വിശ്വസിക്കാന്‍ തയ്യാറായില്ല . അങ്ങനെ ഗിരീഷ് പാട്ടെഴുതിയ ആദ്യ കമല്‍ ചിത്രമായിരുന്നു 'ഈ പുഴയും കടന്ന'് . ആ ചിത്രത്തിലെ എല്ലാ പാട്ടുകളും അതീവഹൃദ്യങ്ങളായിരുന്നു . 'ദേവകന്യക സൂര്യതംബുരു മീട്ടുന്നു' , 'രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി' , 'പാതിരാ പുള്ളുണര്‍ന്നു ' എന്നിങ്ങനെ അതിലെ അഞ്ചു പാട്ടുകളും ആളുകള്‍ ഇഷ്ടപ്പെട്ടു .

' ഗിരീഷിനു വാശിയായിരുന്നു . എന്നെ ഒരു പടത്തില്‍ പാട്ടെഴുതി ക്കാണിച്ചു തരണമെന്ന വാശി . അതയാളന്നു പറയുകയും ചെയ്തു . സാധാരണ ഗിരീഷിനെ അറിയാമല്ലോ . ഡിസിപ്ലിനൊക്കെ കുറവാണ് . പക്ഷേ എന്റെ അനുഭവം മറിച്ചായിരുന്നു . വളരെ അച്ചടക്കത്തോടെ വന്നിരുന്നു പാട്ടുകളൊക്കെ മനോഹരമായി എഴുതിത്തന്നു . പാട്ടൊക്കെ നന്നായിട്ടുണ്ട് . എന്നു കരുതി ഇതോടെ എന്നെ വിളിക്കുന്ന പരിപാടി നിര്‍ത്തി വീണ്ടും കൈതപ്രത്തിലേക്കു പോകുമോയെന്ന് പകുതി തമാശയായും പകുതി കാര്യമായും ഗിരീഷ് ചോദിച്ചു . ഞാന്‍ പറഞ്ഞു; കൈതപ്രമെന്നും ഗിരീഷെന്നുമുള്ള കോംപറ്റീഷനൊന്നും ഇവിടെയില്ല . അതു നിങ്ങളു തമ്മിലായിക്കോ . എന്നെ സംബന്ധിച്ചിടത്തോളം ഒരു പടത്തിന്റെ മൂഡനുസരിച്ച് നിങ്ങള്‍ ചെയ്താലാണ് നന്നാവുന്നതെങ്കില്‍ നിങ്ങള്‍ ചെയ്യണം കൈതപ്രം ചെയ്താല്‍ നന്നാവുമെങ്കില്‍ കൈതപ്രം ചെയ്യണം . അല്ലാതെ എനിക്കു രണ്ടുപേരോടും പ്രത്യകിച്ച് പക്ഷപാതമൊന്നുമില്ല ' - ഗിരീഷിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ കമല്‍ ഓര്‍ത്തെടുക്കുന്നു

'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് ' എന്ന സിനിമയായിരുന്നു അടുത്തതായി ചിത്രീകരിച്ചത് . ഗിരീഷ് പാട്ടെഴുതി വിദ്യാസാഗര്‍ സംഗീതം ചെയ്യാന്‍ തീരുമാനമായി . ആദ്യം തന്നെ വിദ്യാസാഗര്‍ ഒരു ട്യൂണിട്ടു . കമലിനും ഗിരീഷിനും അത് വേണ്ടത്ര ഇഷ്ടമായില്ല. കമലിന്റെ മനസ്സിലുള്ളത് അത്തരത്തിലുള്ള ട്യൂണല്ല എന്നു ബോധ്യമായതോടെ പാട്ടിന്റെ സാഹിത്യം കൂടെ കിട്ടിയാല്‍ നല്ലൊരു ട്യൂണിലേക്കെത്താനാവുമെന്ന് വിദ്യാസാഗര്‍ അഭിപ്രായപ്പെട്ടു . രണ്ടു വരി എഴുതി ട്യൂണിട്ട് നോക്കിയ ശേഷം ബാക്കിയാകാമെന്ന് ഗിരീഷും സമ്മതിച്ചു . അങ്ങനെ ഗിരീഷെഴുതിയ വരികളാണ് ' പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം' . ആ രണ്ടു വരികള്‍ക്ക് വിദ്യാസാഗറിട്ട ട്യൂണ്‍ കേട്ട് പുത്തഞ്ചേരി ഒരു നിമിഷം നിശ്ശബ്ദനായിരുന്നു . പിന്നെ മുറിക്കുള്ളില്‍ കയറി കതകടച്ചു . മിനുട്ടുകള്‍ക്കകം തിരിച്ചിറങ്ങിവന്ന് ഗിരീഷ് ഒരു കവിത കമലിനെ ഏല്‍പ്പി്ച്ചു . ഒന്നോടിച്ചുവായിച്ച് കമലതിന്റെ അവസാനത്തെ വരികളിലെത്തി . 'ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം '. കമല്‍ ആഹ്ലാദത്തോടെ ഗിരീഷിനെ ആശ്ലേഷിച്ചു . ആ സിനിമയുടെ മുഴുവന്‍ അന്തസ്സത്തയും രണ്ടുവരികളിലേക്കു കൊണ്ടുവരാന്‍ ഗിരീഷിനു കഴിഞ്ഞിരിക്കുന്നു . ആ ഗാനത്തിന് വിദ്യാസാഗറിന്റെ അതിമനോഹരമായ ട്യൂണും ലഭിച്ചതോടെ കമലിന് ഏറ്റവുമധികം മാനസികമായി അടുപ്പമുള്ള പാട്ടായി അതു മാറുകയായിരുന്നു .'കൈക്കുടന്ന നിലാവിലെ' ത്തിയപ്പോള്‍ ഗിരീഷിനെയും കൈതപ്രത്തെയും തന്റെ ചിത്രത്തിലൊന്നിപ്പിക്കാന്‍ കമലിനു കഴിഞ്ഞു . ഗിരീഷ് പാട്ടെഴുതിയപ്പോള്‍ കൈതപ്രമാണ് അതിന് സംഗീതം പകര്‍ന്നത് . പിന്നീട് വിദ്യാസാഗറും ഔസേപ്പച്ചനും ജോണ്‍സനും മാറി മാറി കമല്‍ച്ചിത്രങ്ങള്‍ക്ക് ഈണമിട്ടു . അതിനിടയിലാണ് മോഹന്‍ സിതാരയുടെ വരവ് . അന്നത്തെ ന്യൂജനറേഷന്റെ അഭിരുചികള്‍ക്കനുസരിച്ച് പാട്ടൊരുക്കാന്‍ നിശ്ചയിച്ചപ്പോഴാണ് മോഹന്‍ സിത്താരയെ വിളിച്ചത് . പതിവു പാട്ടുരീതികളില്‍ നിന്നു മാറി മറ്റൊരു ശൈലി വേണമെന്ന് കമല്‍ നിര്‍ദ്ദേശിച്ചു . അങ്ങനെയാണ് 'നമ്മള്‍ ' എന്ന സിനിമയിലൂടെ മോഹന്‍ സിതാര കമല്‍ ചിത്രങ്ങളിലേക്കു വരുന്നത് . ആല്‍ബങ്ങളുടെ പ്രവണത തുടങ്ങിയ കാലമായിരുന്നു അത് . അത്തരത്തിലുള്ള സംഗീതം സിനിമയില്‍ കൊണ്ടുവരാനാണ് മോഹന്‍ സിതാര ശ്രമിച്ചത് . അതിനുവേണ്ടി കേട്ടുപഴകിയ പതിവു ശബ്ദങ്ങളെ മാറ്റി നിര്‍ത്തി . ആ സിനിമയിലെ ' രാക്ഷസീ ' എന്ന പാട്ട് സൂപ്പര്‍ ഹിറ്റായി . 'സ്വപ്‌നക്കൂട് ' ആയിരുന്നു കമലിന്റെ അടുത്ത ചിത്രം . അതിലെ 'കറുപ്പിനഴക് 'എന്ന പാട്ടും വ്യത്യസ്തമായ പാട്ടനുഭവമായി . കൈതപ്രം - മോഹന്‍ സിത്താര കൂട്ടുകെട്ടിലായിരുന്നു ഈ പാട്ടുകള്‍ പിറന്നത് .


ഹിന്ദുസ്ഥാനി സംഗീതവും ഗസലുംഇതിനിടെയാണ് 'മേഘമല്‍ഹാര്‍ 'എന്ന സിനിമ ഒരുക്കുന്നത് . പാട്ടൊന്നുമില്ലാത്ത ടെലിസിനിമ പോലെയാണ് ചിത്രം നിശ്ചയിച്ചിരുന്നത് . സ്‌ക്രിപ്‌റ്റെഴുതുന്നതിനായി കമല്‍ കോഴിക്കോടാണുള്ളത് . സ്‌ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ പിറ്റേ ദിവസം ഷൂട്ടിംഗ് എന്ന രീതിയിലാണ് പ്ലാന്‍ ചെയ്തിട്ടുള്ളത് . പക്ഷേ, സ്‌ക്രിപറ്റ് എഴുതിവന്നപ്പോള്‍ രണ്ടു സിറ്റ്വേഷനുകളില്‍ പാട്ട് വന്നാല്‍ നന്നായിരിക്കുമെന്നു കമലിനു തോന്നി . ഗസലിന്റെ മൂഡുള്ള പാട്ടുകളാണ് വേണ്ടത് . ഇതുവരെ തന്റെ ചിത്രങ്ങളില്‍ സംഗീതസംവിധാനം ചെയ്യാത്ത ഒരാളെ കമല്‍ തിരഞ്ഞു . അങ്ങനെയാണ് രമേഷ് നാരായണന്‍ സംഗീതസംവിധായകനായെത്തുന്നത് . ഒ എന്‍ വി കുറുപ്പുവേണം ഗാനങ്ങളെഴുതാനെന്നും നിര്‍ബന്ധമുണ്ടായിരുന്നു .

ഷൂട്ടിംഗ് തുടങ്ങേണ്ട ദിവസമെത്തിയതുകൊണ്ട് കമലിന് തിരുവനന്തപുരത്തെത്തി പാട്ടു കംപോസ് ചെയ്യിക്കാനാവില്ലായിരുന്നു . അങ്ങനെയെങ്കില്‍ ഒ എന്‍ വിയെയും രമേഷ് നാരായണനെയും കോഴിക്കോട്ടേക്കു വരുത്താമെന്നായി നിര്‍മ്മാതാവ് എം വി ശ്രേയാംസ് കുമാര്‍ . എന്നാല്‍ കാലിനു വേദന കാരണം വിശ്രമത്തിലായിരുന്നു ഒ എന്‍ വി . അതോടെ തിരുവനന്തപുരത്തുവച്ച് കമലിന്റെ അസാന്നിധ്യത്തില്‍ ഒ എന്‍ വിയും രമേഷ് നാരായണനും ചേര്‍ന്ന് ഗാനങ്ങള്‍ കംപോസ് ചെയ്തു . 'ഒരു നറുപുഷ്പമായ് ...' എന്ന ഗാനം ഘനഗംഭീരമായ ശബ്ദത്തില്‍ ഒ എന്‍ വി ഫോണിലൂടെ പാടികേള്‍പ്പിച്ചതും കമലിനു തൃപ്തിയായോ എന്ന ചോദ്യവുമെല്ലാം ഇപ്പോഴും കമലിന്റെ കാതുകളിലുണ്ട് . അതിനു കമലിന്റെ മറുപടി തിരുവനന്തപുരത്തായിരുന്നെങ്കില്‍ ഞാനിപ്പോള്‍ സാറിന്റെ കാലില്‍ വീണു നമസ്‌കരിച്ചേനെ എന്നായിരുന്നു . അത്ര മാത്രം ഇഷ്ടപ്പെട്ട പാട്ടായിരുന്നു കമലിനത് .

പിന്നീട് വരുന്ന സംഗീതസംവിധായകന്‍ 'പെരുമഴക്കാല' ത്തിലൂടെ എം ജയചന്ദ്രനാണ് . ആര്‍ദ്രമായ മഴയുടെ മൂഡും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പശ്ചാത്തലവുമുള്ള 'രാക്കിളി ' എന്ന പാട്ടും റഫീഖ് അഹമ്മദ് ആ ചിത്രത്തിനുവേണ്ടി എഴുതിയ മറ്റു പാട്ടുകളും ജനകീയമായി . ആസ്വാദകഹൃദയത്തെ ഹൃദയത്തില്‍ കൊളുത്തിവലിക്കാന്‍ ശേഷിയുള്ള 'രാക്കിളികള്‍' എന്ന പാട്ട് എഴുതി കംപോസ് ചെയ്തു കഴിഞ്ഞപ്പോള്‍ ആരു പാടണം എന്നായി ചര്‍ച്ച . ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഛായയുള്ളതുകൊണ്ട് ഹരിഹരന്‍ പാടിയാല്‍ നന്നാവുമെന്ന് ജയചന്ദ്രന്‍ പറഞ്ഞു . ഹരിഹരന്‍ പാടുന്നതില്‍ വിരോധമില്ലെങ്കിലും വാക്കുകളുടെ ഉച്ചാരണത്തിനു പ്രാധാന്യമുള്ള പാട്ടാണത് . ജയചന്ദ്രനത് പാടിയത് പല തവണ കമല്‍ കാസറ്റിട്ടു കേട്ടു . ഒടുവില്‍ ജയചന്ദ്രന്‍ തന്നെ പാടിയാല്‍ മതിയെന്നായി കമല്‍ . ആ പാട്ടിലൂടെ ജയചന്ദ്രന് മികച്ച ഗായകനുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടുകയും ചെയ്തു . 'കല്ലായിക്കടവത്തെ ' എന്ന ബാബുരാജ് ശൈലിയിലുള്ള പാട്ടും പെരുമഴക്കാലത്തിലേതായിരുന്നു . പിന്നീട് 'സ്വപ്‌നസഞ്ചാരി' യിലും ജയചന്ദ്രനായിരുന്നു സംഗീതം; 'ഗദ്ദാമ'യില്‍ ബാക്ക്ഗ്രൗണ്ട് സ്‌കോറും . ഗദ്ദാമയില്‍ പാട്ടുകള്‍ക്ക് ഈണമിട്ടത് പുതിയ രണ്ടു മ്യൂസിക് ഡയറക്ടേഴ്‌സായിരുന്നു - ബന്നറ്റും വീത് രാഗും . ആ പാട്ടുകളും ഹൃദയസ്പര്‍ശിയായി .പാട്ടുകളുടെ പിക്ചറൈസേഷനെക്കുറിച്ചു പറയുമ്പോള്‍ കമലിനു പറയാനേറെയുണ്ട് . ടി എ റസാക്കിന്റെ 'ഗസല്‍' സിനിമയുടെ സ്‌ക്രിപ്റ്റ് കണ്ട മാത്രയില്‍ കമലിന്റെ മനസ്സിലേക്കോടിയെത്തിയത് എളയാപ്പ ഗസല്‍ കേള്‍ക്കുന്നതും , കൊടുങ്ങല്ലൂരിന്റെ മുസ്ലീം പശ്ചാത്തലവുമായിരുന്നു . 'ചമ്പക്കുളം തച്ചന്‍' കഴിഞ്ഞുള്ള സിനിമയായിരുന്നു 'ഗസല്‍' . കൊണ്ടോട്ടിയിലെ തങ്ങള്‍മാരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ റസാക്കിനുണ്ട് . അപ്രകാരം മുസ്ലീം കുടുംബപശ്ചാത്തലത്തില്‍ കഥ ആലോചിച്ചപ്പോള്‍ത്തന്നെ ഗാനരചന യൂസഫലി കേച്ചേരി ആണെങ്കില്‍ നന്നായിരിക്കുമെന്ന് തോന്നി . മുന്‍പരിചയമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ കമല്‍ച്ചിത്രങ്ങള്‍ക്ക് വേണ്ടി യൂസഫലി അതുവരെ ഗാനങ്ങള്‍ എഴുതിയിട്ടില്ല . എ ടി അബു സംവിധാനം ചെയ്ത 'ധ്വനി ' യിലെ ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്ന നൗഷാദിനെ ചിത്രത്തിലേക്കു ക്ഷണിക്കാനും തീരുമാനമായി . യൂസഫലി കേച്ചേരിയുടെ വീട്ടിലെത്തിയ കമലും റസാക്കും അദ്ദേഹത്തോടു കഥ പറഞ്ഞു കേള്‍പ്പിച്ചു . യൂസഫലിക്കത് നന്നായി ഇഷ്ടപ്പെട്ടു . എന്നുമാത്രമല്ല നൗഷാദിനെ സംഗീതം ഏല്‍പ്പിക്കാനുള്ള തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തു . യൂസഫലി തന്നെയാണ് ഉറുദുവും ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്ന ഭാഷയില്‍ നൗഷാദിനോടിക്കാര്യം ഫോണിലറിയിച്ചത് . എന്നാല്‍ ഒരു സര്‍ജറി കഴിഞ്ഞ വിശ്രമത്തിലായിരുന്നു നൗഷാദ് . അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണ് . ബോംബെയില്‍ പോയി കംപോസു ചെയ്യിക്കുന്നതിന്റെ ചെലവും മറ്റും ആലോചിച്ചപ്പോള്‍ വേവലാതിയായി . അങ്ങനെയാണ് ബോംബെ രവി അടുത്ത ചോയ്‌സ് ആയത് .

'പഞ്ചാഗ്നി' യിലൂടെയും 'നഖക്ഷത' ങ്ങളിലൂടെയും ബോംബെ രവി അതിനകം തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഗീതസംവിധായകനായിക്കഴിഞ്ഞിരുന്നു . ബോംബെ രവിയുടെ കാര്യത്തില്‍ യൂസഫലിയും ആത്മവിശ്വാസം പകര്‍ന്നു . യൂസഫലി തന്നെയാണ് അദ്ദേഹത്തെയും ക്ഷണിച്ചത് . മദ്രാസില്‍ വച്ചായിരുന്നു റക്കോര്‍ഡിംഗ് . വ്യത്യസ്തമായ പെരുമാറ്റ ശൈലികൊണ്ട് കമലിനെ വിസ്മയിപ്പിച്ച സംഗീതപ്രതിഭയായിരുന്നു അദ്ദേഹം . കൈവശമുള്ള കെറ്റിലുപയോഗിച്ച് ചായയുണ്ടാക്കി മുമ്പില്‍ വച്ച് ഒരു ഹാര്‍മോണിയവുമായങ്ങനെ ഇരിക്കും . ആരോടും അധികമൊന്നും സംസാരിക്കാതെ കഥയും കാര്യങ്ങളുമെല്ലാം മനസ്സിലാക്കി ഹാര്‍മോണിയം കെട്ടിപ്പിടിച്ചുള്ള ഇരിപ്പ് രാവിലെ ഒന്‍പതര മണിക്കുതുടങ്ങിയാല്‍ ഉച്ചക്ക് ഊണു കഴിക്കുന്നതിനുമുമ്പുവരെ തുടരും . ഊണു കഴിച്ചാല്‍ വീണ്ടും പഴയപടി വന്നിരിക്കും . സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങല്ലാതെ ബാഹ്യവിഷയങ്ങളെക്കുറിച്ച് ചര്‍ച്ചയില്ല . ട്യൂണ്‍ ചെയ്ത ശേഷം പാട്ടെഴുതുന്ന രീതി പതിവായിരുന്നെങ്കിലും പാട്ടാദ്യം എഴുതട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെയും നിലപാട് . യൂസഫലി നാലു വരിയെഴുതും . ആ വരികളുടെ കൃത്യമായ അര്‍ത്ഥം ചോദിച്ചുമനസ്സിലാക്കി ബോംബെ രവി അത് ഹിന്ദിയിലോ ഉറുദുവിലെ മാറ്റിയെഴുതും . പിന്നെ കണ്ണടച്ച് ഹാര്‍മോണിയവുമായി ഒരു തപസ്യ പോലെ പാട്ടുണ്ടാക്കാന്‍ ശ്രമിക്കും . മറക്കാനാവാത്ത അനുഭവമായിരുന്നു 'ഗസലി' ന്റെ ഗാനങ്ങളുടെ കംപോസിങ്ങ് . ഒപ്പം യേശുദാസ് ആറു പാട്ടുകള്‍ കൂടി പാടിയതോടെ സന്തോഷം ഇരട്ടിച്ചു . റിക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ത്തന്നെ ഈ പാട്ടുകള്‍ ചിത്രത്തില്‍ നന്നായി വരണമെന്ന് കമല്‍ നിശ്ചയിച്ചു . അത്തരത്തില്‍ ആത്മാര്‍ത്ഥമായ സംതൃപ്തി ലഭിച്ച ഗാനങ്ങളായിരുന്നു 'ഗസലി'ലേത്ആറ്റുവഞ്ചിപ്പൂക്കളുടെ ദൃശ്യചാരുതആറ്റുവഞ്ചിപ്പൂക്കളുടെ സമൃദ്ധി ഭാരതപ്പുഴയുടെ തീരത്തെ മനോഹരമായ കാഴ്ചയാണ് . മുന്‍കാലങ്ങളില്‍ പി എന്‍ മേനോനെപ്പോലെയുള്ള സംവിധായകര്‍ സിനിമകളിലതിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് . എന്നാല്‍ കമല്‍ ആറ്റുവഞ്ചിപ്പൂക്കളെ സിനിമയില്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അതിന്റെ സൗന്ദര്യസാദ്ധ്യതകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി . ഭാരതപ്പുഴയുടെ തീരത്ത് നിരവധി പാട്ടുകള്‍ ചിത്രീകരിച്ച കമല്‍ അതിലെല്ലാം ബാക്ക് ലൈറ്റില്‍ ആറ്റുവഞ്ചിപ്പൂക്കളെ പ്രൊജക്ട് ചെയ്തു . അതോടെയാണ് സിനിമാരംഗത്തുള്ളവര്‍ക്കിടയില്‍ ആറ്റുവഞ്ചിപ്പൂവിന് കമല്‍പ്പുല്ലെന്നൊരു പേരു കൂടി വീണത് . 'മഴയെത്തും മുമ്പേ ' അടക്കം നിരവധി സിനിമകളുടെ പാട്ടുകള്‍ അവിടെ ചിത്രീകരിച്ചു . പ്രണയഗാനങ്ങള്‍ക്കു പറ്റിയ ലൊക്കേഷനാണ് ഭാരതപ്പുഴയുടെ തീരമെന്ന് കമല്‍ കരുതുന്നു . ഒപ്പം ഊട്ടിയും കുട്ടനാടും .

കമിതാക്കളുടെ മാത്രം സ്വകാര്യതയില്‍ സംഭവിക്കേണ്ടതാണ് പ്രണയം . പ്രണയഗാനം ചിത്രീകരിക്കപ്പെടുമ്പോള്‍ നായകന്റെയും നായികയുടെയും സ്വകാര്യത പരിരക്ഷിക്കപ്പെടേണ്ടതുണ്ട് . പാട്ടു ചിത്രീകരണത്തെക്കുറിച്ചുള്ള കമലിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണത് . അതേസമയം പല സംവിധായകരുടെയും സിനിമകളില്‍ കാണുന്നത് ഒരു സംഘം പെണ്ണുങ്ങളെ പിന്നില്‍ ഡാന്‍സ് ചെയ്യാന്‍ നിര്‍ത്തിയ ശേഷം മുന്നില്‍ നിന്ന് നായകനും നായികയും പ്രണയിക്കുന്ന ഗാനരംഗങ്ങളാണ് . ഇത്തരം ഗാനചിത്രീകരണത്തെ കളിയാക്കുകയാണ് 'അയാള്‍ കഥ എഴുതുകയാണ് 'എന്ന ചിത്രത്തിലെ 'കുപ്പിവള കിലു കിലെ...' എന്ന പാട്ടിലൂടെ കമല്‍ ചെയ്യുന്നത് . അതില്‍ മോഹന്‍ലാലിന്റെ കഥാപാത്രം സംഘാംഗങ്ങളായ പെണ്‍കുട്ടികളെ വേറെ പണിയൊന്നുമില്ലേയെന്ന് ശകാരിച്ചോടിക്കുകയാണ് ചെയ്യുന്നത് . ഒരു കൂട്ടമാളുകള്‍ക്കൊപ്പം നായകനെയും നായികയെയും മുന്‍നിര്‍ത്തി കമലും അത്തരം ഗാനങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് . 'ഗസലി' ലെ 'പൈക്കുറിഞ്ഞിയെ മേയ്ക്കും...' , 'അഴകിയ രാവണനി' ലെ 'ഓ ദില്‍രുബ ...' എന്നീ ഗാനങ്ങള്‍ അപ്രകാരമുള്ളവയാണ് . ആദ്യത്തേത് ആല്‍ബം ചിത്രീകരിക്കുന്നതിന്റെയും രണ്ടാമത്തേത് സിനിമാ ഷൂട്ടിംഗിന്റെയും പശ്ചാത്തലത്തിലുള്ളവയാണ് . അതുകൊണ്ടാണ് നായകനും നായികയ്ക്കും പുറമേ കൂടുതലാളുകളെ ബോധപൂര്‍വ്വം ആ പാട്ടുകളില്‍ ഉള്‍പ്പെടുത്തിയത് . അതേസമയം ശരിയായ പ്രണയത്തെ ആണും പെണ്ണും ചേര്‍ന്നുള്ള സ്വകാര്യതയില്‍ മാത്രമേ കമല്‍ ചിത്രീകരിച്ചിട്ടുള്ളൂ . കൃത്യമായ താളബോധത്തില്‍ കഥയുമായി ചേര്‍ന്ന രീതിയില്‍ ഷോട്ടുകള്‍ കട്ടു ചെയ്താവും കമലിന്റെ ഗാനങ്ങള്‍ സ്‌ക്രീനിലെത്തുക .ഗാനചിത്രീകരണത്തെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ് ട്രന്‍ഡ് . പാട്ടുകള്‍ വിദേശത്തു ചിത്രീകരിക്കുന്ന ട്രന്‍ഡ് വന്നപ്പോള്‍ അതിനെ മലയാളത്തില്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയ സംവിധായകരിലൊരാള്‍ കമലാണ് . സ്വപ്‌നക്കൂട് ,മഞ്ഞുപോലൊരു പെണ്‍കുട്ടി ,ഗസല്‍ , ഗോള്‍ , ആഗതന്‍ തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലുമായാണ് ചിത്രീകരിച്ചത് . .കാശ്മീര്‍ , ഓസ്ട്രിയ ,ഇറ്റലി , മിലാന്‍ ,പാരീസ് , ബാങ്കോക്ക് തുടങ്ങിയ മനോഹരമായ ലൊക്കേഷനുകള്‍ കമല്‍ ഉപയോഗപ്പെടുത്തി . അതേ സമയം ഏറ്റവും ലളിതമായി പാട്ടുകള്‍ ചിത്രീകരിക്കുന്നതിലും കമല്‍ വൈദഗ്ധ്യം പുലര്‍ത്തി . 'പെരുമഴക്കാല'ത്തെ 'കല്ലായിപ്പുഴയുടെ തീരത്തും...' 'ഗദ്ദാമ'യിലെ 'നാട്ടുവഴിയോരത്ത'ും അതിന്റെ ദൃഷ്ടാന്തങ്ങളാണ് .

സ്വന്തം പാട്ടുകളിലേറ്റവും പ്രിയപ്പെട്ട മൂന്നെണ്ണം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കമലിന്റെ ഓര്‍മ്മയില്‍ ആദ്യമെത്തുന്നത് 'കൃഷ്ണഗുഡി' യിലെ 'പിന്നെയും പിന്നെയും...' എന്ന ഗാനമാണ് . മനസ്സിലവശേഷിക്കുന്ന പ്രണയവും പാട്ടെഴുത്തിലെ പ്രത്യേകതകളുമാണ് അതിനോടു കൂടുതല്‍ മമത പുലര്‍ത്താന്‍ കമലിനെ പ്രേരിപ്പിക്കുന്നത് . ചിത്രീകരണത്തില്‍ പറയത്തക്ക അത്ഭുതങ്ങളൊന്നുമില്ലെങ്കിലും ബാബുരാജിന്റെ കോഴിക്കോടന്‍ സംഗീതസായാഹ്നങ്ങളെ മനസ്സില്‍ സൂക്ഷിച്ചുകൊണ്ടു ചെയ്തതാണ് 'ഗ്രാമഫോണി'ലെ 'എന്തേ ഇന്നും വന്നില്ല...' എന്ന ഗാനം . മൂന്നാമത്തേത് 'മേഘമല്‍ഹാറി'ലെ 'പൊന്നുഷസ്സെന്നും...' എന്ന ഗാനമാണ് . കമിതാക്കളുടെ കന്യാകുമാരിിലേക്കുള്ള യാത്രയുടെ മൂഡും പ്രണയവുമെല്ലാം ചേര്‍ന്ന് ആ ഗാനത്തെയും വ്യത്യസ്തമാക്കുന്നു . അതേ സമയം കമല്‍ ഇഷ്ടപ്പെടുന്ന സ്വന്തം പാട്ടുകളുടെ പട്ടിക മൂന്നിലൊതുങ്ങുന്നില്ല എന്നതാണു വാസ്തവം .