-
കീരവാണിക്ക് പിറന്നാൾ മംഗളം
"ഞാൻ നിന്നെ യാനൈ (ആന) എന്നാണ് വിളിക്കുക,'' -- കീരവാണി ഒരിക്കൽ ചിത്രയോടു പറഞ്ഞു. "ആനയ്ക്ക് ആനയുടെ വലുപ്പം അറിയില്ലല്ലോ.''
സിനിമാലോകത്തെ തന്റെ ``ഭാഗ്യമുദ്ര'' ചിത്രയാണെന്ന് വിശ്വസിക്കുന്നു കീരവാണി. സംഗീത ജീവിതത്തിലുടനീളം നിഴൽ പോലെ ഒപ്പമുണ്ട് ചിത്രയുടെ ശബ്ദം. സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കൃഷ്ണം രാജു അഭിനയിച്ച കൽക്കി (1989 ) എന്ന തെലുങ്ക് സിനിമയിലാണെങ്കിലും നിർഭാഗ്യവശാൽ ആ പടം വെളിച്ചംകണ്ടില്ല.
``എല്ലാ അർത്ഥത്തിലും ഒരു പെർഫക്ഷനിസ്റ്റ് ആണ് കീരവാണി സാർ. താൻ ഉദ്ദേശിക്കുന്നത് പൂർണമായും ഗായകരിൽ നിന്ന് ലഭിക്കുന്നത് വരെ ക്ഷമയോടെ കാത്തിരിക്കും അദ്ദേഹം. നമുക്ക് തൃപ്തി തരുന്ന ആലാപനം ആയിരിക്കില്ല അദ്ദേഹത്തിന് സ്വീകാര്യം.
അദ്ദേഹത്തിന്‍റെ ഇഷ്ടം നമുക്ക് തൃപ്തികരമായി തോന്നണം എന്നുമില്ല. തനിക്കു വേണ്ടത് എന്ത് എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് അദ്ദേഹത്തിന്. അതെത്ര ശരിയായിരുന്നു എന്ന് നാം മനസ്സിലാക്കുക പാട്ടുകൾ റെക്കോഡ് ചെയ്തു കേൾക്കുമ്പോഴാണ് '' -- കീരവാണിയുടെ എക്കാലത്തെയും പ്രിയ ഗായികയായ ചിത്ര പറയുന്നു. `` പാട്ടുകളിൽ പുതുമയുള്ള പരീക്ഷണങ്ങൾ നടത്താൻ മടികാട്ടാറില്ല അദ്ദേഹം. പല പരീക്ഷണങ്ങളും ആദ്യമാദ്യം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഔചിത്യം ബോധ്യപ്പെടുമ്പോൾ അമ്പരപ്പ് താനേ മാറും.''
``മിസ്റ്റർ പെല്ലം'' (1993) എന്ന തെലുങ്ക് സിനിമയിൽ എസ് പി ബിയോടൊപ്പം പാടിയ ``സൊഗസു ചൂട തരമാ'' എന്ന ഗാനത്തിന്റെ റെക്കോഡിംഗ് അനുഭവം ചിത്ര വിവരിച്ചതിങ്ങനെ: ``ആ പാട്ടിൽ എനിക്ക് പാടാൻ വരികൾ ഒന്നും ഇല്ല. ആകെയുള്ളത് ചിരിയാണ്. ബാലു സാർ പാടുന്ന വരികൾക്ക് ചിരിയിലൂടെ ഉത്തരം നൽകണം. ചിലപ്പോൾ അടക്കിപ്പിടിച്ച ചിരിയിലൂടെ, അല്ലെങ്കിൽ പൊട്ടിച്ചിരിയിലൂടെ, അതുമല്ലെങ്കിൽ ലജ്ജാവിവശമായ ചിരിയിലൂടെ.. റെക്കോഡിംഗ് വേളയിൽ എനിക്ക് ആകെ സങ്കോചമായിരുന്നു. റിസൾട്ട് എങ്ങനെ ആവുമെന്നറിയില്ലല്ലോ. പക്ഷെ പാട്ടിന്റെ ഫൈനൽ വേർഷൻ കേട്ടപ്പോൾ കീരവാണി സാറിനെ നമിക്കാതിരിക്കാൻ കഴിഞ്ഞില്ല. അത്രയും ഔചിത്യപൂർണമായിരുന്നു പാട്ടിൽ എന്‍റെ ചിരിയുടെ സാന്നിധ്യം.''
``മുദ്ദുല പ്രിയുഡു'' എന്ന തെലുങ്ക് ചിത്രത്തിലെ വസന്തം ലാ എന്ന പാട്ടിൽ ഒരിടത്ത് കുയിൽ കൂവുന്ന ശബ്ദത്തിൽ പാടാൻ നിർദേശം ലഭിച്ചപ്പോഴും ചിത്ര ഒന്നമ്പരന്നു. പക്ഷെ എസ് പി ബിയോടൊപ്പം പാടിയ ആ ഗാനം സൂപ്പർ ഹിറ്റായിരുന്നു.
തെലുങ്കിലാണ് കീരവാണിയുടെ ഏറ്റവും മികച്ച ഈണങ്ങൾ പലതും പിറന്നത്. മികച്ച സംഗീത സംവിധായകനുള്ള ആന്ധ്ര സർക്കാരിന്റെ നന്ദി അവാർഡ് എട്ടു തവണ കീരവാണിയെ തേടിയെത്തി. ദേശീയ അവാർഡ് നേടിക്കൊടുത്തതും തെലുങ്ക് സിനിമ തന്നെ-- കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ``അന്നമയ്യ''.
വാഗ്ഗേയകാരനായ അന്നമാചാര്യയുടെ ജീവിതത്തെയും സംഗീതത്തെയും അവലംബമാക്കി എടുത്ത ഈ ചിത്രം കീരവാണിയുടെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു. ചെറുതും വലുതുമായി പതിനേഴു കൃതികൾ . ഗായകരായി എസ് പി ബാലസുബ്രഹ്മണ്യം, ചിത്ര, സുജാത, മനോ, അനുരാധ ശ്രീരാം തുടങ്ങിയവർ. ചിത്രയുടെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ചിലത് അന്നമയ്യയിലായിരുന്നു. ഈ ചിത്രത്തിലെ നിഗമ നിഗമാന്ത വർണിത മനോഹരരൂപ എന്ന ഗാനം പാടിക്കൊണ്ടാണ് തെലുങ്ക് ഗാനമേളകൾക്ക് ചിത്ര തുടക്കം കുറിക്കുക.
Content Highlights : Music Director Keeravani Birthday KS Chithra Paattuvazhiyorathu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..