മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം; മെലഡിയുടെ രാജകുമാരൻ ബാബുരാജിന്റെ ഓർമ്മദിനം


രവിമേനോൻ

മലയാളികൾ ഇന്നെന്നെ അറിയുന്നത് മണിമാരൻ പാടിയ വാസന്തി ആയിട്ടാണ്. എന്റെ ശ്വാസത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു ആ പാട്ട്

Baburaj, Machattu Vasanthi

ബാബുക്കയുടെ ആദ്യ ചിത്രമായ മിന്നാമിനുങ്ങിൽ പാടിയ മച്ചാട്ട് വാസന്തി ആരോഗ്യപ്രശ്നങ്ങളുമായി കോഴിക്കോട്ടെ വീട്ടിൽ കഴിയുന്നു. ഇന്നും ഏകാന്തതയിൽ അവർക്ക് കൂട്ട് ബാബുക്കയുടെ ഓർമ്മകൾ.

മച്ചാട്ട് വാസന്തി. സുശീലമാരും ജാനകിമാരും ചിത്രമാരും സുജാതമാരും പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന സിനിമാചക്രവാളത്തിൽ, ഒരു കൊച്ചു താരമായി ഉദിച്ചുയരുകയും ഞൊടിയിടയിൽ മറവിയുടെ തിരശീലക്കപ്പുറത്ത് മറയുകയും ചെയ്ത ആ ഗായികയെ ഇന്ന് നാം ഓർക്കുന്നത് യേശുദാസിനൊപ്പം അവർ പാടിയ ഒരേയൊരു ഗാനത്തിന്റെ പേരിലാണ്: ഓളവും തീരവും എന്ന ചിത്രത്തിലെ ``മണിമാരൻ തന്നത് പണമല്ല പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പിൻതോട്ടം...''

ഒരൊറ്റ പാട്ട്. പക്ഷെ വാസന്തിയ്ക്ക് ദുഖമില്ല. ``പലരും എന്നോട് ചോദിച്ചിട്ടുണ്ട് -- വാസന്തിയ്ക്ക് എന്തിനാ ആയിരം പാട്ട്? ഈ ഒരു പാട്ട് പോരേ എന്ന്. ഒരു കണക്കിന് അതാണ്‌ ശരി. മലയാളികൾ ഇന്നെന്നെ അറിയുന്നത് മണിമാരൻ പാടിയ വാസന്തി ആയിട്ടാണ്. എന്റെ ശ്വാസത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു ആ പാട്ട്. നൂറു പാട്ട് പാടിയാലും അത് പോലൊരു ഭാഗ്യം കിട്ടണമെന്നില്ല.'' വാസന്തി ചിരിക്കുന്നു.

എം.ടി വാസുദേവൻ നായർ നൽകിയ ശുപാർശ കത്തുമായി അച്ഛനോടൊപ്പം ഓളവും തീരവും എന്ന പടത്തിന്റെ നിർമാതാവ് പി എ ബക്കറിനെ കാണാൻ വാസന്തി ചെന്നൈയിൽ പോയത് 1970 ലാണ്. ``നല്ല ഭാവിയുള്ള ഗായികയായി എന്നെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ആ കത്ത് ഗുണം ചെയ്തു. ആ പടത്തിൽ ഏറ്റവും പ്രധാനപ്പെട്ട പാട്ട് തന്നെ അവർ എനിക്ക് തന്നു. ദാസേട്ടനോടൊപ്പം ഒരു ഡ്യുയെറ്റ്. ഏത് ഗായികയും കൊതിക്കുന്ന ഭാഗ്യം. ദാസേട്ടനോടൊപ്പം ഒന്ന് രണ്ടു ഗാനമേളകളിൽ പാടിയിട്ടുണ്ടെങ്കിലും റെക്കോർഡിംഗ് മുറിയിൽ ഒരുമിച്ചു നിന്ന് പാടുന്നതിനെ കുറിച്ച് സങ്കൽപ്പിച്ചിട്ടു പോലുമില്ല അതുവരെ. ജാനകിയും സുശീലയും ഒക്കെ പറന്നു നടന്നു പാടുന്ന കാലമല്ലേ..''

ആദ്യം യേശുദാസിനെ കാണുന്നത് അറുപതുകളിൽ കോഴിക്കോട് സാമൂതിരി ഹൈസ്കൂളിൽ നടന്ന ഒരു ഗാനമേളക്കിടയിലാണ്. `` സുകുമാരൻസ് ഓർക്കസ്ട്രയുടെ ആ പരിപാടിയിൽ ദാസേട്ടനും ജയേട്ടനും ഒപ്പം ഒന്ന് രണ്ടു യുഗ്മ ഗാനങ്ങൾ പാടാൻ എനിക്കും കിട്ടി അവസരം. ദാസേട്ടനൊപ്പം പാടിയ പാട്ട് ഓർമ്മയുണ്ട്: കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ... അത് കഴിഞ്ഞു മഞ്ചേരിയിൽ ബാബുരാജിന്റെ ഗാനമേളയിലും ഒരു പാട്ട്...പിന്നീട് കാണുന്നത് ചെന്നൈയിൽ മണിമാരൻ തന്നത് എന്ന പാട്ടിന്റെ റിഹേഴ്സൽ സമയത്താണ്.''

ബാബുരാജ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വച്ചായിരുന്നു റിഹേഴ്സൽ. അത് കഴിഞ്ഞു രേവതി സ്റ്റുഡിയോയിൽ റെക്കോർഡിംഗ്. ``പിറ്റേന്ന് ദാസേട്ടന്റെ വിവാഹമാണ്. എളുപ്പം റെക്കോർഡിംഗ് തീർത്ത്‌ അദ്ദേഹത്തിന് നാട്ടിൽ പോകണം. ഒന്നോ രണ്ടോ ടേക്കിനുള്ളിൽ പാട്ട് ഓക്കേ. റെക്കോർഡിംഗിനിടെ ഒരു തമാശ കൂടി ഉണ്ടായി. നീയെന്റെ ഖൽബിൽ വന്നു ചിരിച്ചു നിൽക്കും എന്ന ഭാഗമെത്തിയപ്പോൾ ഞാൻ അറിയാതെ എന്റെ ഉള്ളിൽ നിന്ന് ഒരു ചിരി പൊട്ടി. എന്തോ അങ്ങനെ സംഭവിച്ചു പോയതാണ്. അത് പാട്ടിന് പൊലിമ കൂട്ടും എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ..

"റെക്കോർഡിംഗ് കഴിഞ്ഞയുടൻ കൺസോളിൽ നിന്ന് ബാബുക്ക എന്റെ നേരെ ഓടി വരുന്നതാണ് കണ്ടത്. പേടിച്ച് മനസ്സിൽ അയ്യോ എന്ന് പറഞ്ഞു പോയി. ഈശ്വരാ, ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ? പക്ഷെ കണ്ടുനിന്നവരെയും എന്നെയും ഒരുപോലെ അമ്പരപ്പിച്ച് , നെറ്റിയിൽ ഒരു ഉമ്മ തരുകയാണ്‌ അദ്ദേഹം ചെയ്തത്. ഒപ്പം ഇത്ര കൂടി പറഞ്ഞു: നന്നായി മോളെ; ഞാൻ മനസ്സിൽ കണ്ടത് നീ പാടി....ശ്വാസം നേരെ വീണത്‌ അപ്പോഴാണ്‌.''

ബാബുരാജിനെ കുട്ടിക്കാലം മുതലേ അറിയാം വാസന്തിയ്ക്ക്. ബാബുക്ക ആദ്യമായി സംഗീതം നൽകിയ മിന്നാമിനുങ്ങ്‌ (1957 ) എന്ന സിനിമയിലാണ് പിന്നണി ഗായികയായി വാസന്തിയുടെ രംഗപ്രവേശം. സുദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷം `അമ്മു'വിൽ ബാബുരാജിന്റെ തന്നെ ഈണത്തിൽ എസ് ജാനകിയ്ക്കും എൽ ആർ ഈശ്വരിയ്ക്കുമൊപ്പം ഒരു പാട്ട്. പിന്നെയും അഞ്ചു വർഷം കഴിഞ്ഞാണ് ഓളവും തീരവും. `` മണിമാരൻ എന്ന പാട്ടിന്റെ റെക്കോർഡിംഗിന് ശേഷം അച്ഛനോടൊപ്പം തിരിച്ചു നാട്ടിലേക്ക് പോരുകയായിരുന്നു ഞാൻ -- സൗണ്ട് റെക്കോർഡിസ്റ്റ് ഉൾപ്പെടെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന എല്ലാവരും തിരിച്ചുപോകരുതെന്നു സ്നേഹപൂർവ്വം ഉപദേശിച്ചിട്ടു പോലും. ചെന്നൈയിൽ തന്നെ തങ്ങാനുള്ള ചുറ്റുപാടിലായിരുന്നില്ല അന്ന് ഞാനും അച്ഛനും. പിന്നീടെപ്പോഴോ സംഗീതത്തിൽ നിന്ന് അകലേണ്ടിവന്നു. തിരിച്ചു വന്നപ്പോഴേക്കും ഏറെ വൈകിയിരുന്നു...''

ഇന്നും വേദികളിൽ മണിമാരൻ പാടുമ്പോൾ ജനത്തിന്റെ പ്രതികരണം തന്നെ ആവേശം കൊള്ളിക്കാറുണ്ടെന്നു വാസന്തി പറയും. `` ആ ഗാനത്തിന്റെ വരികളിൽ അലിയുമ്പോൾ എല്ലാ സ്വകാര്യദുഖങ്ങളും ഞാൻ മറക്കും.. ''

content highlights : MS Baburaj Death Anniversary singer Machattu Vasanthi song

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


Uddhav Thackeray

1 min

ഉദ്ധവിനെ കൈവിട്ട് സുപ്രീംകോടതിയും; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ

Jun 29, 2022

Most Commented