പാട്ടിലെ മന്ത്രിയും തന്ത്രിയും ശുംഭനും ; രാഷ്ട്രീയക്കാരെ വിറളിപിടിപ്പിച്ച ചില പാട്ടുകൾ


By രവിമേനോൻ

4 min read
Read later
Print
Share

``ഉന്നം പിഴച്ച'' ഗാനങ്ങൾ വേറെയുമുണ്ട് മലയാള സിനിമയിൽ. എഴുതിയ പാട്ടിൽ `വിപ്ലവവീര്യം' കൂടിപ്പോയി എന്നതായിരുന്നു ശ്രീകുമാരൻ തമ്പിയുടെ രചനയെ പ്രതിക്കൂട്ടിലാക്കാൻ സെൻസർ ബോർഡ് കണ്ടെത്തിയ ന്യായം.

Photo | Facebook, Ravi Menon

കാട്ടിലെ മന്ത്രിയെ കൈക്കൂലിക്കാരനായി ചിത്രീകരിച്ച് തമാശപ്പാട്ടെഴുതുമ്പോൾ അത് ഉന്നം തെറ്റി `നാട്ടിലെ മന്ത്രി'ക്ക് ചെന്നു കൊള്ളുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല പൂവച്ചൽ ഖാദർ. വെറുമൊരു സിനിമാഗാനത്തിന് ആരും പ്രതീക്ഷിക്കാത്ത രാഷ്ട്രീയമാനം കൈവരിക്കാനും ചിലപ്പോഴെങ്കിലും രചയിതാവിന് പാരയാകാനും കഴിയും എന്ന് പൂവച്ചൽ ആദ്യമായി തിരിച്ചറിഞ്ഞ സന്ദർഭം.

പടം `ചുഴി' (1973). സിനിമയിൽ കുട്ടിക്കുരങ്ങനെ കളിപ്പിച്ചുകൊണ്ട് തെരുവുഗായകൻ പാടേണ്ട പാട്ടാണ്. കഥാസന്ദർഭം വിവരിച്ചുകേട്ടപ്പോൾ ചിരിയും ഇത്തിരി ചിന്തയും ഇടകലർത്തി പൂവച്ചൽ ഖാദർ എഴുതി: ``കാട്ടിലെ മന്ത്രീ, കൈക്കൂലി വാങ്ങാൻ കയ്യൊന്നു നീട്ടൂ രാമാ, നാട്ടിലിറങ്ങി വോട്ടു പിടിക്കാൻ വേഷം കെട്ടൂ രാമാ.'' ബാബുരാജിന്റെ ഈണത്തിൽ ആന്റോയും എൽ ആർ ഈശ്വരിയും പാടിയ നല്ലൊരു ഹാസ്യഗാനം. പക്ഷേ പാട്ട് റേഡിയോയിൽ കേട്ടുതുടങ്ങിയതോടെ കഥ മാറി. ആസ്വാദകർക്കൊപ്പം വിമർശകരുമുണ്ടായി അതിന്. സംസ്ഥാന വനം വകുപ്പ് മന്ത്രിയെ കരിതേച്ചു കാണിക്കാൻ വേണ്ടി കരുതിക്കൂട്ടി എഴുതിയ പാട്ടാണെന്നായിരുന്നു പ്രധാന ആരോപണം.

കാരണമുണ്ട്. അഴിമതിയാരോപണങ്ങളിൽപ്പെട്ടുഴലുകയായിരുന്നു അന്നത്തെ വനം മന്ത്രി. ``കാട്ടുകള്ളൻ'' എന്നൊക്കെ വിളിച്ച് മാധ്യമങ്ങൾ അദ്ദേഹത്തെ വേട്ടയാടുന്ന കാലം. സ്വാഭാവികമായും മന്ത്രിയെ അടിക്കാൻ നല്ലൊരു വടിയായി കണ്ടു പ്രതിപക്ഷകക്ഷികൾ ആ പാട്ടിനെ. പാർട്ടി സമ്മേളനങ്ങളിൽ സ്ഥിരം അജണ്ടയായി മാറി അത്. ``ജാഥ നയിക്കുവതെങ്ങിനെ നീ, കുതികാൽ വെട്ടുകയെതെങ്ങിനെ നീ ചക്കാത്ത് കാറിൽ ഉത്ഘാടനത്തിനു നാടുകൾ ചുറ്റുവതെങ്ങിനെ നീ'' എന്നിങ്ങനെയാണ് പാട്ടിന്റെ പോക്ക്. രാഷ്ട്രീയത്തിലെ അവസരവാദികളെ കണക്കിന് കളിയാക്കിയിട്ടുണ്ടെങ്കിലും ഒരു പ്രത്യേക നേതാവിനേയും ലക്‌ഷ്യം വെച്ച് എഴുതിയതല്ല ആ പാട്ടെന്ന് ആണയിട്ടു പറയും ഖാദർ. എന്തായാലും അധികം താമസിയാതെ പാട്ട് റേഡിയോയിൽ നിന്ന് അപ്രത്യക്ഷമായി. പൊതുയോഗങ്ങളിൽ അതു കേൾപ്പിക്കുന്നതിന് അനൗദ്യോഗിക വിലക്കും വന്നു. ``ചലച്ചിത്ര ഗാനത്തിന് പോലീസ് നിരോധനം'' എന്ന തലക്കെട്ടിൽ അക്കാലത്ത് പത്രങ്ങളിൽ വാർത്ത വരെ വന്നിരുന്നുവെന്ന് ഓർക്കുന്നു പൂവച്ചൽ. വിവാദങ്ങളിൽ താൽപര്യം പണ്ടേയില്ലാത്തതിനാൽ വിശദീകരണം ചോദിച്ച് അലമ്പുണ്ടാക്കാനൊന്നും പോയില്ല മര്യാദക്കാരനായ ഖാദർ. ``ഉന്നം പിഴച്ച'' ഗാനങ്ങൾ വേറെയുമുണ്ട് മലയാള സിനിമയിൽ. എഴുതിയ പാട്ടിൽ `വിപ്ലവവീര്യം' കൂടിപ്പോയി എന്നതായിരുന്നു ശ്രീകുമാരൻ തമ്പിയുടെ രചനയെ പ്രതിക്കൂട്ടിലാക്കാൻ സെൻസർ ബോർഡ് കണ്ടെത്തിയ ന്യായം. 1968 ലെ കഥ. നക്സൽബാരി പ്രസ്ഥാനം കേരളത്തിലും വേരുപിടിച്ചു വരുന്ന സമയമാണ്. ശശികുമാർ സംവിധാനം ചെയ്ത `ലവ് ഇൻ കേരള' എന്ന തട്ടുപൊളിപ്പൻ ആക്ഷൻ --ഹ്യൂമർ ചിത്രത്തിന് വേണ്ടി തമ്പി ഒരു പാട്ടെഴുതുന്നു. മാവോ സെ തുങ്ങിന്റെ ചൈനീസ് വിപ്ലവ മുദ്രാവാക്യത്തിൽ നിന്നാണ് ഗാനത്തിന്റെ തുടക്കം: ``നൂറു നൂറു പൂക്കൾ വിരിയട്ടെ.'' സിനിമയിൽ കൊള്ളസംഘത്തിലെ സുന്ദരിയുടെ മാദകനൃത്തത്തിന് അകമ്പടി സേവിക്കുന്ന പാട്ടാണെങ്കിലും അത് നമ്മുടെ നാട്ടിൽ നക്സൽ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് പ്രചോദനമാകുമെന്നായിരുന്നു സെൻസർ ബോർഡിന്റെ കണ്ടെത്തൽ. പാട്ട് ഉപേക്ഷിച്ചാലേ സിനിമക്ക് പ്രദർശനാനുമതി നൽകൂ എന്ന് ബോർഡിന് വാശി. ചുരുങ്ങിയത് ആ വരിയെങ്കിലും ഒഴിവാക്കിയേ പറ്റൂ. ``ഗാനചിത്രീകരണം കഴിഞ്ഞ സ്ഥിതിക്ക് ആദ്യ വരിയിൽ ചെറിയൊരു ഭേദഗതി വരുത്തുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.'' തമ്പി ഓർക്കുന്നു.

``യേശുദാസിനെ വീണ്ടും വിളിച്ചുവരുത്തി നൂറു നൂറു പൂക്കൾ എന്ന വരിയുടെ സ്ഥാനത്ത് നൂറു നൂറു പുലരികൾ എന്ന് പാടിച്ചു റെക്കോർഡ്‌ ചെയ്തത് അങ്ങനെയാണ്. പൂവിന്റെ സ്ഥാനത്ത് പുലരി വന്നതു കൊണ്ട് ലിപ് മൂവ്മെന്റിന് കാര്യമായി പരിക്കേറ്റില്ല.'' പല്ലവിയിലെ മാറ്റം അംഗീകരിച്ചു സെൻസർ ബോർഡ് പടത്തിനു പ്രദർശനാനുമതി കൊടുത്തെങ്കിലും, പാട്ടിന്റെ ഗ്രാമഫോൺ റെക്കോർഡിൽ വിരിഞ്ഞത് പഴയ `പൂവ്' തന്നെ. അക്കാരണത്താൽ ആകാശവാണി ആ ഗാനം പ്രക്ഷേപണം ചെയ്തതുമില്ല. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഓർമ്മയിലുമുണ്ട് എഴുതിയ പാട്ട് തിരിച്ചുകടിച്ച അനുഭവം. തെമ്മാടിവേലപ്പനു വേണ്ടി മങ്കൊമ്പ് രചിച്ച ``ത്രിശങ്കു സ്വർഗത്തെ തമ്പുരാട്ടി'' എന്ന ഹാസ്യഗാനം അടിയന്തിരാവസ്ഥക്കാലത്ത് പ്രതിപക്ഷത്തെ യുവജന - വിദ്യാർഥി സംഘടനകൾ ഉപയോഗിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ആക്രമിക്കാനാണ്. സിനിമയിൽ ജയഭാരതിയും നസീറും പ്രത്യക്ഷപ്പെടുന്ന രംഗത്തിന് വേണ്ടി എഴുതപ്പെട്ട ഗാനം അങ്ങനെ രചയിതാവിനെ പോലും ഞെട്ടിച്ചുകൊണ്ട് ഇന്ദിരയുടെ ഏകാധിപത്യ പ്രവണതക്കെതിരായ ആക്ഷേപ ഹാസ്യ ഗാനമായി രൂപം മാറുന്നു. കാംപസ്സുകളിലായിരുന്നു പാട്ടിന് ആരാധകർ ഏറെ. ``ഇന്ദിരയെ കരിതേച്ചു കാണിക്കാൻ കരുതിക്കൂട്ടി എഴുതിയ ഗാനമാണ് അതെന്നു ചിത്രീകരിക്കാൻ വരെ നീക്കമുണ്ടായി. മുടിചൂടാ മന്നന്റെ പ്രിയസന്തതി, മൂളിയലങ്കാരിയുടെ വക്രബുദ്ധി, എള്ളു കൊറിച്ചാൽ എള്ളോളം പെണ്ണൊരുമ്പെട്ടാൽ പെണ്ണോളം എന്നൊക്കെയുണ്ട് പാട്ടിൽ. അതൊക്കെ ഉദ്ദേശിക്കാത്ത തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്.

പല കോളേജുകളിലും ഈ പാട്ട് പാടി വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ കോലം കത്തിക്കുന്ന സ്ഥിതി വരെ എത്തി.'' -- മങ്കൊമ്പ്.
അടിയന്തിരാവസ്ഥക്കാലമാണ്. തടി കേടാകും. എത്രയും വേഗം പ്രായശ്ചിത്തം ചെയ്തേ പറ്റൂ. അധികം കാത്തിരിക്കേണ്ടി വന്നില്ല അതിനുള്ള അവസരം വീണുകിട്ടാൻ. തെമ്മാടി വേലപ്പന് തൊട്ടുപിന്നാലെ ഹരിഹരൻ സംവിധാനം ചെയ്ത `സംഗമം' എന്ന ചിത്രത്തിൽ ഒരു ശ്രമദാന രംഗമുണ്ട്. ദേശീയോദ്ഗ്രഥനം വിഷയമാക്കി ഒരു പാട്ട് വേണം അവിടെ. അടിയന്തരാവസ്ഥയുടെ ഭാഗമായി നടപ്പിലാക്കിയ ഇരുപതിന പരിപാടിയെ പ്രകീർത്തിച്ചു കൊണ്ട് `ആദികവിയുടെ ആശ്രമമേ ആർഷഭാരതമേ' എന്നൊരു ഗാനം ആ രംഗത്തിന് വേണ്ടി എഴുതുന്നു മങ്കൊമ്പ്. ചരണത്തിൽ ``ഇതളിട്ടു വിടർന്നു നിൻ തിരുമുറ്റത്ത് ഇരുപതു ദളമുള്ള പുഷ്പം, അമൃത നിഷ്യന്തിയാം അതിൻ പരാഗങ്ങളണിയും ജനഗണഹൃദയങ്ങൾ'' എന്നീ വരികൾ എഴുതിച്ചേർത്തത് കരുതിക്കൂട്ടിയാണ്. ഇന്ദിരാ ഭക്തർ സന്തോഷിക്കട്ടെ. എഴുതുക മാത്രമല്ല ആ പാട്ടിന്റെ ഇംഗ്ലീഷ് തർജമ ഇന്ദിരാഗാന്ധിക്ക് അയച്ചുകൊടുക്കുകയും ചെയ്തു അദ്ദേഹം. ``ജീവനിൽ കൊതിയുള്ള ആരും അതേ ചെയ്യൂ അന്ന്.'' -- മങ്കൊമ്പ് പറയും.അടിയന്തിരാവസ്ഥക്കാലത്ത് സമ്മേളനവേദികളിൽ പതിവായി പാടിക്കേട്ട മറ്റൊരു പാട്ടുണ്ട്: പി ഭാസ്കരൻ എഴുതി ദക്ഷിണാമൂർത്തി ഈണമിട്ട ``കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ'' (അരക്കള്ളൻ മുക്കാൽക്കള്ളൻ). കോൺഗ്രസ്സിന്റെ അഖിലേന്ത്യാ അധ്യക്ഷൻ ദേവ്കാന്ത് ബറുവയെ മനസ്സിൽ കണ്ട് മന:പൂർവ്വം എഴുതിയതാണ് ആ പാട്ടെന്ന് വിശ്വസിച്ചിരുന്നു അന്ന് പലരും. ``പാട്ടിന്റെ പേരിൽ ഭരണകക്ഷിയിൽ നിന്ന് കടുത്ത വിമർശനവും പ്രതിപക്ഷത്തിന്റെ അകമഴിഞ്ഞ അഭിനന്ദനവും ലഭിച്ചിട്ടുണ്ട്. രണ്ടും ചിരിയോടെ മാത്രമേ ഞാൻ സ്വീകരിച്ചിട്ടുള്ളൂ. സിനിമയിലെ ഏതോ സന്ദർഭത്തിന് വേണ്ടി തിടുക്കത്തിൽ എഴുതിക്കൊടുത്ത ഒരു തമാശപ്പാട്ട് മാത്രമാണത് എന്ന സത്യം അവർ വിശ്വസിക്കണം എന്നില്ലല്ലോ..'' ഭാസ്കരൻ മാഷിന്റെ വാക്കുകൾ.


Content Highlights : Movie Songs On politics Election Ravi Menon Paattuvazhiyorathu

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Mazha Movie songs Lenin Rajendran Samyuktha Biju Menon Ilayaraja Raveendran  master

2 min

ഇളയരാജയ്ക്ക് പകരം രവീന്ദ്രന്‍ 'മഴ'യില്‍ എത്തിയ കഥ

Jun 2, 2021


EV valsan

5 min

'കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ'; പണ്ഡിതപാമര ഭേദമന്യേ മലയാളികളെ ഈ പാട്ട് വശീകരിക്കാൻ കാരണം എന്താവാം?

Feb 5, 2021


'ആ പാട്ടിൽ എന്റെ ലൈഫുണ്ട് സാർ,ഒരിക്കലും അവൾ തിരിച്ചു വരില്ല എന്നറിഞ്ഞുകൊണ്ടുള്ള വലിയൊരു കാത്തിരിപ്പാണ് എന്റെ ജീവിതം'

2 min

'ആ പാട്ടിൽ എന്റെ ലൈഫുണ്ട് സാർ,ഒരിക്കലും അവൾ തിരിച്ചു വരില്ല എന്നറിഞ്ഞുകൊണ്ടുള്ള വലിയൊരു കാത്തിരിപ്പാണ് എന്റെ ജീവിതം'

Aug 7, 2020

Most Commented