എം.ബി.ശ്രീനിവാസൻ. Photo: Mathrubhumi Archives
പി ചന്ദ്രകുമാറിന്റെ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ പടമാണ് ആരതി (1981). പക്ഷെ സത്യൻ അന്തിക്കാടിന്റെ ഗാനരചനാ ജീവിതത്തിൽ മറക്കാനാവാത്ത ചിത്രമായിരുന്നു അത്. എം ബി ശ്രീനിവാസൻ എന്ന ജീനിയസ്സിന് ഒപ്പം പ്രവർത്തിക്കാൻ ആ പടം അവസരമൊരുക്കി എന്നതാണ് കാരണം. ജോണ്‍പോൾ ആയിരുന്നു തിരക്കഥ. ചന്ദ്രകുമാറിന്റെ പതിവ് ചിത്രങ്ങളിൽ നിന്ന് വേറിട്ടു നിന്ന സംരംഭമായിരുന്നതു കൊണ്ടാണ് എം ബി എസ്സിനെ പോലൊരാളെ സംഗീതത്തിന്റെ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചത്.
വന്നയുടൻ എം ബി എസ് പറഞ്ഞു:`` വരികൾ എഴുതിത്തന്നാൽ മതി. ട്യൂണിട്ടുകൊള്ളാം. അതാണെന്റെ രീതി.'' ആദ്യം എഴുതിക്കൊടുത്തത് നിറമാർന്ന ചിറകുമായ് മോഹങ്ങളണയും എന്നൊരു പാട്ട്. പക്ഷെ വരികൾ വായിച്ചു കേട്ടപ്പോൾ എം ബി എസ് പറഞ്ഞു: ``ഇതിൽ ചരണത്തിന്റെ തുടക്കത്തിലെ രണ്ടു വരികൾ എനിക്ക് പല്ലവിയായി വേണം- കൗമാര സ്വപ്‌നങ്ങൾ പീലി വിടർത്തിയ മാനസ തീരങ്ങളിൽ... '' അതിനനുസരിച്ച് പാട്ടിന്റെ വരികൾ മാറ്റിയെഴുതേണ്ടി വന്നു സത്യന്. എന്തുകൊണ്ട് അങ്ങനെ ആവശ്യപ്പെട്ടു എന്നതിന് എം ബി എസ് നൽകിയ വിശദീകരണമായിരുന്നു രസകരം: ``പല്ലവിയിൽ ധാരാളം ദീർഘങ്ങൾ വേണം എനിക്ക്. എന്റെ ശൈലിക്ക് ഇണങ്ങുന്ന ട്യൂണ്‍ ഉണ്ടാക്കാൻ അത് സഹായിക്കും.'' പിന്നീട് പാട്ട് ഈണമിട്ടു കേട്ടപ്പോഴാണ് ദീർഘങ്ങളോടുള്ള എം ബി എസ്സിന്റെ ആഭിമുഖ്യത്തിന്റെ പൊരുൾ സത്യന് മനസ്സിലായത്. ``കൗമാര''ത്തിലെ `കൗമാ'യിൽ നിന്ന് ``ര''യിലേക്കുള്ള സഞ്ചാരപഥത്തിൽ എസ് ജാനകിയുടെ ശബ്ദം എത്ര മധുരതരമായാണ് ലയിച്ചുചേരുന്നതെന്ന് ഓർക്കുക.
`കൗമാരസ്വപ്നങ്ങ'ളുടെ റെക്കോർഡിംഗിനുമുണ്ട് സവിശേഷത. മൾട്ടി ട്രാക്കും സ്റ്റീരിയോയും ഒന്നും ഇല്ലാത്ത ആ കാലത്ത് പാട്ടിന്റെ വ്യത്യസ്തതക്കു വേണ്ടി എം ബി എസ് ഒരു പരീക്ഷണം നടത്തി. ജാനകിയെ കൊണ്ട് മൂന്നു സ്ഥായിയിൽ, മൂന്നു താളത്തിൽ, മൂന്നു തവണ പാടിച്ച് റെക്കോർഡ് ചെയ്തു അദ്ദേഹം- . ചെറിയൊരു ``ഡിലേ'' കൊടുത്ത് മൂന്നു വേർഷനും ഒരുമിച്ചു പ്ലേ ചെയ്തപ്പോൾ അതുവരെ കേൾക്കാത്ത ഒരു ഇഫക്റ്റ് ആണ് പാട്ടിനു ലഭിച്ചത്. ഡിജിറ്റൽ റെക്കോർഡിംഗിന്റെ സുവർണ്ണ കാലത്തും അത്ഭുതമായി തോന്നും മൂന്നര പതിറ്റാണ്ട് മുൻപത്തെ ആ എം ബി എസ് ഇന്ദ്രജാലം. (രണ്ടു വേർഷൻ ഉണ്ട് ഈ പാട്ടിന്).
Content Highlights: MB Sreenivasan Sathyan Anthikad S Janaki Malayalam Melody Kaumara Swapnangal, Ravi Menon


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..