മഞ്ജു വാര്യരുടെയും മധു വാര്യരുടെയും ബാല്യകാല ചിത്രം, മഞ്ജുവും മധുവും ലളിതം സുന്ദരം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ
പുള്ള് ഒരു പക്ഷിയുടെ പേരാണ്. പക്ഷേ മലയാളികള്‍ക്ക് ഈ പദം കൂടുതല്‍ പരിചിതം സിനിമയിലെ പ്രിയപ്പെട്ട ഒരു പക്ഷിയുടെ ജന്മദേശമായാണ്. പുള്ള് എന്ന് കേള്‍ക്കുമ്പോള്‍ അങ്ങനെ മഞ്ജുവാര്യര്‍ നമുക്കുള്ളില്‍ ചിറകടിച്ചുയരുന്നു. പുള്ളിലെ മഞ്ജുവിന്റെ അയല്‍പക്കത്ത് കാര്‍ത്യായനീദേവീക്ഷേത്രമാണ്. അക്ഷരാര്‍ഥത്തില്‍ വിളിപ്പുറത്തുണ്ട് ഭഗവതി. നേരെ എതിര്‍വശം റോഡിനപ്പുറത്തായി വലിയൊരു അരയാല്‍. മേലേ നീലാകാശം. ചുറ്റും അതിരുകാണാതെ നീളുന്ന പച്ചക്കടല്‍. അതിനുനടുവിലൂടെ നേര്‍രേഖയായി ചുവന്നഭൂമി. പാടങ്ങളില്‍ നിറയെ വെളുത്തപൂക്കള്‍ പോലെ അനുഭവപ്പെടുന്ന ഒരു ദൂരക്കാഴ്ചയുണ്ട്. ഇടയ്ക്ക് ചെമ്മെ ആ പൂക്കള്‍ പറന്നുപോകുന്നു എന്നും തോന്നും. കൊറ്റികള്‍ പറ്റിക്കുന്നതാണ്. വെള്ളം നിറഞ്ഞുകിടക്കുന്ന സമയങ്ങളില്‍ പാടത്ത് താമരകള്‍ പൂക്കും. തണ്ടൊടിക്കാന്‍ വഞ്ചികളിറങ്ങും. പുള്ളിന് പൂമണമുണ്ടാകും.
തികച്ചും ഗ്രാമ്യമായ ഈ ദൃശ്യങ്ങളിലേക്കുള്ള മടങ്ങിപ്പോക്കുകളാണ് മഞ്ജുവാര്യരുടെ ഊര്‍ജം. ഏറ്റവും പുതിയ സിനിമയെക്കുറിച്ചുള്ള നല്ലവാക്കുകള്‍ എവിടെയും കേള്‍ക്കുന്ന ഈ ദിവസങ്ങളിലും മഞ്ജു പുള്ളിലാണ്. ഒപ്പം അമ്മ ഗിരിജയും ചേട്ടന്‍ മധുവാര്യരും മധുവിന്റെ ഭാര്യ അനുവും മകള്‍ ആവണിയുമുണ്ട്. എല്ലാവരും ചേര്‍ന്നുള്ള ആ മനോഹരനിമിഷങ്ങളിലൊന്നിനെ പുതിയ കാലത്തിന്റെ പ്രയോഗമായ 'വൈബി'നൊപ്പം അനുഗൃഹീതം എന്നുകുറിച്ചുകൊണ്ട് മഞ്ജു പങ്കുവച്ചതുകണ്ടപ്പോള്‍ ഒരുപാട് പേര്‍ ഹൈറേഞ്ചില്‍,തേയിലത്തോട്ടത്തിനുനടുവിലെ മേരീദാസിന്റെ വീട് ഓര്‍ത്തുകാണണം.'ലളിതം സുന്ദരം' എന്ന സിനിമ മേരീദാസ് എന്ന അച്ഛനും സണ്ണി,ആനി,ജെറി എന്നീ മക്കളും തമ്മിലുള്ള ഹൃദയബന്ധക്കാഴ്ചയാണ്. അതിനൊപ്പം അത് മൂന്നുസഹോദരങ്ങളെ കോര്‍ത്തിണക്കുന്ന താമരനൂല്‍ കൂടിയാകുന്നു. മഞ്ജുവിന്റെ ചേട്ടന്‍ മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ആനിയായി മഞ്ജു. ഒപ്പം നിര്‍മാതാവിന്റെ വേഷവും.
മഞ്ജുവിനെയും മധുവിനെയും അടുത്തുപരിചയമുള്ളവര്‍ക്കറിയാം എന്തുകൊണ്ട് ഈ സിനിമ ഇത്ര മധുരതരമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന്. ഏതുതിരക്കിനിടയിലും അച്ഛന്റെയും അമ്മയുടെയും മടിത്തട്ടുതേടിപ്പോയ ഒരു ചേട്ടനും അനിയത്തിയുമാണവര്‍. നാലുപേര്‍ ചേരുന്നൊരു മനോഹരസിനിമയായിരുന്നു അത്. ഒരു സാധാരണ ചിട്ടിക്കമ്പനി ജീവനക്കാരനായിരുന്ന മാധവന്‍ എന്ന മനുഷ്യന്‍ കണ്ട സ്വപ്നത്തിന്റെ പേരാണ് ഇന്ന് നമ്മള്‍ മഞ്ജുവാര്യര്‍ എന്നും മധുവാര്യര്‍ എന്നും വായിക്കുന്നത്. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കോര്‍ത്തുണ്ടാക്കിയതായിരുന്നു എന്റെ ചിലങ്ക എന്ന് മഞ്ജു എഴുതിയത് അതുകൊണ്ടാണ്. നൃത്തം ചെയ്യാന്‍ ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ ഒരമ്മയുടെ കണ്ണീര്‍മുത്തുകളുമുണ്ടായിരുന്നു അതില്‍. നക്ഷത്രങ്ങളായപ്പോഴും അച്ഛനും അമ്മയും തന്നെയായിരുന്നു മഞ്ജുവിന്റെയും മധുവിന്റെയും ഏറ്റവും വലിയ ആകാശം.
ജമന്തിമണമുള്ള നാഗര്‍കോവില്‍ വൈകുന്നേരങ്ങളില്‍ ഒരു കുഞ്ഞുവീടിന്റെ മതിലിനുമുകളില്‍ അച്ഛന്റെ സ്‌കൂട്ടര്‍ ശബ്ദം കാത്തിരുന്ന ചേട്ടനും അനുജത്തിയുമുണ്ടായിരുന്നു, പണ്ട്. ആരല്‍വായ്മൊഴിയായിരുന്നു അവര്‍ക്ക് അച്ഛന്‍. സഹ്യപര്‍വതം പോലെ കുടുംബത്തിന് കാവല്‍ നിന്ന ഒരു മനുഷ്യന്‍. മക്കള്‍ക്ക് ചിരിക്കാന്‍ വേണ്ടി അയാള്‍ ഒരുപാട് കരച്ചിലുകള്‍ ഉള്ളിലൊതുക്കി. തുച്ഛമായ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ചും പലതും വേണ്ടെന്ന് വെച്ചും ജീവിച്ചു. മക്കളുടെ ഇഷ്ടഭക്ഷണത്തിന് വേണ്ടി അച്ഛന്‍ വിശന്നു. ബസ് യാത്രയ്ക്ക് കമ്പനി അനുവദിച്ച പണം പോക്കറ്റിലിട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് നടന്നുനടന്നുപോയി. പിന്നെ ആ പണം കൊണ്ട് മക്കളെ സിനിമാകാണിച്ചു.
മധുവിന്റെ പഠനം സൈനിക് സ്‌കൂളിലേക്ക് മാറിയപ്പോള്‍ അച്ഛനും അമ്മയും മഞ്ജുവും ആഴ്ചയിലൊരിക്കല്‍ നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരും. വലിയ സന്തോഷത്തോടെയായിരുന്നു യാത്രയെങ്കിലും തിരിച്ചുപോകുമ്പോള്‍ ചേട്ടനില്ലാത്തതിന്റെ സങ്കടം മഞ്ജുവിന്റെ കണ്ണുനിറയിക്കും. അച്ഛനപ്പോള്‍ പാട്ടുപാടിക്കൊടുക്കും.'കടലിനക്കരെ പോണോരേ...കാണാപ്പൊന്നിന് പോണോരേ..' ചിലപ്പോള്‍ തമിഴിലായിരിക്കും പാട്ട്. മഞ്ജുവിന് അച്ഛനപ്പോള്‍ കണ്ണുതുടച്ചുതരുന്നൊരു തൂവാലയായി മാറും. പാട്ടുപാടുന്നൊരു തൂവാല... അച്ഛന് സുഖമില്ലാതായ നാളുകളില്‍ ആകെ ഉലഞ്ഞെങ്കിലും ആ മക്കള്‍ അടുത്തുതന്നെയുണ്ടായിരുന്നു. തങ്ങളെ കാത്ത തണല്‍മരം തളര്‍ന്നുപോകുന്നത് അവര്‍ കണ്ടു. അപ്പോള്‍ അവര്‍ പര്‍വതങ്ങളായി. അവരുടെ മടിത്തട്ടില്‍ അച്ഛനൊരു കുഞ്ഞിനെപ്പോലെയുറങ്ങി... ഈ മക്കള്‍ക്കല്ലാതെ മറ്റാര്‍ക്കാര്‍ക്കാണ് മേരീദാസ് എന്ന അച്ഛനെയും അയാളുടെ മക്കളെയും കുറിച്ച് ഇത്രയും ലളിതവും സുന്ദരവുമായി ഒരു സിനിമയിലൂടെ പറയാനാകുക...? അതിന്റെ ആദ്യദൃശ്യമായി കുഞ്ഞുമക്കളെ ഇരുകൈകളിലുമേന്തിയ ഒരച്ഛനുണ്ട്. അതിനുതാഴെ ഒരു വാചകവും...
'വി മിസ് യു അച്ഛാ..മഞ്ജു ആന്‍ഡ് മധു...'
ഇന്ന് അച്ഛനില്ലെങ്കിലും ആ ചിരസ്മരണയിലേക്ക് മനസുകൊണ്ട് മഞ്ജുവും മധുവും ദിവസവും തീര്‍ഥയാത്രചെയ്യുന്നു. ശരീരം കൊണ്ട് മാസത്തിലൊരുതവണയെങ്കിലും മടങ്ങിപ്പോകുന്നു. അവര്‍ കൈകോര്‍ത്ത സിനിമ വിജയിച്ചതുകാണ്‍കേ പുള്ളിലെ വീട്ടില്‍ അച്ഛന്‍ ഒരുപാട് സന്തോഷിക്കുന്ന ചിത്രമായുണ്ട്. ഒത്തുചേരല്‍വേളയില്‍ മക്കളുടെ സന്തോഷത്തിലേക്ക് ഒരു ഗന്ധമായി അദ്ദേഹം ഇറങ്ങിവന്നിട്ടുണ്ടാകണം...പിന്നെ അവരുടെ കൈവിരലുകള്‍ പിടിച്ച് പാടത്തിനുനടുവിലൂടെ നടന്നുപോയിട്ടുമുണ്ടാകണം...
'ലളിതം സുന്ദര'ത്തില്‍ സറീനവഹാബിന്റെ അമ്മക്കഥാപാത്രം പഴയകാലത്തിലിരുന്നുകൊണ്ട് സംസാരിക്കുന്നത് കാണുമ്പോള്‍, ഒരു മട്ടന്‍കറിയുടെ ഓര്‍മയായി നിറയുമ്പോള്‍ എന്നും കാര്‍ത്യായനീദേവിക്ക് മാലകെട്ടുന്ന മഞ്ജുവിന്റെയും മധുവിന്റെയും അമ്മയെക്കുറിച്ചുകൂടി ഓര്‍ത്തുപോകുന്നു. എപ്പോഴും അണിയറയ്ക്ക് പിന്നില്‍ മാത്രമായിരുന്നു അവര്‍. മകള്‍ നൃത്തം ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും മകന്‍ സിനിമനിര്‍മിക്കുമ്പോഴുമെല്ലാം മാറിനിന്നുകണ്ടു,സന്തോഷിച്ചു. മധുവിന്റെയും മഞ്ജുവിന്റെയും അമ്മ എന്ന മേല്‍വിലാസത്തില്‍ എപ്പോഴും തൃപ്തയായി ചിരിച്ചു. പക്ഷേ പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പുകളുടെ താളുകളില്‍ ഗിരിജാവാരിയര്‍ എന്ന് പേര് ചെറുകഥകള്‍ക്കരികെ തെളിഞ്ഞുകിടപ്പുണ്ടായിരുന്നു.
ആദ്യം സ്വന്തം രോഗത്തെ തോല്പിക്കാനും പിന്നെ ഭര്‍ത്താവിന്റെ വേര്‍പാട് മറക്കാനും ചിലപ്പോഴൊക്കെ മക്കള്‍ അടുത്തില്ലാത്ത ഏകാന്തത മറികടക്കാനും ഗിരിജാവാരിയര്‍ യോഗ പഠിക്കാന്‍ തുടങ്ങി. എന്നോ ഉപേക്ഷിച്ചുപോയ നൃത്തത്തെ തിരികെപ്പിടിച്ചു. ചിലങ്കകെട്ടി. കഥകളിയാടി...ഓര്‍മകള്‍ എഴുതാനും തുടങ്ങി..ഇപ്പോള്‍ അമ്മ സന്തോഷിക്കുന്നത് കണ്ട് രണ്ടുമക്കള്‍ ദൂരെ മാറിനിന്ന് സന്തോഷിക്കുന്നു.
മഞ്ജുവും മധുവും തമ്മിലുള്ള ബന്ധത്തിനുമുണ്ട് ആര്‍ദ്രതയും അതിനേക്കാളേറെ ഇഴയടുപ്പവും. വഴക്കുപറയുകയോ വഴിനടത്തുകയോ ചെയ്യുന്ന ചേട്ടനായിരുന്നില്ല ഒരിക്കലും മഞ്ജുവിന് മധു. എപ്പോഴും അനുജത്തിക്ക് പിന്നാലെ ദൂരെ മാറി നിഴലായിട്ടായിരുന്നു മധു ഉണ്ടായിരുന്നത്. മഞ്ജു സിനിമയില്‍ നിറഞ്ഞുനിന്ന നാളുകളില്‍പ്പോലും അങ്ങനെയായിരുന്നു. പില്‍ക്കാലം മഞ്ജുവിന്റെ ജീവിത്തിലെ ചില നിര്‍ണായകനിമിഷങ്ങളില്‍പ്പോലും കരുതലായി പിന്നില്‍നില്കുന്ന മധുവിനെയാണ് നമ്മള്‍ കണ്ടത്.
പരസ്പാരാലിംഗനങ്ങളോ തുളളിച്ചാടലുകളോ പലപ്പോഴും അവര്‍ക്കിടയിലുണ്ടായിരുന്നില്ല. പക്ഷേ അതിമനോഹരമായ ഒരുപാട്ടുപോലെ അവര്‍ ചേര്‍ന്നൊഴുകിക്കൊണ്ടേയിരുന്നു. മിതഭാഷിയായ മധു എപ്പോഴും സംസാരിക്കുന്നത് മന്ദഹാസങ്ങളിലൂടെയും മൗനത്തിലൂടെയുമാണ്. അനിയത്തിയോടും അങ്ങനെ തന്നെ എന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്.
പക്ഷേ അയാള്‍ക്കുള്ളില്‍ സ്നേഹത്തിന്റെ വലിയൊരു മധുപാത്രമുണ്ട്, എന്നും. അതുകൊണ്ടാണ് അയാളുടെ ആദ്യ സിനിമയ്ക്ക് നല്ല മധുരമുണ്ടാകുന്നതും. തനിക്ക് ശക്തിപകരുന്ന നാല് തൂണുകളായി മധു 'ലളിതം സുന്ദര'ത്തിന്റെ തുടക്കത്തില്‍ കടപ്പാടറിയിക്കുന്നത് അമ്മയ്ക്കും അനുവിനും ആവണിക്കും മഞ്ജുവിനുമാണ്. അവരാണ് അയാളുടെ ജീവിതത്തിന്റെ ആവണിമാസങ്ങള്‍... മഞ്ജുവിന്റെയും മധുവിന്റെയും അച്ഛന്‍ സുഖമില്ലാതെ വിശ്രമിക്കുന്ന കാലം. അദ്ദേഹത്തെ കാണാന്‍ കടവന്ത്രയില്‍ ആഡംബരങ്ങളേതുമില്ലാത്ത മധുവിന്റെ കൊച്ചുഫ്‌ലാറ്റിലേക്ക് ചെല്ലുമ്പോള്‍ എല്ലാവരും നിലത്തു വട്ടംകൂടി ചമ്രംപടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അവരിലൊരാള്‍ മലയാളസിനിമ ലേഡിസൂപ്പര്‍സ്റ്റാര്‍ എന്നുവിളിക്കുന്നയാളാണ്. ഒരു നാട്ടിന്‍പുറത്തെ വീട്ടിലെ അടുക്കളദൃശ്യം പോലെയായിരുന്നു അത്. അവിടത്തെ ഏറ്റവും സ്വാദേറിയ വിഭവത്തിന്റെ പേര് സ്നേഹം എന്നായിരുന്നു. അത് അവര്‍ പരസ്പരം വിളമ്പിക്കഴിച്ചു. നാഗര്‍കോവിലിലെ കുട്ടിക്കാലത്തെപ്പോലെ ഒരു പൊതിച്ചോര്‍ മഞ്ജുവും മധുവും പങ്കിട്ടു. ഒന്നും കഴിക്കാനാകാതിരുന്നിട്ടുകൂടി അവരുടെ അച്ഛന്‍ ആ കാഴ്ച ആര്‍ത്തിയോടെ ആവോളം നുണഞ്ഞിറക്കിക്കൊണ്ടേയിരുന്നു... ആ പൊതിച്ചോറിന്റെ സ്വാദായിരിക്കണം മഞ്ജുവും മധുവും 'ലളിതം സുന്ദര'മായി നമുക്ക് സമ്മാനിച്ചത്....
Content Highlights: Manju Warrier, Madhu Warrier Lalitham Sundaram, Girija Warrier, Madhava Warrier, Family
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..