-
ഞായറാഴ്ചകളിൽ അഞ്ചാറു കിലോമീറ്റർ അകലെയുള്ള അച്ഛന്റെ മൂത്ത സഹോദരിയുടെ വീട്ടിൽ പോകുമ്പോഴാണ് മഹാഭാരതം സീരിയൽ കാണുക. കാണേണ്ടി വരുക എന്ന് വേണം പറയാൻ.
കാലത്ത് ഒൻപത് മണിയായാൽ അടുക്കളയിലെ പണികളെല്ലാം തിടുക്കത്തിൽ തീർത്ത് വല്യമ്മ പറയും : ``ദാ അയാൾടെ നെലോളി തൊടങ്ങി. വാ പോവാം.'' മഹാ.......എന്ന് മഹേന്ദ്രകപൂർ തൊണ്ടപൊട്ടുമാറുച്ചത്തിൽ പാടുന്നത് അത്ര തീവ്രമായ സംഗീത ഭ്രമമൊന്നുമില്ലാത്ത വല്യമ്മക്ക് നിലവിളിയായി തോന്നിയത് സ്വാഭാവികം. പിന്നെ ഒരു ഓട്ടമാണ്. ഉമ്മറത്തെത്തുമ്പോഴേക്കും വലിയൊരു ആൾക്കൂട്ടം രൂപപ്പെട്ടുകഴിഞ്ഞിരിക്കും ഇരുപത്തൊന്ന് ഇഞ്ചിന്റെ സോളിഡെയർ ടെലിവിഷൻ സെറ്റിന് മുന്നിൽ.
ചിലരൊക്കെ കസേരകളിൽ ഞെങ്ങിഞെരുങ്ങിയിരിക്കും. മറ്റു ചിലർ ബെഞ്ചിലും. വൈകിയെത്തിയവർ വെറും നിലത്ത് ചമ്രം പടിഞ്ഞാണിരിക്കുക. പരിസരത്ത് ടി വിയുള്ള ഏക വീടായിരുന്നു വല്യമ്മയുടേത്. സ്ക്രീനിൽ നോക്കുന്നതിനേക്കാൾ രസമാണ് പരമ്പര കാണാൻ നിരന്നിരിക്കുന്നവരുടെ മുഖങ്ങൾ നോക്കിയിരിക്കാൻ. ഒരു ഭാവപ്രപഞ്ചം തന്നെ മിന്നിമറയുന്നതു കാണാം അവിടെ. ദ്രൗപതിയോടൊപ്പം വിതുമ്പും ചിലർ. ഭീമനോടൊപ്പം ഗർജിക്കും. ശകുനിയോടൊപ്പം മുറുമുറുക്കും...ഒരു മണിക്കൂർ കഴിഞ്ഞു മഹേന്ദ്രകപൂർ ``ഭാരത് കി യേ കഹാനി'' എന്ന് തുടങ്ങുന്ന മംഗളഗീതം പാടിത്തുടങ്ങിയാലും എപ്പിസോഡ് തീർന്നുവെന്ന് വിശ്വസിക്കാനാകാതെ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നുണ്ടാകും സദസ്സ്. അതൊരു കാലം.
ഇന്നിപ്പോൾ ആ ബ്രഹ്മാണ്ഡ പരമ്പര ഓർമ്മയിൽ അവശേഷിപ്പിക്കുന്നത് മഹേന്ദ്ര കപൂറിന്റെ മധ്യവയസ്സ് പിന്നിട്ട ശബ്ദഗാംഭീര്യം മാത്രം. ``മുപ്പതു കൊല്ലത്തോളം സിനിമയിൽ പാടിയിട്ടും കിട്ടാത്ത പ്രശസ്തിയാണ് മഹാഭാരതം എനിക്ക് നേടിത്തന്നത്. ചില ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പ്രായം ചെന്ന ആളുകൾ വരെ വന്ന് കാലിൽ വീഴും; സാഷ്ടാംഗം നമസ്കരിക്കും. ആദ്യമൊക്കെ സങ്കോചം തോന്നിയിരുന്നു. പിന്നെപ്പിന്നെ ശീലമായി... '' -- പിൽക്കാലത്ത് സ്ക്രീൻ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ കപൂർ പറഞ്ഞു.
നിർമാതാവായ ബി ആർ ചോപ്രക്ക് നന്ദി പറയണം കപൂർ. മഹാഭാരതത്തിന്റെ ശീർഷകഗാനം ലതാ മങ്കേഷ്കറെ മനസ്സിൽ കണ്ടു ചിട്ടപ്പെടുത്തിയതായിരുന്നു സംഗീതസംവിധായകൻ രാജ് കമൽ. പകരം പുരുഷ ശബ്ദം മതി എന്ന് തീരുമാനമായപ്പോൾ യേശുദാസിനെ കൊണ്ട് പാടിക്കാനായി ആലോചന. തന്റെ ഏറ്റവും മികച്ച ഹിന്ദി ചലച്ചിത്ര ഗാനങ്ങൾക്ക് ആത്മാവ് പകർന്നു നൽകിയ ഗായകനെ എങ്ങനെ മറക്കാനാകും രാജ് കമലിന്? ചാന്ദ് ജൈസേ മുഖ്ഡെ പേ ബിന്ദിയ സിതാരെ, തെരെ തസ്വീർ കോ (സാവൻ കോ ആനേ ദോ), കഹാം സേ ആയേ ബദ്രാ (ചഷ്മേ ബദ്ദൂർ)... എല്ലാം യേശുദാസിനു വേണ്ടി 1980 കളിൽ രാജ് കമൽ സൃഷ്ടിച്ച ഹിറ്റ് ഗാനങ്ങൾ. സംസ്കൃതവും ഹിന്ദിയും കൂടിക്കലർന്ന, ശാസ്ത്രീയ രാഗാധിഷ്ഠിതമായ ``മഹാഭാരത''ത്തിലെ ഗാനങ്ങൾ യേശുദാസിന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്നായിരുന്നു രാജ് കമലിന്റെ കണക്കുകൂട്ടൽ.

എന്നാൽ നിർമ്മാതാവ് ബി ആർ ചോപ്ര വഴങ്ങിയില്ല. അദ്ദേഹത്തിന്റെ മനസ്സിൽ ഒരേയൊരു ഗായകനേ ഉണ്ടായിരുന്നുള്ളു - മഹേന്ദ്ര കപൂർ. കപൂറിലെ ഗായകനെ ഇത്രയേറെ പ്രോത്സാഹിപ്പിച്ച മറ്റൊരു നിർമ്മാതാവോ സംവിധായകനോ ഉണ്ടാവില്ല ബോളിവുഡിൽ. മുഹമ്മദ് റഫിയുമായുള്ള സൗന്ദര്യപ്പിണക്കം പോലും ചോപ്രയുടെ പടങ്ങളുടെ സംഗീതമേന്മയെ ബാധിക്കാതിരുന്നത് കപൂറിന്റെ സാന്നിധ്യം കൊണ്ടായിരുന്നു. ധൂൽ കാ ഫൂൽ, ഹംറാസ്, വക്ത്, ഗുംറാ തുടങ്ങി നിക്കാഹ് വരെ ഉദാഹരണങ്ങൾ നിരവധി. ബി ആർ ഫിലിംസിന്റെ ഭാഗ്യശബ്ദമായ മഹേന്ദ്ര കപൂർ അങ്ങനെ ``മഹാഭാരത''ത്തിലെ മുഖ്യഗായകനാകുന്നു. ഒപ്പം ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിന്റെ ഭാഗവും.
അമ്മമാരുടെയും അമ്മൂമ്മമാരുടെയും ഒരു തലമുറയെ മുഴുവൻ പാട്ടുപാടി അടുക്കളയിൽ നിന്ന് സ്വീകരണമുറിയിലേക്ക് ആവാഹിച്ചു വരുത്തിയിട്ടുണ്ട് മഹേന്ദ്ര കപൂർ; ഒന്നോ രണ്ടോ ദിവസമല്ല തുടർച്ചയായി 94 ആഴ്ച്ച. ``കർമ്മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന''യിൽ തുടങ്ങി ``സംഭവാമി യുഗേ യുഗേ''യിൽ അവസാനിക്കുന്ന മൂന്ന് മിനുട്ട് മാത്രം ദൈർഘ്യമുള്ള കപൂറിന്റെ ശീർഷക ഗാനശകലത്തിന്റെ ചിറകിലേറിയാണ് ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളിൽ ഒന്നായ `മഹാഭാരതം' പരമ്പര ഇന്ത്യൻ ജനതയെ തേടിയെത്തിയത്; 1988 ഒക്ടോബർ രണ്ട് മുതൽ 1990 ജൂൺ 24 വരെ.
മൂന്ന് പതിറ്റാണ്ടിനു ശേഷം ഈ കൊറോണക്കാലത്ത് മഹാഭാരതം വീണ്ടും മിനിസ്ക്രീനിലെത്തുമ്പോൾ ആ പരമ്പരക്ക് പിന്നിൽ പ്രവർത്തിച്ചവർ പലരും ഓർമ്മയായിരിക്കുന്നു -- ബി ആർ ചോപ്ര, രാജ് കമൽ, മഹേന്ദ്ര കപൂർ.. ഒപ്പം, വല്യമ്മയും.
Content Highlights: --Mahabharatham, Indian television series, Mahendra Kapoor, Yesudas, Raj Kamal, Nitish Bharadwaj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..