-
പത്താം ക്ലാസുകാരിയുടെ പാട്ട്
എഴുതുന്ന വാക്കുകൾ ആരുടെയൊക്കെയോ ജീവിതത്തെ ചെന്നു തൊടുന്നു എന്നത് എഴുത്തുകാരന് ആഹ്ലാദിക്കാൻ വകയുള്ള കാര്യം. എഴുതപ്പെടുന്ന ആളുടെ ജീവിതത്തെ തന്നെ അത് മാറ്റിമറിക്കുകയാണെങ്കിൽ വിശേഷിച്ചും.
പതിനഞ്ചു വർഷം മുൻപ് കലാകൗമുദിയിൽ എഴുതിയ ഈ ലേഖനമാണ്, 32 വർഷത്തെ അജ്ഞാതവാസം അവസാനിപ്പിച്ച് ഗാനരചനാരംഗത്ത് തിരിച്ചെത്താൻ തന്നെ പ്രചോദിപ്പിച്ചതെന്ന് പ്രിയ ശശികല ചേച്ചി (ശശികല മേനോൻ) പറയുമ്പോൾ ആഹ്ലാദിക്കാതിരിക്കുന്നതെങ്ങനെ? ദേവരാജൻ -- രാഘവൻ തലമുറയോടൊപ്പം തുടങ്ങി എം ജയചന്ദ്രൻ - ബിജിബാൽ തലമുറയിൽ വന്നെത്തിനിൽക്കുന്നു ശശികലയിലെ പാട്ടെഴുത്തുകാരി. ഓർമ്മ പുതുക്കാൻ ആ പഴയ ലേഖനം ഒരിക്കൽ കൂടി പങ്കുവെക്കുന്നു....
----------------
കൂട്ടുകാരികൾ പലരും ഓൾജിബ്രയും ജ്യോമട്രിയുമായി മൽപ്പിടിത്തം നടത്തുന്ന കാലത്ത്, എറണാകുളം ഗവ ഗേൾസ് ഹൈസ്കൂളിലെ ഒരു പത്താം ക്ലാസുകാരിക്ക് കവിതകൾ എഴുതുന്നതിലായിരുന്നു കമ്പം. സ്നേഹത്തിന്റെ സുഗന്ധവും നിലാവിന്റെ സൗന്ദര്യവുമുള്ള കവിതകൾ. ``പതിനഞ്ചുകാരിയുടെ ആ ചാപല്യമായിരിക്കാം യദുകുല മാധവ യശോദാനന്ദന എന്ന ചലച്ചിത്രഗാനമായി മാറിയത്. ഇന്നോർക്കുമ്പോൾ എല്ലാം കിനാവു പോലെ..'' -- ശശികലാ മേനോൻ പറയുന്നു.
ആരാണീ ശശികല? സിനിമാലോകം ഏറെക്കുറെ മറന്നുകഴിഞ്ഞ ഈ വടക്കൻ പറവൂർക്കാരിയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ രചിച്ച വനിതയെന്നറിയുന്നവർ ചുരുങ്ങും. ``സിന്ദൂര''ത്തിലെ ``യദുകുല മാധവ''യിൽ തുടങ്ങിയ ശശികല പിന്നീട് നാലു ചിത്രങ്ങൾക്ക് കൂടി പാട്ടെഴുതി. ``കൗതുകമുള്ള ഒരു കാര്യമുണ്ട്. എന്റെ ആദ്യ ചലച്ചിത്രഗാനത്തിന് ഈണം പകർന്ന എ ടി ഉമ്മറിനെ നേരിൽ കണ്ടിട്ടേയില്ല ഞാൻ. ആ പാട്ടു പോലും അപൂർവമായേ പിന്നീട് കേട്ടിട്ടുള്ളൂ.''
മലയാളം സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ പാട്ടെഴുത്തുകാരിയാവണം ശശികല. 1976 ൽ ജേസി സംവിധാനം ചെയ്ത ``സിന്ദൂര''ത്തിന് പാട്ടെഴുതുമ്പോൾ ശശികലയ്ക്ക് പ്രായം പതിനഞ്ച്. അച്ഛന്റെ ഉറ്റ സുഹൃത്തായിരുന്ന പ്രശസ്ത സംവിധായകൻ വിൻസൻറ് മാസ്റ്ററാണ് ശശികലയിലെ പാട്ടെഴുത്തുകാരിയെ കണ്ടെത്തുന്നതും സിനിമയിൽ കടന്നുചെല്ലാൻ പ്രേരിപ്പിക്കുന്നതും. അതിനു മുൻപ് വല്ലപ്പോഴുമൊക്കെ കവിതകൾ കുറിക്കുമായിരുന്നു. അവയിൽ ചിലത് യാദൃച്ഛികമായി കാണാൻ ഇടവന്ന മാസ്റ്ററാണ് സിനിമയിൽ ഒരു കൈ നോക്കിക്കൂടെ എന്ന് ആദ്യം ചോദിച്ചത്.
``പുതിയ ചിത്രത്തിൽ യുവഗാനരചയിതാക്കളെ ക്ഷണിച്ചു കൊണ്ട് നിർമ്മാതാവും തിരക്കഥാകൃത്തുമൊക്കെയായ ഡോ ബാലകൃഷ്ണന്റെ പ്രസ്താവന ആയിടക്ക് പത്രത്തിൽ വന്നു. വെറുതെ ഒരു കൗതുകത്തിന് എന്റെ രണ്ടുമൂന്ന് ഗാനങ്ങൾ അച്ഛൻ അയച്ചുകൊടുക്കുകയും ചെയ്തു. അവയിൽ ഒന്ന് സിനിമയിലേക്ക് തെരഞ്ഞെടുത്തതായി ചെന്നൈയിൽ നിന്ന് കത്തു വന്നപ്പോൾ ഞാൻ ശരിക്കും അന്തം വിട്ടുപോയി. ഭാസ്കരൻ മാഷും ശ്രീകുമാരൻ തമ്പിയും ഒ എൻ വിയുമൊക്കെ സജീവമായി രംഗത്തുള്ള കാലമല്ലേ?''
ഡോ ബാലകൃഷ്ണന് വേണ്ടി അന്ന് എഴുത്തുകുത്തുകൾ നടത്തിക്കൊണ്ടിരുന്ന അന്തിക്കാട്ടുകാരൻ യുവാവുമുണ്ടായിരുന്നു ``സിന്ദൂര''ത്തിൽ ഗാനരചയിതാവായി. ``ഒരു നിമിഷം തരൂ നിന്നിലലിയാൻ'' എന്ന അതീവ ഹൃദ്യമായ പ്രണയഗാനമെഴുതിയ ആ ചെറുപ്പക്കാരൻ പിൽക്കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി; നമ്മളറിയുന്ന സത്യൻ അന്തിക്കാടായി. ഭരണിക്കാവ് ശിവകുമാർ, അപ്പൻ തച്ചേത്ത്, കോന്നിയൂർ ഭാസ് എന്നിവരായിരുന്നു സിന്ദൂരത്തിലെ മറ്റ് പാട്ടെഴുത്തുകാർ.
അപൂർവം ചിത്രങ്ങളിലേ എഴുതിയുള്ളുവെങ്കിലും മലയാള സിനിമാസംഗീതത്തിലെ ആചാര്യന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നതാണ് തന്റെ ഭാഗ്യമെന്ന് ഫോർട്ട് കൊച്ചിക്കടുത്ത് പനയപ്പിള്ളിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കുന്ന ശശികല പറയുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ ആണ് ശശികലയുടെ ഭർത്താവ്.
ഗാനരചനയോട് തിടുക്കത്തിൽ വിടവാങ്ങിയതെന്തേ എന്ന ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം മൗനിയാകുന്നു ശശികല. ``വിവാഹത്തിന് ശേഷം ഒന്നിനും സമയം കിട്ടിയില്ല. ഭർത്താവ് തിരക്കേറിയ രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നതിനാൽ വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരുന്നു. തിരക്കിനും ബഹളത്തിനുമിടയിൽ ഗാനലോകത്തു നിന്ന് പതുക്കെ അകന്നു ഞാൻ. ''-- ശശികലയുടെ വാക്കുകളിൽ നേർത്ത നൊമ്പരം. ``കുട്ടികളൊക്കെ വലുതായി. വീണ്ടും ഗാനരചനയിലേക്ക് തിരിച്ചുചെന്നാലോ എന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്. നല്ല അവസരങ്ങൾ ഒത്തുവന്നാൽ എഴുതണം.'' ആത്മഗതമെന്നോണം ശശികല പറയുന്നു..
Content Highlights : Lyricist Sasikala Paattuvazhiyorathu Ravi menon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..