ലോകജനതക്കുവേണ്ടിയാണ് താന്‍ താന്‍ സിനിമയെടുക്കുന്നത് എന്ന് പ്രഖ്യാപിച്ച ഇസ്രായേലി സംവിധായകനാണ് എറാന്‍ റിക്‌ളിസ്. സിനിമയുടേത് ലോകഭാഷയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിര്‍ത്തികള്‍ കടന്ന് അത് സഞ്ചരിക്കുന്നു. തന്റെ സിനിമ ഇസ്രായേലികള്‍ മാത്രം കണ്ടാല്‍പ്പോരാ. ലോകം മുഴുവന്‍ കാണണം. നമ്മള്‍ മുന്‍വിധികളുള്ള ലോകത്താണ് ജീവിക്കുന്നത്. ഒരു സിനിമകൊണ്ടൊന്നും ലോകം മാറ്റിയെടുക്കാനാവില്ല. എങ്കിലും, പ്രേക്ഷകനെക്കൊണ്ട് ചിന്തിപ്പിക്കാനാവും. അതിനാണ് താന്‍ സിനിമയിലൂടെ ശ്രമിക്കുന്നത്. പ്രേക്ഷകരുടെ മനസ്സും അഭിപ്രായവും മാറ്റിയെടുക്കുകയാണ് ചലച്ചിത്രകാരന്‍ എന്ന നിലയില്‍ തന്റെ ദൗത്യം എന്ന് റിക്‌ളിസ് അടിവരയിടുന്നു.

റിക്‌ളിസിന്റെ അവകാശവാദം പൂര്‍ണമായും ശരിയാണെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുന്നവര്‍ സമ്മതിക്കും. കപ്പ് ഫൈനല്‍ (1991), സിറിയന്‍ ബ്രൈഡ് (2004), ലെമണ്‍ ട്രീ (2008), ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജര്‍ (2010), 2012-ന്റെ ഒടുവിലായി ഇറങ്ങിയ സെയ്തൂന്‍ (ദവള്‍റ്ുൃ ) തുടങ്ങിയ ചിത്രങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്ന മാനവികത ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാനാവുക?

1982-ലാണ് ആദ്യത്തെ ഇസ്രായേല്‍-ലെബനോണ്‍ യുദ്ധം നടന്നത്. മൂന്നുവര്‍ഷം നീണ്ട ഈ യുദ്ധം തുടങ്ങുന്നതിന് ഒരു മാസം മുമ്പുള്ള ലെബനോണാണ് 'സെയ്തൂന്‍' എന്ന സിനിമയുടെ പശ്ചാത്തലം. ലെബനോണില്‍ അധീശത്വം നേടാനുള്ള രാഷ്ട്രീയ, സൈനിക, മതവിഭാഗങ്ങളുടെ പോരാട്ടത്തില്‍ തകര്‍ന്നുതരിപ്പണമായിക്കിടക്കുകയാണ് രാജ്യം. അതിനിടയിലാണ് ലെബനോണ്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നത്.

തലസ്ഥാനമായ ബയ്‌റൂത്ത് പട്ടണത്തിലെ ഷാറ്റിലയില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. കത്തുന്ന തെരുവുകള്‍. വെടികൊണ്ട് തുളഞ്ഞ കെട്ടിടങ്ങള്‍. ഏതു നിമിഷവും ഒരാക്രമണം കാത്തിരിക്കുന്ന മനുഷ്യര്‍. നിറയുന്ന ഉത്ക്കണ്ഠകള്‍ക്കു നടുവിലും അവര്‍ക്ക് ജീവിക്കേണ്ടതുണ്ട്. അതുകൊണ്ട് അവര്‍ അഷ്ടിക്കുള്ള വകതേടി തെരുവുകളില്‍ ഇറങ്ങുന്നു. കൂട്ടത്തില്‍, ഫഹദ് എന്ന പന്ത്രണ്ടുകാരനിലേക്ക് ക്യാമറയുടെ സവിശേഷശ്രദ്ധ പതിയുന്നു. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി തുറന്ന ക്യാമ്പില്‍ നിന്ന് പിതാവറിയാതെ പുറത്തു കടന്നതാണവന്‍. സിഗരറ്റ് വിറ്റ് എന്തെങ്കിലും വരുമാനമുണ്ടാക്കാനാണ് ശ്രമം.

ഫുട്ബാള്‍കളിക്കാരനായ ഫഹദ് സീക്കോ എന്നാണ് സ്വയം വിളിക്കുന്നത്. അക്കാലത്തെ പ്രശസ്തനായ ബ്രസീലിയന്‍ കളിക്കാരനാണ് സീക്കോ. ഫഹദിന്റെ കൈയില്‍ എപ്പോഴും ഫുട്ബാളുണ്ടാകും. ലബനോണിലെ ഇടുങ്ങിയ തെരുവുകളാണ് പലസ്തീന്‍ കുട്ടികളുടെ കളിക്കളം. അവര്‍ സൈനികപരിശീലനത്തിലും ചുറുചുറുക്കോടെ പങ്കെടുക്കുന്നുണ്ട്. പലസ്തീന്‍ ജനതക്കുവേണ്ടി പോരാടാന്‍ തയ്യാറെടുക്കുകയാണവര്‍.

പലസ്തീന്‍ മണ്ണിലെ സ്വന്തം വീടുവിട്ട് പലായനം ചെയ്തതാണ് ഫഹദിന്റെ കുടുംബം. ഇപ്പോള്‍ പിതാവും അപ്പൂപ്പനും മാത്രമേയുള്ളൂ. പിതാവ് ഒരു പാത്രത്തില്‍ ഒലീവ് ചെടി നട്ടുവളര്‍ത്തുകയാണ്. എന്നെങ്കിലും അത് തന്റെ വീട്ടുമുറ്റത്ത് നടണം. പക്ഷേ, ആ മോഹം നടക്കുന്നില്ല. ഒരു ബോംബാക്രമണത്തില്‍ അയാള്‍ മരിക്കുന്നു. തങ്ങളുടെ ജന്മനാടായ ബലാദ് അല്‍ ഷെയ്ഖിലെ നക്ഷത്രങ്ങള്‍ക്ക് ആയിരം മടങ്ങ് തിളക്കമുണ്ടെന്ന് പിതാവ് ഫഹദിനോട് പറയാറുണ്ടായിരുന്നു. തിളക്കമുള്ള ആ നക്ഷത്രങ്ങളെ കാണാന്‍ അവന്റെ മനസ് അതിയായി കൊതിച്ചു.

അതിനിടക്ക്, ഒരു ഇസ്രായേലി പോര്‍വിമാനം തകര്‍ന്നുവീണ് അതിലെ യോണി എന്ന പൈലറ്റ് പി.എല്‍.ഒ. സൈനികരുടെ തടവിലാകുന്നു. കൈകാലുകള്‍ ചങ്ങലക്കിട്ട ഇയാളുടെ കാവല്‍ച്ചുമതല ഫഹദിനും കൂട്ടുകാര്‍ക്കുമായിരുന്നു. യോണിയുമായി ഫഹദ് രഹസ്യധാരണയിലെത്തുന്നു. യോണിയെ രക്ഷപ്പെടുത്താം. അതിനുപകരമായി തന്നെ ബലാദ് അല്‍ ഷെയ്ഖിലെത്തിക്കണം. തടവറയില്‍ നിന്ന് രക്ഷപ്പെടുന്ന യോണി ഫഹദുമൊത്ത് യാത്ര തുടങ്ങുന്നു. ഫഹദിന് കൊണ്ടുപോകാന്‍ ഏതാനും വസ്തുക്കളേ ഉണ്ടായിരുന്നുള്ളു.

പൂട്ടിക്കിടക്കുന്ന തങ്ങളുടെ വീടിന്റെ താക്കോല്‍, മരിച്ചുപോയ മാതാവിന്റെ ഫോട്ടോ, പിതാവ് നട്ടുവളര്‍ത്തിയ ഒലിവ് ചെടി, പിന്നെ ഫുട്‌ബോളും. യാത്ര മുന്നേറവെ യോണിക്കും ഫഹദിനുമിടയിലെ വെറുപ്പും ശത്രുതയും അലിഞ്ഞില്ലാതാവുന്നു. ഫഹദിന്റെ പ്രായത്തില്‍ തനിക്കും പിതാവിനെ നഷ്ടപ്പെട്ടതാണെന്ന് യോണി അവനോട് പറയുന്നു. മേലധികാരികളുടെ അനിഷ്ടം മറികടന്നും യോണി ഫഹദിനോടുണ്ടാക്കിയ കരാര്‍ നിറവേറ്റാന്‍ തയ്യാറാവുന്നു. ചുമരുകള്‍ മാത്രം ബാക്കിയായ വീടിന്റെ വാതില്‍ ഫഹദിനു മുന്നില്‍ സ്‌നേഹത്തോടെ മലര്‍ക്കെ തുറക്കപ്പെടുന്നു. നക്ഷത്രങ്ങളുടെ തിളക്കം കണ്ട് ആഹ്ലാദിച്ച്, വീട്ടുമുറ്റത്ത് ഒലിവ്‌ചെടി നട്ട് അവന്‍ വീണ്ടും അഭയാര്‍ഥിക്യാമ്പിലെ ദുരിതാവസ്ഥയിലേക്ക് മടങ്ങുന്നു.

ഇത്തരമൊരു സംഭവം നടക്കുമോ എന്നാണ് വിമര്‍ശകരില്‍ നിന്ന് റിക്‌ളിസ് നേരിട്ട ചോദ്യം. ഇത് നടക്കില്ലായിരിക്കാം. പക്ഷേ, അങ്ങനെയൊന്ന് സങ്കല്പിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് റിക്‌ളിസ് ഉന്നയിക്കുന്ന മറുചോദ്യം. റിക്‌ളിസിന്റെ സിനിമകള്‍ കാണുമ്പോള്‍ നമുക്കും അദ്ദേഹത്തോടൊപ്പം ചേര്‍ന്നുനില്‍ക്കാനാണ് തോന്നുക. കാരണം, മനുഷ്യനന്മയുടെ പക്ഷത്താണ് ഈ ഇസ്രായേലി ചലച്ചിത്രകാരന്‍. ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയോടൊപ്പമാണ് അറുപതുകാരനായ റിക്‌ളിസിന്റെ മനസ്.

കപ്പ് ഫൈനല്‍, ലെമണ്‍ ട്രീ എന്നീ ചിത്രങ്ങളിലൂടെയാണ് ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ റിക്‌ളിസിനെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയത്. കപ്പ് ഫൈനലിനോട് ചെറുതായി സാദൃശ്യമുള്ള ചിത്രമാണ് സെയ്തൂന്‍. പി.എല്‍.ഒ. സൈനികരുടെ തടവിലാകുന്ന ഒരു ഇസ്രായേലി ഭടനാണ് കപ്പ് ഫൈനലിലെ മുഖ്യകഥാപാത്രങ്ങളിലൊന്ന്. ഇവരെ തമ്മില്‍ കൂട്ടിയിണക്കുന്നത് ഫുട്ബാള്‍പ്രേമമാണ്. ലെമണ്‍ ട്രീയിലാകട്ടെ സുരക്ഷയുടെ പേരില്‍ ഇസ്രായേല്‍ സൈന്യം കാട്ടുന്ന മുഷ്‌കിനെതിരെ ഒറ്റയ്ക്ക് പോരാടുന്ന സല്‍മ സിദാന്‍ എന്ന പലസ്തീന്‍ വനിതയാണ് മുഖ്യകഥാപാത്രം.

'റോഡ് മൂവി' എന്ന വിശേഷണവും സെയ്തൂനിന് യോജിക്കും. യോണി തടവില്‍ നിന്ന് രക്ഷപ്പെടുന്നതുമുതല്‍ സിനിമ അന്വേഷണയാത്രയാണ്. ഈ യാത്രക്കിടയിലെ ദുരിതങ്ങളില്‍ പങ്കാളികളാകുമ്പോഴാണ് ഫഹദിനും യോണിക്കുമിടയില്‍ സൗഹൃദത്തിന്റെ ഇലകള്‍ തലയാട്ടിത്തുടങ്ങുന്നത്. വലിയൊരു ഒലിവുമരത്തിന്റെ ചുവടെവെച്ചാണ് സംശയത്തിന്റെയും സ്പര്‍ധയുടെയും അന്തരീക്ഷം പതുക്കെ അവര്‍ക്കിടയില്‍ അലിഞ്ഞില്ലാതാകുന്നത്. തണല്‍ വിരിച്ച്, ഇലകളാട്ടി ആഹ്ലാദം പൊഴിക്കുന്ന ഒലിവ് മരങ്ങള്‍ ഈ യാത്രയില്‍ സമൃദ്ധമായി നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു.

സിനിമയുടെ ശീര്‍ഷകത്തില്‍ത്തന്നെ സംവിധായകന്റെ മനസ് നമുക്ക് വായിക്കാം. 'സെയ്തൂന്‍' എന്നാല്‍ അറബിക്കില്‍ ഒലിവ് എന്നാണര്‍ഥം. ശാന്തിയുടെ, സൗഹൃദത്തിന്റെ പ്രതീകമാണ് ഒലിവ് മരം. ചിത്രത്തിലെങ്ങും ഒലിവിലകളുടെ മര്‍മരം കേള്‍പ്പിക്കുന്നുണ്ട് സംവിധായകന്‍. എങ്കിലും, ചിത്രാവസാനത്തില്‍ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുന്നു. പോര്‍വിമാനങ്ങളുടെ ഇരമ്പലും റേഡിയോവില്‍ കേള്‍ക്കുന്ന അശുഭകരമായ വാര്‍ത്തയും ലെബനോണിനുമേല്‍ ഒരു യുദ്ധം അടുത്തെത്തിപ്പോയി എന്നു സൂചിപ്പിക്കുന്നു.

രാഷ്ട്രീയസിനിമകളാണ് എറാന്‍ റിക്‌ളിസിന്റേതെന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. അതിന് അദ്ദേഹത്തിന് മറുപടിയുണ്ട്. 'ഞാനെടുക്കുന്നത് രാഷ്ട്രീയസിനിമകളല്ല. ഒരു ജനതക്കുവേണ്ടി മറ്റുള്ളവര്‍ എടുക്കുന്ന തീരുമാനങ്ങളിലും അതുവഴിയുണ്ടാകുന്ന രാഷ്ട്രീയസാഹചര്യങ്ങളിലും അകപ്പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ കഥകളാണ് ഞാന്‍ പറയുന്നത് ' - റിക്‌ളിസ് വിശദീകരിക്കുന്നു.

tsureshbabumbi@gmail.com