രു മണിക്കൂറും 52 മിനിറ്റും കോടതിമുറിയില്‍ മാത്രം കേന്ദ്രീകരിച്ച് ഒരു സിനിമ. ഒടുവില്‍, കഥാനായിക സ്വാതന്ത്ര്യത്തിലേക്കു കടക്കുമ്പോള്‍ മാത്രം ഏതാനും നിമിഷം പുറത്തേക്ക് കണ്ണോടിക്കുന്ന ക്യാമറ. കുറ്റമറ്റ തിരക്കഥയില്‍ തീര്‍ത്ത, നന്നായി എഡിറ്റ് ചെയ്ത 'ഗെറ്റ്: ദ ട്രയല്‍ ഓഫ് വിവിയന്‍ ആംസലേം ' (GETT: The trial of viviane Amsalem ) എന്ന ഇസ്രായേല്‍ സിനിമ നമ്മുടെ സ്വാതന്ത്ര്യബോധത്തെ വല്ലാതെ സ്പര്‍ശിക്കുന്നു. പൊരുത്തപ്പെട്ടു പോകാനാവാത്ത ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം കിട്ടാന്‍ മധ്യവയസ്‌കയായ ഒരു ജൂതവനിത നടത്തുന്ന സന്ധിയില്ലാ പോരാട്ടമാണ് ഈ സിനിമ. ഒടുവില്‍ അവള്‍ പൂര്‍ണമായി ജയിക്കുന്നുമില്ല. പുരുഷകേന്ദ്രിതമായ ഒരു സമൂഹത്തില്‍ അവള്‍ക്ക് ചെറുതായി തോറ്റുകൊടുക്കേണ്ടി വരുന്നു. ഭാര്യയോടൊപ്പം ഭര്‍ത്താവിനോടും അനുതാപം തോന്നിപ്പിക്കുന്ന വിധത്തില്‍ കലാമേന്മയോടെ ആവിഷ്‌കരിച്ച ഈ സിനിമ നമുക്കിഷ്ടമാകും.  

ഇസ്രായേല്‍ ഫിലിം അക്കാദമിയുടെ ഏഴ് അവാര്‍ഡുകളാണ് 'ഗെറ്റ്: ദ ട്രയല്‍ ഓഫ് വിവിയന്‍ ആംസലേം' നേടിയത്. 2014 ലെ മികച്ച സിനിമ, സംവിധായകര്‍, നടന്‍, നടി, സഹനടന്‍, തിരക്കഥ, എഡിറ്റിങ് എന്നിവയ്ക്കായിരുന്നു ഈ അവാര്‍ഡുകള്‍. ഇതിനു പുറമേ ഷിക്കാഗോ, ഹാംബര്‍ഗ്, ഓസ്ലോ, ജറുസലേം, സാന്‍ സബാസ്റ്റ്യന്‍ ചലച്ചിത്രമേളകളിലും ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്്. കാന്‍, ടൊറോന്റോ മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ സിനിമ 2014 ലെ  മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് ഇസ്രായേലിന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്നു.

'ഗെറ്റി' ല്‍ നായികയായി വേഷമിട്ട റോണിറ്റ് എല്‍ക്കബെറ്റ്‌സ് സഹോദരന്‍ ഷലോമി എല്‍ക്കബെറ്റ്‌സുമായി ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അസന്തുഷ്ട ദാമ്പത്യജീവിതം ആധാരമാക്കി ഇവര്‍ സംവിധാനം ചെയ്തിട്ടുള്ള സിനിമാത്രയത്തിലെ മൂന്നാമത്തെ ചിത്രമാണിത്. 'ടു ടെയ്ക്ക് എ വൈഫ് (To take a wife ), ഷിവ (Shiva ) എന്നിവയാണ് മറ്റ് രണ്ടു ചിത്രങ്ങള്‍.

get it

ഇസ്രായേലിലെ ഒരു കോടതിമുറിയിലാണ് സംഭവങ്ങള്‍ മുഴുവന്‍ അരങ്ങേറുന്നത്. കോടതിയിലെ വാദ, പ്രതിവാദങ്ങളിലൂടെ  ഉരുത്തിരിഞ്ഞുവരുന്ന ജീവിതസത്യങ്ങള്‍. വലിച്ചുകീറി നഗ്‌നരാക്കപ്പെടുന്ന മനുഷ്യരുടെ വേദനകള്‍. ആരാണ് ശരി, ആരാണ് തെറ്റ് എന്ന വിധിന്യായത്തിലേക്കല്ല സംവിധായകര്‍ നമ്മെ എത്തിക്കുന്നത്. ഓരോരുത്തരുടെയും ന്യായവാദങ്ങള്‍ നിരത്തുകയാണവര്‍. നമ്മള്‍ വേണം വിധി പറയാന്‍. ആരും തോല്‍ക്കാത്ത ഒരു വിധി. ഇഷ്ടാനിഷ്ടങ്ങള്‍ക്കും നീരസങ്ങള്‍ക്കും കഠിനമായ മതവിശ്വാസങ്ങള്‍ക്കുമപ്പുറം മറ്റെന്തല്ലാമോ കൂടിച്ചേര്‍ന്നതാണ് ജീവിതം എന്നു ഓര്‍മപ്പെടുത്തുന്നു ഈ സിനിമ . കോടതിമുറിയിലെ വാദങ്ങളില്‍ വിരസതയുടെ ഒരു നിമിഷംപോലുമില്ല. അടുത്തതെന്ത് എന്നറിയാലുള്ള ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ടാണ് സിനിമ മുന്നോട്ടുപോകുന്നത്. സംഭാഷണപ്രധാനമായ ഇത്തരമൊരു സിനിമയുടെ വിജയം അതിലെ അഭിനേതാക്കളെ ആശ്രയിച്ചാണിരിക്കുന്നത്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീനടന്മാരെ കണ്ടെത്തുന്നതില്‍ സംവിധായകര്‍ വിജയിച്ചിട്ടുണ്ട്.  

മതനിയമങ്ങള്‍ക്കുള്ളിലെ ജീവിതം 

കടുത്ത മതനിയമങ്ങള്‍ക്കുള്ളിലാണ് യഹൂദരുടെ ജീവിതം. വിവാഹമോചനത്തിന് അവര്‍ക്ക് സിവില്‍ക്കോടതികളെ ആശ്രയിക്കാനാവില്ല. മതകോടതികളാണ് ഈ കാര്യത്തില്‍ തീര്‍പ്പെടുക്കുന്നത്. ഭര്‍ത്താവുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയാത്ത ഒരു ജൂതവനിത വിവാഹമോചനത്തിന് ശ്രമിക്കുന്നതും അത് നേടിയെടുക്കുന്നതുമാണ് 'ഗെറ്റ്: ദ ട്രയല്‍ ഓഫ് വിവിയന്‍ ആംസലേം' എന്ന സിനിമയുടെ ഇതിവൃത്തം. യഹൂദ നിയമപ്രകാരം സ്ത്രീക്ക് വിവാഹമോചനം അത്ര എളുപ്പമല്ല. ബന്ധം വേര്‍പെടുത്തിക്കൊണ്ട് , ദൃക്‌സാക്ഷികള്‍ മുഖേന മതകോടതിയില്‍വെച്ച് ഭര്‍ത്താവ് ഭാര്യയുടെ കൈയില്‍ കൊടുക്കുന്ന സമ്മതപത്രമാണ് ഗെറ്റ് ( gett ). ഈ സമ്മതം രേഖാമൂലം കിട്ടിയാലേ അവള്‍ക്ക് വിവാഹബന്ധം ഒഴിഞ്ഞ് മറ്റൊരാളെ സ്വീകരിക്കാന്‍ കഴിയൂ. ഭര്‍ത്താവ് അനുവദിക്കുന്നില്ലെങ്കില്‍ വിവാഹമോചനമില്ല എന്നതാണവസ്ഥ.

get it

30 വര്‍ഷത്തെ ദാമ്പത്യജീവിതം പൂര്‍ത്തിയാക്കിയ വിവിയന്‍ ആംസലേം, എലിഷ ആംസലേം എന്നിവരാണ് നായികയും നായകനും. വിവിയന്റെ പതിനഞ്ചാം വയസ്സിലായിരുന്നു വിവാഹം. തുടക്കം തൊട്ടേ ബന്ധത്തില്‍ കല്ലുകടിയായിരുന്നു. ഈ ദമ്പതിമാരും  ഇവരുടെ വക്കീലന്മാരും മൂന്നു ന്യായാധിപരും ഒരു കോടതിജീവനക്കാരനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. പിന്നെ, ഏതാനും സാക്ഷികളും. വിവാഹമോചനത്തിന് വിവിയന്‍ എന്ന വനിത ഹര്‍ജി നല്‍കിയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. ഭര്‍ത്താവ് എലിഷ ആംസലേം തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകുന്നില്ല. വിവാഹമോചനം നല്‍കുന്നുമില്ല. കോടതിയില്‍ വരാത്തതിന്റെ പേരില്‍ അയാളെ ശിക്ഷിക്കാന്‍ ന്യായാധിപര്‍ക്ക് അധികാരമില്ല. മൂന്നു വര്‍ഷമായി വിവിയന്‍ ഭര്‍ത്താവിന്റെ വീട് വിട്ടിട്ട്. അവള്‍ ജീവനാംശം ചോദിക്കുന്നില്ല. സ്വാതന്ത്ര്യമാണ് വേണ്ടത്. നാലു മക്കളില്‍ മൂന്നുപേരും അവളുടെ കൂടെയാണ്. ഇളയവന്‍ ഭര്‍ത്താവിനൊപ്പവും. സഹോദരന്റെ വീട്ടിലാണ് വിവിയന്‍ കഴിയുന്നത്. എന്നും സഹോദരഭാര്യയുടെ പക്കല്‍ അവള്‍ ഭര്‍ത്താവിനും മകനും ഭക്ഷണമുണ്ടാക്കി കൊടുത്തയക്കും. ഹെയര്‍ ഡ്രസ്സറായി ജോലി ചെയ്താണ് വിവിയന്‍ കുടുംബം പുലര്‍ത്തുന്നത്. എലിഷ നല്ല മനുഷ്യനാണ്. ഭാര്യയെ അഗാധമായി സ്‌നേഹിക്കുകയും ചെയ്യുന്നു. പക്ഷേ, സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല. കടുത്ത മതവിശ്വാസിയാണ്.  വിശ്വാസത്തിന് നിരക്കാത്തതൊന്നും അയാള്‍ ചെയ്യില്ല. പുരോഗമന ചിന്താഗതിക്കാരിയാണ് ഭാര്യ. അവള്‍ക്ക് മതനിയമങ്ങള്‍പ്പുറത്തെ സ്വാതന്ത്ര്യമൊന്നും നല്‍കാന്‍ എലിഷ തയാറല്ല. ഇതാണ് അടിസ്ഥാനപ്രശ്‌നം. വിവാഹമോചനത്തിന് എലിഷ എതിരാണ്. അതുകൊണ്ടാണ് എങ്ങനെയും കേസ് നീട്ടിക്കൊണ്ടുപോകുന്നത്. കേസിന്റെ വാദങ്ങള്‍ക്കിടയിലും അയാള്‍ വിവിയനുമായി സംസാരിക്കുന്നുണ്ട്. നിനക്ക് തിരിച്ചുവന്നൂടേ എന്നാണയാളുടെ ചോദ്യം. എന്നാല്‍ , വിവിയന്‍ ഉറച്ചു തന്നെയാണ്. തനിക്ക് സ്‌നേഹിക്കാന്‍ കഴിയാത്ത മനുഷ്യനെ വേണ്ട എന്ന തീരുമാനത്തില്‍ നിന്ന് അവള്‍ ഒരിഞ്ചുപോലും പിന്മാറുന്നില്ല. രണ്ടുപേരുടെയും വാശികള്‍ക്കിടയില്‍ വലയുന്നത് ന്യായാധിപരാണ്. ബന്ധം എങ്ങനെയെങ്കിലും മുന്നോട്ടുപോകട്ടെ എന്നതാണ് അവരുടെ നിലപാട്. ' രണ്ടുപേരെയും ഇനി കോടതിയില്‍ കണ്ടുപോകരുത് ' എന്ന് ഒരു ഘട്ടത്തില്‍ ശാസിക്കുന്നുണ്ട് അവര്‍. പക്ഷേ, കേസ് ഒരു തീരുമാനത്തിലുമെത്താതെ നീണ്ടുപോവുകയാണ്.

ഇരുവരുടെയും വാദമുഖങ്ങളില്‍ നിന്ന് ഒരു തീരുമാനത്തിലെത്താനാവാതെ ന്യായാധിപന്മാര്‍ വിഷമിക്കുന്നു. ഇനി സാക്ഷികളില്ലാതെ കേസ് മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് അവര്‍ സൂചന നല്‍കുന്നു. കേസിന്റെ രണ്ടാം ഘട്ടം ഇവിടെ തുടങ്ങുന്നു. എലിഷയുടെയും വിവിയന്റെയും സ്വഭാവസവിശേഷതകളിലേക്ക് , സാമൂഹികാവസ്ഥകളിലേക്ക്  സിനിമ കടക്കുന്നത് ഈ ഘട്ടത്തിലാണ്. ബന്ധുക്കളും സുഹൃത്തുക്കളും രണ്ടുപേരുടെയും വ്യക്തിത്വങ്ങളെ തങ്ങളുടെ പരിചയത്തിനനുസരിച്ച്് വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നു. അപ്പോഴും വിവാഹമോചനം അനിവാര്യമാക്കിത്തീര്‍ക്കുന്ന ഗൗരവമേറിയ കുറ്റങ്ങളൊന്നും എലിഷയില്‍ കണ്ടെത്താന്‍ കോടതിക്കാവുന്നില്ല. അയാള്‍ അവളെ പരസ്യമായി വഴക്കു പറയാറില്ല. ശാരീരികമായി ഉപദ്രവിക്കാറുമില്ല. അതേസമയം, വിവിയന്‍ കടുത്ത നിലപാടുകാരിയാണ്. അയാളോടുള്ള പക മുഴുവന്‍ അവള്‍ പരസ്യമായി പ്രകടിപ്പിക്കും. മറ്റാള്‍ക്കാരുടെയും മക്കളുടെയും മുന്നിട്ട് അയാളെ അപമാനിക്കും. വഴക്കു കൂടിയാല്‍ അയല്‍വാസികളെ കേള്‍പ്പിക്കാനെന്നോണം അലറിക്കരയും. കണ്ണില്‍ക്കണ്ടതെല്ലാം അയാള്‍ക്കുനേരെ വലിച്ചെറിയും. ചിലപ്പോള്‍ മര്‍ദിക്കും. എന്നിട്ടും എലിഷ അവള്‍ക്ക് വിവാഹമോചനം കൊടുക്കാത്തതില്‍ ന്യായാധിപര്‍ അദ്ഭുതപ്പെടുന്നു. അവരുടെ ന്യായബോധങ്ങള്‍ക്ക് ഒരു പരിഹാരം നിര്‍ദേശിക്കാന്‍ പറ്റാത്ത അവസ്ഥ. എലിഷ ഒന്നയയുമ്പോള്‍ വിവിയന്‍ മുറുകും.  പ്രശ്‌നപരിഹാരത്തിലേക്ക് അടുക്കുന്നില്ല. കേസിന്റെ വിചാരണ തുടങ്ങിയിട്ട് അപ്പോഴേക്കും അഞ്ചു വര്‍ഷമാകാന്‍ പോകുന്നു. സഹോദരനായ വക്കീലിന്റെ വിചാരണ അതിരു കടക്കുന്നു എന്നു തോന്നിയപ്പോള്‍ എലിഷ സ്വയം വാദിക്കാന്‍ തയാറാവുന്നു. ഇപ്പോള്‍ രണ്ടു ജഡ്ജിമാരേ വാദം കേള്‍ക്കാനുള്ളു. ജൂറി തലവന്‍ ഹാജരായിട്ടില്ല. വിവിയന് വിവാഹമോചനം അനുവദിക്കണം എന്നതാണ് തങ്ങളുടെ തീരുമാനമെന്ന് ജഡ്ജിമാര്‍ പറയുമ്പോള്‍ എലിഷ വഴങ്ങുന്നില്ല. പഴയ പല്ലവി തന്നെ ആവര്‍ത്തിക്കുന്നു അയാള്‍. ക്ഷുഭിതരായ ജഡ്ജിമാര്‍ ഇനിയൊരു പരിഹാരവുമായേ വരാവൂ എന്നു പറഞ്ഞ് രണ്ടു കൂട്ടരോടും കോടതി വിടാന്‍ ആജ്ഞാപിക്കുന്നു. അന്തിമവിധിക്ക് കാത്തിരുന്ന് വശംകെട്ട വിവിയന് സര്‍വനിയന്ത്രണവും വിട്ടുപോകുന്നു. 'നിങ്ങളെന്താണ് എന്നെ കാണാത്തത് ' എന്നവള്‍ കോടതിയോട് ചോദിക്കുന്നു. ' ഞാനെന്തിനിങ്ങനെ വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങണം? ആരും നിയമത്തിന് അതീതരല്ല. ഒരു ദൈവമുണ്ട്. ആ ദൈവത്തിന് നീതിയുമുണ്ട്. നിങ്ങള്‍ എന്നെ വിധിക്കുന്നതുപോലെ നിങ്ങളെ ദൈവവും വിധിക്കും, ദയാരഹിതമായി.'. വിവിയന്റെ പൊട്ടിത്തെറിക്കു മുന്നില്‍ ജഡ്ജിമാര്‍ സ്തബ്ധരായി.  കോടതിയെ അധിക്ഷേപിച്ചതിന് 24 മാസത്തേക്ക് വിവിയനെ സസ്‌പെന്‍ഡ് ചെയ്യുന്നു.

വക്കീലിന്റെ ശ്രമഫലമായി വിവിയനും എലിഷയും രണ്ടു മാസത്തിനുശേഷം വീണ്ടും കോടതിയിലെത്തുന്നു. കോടതിയുടെ കര്‍ക്കശ നിലപാടില്‍ ഇപ്പോള്‍ കുറച്ച് അയവ് വന്നിട്ടുണ്ട്. നാലു മാസത്തിനു ശേഷം വീണ്ടും എല്ലാവരെയും നമ്മള്‍ കോടതിയില്‍ കണ്ടുമുട്ടുന്നു. വിവാഹമോചനം കൊടുക്കാമെന്ന് എലിഷ സമ്മതിച്ചതാണ് പുതിയ സംഭവം. വിചാരണ തുടങ്ങി അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് കേസിന് അവസാനമുണ്ടാകുന്നത്.  സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിവിയന്റെ ദാഹം എലിസയുടെ മനസ്സിനെ സ്പര്‍ശിക്കുന്നു. വിവിയനോടുള്ള സ്‌നേഹത്തില്‍ നിന്നുണ്ടായ വാശി മാറ്റിവെച്ച് അയാള്‍ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ തയാറാവുന്നു. ഭാര്യക്ക് അവളാഗ്രഹിക്കുന്ന സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ എലിഷ ഒരുറപ്പ് അവളില്‍ നിന്നു തേടുന്നു. സ്വതന്ത്രയായാല്‍ അവള്‍ മറ്റൊരാളെ വിവാഹം കഴിക്കരുത്. കോടതിയും സാക്ഷികളും ഉറ്റവരും അറിയാതെ അവരിരുവരും തമ്മിലുണ്ടാക്കുന്ന ഒരു കരാര്‍. രണ്ടുപേരും തോല്‍ക്കാത്ത ഒരു തീര്‍പ്പ്. അവള്‍ സമ്മതിക്കുന്നു. കോടതിയിലെ ചില്ലുവാതിലിനരികെ നില്‍ക്കുന്ന വിവിയനെയാണ് അവസാനദൃശ്യത്തില്‍ നമ്മള്‍ കാണുന്നത്. നേരത്തേ കോടതിയില്‍ പൊട്ടിത്തെറിക്കുകയും പൊട്ടിക്കരയുകയും ചെയ്ത സ്ത്രീയല്ല അവരിപ്പോള്‍. ശാന്തമാണ് ആ മനസ്സ്. സ്വതന്ത്രയാണവള്‍. വിവിയന്‍ പുറത്തേക്ക് നോക്കിനില്‍ക്കുകയാണ്. പുറത്ത് പ്രകാശം. തെരുവിലൂടെ വാഹനങ്ങള്‍ പോകുന്നതു കാണാം. ഇതാദ്യമായാണ് കോടതിവളപ്പിനു പുറത്തെ ദൃശ്യങ്ങള്‍ സംവിധായകര്‍ നമ്മളെ കാണിക്കുന്നത്. ഇപ്പോള്‍ വിവിയന്റെ മുഖം നമുക്ക് കാണാനാവില്ല. ഷൂസിട്ട രണ്ടു കാലുകള്‍ മാത്രം. ആ കാലുകള്‍ വെളിച്ചത്തിലേക്ക് നടന്നുപോകുന്നു. ഇപ്പോഴാണ്, അതായത് സിനിമ അവസാനിക്കാന്‍ ഒന്നര മിനിറ്റുള്ളപ്പോള്‍ മാത്രമാണ്, ജീവിതത്തിന്റെ പ്രസന്നഭാവത്തെ സൂചിപ്പിച്ചുകൊണ്ട് ആദ്യമായി പശ്ചാത്തല സംഗീതം നമ്മള്‍ കേള്‍ക്കുന്നത്. വിവിയനു പിന്നിലായി കോടതിമുറിയുടെ കറുത്ത വാതിലുകള്‍ അടയുന്നു.

സജീവമായ കോടതിമുറി

കോടതിമുറിയില്‍ വിവിയന്റെ അഭിഭാഷകനായ കാര്‍മലിന്റെ വാദത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. അപ്പോള്‍ വിവിയന്‍ കേസ് കൊടുത്തിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഭര്‍ത്താവ് എലിഷ കോടതിയില്‍ വരുന്നില്ല. പിന്നെ, പല ഘട്ടങ്ങളിലായി കോടതി ചേരുകയും പിരിയുകയും ചെയ്യുന്നു. അഞ്ചു തവണ കേസ് മാറ്റിവെക്കുന്നു. ആറാം തവണ എലിഷ വരുമ്പോള്‍ അയാള്‍ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു: വിവാഹമോചനം അനുവദിക്കാന്‍ താല്‍പ്പര്യമില്ല. ഇതിന്റെ കാരണങ്ങളിലേക്കാണ് പിന്നീട് സിനിമയുടെ സഞ്ചാരം. ഈ കാരണങ്ങളുടെ ചുരുളഴിക്കാന്‍ പിന്നെയുമെടുത്തു രണ്ടു വര്‍ഷം. 30 വര്‍ഷത്തെ ദാമ്പത്യജീവിതത്തിലെ താളപ്പിഴകള്‍ വാക്കുകളിലൂടെ മാത്രം കോടതിമുറിയില്‍ അനാവരണം ചെയ്യപ്പെടുന്നു. വീട്, കുട്ടികള്‍, കുടുംബം എന്നിവയെ പാടെ ഫ്രെയിമില്‍ നിന്നൊഴിവാക്കിക്കൊണ്ടാണ്  ഇതിവൃത്തത്തിന്റെ രൂപഘടന. കഥ പറയാന്‍ ഫ്ലാഷ്ബാക്കുകളെയും ആശ്രയിക്കുന്നില്ല. ക്ലോസപ്പ് ഷോട്ടുകളാണ് ഏറെയും. തുടക്കത്തില്‍, നിശ്ശബ്ദയായി കോടതിമുറിയില്‍ ഒതുങ്ങിയിരുന്ന് ഭര്‍ത്താവിന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കുന്ന വിവിയന്‍ ഒടുക്കം എല്ലാ നിയന്ത്രണങ്ങളും വിട്ട് പെരുമാറുന്നു. നായികയുടെ ഈ ഭാവപ്പകര്‍ച്ചയിലേക്ക് എത്തിക്കുന്ന സംഭവങ്ങളെ വളരെ സ്വാഭാവികതയോടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ വിജയം. ഇതിവൃത്തത്തിന് ചേരുന്ന രീതിയിലല്ലാതെ, ന്യായീകരിക്കാനാവാത്ത അതിവൈകാരികത ഒരു ഘട്ടത്തില്‍പ്പോലും ഈ സിനിമയെ അലങ്കോലപ്പെടുത്തുന്നില്ല. എലിഷ നല്ല മനുഷ്യനാണ്. എന്നാല്‍, നല്ല ഭര്‍ത്താവല്ല എന്നതായിരുന്നു വിവിയന്റെ വാദം. മതവും വിശ്വാസവുമാണോ അതോ ഭാര്യയാണോ വലുത് എന്ന ചിന്താക്കുഴപ്പത്തിലായിരുന്നു എലിഷ. 

സ്ത്രീപക്ഷത്തുനിന്ന് നോക്കുമ്പോള്‍ ഈ സിനിമയുടെ ഉള്ളടക്കം പ്രതിലോമപരമാണ്. സ്ത്രീയുടെ സ്വാതന്ത്ര്യബോധവും മതവിശ്വാസവും ഏറ്റുമുട്ടുമ്പോള്‍ പരാജയപ്പെടുന്നത് ഇവിടെ സ്ത്രീ തന്നെ. പുറത്തെ വെളിച്ചത്തെ വാതില്‍ കൊട്ടിയടച്ച് തടയാന്‍ ശ്രമിക്കുകയാണ് കറുത്ത കോട്ടിട്ടവര്‍. മതകോടതികള്‍ പുരുഷപക്ഷത്തേക്ക് കൃത്യമായി ചാഞ്ഞാണ് നില്‍പ്പ്. മതശാസനകളിലൂടെ കുടുബത്തിന്റെയും ഇസ്രായേല്‍ രാജ്യത്തിന്റെയും മഹിമ സമുദായാംഗങ്ങളെ  വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാനാണ് പുരോഹിതരുടെ ശ്രമം. പുരുഷന്റെ വാശിമൂലം കേസ് നീണ്ടുപോകുന്നതില്‍ കോടതി പലപ്പോഴും നിസ്സഹായത പ്രകടിപ്പിക്കുന്നു. നീതി കിട്ടേണ്ടവര്‍ക്ക് അത് വൈകിയേ കിട്ടുന്നുള്ളു എന്നതില്‍ കോടതിക്ക് വേവലാതിയൊന്നുമില്ല. 

വ്യക്തി, കുടുംബം, സമൂഹം, മതവിശ്വാസം, വിവാഹം, വിവാഹമോചനം എന്നിവയെപ്പറ്റി ഈ സിനിമ സഗൗരവം ചര്‍ച്ച ചെയ്യുന്നു. നീതി ലഭ്യമാക്കേണ്ട നിയമവ്യവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍, വിവാഹമോചനക്കേസുകളിലെ അനഭിലഷണീയമായ വ്യക്തിഹത്യ, അഭിഭാഷകര്‍ക്കിടയിലെ കുശുമ്പ് എന്നിവയും ചര്‍ച്ചക്ക് വിധേയമാകുന്നു.