പ്രശസ്ത റഷ്യന്‍ സംവിധായകനായ അലക്‌സാണ്ടര്‍ സൊഖുറോവ് തന്റെ ചതുര്‍ച്ചിത്ര പരമ്പര പൂര്‍ത്തിയാക്കിയത് 2011 ല്‍ 'ഫൗസ്റ്റ്' എന്ന സിനിമയോടെയാണ്. ഇരുപതാം നൂറ്റാണ്ടിലെ മൂന്നു ചരിത്ര പുരുഷന്മാരായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ (മൊളോഖ്-1999), ലെനിന്‍ (റ്റോറസ്-2001), ഹിരോഹിതോ ചക്രവര്‍ത്തി (ദ സണ്‍-2005 ) എന്നിവരാണ് ഈ പരമ്പരയിലെ ആദ്യത്തെ മൂന്നു ചിത്രങ്ങളില്‍ നായകസ്ഥാനത്തു വരുന്നത്. അധികാരം ദുഷിപ്പിച്ച ചരിത്രനായകരാണ് ഇവര്‍ എന്ന് സൊഖുറോവ് ആരോപിക്കുന്നു. അധികാരമോഹത്തിന്റെ ഇരകളായിരുന്നു ഈ മൂന്നുപേരും എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. 'ഫൗസ്റ്റി' ല്‍ പക്ഷേ, ചരിത്രപുരുഷനല്ല , ഒരു സാങ്കല്‍പിക കഥാപാത്രമാണ് നായകനായി പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തില്‍ സൊഖുറോവ് ഇരുപതാം നൂറ്റാണ്ടില്‍ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേക്കാണ് തിരിഞ്ഞുനടന്നത്.  ജീവിതത്തിന്റെ സുഖവും അര്‍ഥവും തേടിപ്പോയ, അസംതൃപ്തനായ ഒരന്വേഷകനാണ് 'ഫൗസ്റ്റി' ലെ നായകന്‍. നാലു വര്‍ഷത്തിനുശേഷം 2015 ല്‍ 'ഫ്രാങ്കോഫോണിയ' ( Francofonia )  എന്ന സിനിമയിലൂടെ സൊഖുറോവ് വീണ്ടും ഇരുപതാം നൂറ്റാണ്ടിന്റെ മണ്ണിലേക്ക് തിരിച്ചുപോകുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ ലൂവ്‌റ് ( Louvre ) മ്യൂസിയത്തിന്റെ ചരിത്രവും അതിജീവനവുമാണ് സൊഖുറോവ് ഈ സിനിമയില്‍ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്. ചരിത്രവും കലയും അധികാരവുമാണിതിലെ വിഷയങ്ങള്‍. സ്വേച്ഛാധികാരത്തെയും അധിനിവേശത്തെയും കഠിനമായി എതിര്‍ക്കുന്ന സൊഖുറോവിന്റെ നിലപാടില്‍ ഒട്ടും മാറ്റം വന്നിട്ടില്ലെന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. 

1978 ല്‍ ചലച്ചിത്രജീവിതം തുടങ്ങിയ അലക്‌സാണ്ടര്‍ സൊഖുറോവ് 19 ഫീച്ചര്‍ സിനിമകളും 28 ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 'ഫൗസ്റ്റി' നു ശേഷം നാലു വര്‍ഷത്തെ ഇടവേളയെടുത്തു അടുത്ത ഫീച്ചര്‍ചിത്രമായ 'ഫ്രാങ്കോഫോണിയ' ചെയ്യാന്‍. വിഷയത്തില്‍ ഒരുപാട് ഗവേഷണം ആവശ്യമായി വന്നതിനാലാവാം ഈ കാലതാമസം. ചരിത്രത്തെയും കലയെയും ആദരിക്കുന്ന ചരിത്രബിരുദധാരിയായ സൊഖുറോവിന് തന്റെ സിനിമകള്‍ക്ക് ആധികാരികത വേണമെന്നത് നിര്‍ബന്ധമാണ്. ഈ നിര്‍ബന്ധം അതിരു കടന്നതിനാലാവാം 'ഫ്രാങ്കോഫോണിയ' ഫീച്ചര്‍സിനിമയുടെ സ്വഭാവത്തില്‍ നിന്നകന്ന് ഡോക്യുമെന്ററിയോട് അടുത്തുപോയത്. വസ്തുതകള്‍ക്ക് കനം കൂടിയതോടെ ഭാവന നേര്‍ത്തുപോയി.

Francofonia

ബുദ്ധിജീവികള്‍ക്ക് അഭിപ്രായം പറയാന്‍ രണ്ടു വഴികളുണ്ടെന്ന് സൊഖുറോവ് വിശ്വസിക്കുന്നു. ഒന്ന് കലാസൃഷ്ടികളിലൂടെ. മറ്റൊന്ന് തുറന്ന രാഷ്ട്രീയ പ്രതിഷേധങ്ങളിലൂടെ. തനിക്ക് കലയുടെ വഴിയാണ് പഥ്യം എന്ന് അറുപത്തിനാലുകാരനായ സൊഖുറോവ് പറയുന്നു. മികച്ച കലാസൃഷ്ടിയിലൂടെ മാത്രമേ നമുക്ക് ഭൂതകാലത്തെ വര്‍ത്തമാന കാലത്തിലേക്കും ഭാവികാലത്തിലേക്കും ബന്ധിപ്പിക്കാനാവൂ. ഫ്രാന്‍സിന്റെ സമ്പന്നമായ കലാപൈതൃകത്തെ അധികാരത്തിന്റെ ദുഷിച്ച നീരാളിക്കെകളില്‍ നിന്ന് രക്ഷിച്ച രണ്ടു കലാസ്‌നേഹികളുടെ ചരിത്രം കൂടിയാണ്' ഫ്രാങ്കോഫോണിയ 'രേഖപ്പെടുത്തുന്നത്. ഇവരുടെ ശ്രമമുണ്ടായിരുന്നില്ലെങ്കില്‍ ആയിരക്കണക്കിന് കലാസൃഷ്ടികള്‍ എന്നെന്നേക്കുമായി മണ്‍മറഞ്ഞുപോയേനെ. കലാചരിത്രകാരനായി മാറിയ നാസി സൈനിക ഓഫീസര്‍ ഫ്രാന്‍സ് വോന്‍ വൂള്‍ഫ് മെറ്റേണിക്ക്, ലൂവ്‌റിന്റെ ഡയറക്ടറായ ഫ്രഞ്ചുകാരന്‍ ഷാക്ക് ഷൊഷാര്‍ എന്നിവര്‍ക്കുള്ള ആദരമാണീ സിനിമ.

രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു 10 ദിവസം മുമ്പാണ് ലൂവ്‌റിലെ ശില്‍പ്പങ്ങളുള്‍പ്പെടെയുള്ള വന്‍ കലാശേഖരം ഷാക്ക് ഷൊഷാര്‍ രഹസ്യനീക്കത്തിലൂടെ ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയത്. മ്യൂസിയം ഡയറക്ടര്‍ എന്ന നിലയില്‍ ഷാക്ക് സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനമായിരുന്നു ഇത്. 1939 ആഗസ്ത് 25 മുതല്‍ മൂന്നു ദിവസം ലൂവ്‌റ് മ്യൂസിയം അടച്ചിട്ടുകൊണ്ടാണ് അദ്ദേഹം പ്രശസ്തമായ 'മൊണാലിസ' ചിത്രമടക്കമുള്ള കലാശേഖരം നാടുകടത്തിയത്. 1862 മരപ്പെട്ടികളിലാക്കി 203 വാഹനങ്ങളിലാണ് ഇവ കൊണ്ടുപോയത്. 1940 ജൂണ്‍ 14 ന് ജര്‍മന്‍സേന പാരീസില്‍ കടന്നു. അവര്‍ നേരെ പോയത് ലൂവ്‌റിലേക്കായിരുന്നു. അപ്പോള്‍ ഷാക്ക് ഷൊഷാര്‍ ഉള്ളില്‍ ചിരിച്ചിട്ടുണ്ടാവണം.

സൊഖുറോവ് 2002 ലെടുത്ത 'റഷ്യന്‍ ആര്‍ക്ക്' (Russian Ark ) എന്ന സിനിമയുടെ തുടര്‍ച്ചയല്ല 'ഫ്രാങ്കോഫോണിയ'. പക്ഷേ, രണ്ടു ചിത്രങ്ങളും തമ്മിലുള്ള ചില സാമ്യങ്ങള്‍ കാണാതിരിക്കാനാവില്ല. എഡിറ്റിങ്ങില്ലാതെ ഒറ്റ ഷോട്ടിലെടുത്ത 90 മിനിറ്റ് സിനിമയാണ് 'റഷ്യന്‍ ആര്‍ക്ക്'. റഷ്യയില്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയം ചുറ്റിനടന്നുകാണുന്ന ആ യൂറോപ്യന്റെ സാന്നിധ്യം 'ഫ്രാങ്കോഫോണിയ' യിലും നമുക്കനുഭവപ്പെടും. 'റഷ്യന്‍ ആര്‍ക്കി' ല്‍ ഓരോ ശില്‍പ്പവും പെയിന്റിങ്ങും ആസ്വദിച്ചാണ് യൂറോപ്യന്റെ സഞ്ചാരം. കൂട്ടിന് മുമ്പെപ്പോഴോ ഒരപകടത്തില്‍ മരിച്ചുപോയ ഒരാളുമുണ്ട്. സംവിധായകന്‍ തന്നെയാണ് ഈ അരൂപിയുടെ റോളില്‍ ഒളിഞ്ഞിരിക്കുന്നത്. രണ്ടു ചിത്രങ്ങളിലും കഥാഖ്യാനം നടത്തുന്നത് മറഞ്ഞിരിക്കുന്ന സംവിധായകന്‍ തന്നെയാണ്. റഷ്യന്‍ ആര്‍ക്കില്‍  ആഖ്യാതാവിന് വലിയ പ്രാധാന്യമൊന്നുമില്ല. യൂറോപ്യനാണ് കഥാഗതിയെ നിയന്ത്രിക്കുന്നത്. എന്നാല്‍, ഫ്രാങ്കോഫോണിയയില്‍ സംവിധായകന്‍ തന്നെയാണ് കഥ പറയുന്നത്. ചിലപ്പോഴെങ്കിലും നമുക്ക് മുഖം തരാതെ അദ്ദേഹം ആഖ്യാതാവിന്റെ റോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 85 മിനിറ്റുള്ള ഈ ചിത്രം എടുത്തത് ഫ്രഞ്ചു ഭാഷയിലാണ്. വെനീസ്, ടൊറോന്റോ ചലച്ചിത്രമേളകളില്‍ കാണിച്ചിട്ടുണ്ട്. 2015 ല്‍ ഗോവ, തിരുവനന്തപുരം മേളകളിലും ഫ്രാങ്കോഫോണിയ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

നാസികളുടെ അധിനിവേശക്കാലത്തെ ഫ്രാന്‍സിന്റെയും ലൂവ്‌റ് മ്യൂസിയത്തിന്റെയും കഥയാണ് സംവിധായകന്‍ തന്റെ ശബ്ദത്തിലൂടെ പറയുന്നത്. സൊഖുറോവും ഒരു കപ്പലിന്റെ കപ്പിത്താനും തമ്മിലുള്ള സംഭാഷണമാണ് തുടക്കത്തില്‍ നമ്മള്‍ കേള്‍ക്കുന്നത്. ജര്‍മന്‍പടയുടെ വരവിനു മുമ്പ് ലൂവ്‌റില്‍ നിന്ന് ശില്‍പ്പങ്ങളും പെയിന്റുങ്ങുകളും പലയിടത്തേക്കും കടത്തിയിരുന്നു എന്നു ഈ സംഭാഷണം സൂചന തരുന്നു. തുടര്‍ന്ന്, റഷ്യന്‍ എഴുത്തുകാരായ ആന്റണ്‍ ചെഖോവ്, ടോള്‍സ്‌റ്റോയ് എന്നിവരുടെ ചിത്രങ്ങള്‍ കാണിക്കുന്നു. കഠിനമായ ഈ കാലഘട്ടത്തില്‍ സാഹിത്യനായകര്‍ ഗാഢനിദ്രയിലാണെന്ന് ആഖ്യാതാവായ സംവിധായകന്‍ നിരാശപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉദയമായി , സാഹിത്യനായകരേ ഉണരൂ എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇതിനിടെ, ഫ്രാന്‍സിന്റെ സ്വാതന്ത്ര്യപ്രതീകമായ മരിയാന്‍ എന്ന വനിത ലൂവ്‌റിന്റെ ഇടനാഴികളില്‍ പ്രത്യക്ഷപ്പെട്ട് ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീക്ഷ 'സ്വാതന്ത്ര്യവും സമത്വവും സാഹോദര്യ' വുമാണെന്ന് ഉദ്‌ഘോഷിക്കുന്നു. തുടര്‍ന്നാണ് പാരീസിന്റെയും ലൂവ്‌റിന്റെയും ചരിത്രത്തിലേക്ക് സംവിധായകന്‍ കടക്കുന്നത്. സന്തോഷം നിറഞ്ഞുനില്‍ക്കുന്ന നഗരത്തിലേക്കും കൊടുംദുരിതം കടന്നുവരാം എന്നാണ് നാസികളുടെ കടന്നാക്രമണത്തെ സൊഖുറോവ് വിശേഷിപ്പിക്കുന്നത്. 1940 ജൂണ്‍ 14 നാണ് ആ ദുരന്തം എത്തിയത്. പാരീസ് അപ്പോള്‍ ശൂന്യമായിരുന്നു. ആ ആളില്ലാനഗരത്തിലൂടെ തുറന്ന വാഹനത്തില്‍ ഹിറ്റ്‌ലര്‍ സഞ്ചരിക്കുകയാണ്. ലൂവ്‌റ് എവിടെ എന്നാണയാള്‍ ആദ്യം അന്വേഷിക്കുന്നത്. തന്നെ പണ്ടുതൊട്ടേ മോഹിപ്പിച്ച ആ മ്യൂസിയം. പക്ഷേ, നഗരം പോലെ മ്യൂസിയവും ശൂന്യമായിരുന്നു. മധ്യകാലഘട്ടത്തിലെ ഏതാനും ശില്‍പ്പങ്ങളേ ലൂവ്‌റിന്റെ ഹാളില്‍ അവശേഷിച്ചിരുന്നുള്ളു. ഫ്രാന്‍സിന്റെ ചരിത്രത്തിലേക്കും കലാപൈതൃകത്തിലേക്കും അധികാരം സൃഷ്ടിക്കുന്ന ഭയത്തിലേക്കും സംവിധായകന്റെ ക്യാമറ ഇവിടെനിന്ന് ചലിച്ചു തുടങ്ങുകയായി. നിരവധി സ്റ്റോക്ക് ഷോട്ടുകളും നിശ്ചല ദൃശ്യങ്ങളും പെയിന്റിങ്ങുകളും ഈ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. 

Francofonia

ഫ്രാന്‍സിന്റെ ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണെപ്പാര്‍ട്ട്, അഡോള്‍ഫ് ഹിറ്റ്‌ലര്‍, മരിയാന്‍, നാസി സൈനിക ഓഫീസര്‍ ഫ്രാന്‍സ് വോന്‍ വൂള്‍ഫ് മെറ്റേണിക്ക്, ലൂവ്‌റ് ഡയറക്ടര്‍ ഷാക്ക് ഷൊഷാര്‍ എന്നിവരാണ് ഈ സിനിമയില്‍ കഥാപാത്രങ്ങളായി വരുന്നത്. പിന്നെ, ആഖ്യാതാവിന്റെ റോളില്‍ സംവിധായകനും. ഓരോ വിഷയത്തിലും കൃത്യമായ കാഴ്ചപ്പാടുണ്ട് സൊഖുറോവിന്. 'മൊളോഖ്' എന്ന ചിത്രത്തില്‍ ഹിറ്റ്‌ലറുടെ നിലപാടുകളെയും പ്രണയചാപല്യങ്ങളെയും  കണക്കറ്റ് പരിഹസിച്ചിട്ടുണ്ട് സൊഖുറോവ്. 'ഫ്രാങ്കോഫോണിയ' യില്‍ നെപ്പോളിയന്റെ ചിന്താഗതിയുടെ എതിര്‍പക്ഷത്താണ് ഹിറ്റ്‌ലറെ നിര്‍ത്തിയിരിക്കുന്നത്. ലൂവ്‌റിലെ കലാശേഖരമെല്ലാം തന്റെ ശ്രമഫലമായി ഉണ്ടായതാണെന്നാണ് നെപ്പോളിയന്‍ ചൂണ്ടിക്കാട്ടുന്നത്. ഹിറ്റ്‌ലറുടെ സമീപനം നേരെ തിരിച്ചാണ്. അധിനിവേശം നടത്തുന്ന രാജ്യങ്ങളുടെയെല്ലാം കലാശേഖരം കൊള്ളയടിച്ച് സ്വന്തമാക്കാനാണ് അയാള്‍ ശ്രമിച്ചിട്ടുള്ളത്. ഫ്രാന്‍സിലെത്തിയ ജര്‍മന്‍ സൈനികത്തലവന്‍ മെറ്റേണിക്കിന്  നേരത്തേത്തന്നെ രാജ്യത്തേക്ക് മടങ്ങിപ്പോകേണ്ടിവന്നതിനു പിന്നില്‍ ഹിറ്റ്‌ലറുടെ അപ്രീതിയുണ്ട്. ലൂവ്‌റില്‍ നിന്ന് ഒളിച്ചുകടത്തിയ ശില്‍പ്പങ്ങളും ചിത്രങ്ങളും കണ്ടെടുക്കാന്‍ മെറ്റേണിക്ക് ഒരു ശ്രമവും നടത്തിയില്ലെന്ന് ഹിറ്റ്‌ലര്‍ക്കറിയാമായിരുന്നു. മ്യൂസിയങ്ങളെക്കുറിച്ച് മെറ്റേണിക്കിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ചരിത്രത്തിന്റെ ഭാഗമായി മാറിയ കലാസൃഷ്ടികളെ ഏറെ വിലമതിക്കുന്നു അദ്ദേഹം. അവ എവിടെയെങ്കിലും സുരക്ഷിതമായി നിലനില്‍ക്കണം എന്നേ അദ്ദേഹത്തിനാഗ്രഹമുള്ളു.  ഏതുസമയത്തും ഈ കലാകേന്ദങ്ങള്‍ ശത്രുസൈന്യത്തിന്റെ ആക്രമണം കരുതിയിരിക്കണം എന്ന അഭിപ്രായക്കാരനാണ് മെറ്റേണിക്ക്. ബോംബാക്രമണം ഭയന്ന് 1939 ല്‍ ജര്‍മനിയിലെ കൊളോണ്‍ കത്തീഡ്രലില്‍ നിന്ന് കലാശേഖരം മാറ്റിയതിനെക്കുറിച്ച് മെറ്റേണിക്ക് പരാമര്‍ശിക്കുന്നുണ്ട്.  

സ്വേച്ഛാധിപത്യത്തോടും യുദ്ധഭ്രാന്തിനോടും വിപ്രതിപത്തിയുള്ള ചലച്ചിത്രകാരനാണ് അലക്‌സാണ്ടര്‍ സൊഖുറോവ്. അദ്ദേഹത്തിന്റെ സിനിമകളില്‍ ഇത് രേഖപ്പെടുത്താറുമുണ്ട്. സോവിയറ്റ് ജനത ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത ജര്‍മന്‍ ആക്രമണത്തിന്റെ  ആഴമുള്ള വേദനകള്‍ ഫ്രാങ്കോഫോണിയയില്‍ സൊഖുറോവ് പങ്കുവെക്കുന്നുണ്ട്.  നിലനില്‍പ്പിനുള്ള ഫ്രാന്‍സിന്റെ അവകാശത്തെ മാനിക്കുന്നു എന്നു പറയുന്ന നാസിജര്‍മനിയുടെ പൊള്ളത്തരം അദ്ദേഹം എടുത്തുകാട്ടുന്നു. ലെനിന്‍ഗ്രാഡ് നഗരത്തില്‍ 1941-44 കാലത്ത് 872 ദിവസം ജര്‍മനി നടത്തിയ സൈനികഉപരോധത്തിന്റെ ഹൃദയഭേദകമായ ചിത്രങ്ങള്‍ പഴയ ഫൂട്ടേജുകളിലൂടെ വീണ്ടും നമ്മുടെ മുന്നിലെത്തുന്നു. (നഗരജനതയുടെ മൂന്നിലൊന്നു ഭാഗം-ഏതാണ്ട് എട്ടു ലക്ഷം പേര്‍-ആ ദിവസങ്ങളില്‍ പട്ടിണി കിടന്നു മരിച്ചു). തെരുവുകളില്‍, അപ്പാര്‍ട്ടുമെന്റുകളില്‍ മനുഷ്യര്‍ പുഴുക്കളെപ്പോലെ ഒടുങ്ങുന്ന ചിത്രങ്ങള്‍. ലെനിന്‍ഗ്രാഡിനെ കീഴടക്കി ' അഡോള്‍ഫ്‌സ്ബര്‍ഗ്' എന്നു പേരു മാറ്റാനായിരുന്നു ഹിറ്റ്‌ലറുടെ ഉദ്ദേശ്യം. സിനിമ ഒരു സാംസ്‌കാരിക പ്രവര്‍ത്തനം മാത്രമല്ലെന്ന് സൊഖുറോവ് വിശ്വസിക്കുന്നു. അതൊരു രാഷ്ടീയ പ്രവര്‍ത്തനം കൂടിയാണ്.  'ഫ്രാങ്കോഫോണിയ' യെ ഒരു രാഷ്ട്രീയ സിനിമയായാണ് അദ്ദേഹം കണ്ടതെന്നു തോന്നുന്നു. കടന്നുവന്ന പോരാട്ടത്തിന്റെ വഴികളിലേക്ക് തിരിഞ്ഞുനോക്കിയില്ലെങ്കില്‍ നമുക്ക് ഭാവിയിലെ അപകടങ്ങള്‍ നേരിടാനാവില്ലെന്ന് അദ്ദേഹം കരുതുന്നു. 'എല്ലാവര്‍ക്കും ഭാവിയെ കാണാനാകും. പക്ഷേ, ഭൂതകാലത്തെ ആരും ഓര്‍മിക്കാറില്ല' എന്ന്' റഷ്യന്‍ ആര്‍ക്കി ' ലെ കഥാപാത്രമായ യൂറോപ്യന്‍ പറയുന്നുണ്ട്.          ഫ്രാന്‍സിന്റെ കലാപൈതൃകത്തിലേക്കുള്ള സഞ്ചാരമാണ് 'ഫ്രാങ്കോഫോണിയ'. ആ കലാപൈതൃകം നിലനിര്‍ത്തുന്നതില്‍ ലൂവ്‌റ് വഹിച്ച പങ്ക് പ്രാധാന്യമര്‍ഹിക്കുന്നു. ഹെര്‍മിറ്റേജ് മ്യൂസിയമില്ലാത്ത റഷ്യയെപ്പോലെ ലൂവ്‌റില്ലാത്ത ഫ്രാന്‍സിനെ ആര്‍ക്കുവേണം എന്നാണ് സൊഖുറോവ്  ചോദിക്കുന്നത്. രണ്ടു രാജ്യങ്ങളുടെയും സാംസ്‌കാരിക ചരിത്രത്തില്‍ ഈ മ്യൂസിയങ്ങള്‍ വഹിച്ച ജീവത്തായ പങ്കിനെയാണ് സംവിധായകന്‍ ഇവിടെ ഓര്‍മിക്കുന്നത്. സ്വയംവിമര്‍ശത്തിനും സൊഖുറോവിന് മടിയൊന്നുമില്ല. അനുകരിക്കുന്നതില്‍ റഷ്യക്കാര്‍ മിടുക്കരാണെന്ന് യൂറോപ്യന്‍ എന്ന കഥാപാത്രം പരിഹസിക്കുന്നുണ്ട്. എന്തിനാണ് യൂറോപ്യരുടെ കല അപ്പടി റഷ്യക്കാര്‍ കോപ്പിയടിച്ചത് എന്നാണ് അയാള്‍ ഉയര്‍ത്തുന്ന ചോദ്യം. യൂറോപ്യരുടെ പിഴവുകളും ലജ്ജയില്ലാതെ പകര്‍ത്തിയില്ലേ എന്ന കുത്തുവാക്കും അയാളില്‍ നിന്നുണ്ടാകുന്നുണ്ട്. tsureshbabumbi@gmail.com