' അപുര്‍ പാഞ്ചാലി  '  ( അപുവിന്റെ പാട്ട് ) ക്കു ശേഷം കൗശിക് ഗാംഗുലി സംവിധാനം ചെയ്ത ബംഗാളി സിനിമയാണ് ' ഛോട്ടോദര്‍ ഛോബി ' . സത്യജിത് റായിയുടെ ആദ്യചിത്രമായ ' പഥേര്‍ പാഞ്ചാലി ' യില്‍ അപു എന്ന ബാലനായി അഭിനയിച്ച സുബീര്‍ ബാനര്‍ജിയെ അറുപത്തിയെട്ടാം വയസ്സില്‍  കണ്ടെത്തുന്നതാണ് ' അപുര്‍ പാഞ്ചാലി ' യുടെ ഇതിവൃത്തം. ' ഛോട്ടോദര്‍ ഛോബി ' യിലെത്തിയപ്പോള്‍ സിനിമാ അന്തരീക്ഷം വിട്ട് കൗശിക് സര്‍ക്കസ്സിലേക്ക് മാറി.  സമൂഹത്തില്‍ എല്ലാ തലത്തിലും പരിഹാസ്യരായി, ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെയാണ് കൗശിക് ' ഛോട്ടോദര്‍ ഛോബി ' യില്‍ അവതരിപ്പിക്കുന്നത്. എങ്കിലും , കൗശിക് അവരെ തോല്‍ക്കാന്‍ അനുവദിക്കുന്നില്ല. ആവുന്നത്ര തലയുയര്‍ത്തിപ്പിടിച്ച് സമൂഹത്തെ നേരിടാനാണ് അദ്ദേഹം അവരോട് പറയുന്നത്.

സാമൂഹിക സന്ദേശമടങ്ങിയ മികച്ച ചിത്രത്തിനുള്ള 2014 ലെ ദേശീയ അവാര്‍ഡ് ' ഛോട്ടോദര്‍ ഛോബി ' ക്കായിരുന്നു. ' ഛോട്ടോദര്‍ ഛോബി ' എന്നാല്‍ '  ഒരു ചെറിയ കഥ ' എന്നര്‍ഥം. അര്‍ഥപൂര്‍ണമായ ശീര്‍ഷകം. കാരണം, ഈ ചിത്രം കൈകാര്യം ചെയ്യുന്നത് വളര്‍ച്ച മുരടിച്ചുപോയ കുറെ ചെറിയ മനുഷ്യരുടെ ജീവിതകഥയാണ്. വലിയൊരു ലോകത്ത് അപമാനവും അവഗണനയും ചൂഷണവും ഒറ്റപ്പെടലും പരാജയവും ഏറ്റുവാങ്ങാന്‍  വിധിക്കപ്പെട്ട നിസ്സഹായരായ കുറെ ചെറിയ മനുഷ്യര്‍. അവരൊക്കെ സര്‍ക്കസ്സിന്റെ വര്‍ണക്കൂടാരത്തിനുള്ളില്‍ ആരുമറിയാതെ ജീവിച്ചു മരിക്കുകയാണ്. ചെറിയൊരു അശ്രദ്ധ മതി അവരുടെ ജീവിതം നിശ്ചലമാവാന്‍. കാണികളെ ചിരിപ്പിക്കുന്നതിനിടയില്‍ ട്രപ്പീസില്‍ നിന്നൊരു വീഴ്ച. പിന്നെയവര്‍ ടെന്റിനു പുറത്താണ്. അതോടെ വര്‍ണവിളക്കുകളും സംഗീതവും ആര്‍പ്പുവിളിയുമൊക്കെ  അവര്‍ക്കു മുന്നില്‍ അണഞ്ഞുപോകുന്നു.  ഒരേ കിടപ്പു കിടന്ന് ഒടുവില്‍ ഏതെങ്കിലുമൊരു സ്‌നാന്‍ഘട്ടില്‍ അവര്‍ എരിഞ്ഞടങ്ങും.

സര്‍ക്കസ് കൂടാരത്തിനുള്ളിലേക്ക് ഇതിനു മുമ്പ് പല  സംവിധായകരും  ക്യാമറ തിരിച്ചുവെച്ചിട്ടുണ്ട്. അതിനുള്ളിലെ സ്‌നേഹവും നൈരാശ്യവും കാഠിന്യവും പകയും കലര്‍ന്ന ജീവിതവും കാണിച്ചുതന്നിട്ടുണ്ട്. എന്നാല്‍, കോമാളിജീവിതം നയിക്കുന്ന തന്റെ കഥാപാത്രങ്ങളെ കൗശിക് അധികനേരം ആ കൂടാരത്തിനുള്ളില്‍ നിര്‍ത്തുന്നില്ല. പുറത്തെ ലോകത്തേക്കാണ് അദ്ദേഹം അവരെ  കൊണ്ടുപോകുന്നത്. വലിയൊരു ജനസഞ്ചയത്തിലേക്ക്്  അവരെ ഇറക്കിവിടുന്നു.  സഹതാപം പിടിച്ചുവാങ്ങാന്‍ ശ്രമിക്കാത്ത, സാധാരണജീവിതം നയിക്കാനാഗ്രഹിക്കുന്ന വ്യക്തിത്വമുള്ള മനുഷ്യരാണവര്‍. ലോകത്തിന്റെ  പരിഹാസങ്ങളെ കൂസാതെ നടന്നുപോകാനാണവര്‍ ശ്രമിക്കുന്നത്. എന്നിട്ടും സ്വന്തം തൊഴിലിടങ്ങളില്‍, ബസ്സില്‍, ട്രെയിനില്‍,  തെരുവില്‍ അവര്‍ അവഹേളനത്തിനിരയാകുന്നു.

സര്‍ക്കസ്സിലെ കോമാളിയായ ഖോക്ക എന്ന ചെറുപ്പക്കാരനും കുടുംബം പോറ്റാന്‍ ലോക്കല്‍ ട്രെയിനുകളില്‍ എലിവിഷം വിറ്റുനടക്കുന്ന ഷോമ എന്ന ചെറുപ്പക്കാരിയുമാണ് ഈ സിനിമയിലെ നായകനും നായികയും. രണ്ടുപേരും വളര്‍ച്ച മുരടിച്ചുപോയ വാമനരൂപികള്‍. അവര്‍ക്കിടയില്‍ രൂപമെടുക്കുന്ന പ്രണയം. പക്ഷേ, അവര്‍ക്കത് സാക്ഷാത്കരിക്കാനാവുന്നില്ല. പൊക്കം കുറഞ്ഞ മനുഷ്യരെ എന്തിനു  വീണ്ടും ലോകത്തേക്ക്് ജനിപ്പിച്ചുവിടണം എന്ന ചിന്തയില്‍ തങ്ങളുടെ പ്രണയം ശുദ്ധമായ സൗഹൃദത്തിലേക്ക് വഴിതിരിച്ചുവിടുകയാണവര്‍.

കൗശിക്കിന്റെ സിനിമാപരിചരണരീതി വ്യത്യസ്തമാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങളെയൊന്നും അദ്ദേഹം അംഗപരിമിതരായി കണക്കാക്കുന്നേയില്ല. കൗശിക്കിന്റെ കണ്ണില്‍ അവരെല്ലാം പൂര്‍ണ മനുഷ്യരാണ്. കുള്ളന്മാരായി ജനിച്ചതിന്റെ പേരില്‍ ഒരാനുകൂല്യവും അവര്‍ ചോദിക്കുന്നില്ല. മറ്റാരേയുംപോലെ തങ്ങള്‍ക്കുള്ള അവകാശങ്ങള്‍ വിട്ടുകൊടുക്കാനും അവര്‍ തയ്യാറല്ല. അവരുടെ അംഗവൈകല്യങ്ങളില്‍ നിന്ന് ചിരിയോ സഹതാപമോ ഉണ്ടാക്കാനല്ല സംവിധായകന്റെ ശ്രമം. സ്‌നേഹവും കരുണയും കോപവും താപവുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന അവരുടെ മനസ്സിലേക്കാണ് അദ്ദേഹം നോക്കുന്നത്. പൊതുസ്ഥലങ്ങളില്‍  വെച്ചുനീട്ടുന്ന ഔദാര്യങ്ങളെ ചെറുപുഞ്ചിരിയോടെ നിരാകരിക്കുന്ന ഖോക്ക എന്ന കഥാനായകനിലൂടെ  കരുണയില്ലാത്ത സമൂഹത്തെ വിമര്‍ശിക്കുകയാണ് കൗശിക്.

   സര്‍ക്കസ് കൂടാരത്തിലെ വര്‍ണാഭമായ പ്രകാശവൃത്തങ്ങളില്‍ നിന്നാണ് സിനിമയുടെ തുടക്കം. രസം പിടിച്ചിരിക്കുന്ന കാണികള്‍. കോമാളികളുടെ വിഡ്ഢിത്തങ്ങള്‍ കണ്ട് അവര്‍ ആര്‍ത്തുചിരിക്കുന്നു. മരണഗോളത്തില്‍ ചീറിപ്പായുന്ന ബൈക്കുകള്‍ . ' മേരാ നാം ജോക്കറി ' ലെ പ്രശസ്തമായ ' ജീനാ യഹാം, മര്‍നാ യഹാം ' എന്ന പാട്ട് നിര്‍വികാരനായി വായിക്കുന്ന എക്കോഡിയനിസ്റ്റ്.  ട്രപ്പീസുകളില്‍ ഒഴുകിപ്പറക്കുന്ന മനുഷ്യരിലേക്ക് പെട്ടെന്ന് ക്യാമറ തിരിയുന്നു. ഒരു കോമാളി താഴേക്ക് പതിക്കുന്ന ദൃശ്യം. അതിലെ തമാശ കണ്ട് കാണികള്‍ കയ്യടിക്കുന്നു. സംരക്ഷണവലയും  കടന്ന്് വെറും നിലത്തേക്കായിരുന്നു അബദ്ധവശാലുള്ള ആ വീഴ്ച എന്ന് അവരറിയുന്നില്ല. അതുവരെ കാണികളെ ചിരിപ്പിച്ച ഷിബു എന്ന കോമാളി നട്ടെല്ലൊടിഞ്ഞ് മൃതപ്രായനാവുന്നു. സര്‍ക്കസ് മാനേജര്‍ നല്‍കിയ 15,000 രൂപയുമായി ഖോക്ക എന്ന കോമാളി ഷിബുവിന്റെ വീട്ടിലേക്ക് പോവുന്നു. ഷിബുവിന്റെ വീഴ്ചയോടെ ഒരു കുടുംബമാണ് തകര്‍ന്നുപോകുന്നത്.  

ഷിബുവിന്റെ ഉറ്റചങ്ങാതിയായ ഖോക്കയുടെ കൈയില്‍ കൊടുത്തുവിടുന്ന  ചെറിയ തുകയില്‍ നഷ്ടപരിഹാരം ഒതുക്കാനാണ്്് കുടിലനായ മാനേജര്‍ ശ്രമിച്ചത്. ഖോക്ക യാചിച്ചിട്ടും അയാളുടെ മനസ്സലിയുന്നില്ല. ഷിബുവിനെ പരിചരിക്കാന്‍ നില്‍ക്കേണ്ടിവന്നതിനാല്‍ ഭാര്യ ഗോപക്ക് കൊല്‍ക്കത്തയിലെ ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ട്രെയിനില്‍ എലിവിഷത്തിന്റെ പാക്കറ്റുകള്‍ വിറ്റാണ് മകള്‍ ഷോമ വീട്ടുചെലവിനുള്ള വക കണ്ടെത്തുന്നത്. അര ലക്ഷത്തോളം രൂപ ഷിബുവിന്റെ ചികിത്സക്ക് ചെലവഴിച്ചു. ആഭരണം വിറ്റും കടം വാങ്ങിയുമാണ് ആ കുടുംബം ചികിത്സച്ചെലവ് കണ്ടെത്തിയത്. തന്റെ പ്രതീക്ഷയായിരുന്ന സര്‍ക്കസ് കമ്പനി തന്നെ കൈവിട്ടു എന്നറിഞ്ഞതോടെ ഷിബുവിന്റെ എല്ലാ ആശയും അസ്തമിച്ചു. എല്ലാവരുടെയും കഷ്ടതകള്‍ക്ക് അറുതി വരുത്താന്‍ ഷിബു കണ്ടുപിടിച്ച മാര്‍ഗം ആത്മഹത്യയായിരുന്നു. കടക്കെണിയിലായ ആ കുടുംബത്തെ ഉപേക്ഷിച്ചുപോകാന്‍ ഖോക്കയ്ക്ക്്് മനസ്സു വരുന്നില്ല. അവന്‍ സര്‍ക്കസ്സിലെ ജോലി ഉപേക്ഷിച്ച് ഷിബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നു. ഷോമയോട് തോന്നിയ സഹതാപം പ്രണയമായി മാറുന്നു. ഷോമയ്ക്ക് ഖോക്കയുടെ നല്ല മനസ്സ് ഇഷ്ടമായിരുന്നു. എങ്കിലും, അവനുമൊത്തുള്ള ജീവിതം അവളാഗ്രഹിച്ചില്ല.  തങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ പങ്കിടാന്‍ ഈ ഭൂമിയിലേക്ക് വീണ്ടുമെന്തിന് കുഞ്ഞുമനുഷ്യരെ ജനിപ്പിച്ചുവിടണം എന്ന ചിന്തയില്‍ വിവാഹസ്വപ്‌നങ്ങളെ അവള്‍ കണ്ണീരില്‍ ഒഴുക്കിക്കളയുന്നു.

   സിനിമാസെറ്റുകളില്‍  ജോലി ചെയ്യുന്ന അംഗപരിമിതരായ  ചെറിയ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സംവിധായകന്‍ കൗശിക്കിനെ പലപ്പോഴും അലട്ടിയിരുന്നു. അവര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. സംഘബലമില്ലാത്ത ഈ പാവങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട് ദയയില്ലാത്ത സമൂഹത്തോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് കൗശിക് തന്റെ സിനിമയിലൂടെ.  ഈ മനുഷ്യരെ എന്തുകൊണ്ടാണ് സമൂഹം തങ്ങളിലൊരാളായി പരിഗണിക്കാന്‍ മടിക്കുന്നത് ?  കിട്ടുന്ന അവസരങ്ങളിലെല്ലാം എന്തിനാണവരെ നിര്‍ദാക്ഷിണ്യം പരിഹസിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നത് ?  തങ്ങളാഗ്രഹിക്കാത്ത സഹതാപം നല്‍കി എന്തിനാണ്  അവരെ വീണ്ടും കൊച്ചാക്കുന്നത് ?  ഖോക്കയും ഷോമയും പ്രതിനിധാനം ചെയ്യുന്നത് സംവിധായകനെത്തന്നെയാണ്.

ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വലിയ മനുഷ്യരായാണ് കൗശിക് തന്റെ കഥാപാത്രങ്ങളെ പരിഗണിക്കുന്നത്. ബസ്സില്‍  നിന്നു യാത്ര ചെയ്യവേ സഹതാപം തോന്നി  സീറ്റൊഴിഞ്ഞുകൊടുക്കുന്ന യാത്രക്കാരനെ ഖോക്ക വിലക്കുന്ന രംഗമുണ്ടിതില്‍. ' ഞാന്‍ വികലാംഗനല്ല ' എന്ന് പറഞ്ഞാണ് അവന്‍  ആ സൗജന്യം നിരസിക്കുന്നത്. ഓട്ടോറിക്ഷയില്‍ കയറാന്‍ പറ്റുമോ എന്നു ചോദിക്കുന്ന മറ്റൊരു യാത്രക്കാരന് ഖോക്ക നല്‍കുന്ന മറുപടി ' ഞാന്‍ മരത്തിലും കയറും ' എന്നാണ്. അസ്ഥാനത്തുള്ള ഈ അനാവശ്യ സൗജന്യങ്ങളെ നിരാകരിക്കുമ്പോഴും പരിഹാസവാക്കുകളെ പ്രതിരോധിക്കാന്‍ ചിലപ്പോള്‍ ഖോക്കയ്ക്കും കഴിയുന്നില്ല. റെയില്‍വേസ്റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ വരി നില്‍ക്കുന്ന തന്നെ പരാമര്‍ശിച്ച് ' അവന് അര ടിക്കറ്റ് കൊടുത്താല്‍ മതി ' എന്ന് പരിഹസിക്കുന്ന ചെറുപ്പക്കാരനു മുന്നില്‍ നിശ്ശബ്ദനാകാനേ അവനു കഴിയുന്നുള്ളു.

   ഖോക്ക, ഷോമ എന്നീ കഥാപാത്രങ്ങളിലൂടെയാണ് സംവിധായകന്‍ കൗശിക് ഗാംഗുലി ശക്തമായി സാമൂഹിക വിമര്‍ശം നടത്തുന്നത്. ഒരവസരത്തില്‍  ഖോക്ക സ്വയം പരിചയപ്പെടുത്തുന്നത് ' സര്‍ക്കസ്സിലെ കോമാളി ' എന്നു പറഞ്ഞാണ്. അവന് മറ്റൊരു വിലാസം ഓര്‍ത്തെടുക്കാനില്ല. മുറിവേറ്റ ആ വാക്കുകളില്‍ അവന്റെ വേദന നിറഞ്ഞുനില്‍ക്കുന്നുണ്ട്്്. സര്‍ക്കസ്സിലെ മൃഗങ്ങള്‍ക്ക്് പകരംവെച്ചിരിക്കുന്നത് തങ്ങളെയാണെന്ന് അവന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറയുന്നു. പുലിവേഷം കെട്ടിയും  മിക്കിമൗസിന്റെ ചിരിക്കുന്ന മുഖപടമണിഞ്ഞും കോമാളിവേഷമണിഞ്ഞ്് പൊയ്ക്കാലില്‍ നടന്നും കടകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന കൂട്ടുകാരോടാണ് ഖോക്ക ഇങ്ങനെ പറയുന്നത്. സ്ഥിരവരുമാനം കിട്ടുന്ന ജോലി എന്ന നിലയ്ക്ക് സര്‍ക്കസ്സിലേക്കാണ് ആ കൂട്ടുകാര്‍ക്ക് നോട്ടം. അപ്പോഴാണ് സര്‍ക്കസ് കൂടാരത്തിലെ തങ്ങളുടെ ഇരുണ്ട മുഖം ഖോക്ക കാട്ടിക്കൊടുക്കുന്നത്. ' ഇപ്പോള്‍ സര്‍ക്കസ്സില്‍ മൃഗങ്ങളില്ല. ഞങ്ങള്‍ കോമാളികളാണ്  അവിടത്തെ മൃഗങ്ങള്‍.

നാട്ടുകാര്‍ വരുന്നത് ഞങ്ങളെ കാണാനാണ്. ജോക്കര്‍മാരെ കാണാനാണവര്‍ കാശ് മുടക്കുന്നത് ' - ഖോക്കയുടെ ഈ വാക്കുകള്‍ക്കു മുന്നില്‍ അവര്‍ നിശ്ശബ്്ദരാകുന്നു. വാമനാവതാരത്തിന്റെ മഹത്വം ഘോഷിക്കുന്ന സമൂഹം ഒരു മംഗളകര്‍മത്തിനും  തങ്ങളെ വിളിക്കാറില്ലെന്ന് ഷോമ പരിതപിക്കുന്നു. അച്ഛന്റെ ചാവടിയന്തരത്തിന് നാട്ടുകാരെ വിളിച്ച്് ഊട്ടുന്നതിനെ അവള്‍ ശക്തിയായി എതിര്‍ക്കുന്നു. ലോകത്തിന് ഇനി തന്നെയും ഖോക്കയെയുംപോലുള്ള കുള്ളന്മാരെ ആവശ്യമില്ലെന്നാണ് ഷോമയുടെ വാദം. ' ഓരോ കുറിയ മനുഷ്യനും തികച്ചും ഒറ്റപ്പെട്ട്്്  ഒന്നിനു പിറകെ ഒന്നായി ചത്തടിയണം. എങ്കിലേ നമ്മളെപ്പോലുള്ളവര്‍ വീണ്ടും ജനിക്കാതിരിക്കൂ. ' - ഖോക്കയുടെ വിവാഹസ്വപ്‌നങ്ങള്‍ക്ക്്്് തടയിട്ടുകൊണ്ട്്് ഷോമ തന്റെ വാദം നിരത്തുന്നു. എങ്കിലും, തന്റെ  നല്ല സുഹൃത്തായി കഴിഞ്ഞുകൂടേ എന്ന ഖോക്കയുടെ ചോദ്യത്തിന് അവള്‍ അനുകൂലമായാണ് പ്രതികരിക്കുന്നത്. സിയാല്‍ദാ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എന്നും രണ്ടു മണിക്ക് കണ്ടുമുട്ടുന്ന ആ രണ്ടു സുഹൃത്തുക്കളുടെയും ആഹ്ലാദനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ ചെറുതാക്കിച്ചെറുതാക്കിക്കാണിച്ച്് കൗശിക് ഗാംഗുലി  നൂറു മിനിറ്റുള്ള ' ഛോട്ടോബര്‍ ഛോബി '  സിനിമ അവസാനിപ്പിക്കുന്നു.  എല്ലാ വേദനയും മറന്നു ചിരിക്കുന്ന ഖോക്കയ്ക്കും ഷോമയ്ക്കുമൊപ്പം നമ്മുടെ മനസ്സും പ്രസാദാത്മകമാവുന്നു.

2014 ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ' ഛോട്ടോദര്‍ ഛോബി '. ദുലാല്‍ സര്‍ക്കാര്‍ ( ഖോക്ക ), ദേബലിന റോയ് ( ഷോമ ) എന്നീ അഭിനേതാക്കളാണ് ഈ സിനിമയുടെ വിജയത്തിനു പിന്നിലെ പ്രധാന ശക്തി.  കഥാസന്ദര്‍ഭത്തിനനുസരിച്ചുള്ള അവരുടെ പെരുമാറ്റമാണ് നമ്മളെ ആകര്‍ഷിക്കുന്നത്. അവരുടെ കണ്ണീരും പൊട്ടിച്ചിരിയും മുഖത്തെ ഗൗരവമാര്‍ന്ന ഭാവങ്ങളും മറക്കുക പ്രയാസം.  ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത് ദുലാല്‍ സര്‍ക്കാറാണ്.

നാല്‍പ്പത്തിയേഴുകാരനായ സംവിധായകന്‍ കൗശിക് ഗാംഗുലി  തിരക്കഥാകൃത്തും നടനുമാണ്. അരെക്തി പ്രിമര്‍  ഗോല്‍പോ , ശബ്്്‌ദോ , ലാപ്‌ടോപ്പ്, ഖാദ്,  അപുര്‍ പാഞ്ചാലി എന്നിവയാണ് കൗശിക്കിന്റെ പ്രധാന സിനിമകള്‍. 2010 ല്‍ പുറത്തിറങ്ങിയ അരെക്തി പ്രിമര്‍ ഗോല്‍പോ ട്രാന്‍സ്ജന്‍ഡറായ ഡോക്യുമെന്ററി സംവിധായകന്റെ മാനസിക സംഘര്‍ഷത്തിന്റെ കഥ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ  ചുര്‍ണി ഗാംഗുലിയും സംവിധാനരംഗത്ത് മികവ് തെളിയിച്ചുകഴിഞ്ഞു.  2014 ലെ മികച്ച ബംഗാളി സിനിമക്കുള്ള ദേശീയ അവാര്‍ഡ് ചുര്‍ണി സംവിധാനം ചെയ്ത ആദ്യചിത്രമായ ' നിര്‍ബഷിതോ '  ( ബഹിഷ്‌കൃത ) ആണ് കരസ്ഥമാക്കിയത്. ഇതിന്റെ തിരക്കഥ കൗശിക്കും ചുര്‍ണിയും ചേര്‍ന്നാണ് രചിച്ചത്. ചിത്രത്തിലെ നായികയായി അഭിനയിച്ചതും ചുര്‍ണി തന്നെ. പ്രശസ്ത ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റീന്റെ ജീവിത്തെ അധാരമാക്കിയാണ് ' നിര്‍ബഷിതോ ' രൂപപ്പെടുത്തിയത്. സ്വന്തമായി രാജ്യമില്ലാതെ ഒളിവുജീവിതം നയിക്കുന്ന ഒരെഴുത്തുകാരിയും അവരുടെ അരുമയായ പൂച്ചയുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. 2015 ല്‍ റിലീസ് ചെയ്ത മികച്ച 10 ബംഗാളി സിനിമകളുടെ ലിസ്റ്റ്് ടൈംസ് ഓഫ് ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഛോട്ടോദര്‍ ഛോബിയും നിര്‍ബഷിതോയും ഉള്‍പ്പെടും.