കേരളം ഏറ്റുപാടുന്ന ആ സ്‌നേഹദീപം അന്ന് മിഴിതുറന്നതെങ്ങനെ?


രവി മേനോന്‍

മുട്ടുകുത്തി നിന്നും പൂജാമുറിയില്‍ തൊഴുതുനിന്നും ചമ്രം പടിഞ്ഞിരുന്നുമൊക്കെ പാടാവുന്ന ഒരു പാട്ടാവണം ഇത്.

Photo: Mathrubhumi Archives

കലെ ആകാശസീമകളിലെങ്ങോ ഇരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും പുകഴേന്തിയുടെ ആത്മാവ്; പിറന്നുവീണ് അരനൂറ്റാണ്ടിനിപ്പുറം സ്വന്തം സംഗീത സൃഷ്ടികളിലൊന്ന് ജന്മനാട്ടില്‍ ഇത്രയേറെ ആഘോഷിക്കപ്പെടുന്ന അത്ഭുതകരമായ കാഴ്ച്ച കണ്ട്.

1972 ല്‍ പുറത്തുവന്ന ``സ്‌നേഹദീപമേ മിഴി തുറക്കൂ'' എന്ന ചിത്രത്തില്‍ പി ഭാസ്‌കരന്‍-പുകഴേന്തി-എസ് ജാനകി കൂട്ടുകെട്ട് ഒരുക്കിയ ശീര്‍ഷകഗാനം കോവിഡിനെതിരായ മലയാളിയുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു; ഉദാത്തമായ ഗാനപ്രതീകം. ആനന്ദത്തിന്‍ അരുണകിരണമായ് അന്ധകാരമിതില്‍ അവതരിക്കാന്‍ ലോകപാലകനായ ജഗദീശ്വരനോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം സമൂഹമാധ്യമങ്ങളില്‍ ദിനംപ്രതി കൂടിവരുന്നു. സിനിമാതാരങ്ങളും ഗായകരും രാഷ്ട്രീയക്കാരും എഴുത്തുകാരും സാധാരണക്കാരുമൊക്കെയുണ്ട് അക്കൂട്ടത്തില്‍.

കാല്‍ നൂറ്റാണ്ടോളം മുന്‍പ് ഗായകന്‍ ജയചന്ദ്രനോടൊപ്പം ചെന്നൈയിലെ വീട്ടില്‍ ചെന്ന് കണ്ടപ്പോള്‍ പുകഴേന്തി സാര്‍ സംസാരിച്ചതേറെയും ഗുരുവായ കെവി മഹാദേവനെ കുറിച്ചായിരുന്നു. എങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ ഇടയ്‌ക്കൊക്കെ സ്വന്തം ഈണങ്ങളും മൂളി അദ്ദേഹം-ഗോപുരക്കിളി വാതിലില്‍, വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ, സ്വന്തം ഹൃദയത്തിനുള്ളറയില്‍, മധുരപ്രതീക്ഷ തന്‍, ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴിതുറക്കൂ.... കട്ടി മീശയും പുരികവും ചെവിയില്‍ രോമവും അധികം ചിരിക്കാത്ത പ്രകൃതവുമൊക്കെയായി കാഴ്ച്ചയില്‍ പരുക്കനാണെങ്കിലും പാടിത്തന്ന പാട്ടുകളില്‍ എല്ലാമുണ്ടായിരുന്നു ആ മനസ്സിന്റെ മൃദുത്വവും ആര്‍ദ്രതയും. കാലമിത്ര കഴിഞ്ഞിട്ടും, ഇപ്പോഴും കാതില്‍ മുഴങ്ങുന്നു ഭാവോജ്വലമായ ആ ശബ്ദം. ശങ്കരാഭരണത്തിലെ വിഖ്യാതമായ പാട്ടുകള്‍ എസ് പി ബാലസുബ്രഹ്മണ്യത്തെ പാടിപ്പഠിപ്പിച്ച അതേ ശബ്ദം തന്നെ.

``മുട്ടുകുത്തി നിന്നും പൂജാമുറിയില്‍ തൊഴുതുനിന്നും ചമ്രം പടിഞ്ഞിരുന്നുമൊക്കെ പാടാവുന്ന ഒരു പാട്ടാവണം ഇത്. ആര്‍ക്കും പാടാവുന്ന ലളിതമായ ഒരു പ്രാര്‍ഥനാഗീതം..'' സ്‌നേഹദീപത്തിന്റെ വരികള്‍ എഴുതിക്കൊടുക്കുമ്പോള്‍ ഭാസ്‌കരന്‍ മാഷ് പറഞ്ഞു. വിശ്രുത ബംഗാളി എഴുത്തുകാരന്‍ താരാശങ്കര്‍ ബന്ദോപാധ്യായയുടെ കഥയെ അവലംബിച്ചെടുത്ത പടമായിരുന്നതിനാലാവണം, രചനക്ക് മാഷ് ആധാരമാക്കിയത് ഇഷ്ടകവിയായ സാക്ഷാല്‍ രവീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാതമായ ഒരു ബംഗാളി കവിതയാണ്-പരമഹംസ യോഗാനന്ദ ഇംഗ്‌ളീഷിലേക്ക് ഭാഷാന്തരം ചെയ്ത ``ലൈറ്റ് ദി ലാംപ് ഓഫ് ദൈ ലവ്'' (Light the lamp of thy love). മനസ്സിലെ അന്ധകാരം നീക്കി സ്‌നേഹത്തിന്റെ ദീപം തെളിയിക്കുക എന്ന ആശയമേ ആ കവിതയില്‍ നിന്ന് കടമെടുത്തിട്ടുള്ളൂ ഭാസ്‌കരന്‍ മാഷ്. ബാക്കിയെല്ലാം മാഷിന്റെ ഭാവനയില്‍ നിന്നുയിര്‍കൊണ്ട വരികളും ഇമേജറികളും.

ഇറങ്ങിയ കാലത്ത് ശ്രദ്ധിക്കപ്പെട്ടവയായിരുന്നു ആ പടത്തിലെ പാട്ടുകളെല്ലാം. കൂടുതല്‍ അറിയപ്പെട്ടത് ``നിന്റെ മിഴികള്‍ നീല മിഴികള്‍'' ആണെന്ന് മാത്രം. എങ്കിലും എസ് ജാനകി പാടിയ ശീര്‍ഷക ഗാനം 48 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്രയേറെ ജനകീയമായി മാറുമെന്ന് സങ്കല്പിച്ചിരിക്കില്ല പുകഴേന്തി സാര്‍. ``സ്വതന്ത്ര സംഗീത സംവിധായകനാകാന്‍ ഒരിക്കലും മോഹിച്ച ആളല്ല ഞാന്‍. ഗുരുവായ കെ വി മഹാദേവന്‍ സാറിന്റെ നിഴലില്‍ ഒതുങ്ങിക്കൂടാനായിരുന്നു ആഗ്രഹം. ഭാസ്‌കരന്‍ മാഷ് നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് ഇത്രയെങ്കിലും സിനിമകള്‍ ചെയ്തത്. ആ ഗാനങ്ങള്‍ മഹത്തരമാണ് എന്ന് തോന്നിയിട്ടുമില്ല. എങ്കിലും അവ നിങ്ങളൊക്കെ ഇക്കാലത്തും ഓര്‍മയില്‍ സൂക്ഷിക്കുന്നു എന്നറിയുമ്പോള്‍ ആത്മസംതൃപ്തി തോന്നുന്നു.'' -- വിനയത്തിന്റെയും ഹൃദയവിശുദ്ധിയുടെയും ഭാഷയില്‍ പുകഴേന്തി സാര്‍ പറഞ്ഞ വാക്കുകള്‍ മറന്നിട്ടില്ല.

ഒരേയൊരു കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന് ദുഃഖം. ``പെറ്റമ്മയായ കേരളത്തിന് ഞാന്‍ തമിഴനാണ്. പോറ്റമ്മയായ തമിഴ്നാടിന് മലയാളിയും. ഒരു പക്ഷേ എന്റെ പേരിന്റെ പ്രത്യേകത കൊണ്ടാകാം.'' 2005 ഫെബ്രുവരിയില്‍ അദ്ദേഹം നിര്യാതനായപ്പോള്‍ മലയാള മാധ്യമങ്ങള്‍ക്ക് അതൊരു വലിയ വാര്‍ത്തയാകാതിരുന്നതും ഈ ``ദ്വന്ദ''വ്യക്തിത്വം കൊണ്ടുതന്നെയായിരുന്നില്ലേ? തിരുവനന്തപുരത്ത് ചാലയില്‍ ജനിച്ചുവളര്‍ന്ന വേലപ്പന്‍ നായര്‍ എന്ന അപ്പു പുകഴേന്തിയായ കഥ അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍: ``തിരുവനന്തപുരം ആര്യശാലയില്‍ അന്നൊരു സിനിമാഹാളുണ്ട് -ചിത്ര. ഒരു നാടകവുമായി ബന്ധപ്പെട്ട് അവിടെയെത്തിയ പ്രശസ്ത ഗായിക കെ ബി സുന്ദരാംബാളുമായുള്ള കൂടിക്കാഴ്ചയാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. എന്നിലെ ഗായകനെ ആദ്യം തിരിച്ചറിഞ്ഞതും അനുഗ്രഹിച്ചതും അവരാണ്. അതോടെ എങ്ങനെയെങ്കിലും സിനിമയില്‍ പാടണം എന്നായി മോഹം.''

പ്രശസ്ത ഹാസ്യനടന്‍ എന്‍ എസ് കൃഷ്ണന്റെ എന്‍എസ്‌കെ നാടകസഭയില്‍ അപ്പുവിനെ കൊണ്ടെത്തിച്ചത് ഈ സിനിമാഭ്രമം തന്നെ. എംപി ശിവം ആണ് അന്ന് സഭയിലെ സംഗീത സംവിധായകന്‍. പേരില്‍ തമിഴ് ചുവയുണ്ടെങ്കിലും അസ്സല്‍ മലയാളിയായിരുന്നു ശിവം-പാലക്കാട് പരമേശ്വരന്‍ നായര്‍. അപ്പുവിനെ ശാസ്ത്രീയ സംഗീതം അഭ്യസിപ്പിച്ചതും ഹാര്‍മോണിയം പഠിപ്പിച്ചതും ശിവമാണ്. ആയിടക്കൊരിക്കല്‍ തമിഴ്നാട്ടിലെ ബോംബെ ഷോ എന്ന കാര്‍ണിവല്‍ സംഘത്തിന്റെ നാടകത്തിന് സംഗീതസംവിധാനം നിര്‍വഹിക്കാന്‍ ഗുരു ശിഷ്യനെ ചുമതലപ്പെടുത്തുന്നു. വര്‍ഷം 1949. തമിഴ്നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്ന ശിഷ്യന് തമിഴ് ചുവയുള്ള പേര് സംഗീതജീവിതത്തില്‍ ഗുണകരമാകുമെന്ന് തോന്നി ഗുരുവിന്. പുകഴേന്തി എന്ന പുതിയ പേര് ശിവം ശിഷ്യന് ചാര്‍ത്തിക്കൊടുക്കുന്നത് അങ്ങനെയാണ്. ``പുകഴ് പെറ്റവന്‍ എന്നൊരു അര്‍ത്ഥമേ ഞാന്‍ ആ പേരില്‍ അന്ന് കണ്ടുള്ളൂ. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഹാകവി കമ്പരുടെ സമകാലികനായ ഒരു കവിയുടെ പേരാണതെന്ന് മനസ്സിലായത്..''-പുകഴേന്തി പറഞ്ഞു.

മലയാളത്തില്‍ പുകഴേന്തി സംഗീതം പകര്‍ന്ന ചിത്രങ്ങള്‍ കഷ്ടിച്ച് പന്ത്രണ്ടെണ്ണം മാത്രം. പക്ഷേ ആ പാട്ടുകള്‍ ഓരോന്നും മെലഡിയുടെ നവ്യസുഗന്ധം ചൊരിയുന്നവ: മധുരപ്രതീക്ഷ തന്‍, മാമ്പഴക്കൂട്ടത്തില്‍ (ഭാഗ്യമുദ്ര), ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ, നിന്റെ മിഴികള്‍ നീലമിഴികള്‍ (സ്‌നേഹദീപമേ മിഴിതുറക്കൂ), അപാര സുന്ദര നീലാകാശം, ഗോപുരമുകളില്‍, മരണദേവനൊരു (വിത്തുകള്‍), ഗോപുരക്കിളിവാതിലില്‍ (വിലകുറഞ്ഞ മനുഷ്യന്‍), സഖീ കുങ്കുമമോ (മൂന്ന് പൂക്കള്‍), സുന്ദരരാവില്‍ (കൊച്ചനിയത്തി)......

``എല്ലാവരും ചോദിക്കാറുണ്ട് എന്റെ സ്ത്രീശബ്ദ ഗാനങ്ങളില്‍ 90 ശതമാനവും എസ് ജാനകി പാടാന്‍ ഇടയായതെങ്ങനെ എന്ന്. നമ്മള്‍ ഉദ്ദേശിക്കുന്ന തലത്തിന് അപ്പുറത്തേക്ക് പറന്നുചെന്ന് ഗാനത്തിന് സവിശേഷമായ മാധുര്യം നല്കാന്‍ ജാനകിക്കുള്ള കഴിവ് മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല എന്നാണ് ഉത്തരം. അവര്‍ പാടുന്നത് കേട്ട് കോരിത്തരിച്ചിരുന്നു പോയിട്ടുണ്ട് പലപ്പോഴും. ആലാപനത്തിലെ ആ മാജിക് അനുപമം.'' പുകഴേന്തിയുടെ വിശ്വാസം തെറ്റല്ലെന്നറിയാന്‍ ``ലോകം മുഴുവന്‍ സുഖം പകരം'' എന്ന പാട്ട് ഒരിക്കല്‍ കൂടി കേട്ടുനോക്കുകയേ വേണ്ടൂ.

Content Highlights: Lokam Muzhuvan Sugam Pakaraanay Pukazhenthi PBhaskaran Ravi Menon Janaki Chithra Corona Covid19

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented