Pankaj Udhas
സപ്തതി ആശംസകൾ, പങ്കജ് ഉധാസ്
പാതിരാക്കാറ്റിൽ പ്രണയാർദ്രമായ ഒരീണത്തിന്റെ സൗരഭ്യം വന്നുനിറയുന്നു. കടപ്പുറത്തെ പഞ്ചാരമണലിൽ ഇരുന്ന് സ്വയം മറന്നു പാടുകയാണ് പങ്കജ് ഉധാസ്. മൈക്കും മൾട്ടി വാട്സ് സ്പീക്കറുമില്ല. ശ്രുതി മീട്ടാൻ പേരിനൊരു ഹാർമോണിയം പോലുമില്ല. മുന്നിൽ അനന്തവിശാലമായ സമുദ്രവും ഇരമ്പുന്ന തിരമാലകളും മാത്രം. ആത്മീയ വിശുദ്ധി നിറഞ്ഞ ആ അന്തരീക്ഷത്തിലേക്ക് ഉധാസിന്റെ ഭാവദീപ്തമായ നാദം ഒഴുകിയെത്തുന്നു: ``ഏ മൊഹബ്ബത് തേരെ അൻജാം പെ രോനാ ആയാ, ജാനേ ക്യോ ആജ് തേരെ നാം പേ രോനാ ആയാ...''
മറക്കാനാവില്ല ആ പാതിരാ മെഹ്ഫിൽ. ബേഗം അഖ്തർ എന്റെ ഹൃദയത്തിന്റെ ഭാഗമായിത്തീർന്ന രാവാണത്. അതിനു നിമിത്തമായത് പങ്കജ് ഉധാസ് ആണെന്നത് വിധിവൈചിത്ര്യമാകാം. ഗസലിനെ ``വാണിജ്യവൽക്കരിച്ചതിന്റെ'' പേരിൽ പാരമ്പര്യവാദികളുടെ വിമർശനശരങ്ങൾ ഏറെ ഏറ്റുവാങ്ങിയ ഗായകൻ.
മൂന്ന് പതിറ്റാണ്ടിലേറെക്കാലം മുൻപ് കോഴിക്കോട്ട് ആദ്യമായി ഗസൽ നിശ അവതരിപ്പിക്കാൻ എത്തുമ്പോൾ ഇന്നത്തെയത്ര പ്രശസ്തനല്ല പങ്കജ് ഉധാസ്. ``നാം'' എന്ന സിനിമയിലെ ``ചിട്ടി ആയി ഹേ'' നാട്ടിലെങ്ങും തരംഗമായിത്തുടങ്ങുന്നതേയുള്ളൂ. യുട്യൂബും സോഷ്യൽ മീഡിയയുമൊക്കെ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാത്ത കാലം. ആഹട്, ആഫ്രീൻ തുടങ്ങിയ ആദ്യകാല ആൽബങ്ങളിലൂടെ ആയിരുന്നു കേരളത്തിൽ ഉധാസിന് ഖ്യാതി; അതും ഗസലിന്റെ കടുത്ത ആരാധകർക്കിടയിൽ മാത്രം. ഒരഭിമുഖത്തിനായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അന്നത്തെ തുടക്കക്കാരനായ പത്രലേഖകനോട് ചിരകാല സൗഹൃദത്തിന്റെ ഊഷ്മളതയോടെ ഉധാസ് പറഞ്ഞു: ``വരൂ, പരിപാടി കഴിഞ്ഞ് നമുക്ക് ഹോട്ടൽ മുറിയിൽ കാണാം. രാത്രി ഒൻപതരയോടെ ഞാനെത്തും...''
സംഗീതജ്ഞരെ അകലെ നിന്ന് ആരാധനയോടെ മാത്രം കണ്ടിരുന്ന ട്രെയിനീ റിപ്പോർട്ടർക്ക് മറക്കാനാവാത്ത അനുഭവമായി ആ കാർ യാത്ര. പാട്ടും കവിതയും ലഹരിയുമൊക്കെ ഇടകലർന്ന അപൂർവ സുന്ദര നിമിഷങ്ങൾ. ഇടയ്ക്ക് കാർ കോഴിക്കോട് കടപ്പുറത്ത് ചെന്ന് നിൽക്കുന്നു. അറബിക്കടലിന്റെ വന്യവും വശ്യവുമായ ഭാവങ്ങൾ ആസ്വദിച്ച്, തൂവെള്ള ഷെർവാണിയണിഞ്ഞ്, തീരത്ത് ഒരു ഗന്ധർവനെ പോലെ പങ്കജ് ഉധാസ്. കിഷോർ കുമാറിന്റെ ``സാഗർ കിനാരെ'' എന്ന ഹിറ്റ് ഗാനത്തിന്റെ പല്ലവി വെറുതെ മൂളുന്നു അദ്ദേഹം. തുടർന്ന് ഒരു ഗീത് മാല പോലെ കടലിനെ കുറിച്ചുള്ള പ്രിയപ്പെട്ട കാവ്യഗീതികൾ.
ഇടയ്ക്കൊരിക്കൽ ഉധാസ് ചോദിച്ചു: ``ബേഗം അഖ്തറിന്റെ ഗസലുകൾ കേട്ടിട്ടുണ്ടോ?'' തെല്ലു ജാള്യത്തോടെ നിഷേധാർത്ഥത്തിൽ തലയാട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു: ``കേൾക്കണം. ഷി വാസ് എ ലെജൻഡ്. ദി വൺ ആൻഡ് ഒൺലി സുൽത്താന ഓഫ് ഗസൽ. മലിക -എ - ഗസൽ എന്നാണ് ഞങ്ങൾ വിളിക്കുക. സംഗീതത്തെ കുറിച്ചെഴുതുന്നവർ ബേഗത്തെ കേൾക്കാതെ പോകരുത്.''
മദൻ മോഹന്റെയും നൗഷാദിന്റെയും തലത്ത് മഹ്മൂദിന്റെയും ജഗ്ജിത് സിംഗിന്റെയും ഒക്കെ ആരാധനാപാത്രമായിരുന്ന ബേഗത്തെ കുറിച്ച് ധാരാളം വായിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ ആ ശബ്ദത്തിന്റെ മാസ്മര വലയത്തിലേക്ക് അതുവരെ ആകർഷിക്കപ്പെട്ടിരുന്നില്ല. എനിക്കും ഒപ്പമുള്ള സംഘാടക സുഹൃത്തുക്കൾക്കും വേണ്ടി അന്ന് രാത്രി പങ്കജ് ഉധാസ്, ബേഗം അഖ്തറിന്റെ ഏറ്റവും പ്രശസ്തമായ ഗസൽ പാടി: ``ഏ മൊഹബ്ബത് തേരെ അൻജാംപെ രോനാ ആയാ...'' വഴിവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഗായകന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു ഞാൻ. ഒരു വികാരസാഗരം ഇരമ്പുന്നു അവിടെ.
``എന്നെ നിങ്ങളറിയുന്ന പങ്കജ് ഉധാസ് ആക്കി മാറ്റിയ ഗാനമാണിത്.'' ഹൃദ്യമായ ആ സംഗീത സദിരിനൊടുവിൽ ഉധാസ് പറഞ്ഞു. ``1973 ൽ ഒരു എൽ പി റെക്കോർഡിൽ നിന്ന് ആദ്യമായി ഈ പാട്ട് കേട്ടതോർമ്മയുണ്ട്.
നിശബ്ദമായ ഒരു ഗദ്ഗദം ബേഗത്തിന്റെ ശബ്ദത്തിൽ തങ്ങിനിൽക്കുന്നതു പോലെ തോന്നി. അതിനും ഒരു വർഷം മുൻപാണ് ബേഗം ഈ ഗാനം ആദ്യമായി പൊതുവേദിയിൽ പാടിയത് -- ഷിംല കരാർ ഒപ്പുവെക്കാനെത്തിയ പാക് പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ മുന്നിൽ. ഇന്നും ഏകാന്തനിമിഷങ്ങളിൽ കണ്ണുമടച്ചിരുന്ന് ഈ പാട്ട് കേൾക്കും ഞാൻ.. `യൂം തോ ഹർ ശാം ഉമീദോം മേ ഗുസർ ജാത്തീ ഥി, ആജ് കുച്ഛ് ബാത് ഹേ ജോ ശാം പെ രോനാ ആയാ' എന്ന ഭാഗമെത്തുമ്പോൾ അറിയാതെ കണ്ണ് നിറയും...''
ലളിതശാസ്ത്രീയ സ്പർശമുള്ള ഒരു ദാദ്രയുടെ മാതൃകയിൽ ബേഗം ചിട്ടപ്പെടുത്തി പാടിയ ഗസൽ. ഭൈരവി രാഗത്തിന്റെ വിഷാദാർദ്ര ഭാവം മുഴുവൻ നമ്മെ അനുഭവിപ്പിക്കുന്നു അത്. നഷ്ടപ്രണയത്തെ കുറിച്ചാണ് ശക്കീൽ ബദായുനിയുടെ വരികൾ.
പ്രണയിച്ചു നടന്ന കാലവും പ്രേമസുരഭില സന്ധ്യകളും നൊമ്പരമുണർത്തുന്ന ഓർമ്മകളായി കാമുകിയുടെ മനസ്സിൽ നിറയുന്നു. പ്രണയമെന്നുകേൾക്കുമ്പോഴേ അവളുടെ ഹൃദയം വിങ്ങിപ്പൊട്ടുന്നു. സ്വന്തം ജീവിതാനുഭവങ്ങളുമായി ചേർത്തുവെച്ചായിരിക്കുമോ ബേഗം ഈ വരികൾ പാടിയിരിക്കുക? സിത്താർ ഇതിഹാസം പണ്ഡിറ്റ് രവിശങ്കർ താൻ സൃഷ്ടിച്ച `സിന്ധി ഭൈരവി'' എന്ന രാഗം ബേഗം അഖ്തറിന് സമർപ്പിച്ചത് ഈ ഗാനത്തോട് പ്രണയം മൂത്താണ്. നൗഷാദിന്റെ കണ്ണുകളെ ഈറനണിയിച്ചതും ഇതേ ഗാനം തന്നെ. `` കേൾക്കുന്തോറും മാധുര്യം കൂടുന്ന ചില പാട്ടുകളുണ്ട്. ഇത് അത്തരത്തിലൊന്നാണ്. എത്ര കേട്ടാലും, എത്ര പാടിയാലും മതിവരാത്ത ഗാനം...'' മണൽപ്പരപ്പിൽ മലർന്നു കിടന്ന് വീണ്ടും വീണ്ടും ആ പാട്ടിന്റെ വരികളിലൂടെ ഒരു നിരാശാ കാമുകനെ പോലെ ഒഴുകുന്നു പങ്കജ് ഉധാസ്.
പരസ്പരം കൂട്ടിമുട്ടാതിരിക്കാൻ പാടുപെട്ടു തലങ്ങും വിലങ്ങും നടക്കുന്ന മനുഷ്യരെ അലസമായി വീക്ഷിച്ചു കൊണ്ട് ഉധാസ് ചോദ്യങ്ങൾക്ക് മറുപടി നൽകവേ, പൊടുന്നനെ ഞങ്ങൾക്കിടയിലേക്ക് ഒരു പരുക്കൻ കൈ നീണ്ടു വന്നു. മലർത്തിപ്പിടിച്ച കയ്യിൽ ഒരു ഒഴിഞ്ഞ സിഗരറ്റു കൂട് . ``സാർ, ഒരു ഒപ്പ്.''-- ഭവ്യതയോടെ കയ്യിന്റെ ഉടമ പറഞ്ഞു. ആളുടെ മുഖം ശ്രദ്ധിച്ചത് അപ്പോഴാണ്. അത്ഭുതം തോന്നി. ചുവന്ന കുപ്പായവും കൈലിയും ധരിച്ച ഒരു റെയിൽവേ പോർട്ടർ. നര വീണ താടിരോമങ്ങൾക്കിടയിലൂടെ സൗമ്യമായി ചിരിച്ചു കൊണ്ടിരുന്ന ആ മനുഷ്യനോട് പങ്കജ് ഉധാസ് ഗൗരവത്തിൽ ചോദിച്ചു; ``ആരെന്നു കരുതിയാണ് നിങ്ങൾ ഓട്ടോഗ്രാഫ് ചോദിച്ചത്? എന്നെ അറിയുമോ?''
ചുമട്ടുതൊഴിലാളിയിലെ ഗസൽ സ്നേഹി ഉണരുന്നു. ``പിന്നില്ലാതെ? ചിട്ടി ആയി ഹേ പാടിയ ആളല്ലേ? താങ്കൾ ആദ്യം പുറത്തിറക്കിയ ആഹട്ട് എന്ന ആൽബം എൻറെ ശേഖരത്തിലുണ്ട് '' -- പ്രതീക്ഷിക്കാത്ത പ്രതികരണമായത് കൊണ്ടാകാം, ഉധാസ് ഒന്ന് ഞെട്ടി. അടുത്ത നിമിഷം ആരാധകന്റെ പുറത്തു തട്ടി, അയാളുടെ കയ്യിലെ സിഗരറ്റു പാക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്ത് സന്തോഷപൂർവ്വം കയ്യൊപ്പ് ചാർത്തവേ ഉധാസ് എന്നെ നോക്കി കണ്ണിറുക്കി പറഞ്ഞു: ``ഇൻക്രെഡിബിൾ!!; സമ്മതിച്ചിരിക്കുന്നു നിങ്ങളുടെ നാട്ടുകാരെ.''
പിരിയും മുൻപ് ഒന്ന് കൂടി പറഞ്ഞു അദ്ദേഹം: ``ഏതു അവാർഡിനെക്കാളും വിലയുണ്ട് ഇത്തരം കൊച്ചു കൊച്ചു സ്നേഹപ്രകടനങ്ങൾക്ക്'.'' കോഴിക്കോട് നഗരം ഉധാസിന്റെ ഓർമകളിൽ അവശേഷിപ്പിച്ച അപൂർവ സുന്ദര ചിത്രങ്ങളിൽ ഒന്ന് ആ അജ്ഞാത ആരാധകന്റെ മുഖമാവണം. യാത്ര പറയവേ കൈ തന്നുകൊണ്ട് സ്നേഹപൂർവ്വം വീണ്ടും ഓർമ്മിപ്പിച്ചു അദ്ദേഹം: ``ബേഗം അഖ്തറിന്റെ ഗസലുകൾ കേൾക്കാൻ മറക്കേണ്ട...'' പങ്കജ് ഉധാസിനേയും വഹിച്ചുകൊണ്ട് മംഗലാപുരത്തേക്കുള്ള എക്സ്പ്രസ് ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോഴും സ്വപ്നതുല്യമായ ആ അനുഭവത്തിന്റെ ലഹരിയിൽ നിന്ന് ഞെട്ടിയുണർന്നിരുന്നില്ല ഞാൻ.
വിസ്മയങ്ങൾ അവസാനിക്കുന്നില്ല. പതിനഞ്ചു വർഷം കഴിഞ്ഞ് പങ്കജ് ഉധാസ് മറ്റൊരു സംഗീതപരിപാടിക്കായി കോഴിക്കോട്ടെത്തിയപ്പോഴാണ് പിന്നീടദ്ദേഹത്തെ നേരിൽ കണ്ടത്; ഇത്തവണയും അഭിമുഖകാരന്റെ റോളിൽ. ടെലിവിഷൻ ചാനലിന് വേണ്ടിയാണെന്ന് മാത്രം. താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ചെന്ന് സ്വയം പരിചയപ്പെടുത്താൻ തുനിഞ്ഞപ്പോൾ എന്നെ അമ്പരപ്പിച്ചുകൊണ്ട് ഉധാസ് പറഞ്ഞു: ``ഞാൻ ഓർക്കുന്നു, കടൽത്തീരത്തെ ആ രാത്രി. പിന്നെ ആ റെയിൽവേ പോർട്ടറെയും. ഇപ്പോൾ നിങ്ങൾ ബേഗം അഖ്തറിന്റെ ആരാധകനായി മാറിയിരിക്കുമെന്ന് കരുതട്ടെ? എന്റെ സ്റ്റഡി ക്ലാസ് സാധാരണ പാഴായിപ്പോകാറില്ല..''
മനസ്സുകൊണ്ട് പങ്കജ് ഉധാസിനെ നമിച്ചുപോയ നിമിഷം. ഒരു പക്ഷേ സംഗീതത്തിന് മാത്രം കഴിയുന്ന ജാലവിദ്യയായിരിക്കാം ഇത്. ``എന്നെ ഇപ്പോഴും ഓർക്കുന്നുവെന്നറിഞ്ഞതിൽ സന്തോഷം. ബേഗം സാഹിബ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണത്.'' -- വികാരാധിക്യം മറച്ചുവെക്കാതെ ഞാൻ പറഞ്ഞു. ഉടൻ വന്നു ഉധാസ്ജിയുടെ പ്രതികരണം: ``ശരിയാണ്. ബേഗം ജീവിക്കുന്നു -- എന്റെയും നിങ്ങളുടെയും മനസ്സിൽ.''
നിശബ്ദമായി പുഞ്ചിരിക്കുന്ന ആ കണ്ണുകളിൽ ഒരു പാട്ടിന്റെ തിളക്കം കണ്ടു ഞാൻ: ``ഏ മൊഹബ്ബത് തേരെ അൻജാം പെ രോനാ ആയാ..''


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..