Image designed by Aromal P.K.
2017-ല്‍ റിലീസായ റയീസ് എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെയാണ് 1980-കളിലെ ഏറ്റവും വലിയ ഡിസ്‌കോ ഹിറ്റുകളിലൊന്നായിരുന്നു ലൈല ഓ ലൈല വീണ്ടും ബോളിവുഡ് ഹിറ്റ്‌ലിസ്റ്റില്‍ സ്ഥാനമുറപ്പിച്ചത്. ഹിന്ദി സിനിമാഗാനങ്ങളില്‍ എവര്‍ഗ്രീനായ ഡിസ്‌കോ നമ്പറാണ് ലൈല ഓ ലൈല. 'റയീസി'ലേക്കെത്തുമ്പോള്‍ ലൈല ഓ ലൈലയുടെ വരികളില്‍ കുറച്ച് മാറ്റങ്ങള്‍ വന്നു, ഇന്ദീവറിന്റെ രചനയില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയത് ജാവേദ് അക്തറാണ്. കല്യാണ്‍ജി-ആനന്ദ്ജിയുടെ ഈണത്തെ പുതിയ തലമുറക്കാലത്തിലേക്ക് റീക്രിയേറ്റ് ചെയ്തത് രാം സമ്പത്താണ്. സീനത്ത് അമന്‍ എന്ന താരത്തിന്റെ അഴകും ആകര്‍ഷകത്വവും മാറ്റുകൂട്ടിയ ഗാനം പുനരാവിഷ്‌കരിച്ചപ്പോള്‍ ഗ്ലാമറസ് ചുവടുകളുമായി സ്‌ക്രീനിലെത്തിയത് സണ്ണി ലിയോണാണ്. സാമൂഹികമാധ്യമങ്ങളുടെ പ്രചാരം കുറവായ എണ്‍പതുകളിലും ഹിറ്റായി മാറിയ ലൈല ഓ ലൈലയുടെ പുതിയ വേര്‍ഷന്‍ യൂട്യൂബിലും മറ്റും നേടിയത് ലക്ഷക്കണക്കിന് വ്യൂസാണ്. റയീസ് എന്ന സിനിമയ്ക്കും ഗാനം വന്‍ മൈലേജാണ് നല്‍കിയത്.
ലൈല ഓ ലൈല അങ്ങനെ കുര്‍ബാനിയിലെത്തി; കോറിയോഗ്രാഫി സീനത്ത് അമന്റേത്

മറ്റൊരു സിനിമയ്ക്ക് വേണ്ടിയാണ് ലൈല ഓ ലൈല എന്ന ഗാനം ചിത്രീകരിച്ചതെന്ന് ഗാനരംഗത്തിന് മാറ്റുകൂട്ടിയ പ്രിയതാരം സീനത്ത് അമന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗാനം ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ താന്‍ ആ സിനിമയുടെ തിരക്കഥ മാറ്റി മറ്റൊരു സിനിമ സിനിമയാക്കാന്‍ പദ്ധതിയിടുന്നതായി ഫിറോസ് ഖാന്‍ പ്രഖ്യാപിച്ചു. ഒറ്റ രാത്രി കൊണ്ടാണ് കുര്‍ബാനി എന്ന സിനിമയെ കുറിച്ച് ഫിറോസ് ഖാന്‍ തീരുമാനിച്ചത്. അങ്ങനെ ലൈല ഓ ലൈല എന്ന ഗാനം കുര്‍ബാനിയുടെ ഭാഗമായി. ഗാനം ചിത്രീകരിക്കുമ്പോള്‍ ഒരു ഓള്‍ടൈം ഹിറ്റായിരിക്കുമെന്നും ലൈലയും സിനിമയിലെ മറ്റൊരു ഹിറ്റ് ഗാനമായ ആപ് ജൈസ കോയിയും ഓര്‍മിക്കപ്പെടുമ്പോള്‍ തന്റെ പേരും പ്രേക്ഷകര്‍ ചേര്‍ത്തുവെക്കുമെന്നും കരുതിയിരുന്നില്ലെന്ന് സീനത്ത് അമന്‍ പറയുകയുണ്ടായി. കോറിയോഗ്രാഫര്‍ ഇല്ലാതെയായിരുന്നു ഗാനം ചിത്രീകരിച്ചത്. സീനത്ത് അമനോട് ഇഷ്ടമുള്ള ചുവടുകള്‍ വെക്കാന്‍ ഫിറോസ് ഖാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്തായാലും ഗാനവും ഗാനരംഗവും ബോളിവുഡ് ചരിത്രത്തിലെ വമ്പന്‍ ഹിറ്റായി. സീനത്ത് അമനോടൊപ്പം ലൈലയുടെ ബാക് ഗ്രൗണ്ടില്‍ ചുവടുവെച്ച ബുള്‍ബുള്‍ എന്ന നര്‍ത്തകി റീമെയ്ക്ക് വേര്‍ഷനില്‍ സണ്ണി ലിയോണിനോടൊപ്പവും അണിചേര്‍ന്നു എന്നത് ഗാനത്തെ സംബന്ധിച്ച് കൗതുകമാണ്.
കുര്‍ബാനി-ഫിറോസ് ഖാന്റെ സ്‌റ്റൈലിഷ് ബ്ലോക്ക് ബസ്റ്റര്‍

നടനുമായ ഫര്‍ദീന്‍ഖാനൊപ്പം
സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ ഫിറോസ് ഖാന്‍ തന്നെയാണ് 'കുര്‍ബാനി'യില്‍ നായകനായെത്തിയത്. 1972-ല്‍ റിലീസായ ദ മാസ്റ്റര്‍ ടച്ച് എന്ന ഇറ്റാലിയന്‍ ചലച്ചിത്രത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തില്‍ വിനോദ് ഖന്ന, സീനത്ത് അമന്‍, അംജദ് ഖാന്‍, ശക്തി കപൂര്‍, അമരിഷ് പുരി തുടങ്ങി ശക്തമായ ഒരു താരനിര തന്നെയുണ്ടായിരുന്നു. 1979-ല്‍ നിര്‍മാണമാരംഭിച്ച 'കുര്‍ബാനി' അക്കാലത്തെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായിരുന്നു. ക്യാമറയ്ക്കും സെറ്റുകള്‍ക്കുമായി ലക്ഷക്കണക്കിന് രൂപയാണ് ഫിറോസ് ഖാന്‍ ചെലവഴിച്ചത്. അമിതാഭ് ബച്ചന് നീക്കി വെച്ച അമര്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് വിനോദ് ഖന്നയിലേക്കെത്തിയത്. വിനോദ് ഖന്നയ്ക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായി അമര്‍. പോലീസ് വേഷത്തിലെത്തിയ അംജദ് ഖാനും 'കുര്‍ബാനി'യില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 1980 ജൂണ്‍ 27-നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും ജൂണ്‍ 23-ന് സഞ്ജയ് ഗാന്ധി അന്തരിച്ചതിനാല്‍ റിലീസ് ഒരാഴ്ച നീട്ടി വെച്ചു. ജൂലായ് നാലിന് റിലീസ് ചെയ്ത 'കുര്‍ബാനി' അക്കൊല്ലത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററായി മാറി.
കഞ്ചനും അമിത് കുമാറും ചേര്‍ന്നു പാടിയ ഡിസ്‌കോ നമ്പര്‍; ഡ്രമ്മറായി വേഷമിട്ട് തിളങ്ങിയ അംജദ് ഖാന്‍
കുമാരി കഞ്ചന്‍ ദിന്‍കര്‍ മാലി ഷായുടെ ക്രെഡിറ്റില്‍ കുറേയേറെ ഗാനങ്ങളില്ലെങ്കിലും ആലപിച്ച ഗാനങ്ങളെല്ലാം സംഗീതപ്രേമികളുടെ മനസില്‍ ഇടം പിടിച്ചവയാണ്. ജീവിതപങ്കാളി ബബ്‌ലയോടൊപ്പം അവതരിപ്പിച്ച സ്റ്റേജ് ഷോകളിലൂടെയാണ് കഞ്ചന്‍ ശ്രദ്ധേയയായത്. കല്യാണ്‍ജി-ആനന്ദ്ജി ഡ്യുവോയാണ് കഞ്ചനെ ബോളിവുഡിലേക്കെത്തിച്ചതും ഹിറ്റ് ഗാനങ്ങള്‍ നല്‍കിയതും. വ്യത്യസ്തമായ ശബ്ദത്തിനുടമയായ കഞ്ചന്‍ ഏറെ ആരാധകരെ നേടിയത് ലൈല ഓ ലൈലയിലൂടെയാണ്. ഗായകനും അഭിനേതാവുമായിരുന്ന കിഷോര്‍ കുമാറിന്റെ മകനായ അമിത് കുമാര്‍ ഏറെ ചെറുപ്പത്തില്‍ തന്നെ സംഗീതലോകത്തെത്തി. അമിത് കുമാര്‍ ബാലതാരമായി കിഷോര്‍ കുമാര്‍ നിര്‍മിച്ച ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. പിന്നീട് ഗായകനായും സംഗീതസംവിധായകനായും സംവിധായകനായും എഴുത്തുകാരനായും സിനിമാപ്രേമികള്‍ക്ക് ചിരപരിചിതനായി.
ലൈല ഓ ലൈല ഗാനരംഗത്ത് സീനത്ത് അമന്റെ സൗന്ദര്യത്തോടൊപ്പം മിന്നിത്തിളങ്ങിയ മറ്റൊരു താരം കൂടിയുണ്ട്- ഗാനരംഗത്ത് ഡ്രമ്മറായി പ്രത്യക്ഷപ്പെട്ട അംജദ് ഖാന്‍. അംജദ് ഖാനെ ഡ്രമ്മറായി അവതരിപ്പിച്ചത് ക്രേസി ഐഡിയ ആയിരുന്നെന്നാണ് യൂട്യൂബില്‍ ഗാനത്തിന് ലഭിച്ചിരിക്കുന്ന കമന്റുകളില്‍ ഒന്ന്. ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷനില്‍ ഡ്രംസിനാണ് കല്യാണ്‍ജി-ആനന്ദ്ജി പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഡിസ്‌കോ ഗാനത്തിന് നല്‍കാവുന്ന കൃത്യമായ ഓര്‍ക്കസ്‌ട്രേഷനാണ് സംഗീതസംവിധായകര്‍ ഒരുക്കിയത്. മികച്ച ബീറ്റുകള്‍ കോര്‍ത്തിണക്കി ഗാനത്തെ ആകര്‍ഷമാക്കിയിരിക്കുന്നു. റീമെയ്ക്ക് വേര്‍ഷനിലും പഴയ ഗാനത്തിന്റെ തനിമ ചോരാതിരിക്കാന്‍ രാം സമ്പത്ത് ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും പഴയ ലൈല ഗാനത്തിന്റെ അഴക് ഒന്ന് വേറെ തന്നെ. പാവ്‌നി പാണ്ഡേയാണ് റീക്രിയേറ്റഡ് ലൈലയുടെ ഗായിക. പുതിയ ലൈല ഗാനം കുറേക്കൂടി കളര്‍ഫുളാക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു. ഷാരൂഖ് ഖാന്‍ സീനിലുണ്ടെങ്കിലും ഗാനത്തിന്റെ മെയിന്‍ അട്രാക്ഷന്‍ സണ്ണി ലിയോണാണെന്ന് നിസ്സംശയം പറയാം.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന് പറയാമെങ്കിലും പുതിയ കുപ്പിയിലും ലൈല ഓ ലൈലയ്ക്ക് വീര്യമുണ്ടെന്ന് ഗാനത്തിന് ലഭിക്കുന്ന വ്യൂസ് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാം. പല റീമെയ്ക്ക് ഗാനങ്ങള്‍ക്കും ലഭിച്ചതിനേക്കാള്‍ സ്വീകാര്യത ലൈല ഓ ലൈലയ്ക്ക് ലഭിച്ചു. നാല്‍പത് വര്‍ഷത്തിന് ശേഷവും ഒരു ഗാനം സംഗീതപ്രേമികള്‍ ഓര്‍മിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് അതിന്റെ മേന്മ ഒന്നുകൊണ്ട് മാത്രമാണ്. ലൈല ഓ ലൈലയെ പോലെ ഇനിയുമേറെ റീമെയ്ക്കുകള്‍ ഉണ്ടാകട്ടെ, പുതുതലമുറയ്ക്കും പഴയകാല സംഗീതം ആസ്വദിക്കാന്‍ അവസരമൊരുങ്ങട്ടെ.
Content Highlights: Laila O Laila Song, Qurbani, Zeenat Aman, Sunny Leone, Pattu Ettupattu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..