``ഞാനുറങ്ങാന്‍ പോകും മുന്‍പായ്... നിനക്കേകുന്നിതാ നന്ദി നന്നായ്''


By രവി മേനോന്‍

3 min read
Read later
Print
Share

സിനിമാലോകത്ത് കണ്ടുമുട്ടിയ ഏറ്റവും നന്മ നിറഞ്ഞ മനുഷ്യരിലൊരാളാണ് ജോബ് മാസ്റ്റര്‍ എന്ന് പറഞ്ഞിട്ടുണ്ട് യേശുദാസ്

-

മുപ്പതു വര്‍ഷം കടന്നുപോയി എന്ന് വിശ്വസിക്കാന്‍ വയ്യ. കളമശേരിയിലെ ജോബേട്ടന്റെ വീടിന്റെ മുകള്‍ നിലയിലെ മ്യൂസിക് റൂമില്‍ വെച്ച് 1990 കളുടെ തുടക്കത്തിലെന്നോ എന്റെ കൊച്ച് കോണിക്ക ഓട്ടോഫോക്കസ് ക്യാമറയില്‍ പതിഞ്ഞ ഈ അപൂര്‍വ ചിത്രം ഒരു പാട് ഓര്‍മ്മകള്‍ തിരിച്ചുകൊണ്ടുവരുന്നു. പാട്ടിനും പാട്ടിന്റെ ശില്പികള്‍ക്കും പിറകെയുള്ള അലച്ചിലിന്റെ ദീപ്തമായ ഓര്‍മ്മകള്‍.

``അല്ലിയാമ്പല്‍ കടവില്‍'' എന്ന ഒരൊറ്റ പാട്ടുകൊണ്ട് മലയാളിയുടെ സംഗീതഹൃദയങ്ങള്‍ മുഴുവന്‍ കീഴടക്കിയ പ്രിയപ്പെട്ട ജോബ് മാസ്റ്റര്‍, എന്റെ പ്രിയപ്പെട്ട ജോബേട്ടന്‍, അന്നാണ് വലിയൊരു ഇടവേളക്ക് ശേഷം സിതാര്‍ മീട്ടിയത്. ശാരീരീകമായ അവശതകള്‍ പോലും മറന്നുകൊണ്ട് ഹിന്ദിയിലെ പ്രശസ്തഗാനങ്ങളും ആഹിര്‍ ഭൈരവ് പോലുള്ള ഇഷ്ടരാഗങ്ങളും ആസ്വദിച്ചു വായിച്ചു കേള്‍പ്പിച്ചു അദ്ദേഹം. ``വിരലുകള്‍ പഴയ പോലെ സിതാര്‍ തന്ത്രികള്‍ക്ക് വഴങ്ങില്ല എന്ന് തോന്നിയിരുന്നു. പക്ഷേ വായിച്ചു തുടങ്ങിയപ്പോള്‍ എങ്ങുനിന്നോ ഒരു ആത്മവിശ്വാസം വീണുകിട്ടിയപോലെ...'' ജോബേട്ടന്‍ പറഞ്ഞു.

സിനിമാലോകത്ത് കണ്ടുമുട്ടിയ ഏറ്റവും നന്മ നിറഞ്ഞ മനുഷ്യരിലൊരാളാണ് ജോബ് മാസ്റ്റര്‍ എന്ന് പറഞ്ഞിട്ടുണ്ട് യേശുദാസ്. കോവിഡ് കാലത്തെ ഈ ദുഃഖവെള്ളിയാഴ്ച നാള്‍, സുഹൃത്തായ ജോര്‍ജ്ജ് മാസ്റ്ററോടൊപ്പം ജോബേട്ടന്‍ സമ്മാനിച്ച ആ ഹൃദയസ്പര്‍ശിയായ സ്തുതിഗീതം ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?: ``ഞാനുറങ്ങാന്‍ പോകും മുന്‍പായ് നിനക്കേകുന്നിതാ നന്ദി നന്നായ്'' ...

ഒരു ഈസ്റ്ററിന്റെ തലേന്നാണ് ജോബ് മാഷിനെ കണ്ടത്-ചെറിയൊരു ഇടവേളക്ക് ശേഷം. കളമശ്ശേരി സെന്റ് പോള്‍സ് കോളേജിനടുത്തുള്ള മാഷിന്റെ ``അജയ്'' എന്ന കൊച്ചു വീട്ടില്‍ കയറിച്ചെന്നപ്പോള്‍ ചുറ്റുമുള്ള ആഘോഷാരവങ്ങള്‍ക്കിടയില്‍ നിശബ്ദനായി, മ്ലാനവദനനായി ഇരിക്കുന്നു``അല്ലിയാമ്പല്‍ കടവിലി''ന്റെ സംഗീത സംവിധായകന്‍.

``രവി വരുന്നതും കാത്തിരിക്കുകയാ കാലത്ത് മുതല്‍. എന്തോ സീരിയസ് ആയ കാര്യം പറയാനുണ്ടത്രേ,''- ഗ്രേസ് എന്ന ഞങ്ങളുടെ ഗ്രേസിച്ചേച്ചി-ജോബ് മാഷിന്റെ കണ്ണൂര്‍ക്കാരിയായ പ്രിയപത്നി-ചിരിച്ചുകൊണ്ട് പറഞ്ഞു. ``എന്തെന്ന് ചോദിച്ചാല്‍ മാസ്റ്റര്‍ പറയില്ല. നേരിട്ടേ പറയൂ എന്ന വാശിയിലാണ്..''

നിഷ്‌കളങ്കമായ ആ പതിവു കുസൃതിച്ചിരിക്ക് പകരം നേര്‍ത്തൊരു ഗൗരവം മാഷിന്റെ മുഖത്ത്. ആ ഭാവത്തില്‍ അപൂര്‍വമായേ കണ്ടിട്ടുള്ളു അദ്ദേഹത്തെ. അടുത്തു ചെന്നപ്പോള്‍ സ്നേഹപൂര്‍വം കൈ പിടിച്ച് തൊട്ടടുത്തിരുത്തി മാഷ് പറഞ്ഞു: ``ഇതെങ്ങനെ പറയണം എന്നെനിക്ക് അറിയില്ല. പറയാമോ എന്നും അറിയില്ല. നമ്മുടെ സ്വന്തം കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ മിണ്ടാതിരിക്കാന്‍ പറ്റില്ലല്ലോ...'' ചുരുങ്ങിയ വാക്കുകളിലുള്ള ആ ആമുഖം കേട്ട് ഒന്നും പിടികിട്ടാതെ മിഴിച്ചിരുന്നു ഞാന്‍.

കഥ ഇങ്ങനെ: മാസങ്ങള്‍ക്ക് മുന്‍പ് മാക്ട കോഴിക്കോട്ട് സംഘടിപ്പിച്ച ബാബുരാജ് സംഗമം എന്ന മെഗാ സംഗീത പരിപാടിയില്‍ ``തൊമ്മന്റെ മക്കള്‍'' എന്ന ചിത്രത്തിലെ ``ഞാനുറങ്ങാന്‍ പോകും മുന്‍പായ് നിനക്കേകുന്നിതാ നന്ദി നന്നായ്'' എന്ന വിഖ്യാത ക്രിസ്തീയ ഭക്തിഗാനവും ഉള്‍പ്പെടുത്തിയിരുന്നു. ബാബുരാജിന്റെ സംഗീത സൃഷ്ടി എന്ന പേരിലാണ് ജാനകി പാടിയ ആ ഗാനം പരിപാടിയില്‍ അവതരിപ്പിച്ചത്. ആയിടെ പുറത്തിറങ്ങിയ ബാബുരാജ് സംഗമത്തിന്റെ ഓഡിയോ കാസറ്റിലും കേട്ടു അതേ ഗാനം. ആരോ കാസറ്റ് വാങ്ങിക്കൊണ്ടുവന്നു കേള്‍പ്പിച്ചു കൊടുത്തപ്പോള്‍ ജോബ് മാഷ് ഞെട്ടിപ്പോയി.

ഞെട്ടലിന്റെ കാരണം ലളിതം: ``ഞാനുറങ്ങാന്‍ പോകും മുന്‍പായ് '' എന്ന പാട്ടിന്റെ ശില്‍പ്പി ബാബുരാജല്ല; ജോബ് ആന്‍ഡ് ജോര്‍ജ്ജ് സഖ്യമാണ്. ``സ്വര്‍ഗസന്ദേശം'' എന്ന ഗാനസമാഹാരത്തിന് വേണ്ടി വര്‍ഗീസ് മാളിയേക്കല്‍ രചിച്ച് ജോബും ജോര്‍ജ്ജും ചേര്‍ന്ന് സ്വരപ്പെടുത്തിയ ഈ ഭക്തി ഗാനം, ``തൊമ്മന്റെ മക്കളി''ല്‍ ഉള്‍പ്പെടുത്തിയത് സംവിധായകന്‍ ശശികുമാറിന്റെയും തിരക്കഥാകൃത്ത് പിജെ ആന്റണിയുടേയും ആഗ്രഹപ്രകാരമായിരുന്നു. പടത്തിലെ മറ്റു പാട്ടുകള്‍ എല്ലാം ഒരുക്കിയത് വയലാര്‍-ബാബുരാജ് ടീം ആയതുകൊണ്ടാവണം, ഈ പാട്ടിന്റെ പിതൃത്വവും ബാബുരാജില്‍ ചെന്നുചേര്‍ന്നത്. എങ്കിലും സിനിമയുടെ ടൈറ്റിലില്‍ ``പ്രാര്‍ത്ഥനാഗാനം: മാളിയേക്കല്‍-ജോബ് ആന്‍ഡ് ജോര്‍ജ്ജ്'' എന്ന് വ്യക്തമായി രേഖപ്പെടുത്താന്‍ മറന്നിട്ടില്ല സംവിധായകന്‍.

``നമ്മളൊക്കെ ആദരിക്കുന്ന മഹാനായ സംഗീത സംവിധായകനാണ് ബാബുരാജ്. എത്രയോ അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച പ്രതിഭ. മറ്റാരോ സൃഷ്ടിച്ച ഗാനത്തിന്റെ പിന്തുണ വേണ്ടല്ലോ ആ വലിയ കലാകാരന്റെ മഹത്വം അളക്കാന്‍. ഇതറിഞ്ഞാല്‍ ഏറ്റവുമധികം വേദനിക്കുക അദ്ദേഹത്തിന്റെ മനസ്സായിരിക്കും.''-ജോബ് മാഷ് പറഞ്ഞു. സംഘാടകരുടെ നോട്ടപ്പിശക് കൊണ്ട് സംഭവിച്ചതെങ്കിലും തെറ്റ് തെറ്റ് തന്നെ. അതവര്‍ തിരുത്തിയേ പറ്റൂ. പിറ്റേന്നത്തെ പത്രത്തില്‍ മാക്ട്യ്ക്ക് പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടി ഒരു റിപ്പോര്‍ട്ട് എഴുതുകയായിരുന്നു മുന്നിലുള്ള ഏക പോംവഴി. ആ വാര്‍ത്ത കൊണ്ട് ഏതായാലും ഗുണമുണ്ടായി. അടുത്ത ദിവസം തന്നെ മാക്ടയുടെ ഭാരവാഹികള്‍ മാഷിനെ വിളിച്ച് പറ്റിയ തെറ്റിന് ക്ഷമ ചോദിച്ചു. ഇനിയിറങ്ങുന്ന ഓഡിയോ ആല്‍ബങ്ങളില്‍ നിന്ന് ആ പാട്ട് എടുത്തുമാറ്റാമെന്ന് ഉറപ്പു നല്‍കി. നെഞ്ചില്‍ നിന്ന് ഒരു ഭാരം ഇറക്കിവെച്ച പോലെ തോന്നിയിരിക്കണം ജോബ് മാഷിന്. നന്ദി പറയാന്‍ ഫോണ്‍ ചെയ്ത മാഷിന്റെ വികാരഭരിതമായ ശബ്ദത്തില്‍ നിന്ന് ആ മനസ്സ് വായിച്ചെടുക്കാമായിരുന്നു എനിക്ക്. നഷ്ടപ്പെട്ടുവെന്ന് കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയ ഒരച്ഛന്റെ ആഹ്ളാദമുണ്ടായിരുന്നു ആ വാക്കുകളില്‍...

ജീവിതത്തിലെ ഈ കടുത്ത പരീക്ഷണഘട്ടത്തിലും, എത്രയോ സാധാരണ മനുഷ്യരുടെ മനസ്സുകളെ കൃതജ്ഞതാനിര്‍ഭരമാക്കുന്നു ആ കൊച്ചു പ്രാര്‍ത്ഥനാഗീതം. എത്ര ലളിതസുന്ദരമാണ് വര്‍ഗീസ് മാളിയേക്കലിന്റെ വരികള്‍. എത്ര ഭാവപൂര്‍ണ്ണമാണ് എസ് ജാനകിയുടെ ആലാപനം...

``ഞാനുറങ്ങാന്‍ പോകും മുന്‍പായ്..
നിനക്കേകുന്നിതാ നന്ദി നന്നായ്,
ഇന്നു നീ കാരുണ്യപൂര്‍വം തന്ന
നന്മകള്‍ക്കൊക്കെയ്ക്കുമായി..

``നിന്നാഗ്രഹത്തിന്നെതിരായ് ചെയ്തോരെന്‍
കൊച്ചു പാപങ്ങള്‍ പോലും
എന്‍ കണ്ണുനീരില്‍ കഴുകി മേലില്‍
പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍.

ഞാനുറങ്ങീടുമ്പോഴെല്ലാം
എനിക്കാനന്ദ നിദ്ര നല്‍കേണം
രാത്രി മുഴുവനുമെന്നെ
നോക്കി കാത്തുസൂക്ഷിക്കുക വേണം.''

ജോബേട്ടന്‍ ഇന്നില്ല. പക്ഷേ സൗമ്യമധുരമായ ആ ചിരിയും പതിഞ്ഞ സംസാരവും സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ പെരുമാറ്റവും മങ്ങാതെ നില്‍ക്കുന്നു ഓര്‍മ്മയില്‍-അദ്ദേഹം ചിട്ടപ്പെടുത്തി അനശ്വരമാക്കിയ ``അല്ലിയാമ്പല്‍ കടവില്‍'' എന്ന ഗാനത്തെ പോലെ. യുവ സംഗീത സംവിധായകനായ മകന്‍ അജയ് ജോസഫിലൂടെ മാഷിന്റെ സംഗീത പാരമ്പര്യം പിന്‍തലമുറയിലേക്ക് നീളുന്നത് കാണുമ്പോള്‍ അനല്‍പ്പമായ ആഹ്‌ളാദം. ഇനിയും വിടരട്ടെ അല്ലിയാമ്പലുകള്‍.....

Content Highlights: KV Job Alliiyambal Yesudas Ravi Menon Old Malayalam Film Songs Njan Urangan Pokum Munpai

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
കെ.കെ ജോയ്, രഘുകുമാര്‍

2 min

ജീവിച്ചിരിക്കുന്നവരേ, ജാഗ്രതൈ; മാപ്പ് പറയേണ്ടേ ഈ തെറ്റിന്‌

May 17, 2022


Kavalam

2 min

മലയാളത്തിലെ എക്കാലത്തെയും മികച്ച വിഷാദഗാനങ്ങളിൽ ഒന്ന് പിറന്നത് ഫോണിലാണ്; പാട്ടിലെ 'പുലരിത്തൂമഞ്ഞുതുള്ളി'

Jun 26, 2021


Mallika Sukumaran, Janardhanan

ജനാര്‍ദ്ദനന്റേയും മല്ലികയുടേയും സൗഭാഗ്യം

Jun 2, 2020

Most Commented