KS Chithra, S Janaki | Photo : Facebook
അമ്മയെപ്പോലെ സ്നേഹിക്കുന്ന എസ് ജാനകിയെ കുറിച്ച് കെ എസ് ചിത്രയുടെ കുറിപ്പ്...
തമിഴിൽ പാടിത്തുടങ്ങുന്ന കാലത്ത് ഇളയരാജാ സാർ നൽകിയ അമൂല്യമായ ഉപദേശം ഓർമ്മയുണ്ട്: പാടാനൊരുങ്ങുമ്പോൾ ഗാനത്തിന്റെ സന്ദർഭവും അന്തരീക്ഷവും മനസ്സിലേക്ക് ആവാഹിക്കണം. പിന്നെ അതിനിണങ്ങുന്ന ഭാവം പകർന്നുനൽകണം..
ഉദാഹരണമായി രാജാസാർ എടുത്തു പറഞ്ഞത് ``മുതൽ മര്യാദ''യിൽ അദ്ദേഹത്തിന്റെ തന്നെ ഈണത്തിൽ ജാനകിയമ്മ പാടിയ പാട്ടാണ് -- ``രാസാവേ ഉന്ന നമ്പി ഇന്ത റോസാപ്പൂ ഇരുക്കുതുങ്ക...'' ആ പാട്ട് പഠിപ്പിച്ചുകൊടുക്കുമ്പോൾ രാജാസാർ ജാനകിയമ്മയോട് ഇത്രയേ പറഞ്ഞുള്ളുവത്രേ: ``സിനിമയിൽ നിഷ്കളങ്കയായ ഒരു നാട്ടിൻപുറത്തുകാരി പാടുന്ന പാട്ടാണ്. ശബ്ദവൈവിധ്യങ്ങളോ സംഗതികളോ മറ്റ് ടെക്നിക്കുകളോ ഒന്നും വേണ്ട. പാട്ടൊന്നും പഠിച്ചിട്ടില്ലാത്ത ഒരു സാധാരണ ഗ്രാമീണയുവതി പാടുന്ന പോലെ പാടുകയേ വേണ്ടൂ..''
``ആ പാട്ട് ജാനകിയമ്മ പാടിയതെങ്ങനെ എന്നൊന്ന് കേട്ടു നോക്കു.''-- രാജാ സാർ എന്നോട് പറഞ്ഞു. ``കണ്ണടച്ച്, നിഷ്കളങ്കയായ ഒരു ഗ്രാമീണയുവതിയെ മനസ്സിൽ സങ്കല്പിച്ചു വേണം പാട്ട് കേൾക്കാൻ.'' അസാധാരണമായിരുന്നു ആ കേൾവി എനിക്ക് പകർന്നുനൽകിയ അനുഭവം. ജാനകിയമ്മയുടെ ശബ്ദത്തിനൊപ്പം നാട്ടിൻപുറത്തുകാരിയായ ഒരു പെൺകുട്ടിയുടെ തെല്ലു ഭയചകിതമായ മുഖം മനസ്സിൽ തെളിഞ്ഞു. പിന്നീട് അതേ ഗാനരംഗം സിനിമയിൽ കണ്ടപ്പോൾ അമ്മയുടെ ശബ്ദം ആ കഥാപാത്രത്തിന്റെ സ്വഭാവവിശേഷങ്ങളുമായി എത്ര ഇണങ്ങിച്ചേർന്നു നിൽക്കുന്നു എന്നോർത്ത് വിസ്മയിച്ചിട്ടുണ്ട്. ഞാൻ മനസ്സിൽ കണ്ട ചിത്രം ഇതാ സ്ക്രീനിൽ.
ഭാവാവിഷ്കാരത്തിൽ ചക്രവർത്തിനി തന്നെയാണ് ജാനകിയമ്മ. അതെളുപ്പം നമുക്ക് മനസ്സിലാകുക ഡബ്ബിംഗ് ചിത്രങ്ങൾക്ക് വേണ്ടി പാടുമ്പോഴാണ്. തെലുങ്കിലും തമിഴിലുമൊക്കെ ജാനകിയമ്മ പാടിവെച്ച പല പാട്ടുകളും മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റി പാടേണ്ടി വന്നിട്ടുണ്ട് എനിക്ക്. ഒറിജിനൽ പാട്ടിൽ അമ്മ കൊണ്ടുവന്ന ഭാവാവിഷ്കാരത്തോട് പൂർണ്ണമായി നീതി പുലർത്തുക അസാധ്യം. തെലുങ്കിൽ ജാനകിയമ്മ പാടി ഹിറ്റാക്കിയ ഒരു പാട്ട് തമിഴിൽ പാടിയത് ഞാനാണ്. നായകൻ നായികയെ ഇക്കിളിപ്പെടുത്തുകയാണ് പാട്ടിന്റെ തുടക്കത്തിൽ. പല്ലവിയിൽ നായികക്ക് പാടാൻ വരികളില്ല; ആകെയുള്ളത് ചിരി മാത്രം. നാണത്തിൽ പൊതിഞ്ഞ ചിരി.
ജാനകിയമ്മയുടെ ഒറിജിനൽ വേർഷൻ കേട്ട് തരിച്ചുനിന്നുപോയി ഞാൻ. ഇക്കിളിയുടെ ഫീൽ മുഴുവൻ ചിരിയിലൂടെ പല്ലവിയിൽ കൊണ്ടുവന്നിരിക്കുന്നു അവർ. എനിക്കൊരിക്കലും അതുപോലെ ചിരിച്ചു ഫലിപ്പിക്കാൻ കഴിയില്ല എന്നുറപ്പായിരുന്നു; പാടിത്തുടങ്ങുന്ന കാലമായതുകൊണ്ട് പ്രത്യേകിച്ചും. ചെറിയൊരു ആത്മവിശ്വാസക്കുറവ് തോന്നിയെന്നത് സത്യം. പക്ഷേ പാടാതെ ഒഴിഞ്ഞുമാറുന്നത് ശരിയല്ലല്ലോ. ഒടുവിൽ പാട്ട് എങ്ങനെയോ പാടിത്തീർക്കുക തന്നെ ചെയ്തു. പക്ഷേ ജാനകിയമ്മയുടെ ആലാപനത്തോട് നീതി പുലർത്താൻ കഴിഞ്ഞില്ല എന്നുതന്നെയാണ് ഇന്നും എന്റെ വിശ്വാസം.
ആദ്യമായി ജാനകിയമ്മയെ നേരിൽ കണ്ടത് ഒരു നവരാത്രിക്കാലത്താണ്. ദാസേട്ടന്റെ മാനേജർ കുഞ്ഞുണ്ണിയുടെ ഭാര്യ നന്ദിനിചേച്ചിക്കൊപ്പം അമ്മയുടെ അഭിരാമപുരത്തെ വീട്ടിൽ ചെന്നതായിരുന്നു. ബൊമ്മക്കൊലു വെച്ചിട്ടുണ്ടെന്നറിഞ്ഞു പോയതാണ്. എന്നാൽ, ആരാധനാപാത്രമായ ജാനകിയമ്മയെ നേരിൽ കാണുകയായിരുന്നു ഗൂഢോദ്ദേശ്യം. ആദ്യകൂടിക്കാഴ്ചയിൽ തന്നെ സ്നേഹവാത്സല്യങ്ങൾ കൊണ്ട് എന്നെ കീഴടക്കിക്കളഞ്ഞു അമ്മ. നാട്ടരാഗത്തിലുള്ള ``സരസീരുഹാക്ഷ'' എന്ന ഗാനം അവിടെയിരുന്ന് ഞാൻ അമ്മയ്ക്ക് വേണ്ടി പാടി.
അവിസ്മരണീയമായ ആ സമാഗമം കഴിഞ്ഞു തിരിച്ചുപോന്നത് ഒരു പിടി സമ്മാനങ്ങളുമായാണ്. അന്ന് അമ്മ സമ്മാനിച്ച ഹാൻഡ് കർച്ചീഫിന്റെ രൂപത്തിലുള്ള ഫോട്ടോ ആൽബവും യൂണിബാളിന്റെ വെള്ള നിറമുള്ള പേനയും ഇന്നും ഞാൻ പൊന്നുപോലെ സൂക്ഷിക്കുന്നു.
അമ്മയോടൊപ്പം ഒരുമിച്ചു നിന്ന് ലൈവ് ആയി പാട്ട് പാടി റെക്കോർഡ് ചെയ്യാനുള്ള ഭാഗ്യവും ലഭിച്ചു ഒരിക്കൽ. രാജാ സാറിന്റെ ഒരു തെലുങ്ക് ഗാനം. അന്നനുഭവിച്ച ആഹ്ലാദം വിശദീകരിക്കാൻ വയ്യ. കുട്ടിക്കാലം മുതലേ നമ്മൾ ആരാധിക്കുന്ന ഗായികയാണ് തൊട്ടരികെ. പാടുകയാണെന്നേ തോന്നില്ല അവർ. ചുണ്ടനങ്ങുന്നത് പോലും കാണില്ല. നിശ്ചലയായി നിന്ന് വലതുകൈയിലെ കർച്ചീഫിൽ തിരിപ്പിടിച്ചുകൊണ്ടിരിക്കുന്നത് മാത്രം കാണാം. ആ കർചീഫ് ആണ് അമ്മയുടെ ആലാപനത്തെ നിയന്ത്രിക്കുന്നത് എന്ന് തോന്നും ചിലപ്പോൾ.
സംഗീതദേവത തന്നെയാണ് എനിക്ക് ജാനകിയമ്മ. അവരോടൊപ്പം കുറെ സമയം ചെലവഴിച്ച ശേഷം ഓരോ തവണയും വിടപറയുമ്പോൾ വല്ലാത്ത നഷ്ടബോധം തോന്നും. മനസ്സില്ലാമനസ്സോടെ സ്വന്തം കുഞ്ഞിനെ മറ്റാരെയോ ഏൽപ്പിച്ചു മടങ്ങുമ്പോൾ ഒരു അമ്മയ്ക്ക് തോന്നുന്ന അതേ വികാരം. സംസാരിച്ചു ഫോൺ വെച്ചാൽ പോലും വലിയൊരു ശൂന്യതയാണ് മനസ്സിൽ. ഏതോ മുജ്ജന്മബന്ധം പോലത്തെ അടുപ്പം. ഇതാ ഈ നിമിഷവും ആ സ്നേഹസ്പർശം അനുഭവിക്കുന്നു ഞാൻ.
സ്റ്റാർ ആൻഡ് സ്റ്റൈലിന് വേണ്ടി തയ്യാറാക്കിയത്
Content Highlights: KS Chithra about S Janaki Ravi Menon Paattuvazhiyorathu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..