Photo | Mathrubhumi Archives
ഒരുപാട് മുഖങ്ങൾ മനസ്സിൽ തെളിയും ``വാചാലം എൻ മൗനവും നിൻ മൗനവും'' എന്ന പാട്ടിനൊപ്പം എന്ന് പറയും എം ഡി രാജേന്ദ്രൻ. ``കൂടും തേടി'' എന്ന സിനിമയിൽ ഗാനരചയിതാവായി തന്നെ നിർദ്ദേശിച്ച തിരക്കഥാകൃത്ത് എസ് എൻ സ്വാമിയുടെ; ആ നിർദ്ദേശം അതേപടി സ്വീകരിക്കാൻ സന്മനസ്സ് കാട്ടിയ സംവിധായകൻ പോൾ ബാബുവിന്റെ; ഹൃദ്യമായ ഒരീണം കൊണ്ട് ആ വരികൾ അനശ്വരമാക്കിയ ജെറി അമൽദേവിന്റെ; ഹൃദയം നൽകി അത് പാടിയ ഗാനഗന്ധർവന്റെ.... അങ്ങനെ പലരുടെയും മുഖങ്ങൾ.
തീർന്നില്ല. മറ്റൊരാൾ കൂടിയുണ്ട് ആ പട്ടികയിൽ. സാക്ഷാൽ ഇളയരാജ. രാജയില്ലാതെ ആ ഗാനത്തെക്കുറിച്ചുള്ള എം ഡി ആറിന്റെ ഓർമ്മകൾ ഒരിക്കലും പൂർണ്ണമാകുന്നില്ല.
``അതെങ്ങനെ? ജെറി അമൽദേവ് സ്വതസിദ്ധമായ ശൈലിയിൽ സ്വരപ്പെടുത്തിയ പാട്ടിൽ ഇശൈജ്ഞാനിക്ക് എന്തു കാര്യം?'' -- എന്റെ ചോദ്യം.
മറുപടിയായി ചെന്നൈ എയർലൈൻസ് ഹോട്ടലിൽ വെച്ച് നടന്ന ഗാനസൃഷ്ടിയുടെ നിമിഷങ്ങൾ ഓർമ്മയിൽ നിന്ന് പൊടിതട്ടിയെടുക്കുന്നു എം ഡി ആർ . മൂന്നര പതിറ്റാണ്ട് പഴക്കമുള്ള ദീപ്തമായ ഓർമ്മകൾ.
സ്വന്തം ഓഫീസിലെ കസേരയിലിരുന്ന് മോഹൻലാലിൻറെ കഥാപാത്രം ദിവാസ്വപ്നം കാണുന്നതാണ് ഗാനസന്ദർഭം. കിനാവിൽ കാമുകിയുമൊത്ത് ആടിപ്പാടാൻ ഒരു പാട്ട് വേണം. അൽപ്പം ചടുലതാളത്തിലുള്ള പാട്ടായിക്കോട്ടെ എന്ന് സംവിധായകൻ. സ്വപ്നമല്ലേ? പതിവുശൈലിയിൽ നിന്ന് വേറിട്ടൊരു പാട്ട് ചെയ്യാൻ ജെറി മാഷിനും സന്തോഷം.
``പാട്ടെഴുതുന്നതിന് മുൻപ് എനിക്കൊരു പതിവുണ്ട്,''-- എം ഡി രാജേന്ദ്രൻ പറയുന്നു. ``കേട്ട് മനസ്സിൽ പതിഞ്ഞ ഏതെങ്കിലും ഹിന്ദി പാട്ടിന്റെയോ തമിഴ് പാട്ടിന്റെയോ ഈണം മൂളി, അതിനൊത്ത് വരികൾ മിനഞ്ഞെടുക്കാൻ ശ്രമിക്കും. മനസ്സിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണത്. സംഗീതസംവിധായകൻ അത് അറിയണം എന്നില്ല. ആകർഷകമായ ഒരു താളക്രമത്തിലാണല്ലോ വരികൾ രൂപപ്പെടുക. അങ്ങനെ പിറക്കുന്ന വരികളിൽ നിന്ന് പുതിയൊരു ഈണം സൃഷ്ടിക്കാൻ കംപോസർക്ക് എളുപ്പമായിരിക്കും.''
``കൂടും തേടി'' (1985) യിലെ പാട്ടുണ്ടാക്കേണ്ടിവന്ന ഘട്ടത്തിൽ എം ഡി ആറിന് പെട്ടെന്നോർമ്മ വന്നത്, ആയിടെ പുറത്തിറങ്ങി ഹിറ്റായ ഒരു ഇളയരാജ ഗാനമാണ്. ``മൂൻട്രാം പിറൈ''യിൽ യേശുദാസ് പാടിയ ``പൂങ്കാറ്റ് പുതിതാനത്.'' ഹോട്ടൽ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ട് ആ പാട്ടിനൊത്ത് മനസ്സിൽ വരികൾ കുറിക്കുന്നു കവി: ``വാചാലം എൻ മൗനവും വാചാലം നിൻ മൗനവും, തേനൂറും സ്വപ്നങ്ങളും പുഷ്പങ്ങളും'' എന്നിങ്ങനെ. മൂളൽ തെല്ലുറക്കെ ആയപ്പോൾ ജെറിയുടെ ചോദ്യം. ഇതേതാ പാട്ട്?
``രചനാതന്ത്ര''ത്തിന്റെ രഹസ്യം പങ്കുവെക്കാതെ ഗത്യന്തരമില്ലായിരുന്നു എം ഡി ആറിന്. മാഷിന് ആ തുറന്നുപറച്ചിൽ ഇഷ്ടപ്പെട്ടിരിക്കാം. ``കേൾക്കട്ടെ താങ്കളുടെ മനസ്സിലെ വരികൾ. രാജയുടെ പാട്ടല്ലല്ലോ നമുക്ക് വേണ്ടത്; ജെറിയുടെ പാട്ടല്ലേ?'' തമാശ കലർത്തി മാഷിന്റെ ചോദ്യം.
പിന്നീട് കണ്ടത് അത്ഭുതക്കാഴ്ചയാണെന്ന് പറയും എം ഡി ആർ. ``പറഞ്ഞാൽ വിശ്വസിക്കുമോ? ഞാൻ എഴുതിക്കൊടുത്ത വരികളിലൂടെ ഒന്ന് കണ്ണോടിച്ച് അപ്പോൾ തോന്നിയ ഒരീണം മൂളുന്നു ജെറി മാഷ്. പുതുമയാർന്ന ഈണം. ഞാൻ മനസ്സിൽ മൂളിയ ഈണവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല അതിന്. വരികളിൽ അല്ലറചില്ലറ കൂട്ടലും കിഴിക്കലും കൂടി കഴിഞ്ഞപ്പോൾ പല്ലവി തയ്യാർ. ഒന്നോ രണ്ടോ മിനിറ്റേ വേണ്ടിവന്നുള്ളൂ മാഷിന് ആ സൃഷ്ടി നടത്താൻ..''
കേട്ടിരുന്നവർക്ക് സന്തോഷം. സിറ്റുവേഷന് യോജിച്ച ഈണം തന്നെ എന്ന കാര്യത്തിൽ സംശയമില്ല ആർക്കും. താമസിയാതെ ട്യൂണിനനുസരിച്ച് മറ്റു വരികളും വന്നു. ``ഒരു വയൽപ്പക്ഷിയായ് പൂഞ്ചിറകിന്മേൽ ഉയരുന്നൂ ഞാൻ ഉയരുന്നൂ, ഒരുമണിത്തെന്നലായ് താഴ്വരയാകെ തഴുകുന്നൂ നീ തഴുകുന്നൂ, മണിമുളം കുഴലിതാ കാടാകവേ, സംഗീതം കുളിരിളം തളിരിതാ കാടാകവേ രോമാഞ്ചം...''
ഒരു മണിക്കൂറിനകം പിറ്റേന്ന് റെക്കോർഡ് ചെയ്യാനുള്ള പാട്ട് റെഡി. ജെറി മാഷിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഈണമായിരുന്നു അത്. ശരിക്കും ട്രെൻഡി ആയ പാട്ട്. ആധുനികമായ സൗണ്ടിംഗ്. ചടുലതയാർന്ന ഓർക്കസ്‌ട്രേഷൻ. ``മാഷിന്റെ സംഗീതജീവിതത്തിൽ തന്നെ വേറിട്ട സൃഷ്ടിയായിരുന്നു അതെന്നാണ് എന്റെ അഭിപ്രായം.'' - എം ഡി രാജേന്ദ്രൻ.ചെന്നൈ തരംഗിണിയിൽ പിറ്റേന്ന് റെക്കോർഡിംഗ്. യേശുദാസ് വന്നത് മകൻ വിജയ്‌ക്കൊപ്പമാണ് എന്നോർക്കുന്നു എം ഡി ആർ. കുട്ടിയാണ് അന്ന് വിജയ്. അഞ്ചോ ആറോ വയസ്സ് പ്രായം. ``കുറച്ചു നേരം അച്ഛനും മകനും കൂടി സ്റ്റുഡിയോയുടെ മുറ്റത്ത് ടെന്നീസ് കളിക്കുന്നത് കണ്ടുനിന്നു ഞങ്ങൾ. നല്ലൊരു മൂഡിലെത്തിയ ശേഷമാണ് ദാസേട്ടൻ പാടാനെത്തിയത്. ആസ്വദിച്ചുതന്നെ പാടി അദ്ദേഹം. മാത്രമല്ല, റെക്കോർഡ് ചെയ്ത പാട്ട് കൺസോളിൽ ഇരുന്ന് ആവർത്തിച്ച് കേൾക്കുകയും ചെയ്തു; രസിച്ചു താളമിട്ടുകൊണ്ട്.
ഇടയ്ക്കെപ്പോഴോ പുറത്തു കളിച്ചുകൊണ്ടിരുന്ന മകനെ അകത്തേക്ക് വിളിച്ചുവരുത്തുന്നു യേശുദാസ്. ``ഒന്നു രണ്ടു തവണ അവനെയും പാട്ടു കേൾപ്പിച്ചു അദ്ദേഹം. കളി തുടരാനുള്ള ഉത്സാഹത്തിൽ ആയിരുന്നതിനാൽ വിജയ് ശ്രദ്ധിച്ചു കേട്ടുവോ എന്ന് സംശയം. സ്വാഭാവികമായും പാട്ടിന്റെ പല്ലവി പാടിക്കേൾപ്പിക്കാൻ അച്ഛൻ നിർബന്ധിച്ചപ്പോൾ മകൻ മടിച്ചു. ആവർത്തിച്ചു പറഞ്ഞിട്ടും വിജയ് മിണ്ടാതെ നിന്നപ്പോൾ ദാസേട്ടന്റെ ശബ്ദം ഉയരുന്നു. ഇത്തവണ പേടിച്ചുകൊണ്ടുതന്നെ വിജയ് പാടി: വാചാലം എൻ മൗനവും നിൻ മൗനവും.''; വിറച്ചുവിറച്ചു കൊണ്ടാണെങ്കിലും ആലാപനം ശ്രുതിശുദ്ധമായിരുന്നു എന്ന് എം ഡി ആർ.
വിധിനിയോഗമെന്നോണം വർഷങ്ങൾക്ക് ശേഷം അതേ ഗാനം വിജയ് യേശുദാസിന്റെ ശബ്ദത്തിൽ വീണ്ടും കേട്ടു എം ഡി രാജേന്ദ്രൻ -- ദുബായിലെ ഒരു മോഹൻലാൽ ഷോയിൽ. അപ്പോഴേക്കും മലയാളികളുടെ പ്രിയഗായകരിൽ ഒരാളായി വളർന്നുകഴിഞ്ഞിരുന്നു പഴയ പരിഭവക്കാരൻ പയ്യൻ. ``അച്ഛനെ പോലെ തന്നെ അയത്നലളിതമായി മകൻ എന്റെ പാട്ടിലൂടെ ഒഴുകിപ്പോകുന്നത് നോക്കിനിന്നപ്പോൾ ഓർമ്മവന്നത് ആ പഴയ നിമിഷങ്ങളാണ്. വിജയ് ചിലപ്പോൾ ഒന്നും ഓർക്കുന്നുണ്ടാവില്ല. ചെറിയ കുട്ടിയായിരുന്നല്ലോ അന്ന്. പക്ഷേ നമുക്ക് മറക്കാനാവുമോ?''
``കാലം കരുതിവെക്കുന്ന വിസ്മയങ്ങളല്ലേ എല്ലാം?''-- എം ഡി ആറിന്റെ ആത്മഗതം.
Content Highlights : Koodum Thedi Malayalam Movie Song vaachalam En Mounavum M D Rajendran Yesudas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..