കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ ദിലീപ്, യേശുദാസ്
'പുന്നാരപ്പൂങ്കാട്ടിൽ' എന്ന ഗാനത്തെ കുറിച്ച് പലരും നല്ല വാക്കുകൾ പറഞ്ഞുകേൾക്കുമ്പോൾ അകാലത്തിൽ വേർപിരിഞ്ഞ പിതാവിനെ ഓർക്കും നാദിർഷാ. കണ്ണുകൾ അറിയാതെ ഈറനണിയും അപ്പോൾ.
"യേശുദാസിനെ ഒന്ന് പരിചയപ്പെടണം; മകനായ എന്നെ അദ്ദേഹത്തിന്റെ ഒപ്പം നിറുത്തി ഒരു ഫോട്ടോയെടുക്കണം. ബാപ്പയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത്.'' -- നാദിർഷായുടെ വാക്കുകൾ. മോഹം സഫലമാകും മുൻപ് മരണം വന്നു കൂട്ടിക്കൊണ്ടുപോയി അദ്ദേഹത്തെ. പിതാവ് വിടപറയുമ്പോൾ നാദിർഷാക്ക് പ്രായം പതിനാറ്. ജീവിച്ചിരുന്നെങ്കിൽ, മകന്റെ ഈണത്തിൽ യേശുദാസ് പാടിയ മനോഹരഗാനം കേട്ട് എത്ര സന്തോഷിച്ചേനെ അദ്ദേഹം എന്ന് ഊഹിക്കാനാകും നാദിർഷാക്ക്.
'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന് സുജേഷ് ഹരി എഴുതി നാദിർഷാ ഈണമിട്ട 'പുന്നാരപ്പൂങ്കാട്ടിൽ' എന്ന പാട്ടാണ്. അപൂർവമായി മാത്രം സിനിമയിൽ പാടാറുള്ള ഗാനഗന്ധർവന്റെ സമീപകാലത്ത് കേട്ട മികച്ച ഗാനം. "67 വയസ്സുള്ള നായക കഥാപാത്രത്തിന് വേണ്ടി ദാസേട്ടൻ പാടിയാൽ നന്നായിരിക്കുമെന്നു തോന്നി ഞങ്ങൾക്ക്. അയച്ചുകൊടുത്ത ട്രാക്ക് കേട്ട് അദ്ദേഹം പാടാൻ സമ്മതിക്കുകയും ചെയ്തു. പക്ഷേ ദാസേട്ടൻ അമേരിക്കയിൽ നിന്ന് പാടി റെക്കോർഡ് ചെയ്ത് തിരിച്ചയച്ചത് മുപ്പതുകാരന്റെ പാട്ട്....''-- പടത്തിന്റെ സംവിധായകൻ കൂടിയായ നാദിർഷാ ചിരിക്കുന്നു.
"82 വയസ്സുള്ള ഒരാളാണ് ആ പാട്ട് പാടിയതെന്ന് കേട്ടാൽ പറയുമോ? ആ പ്രായത്തിൽ നന്നായൊന്ന് കോട്ടുവാ ഇടാൻ പോലും ശേഷിയുണ്ടാകുമോ നമുക്ക് എന്ന് കണ്ടറിയണം..''
ഇതേ യേശുദാസിന്റെ മുന്നിൽ ഒന്നു നേരിൽ ചെന്ന് നില്ക്കാൻ പോലും ഭയം തോന്നിയ കാലമുണ്ടായിരുന്നു നാദിർഷായുടെ ജീവിതത്തിൽ.
"1990 കളിലെ കഥ. പതിവായി ഞങ്ങൾ ദേ മാവേലി കൊമ്പത്ത് എന്ന പാരഡി കാസറ്റ് ഇറക്കിയിരുന്ന കാലമാണ്. ഓണം സീസണിൽ തരംഗിണി പുറത്തിറക്കിയിരുന്ന യേശുദാസിന്റെ ഉത്സവ ഗാന കാസറ്റുമായാണ് മാർക്കറ്റിൽ അന്ന് ഞങ്ങളുടെ മത്സരം. തരംഗിണിക്കും ദാസേട്ടനും അത് ഇഷ്ടപ്പെടണം എന്നില്ലല്ലോ..''
മീനാക്ഷി കല്യാണം (1998) എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കവേ, ഇഷ്ട ഗായകൻ യേശുദാസിനെ കൊണ്ട് ഒരു പാട്ടെങ്കിലും പാടിക്കണമെന്ന് നാദിർഷാക്ക് മോഹം. പഴയ ഓണക്കാല 'മത്സര'ത്തിന്റെ ഓർമ്മ ഉള്ളിലുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ ചെന്ന് നില്ക്കാൻ ധൈര്യമില്ല താനും. "ട്രാക്ക് പാടി ചെന്നൈയിലേക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തത്. നേരിൽ ചെന്നാൽ അദ്ദേഹം പൊട്ടിത്തെറിച്ചാലോ?''
ട്രാക്ക് കേട്ടപ്പോൾ യേശുദാസ് ചോദിച്ചു: "ആരാ ഇതിന്റെ സംഗീത സംവിധായകൻ?'' ആരോ എന്റെ പേര് പറഞ്ഞപ്പോൾ ഒരു നിമിഷം നിശബ്ദനായി ദാസേട്ടൻ. എന്നിട്ട് പറഞ്ഞു: "ഓ, നമ്മുടെ മിമിക്രിക്കാരൻ. അല്ലേ? ഒരു കാര്യം ചെയ്യൂ. തൽക്കാലം ഈ പാട്ട് മാറ്റിവെക്കൂ. ഒന്ന് രണ്ടു കാര്യങ്ങൾ അന്വേഷിച്ചറിയണം. ഇത് ഇറങ്ങാൻ പോകുന്ന പടമാണോ? ഷൂട്ടിംഗ് നടക്കുമോ? പാട്ട് സിനിമയിൽ ഉപയോഗിക്കുമോ?''
ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്നും പാട്ട് സിനിമയിൽ ഉപയോഗിക്കാൻ തന്നെയാണ് ഉദ്ദേശ്യമെന്നുമുള്ള ഉറപ്പ് ലഭിച്ച ശേഷം മാത്രമേ പാട്ടു റെക്കോർഡ് ചെയ്യാൻ യേശുദാസ് തയ്യാറായുള്ളൂ എന്ന് നാദിർഷാ.
പിൽക്കാലത്ത് ദാസേട്ടനുമായി അടുത്ത സൗഹൃദം സ്ഥാപിച്ച ശേഷം, എന്തായിരുന്നു അന്നത്തെ ആ നിലപാടിന് പിന്നിൽ എന്ന് നേരിട്ട് ചോദിച്ചിട്ടുണ്ട് നാദിർഷാ. ചിരിച്ചുകൊണ്ട് യേശുദാസ് പറഞ്ഞ മറുപടി ഇങ്ങനെ: "സത്യം പറഞ്ഞാൽ അന്നെനിക്ക് പേടിയായിരുന്നു നിന്നെ. ഞാൻ പാടിത്തന്ന പാട്ട് യേശുദാസിന്റെ ആദ്യത്തെ പാരഡി ഗാനം എന്ന വിശേഷണത്തോടെ നീ നിന്റെ പാരഡി കാസറ്റിൽ ചേർക്കില്ലെന്ന് ആരുകണ്ടു?'' ഇന്നും അക്കാര്യമോർത്ത് ചിരിച്ചുപോകാറുണ്ട് താനെന്ന് നാദിർഷാ.
തിരയെഴുതും മണ്ണിൽ (രചന: രമേശൻ നായർ) എന്ന ഗാനം മനോഹരമായിത്തന്നെ പാടി യേശുദാസ്. അടുത്ത വർഷം പുറത്തുവന്ന ഗാന്ധിയൻ എന്ന സിനിമയിലുമുണ്ടായിരുന്നു നാദിർഷാ -- യേശുദാസ് കൂട്ടുകെട്ടിന്റെ വിഷാദസ്പർശമുള്ള ഒരു മെലഡി: ഗിരീഷ് പുത്തഞ്ചേരി രചിച്ച 'പൂന്തിങ്കളേ മൂവന്തിയായ് മുകിലേറ്റു മായല്ലേ നീ'.. നീണ്ട ഇടവേളക്ക് വിരാമമിട്ടുകൊണ്ട് ഇപ്പോഴിതാ 'കേശു'വിലൂടെ പുനഃസമാഗമം.
യാത്രക്കിടെ സുഹൃദ്സദസ്സിൽ പാടുന്ന പാട്ടായതിനാൽ കഴിയുന്നതും ലളിതമായ, ആർക്കും ഏറ്റുപാടാവുന്ന ഒരു ഈണമാകണം എന്ന് നിർബന്ധമുണ്ടായിരുന്നു നാദിർഷാക്ക്. ``പൊതുവെ മെലഡികളോട് ഇഷ്ടമുള്ള കൂട്ടത്തിലാണ് ഞാൻ. ഇതുവരെയുള്ള എന്റെ പാട്ടുകളിൽ അധികവും മെലഡികൾ തന്നെ. അമർ അക്ബർ ആന്റണിയിലെ എന്നോ ഞാനെന്റെ മുറ്റത്ത് പോലുള്ള പാട്ടുകൾ മലയാളികൾ ഹൃദയപൂർവം സ്വീകരിച്ചവയാണ്. അതിന്റെ തുടർച്ച തന്നെയാണ് ദാസേട്ടന് വേണ്ടി സൃഷ്ടിച്ച ഈ പാട്ടും. ഞങ്ങളുടെയൊക്കെ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് ആ പാട്ടിനെ കൊണ്ടുപോയി അദ്ദേഹം. സംഗീതം തപസ്യയായി കാണുന്ന ഒരാൾക്ക് മാത്രം കഴിയുന്ന കാര്യം...''
content highlights : KJ Yesudas Keshu Ee Veedinte Nathan Movie Song Nadirshah Dileep
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..