-
കിഷോർദാ വന്നാൽ ആഘോഷമാണ് സ്റ്റുഡിയോയിൽ. നിലയ്ക്കാത്ത പൊട്ടിച്ചിരികൾ, ശബ്ദാനുകരണങ്ങൾ, മുഖം കൊണ്ടുള്ള ഗോഷ്ഠികൾ, മോണോ ആക്റ്റുകൾ, ഉറക്കെയുറക്കെയുള്ള ആത്മഭാഷണങ്ങൾ, നൃത്തച്ചുവടുകൾ.. അങ്ങനെയങ്ങനെ..
അന്തരീക്ഷത്തിൽ ചിരിയുടെ അമിട്ടുകൾ ഒന്നൊന്നായി പൊട്ടിച്ചിതറുന്നു. ശരിക്കും ഒരു തട്ടുപൊളിപ്പൻ കോമഡി സിനിമ പോലെ.
വേവലാതിയായിരുന്നു എന്നിട്ടും സംഗീത സംവിധായകരായ കല്യാൺജി -ആനന്ദ്ജിയുടെ ഉള്ളിൽ. ``സഫർ'' (1970) എന്ന സിനിമയുടെ റെക്കോർഡിംഗ് തുടങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം. കിഷോർ പാടേണ്ടത് അത്യന്തം ഹൃദയസ്പർശിയായ പാട്ടാണ്. വിഷാദത്തിന്റെ നേർത്ത ആവരണമുള്ള ഇന്ദീവറിന്റെ ദാർശനിക രചന. ആത്മാവിന്റെ അടിത്തട്ടിൽ നിന്ന് ഒഴുകിവരണം ആ നൊമ്പരം. കൈമെയ് മറന്നുള്ള കളിചിരിക്കസർത്തുകൾക്കിടെ കിഷോർ എങ്ങനെ ആ ഭാവത്തിന് ഇണങ്ങുംവിധം മനസ്സിനെ പാകപ്പെടുത്തും? ആർദ്രമായ ഗാനത്തിൽ തമാശ കലരുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലുമാവില്ല കല്യാൺജിക്കും ആനന്ദ്ജിക്കും.
``കിഷോർദാ, നമുക്ക് റെക്കോർഡിംഗ് നാളേക്ക് മാറ്റാം. ഈ മൂഡിൽ പാടിയാൽ ശരിയാവില്ല.''- ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു. ഗായകന് അത്ഭുതം. ``എന്തിന്? പ്രൊഫഷണൽ ഗായകനാണ് ഞാൻ. എന്റെ മൂഡ് നിശ്ചയിക്കുന്നത് ഞാൻ തന്നെ. ഇതാ പാടാൻ ഞാൻ തയ്യാറായിക്കഴിഞ്ഞു....''
മൈക്കിന് മുന്നിൽ ചെന്നു നിന്നത് അതുവരെ കണ്ട കിഷോറല്ല. തികച്ചും വ്യത്യസ്തനായ മറ്റൊരു കിഷോർ. മുഖത്ത് ചിരിയുടെ ലാഞ്ഛന പോലുമില്ല. ശബ്ദത്തിൽ ഒരു നേർത്ത ഗദ്ഗദവുമായി ഗാനത്തിന്റെ ആത്മാവിലൂടെ വിഷാദകാമുകനെപ്പോലെ അലയുന്നു അദ്ദേഹം. ``കൺസോളിൽ കിഷോർദായെ കേട്ടിരിക്കുമ്പോൾ, തൊണ്ട ഇടറുന്നത് ഞാനറിഞ്ഞു; കണ്ണുകൾ സജലങ്ങളാകുന്നതും.''-- ആനന്ദ്ജിയുടെ ഓർമ്മ.
ഇന്ദീവറിനെ ഈണം പാടിക്കേൾപ്പിക്കും മുൻപ് ഭീഷണിയുടെ സ്വരത്തിൽ കല്യാൺജി പറഞ്ഞു: ``ഒരു മണിക്കൂറിനകം വരികൾ കിട്ടണം. അതും അർത്ഥപൂർണ്ണമായ വരികൾ. ഇല്ലെങ്കിൽ താങ്കൾക്ക് പകരം ആനന്ദ് ബക്ഷിയെ വിളിച്ച് എഴുതിക്കേണ്ടി വരും..''
മറ്റാരെങ്കിലുമായിരുന്നെങ്കിൽ ക്ഷോഭിച്ച് ഇറങ്ങിപ്പോയേനേ ആ നിമിഷം. പക്ഷേ സിനിമയിൽ പാട്ടെഴുത്തിനുള്ള അവസരങ്ങൾ കുറഞ്ഞുവരുന്ന കാലമായിരുന്നു ഇന്ദീവറിന്റെ ജീവിതത്തിൽ. വെല്ലുവിളി ഏറ്റെടുക്കുക മാത്രമല്ല, ഒരു മണിക്കൂറിനുള്ളിൽ അതീവ ഹൃദ്യമായ ഒരു ഗാനം എഴുതിത്തീർക്കുക കൂടി ചെയ്തു അദ്ദേഹം.
ബാക്കിയുള്ളത് ചരിത്രം. ``എന്റെ ജീവിത വീക്ഷണം തന്നെയാണ് ആ പാട്ട്. എപ്പോൾ അത് പാടുമ്പോഴും വികാരാധീനനാകും ഞാൻ.''- കിഷോർ ഒരിക്കൽ പറഞ്ഞു.
ഭാവദീപ്തമായ ആ നാദം ഇതാ ഈ നിമിഷവുമുണ്ട് കാതിൽ; മനസ്സിലും: ``സിന്ദഗി കാ സഫർ, ഹായ് യെ കൈസാ സഫർ...''
Content Highlights :Kishore Kumar Birthday Ravi Menon Paattuvazhiyorathu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..