Image designed by Roopesh K.
2018-ല്‍ പുറത്തിറങ്ങിയ 'പദ്മാവത്' എന്ന ചിത്രത്തിലെ 'ഖലിബലി' എന്ന ഗാനം കേള്‍വിക്കാരനിലേക്ക് പകരുന്ന ഊർജത്തിന്‍റെ ലെവല്‍ ഒന്നു വേറെതന്നെയാണ്. ഏറ്റവും മുതല്‍മുടക്കുള്ള ഇന്ത്യന്‍ സിനിമകളിലൊന്നായ പദ്മാവതിന്റെ ഹൈലൈറ്റായിരുന്നു അതിലെ ഗാനങ്ങള്‍. ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ സഞ്ജയ് ലീല ഭന്‍സാലി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങളും ഗാനരംഗങ്ങളും ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളായി. ഖലിബലി എന്നാരംഭിക്കുന്ന ഗാനത്തിനും നൃത്തരംഗത്തിനും ആവര്‍ത്തിച്ച് കാണാനും കേള്‍ക്കാനും പ്രേരിപ്പിക്കുന്ന പ്രത്യേകതകളുണ്ടായിരുന്നു. ആദ്യതവണ കേട്ട് അവഗണിച്ചവര്‍ പോലും പിന്നീട് യൂട്യൂബില്‍ ഗാനം കാണാനായി തിരഞ്ഞെത്തുന്നതും പോസിറ്റീവായി കമന്റ് ചെയ്യുന്നതും ഖലിബലിയെ എക്സ്ട്രാ ഓഡിനറിയാക്കുന്നു. അലാവുദ്ദീന്‍ ഖില്‍ജിയുടെ 'വില്ലനിസം' പൂര്‍ണമായും ആവിഷ്‌കരിക്കുന്ന ഗാനരംഗമായിരുന്നു ഖലിബലി. സിനിമയിലേയും ഗാനത്തിലേയും രണ്‍വീറിന്റെ അഭിനയം ഏറെ നിരൂപകപ്രശംസ നേടുകയും ഖലിബലി ഗാനം ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിക്കുകയും ചെയ്തു.
തുരാസിന്റെ വരികള്‍; ഗണേഷ് ആചാര്യയുടെ കൊറിയോഗ്രാഫി
കവിയും ഗാനരചയിതാവുമായ എ.എം. തുരാസായിരുന്നു ഖലിബലിയുടെ വരികള്‍ രചിച്ചത്. അധികാരത്തിനും സ്വാര്‍ഥതാതാത്പര്യങ്ങള്‍ക്കുമായി ബന്ധങ്ങള്‍ പോലും അവഗണിക്കുന്ന കഥാപാത്രമായ അലാവുദ്ദീന്‍ ഖില്‍ജിയുടെ പ്രതിനായകഭാവത്തെ, പ്രണയാന്ധതയില്‍ ഉഴലുന്ന ഒരു കാമുകന്റെ നൊമ്പരവും വിരഹവുമായി തീവ്രമായി പകര്‍ത്തിയ വരികളായിരുന്നു ഖലിബലിയുടേത്. ശിവം പഥകും ഷെയ്ല്‍ ഹദായും ചേര്‍ന്നാണ് ഗാനമാലപിച്ചത്. ശിവം പഥകിന്റെ ഹബീബി... എന്ന ഭാഗം ആലാപനമികവിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ നേടി. സഞ്ജയ് ലീല ഭന്‍സാലി ആഗ്രഹിച്ച ഫീല്‍ ഗാനത്തിന് നല്‍കാന്‍ ഗായകര്‍ക്ക് നൂറുശതമാനം സാധിച്ചുവെന്ന് ഗാനത്തിന് ലഭിച്ച അംഗീകാരം സൂചിപ്പിക്കുന്നു. സംഗീതസംവിധായകനെന്ന നിലയില്‍ ഭന്‍സാലിയുടെ ഏറ്റവും മികച്ച ആല്‍ബമാണ് പദ്മാവതെന്ന് സംഗീതാസ്വാദകര്‍ അഭിപ്രായപ്പെട്ടു. ഗാനത്തിന്റെ നൃത്തസംവിധാനമാണ് അതിലേറെ പ്രശംസിക്കപ്പെട്ടത്. തികച്ചും അസാധാരണമായ ഒരു പ്രണയനൊമ്പരത്തിന്റെ കൃത്യതയാര്‍ന്ന ആവിഷ്‌കാരമായിരുന്നു രണ്‍വീര്‍ സിങ്ങും സംഘവും നിറഞ്ഞാടിയ ഗാനരംഗത്തിന്. ദേശീയ ചലച്ചിത്ര പുരസ്‌കാരമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ ഗണേഷ് ആചാര്യയാണ് ഖലിബലിയ്ക്കായി നൃത്തമൊരുക്കിയത്. പുഷ്പ, ബാജിറാവു മസ്താനി, എബിസിഡി, ബോഡിഗാര്‍ഡ് തുടങ്ങി നൂറിലധികം സിനിമകള്‍ക്കായി നൃത്തസംവിധാനം നിര്‍വഹിച്ച, സംവിധായകനും അഭിനേതാവും കൂടിയായ ഗണേഷ് ആചാര്യയ്ക്ക് ഖലിബലി ഗാനം ആവോളം പ്രശംസയാണ് നേടിക്കൊടുത്തത്.
അണ്‍ബീറ്റബിള്‍: രണ്‍വീറും ഖലിബലി ഡാന്‍സും
വന്യമായ വിധത്തിലുള്ള സംഗീതവും നൃത്തച്ചുവടുകളും രണ്‍വീര്‍ സിങ്ങിന്റെ ഭാവാഭിനയവും ഖലിബലി ഗാനത്തെ വ്യത്യസ്തമാക്കി. രണ്‍വീര്‍ സിങ്ങിന്റെ അഭിനയജീവിതത്തിലെ മികച്ച വേഷമായിരുന്നു പദ്മാവതിലെ നെഗറ്റീവ് റോള്‍. തനിക്ക് ലഭിച്ച കഥാപാത്രത്തോട് രണ്‍വീര്‍ നൂറ് ശതമാനം ആത്മാര്‍ഥത പുലര്‍ത്തുകയും ചെയ്തു. സംഘനൃത്തമായാണ് ഖലിബലി ഗാനം ചിത്രീകരിക്കപ്പെട്ടത്. സഞ്ജയ് ലീല ഭന്‍സാലിയുടെ ആഗ്രഹപ്രകാരമുള്ള നൃത്തച്ചുവടുകള്‍ ഖലിബലി ഗാനത്തെ മറ്റു ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കി, സിനിമയുടെ വിജയഗാനം കൂടിയായി ഖലിബലി ഗാനം വാഴ്ത്തപ്പെട്ടു. മുംബൈ ഫിലിം സിറ്റിയിലൊരുക്കിയ സെറ്റില്‍ ഒറ്റ ദിവസം കൊണ്ടാണ് ഖലിബലി ചിത്രീകരിച്ചത്. മുന്നൂറ് നര്‍ത്തകരാണ് ഗാനരംഗത്തിനായി അണിനിരന്നത്. രണ്‍വീറിനൊപ്പം മറ്റ് നര്‍ത്തകരും അഭിനന്ദിക്കപ്പെട്ടു. ബിഗ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ഫ്രെയിമുകളുടെ സംവിധാകന്‍ ഭന്‍സാലിയും പ്രശംസിക്കപ്പെട്ടു. പദാമാവത് പുറത്തിറങ്ങി നാല് വര്‍ഷം പിന്നിടുമ്പോഴും ഖലിബലി ഫുട് ടാപ്പിങ് നമ്പറുകളുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്.
ഗാനത്തിന് ശബ്ദം പകര്‍ന്നത് ശിവം പഥക്കും ഷെയ്ല്‍ ഹദായും
പദ്മാവതിലെ രണ്ട് ഗാനങ്ങളാണ് ശിവം പഥക് ആലപിച്ചത്. ഏക് ദിന്‍ ഏക് ജാന്‍, ഖലിബലി എന്നിവ. രണ്ട് ഗാനങ്ങള്‍ക്കും രണ്ട് ഫീലായിരുന്നു. രണ്ട് ഗാനങ്ങളും വ്യത്യസ്തമായി തന്നെ പാടിയാണ് ശിവം പഥക് വിജയിപ്പിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയായ പഥക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് മുംബൈയിലേക്ക് നീങ്ങിയത്. അവിടെ തന്നെ ജോലിക്കായി ശ്രമിച്ച പഥക്കിനെ സുഹൃത്താണ് മ്യൂസിക് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത്. ആദ്യ അഞ്ച് സ്ഥാനക്കാരില്‍ ഇടം നേടിയ പഥക് പിന്നീട് രണ്ട് കൊല്ലം പ്രമുഖ ഗായകന്‍ സുരേഷ് വാദ്കറുടെ കീഴില്‍ സംഗീതമഭ്യസിച്ചു. 2011-ല്‍ മോഡ് എന്ന സിനിമയിലൂടെയായിരുന്നു പഥക്കിന്റെ സിനിമാപ്രവേശനം. മൂന്ന് സിനിമകള്‍ക്കായി പഥക് ഈണമൊരുക്കുകയും ചെയ്തു. പഥക്കിനോടൊപ്പം ഖലിബലി ഗാനമാലപിച്ച ഷെയ്ല്‍ ഹദാ രാജസ്ഥാന്‍ ഗായകനാണ്. 2005-ല്‍ സഞ്ജയ് ലീല ഭന്‍സാലിയുടെ ബ്ലാക്കിലൂടെയാണ് ഹദാ സിനിമാരംഗത്തേക്കെത്തിയത്. പിന്നീട് ഭന്‍സാലിയുടെ ഒട്ടുമിക്ക ചിത്രങ്ങളിലും ഹദയുടെ സാന്നിധ്യമുണ്ടായിരുന്നു. അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഹദാ ചില സിനിമകള്‍ക്കായി സംഗീതമൊരുക്കുകയും ചെയ്തു.
.jpg?$p=b660c20&&q=0.8)
'ഭന്‍സാലിയുടെ ഏറ്റവും മികച്ച മ്യൂസിക് ആല്‍ബം'

സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്ത ഖലിബലി
സോഷ്യല്‍മീഡിയയും ഖലിബലി ഗാനത്തെ ഏറ്റെടുത്തു. ഗാനത്തിന് നിരവധി കവര്‍ വേര്‍ഷനുകളുണ്ടായി. രണ്‍വീര്‍ സിങ്ങിന്റെ ഭാവങ്ങളും ചുവടുകളും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അനുകരിച്ചു. ഡാന്‍സ് സ്‌കൂളുകളും സ്റ്റുഡിയോകളും ഡാന്‍സ് കവറുകളുമായെത്തി. രണ്‍വീര്‍ പങ്കെടുക്കുന്ന പൊതു-സ്വകാര്യ പരിപാടികളിലും ആഘോഷങ്ങളിലും രണ്‍വീറിനോട് ഖലിബലി നൃത്തച്ചുവടുകള്‍ക്കായി ആരാധകര്‍ ആവശ്യപ്പെട്ടു. സെലിബ്രിറ്റികള്‍ പലരും ഖലിബലി ഗാനത്തിനൊപ്പം ചവടുവെച്ചു. ഇന്ത്യയ്ക്ക് പുറത്തും ഖലിബലി ഗാനത്തിന് നിരവധി ആരാധകരുണ്ടായി. കോടിക്കണക്കിന് വ്യൂസാണ് യൂട്യൂബില്‍ മാത്രം ഖലിബലി ഗാനത്തിന് ഇതുവരെ ലഭിച്ചത്. ഔട്ട്‌സ്റ്റാന്‍ഡിങ്ങെന്നും എനര്‍ജെറ്റിക്കെന്നും നീളുന്നു രണ്‍വീറിന്റെ പെര്‍ഫോമന്‍സിന് ലഭിക്കുന്ന കമന്റുകള്‍. നിരവധി അംഗീകാരങ്ങളും രണ്‍വീറിന്റെ ഖില്‍ജിയെ തേടിയെത്തി. സംവിധാനത്തിനും സംഗീതത്തിനും നൃത്തസംവിധാനത്തിനും അഭിനയത്തിനുമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ പദ്മാവതിനെ വതിനെ തേടിയെത്തി.
Content Highlights: Padmaavat movie Song Khalibali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..