കൈതപ്രം ഈണമിട്ടു; ഈണത്തിൽ ഗിരീഷ് നിറഞ്ഞു


രവിമേനോൻ

തൊഴിൽപരമായ മത്സരങ്ങൾക്കും, ഈഗോകൾക്കും എല്ലാം അപ്പുറത്ത് സഹോദരനിർവിശേഷമായ സ്നേഹം ഉള്ളിൽ കാത്തുസൂക്ഷിച്ചവരായിരുന്നു കൈതപ്രവും ഗിരീഷും

ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം

കോഴിക്കോട്ടെ ഹോട്ടൽ മഹാറാണിയുടെ വരാന്തയിൽ വെച്ച് യാദൃച്ഛികമായി കണ്ടപ്പോൾ കമലിനെ തടഞ്ഞു നിർത്തി കൈകൂപ്പിക്കൊണ്ട് ഗിരീഷ് പറഞ്ഞു: ``നിങ്ങളോടെനിക്ക് ബഹുമാനമുണ്ട്. കാരണം ഗിരീഷ് പുത്തഞ്ചേരിയെ കൊണ്ട് പാട്ടെഴുതിക്കാതിരിക്കാൻ ചങ്കൂറ്റം കാണിച്ച രണ്ടേ രണ്ടു മലയാള സംവിധായകരിൽ ഒരാളാണ് നിങ്ങൾ. മറ്റെയാൾ ഭരതേട്ടൻ.''

ഗിരീഷിന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്ന ആത്മരോഷവും പരിഹാസവും ശ്രദ്ധിക്കാതിരുന്നില്ല കമൽ. ലഹരിയുടെ സ്വാധീനം കൂടി അവയിൽ കലർന്നിരുന്നതിനാൽ മറുപടിയൊന്നും പറഞ്ഞില്ലെന്ന് മാത്രം. ``അഴകിയ രാവണൻ'' എന്ന സിനിമയുടെ കമ്പോസിംഗ് തിരക്കിലാണ് അന്ന് കമൽ. ആ പടത്തിൽ പാട്ടൊരുക്കുന്നത് കൈതപ്രം -- വിദ്യാസാഗർ ടീം. അതറിഞ്ഞുകൊണ്ടുള്ള പരിഭവമായിരിക്കും ഗിരീഷിന്റേത് എന്നേ ചിന്തിച്ചുള്ളൂ അദ്ദേഹം. ``ഗിരീഷിന്റെ മറ്റൊരു തമാശയായേ ഞാൻ ആ പ്രതികരണത്തെ കണ്ടുള്ളൂ. പക്ഷേ എന്നെ അമ്പരപ്പിച്ചുകൊണ്ട് പിറ്റേന്ന് കാലത്ത് ഗിരീഷ് വീണ്ടും വിളിക്കുന്നു. ഇന്നലെ പറഞ്ഞത് മദ്യലഹരിയിൽ ആണെന്ന് കരുതേണ്ട. സ്വബോധത്തോടെ തന്നെയാണ്. ഉള്ളിലെ പരിഭവം അറിയിച്ചു എന്നേയുള്ളൂ-- ചിരിച്ചുകൊണ്ട് ഗിരീഷ് പറഞ്ഞു. എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ച വാക്കുകളായിരുന്നു അവ.'' --കമൽ.

തൂവൽസ്പർശം (1990) തൊട്ടിങ്ങോട്ട് കൈതപ്രമാണ് കമലിന്റെ സ്ഥിരം പാട്ടെഴുത്തുകാരൻ. പാവം പാവം രാജകുമാരൻ, വിഷ്ണുലോകം, പൂക്കാലം വരവായി, ഉള്ളടക്കം, ആയുഷ്കാലം, എന്നോടിഷ്ടം കൂടാമോ, മഴയെത്തും മുൻപേ.... എല്ലാ പടത്തിലും പാട്ടുകൾ സൂപ്പർ ഹിറ്റായിരുന്നതിനാൽ മാറി ചിന്തിക്കേണ്ടി വന്നില്ല എന്നതാണ് സത്യം.

``പെരുവണ്ണാപുരത്തെ വിശേഷങ്ങ''ളുടെ കാലം മുതൽ അറിയാം കമലിന് ഗിരീഷിനെ. തിരക്കഥാകൃത്ത് രഞ്ജിത്താണ് കൂട്ടുകാരനെ കമലിന് പരിചയപ്പെടുത്തിയത്. ``നല്ല കയ്യക്ഷരമാണ്. തിരക്കഥയുടെ കോപ്പിയെടുക്കാൻ ഇവൻ എന്റെ കൂടെയുണ്ടാകും.''-- രഞ്ജി പറഞ്ഞു. ``ആ രാത്രി ഞങ്ങൾക്ക് വേണ്ടി പഴയ എത്രയോ സിനിമാപ്പാട്ടുകൾ ഗിരീഷ് പാടി; ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയും പിയുടേയും കവിതകൾ ചൊല്ലി.'' -- കമൽ ഓർക്കുന്നു. അന്ന് സിനിമയിൽ സജീവമായിട്ടില്ല ഗിരീഷ്. അധികം വൈകാതെ മലയാളത്തിലെ തിരക്കേറിയ പാട്ടെഴുത്തുകാരനായി ഗിരീഷ് വളർന്നു. ഒരു സിനിമയിലും ഗിരീഷിനെ കൊണ്ട് പാട്ടെഴുതിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം അപ്പോഴും ബാക്കി. ആ ദുഃഖം ഗിരീഷും ഉള്ളിൽ കൊണ്ടുനടക്കുന്നു എന്നറിഞ്ഞപ്പോൾ കമലിന് ഒരാഗ്രഹം. ഗിരീഷിനെ കൊണ്ട് അടുത്ത പടത്തിൽ പാട്ടെഴുതിച്ചാലോ?

``ഈ പുഴയും കടന്നി''ൽ ഗിരീഷ് ഗാനരചയിതാവായി കടന്നുവന്നത് അങ്ങനെയാണ്. ജോൺസണുമായി ചേർന്ന് ഗിരീഷ് ആ സിനിമക്ക് വേണ്ടി സൃഷ്ടിച്ച പാട്ടുകളെല്ലാം ഹിറ്റായിരുന്നു. സ്വാഭാവികമായും അടുത്ത പടത്തിലും ഗിരീഷിനെ പരീക്ഷിക്കാൻ നിർബന്ധിതനാകുന്നു കമൽ. അവിടെയും വിജയകഥ ആവർത്തിച്ചു. ``കൃഷ്ണഗുഡിയിൽ ഒരു പ്രണയകാല''ത്തിൽ ഗിരീഷ് -- വിദ്യാസാഗർ സഖ്യം ഒരുക്കിയ പാട്ടുകൾ എങ്ങനെ മറക്കാൻ?

``തുടർച്ചയായി ഗിരീഷിനെ ആശ്രയിക്കുന്നത് കൈതപ്രത്തെ വിഷമിപ്പിക്കും എന്നറിയാഞ്ഞിട്ടല്ല. ഇത്രയേറെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച കൈതപ്രത്തെ അവഗണിക്കാൻ പാടില്ല എന്ന് മനസ്സ് പറയുന്നു. എന്നാൽ ഗിരീഷിനെ മാറ്റി കൈതപ്രത്തിലേക്ക് തിരിച്ചു ചെന്നാൽ അതിലും വലിയ പ്രശ്നമാകും. അടുത്ത പടം ചെയ്യുമ്പോൾ ഞാൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അതായിരുന്നു: ആരെക്കൊണ്ട് പാട്ടെഴുതിക്കണം? കൈതപ്രവും ഗിരീഷും എന്റെ അടുത്ത സുഹൃത്തുക്കൾ. പ്രതിഭാശാലികൾ. രണ്ടുപേരെയും പിണക്കാൻ വയ്യ.'' -- കമൽ.

ആ ആശയക്കുഴപ്പത്തിൽ നിന്നാണ് , രഞ്ജിത്ത് തിരക്കഥയും സംഭാഷണവുമെഴുതി കമൽ സംവിധാനം ചെയ്ത ``കൈക്കുടന്ന നിലാവ്'' എന്ന ചിത്രത്തിലൂടെ മലയാളത്തിലെ അത്യപൂർവമായ ആ സംഗീതസഖ്യത്തിന്റെ പിറവി -- രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: കൈതപ്രം ദാമോദരൻ നമ്പൂതിരി. പടത്തിന്റെ കഥാചർച്ചക്കിടെ രഞ്ജിത്തിനോട് തമാശയായി കമൽ പറഞ്ഞു: ``കൈതപ്രത്തെയും ഗിരീഷിനെയും പിണക്കാതിരിക്ക്കാൻ ഒരൊറ്റ വഴിയേ കാണുന്നുള്ളൂ: ഗിരീഷ് പാട്ടെഴുതി തിരുമേനി കംപോസ് ചെയ്യട്ടെ.'' പൊട്ടിച്ചിരിയോടെയാണ് രഞ്ജിത്ത് ആ നിർദ്ദേശത്തെ വരവേറ്റത്: ``എന്നാപ്പിന്നെ അവരുടെ അടി തീർക്കാനേ നമുക്ക് സമയം കാണൂ.''

ഒരേ മേഖലയിൽ തിളങ്ങി നിൽക്കുന്ന, പരസ്പരം മത്സരിക്കാൻ വിധിക്കപ്പെട്ട രണ്ടുപേർക്കിടയിൽ ഈഗോ ഉണ്ടാകുന്നത് സ്വാഭാവികം. അതൊരു കലഹമായി മാറുന്നത് സിനിമക്ക് ഒട്ടും ഗുണം ചെയ്യില്ല. എങ്കിലും ഒരു പരീക്ഷണം നടത്തിനോക്കുന്നതിൽ തെറ്റില്ല എന്നായിരുന്നു രഞ്ജിത്തിന്റെയും അഭിപ്രായം. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു പുതുമയാണല്ലോ അത്.

പുതിയ ആശയവുമായി കമൽ ആദ്യം കണ്ടു സംസാരിച്ചത് കൈതപ്രത്തെ. അത്ഭുതമായിരുന്നു തിരുമേനിക്ക്. ``ഞാൻ ട്യൂണിട്ടാൽ അയാൾ എഴുതുമോ?''-- കൈതപ്രത്തിന്റെ ചോദ്യം. എഴുതിയില്ലെങ്കിൽ എഴുതിക്കും എന്ന് കമൽ. കാര്യമറിഞ്ഞപ്പോൾ ഗിരീഷിന്റെ മുഖത്തും അവിശ്വസനീയത: ``ഞാൻ എഴുതിയാൽ അയാൾ ട്യൂൺ ചെയ്യുമോ'' എന്നാണ് ഗിരീഷിന്റെ സംശയം. ``നീ എഴുതിയാൽ മതി, ബാക്കിയെല്ലാം ഞാനും രഞ്ജിത്തും നോക്കിക്കൊള്ളാം'' എന്ന് വാക്കു കൊടുത്ത ശേഷമേ ഗിരീഷിന് സമാധാനമായുള്ളൂ എന്നോർക്കുന്നു കമൽ. ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന ഒരു കൂട്ടുകെട്ട് പിറവിയെടുക്കാൻ ഇനി ദിവസങ്ങൾ മാത്രം.

ഹോട്ടൽ മഹാറാണിയിലും വെസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസിലും വെച്ചായിരുന്നു ഗാനസൃഷ്ടി. സാക്ഷികളായി കമലും രഞ്ജിത്തും മാത്രം. ``പ്രതീക്ഷിച്ച പോലുള്ള പൊട്ടലും ചീറ്റലും ഒന്നുമുണ്ടായില്ല എന്നതാണ് സത്യം. സർവം സംഗീതമയം, സമാധാനപൂർണ്ണം. ആദ്യത്തെ ട്യൂൺ കൈതപ്രം പാടിക്കേട്ടപ്പോൾ ഗിരീഷ് ചോദിച്ചത് ഓർമയുണ്ട്: തിരുമേനി, ഇതിന് കുറച്ചു ഡമ്മി വരികൾ തന്നൂടെ? എന്നാൽ എനിക്ക് എഴുതാൻ എളുപ്പമാകും. ചിരിച്ചുകൊണ്ട് കൈതപ്രം പറഞ്ഞു -- അത് വേണ്ട, ഡമ്മി ആണെങ്കിലും ഞാൻ അർത്ഥമുള്ള വരികളേ എഴുതൂ. അത് പാഴായിപ്പോകുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.'' കളിയും കാര്യവും ഇടകലർത്തിയുള്ള കൈതപ്രത്തിന്റെ മറുപടി ആസ്വദിച്ച് ചിരിക്കുന്ന ഗിരീഷിന്റെ ചിത്രം ഇന്നുമുണ്ട് കമലിന്റെ ഓർമ്മയിൽ. കൈതപ്രം മൂളിക്കൊടുത്ത ഈണം മനസ്സിലേക്കാവാഹിച്ച് ``മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ മണവാട്ടിയാക്കും നേരമായി'' എന്ന പാട്ടെഴുതാൻ അധികസമയം വേണ്ടിവന്നില്ല ഗിരീഷിന്. യേശുദാസും സുജാതയും വെവ്വേറെ സോളോ ആയി പാടിയ ഗാനം.

ഗിരീഷുമൊത്തു ചിലവഴിച്ച നിമിഷങ്ങൾ മറക്കാനാവില്ല കൈതപ്രത്തിനും. `` എനിക്ക് വേണ്ടതെന്തെന്ന് ഗിരീഷിനും ഗിരീഷ് മനസ്സിൽ കാണുന്നതെന്തെന്ന് എനിക്കും എളുപ്പം ഉൾക്കൊള്ളാൻ കഴിഞ്ഞതാണ് ഞങ്ങളുടെ കൂട്ടുകെട്ടിന്റെ വിജയം. മാത്രമല്ല ഗിരീഷിന്റെ ഉള്ളിൽ താളബോധമുള്ള നല്ലൊരു ഗായകൻ കൂടിയുണ്ട്. രാഗങ്ങളെക്കുറിച്ചുമുണ്ട് വ്യക്തമായ ധാരണ.'' മംഗളദീപവുമായി (എം ജി ശ്രീകുമാർ/ ചിത്ര, ശബ്നം) എന്ന ഗാനം പന്തുവരാളിയിലും കാവേരിതീരത്തെ (ചിത്ര) ആനന്ദഭൈരവിയിലും വാലിട്ടു കണ്ണെഴുതും (യേശുദാസ്) ആഭേരിയിലുമാണ് കൈതപ്രം സ്വരപ്പെടുത്തിയത്.

``ആദ്യം എഴുതി ചിട്ടപ്പെടുത്തിയതാണ് ഇനിയും പരിഭവമരുതേ എന്ന ഗാനം.''-- കൈതപ്രം ഓർക്കുന്നു. ``ഗിരീഷിന്റെ പാട്ടുകളിൽ എനിക്കേറെ ഇഷ്ടപ്പെട്ട രചനകളിലൊന്ന്. ആഭോഗി രാഗസ്പർശം നൽകി ആ വരികൾ ഈണമിട്ട് പാടിക്കേൾപ്പിച്ചപ്പോൾ ഗിരീഷിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം മറക്കാനാവില്ല. ദാസേട്ടൻ അത് ആസ്വദിച്ച് പാടുകയും ചെയ്തു.'' കോഴിക്കോട്ടും ചെന്നൈയിലും വെച്ചായിരുന്നു കൈക്കുടന്ന നിലാവിലെ പാട്ടുകളുടെ റെക്കോർഡിംഗ്.

പാട്ടുകളൊരുക്കി വിടവാങ്ങുമ്പോൾ ഗിരീഷ് കമലിനോട് ഒരു കാര്യം പറഞ്ഞു: ``അടുത്ത പടത്തിലും ഞങ്ങളെ ഒരുമിപ്പിക്കണം. കൈതപ്രം പാട്ടെഴുതട്ടെ. ഞാൻ ഈണമിടും. സംഗീത സംവിധാനത്തിലുള്ള എന്റെ കഴിവ് നിങ്ങളെ ബോധ്യപ്പെടുത്തണമല്ലോ.'' തമാശ പറയുകയായിരുന്നില്ല ഗിരീഷ് എന്നതിന് ആത്മവിശ്വാസം സ്‌ഫുരിക്കുന്ന ആ കണ്ണുകൾ സാക്ഷ്യം. ``അതിനെന്താ, ഞാനും അത് ആലോചിക്കായ്കയല്ല. സമയം ഒത്തുവരട്ടെ.'' കമൽ പറഞ്ഞു. നിർഭാഗ്യവശാൽ ആ അവസരം ഒരിക്കലും വന്നുചേർന്നില്ല. കൈതപ്രമെഴുതി ഗിരീഷ് ചിട്ടപ്പെടുത്തിയ പാട്ടുകൾ കേൾക്കാൻ ഭാഗ്യമുണ്ടായില്ല മലയാളികൾക്ക്.

തൊഴിൽപരമായ മത്സരങ്ങൾക്കും, ഈഗോകൾക്കും എല്ലാം അപ്പുറത്ത് സഹോദരനിർവിശേഷമായ സ്നേഹം ഉള്ളിൽ കാത്തുസൂക്ഷിച്ചവരായിരുന്നു കൈതപ്രവും ഗിരീഷും. ``ഗിരീഷിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട പാട്ട് ഒരു ലളിതഗാനമാണ്.'' -- കൈതപ്രം പറയും. ``ചന്ദനവീണയിൽ ഉണരുവതേതൊരു പന്തുവരാളീ സ്വരതരംഗം, ശുഭപന്തുവരളീ സ്വരതരംഗം.. ഗിരീഷിന്റെ സംഗീതജ്ഞാനം മുഴുവൻ എം ജി രാധാകൃഷ്ണൻ ട്യൂൺ ചെയ്ത ആ പാട്ടിലുണ്ട്.''

ഗിരീഷിനൊപ്പമുള്ള അവസാനത്തെ ട്രെയിൻ യാത്ര കൈതപ്രം ഓർത്തെടുക്കുന്നതിങ്ങനെ: ``ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടാണ് ഗിരീഷിന്റെ വരവ്. പേനയും കയ്യിലെന്തോ മണിപോലത്തെ ഒരു സാധനവുമുണ്ട്. അതെല്ലാം കയ്യിൽ തന്നിട്ട് പ്രാർത്ഥിച്ചു തിരികെ കൊടുക്കാൻ പറഞ്ഞു. കൊടുത്തപ്പോൾ കണ്ണുകൾ ചിമ്മി അവ നെഞ്ചോട് ചേർത്തു ഗിരീഷ്. പിന്നെ വീട്ടിലേക്ക് വിളിച്ച് കൈതപ്രത്തെ കണ്ടു, പേന പൂജിച്ചു വാങ്ങി എന്നൊക്കെ വിശദമായി പറയുന്നത് കേട്ടു. ട്രെയിൻ കോഴിക്കോട്ടെത്തിയപോൾ ഞാൻ പറഞ്ഞു: എന്റെ വണ്ടി വന്നിട്ടുണ്ട്. ഗിരീഷിനെ ഞാൻ വീട്ടിൽ കൊണ്ടുചെന്നാക്കാം. ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ച് തന്നെ കാത്തുനിന്ന കാർ തിരഞ്ഞു പോകുകയാണ് ഗിരീഷ് ചെയ്തത്. അതായിരുന്നു അവസാന കാഴ്ച.''

`` പച്ചവെള്ളം പോലെ ശുദ്ധനായ മനുഷ്യനാണ് ഗിരീഷ്.''-- കൈതപ്രത്തിന്റെ വാക്കുകൾ. ``ഏത് നിറത്തിന്റെ അടുത്തേക്ക് പോയാലും ആ വർണ്ണം അയാളിൽ കാണാം; സ്‌ഫടികം പോലെ. മദ്യത്തിനടുത്ത് മദ്യത്തിന്റെ നിറം. നല്ല കവിതയുടെ അടുത്ത് കവിതയുടെ നിറം. സംഗീതത്തിനടുത്ത് സംഗീതത്തിന്റെ നിറം. ശുദ്ധനായ മനുഷ്യന്റെ മാത്രം സവിശേഷതയാണത്..''

(​ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)

content highlights : Kaithapram Gireesh Puthanchery kaikkudanna nilavu movie songs Kamal Ranjith

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022

Most Commented