മമ്മൂട്ടിയും ഉമ്മ ഫാത്തിമയും, ഫാത്തിമ | ഫോട്ടോ: www.facebook.com/vysakh.film.director, ബി. മുരളികൃഷ്ണൻ | മാതൃഭൂമി
എല്ലാവരില്‍ നിന്നും ഒളിപ്പിച്ചുവയ്ക്കുന്ന ചില കുടുംബസ്വകാര്യതകള്‍ മമ്മൂട്ടിക്കുണ്ട്. അത് അദ്ദേഹത്തിന് മാത്രം വാസനിക്കാനുള്ള ഉദ്യാനമാണ്. അതില്‍ ഏറ്റവും വിലപ്പെട്ട ഒന്നിന്റെ പേരായിരുന്നു ഫാത്തിമ ഇസ്മയില്‍. വെള്ളിയാഴ്ച റംസാനിലെ അവസാനപത്തില്‍ ഭൂമിയില്‍ നിന്ന് യാത്രയായ പുണ്യവതിയായ മാതാവ്. ഉമ്മ മമ്മൂട്ടിക്ക് എന്തായിരുന്നു എന്നറിയാന്‍ ഇന്നലത്തെ പകലില്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കിയാല്‍ മതിയായിരുന്നു. അതില്‍ പലകാലങ്ങള്‍ കലങ്ങിനിറയുന്നുണ്ടായിരുന്നു. ഉമ്മതന്ന ഉമ്മകളും മൂര്‍ധാവിലൂടെ ഓടിയ വിരലുകളും ചേര്‍ത്തുപിടിക്കലില്‍ കിട്ടിയിരുന്ന തണുപ്പും എല്ലാം ഓര്‍മവന്നിട്ടുണ്ടാകണം. മമ്മൂട്ടി അപ്പോള്‍ ഒരു കുട്ടിയായിരുന്നു.
മമ്മൂട്ടിയുടെ അഭിനയമോഹത്തിന്റെ ആദ്യ കാണിയായിരുന്നു ഫാത്തിമ. കല്യാണം കഴിഞ്ഞ് അഞ്ചുവര്‍ഷം നോമ്പുനോറ്റുണ്ടായ ആദ്യകുട്ടിയെ പില്‍ക്കാലം എല്ലാവരും മമ്മൂട്ടി എന്നു വിളിച്ചപ്പോള്‍ അവര്‍ മാത്രം മമ്മൂഞ്ഞ് എന്ന് ചൊല്ലി ഓമനിച്ചു. 'അവന്റെ മനസ്സില് പണ്ടുകാലം തൊട്ടേ സിനിമയായിരുന്നു. ബാപ്പയാണ് ആദ്യം ചെമ്പിലെ കൊട്ടകയില് സിനിമയ്ക്ക് കൊണ്ടുപോയിരുന്നത്. കുറച്ചുമുതിര്‍ന്നപ്പോ അനിയന്മാരുമായി പോകാന്‍ തുടങ്ങി. ഒറ്റ സിനിമ വിടില്ല. രാത്രിയില്‍ അവര് വീടിന്റെ ടെറസില് കിടക്കും. എഴുന്നേറ്റ് സിനിമയ്ക്ക് പോണത് നമ്മളറിയൂല. കോളേജില്‍പോകാന്‍ തുടങ്ങിയപ്പോഴാണ് അഭിനയിച്ചുതുടങ്ങിയത്. അവിടത്തെ ഓരോ വിശേഷവും വീട്ടില്‍ വന്നുപറയും. അഭിനയിച്ചുകാണിക്കും. പാട്ടുപാടിക്കൊണ്ടുനടക്കും.'-ഒരിക്കല്‍ ഫാത്തിമ പറഞ്ഞു.
മമ്മൂട്ടിയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ ഉമ്മയുണ്ടെങ്കിലും പലപ്പോഴും പുറത്തേക്ക് വരാറില്ല. അകത്തെവിടെയെങ്കിലും പ്രാര്‍ഥനയും വായനയുമായി സ്വസ്ഥമായിരിക്കുകയായിരിക്കും. പക്ഷേ കുറേവര്‍ഷം മുമ്പ് മമ്മൂട്ടിയുടെ ഒരു പിറന്നാളിന് മുമ്പ് ദീര്‍ഘമായി സംസാരിക്കാന്‍ അവസരം കിട്ടി. അന്ന് അവര്‍ പങ്കുവച്ചതിലേറെയും മമ്മൂട്ടിയെന്ന മകനെക്കുറിച്ചുള്ള അറ്റംകാണാവാത്സല്യത്തിന്റെ ആകാശപ്പരപ്പുകളായിരുന്നു. സംഭാഷണം വളരവേ ഫാത്തിമ ചെമ്പിലേക്ക് ഓര്‍മകളുടെ കൊതുമ്പുവള്ളം തുഴഞ്ഞുപോയി. അത് ചെന്നടുത്ത കടവില്‍ നിന്ന കുട്ടിയുടെ പേര് മുഹമ്മദ് കുട്ടിയെന്നായിരുന്നു.
'വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത്-മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി. എനിക്കു മാത്രം അന്നും ഇന്നും എന്നും മമ്മൂഞ്ഞ്. ചിങ്ങമാസത്തിലെ വിശാഖത്തിനാണ് അവന്‍ ജനിച്ചത്. ഇംഗ്ലീഷ് തീയതിയാണ് സപ്തംബര്‍ ഏഴ്. കുട്ടിക്കാലത്തും പിറന്നാള്‍ വലിയ ആഘോഷമൊന്നുമായിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഒരു പായസം വയ്ക്കും. പ്രാര്‍ഥന മാത്രം മുടക്കാറില്ല. യാസീന്‍ ഓതി ദു അ്‌വ ചൊല്ലും. ആയുസ്സും ആരോഗ്യവും കൊടുക്കണേയെന്ന് പടച്ചോനോട് പറയും. ഇന്നും എനിക്ക് അതേ പടച്ചോനോട് അപേക്ഷിക്കാനുള്ളൂ.'ഫാത്തിമ പറഞ്ഞു.
ഒരു ഉമ്മയ്ക്ക് മാത്രം ഓര്‍ത്തോര്‍ത്ത് താലോലിക്കാനുള്ള ഇന്നലെകളായിരുന്നു അത്. 'ഇടയ്ക്ക് രണ്ടുവര്‍ഷം എന്റെ നാടായ ചന്തിരൂരിലാണ് അവന്‍ വളര്‍ന്നത്. രണ്ടു പിള്ളേരുണ്ടായിരുന്നു അവന്റെ കൂടെ. അതുങ്ങള് എപ്പോഴും ഉപദ്രവിക്കും. ശല്യം സഹിക്കാതെയായപ്പോഴാണ് സ്‌കൂള്‍ മാറ്റിയത്. ചെറുപ്പത്തിലേ ഓട്ടവും ചാട്ടവും തന്നെയായിരുന്നു. അടങ്ങിയിരിക്കൂല. പതിനാലുവയസ്സുള്ളപ്പോ ചെമ്പീന്ന് ഒറ്റയ്ക്ക് കെട്ടുവളളമൂന്നി അക്കരെ പൂച്ചാക്കല് വരെപ്പോയി. തുഴയാനൊക്കെ നല്ല മരുങ്ങായിരുന്നു. തിരിച്ചുവന്നപ്പോ നല്ലത് കൊടുത്തു. അടികൊണ്ട് വള്ളത്തില് വീണു.'-ഫാത്തിമ ചിരിച്ചു. മുന്നില്‍ കുഞ്ഞുമമ്മൂട്ടി തൊലിപ്പുറത്തെ തിണര്‍പ്പുകളില്‍ വിരലോട്ടി.
'അവന്റെ കൂട്ടുകാരൊന്നും എന്റെ വയറ്റില്‍ ജനിച്ചില്ലെന്നേയുള്ളൂ. എന്റെ മക്കള് തന്നെയായിരുന്നു.'വെന്ന് പറഞ്ഞപ്പോള്‍ അവരിലൊരു അമ്മക്കടലിരമ്പി.
സൗഹൃദസദസ്സുകളില്‍ കുഞ്ഞുസംഭവങ്ങളില്‍നിന്ന് സറ്റയറിന്റെ നുറുങ്ങുചിരികള്‍ സൃഷ്ടിക്കുന്നതില്‍ വിരുതുണ്ട് മമ്മൂട്ടിക്ക്. അത് ഉമ്മയില്‍ നിന്ന് കിട്ടയതാണെന്ന് തോന്നിപ്പോയി ഒരുവേള ചില വര്‍ണനകള്‍ കേട്ടപ്പോള്‍. മമ്മൂട്ടിക്ക് പ്രിയപ്പെട്ട ഒരു ശീലത്തെക്കുറിച്ചുള്ള ഫാത്തിമയുടെ നിരീക്ഷണം ഇങ്ങനെ: 'ചെറുപ്പത്തില്‍ പാലും ഏത്തപ്പഴവുമായിരുന്നു പ്രധാന ആഹാരം. പാലൊക്കെ അന്നേ കുടിച്ചു തീര്‍ത്തതുകാരണമായിരിക്കാം ഇപ്പോ അവന് പാല്‍ച്ചായ വേണ്ട. കട്ടന്‍മതി.'
'എല്ലാവരുടെയും ജീവിതത്തില്‍ മാതാവ് ആദ്യത്തെ സുഹൃത്തും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമാണ്' എന്നാണ് ഒരിക്കല്‍ കവിളില്‍ ഉമ്മവയ്ക്കുന്ന ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ആ ബന്ധത്തിന്റെ ആഴം വെള്ളിയാഴ്ച ചമയങ്ങളില്ലാതെ നിന്ന മമ്മൂട്ടി എന്ന മകനില്‍ പ്രതിഫലിച്ചു. എല്ലാവരുടെയും കൈയില്‍ തൊട്ടുതൊട്ട്, ഉള്ളിലെ സങ്കടത്തെ മാസ്‌കിന് പിറകിലൊളിപ്പിച്ച് മമ്മൂട്ടി നിന്നു. ഇടയ്ക്ക് അകത്തേക്ക് പോയി ഉമ്മയെ കണ്ടും പിന്നെ തിരികെവന്ന് ഒറ്റയ്ക്കിരുന്നും,ചെമ്പിലേക്ക് ഓര്‍മകള്‍ കൊണ്ട് യാത്രപോയും...
ഫാത്തിമ അന്നത്തെ കൂടിക്കാഴ്ചയില്‍ പറഞ്ഞു: 'ചെറുപ്പത്തിലേ അവന്‍ സ്വന്തം വഴി തിരിച്ചറിഞ്ഞു. അതിലേ പോയി. പടച്ചോന്റെ കൃപ കൊണ്ട് നല്ലതിലേക്കായിരുന്നു. അവന്റെ ആദ്യത്തെ ഒന്നുരണ്ടുസിനിമകളൊക്കെ ഒപ്പം തീയറ്ററില് പോയി കണ്ടിട്ടുണ്ട്. ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയപ്പോ അവന് പോകാന്‍ പറ്റാതെയായി. അവന്റെ ബാപ്പ മരിച്ചതിനുശേഷം ഞാന്‍ സിനിമകാണാന്‍ പോയിട്ടുമില്ല. ഇപ്പോ പുതിയ സിനിമ അവന്റെ വീട്ടിലിരുന്ന് കാണാനുള്ള സൗകര്യമുണ്ട്. അതുകൊണ്ട് എന്നെ വിളിക്കും, ചിലപ്പോ ഞാന്‍ ഒപ്പമിരുന്ന് കാണും. അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് ഇഷ്ടംതന്നെ. അതങ്ങനെയല്ലേ വരൂ. 'കാണാമറയത്ത്' നല്ലൊരു സിനിമയായിരുന്നു.' ഒന്ന് നിര്‍ത്തി അവര്‍ ഇങ്ങനെ അവസാനിപ്പിച്ചു.
'പിന്നെ 'തനിയാവര്‍ത്തനം'. അതില് സ്വന്തം അമ്മതന്നെ വിഷം കൊടുത്ത് കൊല്ലുന്നതുകണ്ടപ്പോ നെഞ്ചില് എന്തോ ഒന്നു കുത്തിക്കൊണ്ടപോലെ. ഞാന്‍ അവന്റെ ഉമ്മയല്ലേ...' ഇന്നലെ വെള്ളത്തുണി പുതച്ച് കണ്ണടച്ച് കിടന്ന ഫാത്തിമ ഇസ്മയിലിനെ കണ്ടപ്പോള്‍ കാതിലേക്ക് വന്ന് മൂളിനിന്നതും ആ വാക്കുകളായിരുന്നു...
Content Highlights: kadhathira about mammootty's mother, fathima mammootty and mother
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..