രാഘവൻ മാസ്റ്റർ Photo | Mathrubhumi, Praveen Kumar VP
``ഒരു പാട്ടുണ്ടാക്കാന്‍ എത്ര നേരമെടുക്കും മാഷ്?'' രാഘവൻ മാസ്റ്ററോടാണ് ചോദ്യം.മറുപടിയായി മാസ്റ്റർ ഒരു കഥ പറഞ്ഞു.``കുരുക്ഷേത്ര''ത്തിന്റെ ഗാനസൃഷ്ടിക്കായി മദ്രാസില്‍ ചെന്ന സമയം.. പോകേണ്ട എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. ലീവില്ല. സിനിമാക്കാരാണെങ്കില്‍ മറ്റുള്ളവരുടെ സമയത്തിന് തരിമ്പു പോലും വിലകല്‍പ്പിക്കാത്തവരും. ചെന്നൈയില്‍ തന്നെയുള്ള മറ്റ് ഏതെങ്കിലും സംഗീത സംവിധായകനെ പരീക്ഷിച്ചുകൂടെ എന്ന് ചോദിച്ച് ഒഴിഞ്ഞു മാറാന്‍ നോക്കി ആദ്യം. പക്ഷെ ഭാസ്കരന്‍ മാഷുണ്ടോ വഴങ്ങുന്നു. ഗത്യന്തരമില്ലാതെ ഒരു നിബന്ധന വച്ചു രാഘവൻ: ഒറ്റ ദിവസം കൊണ്ട് പാട്ടുണ്ടാക്കി മടങ്ങിപ്പോകാന്‍ അനുവദിക്കണം. ഇല്ലെങ്കില്‍ ആകാശവാണിയിലെ ജോലി പോകും. ഭാസ്കരന് പൂര്‍ണ്ണസമ്മതം.
ചെന്നപ്പോള്‍ വാസു സ്റ്റുഡിയോയില്‍ അക്ഷമനായി കാത്തിരിക്കുകയാണ് ഭാസ്കരന്‍. ഗാനസന്ദര്‍ഭം പെട്ടെന്ന് വിവരിച്ച ശേഷം അഞ്ചു മിനിട്ട് ഇരിക്കൂ എന്ന് പറഞ്ഞ് അകത്തു പോയ കവി തിരിച്ചു വന്നത് ഒരു കടലാസുമായാണ്-- തിടുക്കത്തില്‍ എഴുതി പൂര്‍ത്തിയാക്കിയ ഗാനത്തിന്റെ വരികളുമായി. ഒരു നിമിഷം പോലും പാഴാക്കാതെ രാഘവൻ തിരികെ കാറില്‍ തന്റെ വാടകമുറിയിലേക്ക് കുതിക്കുന്നു. ശോഭനാ പരമേശ്വരന്‍ നായരും ഉണ്ട് ഒപ്പം. ഓടുന്ന കാറിലിരുന്ന് അദ്ദേഹം എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരിക്കുന്നു. ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല മാസ്റ്റർ. ചിന്ത മുഴുവന്‍ എത്രയും വേഗം പാട്ടുണ്ടാക്കിക്കൊടുത്തു നാട്ടിലേക്ക് വണ്ടി കയറുന്നതിനെ കുറിച്ച് മാത്രം.
കീശയില്‍ നിന്ന് ഭാസ്കരന്റെ വരികള്‍ എടുത്ത് വായിച്ചു നോക്കി. കൊള്ളാം. നാട്ടിന്‍പുറത്തിന്റെ ശാലീനത തുളുമ്പുന്ന പ്രണയ ഗാനം. പല്ലവിയിലൂടെ കണ്ണോടിച്ചപ്പോള്‍ ഉപബോധമനസ്സില്‍ ഒരു ഈണം ഉരുത്തിരിഞ്ഞു വന്നു. പക്ഷെ ചിട്ടപ്പെടുത്തി വെക്കാന്‍ ഹാര്‍മോണിയം ഇല്ല. കാറിന്റെ ഡാഷ് ബോര്‍ഡാണ് ആകെയുള്ള ആശ്രയം. പാഴാക്കാന്‍ സമയം ഇല്ലാത്തത് കൊണ്ട് ഡാഷ് ബോര്‍ഡില്‍ താളമിട്ടു നിശബ്ദമായി ആ ഈണം മൂളി നോക്കി. പിന്നിലേക്ക് കണ്ണഞ്ചിക്കുന്ന വേഗത്തില്‍ ഓടിമറയുന്ന നഗരചിത്രങ്ങള്‍ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല അപ്പോള്‍ മാസ്റ്റര്‍. ചുറ്റുമുള്ള ശബ്ദഘോഷവും. അര മണിക്കൂറിനകം ഈണം തയ്യാര്‍.
ലക്ഷ്മിഭായ് തെരുവിലെ വീടിനു മുന്നില്‍ കാര്‍ നിര്‍ത്തി ഇറങ്ങാന്‍ ഒരുങ്ങിയ പരമേശ്വരന്‍ നായരോട് രാഘവൻ മാസ്റ്റർ ചോദിച്ചു. പാട്ട് കേള്‍ക്കണ്ടേ? സ്തബ്ധനായി നിന്ന സുഹൃത്തിന്റെ മുഖം നോക്കി ചെറുപുഞ്ചിരിയോടെ, താന്‍ ചിട്ടപ്പെടുത്തിയ ഗാനം പൂര്‍ണമായി മൂളിക്കൊടുക്കുന്നു രാഘവൻ. പരമേശ്വരന്‍ നായരുടെ മുഖം വിടര്‍ന്നു. ``മതി മാഷേ. ഗംഭീരം.'' ജയചന്ദ്രന്റെ ഭാവമാധുര്യമാര്‍ന്ന ശബ്ദത്തില്‍ പിറ്റേന്നു റെക്കോര്‍ഡ് ചെയ്ത ആ ഗാനം മലയാള സിനിമയില്‍ കേട്ട മധുരോദാരമായ പ്രണയ ഗീതങ്ങളില്‍ ഒന്നായി നിലനില്‍ക്കുന്നു ഇന്നും:`` പൂര്‍ണേന്ദുമുഖിയോടമ്പലത്തില്‍ വെച്ച് പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു...''
ഇതൊരു രീതി. മറിച്ചുള്ള അനുഭവങ്ങളും അപൂര്‍വമല്ല രാഘവന്റെ സംഗീതജീവിതത്തില്‍. ``ആകാശവാണിയില്‍ നിന്നു ലഭിച്ചതാണ് വേഗത്തില്‍ പാട്ടുണ്ടാക്കാനുള്ള പരിശീലനം. ജോലിയുടെ ഭാഗമായി ക്ലിപ്ത സമയത്തിനുള്ളില്‍ ഗാനസൃഷ്ടി നടത്തേണ്ടി വരുമ്പോള്‍ വേറെ നിവൃത്തി ഇല്ലല്ലോ. വരികള്‍ സംഗീതാത്മകം അല്ലാതെ വരുമ്പോഴാണ് നമ്മള്‍ വലയുക. ഭാസ്കരനും തമ്പിയും ഒ എന്‍ വിയും ഒക്കെ എഴുതി തരുന്ന വരികളുടെ ഒരു കോമ പോലും മാറ്റേണ്ടി വരാറില്ല.
ആദ്യകാലത്ത് വയലാര്‍ ഇക്കാര്യത്തില്‍ കുറച്ച് പിന്നിലായിരുന്നെങ്കിലും പതുക്കെ അദ്ദേഹവും സാഹചര്യങ്ങളോട് ഇണങ്ങിച്ചേര്‍ന്നു,''-- വയലാറിന്റെ ആദ്യ ചിത്രമായ കൂടപ്പിറപ്പില്‍ തുമ്പീ തുമ്പീ വാവാ (ശാന്ത പി നായര്‍), പാത്തുമ്മ ബീബിടെ (രാഘവനും സംഘവും) തുടങ്ങിയ ഗാനങ്ങള്‍ സ്വരപ്പെടുത്തിയ മാസ്റ്റർ പറഞ്ഞു. നീലക്കുയിലിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് ആഴ്ചകള്‍ എടുത്താണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ച് അതൊരു വെല്ലുവിളി ആയിരുന്നല്ലോ. ആലുവയില്‍ വാടകയ്ക്ക് വീടെടുത്ത് ആഘോഷപൂര്‍വമാണ് കമ്പോസിംഗ്. രാമു കാര്യാട്ടും ഭാസ്ക്കരനും സിറ്റുവേഷന്‍ വിവരിച്ചു തരും. ഭാസ്കരന്‍ പാട്ടെഴുതും. രാഘവൻ മാഷുടെ ഹാര്‍മോണിയത്തില്‍ ഈണങ്ങള്‍ മാറി മാറി വരും. രാമുവിന് ഇഷ്ടപ്പെട്ടാല്‍ ഭാസ്കരന് പിടിക്കില്ല. ഭാസ്കരന് ഇഷ്ടപ്പെട്ടാല്‍ രാമുവിനും. ഇരുവരും ഓക്കേ ചെയ്‌താല്‍ അടുത്ത മുറുമുറുപ്പ് ശോഭനാ പരമേശ്വരന്‍ നായരുടെ വകയായിരിക്കും.
``എങ്കിലും മറക്കാനാവാത്ത അനുഭവമായിരുന്നു ആ ഗാനങ്ങളുടെ സൃഷ്ടി. ഇരുന്നു മടുത്താല്‍ ഞങ്ങള്‍ എല്ലാവരും കൂടി ആലുവാപ്പുഴയില്‍ കുളിക്കാന്‍ പോകും. കരയ്ക്കിരുന്നു സോപ്പ് തേയ്ക്കുമ്പോഴാകും ഭാസ്കരന് കവിത വരുന്നത്. ഒന്ന് രണ്ട് തവണ മുങ്ങാംകുഴിയിട്ടു തിരിച്ചു വരുമ്പോഴേക്കും ഞാന്‍ അതിനൊരു ഈണം കണ്ടെത്തിയിട്ടുണ്ടാകും. പിന്നെ എല്ലാവരും കൂടി ഒരുമിച്ചുള്ള സംഗീതസദിരാണ്. മറ്റൊരു സിനിമയ്ക്ക് വേണ്ടിയും അത്രയും ആസ്വദിച്ചു പാട്ട് ചെയ്തിട്ടില്ല.''
അപൂര്‍വസുന്ദരമായ ആ കൂട്ടായ്മയുടെ `സുഗന്ധം' നീലക്കുയിലിലെ ഗാനങ്ങളില്‍ നമ്മള്‍ മലയാളികളും അനുഭവിച്ചു എന്നതല്ലേ സത്യം? എത്രയെത്ര വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍; വ്യക്തിത്വമാര്‍ന്ന ശബ്ദങ്ങള്‍. ഒമ്പത് പാട്ടുകളായിരുന്നു നീലക്കുയിലില്‍. ഏഴോളം പാട്ടുകാരും. എങ്ങനെ നീ മറക്കും (കോഴിക്കോട് അബ്ദുള്‍ഖാദര്‍ ), കായലരികത്ത് (രാഘവന്‍)), മാനെന്നും വിളിക്കില്ല (മെഹബൂബ്), കുയിലിനെ തേടി, എല്ലാരും ചൊല്ലണ് (ജാനമ്മ ഡേവിഡ്), ഉണരുണരൂ ഉണ്ണിക്കണ്ണാ (ശാന്താ പി നായര്‍), ജിഞ്ചകം താരോ (രാഘവനും ഹാജി അബ്ദുല്‍ഖാദറും സംഘവും), കടലാസ് വഞ്ചിയേറി (കോഴിക്കോട് പുഷ്പ). കേവലമൊരു നുറുങ്ങുപാട്ടില്‍ കൂടിയാണെങ്കില്‍ പോലും പുതിയൊരു ഗായകനെ/ഗായികയെ അവതരിപ്പിക്കുന്നത് മഹാസാഹസമായി കൊട്ടിഘോഷിക്കുന്ന ഇന്നത്തെ സംഗീതസംവിധായകര്‍, ആറ് പതിറ്റാണ്ട് മുന്‍പ് രാഘവൻ മാസ്റ്റർ കാണിച്ച ചങ്കൂറ്റത്തെ എന്ത് വിളിക്കും?
ശൂന്യതയില്‍ നിന്നു സൃഷ്ടിച്ച ഈണങ്ങള്‍ ആയിരുന്നു അവയെല്ലാം എന്ന് മാസ്റ്റർ പറയുമ്പോള്‍ നമുക്ക് അവിശ്വസിക്കേണ്ട കാര്യമില്ല. റേഡിയോ നമ്മുടെ നാട്ടില്‍ അപൂര്‍വ വസ്തു ആണ് അക്കാലത്ത്. ഗ്രാമഫോണ്‍ ഒരു ആഡംബരവും. ഹിന്ദി, തമിഴ് ഗാനങ്ങള്‍ വല്ല കല്യാണവീട്ടിലെയും കോളാമ്പിയിലൂടെ കാതില്‍ വന്നു വീണെങ്കിലായി- അത്ര മാത്രം. സ്വാധീനിക്കപ്പെടാനും പ്രചോദനം കൊള്ളാനും പൂര്‍വ മാതൃകകള്‍ കുറവ്. ``കുട്ടിക്കാലത്ത് കേട്ട ഞാറ്റുപാട്ടും, തോറ്റംപാട്ടും, മാപ്പിളപ്പാട്ടും ഒക്കെ എന്‍റെ മനസ്സിന്റെ അടിത്തട്ടില്‍ പതിഞ്ഞു കിടന്നിരിക്കാം. പിന്നെ കേട്ടിട്ടുള്ളത് ഉത്തരേന്ത്യയില്‍ നിന്നെത്തിയ ഖവാലി ഗായകരായ കാദര്‍ ബാഷയുടെയും ഗുല്‍മുഹമ്മദിന്റെയും മറ്റും സംഗീതക്കസര്‍ത്തുകളാണ് ''
Content Highlights : K Raghavan Master Death Anniversary Kurukshethram Movie Song P Jayachandran P Bhaskaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..