സി.ഐ.ഡി ഉണ്ണികൃഷ്ണനിൽ ജഗതി ശ്രീകുമാർ| Photo: Mathrubhumi Archives
വേണമെങ്കില്‍ എന്തരോ എന്തോ'' എന്നു പറഞ്ഞ് ചുളുവില്‍ ഒഴിഞ്ഞുമാറാമായിരുന്നു ജഗതി ശ്രീകുമാറിന്. പകരം എന്തരോ മഹാനുഭാവുലു'' എന്ന് പാടുകയാണ് അദ്ദേഹം ചെയ്തത്. അഭിനയിച്ച ഗാനരംഗങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദ്യത്തിനുള്ള ഇന്‍സ്റ്റന്റ് മറുപടി. രാജസേനന്‍ സംവിധാനം ചെയ്ത സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ് (1994) എന്ന സിനിമയിലെ ആരറിവും താനേ ഏഴു സ്വരങ്ങളാക്കി'' എന്ന കച്ചേരിരംഗം എന്തുകൊണ്ടാവണം ജഗതിക്ക് ഇത്രയേറെ പ്രിയപ്പെട്ടതായി മാറിയത്? നേരിട്ടുതന്നെ ചോദിച്ചിട്ടുണ്ട്; ഇരുപത് വര്‍ഷം മുന്‍പ് കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വെച്ചുള്ള ഒരു അനൗപചാരിക സംഭാഷണത്തിനിടെ. ജഗതിയിലെ നടനും ഗായകനും പടത്തിലെ കഥാപാത്രവും പരസ്പരം ലയിച്ചുചേര്‍ന്ന് ഒന്നായൊഴുകുന്ന മായികക്കാഴ്ച്ച എത്രയോ ഗാനരംഗങ്ങളില്‍ കണ്ടിട്ടുള്ളവരാണല്ലോ മലയാളികള്‍. പാടുന്ന പാട്ടില്‍ നമ്മുടെ ആത്മാംശം കൂടി കലരുമ്പോഴേ അഭിനയം തികവാര്‍ന്നതാകൂ. അതിന് പിന്നണിഗായകന്റെ പിന്തുണ അത്യാവശ്യം. ഈ പാട്ട് കൃഷ്ണചന്ദ്രന്‍ പാടിയിട്ടുള്ളത് എന്റെ സ്വഭാവ വിശേഷങ്ങളും ശരീരഭാഷയുമെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ്. ആ ഗാനരംഗം വിജയിച്ചുവെങ്കില്‍ നടന് മാത്രമല്ല ഗായകന് കൂടി അവകാശപ്പെട്ടതാണ് അതിന്റെ ക്രെഡിറ്റ്.''-ജഗതിയുടെ വിനയപൂര്‍ണ്ണമായ വാക്കുകള്‍.
ഇനിയും കണ്ടു മതിവന്നിട്ടില്ല സിഐഡി ഉണ്ണികൃഷ്ണനിലെ ആ സംഗീതമത്സരം. ഒരു സാധാരണ അര്‍ധശാസ്ത്രീയ ഗാനചിത്രീകരണത്തെ അവിസ്മരണീയമാക്കി മാറ്റാന്‍ ജഗതി പുറത്തെടുക്കുന്ന ചെപ്പടിവിദ്യകള്‍ എത്ര സ്വാഭാവികം, എത്ര ഔചിത്യപൂര്‍ണ്ണം. തത്തക്കിട തകതകിട തകതകിട തജ്ജം'' എന്നാലപിച്ചുകൊണ്ടുള്ള ആ രംഗപ്രവേശം തന്നെ അത്യുജ്ജ്വലം. അപ്രതീക്ഷിതമായി ഇടയ്‌ക്കൊരു തത്ത'' കടന്നുവരുന്നതോടെ നാം ചിരിച്ചു തുടങ്ങുന്നു. ഷഡ്കാല ഗോവിന്ദമാരാരോടിടയാന്‍ തല്‍ക്കാലം ഞാനേയുള്ളൂ എന്ന് തുടങ്ങുന്ന ചരണത്തിലെ എന്തരോ മഹാനുഭാവുലു'' എന്ന ഭാഗമെത്തുമ്പോള്‍ ജഗതിയുടെ മനോധര്‍മ്മ പ്രകടനം ഉദാത്തമായ തലത്തിലെത്തുകയായി. സാക്ഷാല്‍ ത്യാഗരാജ സ്വാമികളെയും ഷഡ്കാല ഗോവിന്ദമാരാരെയും പാട്ടുപാടിയ കൃഷ്ണചന്ദ്രനെയുമെല്ലാം ഒരു നിമിഷം വിസ്മരിച്ചുപോകുന്നു നാം. എങ്ങനെ മറക്കാതിരിക്കും? മഹത്തായ ആ ത്യാഗരാജകൃതിയെ സ്വതസിദ്ധമായ ശൈലിയില്‍ തിരോന്തരം'' ഭാഷയിലൂടെ അഴിച്ചു പണിയുകയാണ് ജഗതിയിലെ അപൂര്‍വസിദ്ധികളുള്ള കലാകാരന്‍. നമിച്ചുപോകും ആരും.
പാട്ട് ഷൂട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം ചെന്നൈ പ്രസാദ് സ്റ്റുഡിയോയുടെ മുകളിലെ ഡബ്ബിംഗ് തിയേറ്ററില്‍ വെച്ച് യാദൃച്ഛികമായി ജഗതിയെ കണ്ടുമുട്ടിയത് കൃഷ്ണചന്ദ്രന്റെ ഓര്‍മ്മയിലുണ്ട്. കണ്ടയുടന്‍ എന്നെ അടുത്തു വിളിച്ച് ജഗതിച്ചേട്ടന്‍ സ്വകാര്യമായി പറഞ്ഞു: എടാ നീ എനിക്ക് വേണ്ടി കൈയില്‍ നിന്ന് കുറെ നമ്പറുകള്‍ ഇട്ടത് ഗുണമായി. അതുകൊണ്ടാണ് മറ്റവന്മാരെയൊക്കെ മലര്‍ത്തിയടിക്കാന്‍ പറ്റിയത്..'' സംഗീത ജീവിതത്തില്‍ ലഭിച്ച വിലമതിക്കാനാവാത്ത അംഗീകാരമായിത്തന്നെ ആ വാക്കുകളെ കാണുന്നു കൃഷ്ണചന്ദ്രന്‍. പറയുന്നത് ജഗതിയാണല്ലോ. ജഗതി ഉദ്ദേശിച്ച മറ്റവന്മാര്‍'' ആരെന്നുകൂടി അറിയുക -- ജയറാമും മണിയന്‍പിള്ള രാജുവും. പക്കമേളക്കാരായി ഇന്ദ്രന്‍സ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍.ജയറാമിന് വേണ്ടി പാടുന്നത് ഗാനഗന്ധര്‍വന്‍ യേശുദാസ്, രാജുവിന് വേണ്ടി ജയചന്ദ്രന്‍. രണ്ടു അതുല്യ പ്രതിഭകള്‍ക്കൊപ്പം ഒരു ഗാനത്തില്‍ പങ്കാളിയാകാന്‍ തിരഞ്ഞെടുക്കപ്പെട്ടത് തന്നെ മഹാഭാഗ്യം എന്ന് കരുതുന്നു കൃഷ്ണചന്ദ്രന്‍. താരനിബിഢ''മായ ആ ഗാനം ഇന്ന് ഓര്‍മ്മയില്‍ അവശേഷിപ്പിക്കുന്നത് ജഗതിയുടെ അഭിനയവും കൃഷ്ണചന്ദ്രന്റെ ആലാപനവുമാണ് എന്നത് എന്റെ വ്യക്തിപരമായ അഭിപ്രായം.
പാട്ട് രസകരമായതിന് നന്ദി പറയേണ്ടത് ഗാനരചയിതാവ് ബിച്ചു തിരുമലയോടും സംഗീത സംവിധായകന്‍ ജോണ്‍സണോടുമാണെന്നു പറയും കൃഷ്ണചന്ദ്രന്‍. ജഗതിയുടെ അഭിനയവും സംസാരശൈലിയുമായി സ്വാഭാവികമായി ഇണങ്ങിനില്‍ക്കുന്ന വാക്കുകളാണ് ബിച്ചു എഴുതിയത്. ഗായകരുടെയും ഓര്‍ക്കസ്ട്രയുടേയും ട്രാക്ക് എടുത്തുവെച്ചിരുന്നു ജോണ്‍സണ്‍ മാഷ്. ദാസേട്ടനും ജയേട്ടനും അവരവരുടെ ഭാഗം പാടിത്തീര്‍ത്ത ശേഷം വൈകുന്നേരമാണ് എന്റെ വരവ്. വന്നയുടന്‍ മാഷ് എന്റെ തോളില്‍; തട്ടി പറഞ്ഞു. നിന്നെ കയറൂരി വിടുകയാണ്. ഇഷ്ടമുള്ളതെന്തും ചെയ്യാം. ജഗതിയാണ് സിനിമയില്‍ പാടുന്നത് എന്ന് മാത്രം ഓര്‍ത്താല്‍ മതി.'' അപ്രതീക്ഷിതമായ ആ സ്വാതന്ത്ര്യം ഗായകന്‍ മതിമറന്ന് ആഘോഷിക്കുക തന്നെ ചെയ്തു. തിരുവനന്തപുരം ശൈലിയില്‍ തത്ത എന്നും എന്തരോ മഹാനുഭാവുലു എന്നൊക്കെ വെച്ചുകാച്ചുമ്പോള്‍, ജഗതിച്ചേട്ടന്‍ തന്നെയായിരുന്നു മനസ്സില്‍. പിന്നീട് സിനിമയില്‍ ആ രംഗം കണ്ടപ്പോള്‍ അന്തംവിട്ടുപോയി. ഗാനത്തെ പൂര്‍ണ്ണമായി ശരീരത്തിലേക്ക് ആവാഹിക്കുകയായിരുന്നു അദ്ദേഹം -തികച്ചും അനായാസമായി..''
Content Highlights: Jagathy Sreekumar CID Unnikrishnan comedy, song scene, Jayaram, Maniyanpilla
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..