കെ.ജി. മാർക്കോസ്, പീറ്റർ ചേരാനെല്ലൂർ
ചില പാട്ടുകൾ കാതുകൾക്കുള്ളതാണ്; മറ്റു ചിലവ മനസ്സുകൾക്കും. ``ഇസ്രായേലിൻ നാഥനായ്'' ജന്മമെടുത്തത് മനുഷ്യ മനസ്സുകൾക്ക് വേണ്ടിയാവണം. നിറഞ്ഞ സ്നേഹമായി, പ്രതീക്ഷയായി, പ്രാർത്ഥനയായി ആ ഗാനം ഇന്നും നമ്മെ തഴുകിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടല്ലേ? രണ്ടു പതിറ്റാണ്ടു കഴിഞ്ഞു ആ ഗാനം പുറത്തുവന്നിട്ട് എന്നോർക്കുമ്പോൾ സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലൂരിന് അത്ഭുതം.
``ഇസ്രായേലിൻ നാഥനായ്'' കേട്ട് രാപ്പകലെന്നില്ലാതെ ഇന്നും വികാരാധീനരായി വിളിക്കുന്നവരുണ്ട്. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയേടത്തു നിന്ന് ആ പാട്ടിന്റെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരികെ വന്നവർ; മാറാരോഗങ്ങളിൽ നിന്ന് പോലും മുക്തി നേടിയവർ. ആ ഗാനം ആവർത്തിച്ച് കേട്ട് മനസ്സിന്റെ താളം വീണ്ടെടുത്ത അനുഭവങ്ങൾ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്തവർ പോലും വിവരിച്ചു കേൾക്കുമ്പോൾ, നിറഞ്ഞ കണ്ണുകളോടെ സർവേശ്വരനെ സ്തുതിക്കും പീറ്റർ. ഒപ്പം പാട്ടെഴുതിയ പ്രിയ സുഹൃത്ത് ബേബിജോണിനും, ജോണിന്റെ വരികളിൽ ആത്മാവ് നിറച്ച ഗായകൻ കെ ജി മാർക്കോസിനും നന്ദി പറയും. അവർക്ക് കൂടി അവകാശപ്പെട്ടതാണല്ലോ ആ പാട്ടിന്റെ അനശ്വരത.
ഇരുപത്തിരണ്ടു വർഷം മുൻപാണ് ``ഇസ്രായേലിൻ നാഥനായ്'' ഉൾപ്പെട്ട ജീസസ് എന്ന ആൽബം പുറത്തുവന്നത്. മനോഹരമായ ഒരു ആകസ്മികത കൂടിയുണ്ട് ആ ഗാനത്തിന്റെ പിറവിക്ക് പിന്നിൽ; ദൈവനിയോഗം എന്നൊക്കെ പറയും പോലെ. ``നേരിൽ കാണും മുൻപ് തന്നെ ബേബി ജോൺ കലയന്താനി എന്ന ഗാനരചയിതാവിനെ കുറിച്ച് അറിയാം. ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം പോലുള്ള അദ്ദേഹത്തിന്റെ പല ആത്മീയഗാനങ്ങളും എന്നെ വല്ലാതെ ആകർഷിച്ചിട്ടുമുണ്ട്.''-- പീറ്റർ ഓർക്കുന്നു. ``പക്ഷെ പാട്ടെഴുത്തുകാരൻ എന്ന നിലയിലായിരുന്നില്ല ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ച. കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരം പള്ളിയിലെ കൺവെൻഷനിൽ ഞാൻ പാടിക്കൊണ്ടിരിക്കുന്ന സമയത്ത് സൺഡേ ശാലോം എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി എന്നെ ഇന്റർവ്യൂ ചെയ്യാൻ വന്നതായിരുന്നു ബേബി ജോൺ.''
അഭിമുഖം കഴിഞ്ഞപ്പോൾ പീറ്ററിന്റെ ചോദ്യം: ``എഴുതിവെച്ച പാട്ടുകൾ വല്ലതും ഉണ്ടോ, വെറുതെ ഒന്ന് ചിട്ടപ്പെടുത്തിനോക്കാൻ?'' ബേബിജോൺ ഓർത്തെടുത്തു പങ്കുവെച്ചത് ``ഇസ്രായേലിൻ നാഥനായ്''എന്ന രചന. അന്ന് എട്ടു വരികളേ എഴുതിത്തീർത്തിട്ടുള്ളൂ അദ്ദേഹം. കേട്ടപ്പോൾ പുതുമ തോന്നി പീറ്ററിന്. ലളിതവും അതേ സമയം ഗഹനവുമായ രചന. ആവർത്തനവിരസമല്ലാത്ത പദപ്രയോഗങ്ങൾ. ``ട്യൂൺ ഇട്ടു എന്നല്ല പറയേണ്ടത്, സംഭവിച്ചു എന്നാണ്.''-- പീറ്ററിന്റെ വാക്കുകൾ. പള്ളിമേടയിലെ മുറിയിൽ ബേബി ജോണിനൊപ്പമിരുന്ന് പ്രാർത്ഥനാപൂർവം വെറുതെ കീബോർഡിലൂടെ വിരലോടിച്ചപ്പോൾ സ്വാഭാവികമായി ഒഴുകിയെത്തുകയായിരുന്നു പല്ലവിയുടെ ഈണം. ബേബിജോണിന്റെ വരികൾക്ക് കൃത്യമായി ഇണങ്ങുന്ന ഒന്ന്. ഒരക്ഷരം പോലുമുണ്ടായിരുന്നില്ല അതിൽ മാറ്റാൻ. ദൈവികമായ ആ മനപ്പൊരുത്തത്തിൽ നിന്ന് തുടങ്ങുന്നു ``ഇസ്രായേലിൻ നാഥനായ് വാഴുമേകദൈവം'' എന്ന പാട്ടിന്റെ ചരിത്രം.
അഞ്ചേ അഞ്ചു മിനിറ്റേ വേണ്ടിവന്നുള്ളു പല്ലവിയുടേയും അനുപല്ലവിയുടേയും ഈണം പിറക്കാൻ എന്നോർക്കുന്നു പീറ്റർ. ``മനുജനായ് ഭൂവിലവതരിച്ചു'' എന്ന് തുടങ്ങുന്ന ബാക്കി വരികൾ പിന്നീട് സംഗീത സംവിധായകന് ഫോണിൽ വിളിച്ചു പറഞ്ഞു കൊടുക്കുകയായിരുന്നു ബേബി ജോൺ. ഗൃഹലക്ഷ്‍മി മ്യൂസിക്കിന് വേണ്ടി ഒരുക്കാനിരുന്ന ഭക്തിഗാന ആൽബത്തിൽ പുതിയ സൃഷ്ടി ഉൾപ്പെടുത്താൻ രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല പീറ്ററിന്. ``പോളി തൃശൂർ എന്ന സുഹൃത്താണ് പാട്ടിന്റെ വാദ്യവിന്യാസത്തിൽ എന്നെ സഹായിച്ചത്. കീബോർഡ് പ്രോഗ്രാമിംഗ് പോളിയുടെ വകയായിരുന്നു. പാട്ട് റെക്കോർഡ് ചെയ്തത് എറണാകുളത്തെ റിയാൻ സ്റ്റുഡിയോയിലും.''
``ഇസ്രായേലിൻ നാഥനായ്'' ഗാനഗന്ധർവനെ കൊണ്ട് പാടിക്കണമെന്നാഗ്രഹിച്ചതാണ് ആദ്യം. പക്ഷേ യേശുദാസ് പാടണമെങ്കിൽ ബി എം ജി-- തരംഗിണിയ്ക്ക് കാസറ്റിന്റെ അവകാശം കൈമാറണം. ഗൃഹലക്ഷ്മിയുമായി കരാറുള്ളതു കൊണ്ട് അത് പ്രായോഗികമല്ല. വിധിനിയോഗം പോലെ ഒടുവിൽ ആ ഗാനം മാർക്കോസിനെ തേടിയെത്തുന്നു. വരികളുടെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് ഭക്തിസാന്ദ്രമായിത്തന്നെ മാർക്കോസ് പാടി. ജാതിമതഭേദമന്യേ ഏത് ശ്രോതാവിന്റെയും മനസ്സിൽ പ്രതീക്ഷയുടെ നാളം കൊളുത്തുന്ന എന്തോ ഒരു മാജിക് ഉണ്ടായിരുന്നു മാർക്കോസിന്റെ ആലാപനത്തിൽ. സിനിമാഗാനങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന ജനപ്രീതിയിലേക്ക് ആ ഗാനത്തെ നയിച്ച ഘടകങ്ങളിലൊന്ന് അതേ മാജിക് തന്നെയാകാം.
``ഇന്നും ഇസ്രായേലിൻ നാഥനായ് പാടാതെ മാർക്കോസേട്ടന്റെ ഗാനമേളകൾ പൂർണ്ണമാകാറില്ല. ഏതു തലമുറക്കാർക്കും പ്രിയങ്കരമാണ് ആ പാട്ട്. വികാരവായ്പ്പോടെ വീണ്ടും വീണ്ടും ആ ഗാനത്തിന് വേണ്ടി ആവശ്യപ്പെടും ആളുകൾ. എന്റെ അനുഭവവും വ്യത്യസ്തമല്ല.''-- പീറ്റർ പറയുന്നു. ബേബി ജോണിന് പുറമെ ജോൺ അറക്കൽ, പീറ്റർ കെ ജോസഫ്, ശബരിമണി, വിജയ് നായരമ്പലം എന്നിവരും ഉണ്ടായിരുന്നു ജീസസ് ആൽബത്തിൽ ഗാനരചയിതാക്കളായി. ഗായകരായി മാർക്കോസിനൊപ്പം ജയചന്ദ്രൻ, ഉണ്ണിമേനോൻ, എം ജി ശ്രീകുമാർ, വേണുഗോപാൽ, ബിജു നാരായണൻ, ഉണ്ണികൃഷ്ണൻ, കെസ്റ്റർ, ഗായത്രി തുടങ്ങിയവരും. ബേബി രചിച്ച ആരും കൊതിക്കും നിന്റെ സ്നേഹം (ഉണ്ണിമേനോൻ) ഉൾപ്പെടെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇസ്രായേലിൻ നാഥൻ ആയിരുന്നു ഇൻസ്റ്റന്റ് ഹിറ്റ്. ഇന്നും ചർച്ച് ക്വയറുകളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായി തുടരുന്നു അത്. ജീസസ് എന്ന ആൽബത്തിന് പിന്നിലെ മുഖ്യ പ്രേരക ശക്തിയായ ഗൃഹലക്ഷ്മി മാനേജർ സുധാകരനെയും നന്ദിപൂർവ്വം ഓർക്കുന്നു പീറ്റർ.
ആത്മീയതയും സംഗീതവും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ് എറണാകുളം ജില്ലയിലെ ചേരാനെല്ലൂർ സ്വദേശിയായ പീറ്ററിന്. പോട്ടയിലെയും മുരിങ്ങൂരിലെയും ധ്യാനകേന്ദ്രങ്ങളിൽ ഗാനശുശ്രൂഷകനായി ചെലവഴിച്ച കാലമാണ് തന്നിലെ സംഗീതകാരനെ രൂപപ്പെടുത്തിയതെന്ന് വിശ്വസിക്കുന്നു അദ്ദേഹം. ``പ്രാർത്ഥനാവേളകളിലും യാത്രകളിലുമൊക്കെ ഈണങ്ങൾ വന്നു മനസ്സിൽ കൂടുകൂട്ടും. പിന്നീട് ഗാനങ്ങൾ ഒരുക്കേണ്ടിവരുമ്പോൾ ആ ഈണങ്ങൾ അറിയാതെ ഓർമ്മയിൽ വന്നു നിറയാറുണ്ട്. അത്തരമൊരു ഈണമായിരുന്നു എന്റെ ആദ്യസൃഷ്ടിയായ മാമരച്ചില്ലകളെ പാടൂ ഓശാന എന്ന പാട്ടിന്റേതും.''
ആദ്യ ആൽബമായ ആശ്വാസവചനങ്ങൾ പുറത്തുവന്നത് 1992 ൽ. മാർക്കോസും ജെൻസിയും പാടിയ ആ ഗാനങ്ങൾ എളുപ്പം ശ്രദ്ധിക്കപ്പെട്ടു. എങ്കിലും വഴിക്കുവഴിയായി ഗാനങ്ങൾ പുറത്തിറക്കാൻ താത്പര്യമുണ്ടായിരുന്നില്ല പീറ്ററിന്. പാട്ടുകളുടെ എണ്ണത്തേക്കാൾ ഗുണനിലവാരത്തിലായിരുന്നു ശ്രദ്ധ. ഭക്തിഗാനരംഗത്തെ കടുത്ത പന്തയത്തിൽ നിന്ന് എന്നും സുരക്ഷിതമായ ഒരകലം പാലിച്ചുകൊണ്ട് വർഷം ഒന്നോ രണ്ടോ ആൽബങ്ങൾ മാത്രം പുറത്തിറക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സ്വാഭാവികമായും പീറ്ററിന്റെ സൃഷ്ടികൾക്ക് വേണ്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്ഥിതി വന്നു. നിത്യരക്ഷ, പ്രപഞ്ചം, സായൂജ്യം, എന്റെ ദൈവം തുടങ്ങി ഒരു പിടി ഹിറ്റ് ആൽബങ്ങൾ. സംഗീത സംവിധാനത്തിൽ മൂന്ന് ദശകം പിന്നിടുമ്പോഴും മാറുന്ന സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെട്ടു കൊണ്ട് സ്വന്തം യൂ ട്യൂബ് ചാനലുമായി (Peter Cheranelloor Official ) ആത്മീയ സംഗീതലോകത്ത് സജീവമാണ് പീറ്റർ.
സ്വന്തം ഈണങ്ങളിൽ പ്രിയപ്പെട്ടവ ഏറെയുണ്ട്. എങ്കിലും ഇന്നും വലിയൊരു വിഭാഗം സംഗീതാസ്വാദർക്ക് ഇസ്രായേലിൻ നാഥന്റെ ശിൽപ്പിയാണ് പീറ്റർ ചേരാനെല്ലൂർ. ആ പാട്ടിന്റെ ഈണം മനസ്സിലെങ്കിലും മൂളാത്ത ദിവസങ്ങൾ പീറ്ററിന്റെ ജീവിതത്തിൽ അപൂർവം. ``ഈയിടെ വിദേശത്തു നിന്ന് അയച്ചുകിട്ടിയ ഒരു വീഡിയോയിൽ ഏതോ സ്പാനിഷ് ബാൻഡ് ആ പാട്ടിന്റെ ഈണം വായിക്കുന്നത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു; മനസ്സും. ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ അതിരുകൾക്കപ്പുറത്തേക്ക് ആ ഗാനത്തെ കൈപിടിച്ചുയർത്തിയ ദൈവത്തിന് എങ്ങനെ നന്ദി പറയാതിരിക്കും? ദൈവസ്നേഹത്തേക്കാൾ മഹത്തായ മറ്റൊരു സംഗീതവുമില്ലല്ലോ..''
Content Highlights: israyelin nadhanai song, jesus music album, peter cheranelloor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..