Image Designer : Aromal P.K.
2001 ല്‍ റിലീസായ ഹബീബി ദാ...(Habibi Dah) എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് അറബിഗാനത്തെ നാരീ നാരീ...(Nari Narain)എന്ന് ഓര്‍മപ്പെടുത്തുന്നതാവും കൂടുതല്‍ നന്ന്. കാരണം ഗാനത്തിലെ അറബിപദങ്ങള്‍ വ്യക്തമായില്ലെങ്കിലും ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള സംഗീതപ്രേമികള്‍ ആ ഗാനത്തിന്റെ നാരീ നാരീ...എന്നാരംഭിക്കുന്ന ഭാഗം അത്യധികം ഇഷ്ടത്തോടെയാണ് ഏറ്റുപാടിയത്. ഹിഷാം അബ്ബാസ് എന്ന ഈജിപ്ഷ്യന്‍ പോപ് ഗായകന് ആഗോള അംഗീകാരം നേടിക്കൊടുത്ത ഗാനം കൂടിയായിരുന്നു ഹബീബി ദാ എന്ന ഗാനം. അറബി-ഹിന്ദി ഭാഷകള്‍ സംയോജിപ്പിച്ചായിരുന്നു ഗാനം എന്നതുള്‍പ്പെടെ ഇന്ത്യയില്‍ ഗാനത്തിന് ഏറെ സ്വീകാര്യത ലഭ്യമാക്കിയ ഘടകങ്ങള്‍ ഏറെയുണ്ടായിരുന്നു. ഗാനത്തിലെ ഹിന്ദി വരികള്‍ ആലപിച്ചത് പ്രശസ്ത ഗായിക ബോംബെ ജയശ്രീയാണ്.ദിദി ദിദി...(Didi Didi) എന്ന ഖാലിദ്ഗാനത്തിന് ശേഷം വൈറലായ അറബിഗാനം കൂടിയായിരുന്നു നാരീ നാരീ...1991 ലായിരുന്നു ദിദി ദിദിയുടെ റിലീസ്. പത്തു വര്‍ഷത്തിന് ശേഷമാണ് നാരീ നാരീ...പുറത്തിറങ്ങിയത്.
ഹിഷാം അബ്ബാസ് എന്ന സൂപ്പര്‍ ഗായകന്‍
മുഹമ്മദ് ഹിഷാം മഹ്‌മൂദ് മുഹമ്മദ് അബ്ബാസ് എന്ന ഈജിപ്ഷ്യന്‍-അറബി പോപ് സിംഗറിന്റെ ഏറ്റവും ഹിറ്റായ ഗാനമാണ് ഹബീബി ദാ...കെയ്‌റോ സ്വദേശിയും മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയുമായ ഹിഷാം അബ്ബാസ് സംഗീതലോകത്ത് പ്രശസ്തനാകുന്നത് 1990 കളിലാണ്. വനാ വനാ വനാ..., എയ്‌നെഹാ എല്‍ സൂദ്...,ഷൂഫി, യാ ലെയ്‌ലാ...തുടങ്ങി തുടര്‍ച്ചയായ നിരവധി ഹിറ്റുകള്‍ പോപ് ഗായകനെന്ന നിലയില്‍ ഹിഷാം അബ്ബാസിന് നേരത്തെ തന്നെ ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. എന്നാല്‍ ഹബീബി ദാ ഹിഷാമിന്റെ സംഗീതജീവിതത്തിലെ മെഗാഹിറ്റ് ഗാനമായി. കൂടാതെ അറബി പോപ് ഹിറ്റ് ഗാനങ്ങളുടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളുടെ പട്ടികയില്‍ നാരീ നാരീയ്ക്ക് പ്രമുഖസ്ഥാനമാണുള്ളത്.
സൗണ്ട് എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സംഗീതത്തിന്റെ ഗ്ലാമറസ് വേള്‍ഡിലേക്ക് ഹിഷാം അബ്ബാസ് ആകൃഷ്ടനാകുന്നത്. ഈജിപ്തിലെ ഒരു പ്രമുഖ ബാന്‍ഡില്‍ അംഗമായിത്തീര്‍ന്ന ഹിഷാം അതിനോടൊപ്പം തന്നെ ടെലിവിഷന്‍ പരസ്യങ്ങള്‍ക്കായി ശബ്ദം നല്‍കുകയും ചെയ്തു. ബാന്‍ഡിന്റെ പിളര്‍പ്പോടെ ഹിഷാം സ്വന്തമായി സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഗാനങ്ങള്‍ ഹിറ്റായതോടെ ഹിഷാം അബ്ബാസ് എന്ന ഗായകന്‍ ശ്രദ്ധ നേടാനാരംഭിച്ചു. തുടര്‍ന്നെത്തിയ നാരീ നാരീ ഹിഷാമിനെ ഇന്ത്യന്‍ സംഗീതപ്രേമികള്‍ക്ക് പരിചിതനും പ്രിയപ്പെട്ടവനുമാക്കി. ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള ആദരവും ഇഷ്ടവും തന്റെ ഒറ്റഗാനത്തിലൂടെ കാഴ്ചക്കാരിലേക്കെത്തിക്കാന്‍ സാധിച്ചതും ഹിഷാമിന് കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു. സംഗീതത്തോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഹിഷാം പങ്കാളിയാണ്.
നാരീ നാരീയിലൂടെ ഇന്ത്യയെ കണ്ട് മതിമറന്ന ലോകം
ഈജിപ്ഷ്യന്‍ ഗായകന്റെ അറബിഗാനത്തിന്റെ വീഡിയോയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയത് ഇന്ത്യയില്‍ നിന്നുള്ള മനോഹരദൃശ്യങ്ങളായിരുന്നു. കേരളത്തിന്റെ ജലാശയങ്ങളും താജ്മഹലെന്ന ലോകാത്ഭുതവും കഥകളിയുടെ വര്‍ണഭംഗിയും പ്രദേശികകാലാരൂപങ്ങളും കായികാഭ്യാസങ്ങളും കോര്‍ത്തിണക്കിയുള്ള ദൃശ്യവിരുന്നായിരുന്നു ഹബീബി ദാ. ഒരിക്കലെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാനാവുന്നത് ഭാഗ്യമാണെന്ന് ഗാനത്തിലൂടെ ഇന്ത്യയുടെ മനോഹാരിത ആസ്വദിച്ചവര്‍ കമന്റ് ചെയ്തു. ഇന്ത്യയോടുള്ള പ്രണയമാണ് നാരീ നാരീയുടെ പിറവിയ്ക്ക് പിന്നിലെന്ന് ഹിഷാം അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചിരുന്നു. ഒരുപക്ഷേ ഇന്ത്യയെന്ന രാജ്യമില്ലാതിരുന്നെങ്കില്‍ നാരീ നാരീ എന്ന ഗാനം ഒരിക്കലും ഉണ്ടാകുമായിരുന്നില്ലെന്ന് ഹിഷാം പറയുകയും ചെയ്തു.
ഖാലിദിന്റെ ദിദി എന്ന ഗാനം ഇന്ത്യക്കാര്‍ ഏറ്റെടുത്തത് ഗാനത്തിന്റെ തുടക്കത്തിലുള്ള 'ദിദി' എന്ന വാക്ക് കാരണമാണ്. അതേ വിധത്തില്‍ തന്നെയാണ് നാരീ നാരീ എന്ന ഗാനവും സ്വീകരിക്കപ്പെട്ടത്. അര്‍ഥത്തില്‍ വ്യത്യാസമുണ്ടെങ്കിലും പരിചിതമായ വാക്കുകള്‍ ദിദിയേയും നാരീയേയും ഇന്ത്യാക്കാര്‍ക്ക് ഇഷ്ടഗാനങ്ങളാക്കി. സംഗീതത്തിന് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒരിക്കലും തടസ്സമാകില്ലെന്ന് ഈ ഗാനങ്ങളുടെ സ്വീകാര്യത വ്യക്തമാക്കുന്നുണ്ട്. ഗാനത്തിന്റെ റിലീസിനെ തുടര്‍ന്ന് എംടിവിയുടെ ആര്‍ട്ടിസ്റ്റ് ഓഫ് ദ മന്ത് അംഗീകാരം ഹിഷാമിന് ലഭിച്ചു. മികച്ച വീഡിയോഗാനത്തിനുള്ള ഈജിപ്ഷ്യന്‍ ഓസ്‌കാര്‍ പുരസ്‌കാരവും നാരീ നാരീ നേടി.
അറബിപ്പാട്ടിൽ കടന്നു വന്ന ഹിന്ദി വരികളും റിവ ബവ്വറെന്ന നായികയും

ഗാനത്തിനിടയിലെ ഹിന്ദിവേർഷൻ ആലപിച്ചത് പ്രശസ്ത കർണാടക സംഗീതജ്ഞയായ ബോംബെ ജയശ്രീയാണ്. ഇന്ത്യയുൾപ്പെടെ 35 ലധികം രാജ്യങ്ങളിലെ വിവിധ സംഗീതോത്സവങ്ങളിൽ പങ്കെടുത്ത ബോംബെ ജയശ്രീയ്ക്ക് 2021 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. ഗാനത്തിന്റെ പൂർണതയ്ക്കായി ഏറ്റവും മികച്ച ഗായികയെ തന്നെയാണ് അന്ന് ഹിഷാം അബ്ബാസ് തേടിയെത്തിയത്. കർണാടക സംഗീതത്തിന് പുറമെ ഹിന്ദുസ്ഥാനി സംഗീതവും ജയശ്രീ അഭ്യസിച്ചിട്ടുണ്ട്. പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞർക്കൊപ്പം ഫ്യൂഷൻ പ്രോഗ്രാമുകളും അവർ അവതരിപ്പിച്ചു വരുന്നു. സംഗീതമേഖലയിലെ നിരവധി പുരസ്കാരങ്ങളും ജയശ്രീയ്ക്ക് ലഭിച്ചിട്ടുണ്ട്. ലൈഫ് ഓഫ് പൈ എന്ന സിനിമയിലെ ഇൻട്രോ സോങ് ഇരയിമ്മൻ തമ്പിയുടെ ഓമനത്തിങ്കൾക്കിടാവോ എന്ന കവിതയുടെ പകർപ്പാണെന്ന ആരോപണം ഗാനത്തിന്റെ സഹരചയിതാവ് കൂടിയായ ബോംബെ ജയശ്രീക്കെതിരെ ഉയർന്നിരുന്നു.

നാരീ നാരീയിൽ നായികാവേഷത്തിലെത്തിയത് പിന്നീട് നിരവധി പരമ്പരകളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായിത്തീർന്ന റിവ ബബ്ബറാണ്. നാരീ നാരീ ഗാനത്തിലെ പ്രണയിനീമുഖമായ റിവ ബബ്ബർ രണ്ട് തമിഴ്സിനിമകളിലും ഒരു ഹിന്ദി സിനിമയിലും വേഷമിട്ടിട്ടുണ്ട്. ഹബീബി ദായെ തുടർന്ന് ക്യോം ഹോത്താ ഹെ പ്യാർ എന്ന ടെലിവിഷൻ പരമ്പരയിൽ നികിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് റിവ അഭിനയരംഗത്തെത്തിയത്. ക്യോംകി സാസ് ഭി കഭി ബഹു ഥി, കര്‍മ, കാവ്യാഞ്ജലി, ബേ ഇംതഹാ, സൂര്യപുത്ര് കര്‍ണ് തുടങ്ങി നിരവധി പരമ്പരകളില്‍ റിവ അഭിനയിച്ചു. സ്റ്റുഡിയോ റിവ ബബ്ബര്‍ എന്ന പേരില്‍ ആരംഭിച്ച വെഡ്ഡിങ് ഫോട്ടോഗ്രാഫി സ്റ്റുഡിയോയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണിപ്പോള്‍ റിവ.
Content Highlights: Habibi Dah Nari Narain Song Hisham Abbas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..