ജി.കെ പിള്ള
ജി.കെ പിള്ളയ്ക്ക് ആദരാഞ്ജലികള്‍
ചുണ്ടില്‍ എരിയുന്ന പൈപ്പില്ല; കൈയില്‍ പുകയുന്ന പിസ്റ്റളും. മുട്ടിനു താഴേക്ക് ഇറങ്ങിക്കിടക്കുന്ന നൈറ്റ് ഗൗണ്‍, കറുത്ത കമ്പിളിരോമത്തൊപ്പി, പേടിപ്പെടുത്തുന്ന കൊമ്പന്‍മീശ, കണ്ണിറുക്കിയുള്ള വില്ലന്‍ ചിരി... ഇതൊന്നുമില്ലാതെ ഒരു പാവം ചിറയിന്‍കീഴുകാരനായി മുന്നിലിരിക്കുന്നു ജി.കെ. പിള്ള. സുന്ദരികളായ യുവതികളെ തിളയ്ക്കുന്ന മെഴുകിലേക്ക് ഉന്തിത്തള്ളിയിട്ട് മനോഹര ശില്‍പ്പങ്ങളാക്കി വാര്‍ത്തെടുത്തിരുന്ന 'പാതിരാപ്പാട്ടി'ലെ കണ്ണില്‍ച്ചോരയില്ലാത്ത കലാകാരന്‍ ദാസ്.
പത്തുനാല്‍പ്പതു കൊല്ലമായി ഉള്ളിലൊരു ചോദ്യമുണ്ട്. എന്നെങ്കിലും പിള്ളസാറിനെ നേരില്‍ കാണുകയാണെങ്കില്‍ ചോദിക്കാന്‍ കരുതിവെച്ച ചോദ്യം. പ്രേതങ്ങളും യക്ഷികളും ഒടിയന്മാരും ഭൂമിയിലേക്കിറങ്ങിവന്ന ഒരു രാത്രി കോട്ടയ്ക്കല്‍ രാധാകൃഷ്ണ ടാക്കീസിലെ ഇരുട്ടിലിരുന്നുകൊണ്ട് ആ പഴയ നാലാംക്ലാസുകാരന്‍ ചോദിച്ച അതേ ചോദ്യം തന്നെ: ''മരിച്ചുകഴിഞ്ഞാലും കൃഷ്ണമണികള്‍ ഇളകുമോ?'' തൊട്ടപ്പുറത്ത് കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന വെള്ളിത്തിരയിലെ ദൃശ്യങ്ങളില്‍ മുഴുകി സ്വയം മറന്നിരുന്ന ഗോപിയേട്ടന്‍ ആദ്യം ചോദ്യം കേട്ടില്ലെന്നു നടിച്ചു. രണ്ടുവട്ടം തോണ്ടി ശല്യപ്പെടുത്തിയപ്പോള്‍ അസ്വസ്ഥതയോടെ തിരിഞ്ഞുനോക്കി ശബ്ദം താഴ്ത്തി പിറുപിറുത്തു: ''ഈ ചെക്കനെക്കൊണ്ട് തോറ്റൂലോ. സിനിമ കാണാനും സൈ്വരം തരില്ല്യ. ഓരോ പൊട്ട സംശയങ്ങള്... കൃഷ്ണമണി ഇളക്വോ അതോ പൊട്ടിത്തെറിക്ക്വോ എന്നൊന്നും ഇനിക്കറിയില്ല.'' മുഖം വെട്ടിത്തിരിച്ച് സ്‌ക്രീനിലേക്ക് തിരിച്ച് യാത്രയാകുന്നു ഗോപിയേട്ടന്‍.
പണ്ടേയുള്ള ശീലമാണ്. ഒരു ജിജ്ഞാസ മനസ്സില്‍ മുളപൊട്ടിയാല്‍ അതങ്ങിനെ അവിടെ കിടന്നു തിളച്ചുമറിഞ്ഞുകൊണ്ടിരിക്കും. ഉത്തരം കിട്ടുംവരെ. ചിലപ്പോള്‍ വലിയ കഥയൊന്നുമില്ലാത്ത സംശയങ്ങളാവും. എന്നാലും ഉത്തരം കിട്ടണം. കിട്ടിയേ പറ്റൂ. ഇതും അങ്ങനെത്തന്നെ. ഒരു ശ്രമംകൂടി നടത്തിനോക്കാന്‍ മനസ്സ് വെമ്പുന്നു. കൈമുട്ട് ശക്തമായി പിടിച്ചുകുലുക്കിക്കൊണ്ട് ചോദിച്ചു: ''അല്ല ഗോപ്യേട്ടാ... മെഴുകില്‍ മുക്കുമ്പോത്തന്നെ പൊള്ളി മരിച്ചിട്ടുണ്ടാകുമല്ലോ അവര്. ന്നാലല്ലേ അവരെ പ്രതിമ്യാക്കി മാറ്റാന്‍ പറ്റൂ. പ്രതിമ്യായി മാറീട്ടും ചെലരുടെ കണ്ണിലെ കൃഷ്ണമണി അനങ്ങ്ണുണ്ടല്ലോ. അതെങ്ങന്യാ?'' രസച്ചരട് പൊട്ടിപ്പോയ ദേഷ്യത്തില്‍ ക്രുദ്ധനായി തിരിഞ്ഞുനോക്കുന്നു ഗോപിയേട്ടന്‍. ഒരടി വീഴുമെന്നാണ് കരുതിയത്. പക്ഷേ, അതുണ്ടായില്ല.