രവിയേട്ടൻ പുത്തഞ്ചേരിയെ മറന്നില്ല; മലയാള സിനിമയുടെ ഭാഗ്യം


രവിമേനോൻ

"പാട്ട് നന്നായിരിക്കുന്നു എന്ന് ഒരേ സ്വരത്തിൽ ഞങ്ങൾ വിധിയെഴുതിയപ്പോൾ ആ മുഖത്തെ ഭാവപ്പകർച്ച ഇപ്പോഴും ഓർമ്മയുണ്ട്. നിറഞ്ഞ കണ്ണുകളോടെ ഞങ്ങളെ തൊഴുതുനിന്നു അയാൾ. പിന്നെ രാജാമണിയുടെ ഹാർമോണിയത്തെ തൊട്ടു വന്ദിച്ചു.''

Photo | Facebook, Ravi Menon

തയ്യൽക്കാരനായാണ് തുടക്കം; പിന്നെ നാടകപ്രവർത്തകനായി. സിനിമയിൽ സഹസംവിധായകനായി; തിരക്കഥാകൃത്തായി; വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമയായി. ഒടുവിൽ സംവിധായകനുമായി; ബോക്സാഫീസിൽ മോശമല്ലാത്ത വരുമാനമുണ്ടാക്കിയ രണ്ടു പടങ്ങളിലൂടെ.

പക്ഷേ കണ്ണൂരിനടുത്ത് മുഴുപ്പിലങ്ങാട് സ്വദേശി യു വി രവീന്ദ്രനാഥ് ചരിത്രത്തിൽ ഇടം പിടിക്കുക ഈ നേട്ടങ്ങളുടെയൊന്നും പേരിലാവില്ല. മറ്റൊരു അമൂല്യ സംഭാവനയിലൂടെയാകും -- ഗിരീഷ് പുത്തഞ്ചേരി എന്ന അപൂർവ പ്രതിഭാശാലിയായ ഗാനരചയിതാവിനെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയതിന്റെപേരിൽ. മൂന്നു പതിറ്റാണ്ടോളം മുൻപ് രവീന്ദ്രനാഥിന്റെ സംവിധാനത്തിൽ പുറത്തുവന്ന 'എൻക്വയറി' (1990) എന്ന ചിത്രത്തിലാണ് മലയാളി ആദ്യമായി ഗിരീഷിന്റെ പാട്ട് കേട്ടത്.

ഓർമ്മയിൽ നിന്ന് ആ ആദ്യഗാനത്തിന്റെ പല്ലവി മൂളുന്നു രവീന്ദ്രനാഥ്. "ജന്മാന്തരങ്ങളിൽ ഈ ശ്യാമസന്ധ്യയിൽ സംഗീത സാന്ദ്രമാം ഈ വഴി വന്നു.'' അധികമാരും കേൾക്കാനിടയില്ലാത്ത, യൂട്യൂബിൽ പോലും ലഭ്യമല്ലാത്ത പാട്ട്. രാജാമണി പാടി കാസറ്റിലാക്കി കൊടുത്ത ഈണം കേട്ട് കഷ്ടിച്ച് പതിനഞ്ചു മിനിറ്റ് കൊണ്ട് വരികളെഴുതിക്കൊണ്ടുവന്ന അന്നത്തെ പരിഭ്രമക്കാരനായ യുവാവിനെ അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട് രവിയേട്ടൻ. എഴുതിയ പാട്ട് എങ്ങനെ സ്വീകരിക്കപ്പെടും എന്നറിയാനുള്ള ആകാംക്ഷയായിരുന്നു ഗിരീഷിന്റെ മുഖത്ത്. ഭാഗ്യവശാൽ ഒരക്ഷരം പോലും മാറ്റിയെഴുതിക്കേണ്ടി വന്നില്ല രാജാമണിക്ക്. മലയാള സിനിമയിൽ പുതിയൊരു യുഗപ്പിറവിക്ക് സാക്ഷ്യം വഹിക്കുകയാണ് തങ്ങളെന്ന് സങ്കല്പിച്ചിരിക്കുമോ സംവിധായകനും സംഗീത സംവിധായകനും ഉൾപ്പെടെ ആ ലോഡ്ജ് മുറിയിൽ സമ്മേളിച്ചിരുന്നവർ ആരെങ്കിലും? "ദൈവ നിയോഗം മാത്രമായേ ഞാൻ അതിനെ കാണുന്നുള്ളൂ. പ്രഗത്ഭനായ ഒരു ഗാനരചയിതാവിന്റെ ഉദയത്തിന് ഞാനൊരു നിമിത്തമായി എന്ന് മാത്രം. ഞാനല്ലെങ്കിൽ മറ്റാരെങ്കിലും ആ ദൗത്യം നിർവഹിച്ചേനെ. പ്രതിഭാശാലികളെ കാലത്തിന് അധികകാലം ഒളിച്ചുവെക്കാനാകില്ലല്ലോ.'' -- രവീന്ദ്രനാഥ്.

കോഴിക്കോട് റീജൻസി ഹോട്ടലിലെ 205ാം നമ്പർ മുറിയിൽ തന്നെ ആദ്യമായി കാണാൻ വന്ന ക്ഷീണിതനായ ചെറുപ്പക്കാരന്റെ രൂപം ഇന്നുമുണ്ട് രവീന്ദ്രനാഥിന്റെ ഓർമ്മയിൽ. ചലച്ചിത്ര വിതരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന കോഴിക്കോട്ടുകാരൻ സുഹൃത്ത് ശിവശങ്കരൻ നേരത്തെ തന്നെ ഗിരീഷിന്റെ കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നു. "കഴിവുള്ള ചെറുപ്പക്കാരനാണ്. സിനിമയിൽ അവസരം തേടി കുറെ നാൾ അലഞ്ഞുനടന്നിട്ട് ഒരു കാര്യവുമുണ്ടായില്ല. താങ്കൾക്ക് സാധിക്കുമെങ്കിൽ ഒരു പാട്ടെഴുതാൻ ചാൻസ് കൊടുക്കണം.''-- ശിവശങ്കരൻ പറഞ്ഞു. റീജൻസിയുടെ ഉടമ സിദ്ദിക്കും ഗിരീഷിന് വേണ്ടി ശുപാർശ ചെയ്തിരുന്നു എന്നോർക്കുന്നു രവീന്ദ്രനാഥ്. ഒന്ന് രണ്ടു കാസറ്റിന് വേണ്ടി എഴുതിയ പരിചയമേയുള്ളൂ അന്ന് ഗിരീഷിന്; പുറത്തിറങ്ങാത്ത ഒരു പടത്തിനു വേണ്ടിയും. "വല്ല പാട്ടും കൊണ്ടുവന്നിട്ടുണ്ടോ എന്നാണ് ആദ്യം ആരാഞ്ഞത്. ഇല്ലെന്ന് തലയാട്ടിയ ശേഷം തെല്ലൊരു സങ്കോചത്തോടെ ഗിരീഷ് ചോദിച്ചു: അടുത്തെഴുതിയ ഒരു പാട്ട് ഒന്ന് പാടിത്തരട്ടെ?'' -- രവിയേട്ടന് സമ്മതം.

ഓർമ്മയിൽ നിന്ന് ആ പാട്ട് മുഴുവൻ സംവിധായകനെ പാടിക്കേൾപ്പിക്കുന്നു ഗിരീഷ്. ലളിതവും സുന്ദരവുമായ ഒരു പ്രണയ കവിത. കൊള്ളാമല്ലോ എന്ന് തോന്നി രവീന്ദ്രനാഥിന്. സിനിമക്ക് ഇണങ്ങുന്ന ശൈലി. പക്ഷേ ഒരു പ്രശ്‌നമുണ്ട്. 'എൻക്വയറി'യിലെ രണ്ടു പാട്ടിന്റേയും രചന പൂവച്ചൽ ഖാദറിനെ ഏല്പിച്ചിരിക്കുകയാണ് . തന്റെ ആദ്യ സംവിധാന സംരംഭമായ "ജീവിതം ഒരു രാഗ''ത്തിലെ നാല് പാട്ടും എഴുതിയ ആളെ എങ്ങനെ അടുത്ത ചിത്രത്തിൽ നിന്ന് മാറ്റിനിർത്തും? എന്തായാലും അവസരം ഒത്തുവന്നാൽ അറിയിക്കാം എന്നു പറഞ്ഞു യുവഗാനരചയിതാവിനെ യാത്രയാക്കുന്നു രവി. റീജൻസിയിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ വലിയ തെളിച്ചമൊന്നും ഉണ്ടായിരുന്നില്ല ഗിരീഷിന്റെ മുഖത്ത്. കേട്ട് തഴമ്പിച്ചവയാണല്ലോ ഇത്തരം വാഗ്ദാനങ്ങൾ.

പക്ഷേ രവീന്ദ്രനാഥ് ഗിരീഷിനെ മറന്നില്ല. ചെന്നൈയിൽ ചെന്നയുടൻ അദ്ദേഹം ചെയ്തത് പുതിയ പാട്ടെഴുത്തുകാരന്റെ കാര്യം പൂവച്ചലിന്റെയും സംഗീതസംവിധായകൻ രാജാമണിയുടെയും ശ്രദ്ധയിൽ പെടുത്തുകയാണ്. രണ്ടു പേർക്കുമില്ല ഗിരീഷിനെ കൊണ്ട് പാട്ടെഴുതിക്കുന്നതിൽ എതിർപ്പ്. ഇനി വിവരം ഗിരീഷിനെ അറിയിക്കണം. മൊബൈൽ ഫോണൊന്നും സങ്കൽപ്പങ്ങളിൽ പോലും ഇല്ലാത്ത കാലം. പിറ്റേന്ന് തന്നെ കോഴിക്കോട്ടുള്ള സഹസംവിധായകൻ കെ പി സുനിലിന് ടെലഗ്രാം ചെയ്യുന്നു രവിയേട്ടൻ: ``ഗിരീഷിനെയും കൂട്ടി ഉടൻ പുറപ്പെടുക. നാളെയാണ് കമ്പോസിംഗ്.'' ഇനിയുള്ള കഥ ഗിരീഷിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന സുനിലിന്റെ വാക്കുകളിൽ: ``കമ്പിസന്ദേശവുമായി നേരെ പുത്തഞ്ചേരിയിലെ വീട്ടിൽ ചെന്നു ഞാൻ. സന്തോഷ വാർത്ത ചൂടോടെ അറിയിച്ചിട്ടും ഗിരീഷിന്റെ മുഖത്ത് ഒരു പ്രസാദവുമില്ല. ഭാര്യക്ക് എന്തോ അസുഖം. പിറ്റേന്ന് ഡോക്ടറെ കാണിച്ചേ പറ്റൂ. അതിന്റെ ടെൻഷനിലാണ് പാവം. ആ അവസ്ഥയിൽ ചെന്നൈയിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യ.. നല്ലൊരു അവസരം കൈവിട്ടുപോകുന്നതിന്റെ ദുഃഖം അയാളുടെ മുഖത്തുണ്ടായിരുന്നു. പക്ഷേ എന്തു ചെയ്യാം? ''

ഗിരീഷിനെ സമാധാനിപ്പിച്ച് തിരിച്ചുപോന്ന സുനിൽ അന്ന് വൈകുന്നേരത്തെ മദ്രാസ് മെയിലിൽ ഒറ്റക്ക് ചെന്നൈയിലേക്ക് തിരിക്കുന്നു.പോണ്ടി ബസാറിനടുത്തുള്ള ഉർവശി ലോഡ്ജിലെ തന്റെ മുറിയുടെ വാതിൽക്കൽ അതികാലത്ത് ``വെറുംകൈയോടെ'' ഹാജരായ സുനിലിനെ കണ്ട് രവീന്ദ്രനാഥ് ചൊടിച്ചത് സ്വാഭാവികം. കംപോസിംഗ് അന്നു തന്നെ തീർത്തേ പറ്റൂ. ഇനിയിപ്പോൾ രണ്ടു പാട്ടും പൂവച്ചലിനെ കൊണ്ട് എഴുതിക്കുകയല്ലാതെ വേറെ വഴിയില്ല. ഉച്ചയോടെ സംഗീത സംവിധായകൻ രാജാമണി എത്തുന്നു. ആദ്യത്തെ ട്യൂൺ കുറച്ചു നേരമെടുത്താണ് കംപോസ് ചെയ്തത്. രണ്ടാമത്തെ പാട്ടിലേക്ക് കടന്നപ്പോൾ സമയം വൈകുന്നേരമായി. ഈണം ഏതാണ്ട് ഓക്കേ ആയപ്പോൾ കേൾക്കാം വാതിൽക്കൽ ഒരു മുട്ട്. തുറന്നപ്പോൾ മുന്നിൽ ഗിരീഷ് പുത്തഞ്ചേരി. ക്ഷീണിച്ച് അവശനായാണ് വരവ്. സൂചികുത്താൻ ഇടമില്ലാത്ത ട്രെയിനിന്റെ അൺ റിസേർവ്ഡ് കമ്പാർട്ട്മെന്റിൽ തൂങ്ങിപ്പിടിച്ചുനിന്ന് , പി കുഞ്ഞിരാമൻ നായരുടെ കവിതകൾ ഒന്നൊന്നായി മനസ്സിൽ ഉരുവിട്ടുകൊണ്ടുള്ള ആ സാഹസിക യാത്രയെ കുറിച്ച് പിന്നീട് പലപ്പോഴും ഗിരീഷ് അയവിറക്കിക്കേട്ടിട്ടുണ്ട്. സ്വന്തം ജീവിതഗതി തന്നെ തിരിച്ചുവിട്ട യാത്രയിരുന്നല്ലോ അത്.

ഗിരീഷിനെ കണ്ടപ്പോൾ ആദ്യം കോപമാണ് വന്നതെങ്കിലും, പതുക്കെ അത് സഹതാപത്തിന് വഴിമാറിയെന്ന് രവീന്ദ്രനാഥ്. എന്തായാലും വാക്ക് പാലിച്ചല്ലോ അയാൾ. ഭാഗ്യവശാൽ രണ്ടാമത്തെ പാട്ടിന്റെ വരികൾ പൂവച്ചൽ എഴുതിയിരുന്നില്ല. സുനിലിന്റെ മുറിയിൽ ചെന്ന് തിടുക്കത്തിലൊരു കുളി പാസാക്കി പാട്ടെഴുതാനിരിക്കുന്നു ഗിരീഷ്. ചുരുങ്ങിയ സമയത്തിനകം വരികൾ തയ്യാർ. എല്ലാവർക്കും അത്ഭുതമായിരുന്നു. ``പാട്ട് നന്നായിരിക്കുന്നു എന്ന് ഒരേ സ്വരത്തിൽ ഞങ്ങൾ വിധിയെഴുതിയപ്പോൾ ആ മുഖത്തെ ഭാവപ്പകർച്ച ഇപ്പോഴും ഓർമ്മയുണ്ട്. നിറഞ്ഞ കണ്ണുകളോടെ ഞങ്ങളെ തൊഴുതുനിന്നു അയാൾ. പിന്നെ രാജാമണിയുടെ ഹാർമോണിയത്തെ തൊട്ടു വന്ദിച്ചു.'' ഗിരീഷിന്റെ തന്നെ പിൽക്കാല രചനകളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ എഴുതിയ ആ ഗാനം ഈണത്തിന്റെ സ്കെയിലിൽ കൃത്യമായി ഒതുങ്ങിനിന്നു എന്നത് രചയിതാവിനെ പോലും അത്ഭുതപ്പെടുത്തിയ കാര്യം. സുഹൃത്തിനെ തിരികെ നാട്ടിലേക്ക് യാത്രയാക്കാൻ സുനിലും ചെന്നിരുന്നു സെൻട്രൽ സ്റ്റേഷനിൽ. വണ്ടി കയറും മുൻപ് സുനിലിന്റെ കൈപിടിച്ച് വികാരാധീനനായി ഗിരീഷ് പറഞ്ഞു. ``എടാ നമ്മുടെ സ്വപ്നങ്ങളൊക്കെ സത്യമായി വരികയാണ് അല്ലേ?''

അരവിന്ദ് ഓഡിയോ സ്റ്റുഡിയോയിൽ തന്റെ ആദ്യ ഗാനം ചിത്ര പാടി റെക്കോർഡ് ചെയ്യുന്നത് കാണാൻ ഭാഗ്യമുണ്ടായില്ല ഗിരീഷിന്. സ്വന്തം ചെലവിൽ ചെന്നൈയിൽ വന്ന് മുറിയെടുത്ത് താമസിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടാണ്. `എൻക്വയറി'യിൽ ആ ഗാനരംഗത്ത് അഭിനയിച്ചത് ശ്രീനാഥും അന്നത്തെ ഗ്ലാമർ നടിയായിരുന്ന അഭിലാഷയും. പടം അത്യാവശ്യം ഓടിയെങ്കിലും പാട്ടുകൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് രണ്ടു മൂന്ന് ചെറുകിട പടങ്ങളിൽ കൂടി പാട്ടെഴുതിയ ഗിരീഷിനെ ഗാനരചനാരംഗത്തെ താരമാക്കി മാറ്റിയത് ``ജോണി വാക്കർ'' എന്ന പടമാണ്. രവീന്ദ്രനാഥിന്റെ കഥയോ? രണ്ടു പടങ്ങൾ സംവിധാനം ചെയ്യുകയും ചില തമിഴ് ചിത്രങ്ങൾക്ക് തിരക്കഥയെഴുതുകയും ചെയ്ത ശേഷം സിനിമയോട് പതുക്കെ അകന്ന രവിയേട്ടൻ ഭാര്യയോടൊപ്പം കോഴിക്കോട്ടെ മാങ്കാവിൽ താമസിക്കുന്നു ഇപ്പോൾ. ``അപൂർവമായേ പിന്നെ ഗിരീഷിനെ കണ്ടിട്ടുള്ളു. അപ്പോഴെല്ലാം അങ്ങേയറ്റം ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളത്. മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് ഗിരീഷ് എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒരു സ്ട്രോക്ക് വന്ന് വീട്ടിൽ വിശ്രമത്തിലാണ് അന്ന് ഞാൻ. പക്ഷേ ആ കൂടിക്കാഴ്ച്ച നടന്നില്ല. അതിനകം ഗിരീഷ് ആശുപത്രിയിലായി. പിന്നീടറിഞ്ഞത് ഗിരീഷിന്റെ വിയോഗവാർത്തയാണ്.''

സംഗീത സംവിധായകൻ എം എസ് ബാബുരാജാണ് 1960 കളുടെ അവസാനം രവീന്ദ്രനാഥിനെ ചെന്നൈയിൽ കൂട്ടിക്കൊണ്ടുപോയതും സിനിമാരംഗത്തെ പ്രമുഖരെ പരിചയപ്പെടുത്തിയതും. സ്വന്തമായി ഒരു ടെയ്‌ലറിംഗ് കട തുടങ്ങാൻ ആ പരിചയങ്ങൾ ധാരാളമായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം കട വിൽക്കേണ്ടി വന്ന ഘട്ടത്തിലും രവീന്ദ്രനാഥിന്റെ തുണയ്‌ക്കെത്തിയത് ഈ സൗഹൃദങ്ങൾ തന്നെ. തിക്കുറിശ്ശിയും മധുവും ഉൾപ്പെടെ പലരുടെയും പടങ്ങളിൽ സഹസംവിധായകനായി. ആദ്യമായി സ്വതന്ത്ര സംവിധായകനായത് ദേവനും ശാരിയുമഭിനയിച്ച ``ജീവിതം ഒരു രാഗ'' (1989)ത്തിൽ. പിന്നീടായിരുന്നു `എൻക്വയറി.'

യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളെക്കൊണ്ട് സ്വന്തം സിനിമയിൽ പാട്ടെഴുതിക്കാൻ ചങ്കൂറ്റമുണ്ടായതെങ്ങനെ എന്ന് ചോദിക്കാറുണ്ട് പലരും. അപ്പോഴൊക്കെ രവിയേട്ടന് ഓർമ്മവരിക `നംനാട്' എന്ന എം ജി ആർ ചിത്രത്തിന്റെ സംവിധായകൻ ജംബുലിംഗം സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ തനിക്ക് നൽകിയ വിലപ്പെട്ട ഒരുപദേശമാണ്. ``സിനിമയിൽ ഒന്നും സ്ഥായിയല്ല. ഇന്ന് നടന്നുപോകുന്നവൻ നാളെ കാറിൽ വരുന്നത് കാണാം. ഇന്ന് കാറിൽ പോകുന്നവൻ നാളെ നടന്നുവരുന്നതും. ആരെയും അവഗണിക്കാതിരിക്കുക..'' നേട്ടങ്ങളെക്കാൾ നഷ്ടങ്ങളേ സിനിമ തന്നിട്ടുള്ളുവെങ്കിലും, സഹായം ചോദിച്ചെത്തുന്ന ആരെയും നിരാശരാക്കിയിട്ടില്ല രവീന്ദ്രനാഥ്. ``എത്രയോ പേർക്ക് ഞാൻ സിനിമയിൽ അവസരം നൽകിയിട്ടുണ്ട്. നന്ദി പ്രതീക്ഷിച്ചിട്ടല്ല. നമ്മുടെ ഒരു ആത്മസംതൃപ്തിക്ക് വേണ്ടി. ഗിരീഷിനെ പോലുള്ളവർ വലിയ ഉയരങ്ങൾ കീഴടക്കിയിട്ടും നമ്മളെ മറന്നില്ല എന്നത് തിരിഞ്ഞുനോക്കുമ്പോൾ സന്തോഷമുള്ള കാര്യം..''

Content Highlights : Gireesh Puthanchery death Anniversary director Raveendranath Ravi Menon Pattuvazhiyorathu

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented