എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ; ദുബായ് കത്ത് ഓർമയില്ലേ?


രവിമേനോൻ

ജീവിക്കാൻ വേണ്ടി പ്രവാസികളാകേണ്ടി വന്ന ഭർത്താക്കന്മാരെ ഓർത്ത് നാട്ടിൽ നെടുവീർപ്പിട്ട് കഴിഞ്ഞിരുന്ന ഭാര്യമാർ, പ്രത്യേകിച്ച് നവവധുക്കൾ, ദുബായ് കത്തിന്റെ വരികളിൽ വായിച്ചറിഞ്ഞത് സ്വന്തം ഹൃദയവികാരങ്ങൾ തന്നെ.

Photo | Facebook, Ravi menon

മ്പിളിക്കറിയില്ലായിരുന്നു വിരഹിണികളായ എത്രയോ മണവാട്ടിമാരുടെ ഹൃദയഗീതമാണ് താൻ പാടി റെക്കോർഡ് ചെയ്യാൻ പോകുന്നതെന്ന്. അതറിഞ്ഞത് കാലമേറെ കഴിഞ്ഞാണ് -``ദുബായ് കത്തി''ന്റെ വരികൾ ജീവിതത്തിലാദ്യമായി കേരളത്തിലെ ഒരു ഗാനമേളാവേദിയിൽ ലൈവ് ആയി പാടിയ ദിവസം.

``എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാൽ'' എന്ന വരി പാടിത്തുടങ്ങിയതും സ്വിച്ചിട്ടപോലെ നിശ്ചലവും നിശബ്ദവുമാകുന്നു സദസ്സ്. എങ്ങും അസ്വസ്ഥമായ മൗനം മാത്രം. മുന്നിൽ നിരന്നിരിക്കുന്ന സ്ത്രീകളിൽ ചിലർ തലകുനിക്കുന്നു, മറ്റു ചിലർ കണ്ണീരൊപ്പുന്നു. ഏഴു മിനിറ്റോളം നീണ്ട പാട്ട് പാടിത്തീർന്നപ്പോൾ, സദസ്സിൽ നിന്നുയർന്ന നിലയ്ക്കാത്ത കയ്യടി ഇന്നുമുണ്ട് അമ്പിളിയുടെ കാതുകളിൽ; നാല് പതിറ്റാണ്ടിനിപ്പുറവും.

``ഒരു പാട്ടിന് മനുഷ്യമനസ്സിനെ എത്രത്തോളം ആഴത്തിൽ സ്പർശിക്കാനും സ്വാധീനിക്കാനും കഴിയുമെന്ന് തിരിച്ചറിഞ്ഞ അപൂർവ നിമിഷങ്ങളായിരുന്നു അവ''- അമ്പിളിയുടെ വാക്കുകൾ. ചെന്നൈ എച്ച് എം വി സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ 43 വർഷം മുൻപ് ആ പാട്ട് പാടാൻ നിൽക്കുമ്പോൾ അതിത്രത്തോളം ജനപ്രിയമാകുമെന്നോ സാധാരണക്കാരുടെ ഹൃദയങ്ങൾ കീഴടക്കുമെന്നോ സങ്കല്പിച്ചിട്ടില്ല അമ്പിളി. പതിവുപോലെ ഗ്രാമഫോൺ കമ്പനിക്ക് വേണ്ടി മറ്റൊരു മാപ്പിളപ്പാട്ട് കൂടി -- അത്ര മാത്രം. പക്ഷേ താൻ പാടി റെക്കോർഡ് ചെയ്തത് വെറുമൊരു മാപ്പിളപ്പാട്ടല്ല എന്നറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു അന്ന് 20 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഗായിക.

``ആ പാട്ടിന്റെ കൈപിടിച്ച് ഏകാന്തദുഃഖങ്ങളും വിഷാദരോഗവും വരെ മറികടക്കാൻ ശ്രമിച്ച കഥകൾ പലരും വിവരിച്ചു കേൾക്കുമ്പോൾ വിസ്മയം തോന്നാറുണ്ടിപ്പോഴും.'' -അമ്പിളിയുടെ വാക്കുകൾ. എസ് എ ജമീൽ എഴുതി ചിട്ടപ്പെടുത്തിയ ആ ഗാനത്തിന് വാദ്യവിന്യാസം നിർവഹിച്ചത് പ്രഗത്ഭ വയലിനിസ്റ്റും വിഖ്യാതമായ വിശ്വനാഥൻ -- രാമമൂർത്തി സഖ്യത്തിന്റെ ഭാഗവുമായിരുന്ന സാക്ഷാൽ ടി കെ രാമമൂർത്തി. യുട്യൂബിൽ ദുബായ് കത്തിന്റെ വീഡിയോക്ക് താഴെ ചിതറിക്കിടക്കുന്ന അസംഖ്യം കമന്റുകളിൽ ചിലതെങ്കിലും മനസ്സിൽ തട്ടും.

``എന്റെ ഉപ്പ ഗൾഫിലായിരുന്ന കാലത്ത് ഉമ്മ ദിവസവും രാപ്പകലെന്നില്ലാതെ ആവർത്തിച്ചു കേട്ട് കരഞ്ഞിരുന്ന പാട്ടാണിത്. ഇപ്പോൾ വിദേശത്തുള്ള എന്റെ ഇക്കായെ ഓർത്ത് ഞാനും ഇതേ പാട്ട് തന്നെ പാടുന്നു.''-ഒരു പെൺകുട്ടിയുടെ ആത്മഗതം. അമ്മൂമ്മയും അമ്മയും ദുബായ് കത്ത് കേട്ടാൽ ഇന്നും തലകുനിച്ചിരുന്നു കരയുമെന്നെഴുതുന്നു മറ്റൊരാൾ. അങ്ങനെ എത്രയെത്ര അനുഭവകഥനങ്ങൾ. ഏറനാടൻ യുവാക്കൾ നാടും വീടും വിട്ട് ജീവനോപാധി തേടി കടൽ കടന്നു ഗൾഫിൽ ചേക്കേറിയ കാലത്തിന്റെ വിരഹവിധുരമായ ഓർമ്മകളാണ് ഈ പാട്ടിന്റെ വരികളിൽ തുളുമ്പി നിൽക്കുന്നത്. ജീവിക്കാൻ വേണ്ടി പ്രവാസികളാകേണ്ടി വന്ന ഭർത്താക്കന്മാരെ ഓർത്ത് നാട്ടിൽ നെടുവീർപ്പിട്ട് കഴിഞ്ഞിരുന്ന ഭാര്യമാർ, പ്രത്യേകിച്ച് നവവധുക്കൾ, ദുബായ് കത്തിന്റെ വരികളിൽ വായിച്ചറിഞ്ഞത് സ്വന്തം ഹൃദയവികാരങ്ങൾ തന്നെ. മൊബൈലും ഇന്റർനെറ്റും വാട്സ്ആപ്പും വീഡിയോ കോളും ഒന്നുമില്ലാതിരുന്ന, ടെലിഫോൺ പോലും ആർഭാടമായിരുന്ന കാലത്ത് ഉള്ളിലെ രഹസ്യാഭിലാഷങ്ങൾ പോലും ഇത്ര കൃത്യമായി, ആത്മാർത്ഥതയോടെ പാട്ടിലേക്ക് പകർത്താൻ ഒരു എഴുത്തുകാരന് എങ്ങനെ കഴിഞ്ഞു എന്നോർത്ത് അത്ഭുതപ്പെട്ടിരിക്കണം അന്നത്തെ തലമുറ.

ആ എഴുത്തുകാരൻ ഇന്നില്ല. നിലമ്പൂർ സ്വദേശി സയ്യദ് അബ്ദുൾ ജമീൽ ഓർമ്മയായിട്ട് വർഷം പത്താകുന്നു. ദുബായ് കത്ത് ജനകീയമായിത്തീർന്ന 1970 കളിലെ കേരളവും ഇന്ന് ചരിത്രത്തിന്റെ ഭാഗം. സാങ്കേതികവിദ്യ സങ്കല്പങ്ങൾക്കതീതമായി പുരോഗമിച്ച ഇക്കാലത്ത് കത്ത് എന്ന ആശയം തന്നെ അപ്രസക്തമായി. മനുഷ്യന്റെ വിരൽത്തുമ്പിലാണ് ലോകമിപ്പോൾ. അതുകൊണ്ടു തന്നെ വിരഹവും വിപ്രലംഭ ശ്രുംഗാരവുമൊക്കെ കഥകളിൽ മാത്രം. ``യൗവനത്തേൻ വഴിഞ്ഞേ പതിനേഴിന്റെ പൂവനപ്പൂ കൊഴിഞ്ഞേ, താരുണ്യത്തിൽ കടഞ്ഞെടുത്ത പൊൻകുടമൊടുവിൽ ഞാൻ കാഴ്ചപ്പണ്ടം മാത്രമായി, ഉഴിഞ്ഞിട്ട നേർച്ചക്കോഴി പോലെയായി'' എന്ന് പരിതപിക്കുകയും ``ഞാനൊന്നു ചോദിക്കുന്നു ഈ കോലത്തില് എന്തിനു സമ്പാദിക്കുന്നു, ഒന്നുമില്ലെങ്കിലും തമ്മിൽ കണ്ടുകൊണ്ട് നമ്മൾ രണ്ടുമൊരു പാത്രത്തിൽ ഉണ്ണാമല്ലോ ഒരു പായ് വിരിച്ചൊന്നിച്ചുറങ്ങാമല്ലോ'' എന്ന് സ്വപ്നം കാണുകയും ചെയ്യുന്ന ഭാര്യമാരുടെ കാലവും അസ്തമിച്ചു. പക്ഷേ ``ദുബായ് കത്തി''ന്റെ ഗൃഹാതുരസൗന്ദര്യത്തിന് അതുകൊണ്ടൊന്നും മങ്ങലേറ്റിട്ടില്ലെന്ന് മനസ്സിലാക്കാൻ യൂട്യൂബ് ഒന്ന് സന്ദർശിക്കുകയെ വേണ്ടൂ. പാട്ടിന് ചുവട്ടിലെ കമന്റുകൾ വായിച്ചുനോക്കുകയും.

അമ്പിളിയുടെ കൗമാരശബ്ദത്തിൽ ദുബായ് കത്ത് ഗ്രാമഫോൺ റെക്കോർഡ് ആയി എച്ച് എം വി പുറത്തിറക്കിയത് 1977 ലാണ്. എന്നാൽ അതിനു മുൻപ് തന്നെ ജമീൽ എഴുതി ചിട്ടപ്പെടുത്തിയ ആ പാട്ടിന്റെ ഖ്യാതി നാടെങ്ങും വ്യാപിച്ചിരുന്നു. ഗാനമേളക്ക് അകമ്പടി സേവിക്കാൻ വന്ന ഏതോ തബലിസ്റ്റാണ് ``കൊടുംചതി'' എന്ന് ജമീൽ തന്നെ വിശേഷിപ്പിച്ച ആ പ്രശസ്തിക്ക് നിമിത്തമായതെന്നത് ഇന്നോർക്കുമ്പോൾ കൗതുകം തോന്നുന്ന കാര്യം. സുഹൃത്തും നാട്ടുകാരനുമായ പ്രമുഖ വ്യവസായി പി വി അബ്ദുൽ വഹാബിന്റെ ക്ഷണപ്രകാരം ഗാനമേള അവതരിപ്പിക്കാൻ അബുദാബിയിൽ എത്തിയതായിരുന്നു ജമീൽ. പോകുമ്പോൾ പ്രവാസി മലയാളികളെ ആകർഷിക്കാൻ പോന്ന എന്തെങ്കിലും ഒരത്ഭുതം കയ്യിൽ കരുതണമെന്ന മോഹത്തിൽ നിന്നാണ് ഒരു നാൾ ``ദുബായ് കത്ത്'' പിറവിയെടുക്കുന്നത്. മനഃശാസ്ത്ര ചികിത്സാരംഗത്തും സജീവമായിരുന്ന ജമീൽ സ്വാനുഭവങ്ങളിൽ നിന്ന് കുറിച്ച വരികളായിരുന്നു അവ. `` മാനസികമായ അസ്വസ്ഥകളുമായി അക്കാലത്ത് എന്നെ കാണാൻ വന്നിരുന്ന മിക്ക സ്ത്രീകളുടെയും പ്രശ്നം കല്യാണം കഴിഞ്ഞു അധികം കഴിയും മുൻപ് ഭർത്താവിനെ പിരിഞ്ഞു ജീവിക്കേണ്ടിവന്നതായിരുന്നു.''-ജമീൽ ഒരിക്കൽ പറഞ്ഞു. ``ദീർഘമായ ഇടവേളകളിൽ വന്നെത്തിയിരുന്ന കത്തുകൾക്കായുള്ള കാത്തിരിപ്പായിരുന്നു അവരുടെ ജീവിതം. മക്കൾ വളർന്നുവരുന്നത് കാണാൻ ഭാഗ്യമില്ലാത്ത ഭർത്താക്കന്മാർ. പ്രിയതമന്റെ സാമീപ്യം പോലും നിഷേധിക്കപ്പെടുന്ന ഭാര്യമാർ. അത്തരം അനുഭവങ്ങളാണ് എന്നെക്കൊണ്ട് ദുബായ് കത്ത് എഴുതിച്ചത്. ഒരൊറ്റ രാത്രി കൊണ്ട് എഴുതി ട്യൂൺ ചെയ്ത പാട്ടാണത്. അക്ഷരാർത്ഥത്തിൽ മാപ്പിളപ്പാട്ടല്ല; എങ്കിലും പശ്ചാത്തലം ഒന്നുതന്നെ.''

വഹാബിന്റെ വീട്ടിലായിരുന്നു ഓർക്കസ്ട്രയുടെ അകമ്പടിയോടെ റിഹേഴ്‌സൽ. പുതിയ പാട്ട് ആദ്യമായി കാസറ്റിൽ റെക്കോർഡ് ചെയ്യപ്പെട്ടതും അന്നുതന്നെ. ഇനിയാണ് തമാശ. പാട്ട് പകർത്തിയ കാസറ്റുമായി ഇരുചെവിയറിയാതെ ``കടന്നുകളഞ്ഞ'' ഗ്രൂപ്പിലെ തബലക്കാരൻ, ചൂടോടെ അത് സുഹൃത്തായ കടയുടമക്ക് കൈമാറുന്നു. ``ദുബായ് കത്തി''ന്റെ കച്ചവടമൂല്യം തിരിച്ചറിഞ്ഞ സുഹൃത്ത് ആദ്യം ചെയ്തത് കാസറ്റിന്റെ നൂറുകണക്കിന് കോപ്പിയെടുത്തു വിൽപ്പനക്ക് വെക്കുകയാണ്. രണ്ടോ മൂന്നോ ദിവസത്തിനകം അബുദാബിയിലെ മലയാളികൾക്കിടയിൽ ജമീലിന്റെ കത്തുപാട്ടിന്റെ ഖ്യാതി പടരുന്നു. പാട്ട് ചൂടോടെ വിറ്റുപോയിട്ടും പാട്ടുകാരൻ അജ്ഞാതനായി തുടർന്നു എന്നതാണ് വിരോധാഭാസം. ചതിയുടെ കഥയറിഞ്ഞ് ജമീൽ പൊട്ടിത്തെറിച്ചുപോയത് സ്വാഭാവികം. എന്തു ചെയ്യാം? അതിനകം കടൽ കടന്ന് കേരളത്തിലും എത്തിക്കഴിഞ്ഞിരുന്നു ദുബായ് കത്തിന്റെ ഖ്യാതി.

കത്തുപാട്ടിന്റെ അഭൂതപൂർവമായ ജനപ്രീതിയാണ് ഗ്രാമഫോൺ റെക്കോർഡ് ഇറക്കാൻ എച്ച് എം വിയെ പ്രേരിപ്പിച്ചത്. അതിനു മുൻപ് എച്ച് എം വിയുടെ തന്നെ ഒന്നുരണ്ടു ഹിറ്റ് മാപ്പിളപ്പാട്ട് ആൽബങ്ങൾക്ക് ശബ്ദം പകർന്നിരുന്ന അമ്പിളിയെ ഗായികയായി നിശ്ചയിക്കുന്നു കമ്പനി. `` എച്ച് എം വിയിൽ നിന്ന് കൃഷ്ണാജി എന്ന ഉദ്യോഗസ്ഥനാണ് എന്നെ പാടാൻ വിളിച്ചത്. ''-- അമ്പിളിയുടെ ഓർമ്മ. ``ചെന്നപ്പോൾ ജമീൽ സാഹിബും രാമമൂർത്തി സാറും സ്ഥലത്തുണ്ട്. റിഹേഴ്‌സലൊന്നും വേണ്ടിവന്നില്ല. ജമീൽ സാഹിബ് ഒറ്റയിരിപ്പിൽ പാടിപ്പഠിപ്പിച്ച ശേഷം നേരെ റെക്കോർഡിംഗിലേക്ക് കടക്കുകയായിരുന്നു. രഘു മാസ്റ്റർ ആണ് സൗണ്ട് എഞ്ചിനീയർ. ആദ്യ ടേക്കിൽ തന്നെ പാട്ട് ഓക്കേ. എന്റെ പാട്ട് റെക്കോർഡ് ചെയ്ത ശേഷം ഭാര്യക്ക് ഭർത്താവയയ്ക്കുന്ന മറുപടിയുടെ രൂപത്തിൽ ജമീൽ സാഹിബിന്റെ ശബ്ദത്തിൽ മറ്റൊരു പാട്ടും റെക്കോർഡ് ചെയ്തു.''

പാട്ട് കേട്ട് ആദ്യം ലഭിച്ച അഭിനന്ദനങ്ങളിൽ ഒന്ന് നിത്യഹരിതനായകനായ പ്രേംനസീറിൽ നിന്നായിരുന്നു എന്നോർക്കുന്നു അമ്പിളി. ഒരു ദിവസം ഏതോ കല്യാണച്ചടങ്ങിൽ പങ്കെടുത്ത ശേഷം ചെന്നൈ സാലിഗ്രാമത്തിലെ അമ്പിളിയുടെ വീട്ടിലെത്തിയതായിരുന്നു നസീറും ബഹദൂറും സംവിധായകൻ ശശികുമാറും . ആവേശഭരിതരായാണ് മൂവർ സംഘത്തിന്റെ വരവ്. കല്യാണവീട്ടിൽ വെച്ച് അപ്രതീക്ഷിതമായി കേട്ട ``ദുബായ് കത്തി''നെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല നസീറിന്. ``അവിടെ വന്നവർ മുഴുവൻ അമ്പിളിയുടെ പാട്ടിന്റെ ആകർഷണവലയത്തിലായിരുന്നു. ചിലരൊക്കെ വികാരാധീനരായി. ഇത്രയും അർത്ഥവത്തായ ഒരു പാട്ട് അടുത്തകാലത്തെങ്ങും കേട്ടിട്ടില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം.'' ആരാധനാപുരുഷനായ നസീറിന്റെ വാക്കുകൾ കേട്ട് കണ്ണു നിറഞ്ഞുപോയെന്ന് അമ്പിളി. സമാനമായ അഭിപ്രായങ്ങൾ പങ്കുവെച്ചവർ വേറെയുമുണ്ടായിരുന്നു. പ്രശസ്തരും അപ്രശസ്തരുമായവർ. `` പാട്ടിന്റെ ഇരുപതിനായിരത്തിലേറെ റെക്കോർഡുകളാണ് ഇറങ്ങിയ ഉടൻ വിറ്റഴിഞ്ഞത്. അപൂർവമായ ഒരു റെക്കോർഡ് ആയിരുന്നു അത്. ഇന്നുമുണ്ട് ആ പാട്ടുകൾക്ക് ആവശ്യക്കാർ. നൂറുകണക്കിന് സിനിമാഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും ദുബായ് കത്തിനോളം ജനപ്രീതി നേടിയവ വേറെയുണ്ടോ എന്ന് സംശയം.''

നിരവധി മാപ്പിളപ്പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും എസ് എ ജമീലിനെ സാധാരണക്കാരനായ മലയാളിയുടെ മനസ്സിൽ കുടിയിരുത്തിയത് ദുബായ് കത്ത് തന്നെയാവണം. ``എന്റെ ജീവിതത്തെ ദുബായ് കത്തിന് മുൻപും പിൻപും എന്ന് വിഭജിക്കാമെന്ന് തോന്നുന്നു.''-- ഒരു കൂടിക്കാഴ്ചയിൽ കളിയും കാര്യവും ഇടകലർത്തി ജമീൽ പറഞ്ഞ വാക്കുകൾ ഓർമ്മവരുന്നു. ``എന്റെ ഏറ്റവും മികച്ച രചനയെന്ന് ദുബായ് കത്തിനെ വിശേഷിപ്പിക്കാനാവില്ല. അതിലും ഗഹനമായ സൃഷ്ടികൾ ഞാൻ നടത്തിയിട്ടുണ്ട്. എങ്കിലും ജനപ്രീതിയിൽ ദുബായ് കത്ത് തന്നെ മുന്നിൽ. ചാവക്കാട്ടെയും തലശ്ശേരിയിലെയും മലപ്പുറത്തെയും മറ്റും സാധാരണക്കാരായ സ്ത്രീകൾക്കിടയിൽ ആ പാട്ടിന് ലഭിച്ച സ്വീകാര്യത എനിക്ക് പോലും അവിശ്വസനീയമായിരുന്നു. അന്ന് ലഭിച്ച കത്തുകളിലൊന്ന് ഇപ്പോഴും ഓർമ്മയിലുണ്ട്. ഗൾഫിൽ ജോലിചെയ്യുന്ന ഭർത്താക്കന്മാരുള്ള ഒരു കൂട്ടം സ്ത്രീകൾ ചേർന്ന് എഴുതി ഒപ്പിട്ടയച്ച കത്താണ്. അതിൽ എഴുതിയിരുന്നത് ഇങ്ങനെ: ``ഞങ്ങൾ സ്ത്രീകളുടെ മനസ്സിലെ വികാരവിചാരങ്ങളെയും പ്രതീക്ഷകളെയും പുതുമോഹന സങ്കൽപ്പങ്ങളെയും ഞങ്ങളെക്കാൾ നന്നായി തിരിച്ചറിഞ്ഞു ഗാനത്തിൽ ആവിഷ്കരിച്ച താങ്കളെ വാഴ്ത്താൻ വാക്കുകളില്ല.'' പാട്ടിൽ മയങ്ങി വിവാഹാഭ്യർത്ഥനകളുമായി തന്നെ സമീപിച്ചവർ വരെയുണ്ടെന്ന് ജമീൽ.
കത്തുപാട്ടിന് ഒരു മറുപടി എഴുതണം എന്ന് ജമീലിനോട് അഭ്യർത്ഥിച്ചത് ആസ്വാദകർ തന്നെ.

ഭർത്താവിന്റെ വീക്ഷണകോണിൽ നിന്നുള്ള മറുപടിപ്പാട്ടിന്റെ പിറവി അങ്ങനെയാണ്. ``അബുദാബീലുള്ളൊരു എഴുത്തുപെട്ടി അന്ന് തുറന്നപ്പോൾ കത്തുകിട്ടീ എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി എഴുതിയ കത്ത് ഞാൻ കണ്ടു ഞെട്ടി'' എന്ന വരികളിലായിരുന്നു പാട്ടിന്റെ തുടക്കം. ``എന്തെന്തു സുഖഭോഗം നിനക്കിന്നുണ്ടെന്നാലും എന്നും സ്വർണ്ണം വെച്ച് വിളമ്പി നീ തിന്നാലും ഏറെ ഫോറിൻ പണം ഗൾഫീന്ന് വന്നാലും എത്രയും സൂക്ഷിച്ചു വീട്ടിൽ നീ നിന്നാലും, പറ്റിപ്പോകും തെറ്റ് പറ്റിപ്പോകും, പറ്റിപ്പോകും പെണ്ണ് തെറ്റിപ്പോകും, അയലത്ത് കടമെടുത്തിടുമൊരു ഗഡുവതിൽ പെട്ടും പോകും'' എന്നിങ്ങനെ പോകുന്നു പാട്ടിന്റെ വരികൾ, ``സ്ത്രീയുടെ ശരീരശാസ്ത്രവും മനഃശാസ്ത്രവുമാണ് ഞാൻ ആ വരികളിൽ കോറിയിട്ടത്.''-ജമീലിന്റെ വാക്കുകൾ.

ഇന്നും ദുബായ് കത്തിന്റെ ആരാധകരെ പതിവായി കണ്ടുമുട്ടാറുണ്ട് അമ്പിളി. ``റിയാലിറ്റി ഷോകളിൽ പുതിയ കുട്ടികൾ പോലും ആ ഗാനം പഠിച്ചു പാടുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നും. പാടി റെക്കോർഡ് ചെയ്യുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നില്ലല്ലോ അത് ഇത്രത്തോളം ഹിറ്റായി മാറുമെന്ന്. എങ്കിലും വരികൾക്ക് അന്നേ എന്തോ പ്രത്യേകത തോന്നിയിരുന്നു. പാട്ടിലെ ആശയത്തിന് പ്രസക്തി നശിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ഭാര്യാഭർതൃ ബന്ധത്തിന്റെ കെട്ടുറപ്പാണല്ലോ വിഷയം.'' സിനിമയിലും അല്ലാതെയുമായി ജനപ്രിയങ്ങളായ ഒട്ടേറെ മാപ്പിളപ്പാട്ടുകൾ പാടിയിട്ടുണ്ട് അമ്പിളി. അധികവും എ ടി ഉമ്മറിന്റെ സംഗീതത്തിൽ. ``മണിയറ''യിൽ യേശുദാസിനൊപ്പം പാടിയ ``മിഴിയിണ ഞാൻ അടയ്ക്കുമ്പോൾ കനവുകളിൽ നീ മാത്രം'' (രചന: പി ഭാസ്കരൻ) എന്ന പാട്ട് ഏറെ പ്രശസ്തം. അതേ സിനിമയിലെ ``നിനവിന്റെ കായലിൽ'', മൈലാഞ്ചിയിലെ ``കോളേജ് ലൈല കോളടിച്ചു, ഇതുവരെ ഇതുവരെ എത്ര രാത്രികൾ, ``മണിത്താലി''യിലെ കരിമ്പെന്നു കരുതി തുടങ്ങി വേറെയുമുണ്ട് ഹിറ്റായ പാട്ടുകൾ.

അമ്പിളി എന്ന ഗായികയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത് ``ശ്രീഗുരുവായൂരപ്പൻ'' എന്ന ചിത്രത്തിലെ ``ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിനു ഉരുളി നിറച്ചും പാൽച്ചോറു വെച്ചു..എന്ന പാട്ടോടെയാണ്. (ഒ എൻ വി --ദക്ഷിണാമൂർത്തി). തുടർന്ന് ഊഞ്ഞാലാ ഊഞ്ഞാലാ (വീണ്ടും പ്രഭാതം), തേടിവരും കണ്ണുകളിൽ (സ്വാമി അയ്യപ്പൻ) തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ. പാട്ടിൽ പഴയപോലെ സജീവമല്ല അമ്പിളി. പക്ഷെ മനസ്സ് നിറയെ ഇന്നും സംഗീതമാണെന്നു പറയുന്നു അവർ. ``ചാനലുകളിൽ മെഗാ ഷോകൾ കാണുമ്പോൾ ഞാൻ ഓർക്കും -- കാതടപ്പിക്കുന്ന ആരവങ്ങളുടെ അകമ്പടിയോടെ വേദിയിൽ നിറഞ്ഞു നിന്ന ആ പഴയ കാലത്തെ കുറിച്ച്. സ്റ്റേജിൽ നിൽക്കുമ്പോൾ എല്ലാം മറക്കുമായിരുന്നു ഞാൻ. നിറഞ്ഞ സദസ്സുകൾക്കൊപ്പം അവരിൽ ഒരാളായി സ്വയം മറന്നു ചുവടുവെച്ചിരുന്ന കാലം. ഇന്നും ഒറ്റയ്ക്കു കണ്ണടച്ചിരിക്കുമ്പോൾ ആ ആരവങ്ങൾ വീണ്ടും കാതിൽ മുഴങ്ങും. ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നല്ലോ എന്റെ ജീവിതത്തിൽ എന്ന് ഓർത്തുപോകും അപ്പോൾ. പാടണം; അവസാന ശ്വാസം വരെ..'' ആരോടെന്നില്ലാതെ അമ്പിളി മന്ത്രിക്കുന്നു.

ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights : Dubai kathu pattu by SA Jameel Ambili Ravi Menon Paattuvazhiyorathu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented