Image designed by Aromal P. K.
Pasito a pasito, suave suavecito
Nos vamos pegando poquito a poquito
( Step by step, soft softly
We are going to get caught little by little )
യെസ്, അങ്ങനെ പതിയെ പതിയെയാണ് Despacito എന്ന സ്പാനിഷ് പോപ് ഗാനം യൂട്യൂബിൽ ഏറ്റവുമധികം പേർ തിരഞ്ഞെത്തിയ ഗാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്. 2017 ജനുവരിയിൽ പുറത്തിറങ്ങിയ ഗാനം നാല് കൊല്ലക്കാലം കൊണ്ട് നേടിയത് 7.5 ബില്യൺ വ്യൂസാണ്. എഴുനൂറ്റിയൻപത് കോടിയിലേറെ വ്യൂസുമായി Despacito ഏറ്റവുമധികം പേർ കണ്ട ഗാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. പതിയെ (slowly) എന്നാണ് ഡെസ്പാസിതോ എന്ന സ്പാനിഷ് വാക്കിനർഥം. പോർട്ടോറിക്കൊ ഗായകൻ ലൂയിസ് ഫോൺസിയും റാപ്പർ ഡാഡി യാങ്കിയും ചേർന്നാണ് ഈ ഹോട്ട് റൊമാന്റിക് സോങ് ആലപിച്ചിരിക്കുന്നത്. നടിയും 2006 ലെ മിസ് യൂണിവേഴ്സുമായ സുലെയ്ക റിവേരയും ഫോൺസിക്കും ഡാഡി യാങ്കിക്കുമൊപ്പം ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. മൂവരും ചേർന്നുള്ള കോംബിനേഷൻ Despacitoയുടെ വിജയത്തിന് സഹായകമായി എന്നു പറയാം. പോർട്ടോറിക്കൊയുടെ പ്രാദേശിക ഭംഗിയും പ്രത്യേകതകളും ഒപ്പിയെടുത്ത ഗാനം സംവിധാനം ചെയ്തത് ഗ്രാമി ജേതാവ് കൂടിയായ കാർലോസ് പെരസ് ആണ്.
ഡെസ്പാസിതോയുടെ കൂടുതല്‍ വിശേഷങ്ങള്‍
പോര്‍ട്ടോറിക്കൊയില്‍ രൂപം കൊണ്ട റഗേറ്റോണ്‍(reggaeton) എന്ന സംഗീതശൈലിയിലാണ് ഡെസ്പാസിതോ ചിട്ടപ്പെടുത്തിയിരിക്കുന്നത്. റാപ്പും കരീബിയന്‍ റിഥവും സംയോജിക്കുന്ന മ്യൂസിക് സ്‌റ്റൈല്‍ ആണ് റഗേറ്റോണ്‍. ഫോണ്‍സിയും ഡാഡി യാങ്കിയും പാനാമേനിയന്‍ കലാകാരി എറിക്ക എന്‍ഡറും ചേര്‍ന്ന് രചിച്ച വരികള്‍ക്ക് യോജിക്കുന്ന വിധത്തിലുള്ള സംഗീതം ഗാനത്തിന്റെ ആഗോളസ്വീകാര്യതയ്ക്ക് കാരണമായി. ഫോൺസി ചിട്ടപ്പെടുത്തിയ ഗാനത്തിന് ഡാഡി യാങ്കിയുടെ ഭാഗത്ത് നിന്നുള്ള ഇടപെടൽ കൂടിയായപ്പോൾ ഗാനത്തിന് മറ്റൊരു മാനം കൈവന്നു. പസിതോ പസിതോ എന്ന ബീറ്റും ബോങ്കോസ്(Bongos) എന്ന വാദ്യോപകരണം ഗാനത്തിൽ ഉൾപ്പെടുത്താമെന്ന ആശയവും ഡാഡി യാങ്കിയുടേതായിരുന്നു. ക്വോട്രോ(Cuatro) എന്ന പോർട്ടോറിക്കൊ സംഗീതോപകരണം ഗാനത്തിന് ഇമ്പമാർന്ന തുടക്കമേകി.

ഭാഷാതീതമാണ് സംഗീതമെന്ന വാദത്തിന് ഡെസ്പാസിതോയുടെ വിജയം കൂടുതല്‍ കരുത്തേകി. അനുകൂല നിരൂപണങ്ങള്‍ ഡെസ്പാസിതോയുടെ അണിയറപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമായി. ലാ പെര്‍ലയിലും സമീപപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഗാനരംഗങ്ങളും ഏറെ ആകര്‍ഷണീയമായിരുന്നു. ഡെസ്പാസിതോയുടെ റിലീസോടെ പച്ചയും നീലയും ഓറഞ്ചും കടുംചായങ്ങള്‍ പൂശിയ കെട്ടിടങ്ങളും ഫോണ്‍സി ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന കടലോരവും സുലെയ്ക റിവേര എന്ന വിശ്വസുന്ദരി 'സെക്‌സി വാക്ക്' നടത്തുന്ന തെരുവുകളും തേടി ലാ പെര്‍ലയിലേക്ക് സഞ്ചാരികളുടെ പ്രവാഹമായി. സ്പാനിഷ് പോപ് സംഗീതത്തെ ലോക സംഗീതത്തിന്റെ മുഖ്യധാരയിലേക്ക് വീണ്ടുമെത്തിക്കാന്‍ ഡെസ്പാസിതോയ്ക്ക് സാധിച്ചു.

ഡെസ്പാസിതോയ്ക്ക് ലഭിച്ച സ്വീകാര്യതയും അംഗീകാരവും
ലോസ് ഡെല്‍ റിയോയുടെ മകറീന(Macarena)യ്ക്ക് ശേഷം ബില്‍ബോര്‍ഡ് ഓള്‍ ടൈം ഹോട്ട് 100 ല്‍ ഇടം പിടിച്ച സ്പാനിഷ് ഗാനമാണ് ഡെസ്പാസിതോ. തുടര്‍ച്ചയായി 16 ആഴ്ച ആ പട്ടികയില്‍ ഡെസ്പാസിതോ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. കൂടാതെ ലാറ്റിന്‍ ഹോട്ട് സോങ്‌സ് ചാര്‍ട്ടില്‍ തുടര്‍ച്ചയായി 56 ആഴ്ച ഡെസ്പാസിതോ ഒന്നാം സ്ഥാനം കയ്യടക്കി. 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ യൂട്യൂബില്‍ ഇരുനൂറ്, മുന്നൂറ്, നാനൂറ്, അഞ്ഞൂറ്, അറൂനൂറ്, എഴുനൂറ് കോടി വ്യൂസ് നേടുന്ന ആദ്യഗാനമായി ഡെസ്പാസിതോ. ഡെസ്പാസിതോ റിലീസായി മൂന്ന് മാസത്തിന് ശേഷം പ്രശസ്ത ഗായകന്‍ ജസ്റ്റിന്‍ ബീബറിന്റെ താത്പര്യപ്രകാരം അദ്ദേഹത്തിന്റെ ഒരു വേര്‍ഷന്‍ പുറത്തിറങ്ങി. ഇത് ഗാനത്തിന് കൂടുതല്‍ പ്രശസ്തി നല്‍കി. ലോകത്തിലെ വിലപിടിച്ച ഗായകരിലൊരാളായ എഡ് ഷീറനും ഡെസ്പാസിതോയുടെ കവര്‍ വേര്‍ഷന്‍ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും ബീബറിന്റെ ഗാനം പുറത്തിറങ്ങിയതോടെ അതുപേക്ഷിച്ചു.
റെക്കോഡ് ഓഫ് ദ ഇയര്‍ ലാറ്റിന്‍ ഗ്രാമി അവാര്‍ഡ്, സോങ് ഓഫ് ദ ഇയര്‍, ബെസ്റ്റ് അര്‍ബന്‍ ഫ്യൂഷന്‍/പെര്‍ഫോമന്‍സ്, ബെസ്റ്റ് ഷോട്ട് ഫോം മ്യൂസിക് വീഡിയോ എന്നീ ബഹുമതികള്‍ ഗ്രാമി അവാര്‍ഡില്‍ ഡെസ്പാസിതോ കരസ്ഥമാക്കി. കൂടാതെ നിരവധി അംഗീകാരങ്ങള്‍ ഡെസ്പാസിതോയെ തേടിയെത്തി. ഗാനത്തിന്റെ റിമിക്‌സും ആറ് ബില്‍ബോര്‍ഡ് ലാറ്റിന്‍ അവാര്‍ഡും അഞ്ച് ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡും നേടി. ഗാനരചനയില്‍ പങ്കാളിയായ എറിക്ക എന്‍ഡര്‍ ലാറ്റിന്‍ സോങ് റൈറ്റേഴ്‌സ് ഹാള്‍ ഓഫ് ഫെയിമില്‍ കടന്നു ചെന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയായി, ഗ്രാമിയില്‍ നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ലാറ്റിന്‍ വനിതയായി. അംഗീകാരങ്ങളുടെ പെരുമഴയോടെ ഡെസ്പാസിതോ 2019 ല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിലും ഇടം പിടിച്ചു.
ഡെസ്പാസിതോ ഇഫക്ട്, മാസ്റ്റർപീസ് എന്ന വിശേഷണം, ലോകമേറ്റെടുത്ത റൊമാന്റിക് ഗാനം
ലാറ്റിന്‍ പോപ് സംഗീതത്തിന് വീണ്ടുമൊരുണര്‍വേകാന്‍ ഡെസ്പാസിതോയുടെ വിജയത്തിന് കഴിഞ്ഞു. ലാറ്റിന്‍ സംഗീതമേഖലയുടെ വരുമാനത്തില്‍ 37 ശതമാനം വര്‍ധനവാണ് 2017 ലുണ്ടായത്. ലാറ്റിന്‍ സംഗീതത്തിന് അമേരിക്കയില്‍ ആരാധകരേറെയായി. തുടര്‍ന്ന വന്ന സ്പാനിഷ് ഗാനങ്ങളും ഹിറ്റിലേക്ക് നീങ്ങി. ഡെസ്പാസിതോ ഇഫക്ടില്‍ പോര്‍ട്ടോറിക്കൊയുടെ ടൂറിസം മേഖലയിലെ വരുമാനവും 45 ശതമാനത്തോളം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫോൺസിയ്ക്കും യാങ്കി ഡാഡിക്കും സംഗീതലോകത്ത് ചിരപ്രതിഷ്ഠ നൽകാൻ ഡെസ്പാസിതോയ്ക്ക് സാധിച്ചു. സുലെയ്ക റിവേരയുടെ സൗന്ദര്യവും വശ്യതയും പകർത്തിക്കാട്ടാൻ കഴിഞ്ഞതും പോർട്ടോറിക്കൊയുടെ മനോഹാരിത ലോകത്തിന് മുമ്പിൽ തുറന്നുവെക്കാനായതും ഡെസ്പാസിതോയുടെ നേട്ടങ്ങൾ തന്നെ.
ഒരു ഹോട്ട് റൊമാന്റിക് സോങ് ആണെങ്കിലും വിമർശനങ്ങളേറ്റു വാങ്ങേണ്ടി വന്നില്ലെന്നത് ഡെസ്പാസിതോയുടെ നേട്ടമാണ്. ഒരു സാധാരണ പ്രണയഗാനത്തിനപ്പുറം നന്നായി ആസ്വദിക്കപ്പെട്ട ഒരു ഫ്യൂഷൻ മ്യൂസിക്കായി ഡെസ്പോസിതയുടെ ജൈത്രയാത്ര തുടരുകയാണ്. ആദ്യതവണ കേൾക്കുമ്പോൾ ഭാഷ മനസിലാവാത്തതിനാൽ ഒരു കല്ലുകടി അനുഭവപ്പെടുമെങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ഒരിന്ദ്രജാലം ഡെസ്പാസിതോയ്ക്കുണ്ട്. പതിയെ പതിയെ കേൾവിക്കാരൻ ആ ഗാനത്തിൽ അഡിക്ടഡ് ആവുന്ന എന്തോ ഒന്ന്-അതാവണം ഡെസ്പാസിതോയുടെ വിജയം.
Video Review : Paul Joseph(Drummer, Pianist / Tritonzmusic)
Content Highlights: Most viewed video song on YouTube with over 7 billion views, Despacito
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..