Image Designer : Roopesh K.
1995-ലാണ് ദലേര്‍ മെഹന്ദിയുടെ ബോലോ താ രാ രാ രാ... എന്ന പോപ് ആല്‍ബം റിലീസായത്. ഇരുപത്തിയേഴ് കൊല്ലത്തെ പഴക്കമായെങ്കിലും ആല്‍ബത്തിലെ ടൈറ്റില്‍ സോങ്ങിന് ഇന്നും ആരാധകരേറെ. ഗാനത്തിന്റെ റിലീസ് കാലത്ത് കേരളത്തിന്റെ മുക്കിലും മൂലയിലും വരെ ദലേര്‍ മെഹന്ദിയുടെ ബോലോ താ രാ രാ രാ തുടരെത്തുടരെ കേട്ടിരുന്ന ചരിത്രവുമുണ്ട്. മികച്ചവയെ സ്വീകരിക്കാനുള്ള മലയാളിമനസ്സില്‍ ദലേര്‍ മെഹന്ദി എന്ന പഞ്ചാബി ഗായകന്‍ ഉളവാക്കിയ സ്വാധീനം അത്രയധികമായിരുന്നു. ഭാംഗ്രസംഗീതത്തിന്റെ 'ബോലോ താ രാ രാ രാ വേര്‍ഷന്‍' ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധയിടങ്ങളിലും ദലേര്‍ മെഹന്ദി എന്ന ഗായകന് ആരാധകരെ നേടിക്കൊടുത്തു. ചലച്ചിത്ര ഇതര ഇന്‍ഡി പോപ് ആല്‍ബങ്ങളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആല്‍ബം കൂടിയായിരുന്നു ബോലോ താ രാ രാ രാ... ദലേര്‍ മെഹന്ദിയുടെ ആദ്യ മ്യൂസിക് ആല്‍ബമെന്ന പ്രത്യേകത കൂടി ബോലോ താ രാ രാ രായ്ക്കുണ്ട്. ദലേര്‍ മെഹന്ദിയുടെ തുടര്‍ ആല്‍ബങ്ങള്‍ക്ക് ഏറെ പ്രതീക്ഷയ്ക്കും ജനപ്രിയതയ്ക്കും വഴിയൊരുക്കിയതും ബോലോ താ രാ രാ രായുടെ വിജയമാണെന്ന കാര്യത്തില്‍ സംശയമില്ല.
പഞ്ചാബിനെ പ്രിയങ്കരമാക്കിയ ബോലോ താ രാ രാ രാ
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മ്യൂസിക് കമ്പനി മാഗ്നാസൗണ്ട് ആണ് ബോലോ താ രാ രാ രാ പുറത്തിറക്കിയത്. ഇന്ത്യയില്‍ മാത്രം ആല്‍ബത്തിന്റെ രണ്ട് കോടിയോളം കോപ്പികളാണ് വിറ്റഴിഞ്ഞത്. പഞ്ചാബിന്റെ തനത് കലാരൂപമായ ഭാംഗ്രയെ ആഗോളപ്രശസ്തിയിലേക്കുയര്‍ത്താനും ദലേര്‍ മെഹന്ദിയ്ക്കും ബോലോ താ രാ രായ്ക്കും സാധിച്ചു. ദലേര്‍ മെഹന്ദിയ്ക്ക് പോപ് താര പരിവേഷവും ലഭിച്ചു. സോഷ്യല്‍ മീഡിയയ്ക്ക് ഇന്നത്തെയത്ര പ്രാമുഖ്യമില്ലാതിരുന്ന കാലമായിരുന്നിട്ടും വളരെ വേഗത്തിലാണ് ബോലോ താ രാ രാ രാ... വൈറലായത്. ടൈറ്റില്‍ സോങ്ങുള്‍പ്പെടെ എട്ട് ഗാനങ്ങളാണ് ആല്‍ബത്തിലുണ്ടായിരുന്നത്. ബോലോ താ രാ രാ രാ എന്ന ഗാനമായിരുന്നു ആല്‍ബത്തിലെ മെഗാഹിറ്റ് സോങ്. സുന്ദരിയായ യുവതിയെ വര്‍ണിച്ചുകൊണ്ടുള്ള ഗാനമായിരുന്നു അത്. യുവതിയുടെ യാത്രകളും ഷോപ്പിങ്ങും അതിനിടെയുള്ള ചലനങ്ങളും അവളുടെ കാമുകന്‍മാരുമൊക്കെ ഗാനത്തിന്റെ വരികളില്‍ മിന്നിമാഞ്ഞു. ദലേര്‍ മെഹന്ദിയായിരുന്നു ഗാനത്തിന്റെ രചനയും സംഗീതസംവിധാനവും നില്‍വഹിച്ചത്. പാട്ടിന്റെ താളത്തില്‍ മുഴുകി ഭാഷയറിയാതെ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ ഹായോ റബ്ബാന്നും, ബോലാ താ രാ രാന്ന് പാടി, ഭാംഗ്രാച്ചുവടുകള്‍ വെച്ചു, പഞ്ചാബിനെ സ്‌നേഹിച്ചു.
ലോകപ്രശസ്തിയിലേക്ക് നടന്ന ദലേര്‍ മെഹന്ദി
ബിഹാറിലെ പട്‌നയാണ് ദലേര്‍ മെഹന്ദിയുടെ ജന്മദേശം. 1991-ല്‍ ദലേര്‍ മെഹന്ദി സ്വന്തമായി ഒരു സംഗീതട്രൂപ്പ് ആരംഭിച്ചു. സംഗീതപ്രേമികളായ സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ദലേറിന്റെ സംഗീതസംഘത്തിലെ കൂട്ടാളികള്‍. 1994-ല്‍ കസാഖ്‌സ്താനില്‍ നടന്ന വോയ്‌സ് ഓഫ് ഏഷ്യ ഇന്റര്‍നാഷണല്‍ എത്‌നിക് ആന്‍ഡ് പോപ് മ്യൂസിക് കോണ്‍ടെസ്റ്റില്‍ വിജയിയായി. തുടര്‍ന്ന് മാഗ്നാസൗണ്ട് ദലേറുമായി മൂന്ന് ആല്‍ബങ്ങള്‍ക്കായി കരാറൊപ്പിട്ടു. ആദ്യ ആല്‍ബം ബോലോ താ രാ രാ രാ ദലേര്‍ മെഹന്ദിയ്ക്ക് ആവോളം പ്രശസ്തിയും മാഗ്നാസൗണ്ടിന് സാമ്പത്തികലാഭവും നേടിക്കൊടുത്തു. പോപ് ലോകത്ത് ദലേര്‍ മെഹന്ദി സ്വന്തം പേരെഴുതിച്ചേര്‍ത്തു. മാഗ്നസൗണ്ടിന് വേണ്ടി ദലേര്‍ ഒരുക്കിയ രണ്ടാമത്തെ ആല്‍ബം ദര്‍ദി റബ് റബ് വില്‍പനയില്‍ ബോലോ താ രാ രാ രായുടെ റെക്കോഡ് ഭേദിച്ചു. 1997-ലാണ് ബല്ലേ ബല്ലേ എന്ന മൂന്നാമത്തെ ആല്‍ബം റിലീസായത്. മുന്‍ ആല്‍ബങ്ങളെ പോലെ ബല്ലേ ബല്ലേയും ദലേര്‍ മെഹന്ദിയെന്ന ഗായകനെ സംബന്ധിച്ച് വന്‍ വിജയമായിരുന്നു. ദലേര്‍ മെഹന്ദിയുടെ ഡാന്‍സ് നമ്പറുകളും ശബ്ദവും തലപ്പാവും നീണ്ടുകിടക്കുന്ന തിളക്കമാര്‍ന്ന കുപ്പായങ്ങളും ദലേര്‍ മെഹന്ദിയുടെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവയായിത്തീര്‍ന്നു.
സിനിമാ പിന്നണിഗാന രംഗത്തേക്ക്
1997-ല്‍ അമിതാബ് ബച്ചനോടൊപ്പം മൃത്യുദാദ എന്ന ബോളിവുഡ് സിനിമയിലെ ഒരു ഗാനരംഗത്തും ദലേര്‍ മെഹന്ദി പ്രത്യക്ഷപ്പെട്ടു. നാ നാ നാ രേ എന്ന ഗാനം ദലേര്‍ മെഹന്ദി തന്നെയാണ് ചിട്ടപ്പെടുത്തിയത്. ഇന്ത്യയില്‍ മാത്രം ആ ഗാനത്തിന്റെ ഒന്നരക്കോടി കോപ്പികളാണ് വിറ്റുപോയത്. 1998 ല്‍ മറ്റൊരു വെടിക്കെട്ട് ഐറ്റമാണ് ദലേര്‍ മെഹന്ദി തന്റെ ആരാധകര്‍ക്ക് സമ്മാനിച്ചത്. തുനക് തുനക് തുന്‍ എന്ന ഗാനം രാജ്യത്തെ ഏറ്റവും വലിയ പോപ്താരം എന്ന പദവിയാണ് ദലേര്‍ മെഹന്ദിയ്ക്ക് നല്‍കിയത്. വന്‍ മുതല്‍മുടക്കില്‍ നിര്‍മിച്ച വീഡിയോ ആഗോളതലത്തിലും വിജയമായിരുന്നു. അക്കൊല്ലത്തെ സ്‌ക്രീന്‍ അവാര്‍ഡ്‌സില്‍ ഏറ്റവും മികച്ച ഇന്‍ഡി പോപ് ആല്‍ബത്തിനുള്ള അംഗീകാരം തുനക് തുനക് തുന്‍ നേടി.
ഹിറ്റുകള്‍ മാത്രം സ്വന്തമായ ദലേര്‍ മെഹന്ദി
2000-ല്‍ എക് ദാണാ എന്ന ആല്‍ബം ടിപ്‌സ് മ്യൂസിക്കിന് വേണ്ടി ദലേര്‍ മെഹന്ദി തയ്യാറാക്കി. ഫോക്കും റോക്കും പോപുമെല്ലാം ചേര്‍ന്ന ഒരു മിക്‌സഡ് മ്യൂസിക് ആല്‍ബമായിരുന്നു അത്. ആല്‍ബത്തിലെ സാജന്‍ മേരേ സത് രംഗീയ എന്ന ഗാനത്തില്‍ പ്രിയങ്ക ചോപ്രയാണ് അഭിനയിച്ചിരിക്കുന്നത്. പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് പട്ടം കരസ്ഥമാക്കിയ വര്‍ഷമായിരുന്നു അത്. 2003-ല്‍ സിനിമാപിന്നണിഗാനരംഗത്തേക്കും ദലേര്‍ മെഹന്ദി കടന്നെത്തി. എ.ആര്‍. റഹ്‌മാന്റെ സംഗീതസംവിധാനത്തിലും ദലേര്‍ മെഹന്ദി ഗായകന്റെ മേലങ്കിയണിഞ്ഞു. ലക്കീര്‍-ഫോര്‍ബിഡന്‍ ലൈന്‍സ് എന്ന സിനിമയിലെ നാച്ച്‌ലേ എന്ന ഗാനം ഏറെ ശ്രദ്ധ നേടി. റിഥം എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി റഹ്‌മാന്‍ ഈണമിട്ട തനിയെ തന്നന്തനിയേ എന്ന ഗാനത്തിന്റെ ഹിന്ദി വേര്‍ഷനായിരുന്നു നാച്ച് ലേ. ആമിര്‍ ഖാന്റെ ദംഗല്‍, ബാഹുബലി 2 തുടങ്ങി നിരവധി സിനിമകളില്‍ ഗാനങ്ങളാലപിച്ച് ആരാധകരുടെ എണ്ണമുയര്‍ത്തിയ ദലേര്‍ മെഹന്ദി ഇന്ത്യന്‍ സംഗീതലോകത്ത് സ്വന്തമായൊരിടം ഭദ്രമാക്കി.
നിരവധി ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും ദലേര്‍ മെഹന്ദിയുടെ ആദ്യ ഹിറ്റ് ബോലോ താ രാ രായ്ക്ക് ഇരുപത്തിയേഴ് വര്‍ഷത്തിനിപ്പുറവും പതിനേഴഴക് തന്നെ. ബോലോ താ രാ രാ രാ റീമെയ്ക്ക് ചെയ്യാനാഗ്രഹമുണ്ടെന്ന് ഒരഭിമുഖത്തില്‍ ദലേര്‍ മെഹന്ദി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവസരം ലഭിച്ചാല്‍ ആ ഗാനം കുറച്ചു കൂടി നന്നായി ചിത്രീകരിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. ബോലോ താ രാ രായ്‌ക്കൊപ്പം ചുവടുവെയ്ക്കാത്തവര്‍ കുറവാണെന്ന് തന്നെ പറയാം. തന്റെ മുറിയില്‍ നൃത്തംചെയ്ത തന്നെ കയ്യോടെ പൊക്കി വഴക്കുപറഞ്ഞ മാതാപിതാക്കള്‍ക്ക് ഈ ഗാനം കേള്‍പ്പിച്ചതോടെ അവരും അതിനൊപ്പം ഡാന്‍സ് ചെയ്തുവെന്നാണ് യൂട്യൂബിലെ ബോലോ താ രാ രാ വീഡിയോയ്ക്ക് താഴെ ഒരു വ്യൂവറുടെ കമന്റ്. ഇന്ത്യാക്കാരല്ലാത്ത നിരവധി പേര്‍ ഗാനത്തിന് കയ്യടികളുമായി കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്.
പഞ്ചാബിനേയും പഞ്ചാബിഗാനത്തേയും പഞ്ചാബിവേഷത്തേയും പഞ്ചാബി നൃത്തത്തേയും ഇതുപോലെ ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിച്ച മറ്റൊരു കലാകാരനുണ്ടാവില്ല. സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായ ദലേര്‍ മെഹന്ദി 2019-ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന് രാഷ്ട്രീയരംഗത്തേക്ക് കടന്നു. സാമ്പത്തിക തിരിമറിയില്‍ ആരോപണ വിധേയനായെങ്കിലും കലാകാരനെന്ന നിലയില്‍ ദലേര്‍ മെഹന്ദി ഇന്നും സംഗീതപ്രേമികള്‍ക്ക്, കലാസ്‌നേഹികള്‍ക്ക് പ്രിയപ്പെട്ടവന്‍ തന്നെ.
Content Highlights: Daler Mehndi The Hit Maker
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..