ബ്ലാങ്ക് ചെക്ക് തിരിച്ചുനൽകി രവി പറഞ്ഞു, ഗുരുജീ, 'എനിക്ക് വേണ്ടത് ഇതല്ല, താങ്കളുടെ കീശയിൽ കിടക്കുന്ന ആ ചെറിയ കുപ്പിയാണ്'


6 min read
Read later
Print
Share

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലോകത്തേക്ക് അധികം വൈകാതെ തിരിച്ചുപോയ ഗുരുദത്തിനെ ഒടുവിൽ അകാലമരണത്തിലേക്ക് നയിച്ചതും സ്വകാര്യ ജീവിതത്തിലെ ഈ അച്ചടക്കരാഹിത്യം തന്നെ.

-

പ്രണയത്തിൽ കുതിർന്ന റഫി ക്ളാസിക്
``ചൗദ്വീ കാ ചാന്ദ് ഹോ'' ഷഷ്ടിപൂർത്തിയിൽ
-----------------
ഗുരുദത്ത് കയ്യിൽ വെച്ചുകൊടുത്ത ബ്ലാങ്ക് ചെക്ക് പുഞ്ചിരിയോടെ തിരിച്ചുനൽകി രവി. എന്നിട്ട് വിനയപൂർവം പറഞ്ഞു: ``ഗുരുജീ, എനിക്ക് വേണ്ടത് ഇതല്ല; താങ്കളുടെ കീശയിൽ കിടക്കുന്ന ആ ചെറിയ കുപ്പിയാണ്.''

അമ്പരന്നുപോയിരിക്കണം ഗുരുദത്ത്. ഫേമസ് സിനി ലാബിലെ റെക്കോർഡിംഗ് റൂമിൽ സൗണ്ട് എഞ്ചിനീയർ മിനു ഖത്രക്കിന്റെ തലോടലേറ്റ് ``ചൗദ്വീ കാ ചാന്ദ് ഹോ'' എന്ന സുന്ദര ഗാനം പിറന്നുവീണിട്ട് നിമിഷങ്ങളേ ആയിട്ടുള്ളൂ. മുഹമ്മദ് റഫിയുടെ ശബ്ദത്തിൽ ആ ഗാനം ആദ്യമായി കേട്ടപ്പോഴുള്ള ആഹ്ളാദം അടക്കാനാവാതെ സംഗീതസംവിധായകന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നീട്ടുകയായിരുന്നു നിർമ്മാതാവും നായകനുമായ ഗുരുദത്ത്. ഇഷ്ടമുള്ള തുക എഴുതിയെടുക്കാനുള്ള സ്വാതന്ത്യ്രം ആരെയാണ് മോഹിപ്പിക്കാത്തത്? തുടക്കക്കാരനാകുമ്പോൾ പ്രത്യേകിച്ചും. പക്ഷേ പണം ഒരു പ്രലോഭനമായിരുന്നില്ല അന്നും രവിക്ക്. ``ലഹരിയുടെ ലോകത്ത് സ്വയം നശിച്ചുകൊണ്ടിരുന്ന ഗുരുദത്തിനെ കുറിച്ചായിരുന്നു എന്റെ വേവലാതി മുഴുവൻ. ലഹരിഗുളികകൾ സൂക്ഷിച്ച ഒരു ചെറിയ കുപ്പിയുമായാണ് അക്കാലത്ത് ഗുരുജി സ്റ്റുഡിയോയിൽ വരുക. ഇടക്ക് ആരും കാണാതെ ഗുളികകൾ അകത്താക്കും. അതൊരിക്കൽ യാദൃച്ഛികമായി കാണാനിടവന്നത് കൊണ്ടാണ് അങ്ങനെയൊരു ആവശ്യം ഞാൻ അദ്ദേഹത്തിന് സമർപ്പിച്ചത്.''

സങ്കോചത്തോടെയാണെങ്കിലും കീശയിലെ കുപ്പി രവിയ്ക്ക് കൈമാറുക തന്നെ ചെയ്തു ഗുരുദത്ത്. അതുകൊണ്ടൊന്നും ലഹരിയോടുള്ള അദ്ദേഹത്തിന്റെ ആസക്തി അടങ്ങിയില്ലെന്നു മാത്രം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലോകത്തേക്ക് അധികം വൈകാതെ തിരിച്ചുപോയ ഗുരുദത്തിനെ ഒടുവിൽ അകാലമരണത്തിലേക്ക് നയിച്ചതും സ്വകാര്യ ജീവിതത്തിലെ ഈ അച്ചടക്കരാഹിത്യം തന്നെ. `` ചൗദ്വീ കാ ചാന്ദ് എനിക്ക് ഒരേസമയം ആഹ്ളാദത്തിന്റെയും ദുഖത്തിന്റെയും ഗാനമാണ്. സംഗീത സംവിധായകനായി മുഖ്യധാരാ സിനിമാലോകം എന്നെ അംഗീകരിച്ചുതുടങ്ങാൻ അത് നിമിത്തമായി എന്നത് സന്തോഷമുള്ള കാര്യം. പക്ഷേ ഗുരുദത്ത് ഇല്ലായിരുന്നെകിൽ ആ പാട്ടും ഉണ്ടാകുമായിരുന്നില്ല. എന്റെ കഴിവുകളിൽ ഗുരുജി അർപ്പിച്ച വിശ്വാസത്തിൽ നിന്നാണ് ആ ഗാനം ഉണ്ടായത്. അതേ മനുഷ്യൻ സ്വന്തം ജീവിതം ധൂർത്തടിച്ചു കളയുന്നത് എനിക്ക് സഹായിക്കാനാകുമായിരുന്നില്ല.'' -- രവിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു, ആ വാക്കുകളിൽ തുളുമ്പി നിന്നിരുന്ന നിശബ്ദ ഗദ്ഗദം.

സച്ചിൻ ദേവ് ബർമ്മനാണ് ഗുരുദത്തിന്റെ ഇഷ്ട സംഗീത സംവിധായകൻ. ഗുരുദത്ത് സംവിധാനം ചെയ്ത `പ്യാസ'യിലും ``കാഗസ് കേ ഫൂലി''ലും സാഹിർ ലുധിയാൻവിയുടെയും കൈഫി ആസ്മിയുടെയും കാവ്യഗീതികളിൽ നിന്ന് എസ് ഡി സൃഷിച്ച ഈണങ്ങൾ ഇന്ത്യ മുഴുവൻ തരംഗമായിരുന്നു താനും. എന്നിട്ടും താൻ നിർമ്മിച്ച് നായകനായി വേഷമിട്ട അടുത്ത ചിത്രത്തിൽ പുതിയൊരു സംഗീത സംവിധായകനെ പരീക്ഷിക്കാനുള്ള ഗുരുദത്തിന്റെ തീരുമാനത്തിന് പിന്നിൽ കൗതുകമുള്ള ഒരു കഥയുണ്ട്. ``കാഗസ് കേ ഫൂലി''ന്റെ ആശയം ഗുരുദത്തിൽ നിന്ന് ആദ്യം കേട്ടവരിൽ ഒരാളായിരുന്നു എസ് ഡി. വിജയസോപാനത്തിൽ നിന്ന് ദുരന്തത്തിലേക്ക് വഴുതിവീഴുന്ന സംവിധായകന്റെ കഥക്ക് അറം പറ്റുമെന്ന് അന്നേ സുഹൃത്തിനെ ഉപദേശിക്കുകയും ചെയ്തു അദ്ദേഹം. സിനിമ ഉപേക്ഷിക്കാനുള്ള ഉപദേശം പക്ഷേ ദത്ത് ചെവിക്കൊണ്ടില്ല. തൊട്ടു പിറകെ എസ് ഡി ബർമ്മന്റെ പ്രഖ്യാപനം വരുന്നു: ``ഇതായിരിക്കും നമ്മൾ ഒരുമിച്ചുള്ള അവസാന ചിത്രം.'' എസ് ഡി പ്രവചിച്ച പോലെ ``കാഗസ് കേ ഫൂലി''ന് അറം പറ്റിയെങ്കിലും, ``ചൗദ്വീ കാ ചാന്ദി''ൽ (1960) പ്രിയ സംഗീത സംവിധായകനെ തിരിച്ചുകൊണ്ടുവരാൻ വാശി ഗുരുദത്തിനെ അനുവദിച്ചില്ല. അങ്ങനെയാണ് വിരലിലെണ്ണാവുന്ന ഭേദപ്പെട്ട പടങ്ങൾ മാത്രം ചെയ്ത പരിചയമുള്ള രവിശങ്കർ ശർമ്മ എന്ന രവി ചിത്രത്തിൽ വരുന്നത്. നൗഷാദിന്റെ സ്ഥിരം ഗാനരചയിതാവായ ശക്കീൽ ബദായുനിയെ പാട്ടെഴുതാൻ നിയോഗിച്ചത് മറ്റൊരു പരീക്ഷണം.

സ്റ്റുഡിയോയിൽ നിന്ന് കാറിൽ താമസസ്ഥലത്തേക്ക് മടങ്ങും വഴി തികച്ചും യാദൃച്ഛികമായാണ് പാട്ടിന്റെ പല്ലവി മനസ്സിൽ പിറന്നതെന്ന് രവി പറഞ്ഞുകേട്ടതോർക്കുന്നു. ``സിനിമയുടെ ശീർഷകത്തിൽ നിന്ന് പാട്ടു തുടങ്ങുന്ന രീതിയുണ്ട് അന്ന് ഹിന്ദി സിനിമാ ലോകത്ത്. ആ മാതൃക പിന്തുടർന്നാൽ നന്നായിരിക്കും എന്ന് തോന്നി. വീട്ടിലെത്തിയ ഉടൻ ആദ്യം ചെയ്തത് ശക്കീലിനെ വിളിച്ചു വരുത്തുകയാണ്. ചൗദ്വീ കാ ചാന്ദ് ഹോ എന്ന് ഞാൻ മൂളിക്കൊടുത്തതും യാ ആഫ്താബ് ഹോ എന്ന് ശക്കീൽ ആ വരി പൂരിപ്പിച്ചതും ഒപ്പം. അനുപല്ലവിയും ചരണവും പിന്നാലെ വന്നു.'' എഴുതി ഈണമിടുന്ന ശൈലിയോടാണ് ശക്കീലിന് താൽപ്പര്യം. രവിയുടെ രീതിയും അതുതന്നെ. ``ചൗദ്വീ കാ ചാന്ദ് അഞ്ചു വ്യത്യസ്ത ഈണങ്ങളിലാണ് ഞാൻ ചിട്ടപ്പെടുത്തിയത്. ഗുരുദത്തിന് ഇഷ്ടപ്പെട്ടത് അഞ്ചാമത്തെ ഈണം. പഹാഡി രാഗത്തോടുള്ള അദ്ദേഹത്തിനെ സ്നേഹം കൂടിയുണ്ട് അതിനു പിന്നിൽ.''

പാട്ട് പാടേണ്ടത് റഫി തന്നെ എന്ന കാര്യത്തിൽ സംശമുണ്ടായിരുന്നില്ല രവിക്ക്. കുട്ടിക്കാലം മുതലേ മനസ്സിൽ ആരാധനാവിഗ്രഹമായി കൊണ്ടുനടക്കുന്ന പാട്ടുകാരനാണ്. 1947 ലായിരുന്നു റഫി സാഹിബുമായുള്ള ആദ്യ കൂടിക്കാഴ്ച്ച; സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിലെ ചെങ്കോട്ടയിൽ അരങ്ങേറിയ പ്രത്യേക സംഗീത പരിപാടിക്കിടെ. റഫി, മുകേഷ് ഒക്കെയുണ്ട് പാട്ടുകാരായി. തിരക്കിലൂടെ ഓടിച്ചെന്ന് റഫി സാഹിബിനെ പരിചയപ്പെടുക മാത്രമല്ല സംഗീത സംവിധായകനാകാനുള്ള ആഗ്രഹം അദ്ദേഹത്തെ അറിയിക്കുക കൂടി ചെയ്തു കൗമാരക്കാരനായ രവി. ``നിന്റെ പാട്ട് പാടാൻ എനിക്ക് ഭാഗ്യമുണ്ടാകട്ടെ'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 1950 ൽ സിനിമയിൽ ഭാഗ്യപരീക്ഷണത്തിനായി മുംബൈയിൽ എത്തിയ ശേഷം റഫിയുടെ നിരവധി ഗാനങ്ങളിൽ കോറസ് പാടിയ ചരിത്രമുണ്ട് രവിക്ക്. സംഗീത സംവിധായകനായി അരങ്ങേറിയ ``വചനി''ൽ (1955) രവിയുടെ ആദ്യ സൃഷ്ടിക്ക് ശബ്ദം പകർന്നതും റഫി തന്നെ: ``ഏക് പൈസാ ദേദേ ബാബു.''

പിൽക്കാലത്ത് റഫിയുടെ നിരവധി അപൂർവ്വസുന്ദര ഗാനങ്ങളെ ഈണം കൊണ്ട് അനശ്വരമാക്കി രവി. വൈവിധ്യമാർന്ന ഭാവങ്ങൾ ഉൾക്കൊള്ളുന്ന പാട്ടുകൾ: രാഹ ഗർദിഷോം മേ (ദോ ബദൻ), ജാനേ ബഹാർ ഹുസ്ന് തേരാ (പ്യാർ കിയാ തോ ഡർനാ ക്യാ), ബാർ ബാർ ദേഖോ (ചൈനാടൗൺ), ചൂലേനേ ദോ നാസുക് ഹോടോം കോ (കാജൽ), ബാബുൽ കി ദുവായെ, ആജാ തുജ്കോ പുകാരെ മേരാ പ്യാർ (നീൽ കമൽ), ആ ലഗ് ജാ ഗലെ ദിൽറുബ (ദസ് ലാഖ്), ഹുസ്നുവാലെ തേരാ ജവാബ് നഹി (ഘരാന), യെ ജുകെ ജുകെ നൈനാ (ഭരോസ), യേ വാദിയാം യേ ഫിസായെ (ആജ് ഔർ കൽ).....


ഒരു രഹസ്യം കൂടി പങ്കുവെച്ചു രവി. ``ചൗദ്വീ കാ ചാന്ദ് റെക്കോർഡ് ചെയ്തു കേട്ടപ്പോൾ പൂർണ്ണ തൃപ്തനായിരുന്നില്ല ഞാൻ. ഗാനത്തിന്റെ ചില ഭാഗങ്ങളിൽ റഫിയുടെ ആലാപനത്തിൽ ആവശ്യത്തിലേറെ ഭാവം കടന്നുവന്ന പോലെ. പല്ലവി ആവർത്തിക്കുന്ന ഭാഗത്താണ് ഭാവാധിക്യം ഏറ്റവും പ്രകടമായത്. പ്രത്യേകിച്ച് ഖുദാ കി കസം എന്ന് പാടുമ്പോൾ. കാര്യം തുറന്നുപറഞ്ഞപ്പോൾ പാട്ട് മാറ്റിപ്പാടാൻ റഫിക്ക് സമ്മതം. പക്ഷേ ഗുരുദത്തിന് മറിച്ചായിരുന്നു അഭിപ്രായം. ഒരിക്കൽ കൂടി പാടിയാൽ പാട്ടിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുമെന്ന് അദ്ദേഹത്തിന് ഭയം. അങ്ങനെ മനസ്സില്ലാമനസ്സോടെ ആണെങ്കിലും ആദ്യം റെക്കോഡ് ചെയ്ത ഗാനം സിനിമയിൽ നിലനിർത്താൻ സമ്മതിക്കുന്നു ഞാൻ. ഇന്നിപ്പോൾ ഞാൻ തിരിച്ചറിയുന്നു ഗുരുദത്തിന്റെ തീരുമാനമായിരുന്നു ശരി എന്ന്. അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ജനങ്ങൾ അത് ആവർത്തിച്ചു കേട്ടു കൊണ്ടിരിക്കുകയല്ലേ?''-- രവിയുടെ വാക്കുകൾ. ``പ്രണയഗാനങ്ങൾക്ക് റഫി പകർന്നു നൽകുന്ന ഭാവം അനനുകരണീയം. മൈക്കിന് മുന്നിൽ ശരിക്കും ഒരു കാമുകനായി മാറും അദ്ദേഹം.'' ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ``ചൗദ്വീ കാ ചാന്ദ്'' എന്ന ചിത്രം പുറത്തുവന്നതെങ്കിലും സംവിധായകൻ സാദിഖ് പടത്തിലെ ഈ വിഖ്യാത ഗാനരംഗം പിന്നീട് കളറിലും ചിത്രീകരിച്ചു . നരിമാൻ എ ഇറാനിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമുകളോളം ഭംഗി കൈവന്നോ വി കെ മൂർത്തി പകർത്തിയ വർണ്ണ ദൃശ്യങ്ങൾക്ക് എന്നൊരു സംശയം മാത്രം ബാക്കി.

മികച്ച ഗായകനും ഗാനരചയിതാവിനുമുള്ള ഫിലിംഫെയർ അവാർഡ് റഫിക്കും ശക്കീൽ ബദായുനിക്കും നേടിക്കൊടുത്ത പാട്ടായിരുന്നു ``ചൗദ്വീ കാ ചാന്ദ്''. പക്ഷേ രവിയ്ക്കായിരുന്നില്ല ആ വർഷത്തെ സംഗീത സംവിധാനത്തിനുള്ള ബഹുമതി; ശങ്കർ ജയ്കിഷനായിരുന്നു. പടം: ``ദിൽ അപ്നാ ഔർ പ്രീത് പരായി.'' അവഗണനയിൽ അന്ന് മനം നൊന്തെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെടാൻ പഠിച്ചു രവി. ``ഗുംറാഹി''ലെ ചലോ ഏക് ബാർ എന്ന പാട്ടിന് സാഹിർ ലുധിയാൻവിക്കും (രചന) മഹേന്ദ്ര കപൂറിനും (ആലാപനം) , നിക്കാഹിലെ ``ദിൽ കെ അർമാൻ'' എന്ന പാട്ടിന് ഹസ്സൻ കമാലിനും സൽമാ ആഗയ്ക്കും ലഭിച്ച ഫിലിംഫെയർ അവാർഡ് രണ്ടു ഗാനങ്ങളുടെയും സംഗീത ശിൽപ്പിയായ തനിക്ക് മാത്രം ലഭിക്കാതെ പോയപ്പോൾ രവി ഞെട്ടാതിരുന്നതും അതുകൊണ്ടു തന്നെ. എങ്കിലും അപ്രതീക്ഷിതമായി രണ്ടു തവണ അവാർഡ് രവിയെ തേടിയെത്തി -- 1962 ലും (ഘരാന), 1966 ലും (ഖാന്ദാൻ). 1980 കളോടെ ഹിന്ദി സിനിമയിൽ നിന്ന് മിക്കവാറും അപ്രത്യക്ഷനായ രവിയെ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ചു നിർത്തിയതും ആദ്യത്തെ ദേശീയ അവാർഡ് നേടിക്കൊടുത്തതും മലയാളമാണ് -- പരിണയം, സുകൃതം എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെ. ആ തിരിച്ചുവരവിന് നിമിത്തമായതും ഒരർത്ഥത്തിൽ ``ചൗദ്വീ കാ ചാന്ദ്'' തന്നെ. കുട്ടിക്കാലത്ത് കേട്ടു മനസ്സിൽ പതിഞ്ഞ ആ ഗാനത്തിന്റെ ശില്പിയോടുള്ള ആരാധനയാണ് പിൽക്കാലത്ത് ``നഖക്ഷതങ്ങ''ളിലൂടെ രവിയെ മലയാളത്തിൽ അവതരിപ്പിക്കാൻ പ്രചോദനമായത് എന്ന് പറഞ്ഞിട്ടുണ്ട് സംവിധായകൻ ഹരിഹരൻ.

ജീവിതത്തിൽ രവിക്ക് ഒട്ടേറെ അനർഘ നിമിഷങ്ങൾ സമ്മാനിച്ച പാട്ടാണ് ``ചൗദ്വീ കാ ചാന്ദ്''. ലാഹോറിലൂടെ നടത്തിയ ഒരു ടാക്സി യാത്രയുടെ കഥ അദ്ദേഹം വിവരിച്ചതോർക്കുന്നു. .കാറിലെ മ്യൂസിക് സിസ്റ്റത്തിൽ കേൾക്കുന്നത് ഈ ഒരൊറ്റ പാട്ട് മാത്രം. അത്ഭുതം തോന്നി രവിക്ക്. ഒരൊറ്റ കാസറ്റിന്റെ ഇരു പുറത്തും ``ചൗദ്വീ കാ ചാന്ദ്'' മാത്രം റെക്കോർഡ് ചെയ്തു കേട്ടുകൊണ്ടിരിക്കുകയാണ് പാകിസ്താൻകാരനായ ഡ്രൈവർ. ജീവിതത്തിലെ എല്ലാ ദുഖങ്ങളിലും അയാൾക്ക് താങ്ങും തണലുമായ പാട്ടാണത്രെ. ഇഷ്ടഗാനത്തിന്റെ ശിൽപ്പിയാണ് പിന്നിലിരിക്കുന്നത് എന്നറിഞ്ഞപ്പോൾ അയാൾക്കുണ്ടായ സന്തോഷം വിവരിക്കുക വയ്യ. ``എന്റെ കൈകൾ നെഞ്ചോടു ചേർത്ത് പൊട്ടിക്കരഞ്ഞു അയാൾ.'' - രവി പറഞ്ഞു. അങ്ങനെ എത്രയെത്ര വികാരനിർഭരമായ അനുഭവങ്ങൾ.

രവി ഓർമ്മയായി. റഫിയും ശക്കീലും ഗുരുദത്തും എല്ലാം ചരിത്രത്തിന്റെ ഭാഗം. പക്ഷെ ``ചൗദ്വീ കാ ചാന്ദ്'' ഇന്നും ജീവിക്കുന്നു; എത്രയോ കാമുകീ ഹൃദയങ്ങളെ കോരിത്തരിപ്പിച്ചുകൊണ്ട്.

Content Highlights :Chaudhvin Ka Chand song Ravi Gurudutt Mohammed Rafi Ravi Pattuvazhiyorathu

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M. G. Radhakrishnan
Premium

2 min

ചിരട്ട കൊണ്ട് ഉരയ്ക്കുന്ന ശബ്ദമെന്ന് എം.ജി. രാധാകൃഷ്ണൻ; അതാണ് വേണ്ടതെന്ന് ഐ.വി. ശശി

Apr 14, 2023


sargam movie songs manoj k jayan vineeth hariharan yesudas sangeethame song

1 min

മനോജിനെന്തിന് വിനീതിനോട് അസൂയ ?

Apr 14, 2022


Yesudas

6 min

​ഗുരുവായൂർ അമ്പലത്തിൽ വച്ച് പിറന്നുവീണ, യുക്തിവാദികൾ പോലും ആരാധകരായ ഭക്തി​ഗാനം

Aug 30, 2021

Most Commented